Asianet News MalayalamAsianet News Malayalam

ലോക്ക്ഡൗണ്‍ നാളുകളില്‍ സ്വന്തം വീട്ടില്‍നിന്ന്  ഇറങ്ങിയോടാന്‍ തോന്നിയിട്ടുണ്ടോ?

നാലുമണിക്ക് വന്ന ഫോണ്‍ബെല്ലില്‍ ഞെട്ടിയുണര്‍ന്നു. ആരാണാവോ ഈ സമയത്ത് വിളിക്കുന്നത്? മനസ്സിലേക്ക് ഭയം അരിച്ചിറങ്ങി. കൊട്ടിയടക്കപ്പെട്ട വാതിലുകള്‍ക്കുള്ളില്‍ ഒട്ടേറെ ജീവനുകള്‍ കാതങ്ങള്‍ക്കപ്പുറത്തു കാത്തിരിക്കുന്നു. 

corona days by Nirupa vinod
Author
Thiruvananthapuram, First Published Sep 25, 2020, 7:09 PM IST

കൊറോണക്കാലം-ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള മലയാളികളുടെ കൊവിഡ് 19 അനുഭവങ്ങള്‍. വീട്, ആശുപത്രിതെരുവ്...കഴിയുന്ന ഇടങ്ങള്‍ ഏതുമാവട്ടെ, നിങ്ങളുടെ അനുഭവങ്ങള്‍ എഴുതി ഒരു ഫോട്ടോയ്‌ക്കൊപ്പം submissions submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. മെയില്‍ അയക്കുമ്പോള്‍ സബ്ജക്ട് ലൈനില്‍ കൊറോണക്കാലം എന്നെഴുതണം

 

corona days by Nirupa vinod

 

'സ്വന്തം വീട്ടില്‍ നിന്നിറങ്ങിയോടാന്‍ തോന്നിയിട്ടുണ്ടോ?' കോവിഡു കാലത്ത് ഈ ചോദ്യം ചോദിച്ചിട്ടില്ലാത്തവര്‍ ആരെങ്കിലുമുണ്ടോ? 

ഒരു നിമിഷനേരത്തേക്കെങ്കിലും  സ്വതന്ത്രമായ ലോകത്തേക്ക് ഓടിയിറങ്ങാന്‍, മുഖപടമില്ലാത്ത പുഞ്ചിരിയോടെ സുപ്രഭാതം കാണാന്‍, ചന്ദ്രന്റെ വെളിച്ചത്തില്‍ വെറുതെ യാത്ര ചെയ്തു, ഇളം തണുപ്പില്‍ പാതിരാക്കടയില്‍ നിന്നും ചൂടുചായയും കുടിച്ചു കടല്‍ക്കരയിലേക്കു നോക്കിയിരിക്കാന്‍ ഇനിയെന്നെങ്കിലും കഴിയുമോ ?

ഇന്നലെയെങ്ങോ കഴിഞ്ഞുപോയ സ്വപ്നങ്ങള്‍ പോലെ മറഞ്ഞ കാഴ്ചകളെക്കുറിച്ചോര്‍ത്തു കിടന്നുറങ്ങിയത് എപ്പോള്‍ എന്നറിഞ്ഞില്ല.

നാലുമണിക്ക് വന്ന ഫോണ്‍ബെല്ലില്‍ ഞെട്ടിയുണര്‍ന്നു. ആരാണാവോ ഈ സമയത്ത് വിളിക്കുന്നത്? മനസ്സിലേക്ക് ഭയം അരിച്ചിറങ്ങി. കൊട്ടിയടക്കപ്പെട്ട വാതിലുകള്‍ക്കുള്ളില്‍ ഒട്ടേറെ ജീവനുകള്‍ കാതങ്ങള്‍ക്കപ്പുറത്തു കാത്തിരിക്കുന്നു. 

ഫോണിന്റെ സ്‌ക്രീനില്‍ പതിഞ്ഞ അക്ഷരങ്ങള്‍ ചേര്‍ത്ത് വായിച്ചു. സുമോദാണ്. ഭര്‍ത്താവിനാണ് കോള്‍. അദ്ദേഹം  പതിയെ ഫോണെടുത്തു ചെവിയില്‍ വെച്ചു. 'എപ്പോഴായിരുന്നു?'

'നീയിന്നലെ അല്ലെ അച്ഛന്റെ അടുത്തുനിന്നും വന്നത്? ഇതിപ്പോള്‍ പെട്ടെന്ന്.  വേറെന്തെങ്കിലും ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നോ? എന്തായാലും നീ ഒറ്റയ്ക്ക് വണ്ടിയോടിക്കേണ്ട, ആരെയെങ്കിലും കൂടെ കൂട്ടിക്കോളൂ. ഇവിടുന്നു വരാന്‍ കഴിയില്ലല്ലോ. അതിര്‍ത്തി അടച്ചില്ലേ. അല്ലെങ്കില്‍ ഞാന്‍ വരാമായിരുന്നു, അവിടേക്ക് ' -ഇങ്ങനെ പോകുന്ന സംസാരത്തില്‍ നിന്നും ഊഹിച്ചെടുത്തു. സുമോദിന്റെ അച്ഛനാണ് എന്തോ സംഭവിച്ചിരിക്കുന്നത്. അദ്ദേഹം അല്‍ഐനില്‍ ജോലി ചെയ്യുന്നു. മകനാണെങ്കില്‍ അബുദാബിയിലും. 

ഒടുവില്‍ ഫോണ്‍ നിര്‍ത്തിയപ്പോഴേക്കും  അഞ്ചുമണി കഴിഞ്ഞിരുന്നു. അതെ! അത് തന്നെ. സുമോദിന്റെ അച്ഛന്‍ വിട്ടു പിരിഞ്ഞിരിക്കുന്നു. ഏതൊരു പ്രവാസിയെയും  പോലെ ജീവിതത്തിന്റെ മുക്കാല്‍ പങ്കും ഈ മണലാരണ്യത്തില്‍ ഹോമിച്ച്  അദ്ദേഹം യാത്രയായി. നൂറു മൈലുകള്‍ക്കപ്പുറത്തു സ്വന്തം മകന്‍ ഉണ്ടായിരുന്നിട്ടും ഒന്ന് കാണാന്‍ പോലും കാത്തു നില്‍ക്കാതെ ആ പ്രഭാതത്തില്‍ കൂട്ടുകാരോടൊപ്പം താമസിച്ചിരുന്ന മുറിയില്‍ ഒരു ചെറിയ നടുക്കത്തോടെ  ആ ഹൃദയം നിശ്ചലമായി. എത്ര പെട്ടെന്നാണ് ഓരോന്നും സംഭവിക്കുന്നത്!

കൂടെ താമസിച്ചവര്‍ അറിയിച്ചതനുസരിച്ചു അവിടേക്കു പോകാന്‍ തുടങ്ങുന്നതിനു മുന്‍പാണ് സുമോദ് വിളിച്ചത്. ഇവിടെ ഇതെങ്ങനെയാണ്, വികാരമൊക്കെ മാറ്റി വെച്ച് ഇനി എന്ത് എന്ന് ചിന്തിച്ചു വിവേകത്തോടെ പ്രവര്‍ത്തിക്കണം, അതച്ഛനാണെങ്കിലും  സുഹൃത്താണെങ്കിലും കൂടെ ജോലി ചെയ്യുന്നവരാണെങ്കിലും.

അപ്രതീക്ഷിതമായി പടര്‍ന്നു പിടിച്ച മഹാമാരിയും കൂടെ ചേര്‍ന്നപ്പോള്‍, ജീവിതത്തിന്റെ അര്‍ഥം തന്നെ കണ്ടുപിടിക്കാന്‍ പാടുപെടുന്ന പ്രവാസി. അതിനിടയില്‍ സംഭവിക്കുന്ന മരണങ്ങള്‍.കാരണം മറ്റൊന്നാണെങ്കില്‍ തന്നെ അതിജീവിക്കേണ്ടി വരുന്ന മക്കള്‍. എല്ലാത്തിനും ഒപ്പം നിന്ന കൂട്ടുകാര്‍ നിസ്സഹായരായി നോക്കി നില്‍ക്കേണ്ടി  വരുമ്പോളുണ്ടാകുന്ന വ്യഥ ഏതൊരു ക്വാറന്റൈനെക്കാളും   വലുതാണ്. 

അച്ഛന്റെ മൃതശരീരം നാട്ടിലെത്തിക്കുന്നതിനായുള്ള പരക്കം പാച്ചിലില്‍ ആണ് സുമോദ്. ഫോണ്‍കോളുകളില്‍ കൂടെ ഓരോന്നും അറിഞ്ഞു കൊണ്ടിരുന്നു. ഏതൊരു വാര്‍ത്തയും പോലെ പതുക്കെ  അതും മറന്നു. ആരുടെയൊക്കെയോ കയ്യും കാലും പിടിച്ചു ഒടുവില്‍ അനുമതി കിട്ടി നാട്ടിലേക്കു മൃതശരീരം അയക്കാന്‍. നാട്ടിലാകട്ടെ ഏറ്റെടുക്കാനും വീട്ടിലെത്തിക്കാനും ആരുമില്ല. പതിനാല്  ദിവസത്തെ ക്വാറന്റൈന്‍ ആര്‍ക്കും വേണ്ടത്രേ. ഒടുവില്‍ സുഹൃത്തിനോട് പറഞ്ഞു ശരിയാക്കി. ജനിപ്പിച്ച മകനുപോലും അന്ത്യകര്‍മങ്ങള്‍ക്കര്‍ഹതയില്ലാതെ, ഒരായുസ്സ് മുഴുവന്‍ നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും വേണ്ടി ജീവിച്ച  ആ മനുഷ്യന്‍ അഗ്നിയിലലിഞ്ഞു മണ്ണോടു ചേര്‍ന്നു.

ഒരാഴ്ചക്ക് ശേഷവും  വിവരങ്ങളറിയാന്‍ സുമോദിനെ വീണ്ടും വിളിച്ചു. സുമോദിന്റെ ദുഖാര്‍ത്തമായ ശബ്ദം കേട്ട് ചോദിച്ചു. ''ചടങ്ങുകളൊക്കെ കഴിഞ്ഞില്ലേ? ഇനിയും എന്താണ് പ്രശ്‌നം?''  

''പ്രശ്‌നം ഇപ്പോള്‍ തുടങ്ങിയതേയുള്ളു. മുപ്പതു വര്‍ഷത്തെ സേവനത്തിനു ലഭിക്കേണ്ടിയിരുന്ന തുകയില്‍ ആണ് ഇപ്പോള്‍ അവകാശത്തര്‍ക്കം. എല്ലാവരുടെയും കാര്യങ്ങള്‍ നിര്‍വഹിച്ചു സ്വന്തമായി എന്തെങ്കിലും നീക്കിരിപ്പു ഉണ്ടെങ്കില്‍ അത് മാത്രമാണെന്ന് അച്ഛന്‍ ഇപ്പോഴും പറയുമായിരുന്നു. എന്നാല്‍ അതിനു കൂടെ അവകാശം സ്ഥാപിക്കാന്‍ ഓരോരുത്തരായി വന്നു തുടങ്ങി. ശവസംസ്‌കാരത്തില്‍ പങ്കെടുക്കാന്‍ കഴിയാത്തവരെല്ലാം ഇപ്പോള്‍ സ്ഥിരമായി വന്നുപോകുന്നു. വിവരങ്ങള്‍ അന്വേഷിക്കുന്നു. പണം കിട്ടാറായോ എന്നറിയണം.''

എല്ലാവരെയും നല്ല നിലയില്‍ എത്തിക്കാന്‍ അദ്ദേഹം നഷ്ടപ്പെടുത്തിയ യൗവ്വനത്തെക്കുറിച്ചോ, മുപ്പത് വര്‍ഷത്തെ ദാമ്പത്യത്തില്‍ ഒന്നിച്ചു താമസിച്ച ഏതാനും വര്‍ഷങ്ങളെക്കുറിച്ചോ, അന്യമായ സ്വാദുകളെക്കുറിച്ചോ സ്വപ്നം കണ്ട മഴയെക്കുറിച്ചോ കാണാതെ കണ്ട മക്കളുടെ വളര്‍ച്ചയെക്കുറിച്ചോ ഒടുവില്‍ ജീവന്‍ നഷ്ടപ്പെട്ടപ്പോള്‍ നാവില്‍ ഇറ്റിച്ച പ്ലാസ്റ്റിക് വെള്ളത്തിന്റെ രുചിയെക്കുറിച്ചോ അടഞ്ഞകണ്ണുകളുടെ കാഴ്ചയെ മറച്ച ഇടുങ്ങിയ നാലു ചുവരിനെ  കുറിച്ചോ  ഒന്ന് ചിന്തിക്കാന്‍ കൂടെ പിറന്നവര്‍ക്കെന്നല്ല, സ്വന്തം അമ്മക്കുപോലും ആവില്ല, അതാണ് പ്രവാസിയുടെ ദുഃഖം. പൊതിഞ്ഞുകെട്ടി കൊണ്ടുവരുന്ന മണമുള്ള പെട്ടിയുടെ സമ്പന്നത മാത്രമല്ല അതിനു പിന്നിലെ നഷ്ടപ്പെടലിന്റെ വേദന കൂടിയാണ് പ്രവാസി.''

സുമോദിന്റെ വാക്കുകള്‍ എന്നെ ഒരുപാടു വേദനിപ്പിച്ചു.

അച്ഛന്റെ അവസാന യാത്രക്ക് കൂട്ടുപോകാനാവാതെ അച്ഛന്റെ വഴിയേ പ്രവാസം തുടരുന്ന മകന്‍, മറ്റൊന്നും സംഭവിക്കാത്തതുപോലെ പിറ്റേന്നും ജോലിക്കു പോകാന്‍ തയ്യാറെടുക്കുന്നു. അതെ ഇവിടെ ഇങ്ങനെയൊക്കെയാണ്. നശ്വരമായ ലോകത്തിലെ അനശ്വരമായ ആത്മാക്കള്‍,  വിളക്കിനു ചുറ്റും കറങ്ങുന്ന ഈയാംപാറ്റകള്‍ പോലെ കറങ്ങിക്കറങ്ങി ഒടുവില്‍ ചിറകു കൊഴിഞ്ഞു തീയിലേക്കും മണ്ണിലേക്കും...അങ്ങനെയങ്ങനെ കാലചക്രം കറങ്ങന്നു. പുതുപുലരി യുണ്ടാവുന്നു. അതോടൊപ്പം നമ്മളും.

Follow Us:
Download App:
  • android
  • ios