ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ദേശാന്തരത്തില്‍ പ്രസിദ്ധീകരിച്ച 'ഒരു മലയാളി ഹൗസ് ഡ്രൈവറുടെ ഒരു ദിവസം' എന്ന കുറിപ്പിനോട് നിരവധി പേരാണ് പ്രതികരിക്കുന്നത്. അതില്‍, മികച്ച പ്രതികരണങ്ങള്‍ ഇവിടെ പ്രസിദ്ധീകരിക്കുന്നു. ഹൗസ് ഡ്രൈവര്‍മാരുടെ ജീവിതത്തെക്കുറിച്ചുള്ള നിങ്ങളുടെ അനുഭവ, പ്രതികരണ കുറിപ്പുകള്‍ submissions@asianetnews.in എന്ന വിലാസത്തിലേക്ക് അയക്കുക. സബ്ജക്ട് ലൈനില്‍ ദേശാന്തരം-ഹൗസ് ഡ്രൈവര്‍ എന്നെഴുതാന്‍ മറക്കരുത്.

കഴിഞ്ഞ ദിവസമാണ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിലെ ദേശാന്തരത്തില്‍ ഒരു മലയാളി ഹൗസ് ഡ്രൈവറുടെ അനുഭവം വായിക്കാനിടയായത്. ആരെയും ഞെട്ടിക്കുന്നതാണ് അത്. എന്നാല്‍, അതിലുമേറെ സങ്കടപ്പെടുത്തുന്നതാണ് യാഥാര്‍ത്ഥ്യം. അത്തരമൊരാളെ എനിക്കറിയാം. എന്റെ സുഹൃത്തിന്റെ ജീവിതം. 

എന്റെ നാട്ടുകാരനും സുഹൃത്തുമാണ് കുഞ്ഞികൃഷ്ണന്‍ എന്ന ഉണ്ണി. അറബികള്‍ക്ക് കുഞ്ഞികൃഷ്ണന്‍ എന്ന് പറയാന്‍ സാധിക്കാത്തതു കൊണ്ടാണ് ചുരുക്കി ഉണ്ണിയായത്. ഹൗസ് ഡ്രൈവര്‍ വിസയില്‍ സൗദിയിലെത്തിയ ഉണ്ണിക്ക് രാവിലെ ആറു മണിക്ക് കഫീലിന്റെ (മുതലാളി)മക്കളെ സ്‌കൂളില്‍ വിടണം അത് കഴിഞ്ഞു റൂമില്‍ എത്തിയാലുടനെ തള്ളയുടെ തെറിവിളി. അപ്പോള്‍ത്തന്നെ എത്തിയില്ലെങ്കില്‍ തുടങ്ങും അടുത്ത അറബി തെറികള്‍. 

ഇതൊക്കെ കേട്ട്  യാത്രതുടങ്ങിയാല്‍ നില്‍ക്കുന്നത് ദമ്മാമില്‍ കോബാറിലെ രണ്ടു പ്രശസ്തമായ ഷോപ്പിംഗ് മാളുകളില്‍ ഏതിലെങ്കിലുമാണ്. അവിടെ ഏതെങ്കിലും ഒരു ഗേറ്റില്‍കൂടി അവര്‍ കയറിപ്പോകും. ഇനി തിരിച്ചിറങ്ങുന്നത് ഏത് ഗേറ്റില്‍ കൂടിയാണെന്ന് അറിയില്ല. അതിനാല്‍ മൊബൈലും നോക്കി അവിടെ ഇരിക്കും. 

മൊബൈലെങ്ങാനും ഓഫായാല്‍ വീണ്ടും  കിട്ടും തെറികള്‍. ആ ഇരിപ്പ് നാലഞ്ച് മണിക്കൂറുകള്‍ നീളും അതിനിടയില്‍ ഭക്ഷണമേയില്ല. തള്ള തിരിച്ചുവരുമ്പോള്‍ ഒരു മൊട്ടുസൂചി പോലും കയ്യില്‍ കാണില്ല. കൃത്യം മക്കളെ സ്‌കൂളില്‍ നിന്ന് വിടുന്ന സമയത്തു അവിടെനിന്നും ഇറങ്ങും.  കുട്ടികളെ വീട്ടിലെത്തിച്ച് തിരിച്ചു റൂമില്‍ എത്തുമ്പോള്‍ മണി മൂന്നാവും. ചിലപ്പോള്‍ വല്ലതും ഉണ്ടാക്കി കഴിക്കും. അല്ലെങ്കില്‍ ഹോട്ടലില്‍ പോകും.  നാട്ടില്‍ അയക്കുമ്പോള്‍ മിനിമം ഒരു 300 റിയാലെങ്കിലും കയ്യില്‍ കരുതും, ഒരുമാസത്തെ ചിലവിന്. 

അങ്ങനെ കാലചക്രം ഉരുളുമ്പോളാണ് കഫീലിന്റെ ഭാര്യയ്ക്ക് പത്തഞ്ഞൂറു കിലോമീറ്ററുകള്‍ക്കപ്പുറമുള്ള ഒരു വിദ്യാലയത്തില്‍ ജോലികിട്ടുന്നത്. സൗദിയിലെ നാരിയ എന്ന സ്ഥലത്താണത്. അവിടെ പോകുമ്പോള്‍ അവന്‍ സന്തോഷവാനായിരുന്നു. പോകുന്നതിലുള്ള വിഷമം ഞങ്ങള്‍ക്കുണ്ടായിരുന്നെങ്കിലും ഒരു ചെറിയ സമാധാനമുണ്ടായിരുന്നു, അവനിനിയെങ്കിലും അല്‍പ്പം വിശ്രമം കിട്ടുമല്ലോ എന്ന സമാധാനം. 

പക്ഷെ അതിനു അധികം ആയുസ്സുണ്ടായിരുന്നില്ല. അവിടെ അവനെ വരവേറ്റത് കുറെയേറെ ആടുകളും ഒട്ടകങ്ങളും കിലോമീറ്ററുകളോളം നീണ്ടുകിടക്കുന്ന പുല്‍പ്പാടങ്ങളുമായിരുന്നു. ഇവിടുത്തേക്കാള്‍ കഷ്ടം. നോക്കെത്താ ദൂരത്തു പരന്നുകിടക്കുന്ന മരുഭൂമി. അതിന്റെ വന്യത നേരിട്ട് ഞാന്‍പോയി കണ്ടതാണ്. അവനവിടെ ജോലി മറ്റൊന്നായിരുന്നു. ഡ്രൈവിംഗ് അവസാനിച്ചു. ഇപ്പോള്‍ ആടിനെ നോക്കലാണ്. ശരിക്കും ആടു ജീവിതം തന്നെ.  രാപ്പകല്‍ ആടുകള്‍ക്കൊപ്പം. 

അതോടൊപ്പം അറബികളൊക്കെ കുശലം പറയാന്‍ വന്നിരിക്കുന്ന ഒരു ഔട്ട് ഹൗസ് ഉണ്ട്. അവിടെ ചെല്ലണം. അവര്‍ക്കു സമയാസമയങ്ങളില്‍ കബ്‌സ, ഗഹ്വ, (ശീര്‍ഷ പുകവലിക്കുന്ന ഒരുസാധനം) ഇതൊക്കെ റെഡിയാക്കി കൊടുക്കണം വണ്ടിപ്പണി തീരെ ഇല്ലാതായി. ഇതിനിടയില്‍ നാട് എന്നത് വിദൂര സ്വപ്നമായി. സ്വന്തമെന്ന് കരുതിയ ഭാര്യ പോലും സ്വന്തമല്ലാതായി. 

ഇഖാമ പോലും പുതുക്കാതെയായി. ശമ്പളം 10 മാസത്തോളമായി മുടങ്ങിക്കിടക്കുകയാണ്. ഞാന്‍ ഇപ്പൊ നാട്ടിലുണ്ട്. അവന്‍ നാട് എന്ന സ്വപ്നവും പേറി മരുഭൂമിയില്‍ ജീവിതം ഹോമിച്ചു കൊണ്ടിരിക്കുന്നു. ഒരു കാര്യം കൂടി പറയാനുണ്ട്. ഞാന്‍ ഇവിടെ എഴുതിയതൊന്നും അവന്‍ അനുഭവിച്ചതിന്റെ പകുതിപോലും ആവില്ല.അതവനു മാത്ര ആ തീവ്രതയില്‍ പറയാനാവൂ. 

ഇത് ഒരു കഥയല്ല. യഥാര്‍ത്ഥ ജീവിതമാണ്. ഇങ്ങനെ എത്രയെത്ര ജീവിതങ്ങളാണ് അവിടെ നരകജീവിതം നയിക്കുന്നത്. എത്രയും വേഗം  അവനു മടങ്ങിവരാന്‍ സാധിക്കട്ടെ എന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുകയാണ്.

 'ഒരു മലയാളി ഹൗസ് ഡ്രൈവറുടെ ഒരു ദിവസം'

എല്ലാ ഹൗസ് ഡ്രൈവര്‍മാരുടെയും അവസ്ഥ അതല്ല!