Asianet News MalayalamAsianet News Malayalam

ലോക്ക്ഡൗണ്‍ കാലത്ത് ഒരാപ്പിള്‍ നല്‍കിയ പണി!

കൊറോണക്കാലം: ലോക്ക്ഡൗണ്‍ വീട്ടിലെ ആപ്പിള്‍പ്പാട്ട്. റിജു കമാച്ചി എഴുതുന്നു 

 

corona days gurugram by Riju kamachi
Author
Gurugram, First Published Apr 18, 2020, 6:13 PM IST

കൊറോണക്കാലം-ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള മലയാളികളുടെ കൊവിഡ് 19 അനുഭവങ്ങള്‍. വീട്, ആശുപത്രി, ഓഫീസ്, തെരുവ്...കഴിയുന്ന ഇടങ്ങള്‍ ഏതുമാവട്ടെ, നിങ്ങളുടെ അനുഭവങ്ങള്‍ എഴുതി ഒരു ഫോട്ടോയ്‌ക്കൊപ്പം submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. മെയില്‍ അയക്കുമ്പോള്‍ സബ്ജക്ട് ലൈനില്‍ കൊറോണക്കാലം എന്നെഴുതണം.

 

corona days gurugram by Riju kamachi

 

ആഞ്ഞു വീശിയ കൊറോണക്കാറ്റിന്റെ ശക്തിയില്‍ ഈ ഗുരുഗ്രാം നഗരവും ശാന്തമായപ്പോഴാണ് മക്കളോടോപ്പമിരിക്കാന്‍ ഇഷ്ടം പോലെ സമയം കിട്ടിയത്. അമ്മ നഴ്‌സ് ആയതിനാല്‍ ലോക്ക്ഡൗണായാലും അമ്മയെ കൂടെയിരിക്കാന്‍ കിട്ടില്ല എന്നത് മക്കള്‍ക്കും അറിയാം.അങ്ങനെ രണ്ട് കുറുമ്പന്മാരോടൊപ്പം വീട്ടില്‍ അടങ്ങിയിരിക്കുമ്പോള്‍ പഴയ  കലാപരിപാടികള്‍ ഓരോന്നായി പുറത്തെടുത്ത് ഇവന്മാരെയും പഠിപ്പിക്കാം എന്നൊക്കെ ചില വമ്പന്‍ ചിന്തകള്‍ മനസ്സില്‍ പൊങ്ങിവന്നു.

ചിത്രംവരക്കാന്‍ നോക്ക്യപ്പോ പേപ്പറില്ല, പെയിന്റിങ്ങ് ചെയ്യാന്‍ നോക്ക്യപ്പോ കളറില്ല, ബോട്ടില്‍ ആര്‍ട്ട് ചെയ്യാന്‍ കുപ്പിയില്ല അങ്ങനങ്ങനെ നല്ല നല്ല കാരണങ്ങള്‍ കിട്ടിയതിനാല്‍ ആദ്യ ദിവസങ്ങള്‍ ഭംഗിയായിപ്പോയിക്കിട്ടി.

എല്ലാം നാളെ തുടങ്ങാന്ന് വിചാരിച്ചിരിക്കുമ്പോഴാണ് സ്‌കൂളിന്ന് മക്കള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ് തുടങ്ങാന്‍ പോവാന്ന് വിവരം കിട്ടിയത്.

എന്നാലിനി ശിഷ്ടകാലം അതുമായി കഴിയാമല്ലോന്നുള്ള ചിന്തയിലിരിക്കുമ്പോഴേക്കും  ടീച്ചര്‍മാരുടെ വാട്‌സാപ്പ് മെസ്സേജുകള്‍ വന്നു.

ആദ്യം വന്നത് നഴ്‌സറിക്കാരനായ കുഞ്ഞന്റെ ടീച്ചറുടെയാണ്. ഈ പീക്കിരിക്ക് എന്ത് ഓണ്‍ലൈന്‍ ക്ലാസാണാവോന്ന് തുറന്ന് നോക്കിയപ്പോ വീഡിയോയില്‍ ടീച്ചര്‍ 'Standing Lines' വരച്ചു  കാണിക്കുന്നു. ലോക്ക്ഡൗണില്‍ വെറുതെയിരുന്നു മടുത്തിട്ടാവാം പത്ത് വിരലുകളില്‍ പന്ത്രണ്ട് കളര്‍ നെയില്‍ പോളിഷൊക്കെയിട്ട് അലങ്കരിച്ചിട്ടുണ്ടായിരുന്നു ടീച്ചര്‍. 

അത് കഴിഞ്ഞപ്പോ ടീച്ചറുടെ വോയിസ് മെസേജായി ഇംഗ്ലീഷ് റൈം.

   'ആപ്പിള്‍ റൗണ്ട്....
    ആപ്പിള്‍ റെഡ്...
    ആപ്പിള്‍ സ്വീറ്റ്....
    ആപ്പിള്‍ ജ്യൂസി...
    ഐ ലവ് ടു ഈറ്റ്..'

ആദ്യം ഒന്നും മിണ്ടാതെ ശ്രദ്ധയോടെ കുഞ്ഞന്‍  കേട്ടിരുന്നു. രണ്ടാമത്തെ തവണ കേട്ടതും അവന്റെ നിറം മാറാന്‍ തുടങ്ങി ഒറ്റ വാശി...

'എനിക്കിപ്പോ ആപ്പിള്‍ വേണം...'

ആപ്പിള് വാങ്ങാന്‍ പുറത്തിറങ്ങിയാല്‍ അച്ഛന്റെ പിന്നാമ്പുറം പോലീസുകാര്‍ 'ആപ്പിള്‍ റെഡ്' ആക്കും ന്ന് പറഞ്ഞാ ചെറുക്കന് മനസ്സിലാവണ്ടേ. ഈ ടീച്ചര്‍ക്കാണേല്‍ ഈ നേരത്ത് വേറെവല്ല പാട്ടും പാടിയാപ്പോരേന്ന്....സംഘര്‍ഷഭരിതമായ അരമണിക്കൂറിന് ശേഷം  ആപ്പിള്‍കാര്യം അവന്‍ മറന്നു ശാന്തനായി.

അടുത്ത മെസേജ് വല്യ മോന്റെ ടീച്ചറുടെ വക. സയന്‍സാണ്.. വിത്തും ചെടികളും ആണ് പാഠം.
  
നമ്മളെപ്പോലെ കണ്ടത്തില്‍ പച്ചക്കറി നട്ടുള്ള എക്‌സ്പീരിയന്‍സൊന്നും ന്യൂ ജെന്‍ന്മാര്‍ക്ക് ഇല്ലല്ലോ. പയര്‍ നടുന്നതും മുളയ്ക്കുന്നതുമെല്ലാം ചേര്‍ത്ത് ഞാനൊരു ക്ലാസ് അങ്ങട് നടത്തി. ക്ലാസ് കഴിഞ്ഞപ്പോ സ്വാഭാവികമായും സംശയം വന്നു. 'അച്ഛാ ഈ ആപ്പിള് ഇതുപോലെ സീഡ് നട്ടാല്‍ മുളയ്ക്കുമോ..?'

'ആപ്പിള്‍'ന്ന് കേട്ടതോടെ മടിയിലിരിക്കുന്ന കുഞ്ഞന്റെ മുഖം പിന്നേം  മാറി.

'ഈ ആപ്പിളല്ലാതെ വേറെ ഒരു സാധനോം കിട്ടിയില്ലെടാ നിനക്ക് മുളപ്പിക്കാന്‍'ന്ന് മൂത്തവനോട് ചോദിക്കണംന്നുണ്ടാരുന്നു. വളര്‍ന്നുവരുന്ന മുകുളത്തെ നുള്ളരുതല്ലോ. 

അടുത്ത സംഘര്‍ഷത്തിന് കാഹളം മുഴക്കുന്ന കുഞ്ഞനും ആപ്പിള് കാരണം ആപ്പിലായ ഞാനും. ഇങ്ങനെ പോവുന്നു ഓരോ ലോക്ക്ഡൗണ്‍ ദിനങ്ങളും.

Follow Us:
Download App:
  • android
  • ios