ട്രംപിന്‍റെ പുതിയ ചുങ്കം ലോകവിപണിയില്‍ വീണ ന്യൂക്ലിയർ ബോംബായി മാറിയിരിക്കുന്നു.  അപകടം മറികടക്കാന്‍ ഇന്ത്യയുമായി വരെ ചൈന ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ചു. പുതിയ വ്യാപാര സഖ്യമാണ് ചൈനയുടെ ലക്ഷ്യം. പക്ഷേ, യുഎസില്‍ ചിലതൊക്കെ സംഭവിച്ച് തുടങ്ങിയിരിക്കുന്നു. വായിക്കാം ലോകജാലകം. 


അമേരിക്ക കൂടുതൽ സമ്പന്നമാകുമെന്ന് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് അവകാശപ്പെടുന്നു. പക്ഷേ, ആഗോള വ്യാപാര യുദ്ധമാണ് തുടങ്ങിയിരിക്കുന്നത് എന്നാണ് ഭൂരിപക്ഷത്തിന്‍റെയും അഭിപ്രായം. വലിയ നേട്ടത്തിന് വേണ്ടി കുറച്ച് സഹിക്കൂവെന്ന് പ്രസിഡന്‍റ് പറയുമ്പോൾ, കലങ്ങിത്തെളിഞ്ഞാൽ ഒരു പുതിയ ലോകക്രമം തന്നെയായിരിക്കും ഉരുത്തിരിയുക. പക്ഷേ, കലങ്ങിത്തെളിഞ്ഞില്ലെങ്കിൽ എന്താവുമെന്നത് പ്രവചനാതീതം.പറയുന്നത് കോടീശ്വരനായ പ്രസിഡന്‍റാണ്, ഒപ്പമുള്ളതെല്ലാം കോടീശ്വരൻമാർ. ഉണ്ടാകാൻ പോകുന്ന വിലക്കയറ്റം താൽകാലികമാണെങ്കിൽ കൂടി അത് സാധാരണക്കാർക്ക് ഇടിത്തീയായിരിക്കും. ഓഹരിവിപണികൾ ലോകമെങ്ങും കുത്തനെ ഇടിഞ്ഞു.

വിപണിയിലെ
ന്യൂക്ലിയർ ബോംബ്

ഇറക്കുമതിക്കുള്ള ചുങ്കമാണ് ഉയർത്തിയിരിക്കുന്നത്. സർക്കാരിന് കിട്ടുന്ന വരുമാനം. പ്രസിഡന്‍റിന്‍റെ പ്രഖ്യാപനമനുസരിച്ച് ഇനി അമേരിക്കയിൽ ഇറക്കുമതി ചെയ്യുന്ന എല്ലാ ഉത്പന്നങ്ങൾക്കും 10 ശതമാനം നികുതി ബാധകം. പല രാജ്യങ്ങൾക്കും പലതാണ്. പകരത്തിന് പകരം എന്ന മുൻ പ്രഖ്യാപനം തിരുത്തി. പലർക്കും പലതാണിപ്പോഴത്തെ പ്രഖ്യാപനം. 60 രാജ്യങ്ങൾക്ക് വളരെക്കൂടുതലാണ് തീരുവ. ചൈനയ്ക്ക് 53 ശതമാനം, കംബോഡിയ, വിയറ്റ്നാം, മലേഷ്യ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങൾ ഉൾപ്പടെ. യൂറോപ്യൻ യൂണിയൻ അംഗങ്ങൾക്ക് 20 ശതമാനം. ചില ഉത്പന്നങ്ങൾക്ക് സ്റ്റീൽ, അലൂമിനിയം, വിദേശ നിർമ്മിത കാറുകൾ എന്നിവക്ക് 25 ശതമാനം നേരത്തെ പ്രഖ്യാപിച്ചതാണ്. അതും നടപ്പിലാവും. അതേസമയം അറബ് രാജ്യങ്ങൾക്ക് 10 ശതമാനം മാത്രം. ആഗോള വ്യാപാര രംഗത്തേക്ക് ഒരു ന്യൂക്ലിയർ ബോംബ് എന്ന് വിശേഷിപ്പിക്കുന്നു വിദഗ്ധർ.

സാമ്പത്തിക സ്ഥിരതയാണ് സാധാരണ ഭരണാധികാരികൾ ലക്ഷ്യം വയ്ക്കുന്നത്. പക്ഷേ, ട്രംപ് ചെയ്തിരിക്കുന്നത് നേരെ മറിച്ചാണ്. പണ്ടേ ട്രംപ് വാദിച്ചിരുന്നത് ചുങ്കം കൂട്ടി ഇറക്കുമതി കുറച്ചാൽ ആഭ്യന്തരോത്പാദനം കൂടും എന്നാണ്. അതോടെ വരുമാനം കൂടും. സ്വയംപര്യാപ്തമാകും. ഇറക്കുമതി വേണ്ടാതെയാകും. ഒറ്റക്ക് അമേരിക്ക നിലനിൽക്കും. മറ്റ് രാജ്യങ്ങൾ ഇപ്പോൾ അമേരിക്കയെ കൊള്ളയടിക്കുന്നു. അവർ സന്പന്നരാകുന്നു. ഇനിയത് സമ്മതിക്കില്ലെന്നൊക്കയാണ് പ്രസിഡന്‍റിന്‍റെ കാഴ്ചപ്പാട്. പക്ഷേ, ട്രംപിന് വോട്ട് ചെയ്ത സാധാരണക്കാർ അന്നേ വിലക്കയറ്റത്തിൽ ശ്വാസംമുട്ടിയവരാണ്. നാണ്യപ്പെരുപ്പം പിടിവിട്ട് പോവുകയായിരുന്നു. അതെല്ലാം താഴെവരും എന്നായിരുന്നു പ്രതീക്ഷ. വെറുതേയായി. വിലക്കയറ്റം ഭീമമാവും എന്നാണ് മുന്നറിയിപ്പ്. ആഭ്യന്തരോത്പാദനം കൂടി, രാജ്യം സ്വയം പര്യാപ്തമാകുന്നതുവരെ നിലനിൽക്കണമല്ലോ. അതുവരെ ഇറക്കുമതി വേണ്ടിവരും.

പഴയ മിത്രങ്ങൾ
പുതിയ ശത്രുക്കൾ

ഇനി ലോകക്രമം പുതിയത് വന്നാലും അതിനിടയിൽ സഖ്യകക്ഷികളെല്ലാം ശത്രുസ്ഥാനത്താവുകയാണ്. ഓസ്ട്രേലിയ പോലും. ഇതൊരു സുഹൃത്തിന്‍റെ പ്രവർത്തിയല്ലെന്നാണ് പ്രധാനമന്ത്രി ആന്‍റണി ആൽബനീസ് പറഞ്ഞത്. ഇനിയൊരിക്കലും അമേരിക്കയുമായുള്ള ബന്ധം പഴയ പോലെയാവില്ലെന്ന് കാനഡയും പറഞ്ഞിരിക്കുന്നു.

തിരിച്ചടിക്കാൻ നിർബന്ധിതരാണ് എല്ലാവരും. സ്വന്തം രാജ്യത്തെ ജനങ്ങളെ ബാധിക്കുന്നത് നിശബ്ദരായി ഏറ്റെടുക്കാൻ നേതാക്കൾക്ക് പറ്റില്ല. കാനഡ 25 ശതമാനം ചുങ്കം ചുമത്തി, ചൈന 34. യൂയൂ (European Union) ആലോചനയിലെന്ന് അറിയിച്ചു ആദ്യം. യുകെ അമേരിക്കയുമായി ചർച്ചകളിലാണ്. കൂടുതൽ ചുങ്കം വരുന്നുണ്ടെന്നും ഇതിനിടെ പ്രസിഡന്‍റ് അറിയിച്ചു. ചിപ്പുകളും ഫാർമസ്യൂട്ടിക്കൽസും ഉൾപ്പടെ.

Read More:എല്ലാത്തരം കുടിയേറ്റവും തടയാന്‍ ട്രംപ്; എതിര്‍പ്പുമായി കോടതിയും മനുഷ്യാവകാശ സംഘടനകളും

ചർച്ചകൾക്ക് താൽപര്യമുണ്ടെന്നാണ് ട്രംപ് നൽകുന്ന സൂചന. എന്തായാലും തിരിച്ചടികൾ പെട്ടെന്നായിരുന്നു. ഓരോ അമേരിക്കൻ കുടുംബത്തിനും ഒരു വർഷം 2,100 ഡോള‍ർ (ഏതാണ്ട് 1,79,512 രൂപ)അധിക ചെലവ്. വാഹന നിർമ്മാണരംഗത്ത് ആകെ അമ്പരപ്പാണ്. സ്റ്റെല്ലാൻഡിസ് (Stellantis) കനേഡിയൻ - മെക്സിക്കൻ ഫാക്ടറികൾ അടച്ചു. കുറേ അമേരിക്കക്കാർക്കും ജോലി പോയി. ഫോക്സ്വാഗൻ കൂടിയ വില വാഹനങ്ങളിൽ സ്റ്റിക്കറായി പ്രദർശിപ്പിക്കുമെന്ന് അറിയിച്ചു. ടോയോട്ട തൽകാലം വില കൂട്ടുന്നില്ല. ചില പ്രയോജനങ്ങൾ ചിലർക്ക് കിട്ടിയേക്കും. ചൈനയ്ക്ക് മേലുള്ള നികുതി ബ്രിട്ടിഷ് ഉൽപ്പന്നങ്ങളെ സഹായിക്കും. ബ്രിട്ടന് 10 ശതമാനമാണ് നികുതി. ഇന്ത്യയുടെ മേൽ 26 ശതമാനം. അതും ചിലപ്പോൾ ബ്രിട്ടനെ സഹായിച്ചേക്കും.

തിരിച്ചടികൾ

പക്ഷേ, തിരിച്ചടികൾ അമേരിക്കൻ ചിപ്പ് വ്യവസായത്തിനടക്കം പലതിനുമുണ്ട്. ചിപ്പുകൾ തന്നെ ഉദാഹരണം. ലാഭത്തിലെ നിർമ്മാണം ലോകത്തെവിടെയാണ് എന്ന് നോക്കി അങ്ങോട്ട് ഉത്പാദനം മാറ്റുന്ന രീതിയായിരുന്നു ഇതുവരെ അമേരിക്കയിൽ. ഇനിയത് വേണ്ട, അമേരിക്കൻ നിർമ്മിതമാക്കൂ എന്നാണ് ട്രംപിന്‍റെ ഉത്തരവ്.

ഇതൊരു രാഷ്ട്രീയ ചതുരംഗം കൂടിയാണ്. വലിയൊരു വെല്ലുവിളിയാണ് അമേരിക്കൻ പ്രസിഡന്‍റ് ഏറ്റെടുത്തിരിക്കുന്നത്. പ്രശ്നമെന്താണെന്നുവച്ചാൽ അതിന്‍റെ അന്തിമഫലം നല്ലതെങ്കിലും അത് ട്രംപിന് കിട്ടാൻ താമസിക്കും. വളരെ താമസിക്കും. ട്രംപിനെ ശരിക്ക് ശകാരിച്ചു ഒബാമയും കമലാ ഹാരിസും. വഴിത്തിരിവാണ് ഇതെന്ന് പ്രസിഡന്‍റ് പറയുന്നത് സത്യമാണ്. പക്ഷേ, വ്യാപാരത്തിലെ തടസ്സങ്ങൾ ആഗോള സാമ്പത്തിക പ്രതിസന്ധിക്ക് വഴിവയ്ക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം. 1930 -കളിലെപ്പോലെ.

വേറെയും ചില സംശയങ്ങൾ പ്രകടമാകുന്നുണ്ട്. അമരേിക്കക്കെതിരെ മറ്റെല്ലാവരും ചേർന്ന് ഒറ്റക്കെട്ടായി നിന്നാൽ ട്രംപ് ഉദ്ദേശിക്കുന്ന സ്വയംപര്യാപ്തതയായിരിക്കില്ല സംഭവിക്കുന്നത്. ഒറ്റപ്പെടലായിരിക്കും. സത്യത്തിൽ എന്താണ് സംഭവിക്കുകയെന്ന് പ്രസിഡന്‍റിന് തന്നെ അറിയാമോയെന്ന് വ്യക്തമല്ല. അതോ എന്തും സംഭവിക്കട്ടെ എന്നാണോ ഉദ്ദേശിക്കുന്നതെന്നും വ്യക്തമല്ല. നല്ലതോ ചീത്തയോ എന്നറിയാൻ വർഷങ്ങളെടുക്കും. ആ വർഷങ്ങൾ അമേരിക്കയിലെ അതിസമ്പന്നരല്ലാത്തവർ എങ്ങനെ മറികടക്കുമെന്ന സംശയമാണ് കൂടുതൽ.

പ്രധാന ശത്രു

ചൈനയാണ് ട്രംപിന്‍റെ കണ്ണിൽ ഏറ്റവും വലിയ ശത്രുവെന്ന് നേരത്തെ വ്യക്തമായ കാര്യമാണ്. ചൈനയെ പിടിച്ചുകെട്ടാനാണ് റഷ്യയെ അടുപ്പിക്കാൻ ശ്രമിക്കുന്നത്, റഷ്യ - ചൈന കൂട്ടുകെട്ട് തകർക്കാനാണ് എന്നൊക്കെ വാദങ്ങളുണ്ട്. എന്തായാലും ചൈനയ്ക്ക് മേൽ ചുമത്തിയിരിക്കുന്ന ചുങ്കം ഭീമമാണ്. 53 ശതമാനം. നിലവിലുള്ള 20 ശതമാനത്തിന് പുറമേയാണ് ഇപ്പോഴത്തെ 53 ശതമാനം. അതാണ് ചൈനയുടെ അമ്പരപ്പ്. എന്തായാലും തിരിച്ചടിക്കാൻ വൈകിയില്ല. 34 ശതമാനം തിരികെ നികുതി ചുമത്തി. ഏപ്രിൽ 10 -ന് നിലവിൽ വരും. . വേൾഡ് ട്രേഡ് ഓർഗനേസേഷനിൽ കേസും കൊടുത്തു ചൈന.

Read More:  പ്രശ്നത്തിലാകുന്ന അമേരിക്കന്‍ വിദ്യാഭ്യാസം; ട്രംപിന്‍റെ കണ്ണ് വോട്ട് ബാങ്കിൽ

തകരുന്ന
ചൈനീസ് വ്യാപാര ശൃംഖല

ഷീ ജിങ് പിങിനോട് ബഹുമാനമുണ്ട്. പക്ഷേ, അവരും അമേരിക്കയെ മുതലെടുക്കുകയാണ്. 67 ശതമാനമാണ് അമേരിക്കയ്ക്കുമേലുള്ള ചുങ്കം. ഇപ്പോൾ അമേരിക്ക ചുമത്തിയത് 53. ചെറുത്. എന്തിന് അവർ വിഷമിക്കണം എന്നാണ് പ്രസിഡന്റ് ട്രംപിന്‍റെ ചോദ്യം. ചൈനയ്ക്ക് അരിശം വരാനുള്ള കാരണം അതല്ല. ചൈനയ്ക്ക് മുന്നിലുള്ള എല്ലാ വാതിലുകളും അമേരിക്ക അടച്ചു. അതാണ് ദേഷ്യത്തിന് കാരണം. എന്നുവച്ചാൽ ചുങ്കം ചുമത്തിയത് ചൈനക്ക് മേൽ മാത്രമല്ല, കംബോഡിയ, വിയറ്റ്നാം, ലാവോസ് തുടങ്ങിയ രാജ്യങ്ങൾക്ക് മേലും ചുങ്കം ചുമത്തി.

ട്രംപിന്‍റെ ആദ്യഭരണ കാലത്ത് ഏർപ്പെടുത്തിയ ചുങ്കം മറികടക്കാൻ ചൈന വിതരണശൃംഖല ഒന്ന് മാറ്റിപ്പിടിച്ചിരുന്നു. കംബോഡിയ, വിയറ്റ്നാം, ലാവോസ് എന്നീ രാജ്യങ്ങൾ വഴി ചൈനീസ് ഉൽപ്പന്നങ്ങൾ അമേരിക്കയിലേക്ക് കയറ്റി അയച്ചു. ചുങ്കം ലാഭിച്ചു. ഇപ്പോഴവർക്കും ചുങ്കം ചുമത്തിയതോടെ ആ ലാഭം ഇല്ലാതെയായി. ചുങ്കം 46 മുതൽ 49 ശതമാനം വരെയാണ്. ചൈനയിൽ നിന്നെത്തുന്ന 800 ഡോളറിൽ താഴെ വരുന്ന പാക്കേജുകളെ ഒഴിവാക്കി.

പക്ഷേ, വിതരണ ശൃംഖലയ്ക്കേറ്റ തിരിച്ചടി ചൈനയെ മാത്രമല്ല ബാധിക്കുന്നത്. ദരിദ്ര രാജ്യങ്ങളായ ലാവോസിനും കംബോഡിയ്ക്കും ഇതൊരു വരുമാന മാർഗമായിരുന്നു. അതും നഷ്ടമായി. വിയറ്റ്നാമിനും തിരിച്ചടിയാണ്. ചൈനയാണ് അവരുടെ ഏറ്റവും വലിയ വ്യാപാരപങ്കാളി. ട്രംപിന്‍റെ ആദ്യഭരണ കാലത്തേ തുടങ്ങിയ ബന്ധം. അന്ന് ചൈനക്ക് മേൽ ചുമത്തിയ അധിക നികുതി കാരണം ചില കമ്പനികൾ ഉത്പാദനം തന്നെ വിയറ്റ്നാമിലേക്ക് മാറ്റി. വിയറ്റ്നാമിൽ നിന്ന് അമേരിക്കയിലേക്കുള്ള കയറ്റുമതി കൂടി. നിക്ഷേപങ്ങൾക്കും ഇറക്കുമതിക്കും വിയറ്റ്നാം, ചൈനയെ ആശ്രയിക്കുന്നു. അമേരിക്കയും വിയറ്റ്നാമിനെ ആശ്രയിക്കുന്നുണ്ട്, APPLE, INTEL, NIKE തുടങ്ങിയ കമ്പനികളുടെ ഫാക്ടറികളുണ്ട് വിയറ്റ്നാമിൽ. ചുങ്കം വന്ന സ്ഥിതിക്ക് അതൊക്കെ പൂട്ടാനാണ് സാധ്യത.

കിഴക്കനേഷ്യയിൽ പുതിയ
ചൈനീസ് 'നയതന്ത്രം'

ചൈന പക്ഷേ, പ്രതിരോധ നീക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു. ചുങ്കം തിരികെ ചുമത്തിയത് മാത്രമല്ല, ചില സഖ്യങ്ങൾക്കാണ് നീക്കം. ജപ്പാൻ, തെക്കൻ കൊറിയ എന്നിവരുമായി സാമ്പത്തിക ചർച്ച നടന്നു, അതും 5 വർഷത്തെ ഇടവേളക്ക് ശേഷം. മുമ്പ് തുടക്കമിട്ട ഫ്രീ ട്രേഡ് ധാരണ പൊടിതട്ടിയെടുത്തു.

ഒരുമിച്ച് നൃത്തം ചെയ്യുന്ന
ഡ്രാഗണും ആനയും

ഇന്ത്യയോടും ചൈന സൗഹൃദ നീക്കത്തിന് തുടക്കമിട്ട് കഴിഞ്ഞു. രസകരമായ സംഭവത്തിലൂടെ. ഇന്ത്യൻ പ്രസിഡന്‍റ് ദ്രൗപദി മുർമുവിന് ഷീ ജിങ്പിങ് കത്തെഴുതി. ദീർഘകാലത്തെ ബന്ധം കണക്കിലെടുത്ത് സഹകരണം കൂട്ടണം. 'ഡ്രാഗണും ആനയും ഒരുമിച്ച് നൃത്തം' എന്നാണ് കത്തിലെ പരാമർശം. രണ്ട് രാജ്യങ്ങളുടെയും സഹകരണത്തിന്‍റെ 75 -ാം വർഷത്തിൽ ആശംസ അറിയിക്കാനായിരുന്നു കത്ത്. അതുമാത്രമല്ല, ട്രംപിന്‍റെ രണ്ടാമൂഴം തുടങ്ങിയപ്പോൾ തന്നെ ഇന്ത്യയുമായി ചൈന അതിർത്തിയിലും ധാരണയിലെത്തി. ധാരണ പിന്നെ തെറ്റിച്ചതുമില്ല. പരസ്പര വിശ്വാസം ഊട്ടിയുറപ്പിച്ച്, ആശയ വിനിമയം കൂട്ടി. അതിർത്തിയിലും സമാധാനം കാത്ത് സൂക്ഷിക്കണം എന്നാണ് കത്ത്.

Read More: യുക്രൈയ്നില്‍ യുഎന്‍ ഭരണം ആവശ്യപ്പെട്ട് പുടിന്‍; തന്ത്രം, ശ്രദ്ധ മാറ്റുക!

'സുഹൃത്ത്. 
പക്ഷേ, താരിഫ് 26 %'

ചൈനയോട് പറഞ്ഞത് തന്നെയാണ് ട്രംപ് ഇന്ത്യയോടും പറഞ്ഞത്. 'MODI IS MY FRIEND, BUT PAY 26 % TARIFF'. പക്ഷേ, ഔദ്യോഗിക രേഖയിൽ അത് 27 ആണ്. അങ്ങനെ ചില വ്യത്യാസങ്ങൾ പലതിലും വന്നിട്ടുണ്ട്. അതെന്തായാലും ബംഗ്ലാദേശിനും തായ്‍ലൻഡിനും അടക്കം അമേരിക്ക ചുമത്തിയ ചുങ്കം ഇന്ത്യക്ക് ചിലപ്പോൾ അവസരമായേക്കും. ബംഗ്ലാദേശാണ് വസ്ത്രക്കയറ്റുമതിയിൽ മുന്നിൽ. ആ സ്ഥാനത്തേക്ക് ഇന്ത്യത്ത് സാധ്യതയുണ്ട്. സെമി കണ്ടക്ടറുകളിൽ തായ്‍വാനാണ് മുന്നിൽ, തായ്വാന് 32 ശതമാനമാണ് നികുതി. വിതരണശൃംഖല മാറ്റിയാൽ ഇന്ത്യക്ക് അവിടെയും നേട്ടമാകും.

പക്ഷേ, 'TARIFF KING' എന്ന് ട്രംപ് വിശേഷിപ്പിച്ച ഇന്ത്യക്ക് കയറ്റുമതിയിൽ മുന്നിലെത്താനാകുമോ എന്നുറപ്പില്ല. ഇപ്പോഴത് 1.5 ശതമാനം മാത്രമാണ്. സമയവുമെടുക്കും അവസരം മുതലെടുക്കാൻ. മരുന്നുകൾക്ക് തൽകാലം ചുങ്കമില്ല, അതും ഇന്ത്യക്ക് അനുകൂലമാണ്. പക്ഷേ, ചുങ്കം വരുന്നുവെന്നാണ് മുന്നറിയിപ്പ്. ഇന്ത്യയുടെ വ്യാപാര നയത്തിനോട് അമേരിയ്ക്ക് വിയോജിപ്പുണ്ട്, അതിൽ മാറ്റം വരുത്താനുള്ള സമ്മർദ്ദമാവാം ചുങ്കം എന്നൊരു നിഗമനമുണ്ട്. പക്ഷേ, തൽകാലം ഇന്ത്യക്കിത് പ്രതീക്ഷിക്കാത്ത തിരിച്ചടിയാണ്.

എല്ലാവർക്കും ചുങ്കം

ഇതിനിടയിൽ ഒരു കാര്യവുമില്ല എന്ന് തോന്നിച്ച രാജ്യങ്ങൾക്കുമേലും അമേരിക്കൻ പ്രസിഡന്‍റ് ചുങ്കം ചുമത്തി. തമാശയെന്നോ വൈരുദ്ധ്യമെന്നോ തോന്നാം. പക്ഷേ, ആഴത്തിലോടുന്ന ചില വേരുകളുണ്ടതിന്. അത് ട്രംപ് മാത്രമേ തിരിച്ചറിഞ്ഞുള്ളൂവെന്ന് പറയേണ്ടിവരും. പക്ഷേ, ഉടമസ്ഥ രാജ്യങ്ങളേക്കാൾ ചുങ്കം അടക്കേണ്ടിവരിക അവരുടെ ഭരണത്തിൻ കീഴിലെ പ്രദേശങ്ങളാണ്.

വിയറ്റ്നാമും അമേരിക്കയും തമ്മിലെ ബന്ധം കെട്ടിപ്പടുക്കാൻ വർഷങ്ങളെടുത്തിരുന്നു, മുറിവുകൾ ഉണങ്ങാൻ അത്രയും സമയമെടുത്തു. അതെല്ലാം ഒറ്റയടിക്ക് തൂത്തെറിഞ്ഞു, ഡോണൾഡ് ട്രംപ്. അമേരിക്കൻ കയറ്റുമതി കൂട്ടിയും വ്യാപാര സർപ്ലസ് കുറച്ചും വിയറ്റ്നാം ചുങ്കത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു. വെറുതേയായി. ജപ്പാന് കാർ കയറ്റുമതിയിൽ നഷ്ടപ്പെടാൻ പോകുന്നത് 17 ബില്യനാണ്. ദക്ഷിണാഫ്രിക്ക പ്രതികരിച്ചിട്ടില്ല. ബംഗ്ലാദേശിന് മാത്രമല്ല, ലെസോതോ എന്ന ആഫ്രിക്കൻ രാജ്യത്തിനുമുണ്ട് ചങ്കം. 50 ശതമാനം. വസ്ത്രനിർമ്മാണമാണ് ഈ രാജ്യത്തിന്‍റെ വരുമാന മാർഗം. അതാണ് ട്രംപ് വരിഞ്ഞ് മുറുക്കിയത്.

Read More:  യുഎസിന്‍റെ യുദ്ധ തന്ത്രങ്ങളും ചോർന്നു തുടങ്ങി; അപ്പോഴും, 'അതൊരു തട്ടിപ്പ്, അസത്യം മാത്ര'മെന്ന് വാദിച്ച് ട്രംപ്

പെന്‍ഗ്വിനും ചുങ്കം

പെൻഗ്വിനുകളുടെ മേലും ചുങ്കം ചുമത്തിയിരിക്കുന്ന ട്രംപ്. അന്‍റാർട്ടിക് ദ്വീപായ ഹേർ‍ഡ് ആന്‍റ് മക്ഡോണൾഡ് (Heard and McDonald Islands) ആണ് സ്ഥലം. ആൾത്താമസമില്ല, താമസക്കാരായത് പെൻഗ്വിനുകളും നീർനായകളും. പക്ഷേ, ട്രംപ് ചുങ്കം പ്രഖ്യാപിച്ചു. ആര് കൊടുക്കുമെന്ന് ചിന്തിക്കാൻ പോലും അവിടെ ആളില്ല. വേറെയുമുണ്ട്. ജനവാസം തീരെ കുറഞ്ഞ, അമേരിക്കയുമായി വ്യാപാരബന്ധം കമ്മിയിലെത്തിയ ദ്വീപ്, നോർഫോക്ക് ദ്വീപ് (Norfolk Island). താമസക്കാർക്ക് ചിരിക്കാനൊരു കാര്യമായി. തങ്ങൾക്കെന്ത് ബന്ധം വമ്പൻമാർ തമ്മിലെ പോരാട്ടത്തിൽ എന്നാണ് ചോദ്യം. വരുമാന മാർഗം വിനോദ സഞ്ചാരമാണ്. അതിലെന്ത് അമേരിക്കക്ക് ചുങ്കം? പക്ഷേ, കാരണമുണ്ട്. ഈ രണ്ട് ദ്വീപുകളും ഓസ്ട്രേലിയയുടെ വകയാണ്. അതാണ് ട്രംപിന്‍റെ ചുങ്ക പ്രഖ്യാപനത്തിന് കാരണം.

എല്ലാ രാജ്യങ്ങളും ചർച്ചക്ക് തയ്യാറായിരിക്കുന്നു. നിയന്ത്രണം അമേരിക്ക കൈയിലെടുത്തപ്പോൾ എല്ലാവരും വഴിക്ക് വന്നുവെന്നാണ് പ്രസിഡന്‍റ് അവകാശപ്പെട്ടിരിക്കുന്നത്. ചർച്ചകൾക്കാണോ, അതുവഴി കാര്യങ്ങൾ നേടിയെടുക്കാനാണോ എന്ന് സംശയം തോന്നാവുന്ന അവകാശവാദം. പക്ഷേ, പ്രസിഡന്‍റ് പിന്നോട്ടില്ലെന്നും ചർച്ചകൾക്കല്ല ചുങ്കം ചുമത്തിയതെന്നും വൈറ്റ് ഹൗസ് പറയുന്നു. അവ്യക്തത ബാക്കിയാണ് അതിലും.

പക്ഷേ, കണക്കുകളിലെ കുരുക്കുകളാണ് ഇത്തരത്തിലെ ചുങ്കം ചുമത്തലിന് കാരണമെന്നും പറയപ്പെടുന്നു. ലോക ബാങ്കിന്‍റെ കണക്കനുസരിച്ച് ഹേർ‍ഡ് ആന്‍റ് മക്ഡോണൾഡ് ദ്വീപിൽ നിന്ന് അമേരിക്കയിലേക്ക് കയറ്റുമതി നടന്നിട്ടുണ്ട്. 2022 -ൽ 1.4 മില്യന്‍റെ കയറ്റുമതി നടന്നുവെന്നും. അതും മെഷീനറിയും ഇലക്ട്രിക്കൽ ഉപകരണങ്ങളും. കയറ്റുമതി രേഖകളിലെ തെറ്റാണ് കാരണമെന്ന് ദി ഗാഡിയനെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ട് ചെയ്യുന്നു.