Asianet News MalayalamAsianet News Malayalam

ഒരു ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് കടന്നുപോയ കൊറോണയുടെ നാളുകള്‍

അതുപോലെ ചെറിയ ലക്ഷണങ്ങളുണ്ടെങ്കില്‍ അവഗണിക്കാതിരിക്കുക. ചെറിയ പനി വരുമ്പോള്‍ സ്വയം വിശകലനം നടത്തി വിട്ടുകളയുന്നതാണ് പലര്‍ക്കും പറ്റുന്ന പ്രശ്‌നം. ഇത് ശരിയായ പ്രവണതയല്ലെന്ന് മനസിലാക്കണം. നമ്മള്‍ക്ക് കിട്ടിയ അസുഖം നമ്മള്‍ പലര്‍ക്കും കൊടുക്കാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് ചെറിയ അസ്വസ്ഥത തോന്നിയാലും പോയി ടെസ്റ്റ് ചെയ്യുന്നത് നല്ലതാണ്. 

corona days experience of clinical psychologist sujith babu
Author
Thiruvananthapuram, First Published Oct 21, 2020, 12:42 PM IST

ഉത്സാഹത്തോടെ ഓടിച്ചാടി നടന്ന് കാര്യങ്ങള്‍ ചെയ്യുന്ന ഒരാള്‍ക്ക് പെട്ടെന്ന് കൊവിഡ്-19 സ്ഥിരീകരിച്ചാല്‍ എന്തായിരിക്കും അവസ്ഥ? മറ്റുള്ള രോഗികള്‍ക്ക് മാനസിക പിന്തുണ നല്‍കുകയും മനസ് വായിക്കുകയും ചെയ്യുന്ന ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന് തന്നെയാണ് ഈ അനുഭവം ഉണ്ടായതെങ്കിലോ? ഗര്‍ഭിണിയായ ഭാര്യയും സ്വന്തം അമ്മയും കൂടി രോഗിയായപ്പോള്‍ അവരെയോര്‍ത്ത് ആശങ്കപ്പെടേണ്ടി വന്ന അനുഭവമാണ് കണ്‍സള്‍ട്ടന്റ് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റും ഇപ്പോള്‍ കാര്യവട്ടം ക്യാമ്പസിലെ മന:ശാസ്ത്ര വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസറുമായ സുജിത് ബാബു പങ്കുവെക്കുന്നത്. കൊവിഡ്-19 ബാധിച്ച വ്യക്തിയെ സംബന്ധിച്ചിടത്തോളം സമൂഹവും കുടുംബവും നല്‍കുന്ന പിന്തുണയാണ് ഏറ്റവും പ്രധാനമെന്ന് ഓര്‍മിപ്പിക്കുകയാണ് ഇദ്ദേഹം. ആരെയും പടിക്കു പുറത്തു നിര്‍ത്താതെ കരുതലും ആശ്വാസവുമായി ഞങ്ങളോരോരുത്തരും കൂടെയുണ്ടെന്ന് ഉറപ്പിച്ചു പറയാന്‍ കഴിയുന്ന ഒരു സമൂഹമാണ് നമുക്ക് ആവശ്യം.

തുമ്മലും ജലദോഷവും പനിയും... അയ്യോ എനിക്ക് കൊറോണയാണോ? ഈ ചോദ്യം ഇന്നും പലരുടെയും മനസിലുണ്ട്. എന്തുകൊണ്ടാണ് ശരീരത്തിലുണ്ടാകുന്ന ചെറിയ മാറ്റങ്ങള്‍ പോലും കൊവിഡ്-19 ആണെന്ന സംശയം ആളുകളെ കീഴ്‌പ്പെടുത്തുന്നത്?

ഉത്കണ്ഠ കൂടുതലുള്ള ആളുകളിലാണ് ശരീരത്തില്‍ ചെറിയ ചെറിയ മാറ്റങ്ങള്‍ വന്നാല്‍പ്പോലും കൊവിഡ്-19 ആണോ എന്ന സംശയമുണ്ടാകുന്നത്. ഇത്തരം അസുഖങ്ങള്‍ വരുമ്പോള്‍ അമിതമായ ഉത്കണ്ഠ കാരണം നമ്മള്‍ നമ്മുടെ ശരീരത്തെ കൂടുതല്‍ ശ്രദ്ധിക്കും. അതുവരെ പനിയും തൊണ്ടവേദനയും വന്നാല്‍ കാര്യമാക്കാതിരുന്നവര്‍ പോലും കൊവിഡ്-19 എന്ന അസുഖം സമൂഹത്തില്‍ വന്ന ശേഷം സ്വന്തം ശരീരത്തില്‍ വന്ന മാറ്റങ്ങളെ കൂടുതലായി ശ്രദ്ധിക്കുന്നുണ്ട്. നമ്മള്‍ നമ്മളെ തന്നെ നോക്കിയിരിക്കുന്നതുകൊണ്ടാണ് ഇല്ലാത്ത അസുഖങ്ങള്‍ ഉണ്ടെന്ന് തോന്നുന്നത്.

നമ്മള്‍ ആവശ്യമില്ലാതെ കൊവിഡ്-19 എന്ന അസുഖത്തെ ഭയപ്പെടുകയല്ല യഥാര്‍ഥത്തില്‍ വേണ്ടത്. എങ്ങനെ അസുഖം വരാതെ പ്രതിരോധിക്കാമെന്നാണ് ചിന്തിക്കേണ്ടത്. ഇപ്പോള്‍ പല ഓഫീസുകളിലും ജോലി ചെയ്യുന്നവര്‍ പറയുന്ന ഒരു കാര്യമുണ്ട്. പൊതുജനം എന്തെങ്കിലും കാര്യങ്ങള്‍ക്കായി ഓഫീസില്‍ വരുമ്പോള്‍ അവരുടെ മുഖത്തുനോക്കി മാറിനില്‍ക്കാന്‍ പറയുന്നതെങ്ങനെ? അവര്‍ ഒരു മീറ്റര്‍ അകലം പാലിക്കണമെന്ന് പറയുന്നത് യഥാര്‍ഥത്തില്‍ നമ്മുടെ കടമയാണ്. വൃത്തിയായി കൈ കഴുകുക, മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക എന്നിവയെല്ലാം നമുക്ക് ചെയ്യാന്‍ കഴിയുന്ന കാര്യമല്ലേ? ആശങ്കയല്ല ഇവിടെ വേണ്ടത്, കരുതലാണ്. പൊതുവേ ഇത്തരം ആശങ്കകള്‍ മനസില്‍ കൊണ്ടുനടക്കുന്ന ആളുകള്‍ ആ ചിന്തയില്‍ നിന്നും നമ്മുടെ ശ്രദ്ധയെ മാറ്റാനുള്ള ശ്രമമാണ് നടത്തേണ്ടത്.

കൊവിഡ് -19 ആണെന്നറിഞ്ഞപ്പോള്‍ സൈക്കോളജിസ്റ്റായ താങ്കളുടെ മനസിലുണ്ടായ മാറ്റമെന്തായിരുന്നു?

ഞാന്‍ ലക്ഷണങ്ങള്‍ കണ്ട് ടെസ്റ്റ് ചെയ്തപ്പോള്‍ പോസിറ്റീവ് ആയി. ഉടന്‍ തന്നെ ക്വാറന്റൈന്‍ സെന്ററിലേക്ക് മാറി. വീട്ടിലുള്ളവരോട് ടെസ്റ്റ് ചെയ്യാന്‍ പറഞ്ഞു. ഭാര്യയും എന്റെ അമ്മയും പോസിറ്റീവ്. മകള്‍ നെഗറ്റീവ്. ഭാര്യ ഒന്നര മാസം ഗര്‍ഭിണിയാണ്. മകള്‍ക്ക് മൂന്ന് വയസാണ്. പ്രായമായവര്‍ക്കും കുട്ടികള്‍ക്കും കൊറോണ വരുമ്പോള്‍ വല്ലാത്ത അലട്ടലുണ്ടാകും. ആ സമയത്തുള്ള മാനസികമായ സമ്മര്‍ദ്ദം പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണ്. എന്നിരുന്നാലും നമുക്ക് മികച്ച ചികിത്സാ സൗകര്യങ്ങളുണ്ടെന്നും സമാധാനത്തോടെ മുന്നോട്ട് പോകാമെന്നുമുള്ള ഉറച്ച ആത്മവിശ്വാസം സ്വയം നേടിയെടുത്താണ് ഓരോ ദിവസങ്ങളും പിന്നിട്ടത്.

നമ്മുടെ നാട്ടിന്‍പുറമാകുമ്പോള്‍ പല പല ഗോസിപ്പുകളും കേള്‍ക്കാനിടയാകും. സുജിത്തിന് കൊവിഡ് പോസിറ്റീവ് ആയിട്ട് പിടിച്ച് കെട്ടിയാണ് ആംബുലന്‍സില്‍ കയറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോയതന്നെ ഗോസിപ്പുകളൊക്കെ ഞാന്‍ കേള്‍ക്കാനിടയായി. പോസിറ്റീവ് ആയിട്ടും നമ്മള്‍ വെളിയിലിറങ്ങി നടന്നു എന്ന ആരോപണങ്ങളൊക്കെ കേള്‍ക്കേണ്ടിവന്നു. എന്നാല്‍, പോസിറ്റീവ് ആയ ഭാര്യയ്ക്കും അമ്മയ്ക്കുമൊന്നും ഒരുതരത്തിലുള്ള ലക്ഷണങ്ങളുമില്ലായിരുന്നു. ടെസ്റ്റ് ചെയ്ത ശേഷമാണ് ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്.

സാനിറ്റൈസറും മാസ്‌കും ധരിച്ചാല്‍ കോവിഡ്-19 ഒഴിവാക്കാമെന്നത് അമിത വിശ്വാസത്തിലേക്ക് നയിക്കുന്നുണ്ടോ?

'നമ്മള്‍ ശ്രദ്ധിക്കുകയെന്നതാണ് പ്രധാനപ്പെട്ട കാര്യം. പല ആളുകളും മാസ്‌ക് ധരിക്കുന്നതുകൊണ്ടും ഇടയ്ക്കിടെ കൈ കഴുകുന്നതുകൊണ്ടും തങ്ങള്‍ക്ക് കൊവിഡ്-19 വരില്ലെന്ന് വിശ്വസിക്കുന്നവരാണ്. എന്നാല്‍, ഇത്തരം മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നത് ആത്മവിശ്വാസം നല്‍കുമെങ്കിലും ഒരിക്കലും അമിത വിശ്വാസം പാടില്ല. നമ്മള്‍ സാമൂഹിക അകലം കൃത്യമായി പാലിക്കണം. പരിചയക്കാരുടെ തോളത്ത് പിടിച്ച് സംസാരിക്കുന്നതും വാഹനങ്ങള്‍ തൊടുന്നതുമെല്ലാം ഒഴിവാക്കണം. വീടിനുള്ളിലും സാനിറ്റൈസറും മാസ്‌കും ഉപയോഗിക്കണമെന്നാണ് ഞാന്‍ മനസിലാക്കുന്നത്.

അതുപോലെ ചെറിയ ലക്ഷണങ്ങളുണ്ടെങ്കില്‍ അവഗണിക്കാതിരിക്കുക. ചെറിയ പനി വരുമ്പോള്‍ സ്വയം വിശകലനം നടത്തി വിട്ടുകളയുന്നതാണ് പലര്‍ക്കും പറ്റുന്ന പ്രശ്‌നം. ഇത് ശരിയായ പ്രവണതയല്ലെന്ന് മനസിലാക്കണം. നമ്മള്‍ക്ക് കിട്ടിയ അസുഖം നമ്മള്‍ പലര്‍ക്കും കൊടുക്കാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് ചെറിയ അസ്വസ്ഥത തോന്നിയാലും പോയി ടെസ്റ്റ് ചെയ്യുന്നത് നല്ലതാണ്. 'ഞാന്‍ ഒരാള്‍ക്കും കൊറോണ കൊടുക്കില്ല'എന്നുള്ള രീതിയില്‍ ഓരോ മനുഷ്യനും വിചാരിച്ചാല്‍ തീവ്ര വ്യാപനം തടയാനാകും.

മാധ്യമങ്ങള്‍ പുറത്തുവിടുന്ന വാര്‍ത്തകള്‍ കൊവിഡ്-19 ബാധിച്ച രോഗികളെയും പൊതുജനത്തെയും എങ്ങനെ ബാധിക്കുന്നുവെന്നാണ് സൈക്കോളജിസ്റ്റ് എന്ന രീതിയില്‍ വിലയിരുത്തുന്നത്?

കൊറോണ വന്നതിനുശേഷം മുന്നോട്ടുള്ള ജീവിതം എങ്ങനെയാണ്? ഇനി എന്തു ചെയ്യണം? ഇതുമായി ബന്ധപ്പെട്ട പല തരത്തിലുള്ള വിവരങ്ങളും സോഷ്യല്‍ മീഡിയ വഴി പ്രചരിക്കപ്പെടാറുണ്ട്. അസുഖത്തെക്കുറിച്ച് ഉത്കണ്ഠയുള്ള ആളുകള്‍ ഇത്തരം വാര്‍ത്തകള്‍ നോക്കാതിരിക്കുക.

നമ്മള്‍ ഒരുതവണ ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ഇന്റര്‍നെറ്റില്‍ നോക്കിയാല്‍ പിന്നീട് ഓട്ടോമാറ്റിക് ആയി നമുക്ക് കിട്ടുന്നത് അസുഖവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാത്രമായിരിക്കും. ഞാന്‍ എപ്പോള്‍ ഫോണ്‍ തുറന്നാലും എനിക്ക് കിട്ടുന്നത് കൊവിഡ്-19 -നുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാത്രമാണ്. ഇത്തരം ആശങ്കകള്‍ പരത്തുന്ന സന്ദേശങ്ങള്‍ കര്‍ശനമായി നിരോധിക്കണം. നിരവധി ആളുകളെ മാനസികമായി തളര്‍ത്തുന്നത് ഇത്തരം വാര്‍ത്തകളാണ്. അല്ലെങ്കില്‍ വസ്തുനിഷ്ഠമായി വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം മാത്രം ഉപയോഗിക്കുക .

കൊവിഡ്-19 സ്ഥിരീകരിച്ചപ്പോള്‍ എന്തായിരുന്നു മാനസികാവസ്ഥ?

മറ്റുള്ളവര്‍ വിചാരിക്കുന്ന പോലെ കൊറാണ എന്നെ ബാധിക്കില്ലെന്ന മാനസികാവസ്ഥ എനിക്കുമുണ്ടായിരുന്നു. പോസിറ്റീവ് ആണെന്ന വിവരമറിഞ്ഞപ്പോള്‍ 'എനിക്കും കൊറോണയോ... അങ്ങനെ വരാന്‍ വഴിയില്ലല്ലോ' എന്ന ചിന്ത മനസിലേക്ക് വന്നു. കൊവിഡ് പോസിറ്റീവ് ആയ ഭാര്യ ഗര്‍ഭിണിയാണെന്ന ചിന്തയും ആശങ്കപ്പെടുത്തി. പിന്നീട് യാഥാര്‍ഥ്യം ഞാന്‍ ഉള്‍ക്കൊണ്ടു. എന്നെപ്പറ്റിയല്ല ഞാന്‍ ചിന്തിച്ചത്. ശരിയായ രീതിയില്‍ ആത്മവിശ്വാസത്തോടെ നേരിടുകയെന്ന തീരുമാനം സ്വയം എടുക്കുകയായിരുന്നു. ഈ സാഹചര്യത്തില്‍ മാനസിക സമ്മര്‍ദ്ദമുണ്ടായാല്‍ പ്രതിരോധശേഷി നഷ്ടപ്പെടും. മനസില്‍ ആവശ്യമില്ലാത്ത ചിന്തകള്‍ക്ക് സ്ഥാനം കൊടുത്ത് സ്ഥിതിഗതികള്‍ വഷളാക്കാനുള്ള സമയം കൊടുത്തില്ല.

corona days experience of clinical psychologist sujith babu

സുജിത് ബാബുവും കുടുംബവും

ക്വാറന്റൈനില്‍ ഇരിക്കുമ്പോള്‍ കൃത്യസമയത്ത് ഉണരുകയും സിനിമ കാണുകയും പാട്ട് കേള്‍ക്കുകയും പുസ്തകം വായിക്കുകയും ചെയ്യുമായിരുന്നു. പത്രവും വായിക്കും. വെറുതെ മുറിയില്‍ ഇരുന്ന് ചിന്തിച്ച് ടെന്‍ഷനാകാനുള്ള അവസരം ഞാന്‍ ഉണ്ടാക്കിയില്ല. അങ്ങനെ കൊവിഡ് പോസിറ്റീവ് ആയതോടെ മൊത്തത്തില്‍ ജീവിതത്തിലും പോസിറ്റീവായ ഊര്‍ജം ഉണ്ടാക്കിയെടുത്തു. കൂടെയുള്ള കുറേയധികം ആളുകളോട് സംസാരിക്കാനും ഇടപഴകാനും കഴിഞ്ഞതോടെ പ്രതീക്ഷ വന്നുതുടങ്ങി. ജീവിതത്തിന് അടുക്കും ചിട്ടയും നല്‍കി മുന്നോട്ട് പോയതുകൊണ്ട് മാനസിക പ്രയാസങ്ങള്‍ തരണം ചെയ്യാന്‍ കഴിഞ്ഞു.

അസുഖം ഭേദമായശേഷം ആരോഗ്യപ്രവര്‍ത്തകരില്‍ നിന്ന് കിട്ടിയ ഉപദേശം?

കൊവിഡ് പോസിറ്റീവ് ആണെന്ന വിവരം അറിയിക്കാനായി ആദ്യമായി വിളിച്ചപ്പോള്‍ ആരോഗ്യപ്രവര്‍ത്തകര്‍ പറഞ്ഞത് ഒരിക്കലും ടെന്‍ഷന്‍ ആകരുതെന്നാണ്. വളരെ പോസിറ്റീവ് ആയ സമീപനമായിരുന്നു അവരുടെ ഭാഗത്തുനിന്നുണ്ടായത്. വളരെ ശാന്തമായ മനസോടെയിരിക്കേണ്ടതിന്റെയും പ്രതിരോധ ശേഷിയുള്ള ഭക്ഷണം കഴിക്കേണ്ടതിന്റെയും ആവശ്യകതയായിരുന്നു അവര്‍ ബോധ്യപ്പെടുത്തിയത്.

കൊവിഡ് നെഗറ്റീവ് ആയശേഷം ഏഴുദിവസം നിര്‍ബന്ധമായും ക്വാറന്റൈനില്‍ കഴിയണം.  കൃത്യസമയത്ത് ഭക്ഷണം കഴിക്കുക, ചെറുതായി വ്യായാമം ചെയ്യുക, സാമൂഹിക അകലം പാലിച്ച് സ്വസ്ഥമായിരിക്കുക. നെഗറ്റീവ് ആയാലും നമ്മള്‍ ഇതേ കാര്യങ്ങള്‍ തന്നെ ശ്രദ്ധിക്കണം.

കൊവിഡ്-19 വന്നതോടെ 'അര്‍ഹതയുള്ളവര്‍ അതിജീവിക്കും' എന്ന ചിന്താഗതി പലരുടെയും മനസിലുണ്ട്. ആളുകളില്‍ പോസിറ്റീവ് ആയ മനോഭാവമുണ്ടാക്കാന്‍ എന്തു ചെയ്യാന്‍ കഴിയും?

അസുഖം വരാതിരിക്കാനായി നമ്മള്‍ ശ്രദ്ധിക്കുകയെന്നതാണ് ഏറ്റവും പ്രധാനം. കൊവിഡ്-19 അത്ര നിസാരക്കാരനല്ലെന്ന് മനസിലാക്കണം. ഈ അസുഖം വന്നശേഷം പല ആരോഗ്യപ്രശ്‌നങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. 'എല്ലാര്‍ക്കും കൊറോണയുണ്ട്, എന്നാല്‍ എനിക്കും വന്നോട്ടെ' എന്ന മനോഭാവം വളരെ അപകടകരമാണ്. നമ്മള്‍ കൃത്യമായ കാര്യങ്ങള്‍ പാലിക്കണം. സാമൂഹികമായ അകലം പാലിക്കണം. കൊറോണ വരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ നാം ഓരോരുത്തരും സ്വീകരിക്കുമെന്ന യാഥാര്‍ഥ്യബോധത്തോടെയുള്ള ഉറച്ച തീരുമാനമാണ് വേണ്ടത്. ജീവിതത്തെ പോസിറ്റീവ് ആയി കാണണം.

അസുഖം ബാധിച്ച് വീട്ടില്‍ നിന്ന് മാറി നില്‍ക്കുന്നവരുടെ അനുഭവങ്ങളെ എങ്ങനെ വിലയിരുത്തുന്നു?

സാമൂഹിക ജീവിയായ മനുഷ്യന് ഒരു മുറിയില്‍ പുറംലോകവുമായി ബന്ധമില്ലാത്ത ക്വാറന്റൈന്‍ ദിനങ്ങള്‍ വളരെ വ്യത്യസ്തമായ ഒരു കാര്യമാണ്. സമൂഹത്തില്‍ നിന്നും കുടുംബത്തില്‍ നിന്നുമുള്ള പിന്തുണയാണ് ഏറ്റവും പ്രധാനം. ഈ അവസ്ഥയില്‍ പുറമെ നടക്കുന്ന കിംവദന്തികളും ഗോസ്സിപ്പുകളുമൊക്കെ കേള്‍ക്കാറുണ്ട്.

അസുഖം ബാധിച്ച ഒരു സുഹൃത്ത് പറഞ്ഞത് അയല്‍ക്കാരന്‍ തന്റെ വീട് വളരെ ശബ്ദത്തോടെ കൊട്ടിയടയ്ക്കുകയും താന്‍ സ്വന്തമായി വരുത്തിവെച്ച അസുഖമാണെന്ന രീതിയില്‍ സുഹൃത്തിനോട് പെരുമാറുകയും ചെയ്തുവെന്നാണ്. അസുഖം ആരും സ്വന്തമായി വരുത്തിവക്കുന്നതല്ലെന്ന് മനസിലാക്കണം. നമ്മളെല്ലാവരും പ്രതീക്ഷിക്കുന്നത് രോഗം വരാതിരിക്കണമെന്ന് തന്നെയല്ലേ? കൊവിഡ് സെന്ററില്‍ നിന്ന് നെഗറ്റീവ് ആയി വീട്ടിലേക്ക് പോകുമെന്ന് പറഞ്ഞപ്പോള്‍ മറ്റുള്ളവരുടെ മുഖത്ത് എങ്ങനെ നോക്കുമെന്നോര്‍ത്ത് ആശങ്കപ്പെട്ടവരുമുണ്ട്.

അസുഖം ബാധിച്ച വ്യക്തിയെന്ന നിലയില്‍ സമൂഹത്തിലേക്ക് ഇറങ്ങുന്നതിന് മാനസികമായി ബുദ്ധിമുട്ട് തോന്നിയോ?

കൊവിഡ്-19 ബാധിച്ചശേഷം വ്യക്തിപരമായി സമൂഹത്തിലേക്ക് ഇറങ്ങിപ്പോകാന്‍ എനിക്ക് വലിയ ബുദ്ധിമുട്ടുണ്ടായിട്ടില്ല. എന്നാല്‍, കൂടെയുണ്ടായിരുന്നവര്‍ ചില അനുഭവങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. ആംബുലന്‍സില്‍ കയറിവന്നപ്പോള്‍ മറ്റുള്ളവരുടെ പ്രതികരണങ്ങള്‍ ചിലരെ വേദനിപ്പിച്ചു. എന്നാല്‍, മറ്റു ചിലരുടെ പ്രതികരണം ഇങ്ങനെയായിരുന്നു, 'കൊവിഡ് ബാധിച്ചത് നന്നായി... ഇപ്പോഴെങ്കിലും നല്ല സുഹൃത്തുക്കളെ എനിക്ക് തിരിച്ചറിയാന്‍ കഴിഞ്ഞല്ലോ.'

ആളുകളെ എങ്ങനെ അഭിമുഖീകരിക്കും എന്ന ആശങ്ക എനിക്കില്ല. അങ്ങനെ ഒരിക്കലും തോന്നേണ്ട ആവശ്യവുമില്ല. രോഗം ആരുടെയും തെറ്റല്ല എന്ന രീതിയില്‍ കൊവിഡ്-19 ബാധിച്ച ഓരോ വ്യക്തിയും ചിന്തിക്കേണ്ടതുണ്ട്. എന്തിനെയും നേരിടാനുള്ള ധൈര്യമാണ് ആവശ്യം. 

Follow Us:
Download App:
  • android
  • ios