കൊറോണക്കാലം-ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള മലയാളികളുടെ കൊവിഡ് 19 അനുഭവങ്ങള്‍. വീട്, ആശുപത്രി, ഓഫീസ്, തെരുവ്...കഴിയുന്ന ഇടങ്ങള്‍ ഏതുമാവട്ടെ, നിങ്ങളുടെ അനുഭവങ്ങള്‍ എഴുതി ഒരു ഫോട്ടോയ്‌ക്കൊപ്പം submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. മെയില്‍ അയക്കുമ്പോള്‍ സബ്ജക്ട് ലൈനില്‍ കൊറോണക്കാലം എന്നെഴുതണം.

 


ഇന്ത്യയിലെ ആദ്യ കോവിഡ് ബാധിത മരണം കര്‍ണാടകയില്‍ ആണെന്ന് അറിഞ്ഞതിനു പിന്നാലെ ആയിരുന്നു അത്.  സുഹൃത്തുക്കളോടോപ്പം ബാംഗ്ലൂരിലെ അപ്പാര്‍ട്‌മെന്റില്‍ താമസിക്കുകയായിരുന്നു ഞാന്‍. ജോലി ഇന്‍ഫോസിസില്‍. അതിനിടെ മറ്റൊരു കമ്പനിയില്‍ ജോലി കിട്ടി. രാജിവച്ചു പുറത്തിറങ്ങാനുള്ള നടപടികള്‍ നടക്കുന്നു. എങ്കിലും ഓഫീസില്‍ പോവുന്നു.  

അന്നൊരുദിവസം ഉറങ്ങിയെഴുന്നേറ്റപാടെ ശബ്ദത്തില്‍ വ്യത്യാസമുള്ളത് പോലെ തോന്നി. എങ്കിലും ഓഫീസില്‍ പോകാന്‍ തന്നെ തീരുമാനിച്ചു. ഓഫീസിലെത്തി മണിക്കൂറുകള്‍ക്കകം തൊണ്ടയടഞ്ഞ് സംസാരിക്കാന്‍ പറ്റാതെയായി. ലീവ് ചോദിച്ചപ്പോള്‍ കേട്ടപാതി കേള്‍ക്കാത്തപാതി മാനേജര്‍ അനുവാദം തന്നു. ആശുപത്രിയില്‍ ചെന്ന് കൃത്യമായി പരിശോധിക്കണമെന്ന ഉപദേശവും നല്‍കി. സഹപ്രവര്‍ത്തകനായ അത്യന്തിന്റെ കൂടെ ബൈക്കില്‍ ഞാന്‍ വീട്ടിലേക്കു മടങ്ങി.  വഴിയില്‍ ഒരു ഹോസ്പിറ്റലില്‍ ചെന്ന് പരിശോധന നടത്തി. 

ആശുപത്രിയില്‍ ചെന്നത് ഭയത്തോടെയാണെങ്കില്‍ ഡോക്ടറുടെ ചോദ്യങ്ങള്‍ എന്നെ അതിലും ഭയപ്പെടുത്തി.

പുറത്തെവിടെയെങ്കിലും സഞ്ചരിച്ചിരുന്നോ?

ശ്വാസതടസ്സം ഉണ്ടോ ?

ഭക്ഷണം ഇറക്കുമ്പോള്‍ ബുദ്ധിമുട്ടു അനുഭവപ്പെടുന്നുണ്ടോ?

തുടങ്ങി ഒരുപാട് ചോദ്യങ്ങള്‍. എല്ലാം കോവിഡ് 19 ന്റെ ലക്ഷണങ്ങള്‍. എല്ലാറ്റിനും എന്റെ മറുപടി ഇല്ല എന്നായിരുന്നു. ഭാഗ്യത്തിന് എന്റെ തൊണ്ടവേദന വെറും അലര്‍ജി ആയിരുന്നു. വൈകുന്നേരം ആയപ്പോള്‍ ഓഫീസിലെ സഹപ്രവർത്തകനായ ചേട്ടൻ്റെ ഫോൺ കോള്‍ എത്തി.

''നിനക്ക് ഇപ്പോള്‍ എങ്ങനെ? ദിലീപ് ഈസ് സസ്പെക്റ്റഡ് എന്നാണല്ലോ കിംവദന്തി കേൾക്കുന്നത്"

"എനിക്ക് വെറും അലര്‍ജിയാണ്. വെറുതെ വേണ്ടാത്തത് പറഞ്ഞു പരത്തണ്ടാന്ന് എല്ലാവരോടും പറ.'' ഞാന്‍ മറുപടി പറഞ്ഞു. നന്നായി ഗാര്‍ഗിള്‍ ചെയ്താല്‍ തൊണ്ടയുടെ പ്രശ്‌നം മാറിക്കിട്ടുമെന്ന് അദ്ദേഹം എന്നോട് പറഞ്ഞുതന്നു.

അതിനിടെ, ആഗോളതലത്തില്‍ അവസ്ഥ ഭയാനകമാകാന്‍ തുടങ്ങി. മാര്‍ച്ച് 16 മുതല്‍ വീട്ടിലിരുന്നു പണിയെടുക്കാനുള്ള സൗകര്യങ്ങള്‍ സജ്ജമാക്കാന്‍ ഗവണ്മെന്റ് ഐടി കമ്പനികള്‍ക്ക് ഉത്തരവിറക്കി. മിക്കവാറും കമ്പനികള്‍ ആ തീരുമാനത്തെ സ്വാഗതം ചെയ്തു. തൊഴിലാളികള്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കി. ഒരു കമ്പ്യൂട്ടറും നല്ല ഇന്റര്‍നെറ്റ് കണക്ഷനും ഉണ്ടെങ്കില്‍ എവിടെനിന്നും ജോലി ചെയ്യാമെന്നായി. പതുക്കെ ചുറ്റുപാടും കൊവിഡ് വാര്‍ത്തകള്‍ മാത്രമായി. 

അന്ന് മാര്‍ച്ച് 23 ആയിരുന്നു. സ്ഥിതി ദിവസേന വഷളാകുകയാണെന്ന് മനസിലാക്കി ഞാനും സുഹൃത്തുക്കളും നാടു പിടിക്കാന്‍ പ്ലാന്‍ ചെയ്തു. അതിനൊരു കാരണമുണ്ടായിരുന്നു. നിത്യവും സാധനങ്ങള്‍ വാങ്ങുന്ന കടയില്‍ ഒരു ദിവസം പതിവിനെക്കാള്‍ തിരക്ക് അനുഭവപ്പെടുന്നത് കണ്ട് സഹപാഠിയും സുഹൃത്തുമായ റിജിന്‍ കടക്കാരനോട് കാരണമന്വേഷിച്ചു. അടുത്ത 10 ദിവസത്തേക്ക് ബാംഗ്ലൂറില്‍ കര്‍ഫ്യൂ ആണെന്നും കടകള്‍ തുറക്കില്ലെന്നും അയാള്‍ പറഞ്ഞു. അപകടം മണത്ത അവന്‍ മറ്റെല്ലാവരെയും വിവരമറിയിച്ചു. ഉച്ചതിരിഞ്ഞപ്പോള്‍ കയ്യില്‍കിട്ടിയ സാധനങ്ങളെല്ലാം പാക്ക് ചെയ്ത് ഞങ്ങള്‍ സുഹൃത്ത് വിവേക് ലാംബെര്‍ടിന്റെ കാറില്‍ കേരളത്തിലേക്ക് തിരിച്ചു. ഞാന്‍, റിജിന്‍, വിവേക്, അവന്റെ പത്‌നി മറിയ എന്നിവരായിരുന്നു കാറില്‍. യാത്ര എന്താവുമെന്ന് ഒരുറപ്പുമില്ലായിരുന്നു. കര്‍ണാടക അതിര്‍ത്തികള്‍ അടച്ചിടുമെന്ന വാര്‍ത്ത പ്രചരിക്കുന്നുണ്ടായിരുന്നു.കയ്യില്‍ ആകെയുണ്ടായിരുന്നത് കുറച്ചു ബിസ്‌കറ്റുകള്‍. 

അല്‍പസമയം കഴിഞ്ഞപ്പോള്‍ മുഖ്യമന്ത്രിയുടെ പ്രഖ്യാപനം വന്നു.  അര്‍ധരാത്രിയോടെ കേരളം ലോക്ഡോണ്‍ ചെയ്യുന്നു അഥവാ കേരളത്തിന്റെ അതിര്‍ത്തികള്‍ അടയ്ക്കുന്നു. പുറപ്പെട്ടത് കൃത്യസമയത്തു തന്നെയെന്ന് അപ്പോള്‍ ബോധ്യമായി. പ്രശ്‌നമില്ലാതെ മൈസൂര്‍ അതിര്‍ത്തി കടന്നപ്പോള്‍ ഞങ്ങളുടെ പ്രതീക്ഷ വര്‍ധിച്ചു. കൂര്‍ഗ് ചെക്പോസ്‌റ് ആയിരുന്നു അടുത്ത കടമ്പ. ഞങ്ങള്‍ ചെക്ക്‌പോസ്റ്റിനരികെ എത്തിയപ്പോഴേക്കും എല്ലാ വാഹനങ്ങളെയും ഡ്യൂട്ടി ഓഫീസര്‍മാര്‍ തടഞ്ഞു നിര്‍ത്തുന്നതായി കണ്ടു. ഓഫീസര്‍മാരുടെ നിര്‍ദ്ദേശപ്രകാരം വാഹനം വഴിയോരത്തു പാര്‍ക്ക് ചെയ്ത് മറ്റുയാത്രക്കാരുടെ കൂടെ ഞങ്ങള്‍ പരിശോധനയ്ക്ക് വിധേയരായി. ശരീരോഷ്മാവ് അളക്കുന്ന ഉപകരണം എല്ലാവരുടെയും നെറ്റിക്കു നേരെ നീട്ടിയായിരുന്നു പരിശോധന. പരിശോധനയ്ക്കുശേഷം ഹാന്‍ഡ് സാനിറ്റൈസര്‍ എല്ലാവരുടെയും കയ്യില്‍ സ്‌പ്രേ ചെയ്തതിനുശേഷമാണ് വിട്ടയച്ചത്. മുന്‍പോട്ടു യാത്രചെയ്യവേ മാക്കൂട്ടം എന്ന സ്ഥലത്തു പൊലീസ് ഞങ്ങളെ തടഞ്ഞു. അവിടെ വണ്ടി നമ്പരും പേരും ഫോണ്‍ നമ്പറും കൊടുത്ത ശേഷമാണു അവര്‍ കടത്തി വിട്ടത്. ഇനിയുള്ളത് നമ്മുടെ സ്വന്തം കേരളം ചെക്പോസ്‌റ് ആണ്. അവിടെ എത്തിയപ്പോഴേക്കും കുറച്ചു ആളുകള്‍ ചെക്പോസ്റ്റില്‍ വാഹന പരിശോധനയ്ക്കായി കാത്തു നില്‍ക്കുന്നതായി കണ്ടു. ഡ്യൂട്ടി ഓഫീസര്‍മാര്‍ ഞങ്ങളിലൊരാളുടെ പേരും പോകാനുള്ള സ്ഥലവും എഴുതി വച്ചു. അവരില്‍ ഒരു ഓഫീസര്‍ പറഞ്ഞു.

''നിങ്ങള്‍ക്കു രോഗം ഉണ്ടെന്നുതന്നെ കരുതിക്കോളൂ. 14 ദിവസം വീട്ടിലിരിക്കണം . പുറത്തു എവിടേയും പോകരുത്. വീട്ടിലെത്തിയപാടെ കുളിച്ചിട്ടു മാത്രം അകത്തു കയറിയാല്‍ മതി. വസ്ത്രങ്ങള്‍ സോപ്പിട്ടു കഴുകിയെടുക്കണം. വീട്ടിലെത്തിയപാടെ ദിശയിലേക്കു ഹെല്‍പ്ലൈനിലേക്കു വിളിച്ചു വിവരം പറയണം. ഹെല്‍ത്തില്‍ നിന്നും ആളുകള്‍ വരും''

ഞങ്ങള്‍ എല്ലാം സമ്മതിച്ചു വീണ്ടും യാത്രയായി. വഴിമധ്യേ ചില സ്ഥലങ്ങളില്‍ പോലീസ് പിന്നെയും ചോദ്യങ്ങള്‍ ചോദിച്ചു. ഏതാണ്ട് രാത്രി 12മണി ആയപ്പോഴേക്കും ഞങ്ങള്‍ പയ്യന്നൂര്‍ എത്തി.  കാറുമായി എന്നെ കൂട്ടിക്കൊണ്ടുപോകാന്‍ വരാന്‍ ഏട്ടനോട് നേരത്തെ വിളിച്ചു പറഞ്ഞിരുന്നു. പറഞ്ഞ സമയത്തു ഏട്ടന്‍ എത്തി. ഞാന്‍ കാറില്‍ നിന്നും പുറത്തിറങ്ങുമ്പോള്‍ ലാംബെര്‍ട് പറഞ്ഞു. 'മാസ്‌ക് ധരിക്കെടാ'. 

ഞാന്‍ ചോദിച്ചു, 'മാസ്‌ക് വേണോ?'

അപ്പോള്‍ അപ്പുറത്തെ കാറില്‍ നിന്നും ഏട്ടന്‍ വിളിച്ചു പറഞ്ഞു: 'മാസ്‌ക് ഇട്ടോളൂ.'

അതിനുമുമ്പ് ജീവിതത്തിലൊരിക്കലും പോലും ഒരാളും എന്നോട് മാസ്‌ക് ധരിച്ചു വണ്ടിയില്‍ കയറാന്‍ പറഞ്ഞതായി ഓര്‍ക്കുന്നില്ല. ലോകം അനുഭവിച്ചുകൊണ്ടിരിക്കുന്ന ഭീതിയുടെ ആഴം പിന്നെയും കൂടിയതായി എനിക്ക് അപ്പോള്‍ തോന്നി. ഞാന്‍ വണ്ടിയില്‍ കയറവേ ഏട്ടന്‍ കാറിന്റെ മുന്‍ ഗ്ലാസ്സുകള്‍ താഴ്ത്തി. ഒരു പക്ഷെ എന്നില്‍ വൈറസ് ഉണ്ടെങ്കില്‍ കാറ്റില്‍ പുറത്തേക്ക് പറന്നു പോകാനായിരിക്കും അങ്ങനെ ചെയ്തതെന്ന് എനിക്ക് തോന്നി. ഏട്ടന്റെ കൂടെ അമ്മാവനും ഉണ്ടായിരുന്നു. രണ്ടുപേരും മിതമായിട്ടു മാത്രമേ എന്നോട് സംസാരിച്ചിരുന്നുള്ളു. ഒരു പക്ഷെ കൂടുതല്‍ സംസാരിക്കുമ്പോള്‍ വൈറസ് വായുവില്‍ പടര്‍ന്നു അവരുടെ ഉള്ളില്‍ പടരാതിരിക്കാനാണ് അവര്‍ അങ്ങനെ ചെയ്തതെന്ന് എനിക്ക് തോന്നി.

വീട്ടിലെത്തുമ്പോഴേക്കും അച്ഛനും അമ്മയും ഉറക്കമിളച്ചു എന്റെ വരവിനായി കാത്തിരിക്കുന്നുണ്ടായിരുന്നു. ചെന്നപാടെ ഞാന്‍ എന്റെ വസ്ത്രങ്ങള്‍ അലക്കുകയും കുളിക്കുകയും ചെയ്തു. എന്റെ ഫോണോ വാച്ചോ തൂവാലയോ ബാഗോ ആരെയും സ്പര്‍ശിപ്പിക്കാതെ ഒരിടത്തു ഞാന്‍ വച്ചു. അതെല്ലാം കുളിച്ച ശേഷം ഞാന്‍ എന്റെ റൂമിലേക്ക് മാറ്റി. അതിനുശേഷം പിന്നെയും കൈകള്‍ രണ്ടും സോപ്പിട്ടു കഴുകിയാണ് ഞാന്‍ ഭക്ഷണത്തിനിരുന്നത്. പിന്നീടുള്ള എന്റെ 14 ദിവസങ്ങള്‍ ക്വാറന്റീന്‍ പീരീഡ് എന്ന് വിളിക്കപ്പെടുമെന്നു ഞാന്‍ മനസിലാക്കി. മകന്‍ അന്യസംസ്ഥാനത്തു നിന്ന് വന്നതായി അച്ഛന്‍ ഹെല്‍ത്ത് ഡിപ്പാര്‍ട്‌മെന്റില്‍ വിളിച്ചു വിവരമറിയിച്ചു. അത് നിര്‍ബന്ധമാണത്രെ. രണ്ട് ദിവസത്തിനു ശേഷം ഹെല്‍ത്ത് ഡിപ്പാര്‍ട്‌മെന്റില്‍ നിന്നും പരിശോധനയ്ക്കായി ആളുകള്‍ വന്നു. വിവരങ്ങള്‍ ആരാഞ്ഞപ്പോള്‍ എനിക്ക് രോഗലക്ഷണങ്ങളൊന്നുമില്ലെന്നു ഞാന്‍ അറിയിച്ചു. എന്നാലും എവിടെയും പുറത്തിറങ്ങരുതെന്ന് അവര്‍ പറഞ്ഞു. എന്റെ പേരും ഫോണ്‍ നമ്പറും എഴുതിയെടുത്തിട്ടാണ് അവര്‍ പോയത്. വീട്ടുകാരുമായി അധികം സമ്പര്‍ക്കം വേണ്ടെന്നു അവര്‍ ആവര്‍ത്തിച്ചു പറഞ്ഞു. ഞാന്‍ സമ്മതിച്ചു. അങ്ങനെ ആ ദിവസങ്ങള്‍ കഴിഞ്ഞു. ലോകം, ഇന്നുവരെ ഇല്ലാത്ത അവസ്ഥയിലേക്ക് പോവുന്നത് ഞാനറിഞ്ഞു കൊണ്ടിരിക്കുന്നു.