കൊറോണക്കാലം-ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള മലയാളികളുടെ കൊവിഡ് 19 അനുഭവങ്ങള്‍. വീട്, ആശുപത്രി, ഓഫീസ്, തെരുവ്...കഴിയുന്ന ഇടങ്ങള്‍ ഏതുമാവട്ടെ, നിങ്ങളുടെ അനുഭവങ്ങള്‍ എഴുതി ഒരു ഫോട്ടോയ്‌ക്കൊപ്പം submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. മെയില്‍ അയക്കുമ്പോള്‍ സബ്ജക്ട് ലൈനില്‍ കൊറോണക്കാലം എന്നെഴുതണം.

 

 

കൊറോണ വൈറസ്. നഗ്‌ന നേത്രങ്ങള്‍ക്കന്യമായ വെറും 0.06 -0.14 മൈക്രോണിനും ഇടയില്‍ വരുന്ന അത്രയും ചെറിയ ജീവാണു. കോടാനുകോടി വരുന്ന ആഗോള ജനതയെ ദരിദ്രനെന്നോ പണക്കാരനെന്നോ വ്യത്യാസമില്ലാതെ ഒന്നടങ്കം ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയ ഘട്ടം. പൊടിപിടിച്ച ചില്ലു ജാലക വാതിലുകളിലൂടെ മാത്രം പുറത്തേക്കു നോക്കി ലോകം കണ്ടിരുന്ന വൈകുന്നേരങ്ങളില്‍, ഉയരെ വാനില്‍ ശബ്ദമുണ്ടാക്കിക്കൊണ്ട് ഡ്രോണുകള്‍ പറന്നെത്തിയത് ദുബായ് പോലീസിന്റെ നിര്‍ദ്ദേശങ്ങളുമായാണ്. അന്യഗ്രഹ ജീവികളെ പോലെ ഗോഗ്ള്‍സും ഫേസ് മാസ്‌ക്കും ധരിച്ച്  യുദ്ധത്തിന് പോകും കണക്കെ ചിത്രങ്ങള്‍ എങ്ങും കണ്ണിലുടക്കുന്നു. മറുവശത്ത്, വാര്‍ത്താ മാധ്യമങ്ങളില്‍ ഭീതി പരത്തിക്കൊണ്ടുള്ള ചര്‍ച്ചകള്‍. ദൈനംദിന അവശ്യ വസ്തുക്കളുടെ ദൗര്‍ലഭ്യവും പൊള്ളുന്ന വിലവര്‍ധനയും സാധാരണക്കാരായ പ്രവാസി മലയാളികളെ നല്ലോണം വലച്ചു എന്നതില്‍ തര്‍ക്കമില്ല.

ദുബായില്‍ വന്ന കാലം മുതല്‍ ജോലിക്ക് പോയിക്കൊണ്ടിരുന്ന ഞാനും ഭര്‍ത്താവും മകന് വേണ്ടി പൂര്‍ണമായും മാറ്റി വെച്ചിരുന്നത്  വെള്ളിയാഴ്ചകള്‍ മാത്രമായിരുന്നു. അതിനിടയില്‍ ഇങ്ങനെയൊരു കോറോണക്കാലം ഞങ്ങളെ സംബന്ധിച്ചിടത്തോളം ഒന്നാം തിയ്യതി മദ്യഷാപ്പുകള്‍ തുറന്നാലുണ്ടാകുന്ന ഉപഭോക്താക്കളുടെ മാനസികാവസ്ഥയായിരുന്നു. മകനോടൊപ്പം ആഘോഷമാക്കാന്‍ കിട്ടിയ സമയം, അവന്റെ വിലപ്പെട്ട ബാല്യം അവനോടൊപ്പം ആന കളിച്ചും പമ്പരം കറക്കിയും ഓടിക്കളിച്ചും പാട്ടു പാടിയും നൃത്തം ചെയ്തും ശരിക്കും ഞങ്ങള്‍ ആഘോഷമാക്കി മാറ്റിയ ചില സന്തോഷ നിമിഷങ്ങളാണ്.

വീട്ടിലെ മുറികള്‍ എല്ലാം ഞങ്ങളുടെ രണ്ടുപേരുടെയും ഓഫീസുകളായി മാറി. ആഴ്ചയില്‍ ഒരൊറ്റ ദിവസം മാത്രം ഓഫീസ് സന്ദര്‍ശിക്കണം എന്നതുകൊണ്ട് അന്നേ ദിവസം മൂടിപ്പുതച്ച മൂടുപടവും പര്‍ദ്ദയും ധരിച്ചു സ്‌പ്രേയ്ക്കുപകരം സാനിറ്റൈസര്‍ കൈകളിലും വസ്ത്രങ്ങളിലുമടക്കം പുരട്ടി ഭയത്തോടെ പുറത്തിറങ്ങി. വളരെ ശ്രദ്ധാലുവായ ഞങ്ങളെ പോലും വൈകാതെ അവന്‍ പിടികൂടി. ശാരീരിക അസ്വാസ്ഥ്യങ്ങളും തലച്ചോര്‍ വെട്ടിപ്പിളര്‍ക്കുന്ന തലവേദനയും ക്ഷീണവുമാണ് പിടിപെട്ട ആദ്യ നാളുകളില്‍ ഉണ്ടായിരുന്നത്. പിന്നീട് രുചിയും മണവും മുഴുവനായും കൈമോശം വന്നെന്നു മനസ്സിലാക്കിയ നാളുകള്‍ ഇന്നും ഓര്‍ക്കുമ്പോള്‍ കണ്ണ് നിറയുന്നു. ഞങ്ങള്‍ക്ക് മൂവരില്‍ അഞ്ചു വയസ്സുകാരനായ എന്റെ മുത്തുമണിയെ മഹാമാരി പിടികൂടാതെ ഒഴിവായതാണ് വലിയൊരു ഭാഗ്യമായി കാണുന്നത്.

ഓരോ ദിവസം കഴിയുന്തോറും പൂര്‍ണ്ണമായും അവന്‍ ഞങ്ങളെ കീഴടക്കി അവന്റെ സാമ്രാജ്യം കെട്ടിപ്പടുത്തുകഴിഞ്ഞെന്ന ആ വലിയ സത്യം മനസ്സിലാക്കാന്‍ ഒരുപാട് നാളുകള്‍ വേണ്ടി വന്നില്ല. അമിതമായ വിശപ്പ്, ക്ഷീണം, രുചിയും മണവുമില്ലായ്മ ഇതൊക്കെ വല്ലാത്ത അവസ്ഥ തന്നെയായിരുന്നു. ഞങ്ങളില്‍ നിന്നും അകലം പാലിച്ചും മാസ്‌ക് ധരിച്ചും കൈകള്‍ ഇടക്കിടക്ക് കഴുകിയുമൊക്കെ പരമാവധി അവനെ അവന്‍ തന്നെ സംരക്ഷിച്ചു. കുഞ്ഞിന് കുഴപ്പമില്ലാത്തത് കൊണ്ടുതന്നെ ടെസ്റ്റ് ചെയ്യാനോ ഡോക്ടറെ കാണാനോ ഞങ്ങള്‍ മുതിര്‍ന്നില്ല.

എന്നാല്‍ അനുവാദം ചോദിക്കതെ അകത്തു കയറിപ്പറ്റിയതും പോരാഞ്ഞ സുഭിക്ഷമായ ഭക്ഷണത്തിനായി ആ ഭീകരന്‍ ഞങ്ങളെ വിശപ്പിന്റെ രൂപത്തില്‍ അലോസപ്പെടുത്തിക്കൊണ്ടേയിരുന്നു. അഞ്ചാം ദിവസത്തോടെ വല്ലാതെ തളര്‍ന്നുപോയി. ഇത്തിരി പോന്ന വൈറസിനുമുന്നില്‍ ആയുധം വെച്ച് കീഴടങ്ങാന്‍ താല്പര്യമില്ലായിരുന്നു. മോന്റെ കാര്യങ്ങള്‍ ചിന്തിച്ചതോടെ എന്നിലെ അമ്മ, സടകുടഞ്ഞെഴുന്നേറ്റു.

കരുതിവെച്ചിരുന്ന അത്യാവശ്യ സാധനങ്ങള്‍ കൊണ്ട് ഞങ്ങള്‍ പരസ്പര സഹകരണത്താല്‍ ഭക്ഷണം പാകം ചെയ്ത്, കഴിച്ച് ആരോഗ്യത്തെ നിലനിര്‍ത്താന്‍ ശ്രമിച്ചു. കൊല്ലാന്‍ കൊണ്ട് പോകുന്നവനെ സുഭിക്ഷമായി തന്നെ ഭക്ഷിപ്പിച്ചു എന്നുവേണമെങ്കില്‍ പറയാം. ഭയമുള്ളതുകൊണ്ട് അങ്ങനെയും ചിന്തിക്കേണ്ടി വന്നിരുന്നു എന്നത് സത്യമാണ്. ഭയമുണ്ടെങ്കിലും കരുതലിനും കുറവുണ്ടായിരുന്നില്ല. പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി എന്നിവ സമം ചേര്‍ത്തി ചെറുനാരങ്ങ നീരില്‍ നല്ലൊരു പ്രയോഗവും കൂടെ ആയപ്പോള്‍ ഇവന്മാരെ ഒന്നും ചെയ്യാന്‍ കഴിയില്ലായെന്ന് കരുതിയത് കൊണ്ടാവാം അവന്‍ ആ മഹാമാരി ഓടിപ്പോയത്. ശ്വാസം മുട്ടല്‍ അനുഭവപ്പെട്ടത് എന്നെയേറെ പ്രയാസപ്പെടുത്തി. മരണം മുഖാമുഖം കണ്ട നിമിഷം, ഓക്‌സിജന്റെ യഥാര്‍ത്ഥ വിലയെന്താണെന്നു മനസ്സിലാക്കിയ നിമിഷം. ശ്വാസം തൊണ്ടയില്‍ കുരുങ്ങിയ പ്രതീതിയായിരുന്നു എനിക്ക്. ശ്വാസം മേല്‌പോട്ടോ കീഴ്‌പ്പോട്ടോ എടുക്കാനാവാതെ കണ്ണുകളില്‍ നിന്ന് ആശ്രുക്കള്‍  അനുവാദത്തിന് കാത്തുനില്‍ക്കാതെ ധാരധാരയായി ചാലിട്ടൊഴുകി കൊണ്ടേയിരുന്നു. ആ നിമിഷത്തില്‍ ആ ഒരൊറ്റ നിമിഷത്തില്‍ ഈ ലോകത്തു നിന്നും വിട പറയുകയാണെന്ന് പോലും തോന്നിപ്പോയ ആ ഭയാനകമായ നിമിഷം. ഇന്നോര്‍ക്കുമ്പോള്‍ ഉള്ളൊന്നു പിടയാതെ ഓര്‍ക്കാനാവില്ല. 

പത്തു ദിവസമായപ്പോഴേക്കും എന്റെ ഭര്‍ത്താവ് പൂര്‍വാധികം ശക്തിയോടെ പൂര്‍ണ്ണമായും സുഖം പ്രാപിച്ചു. ആ നാലും കൂട്ടിയുള്ള പ്രയോഗം അദ്ദേഹത്തിന്റെ നഷ്ടപ്പെട്ട രുചിയും മണവും തിരിച്ചു കിട്ടാന്‍ വളരെ ഗുണം ചെയ്തുവെന്നതില്‍ ഒട്ടും സംശയമില്ല. എന്നാല്‍ രണ്ടുതവണ മാത്രം അത് ഉപയോഗിച്ച എനിക്ക് വയറെരിച്ചില്‍ കാരണം ആ പ്രയോഗം തുടരാന്‍ കഴിഞ്ഞില്ല. രുചിയും മണവുമൊക്കെ എനിക്ക് തിരിച്ചു കിട്ടിയതുതന്നെ ഈയടുത്ത കാലത്താണ്. 
മനുഷ്യകുലത്തെ ഒന്നടങ്കം കൊറോണയെന്ന മഹാമാരി ഒരുപോട് കാര്യങ്ങള്‍ പഠിപ്പിച്ചു. രോഗത്തിനു മുന്നില്‍ നാം എത്രയോ നിസാരക്കാരനാണെന്നും, ഉള്ളതുകൊണ്ട് തൃപ്തിപ്പെട്ടുകൊണ്ട് ജീവിക്കണമെന്നും നമ്മെ പഠിപ്പിച്ചു.

പ്രവാസികളില്‍ എത്രയും പെട്ടെന്ന് കൂടണയണം എന്ന ചിന്തയില്‍,  ഉള്ള ജോലിയും കളഞ്ഞ് ഫ്‌ലൈറ്റ് വെച്ചു പിടിച്ചപ്പോള്‍ മറുഭാഗത്തു ജോലി ഇല്ലാതിരുന്നവര്‍ക്ക് ജോലി കിട്ടുവാനും ഒരു പരിധിവരെ സഹായിച്ചിട്ടുമുണ്ട്. ഏതൊരു കാര്യത്തിനും രണ്ടുവശങ്ങളുണ്ടാവുമെന്ന് പറയുന്നതിന് ഒരു കാരണമാണ് ഈ പറഞ്ഞത്. കൊറോണ പിടിപെട്ടെന്നറിഞ്ഞ ബന്ധുക്കളുടെ സംസാരത്തില്‍ പോലും സങ്കടങ്ങള്‍ തന്ന് പ്രയാസപ്പെടുത്തിയപ്പോള്‍ മനക്കരുത്തും ദൈവ വിശ്വാസവും മാത്രമാണ് ഞങ്ങളെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്നത്. രോഗം കൊണ്ട് ഭയക്കാനൊന്നുമില്ലെന്ന് എന്റെ അനുഭവത്തിലൂടെ എനിക്ക് പകര്‍ന്നുനല്‍കാന്‍ കഴിയും എന്നാല്‍ ജാഗ്രതയ്ക്ക് ഒട്ടും കുറവുണ്ടാകാനും പാടില്ലെന്നും ഓര്‍മിപ്പിക്കുന്നു.