കൊറോണക്കാലം-ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള മലയാളികളുടെ കൊവിഡ് 19 അനുഭവങ്ങള്‍. വീട്, ആശുപത്രിതെരുവ്...കഴിയുന്ന ഇടങ്ങള്‍ ഏതുമാവട്ടെ, നിങ്ങളുടെ അനുഭവങ്ങള്‍ എഴുതി ഒരു ഫോട്ടോയ്‌ക്കൊപ്പം submissions submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. മെയില്‍ അയക്കുമ്പോള്‍ സബ്ജക്ട് ലൈനില്‍ കൊറോണക്കാലം എന്നെഴുതണം

 

 

എന്നത്തേയുംപോലെ ഒരു ദിവസം സ്വപ്നങ്ങള്‍ക്കെല്ലാം തിരശ്ശീലയിട്ട് സൂര്യന്‍ മുഖത്ത് വെളിച്ചം തെളിച്ചപ്പോള്‍ താല്പര്യം ഇല്ലാഞ്ഞിട്ടും എഴുന്നേറ്റ് ആദ്യം നോക്കിയത് സമയമെന്തായീ എന്നാണ്.  ജോലിക്ക് പോവാന്‍ ഇനിയും രണ്ടുമണിക്കൂര്‍ ബാക്കി  ഉണ്ടെന്ന് തീര്‍ച്ചയാക്കി മൊബൈല്‍ തിരികെ വെക്കാന്‍ നേരത്താണ് കുറെ വാട്‌സ്ആപ്പ് നോട്ടിഫിക്കേഷന്‍ അടിഞ്ഞുകൂടിയിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. സമയമിനിയുമുണ്ടല്ലോ എന്ന ചിന്തയില്‍ എടുത്തു നോക്കാം എന്ന് തീരുമാനിച്ച് വാട്‌സ്ആപ്പ് തുറന്നു.

നോക്കിയപ്പോള്‍ കണ്ടത് ഒരേ ഛായ തോന്നിക്കുന്ന ഒരുപാട് ജാഗ്രതാ  സന്ദേശങ്ങളുടെ മാലപ്പടക്കങ്ങള്‍. ചൈനയില്‍ ഉടലെടുത്ത്  നാടുചുറ്റാനിറങ്ങിയ  ഭീതീജനകമായ ഒരു വൈറസിനെ കുറിച്ചായിരുന്നു വാര്‍ത്തകളും സന്ദേശങ്ങളും സ്റ്റാറ്റസു്കളുമൊക്കെ.  ചൈന എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഡ്യൂപ്ലിക്കേറ്റ് എന്ന് മനസ്സില്‍ ഓര്‍ക്കുന്ന മലയാളികളില്‍ പെടുന്ന ഒരുവനായത് കൊണ്ട് ഞാനും ആ ലാഘവത്തില്‍ മാത്രമേ അതിനെ കണ്ടുള്ളു. 

ഫോണും താഴെ വെച്ച് അടുത്ത കാര്യങ്ങളിലേക്ക് കടന്നു. കുളിച്ച് കുട്ടപ്പനായി ഫളാറ്റില്‍ നിന്ന് പുറത്തിറങ്ങിയപ്പോഴാണ് അത് ഞാന്‍ കണ്ടത്.

എല്ലാവരും പാതി മുഖം മറച്ചിരിക്കുന്നു!

പല നിറത്തിലും രൂപത്തിലുമുള്ള മാസ്‌ക്കുകള്‍ എല്ലാവരുടെയും ചിരികളെ മറച്ചുപിടിച്ചിരിക്കുന്നു.അത്ഭുതത്തോടെ  അത് ഞാന്‍ നോക്കികണ്ടു. സ്ഥാപനത്തില്‍ പ്രവേശിച്ച ഉടനെ തന്നെ ഞങ്ങളുടെ കൂട്ടത്തിലെ ഒരാള്‍ എനിക്കും വെച്ച് നീട്ടി ഒരെണ്ണം. എന്നിട്ട് പറഞ്ഞ് 'മാസ്‌ക് വെച്ചോ അല്ലേല്‍ 3000 ദിര്‍ഹം ആണ് പിഴ' എന്ന്. കേട്ടപാതി കേള്‍ക്കാത്ത പാതി ഞാനും അണിഞ്ഞു ഒരെണ്ണം. 

പിന്നീട് സ്ഥാപനം അടച്ചിട്ടു. ലോക്ക് ഡൗണ്‍ ദിനങ്ങള്‍. റൂമിലേക്കുമാത്രമായി ദിവസങ്ങള്‍ ചുരുങ്ങി? 12 മണിക്കൂര്‍ ഡ്യൂട്ടിയും ഒരു ആഴ്ചലീവ് പോലുമില്ലാത്ത അവസ്ഥയില്‍ നിന്ന് ഒരു ഇളവ് കിട്ടിയതില്‍ സന്തോഷം ഒരു ഭാഗത്ത്. ബാങ്ക് ലോണിന്റെയും വീട്ടുചിലവിന്റെയും ഭാരം തലയ്ക്കുമീതെ നില്‍ക്കെ ശമ്പളത്തിന്റെ വെട്ടിക്കുറക്കല്‍ ഓര്‍ത്തുള്ള ഭീതി മറുവശത്ത്. മനസ്സില്‍ വിവിധ വികാരങ്ങള്‍ അലയടിച്ചു.

ചോരയെ നീരാക്കി പണിയെടുത്തു കിട്ടുന്ന ശമ്പളത്തില്‍ പകുതിയും നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും സാധനങ്ങള്‍ വാങ്ങാന്‍ മാത്രമായി ഉപയോഗിക്കുന്ന പ്രവാസികളെ പൊടുന്നനെ എല്ലാവരും കയ്യൊഴിഞ്ഞത് തന്നെയായിരുന്നു ആ കാലഘട്ടത്തില്‍ ഏറ്റവും സങ്കടം ഉളവാക്കിയത്. എങ്കിലും കരുതല്‍ വാക്കുകളുമായി കൊടുത്ത ഇഷ്ടങ്ങളിലെ ഏതൊക്കെയോ തരികള്‍ മനസ്സില്‍ കാത്തുസൂക്ഷിച്ചവരുടെ മെസേജുകള്‍ സാന്ത്വനമായി. 

ഇന്ന് എല്ലാത്തരം വിലക്കുകള്‍ക്കും ഒരു പരിധിവരെ തിരശീല വീണെങ്കിലും പരസ്പരം കൈക്കൊടുത്തുള്ള സലാം പറച്ചിലിനും ആലിംഗനം ചെയ്തുള്ള ഈദ് മുബാറക്കുകള്‍ക്കും ക്വാറന്റൈന്‍ ഇല്ലാത്ത നാടുസന്ദര്‍ശനങ്ങള്‍ക്കും ഒരു മറയുമില്ലാത്ത പുഞ്ചിരികള്‍ക്കും വേണ്ടിയാണ് ഏതൊരുവനെ പോലെ ഞാനും കാത്തിരിക്കുന്നത്.