Asianet News MalayalamAsianet News Malayalam

പൊടുന്നനെ ഞങ്ങള്‍ ഒരു 'ബിഗ്‌ബോസ്' വീടിനുള്ളിലായി

ബഹറിനിലെ ആദ്യ കൊവിഡ് ദിനങ്ങള്‍.  കൊറോണക്കാലം. നൗഫല്‍ എം എ എഴുതുന്നു

corona days bahrain by Noufal MA
Author
Thiruvananthapuram, First Published Nov 18, 2020, 9:17 PM IST

കൊറോണക്കാലം-ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള മലയാളികളുടെ കൊവിഡ് 19 അനുഭവങ്ങള്‍. വീട്, ആശുപത്രിതെരുവ്...കഴിയുന്ന ഇടങ്ങള്‍ ഏതുമാവട്ടെ, നിങ്ങളുടെ അനുഭവങ്ങള്‍ എഴുതി ഒരു ഫോട്ടോയ്‌ക്കൊപ്പം submissions submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. മെയില്‍ അയക്കുമ്പോള്‍ സബ്ജക്ട് ലൈനില്‍ കൊറോണക്കാലം എന്നെഴുതണം

 

corona days bahrain by Noufal MA

 

ഓഫീസിലെ തിരക്കൊഴിഞ്ഞ ഒരു പകലില്‍ മൊബൈല്‍ സ്‌ക്രീനില്‍ അലസമായി കണ്ണോടിക്കുന്നതിനിടക്കാണ് ആ പഹയനെ കുറിച്ച് ഞാന്‍ ആദ്യമായി അറിയുന്നത് . അന്ന് ഞാന്‍ വായിക്കാനിടയായ ഒരു വാര്‍ത്ത തുടങ്ങിയതിങ്ങനെയായിരുന്നു.

'ചൈനയിലെ വുഹാനില്‍ പൊട്ടി പുറപ്പെട്ട മാരകമായ ഒരു തരം വൈറസ് ഭീതി വിതക്കും വിധം ചൈനയൊട്ടാകെ പരക്കുന്നു,ഒട്ടനവധി പേര്‍ മരണമടഞ്ഞു.മരണ സംഖ്യ ഇനിയും കൂടാം. ലോകം ആശങ്കയില്‍. ഒരു പാട് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ചൈനയില്‍ പലയിടത്തായി കുടുങ്ങി കിടക്കുന്നു.'

ഒരു ചെറുനെടുവീര്‍പ്പോടെ ആ വാര്‍ത്തയില്‍ നിന്നും ഞാന്‍ കണ്ണെടുത്തതും  എന്റെ മനസ്സിലേക്ക് ആദ്യം ഓടിയെത്തിയത് അവളുടെ മുഖമാണ്.ഒ രു ഡോക്ടറാവണമെന്ന ആഗ്രഹവുമായി ചൈനയിലേക്ക് ചേക്കേറിയ അവിടെ എം.ബി.ബി എസ്  വിദ്യാര്‍ത്ഥിനിയായ എന്റെ പ്രിയ സുഹൃത്ത് മനീഷയുടെ മുഖം.

തിരക്കിലലിഞ്ഞു ചേര്‍ന്ന പ്രവാസ ജീവിതത്തില്‍  അവളോട് മിണ്ടിയിട്ട് കുറച്ചായെങ്കിലും അവള്‍ക്കു ഞാനൊരു  വാട്‌സാപ്പ് മെസേജ് ചെയ്യാന്‍ തന്നെ അന്നേരം തീരുമാനിച്ചു.അല്ലെങ്കിലും ഒരു ആപത്തു വരുമ്പോള്‍ നമ്മളാദ്യം ഓര്‍ക്കാറുള്ളതു നമുക്കേറ്റവും സൗഹൃദവും കരുതലും ജീവിതത്തില്‍ സമ്മാനിച്ചവരെ കുറിച്ചായിരിക്കുമല്ലോ.


'ഹലോ മനീഷ' വുഹാനിലെ വാര്‍ത്തകള്‍ അറിയുന്നുു. എന്താണ് ഇപ്പോള്‍ അവിടത്തെ സ്ഥിതി..? നീ സുരക്ഷിതയല്ലേ?' -ഞാന്‍ ചോദിച്ചു. 

മലവെള്ള പാച്ചിലിലെന്ന പോലെ ശരവേഗത്തിലായിരുന്നു അവളുടെ തുടര്‍ന്നുള്ള മറുപടികള്‍. വുഹാനില്‍ തന്നെയായിരുന്നു അവള്‍. പ്രശ്‌നം രൂക്ഷമായ ആദ്യ നാളുകളില്‍തന്നെ അവളും സുഹൃത്തുക്കളും നാട്ടിലേക്ക് മടങ്ങാന്‍  തീരുമാനിച്ചിരുന്നു. പക്ഷെ അതിനു ഒരു പാട് തടസ്സങ്ങള്‍ നേരിട്ടതിനാല്‍ യാത്ര ഒരു പാടു വൈകി. ഒടുവില്‍ ഒരു സിനിമാ കഥയെ വെല്ലുന്ന രീതിയിലുള്ള പലായനത്തിലൂടെ  അവളും കൂട്ടുകാരും നാടണഞ്ഞു. ഇപ്പോള്‍ വീട്ടില്‍ സുഖമായിരിക്കുന്നു.

ആ യാത്രാനുഭവത്തെക്കുറിച്ചെല്ലാം ഏറെ വിശദമായി വളരെ ഭംഗിയായി  എനിക്കന്നവള്‍ വിവരിച്ചു തന്നു. വികാര തീവ്രതയിലും സങ്കടത്തോടെയുമാണ് അവളതെല്ലാം പങ്കുവച്ചതെങ്കിലും ഞാന്‍ പ്രശസ്ത കൊറിയന്‍ സിനിമ 'ട്രെയിന്‍ റ്റു ബുസാന്‍' കാണുന്ന ലാഘവത്തോടെയാണ് എല്ലാം കേട്ടിരുന്നത്. 

ചൈനയിലെ വാര്‍ത്തകള്‍ പുട്ടിനു പീര പോലെ ദിനവും വന്നു കൊണ്ടിരുന്നു. അതിനിടക്കു വന്മതിലുംചാടി കടന്നു ആ പഹയന്‍ മറ്റു പല രാജ്യങ്ങളിലേക്കും തന്റെ സാമ്രാജ്യം വ്യാപിപ്പിച്ചു. എന്റെ ജോലി സ്ഥലമായ ബഹ്റൈനിലും അവന്‍ ഹാജര്‍ ഒപ്പിട്ടു. നമ്മുടെ മണിയാശാന്റെ വണ്‍...ടു...ത്രീ ലൈനില്‍ ജന്മ നാടായ കേരളത്തില്‍ അവനങ്ങു  കത്തി കയറുന്നതു കണ്ടു നാട്ടിലുള്ള കുടുംബക്കാരെയും കൂട്ടുകാരെയും ഓര്‍ത്ത് എന്റെ മനസ്സില്‍ എന്തെന്നില്ലാത്ത ആധി കയറി.

ചെകുത്താനും കടലിനും നടുവിലെന്ന പോലെ കൊറോണ വാര്‍ത്തയും ജോലിയുമായി ഞാന്‍ കലഹിച്ചു നടക്കുമ്പോഴാണ് പെട്ടെന്നൊരു നാള്‍ യാതൊരു മുന്നറിയിപ്പുമില്ലാതെ അവന്‍ എന്റെ താമസ സ്ഥലമായ  ജുഫൈറിലും അവതരിച്ചത്.

ഒരു നാള്‍ ജോലി കഴിഞ്ഞു  ഫ്‌ളാറ്റില്‍ മടങ്ങിയെത്തിയപ്പോള്‍ പുറത്തു പതിവില്ലാത്തൊരു ഒച്ചയും ബഹളവും. യാത്രാക്ഷീണം ഉള്ളതിനാല്‍ ഞാന്‍ മറ്റൊന്നും അന്വേഷിക്കാതെ നേരെ പോയി ബെഡിലേക്കു മറിഞ്ഞു വീണു. അന്ന്അര്‍ധ രാത്രിയോടെ തന്നെ  ഞാന്‍ ആ നഗ്‌ന സത്യം തിരിച്ചറിഞ്ഞു. ഒടുവില്‍ കളിച്ചു കളിച്ചു അവന്‍ എന്റെ കുടുംബത്തില്‍ കയറി കളിച്ചിരിക്കുന്നു. ബഹ്റൈനിലെ എന്റെ താമസ സ്ഥലത്തിലാകെ  വൈറസ് വ്യാപിച്ചിരിക്കുന്നു. പെട്ടെന്ന് തന്നെ അറിയിപ്പുകള്‍ കിട്ടി. പിന്നെ എല്ലാം പെട്ടെന്നായിരുന്നു.. ഞങ്ങളെ ഫ്‌ളാറ്റിനകത്താക്കി പുറത്തേക്കുള്ള വാതിലുകളെല്ലാം താഴിട്ടു പൂട്ടി സര്‍ക്കാര്‍ ജപ്തി നടപടികള്‍  വേഗത്തില്‍ നടപ്പിലാക്കി.

പൊടുന്നനെ ഒരു ബിഗ്‌ബോസ് ഷോയിലേക്ക് പ്രവേശിച്ചതുപോലുണ്ടായിരുന്നു ആ അവസ്ഥ.  ഒരു വീടിനുള്ളില്‍ ജീവിതം. പുറത്തിറങ്ങാന്‍ പറ്റില്ല.  പുറത്തിറങ്ങുന്നത് മോണിറ്റര്‍ ചെയ്യപ്പെടും. പുറത്തു തോക്കേന്തിയ ബഹ്റൈനി പോലീസുകാര്‍. ജാലകത്തിലൂടെ താഴോട്ടു നോക്കിയപ്പോള്‍ നിരത്തിലൂടെ പോവുന്ന പലരും അന്യഗ്രഹ ജീവികളെ പോലെ ഞങ്ങളെ തുറിച്ചു നോക്കുന്നു, പോലീസുകാരാവട്ടെ വളരെ  ഗൗരവ ഭാവത്തിലും.

ആദ്യത്തെ കുറച്ചു  ദിവസം കെങ്കേമമായി ആഘോഷിച്ചു. പണിയില്ല. ഉണ്ണുക, സിനിമ കാണുക, ഉറങ്ങുക-ആകെ കുശാല്‍. പിന്നെ പതിയെ പതിയെ മടുപ്പായി തുടങ്ങി. ജോലി ചെയ്യുന്ന കമ്പനി മികച്ച സേവനവും പിന്തുണയും നല്‍കിയതിനാല്‍ ആഹാരത്തിനും മറ്റും ഒരു മുട്ടും വന്നില്ല. പക്ഷെ നാല് ചുവരുകള്‍ക്കിടയില്‍ തളക്കപ്പെട്ടപ്പോള്‍ കൂട്ടിലടക്കപെട്ട കിളികളുടെ വേദന എന്തെന്ന് ഞാന്‍ അറിഞ്ഞു, തടവിലാക്കപ്പെട്ട തടവുകാരുടെ ഒറ്റപ്പെടല്‍ എത്ര മാത്രമെന്ന്  ഞാന്‍ അറിഞ്ഞു, സ്വാതന്ത്ര്യത്തിന്റെ യഥാര്‍ത്ഥ മൂല്യം ഞാന്‍ തിരിച്ചറിഞ്ഞു.

അതിനിടക്ക് ഓരോ നാള്‍ ഇട വിട്ടു കമ്പനി തന്നെ ഞങ്ങളെ ഓരോ ബാച്ച് ആയി മിനിസ്ടറിയുടെ കോവിഡ് ചെക്കപ്പിനു ഹാജരാക്കി കൊണ്ടിരുന്നു. നെഞ്ചിടിപ്പുമായി അങ്ങോട്ട് പോയ പലരും വിജയ ശ്രീലാളിതരായി നെഗറ്റിവ് റിപ്പോര്‍ട്ടുമായി തിരിച്ചു വന്നു. നെഞ്ചു വിരിച്ചു അങ്ങോട്ട്  പോയ പലര്‍ക്കും പോസിറ്റീവ് ആയതിനാല്‍ തിരികെ വരാനും കഴിഞ്ഞില്ല. പ്രവാസിയുടെ അത്താണിയായ 'പെനഡോള്‍ ടാബ്ലറ്റ്' ഞങ്ങളെ ആദ്യമേ കൈവെടിഞ്ഞിരുന്നു. 


ഞാന്‍ അപ്പോഴും ജോക്കര്‍ സിനിമയിലെ ബഹദൂറിക്കയുടെ കഥാപാത്രത്തെ പോലെ പലരോടും ചോദിച്ചുകൊണ്ടിരുന്നു- 'എന്റെ നമ്പറായോ മോനെ' എന്ന്. എന്റെ ഊഴവും കാത്തിരുന്ന ആ നാളുകളില്‍ യഥാര്‍ത്ഥ സുഹൃത്തുക്കള്‍ ആരെന്നു ഞാന്‍ തിരിച്ചറിഞ്ഞു. ഒരുഫോണ്‍ വിളിയിലൂടെയെങ്കിലും  എന്റെ വിവരങ്ങള്‍ അന്വേഷിക്കുമെന്ന് കരുതിയ പലരും എന്നെ നിരാശപ്പെടുത്തിയപ്പോള്‍ ഞാന്‍ മനസ്സ് കൊണ്ട് അകല്‍ച്ച കാണിച്ച പലരും അവരുടെ ഹൃദയം തുറന്നുള്ള  ഫോണ്‍ വിളികളാല്‍ എന്നെ  ശരിക്കും  ഞെട്ടിച്ചു. 

ഇതിനിടക്ക് ചുക്കും ചുണ്ണാമ്പും വേര്‍തിരിച്ചറിയാത്ത പലരും ഫ്‌ളാറ്റിലെ അറിയപ്പെടുന്ന നാട്ടുവൈദ്യന്മാരായി. അവര്‍ കൊറോണയെ തുരത്താനുള്ള ഒറ്റ മൂലികളെക്കുറിച്ച് ആധികാരികമായിപ്രസംഗിച്ചു. 'കൊറോണാനന്തര ബഹ്റൈന്‍' എന്ന വിഷയത്തില്‍ പലരും വാട്‌സ് ആപ്പ് ഗ്രൂപുകളില്‍ സെമിനാര്‍ എടുത്തു. ജോലി പോയാല്‍ മിതമായ നിരക്കില്‍ നാട്ടില്‍ ചെയ്യാന്‍ കഴിയുന്ന '101  ബിസിനസ്' ഐഡിയകളുമായി ചില വിരുതന്മാര്‍ വന്നു. ചിലരാവട്ടെ സ്വയം ജ്യോല്‍സ്യന്‍ ചമഞ്ഞു കൂടെയുള്ളവരുടെ ഭാവി പ്രവചിച്ചു.

എന്നാല്‍ ഈ ഒച്ചപ്പാടുകള്‍ക്കിടയിലും പവിഴ ദ്വീപ് എന്നറിയപ്പെടുന്ന ബഹ്റൈനിന്റെ രാത്രി കാഴ്ചകളെ ഏറെ അസൂയയോടെ ഞാന്‍ ഫ്‌ലാറ്റിലെ ജാലകത്തിലൂടെ പ്രണയിച്ചു.സ്വല്പം മുരള്‍ച്ചയോടെ അലയടിച്ചത്തെുന്ന ഉഷ്ണ കാറ്റുമായി ഒത്തിരി നേരം ഞാന്‍ സല്ലപിച്ചു. മട്ടുപ്പാവില്‍ തെളിയുന്ന നിലാവുമായി എന്തൊക്കയോ തര്‍ക്കിച്ചു.

ഇരുപത്തിയഞ്ചു ദിവസത്തെ കരുതല്‍ തടങ്കലിനു ശേഷം അങ്ങിനെ എന്റെ നമ്പറും വന്നെത്തി.

സീസണില്‍ നാട്ടിലെ പാടങ്ങളില്‍ വന്നെത്തുന്ന ചെമ്മരിയാടിന്‍ കൂട്ടങ്ങളെ പോലെ ഞങ്ങള്‍ കുറച്ചു പേര്‍ സാമൂഹിക അകലം പാലിച്ചു വരി വരിയായി നിന്ന്  നിര നിരയായി ചെന്ന് കോവിഡ് ടെസ്റ്റ് ചെയ്തു. ഭാഗ്യത്തിന് ഞാന്‍ പ്രതീക്ഷിച്ചതിനു നേര്‍ വിപരീതമായി എനിക്ക് കോവിഡ് നെഗറ്റീവ് ആയി. ഞാന്‍ വീണ്ടും ജോലിയില്‍ പ്രവേശിച്ചു,കൂടെ അന്നുണ്ടായിരുന്ന എല്ലാവരും വൈകാതെ തന്നെ എന്നോടൊപ്പം ജോലിയില്‍ പ്രവേശിച്ചു.

ഇന്ന് ഒരല്പം പിറകോട്ടു നോക്കുമ്പോള്‍ ആ നാളുകളിലൊന്നും കൊറോണക്ക് എന്റെ ശരീരത്തെ ഒരിക്കല്‍ പോലും കീഴടക്കാന്‍ കഴിഞ്ഞിരുന്നതായി തോന്നുന്നില്ല. പക്ഷെ അതിനെന്റെ  മനസ്സിനെ, എന്റെ സ്വപ്നങ്ങളെ എല്ലാം  വല്ലാതെ ഉലച്ചു കളയുവാന്‍ കഴിഞ്ഞു. എന്റെ പല കാഴ്ചപ്പാടുകളെയും  എന്റെ ചില മുന്‍ വിധികളെയും എല്ലാം തകിടംമറിക്കുവാന്‍  കഴിഞ്ഞു. 

ഇന്ന് ദിനങ്ങള്‍ ഏറെ കടന്നു പോയ. രാവും പകലും മാറി മാറി വന്നു. കടകള്‍ പലതും തുറന്നു. നിരത്തുകളില്‍ പലതിലും ആളുകള്‍ നിറഞ്ഞു. നിയമങ്ങളില്‍ പലതിലും ഇളവുകള്‍ വന്നു. എങ്കിലും ഇതൊരിക്കലും ഒരു സ്വാതന്ത്ര്യമായി ഞാന്‍ കണക്കാക്കുന്നില്ല. കാരണം മാസ്‌ക് വിമുക്തമായ ഒരു കിണാശേരി അതായിരുന്നു ഞാന്‍ കണ്ട സ്വപ്നം..!

 

Follow Us:
Download App:
  • android
  • ios