അനുഭവങ്ങളുടെ ഖനിയാണ് പ്രവാസം. മറ്റൊരു ദേശം. അപരിചിതരായ മനുഷ്യര്‍. പല ദേശക്കാര്‍. പല ഭാഷകള്‍. കടലിനിപ്പുറം വിട്ടു പോവുന്ന സ്വന്തം നാടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കൂടി ചേരുമ്പോള്‍ അത് അനുഭവങ്ങളുടെ കോക് ടെയിലായി മാറുന്നു. പ്രിയ പ്രവാസി സുഹൃത്തേ, നിങ്ങള്‍ക്കുമില്ലേ, അത്തരം അനേകം ഓര്‍മ്മകള്‍. അവയില്‍ മറക്കാനാവാത്ത ഒന്നിനെ കുറിച്ച് ഞങ്ങള്‍ക്ക് എഴുതാമോ? പ്രവാസത്തിന്റെ ദിനസരിക്കുറിപ്പുകളിലെ നിങ്ങളുടെ അധ്യായങ്ങള്‍ക്കായി ഇതാ ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന പ്രത്യേക ഇടം, ദേശാന്തരം. ഫോട്ടോയും പൂര്‍ണ്ണ വിലാസവും കുറിപ്പും submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കാം. ദേശാന്തരം എന്ന് സബ് ജക്റ്റ് ലൈനില്‍ എഴുതാന്‍ മറക്കരുത്.

ഓര്‍മ വെച്ച കാലം തൊട്ട് ഞങ്ങള്‍ സൗദിയിലാണ്. ഗള്‍ഫ് ജീവിതം എന്നാലോചിക്കുമ്പോഴേക്കും മനസ്സിലേക്ക് മിന്നിമറയുന്ന രൂപം വെളുത്ത് മിനുത്ത താടി കുലുക്കി എപ്പോഴും ചിരിച്ചും ചിരിപ്പിച്ചും ഇരിക്കുന്ന സാന്താക്ലോസിന്റെ മുഖമാണ്. ഒരു പക്ഷേ മരുഭൂമിയിലെ ചൂടും പൊടിയും കുടുംബമില്ലാത്ത വേദനയും പ്രായം കൂടും തോറും പരിമിതികളും മറന്ന് പൊട്ടിച്ചിരിച്ച് തിരിച്ചൊരു പുഞ്ചിരി പോലും പ്രതീക്ഷിക്കാതെ സമ്മാനങ്ങള്‍ തന്ന് എല്ലാവരെയും സന്തോഷിപ്പിക്കുന്ന സാന്താക്ലോസ് ആകേണ്ടി വന്നിട്ടുണ്ട് ഓരോ പ്രവാസിക്കും.

വലുതാകും തോറും അങ്ങനെയൊരു സത്യം തിരിച്ചറിയുകയായിരുന്നു. നാടെന്ന് സ്‌നേഹത്തോടെ വിളിക്കുന്ന സ്ഥലം കാണാനും കുടുംബബന്ധം പുതുക്കാനുമുള്ള വര്‍ഷത്തിലുള്ള പോക്കുകളില്‍ പോലും മാസങ്ങളായി വാങ്ങിക്കൂട്ടിയ മിഠായിപ്പൊതികളും കാരക്കയും അത്തര്‍ കുപ്പികളും കളിപ്പാട്ടങ്ങളും (അതില്‍ പലതും നാട്ടിലേക്ക് വരുമ്പോള്‍ മാത്രം കണ്ടു വരുന്ന അപൂര്‍വ സാധനങ്ങള്‍) സ്വന്തം ആവശ്യങ്ങള്‍ മറന്ന് വാങ്ങി പെട്ടികളിലും ബാഗുകളിലും നിറച്ച് സ്‌നേഹം കൊണ്ട് പൊതിഞ്ഞ് കൊണ്ട് പോകുന്നതില്‍ പോലും കുറ്റങ്ങള്‍ കണ്ടെത്തുന്നവര്‍ക്ക് അതില്‍ വിയര്‍പ്പിന്റെ ഗന്ധം മണക്കാനാകുമെങ്കില്‍ എത്ര നന്നായിരിക്കുമെന്ന് പോലും ആഗ്രഹിച്ചിട്ടുണ്ട്. 

കനലടുപ്പുകളില്‍ ചോറൂറ്റുന്നതിനെക്കാള്‍ ചൂടെടുക്കുന്നത് ബൂഫിയകളില്‍ ഷവര്‍മ പൊതിയുമ്പോഴാണെന്നും ഗ്യാസ് സിലിണ്ടറുകളും വെള്ളം നിറച്ച കാനുകളും ലിഫ്റ്റില്ലാത്ത ഫ്‌ളാറ്റുകളുടെ മുകളിലത്തെ നിലയില്‍ വേനല്‍കാലത്ത് നോമ്പെടുത്ത് എത്തിക്കുമ്പോള്‍ കിതച്ച് ശ്വാസം കിട്ടാതെയാകുമെന്നും രാവിലത്തെ പരിപ്പുകറിയില്‍ വെള്ളമൊഴിച്ചാല്‍ രാത്രി ബ്രെസ്സിന്റെ കൂടെ കഴിച്ചാലുണ്ടാകുന്ന സ്വാദ് കൂടുന്നത് ഓവര്‍ടൈം എടുത്ത് ക്ഷീണിച്ചത് കൊണ്ടാണെന്നും ഇവരറിയുന്നുണ്ടോ? 'ഗള്‍ഫുകാരന്‍' എന്നതൊരു ജോലിയല്ലെന്നും ഗള്‍ഫിലെ പണം കായ്ക്കുന്ന മരത്തില്‍ നിന്ന് വീഴുന്ന കായ്കള്‍ പെറുക്കിയെടുക്കാന്‍ പോലും ശേഷിയില്ലാത്തവരുണ്ടെന്ന് ഇവരറിയുന്നുണ്ടോ?

വര്‍ഷങ്ങള്‍ക്കിപ്പുറവും ഗള്‍ഫുകാരി എന്ന പേര് കുശുമ്പ് കാണിക്കുന്ന ഒരു കൂടപ്പിറപ്പിനെ പോലെ ഒഴിഞ്ഞ് പോകാതെയായി. കാമ്പസ് ജീവിതത്തിലേക്ക് കടന്നപ്പോഴാണ് ആദ്യമായി നാട്ടില്‍ പഠിക്കാന്‍ അവസരമുണ്ടായത്. 

പതിനെട്ട് വര്‍ഷകാലത്തിനിടെ കേള്‍ക്കാത്ത കാര്യങ്ങള്‍ ഇവിടെ കാലുകുത്തിയത് മുതല്‍ കേള്‍ക്കാനിടയായി. ഗള്‍ഫില്‍ പോയാല്‍ എല്ലാവരും വെളുത്ത് സൗന്ദര്യം കൂടുമെന്നതായിരുന്നു അതിലൊന്ന്. അവര്‍ഇംഗ്ലീഷ് ന്നന്നായി സംസാരിക്കുന്നവരാവും, അവര്‍ക്ക് ദൈവഭക്തി കൂടുതലായിരിക്കും, കുടുംബത്തോട് സ്‌നേഹം തീരെ കുറവായിരിക്കും, അവര്‍ ഒരു പണിയും ചെയ്യാതെ എസി റൂമില്‍ അടച്ചുപൂട്ടിയിരിക്കുന്നവരായിരിക്കും, സ്വന്തമായിട്ട് ഒന്നും ചെയ്യാന്‍ അറിയാത്തവരായിരിക്കും എന്നിങ്ങനെ എന്തൊക്കെ ആരോപണങ്ങള്‍. 

മരുഭൂമിയില്‍ കുഴിച്ചാല്‍ പെട്രോള്‍ ആണോ കിട്ടുന്നതെന്നും ഒട്ടകപ്പുറത്താണോ സഞ്ചാരമെന്നും തുടങ്ങുന്ന സംശയങ്ങള്‍. സ്‌കൂള്‍ കാലഘട്ടം മുഴുവന്‍ സൗദിയില്‍ ആയിരുന്നെന്ന് പറഞ്ഞാല്‍ ചെയ്യുന്നതും പറയുന്നതുമൊക്കെ കൗതുകത്തോടെ നോക്കിക്കാണുന്നവര്‍ക്ക് ക്ഷാമമില്ല, പരിചയപ്പെടും മുന്നെ അഹങ്കാരി എന്ന് മുദ്രകുത്തുന്നവര്‍ക്കും.

ദേശാന്തരം: മുഴുവന്‍ കുറിപ്പുകളും ഇവിടെ വായിക്കാം