Asianet News MalayalamAsianet News Malayalam

അള്ളാഹു, ഈ അധികവിരൽ കൊണ്ട് എന്തു പുണ്യപ്രവൃത്തി ചെയ്യാനാണ് അങ്ങെന്നെ നിയോഗിച്ചിട്ടുണ്ടാവുക?

അറബി മരുന്നു വാങ്ങി തിരിച്ചു പോകുമ്പോൾ എന്നെയും കൂട്ടുകാരനെയും നോക്കി പുഞ്ചിരിക്കാനും മറന്നില്ല.  അറബി പോയിക്കഴിഞ്ഞപ്പോൾ ഞാൻ അവനോട് ചോദിച്ചു നിങ്ങൾ എന്താണ് സംസാരിച്ചതെന്ന്.
 

deshantharam unni guruvayoor
Author
Thiruvananthapuram, First Published Apr 20, 2019, 1:36 PM IST

അനുഭവങ്ങളുടെ ഖനിയാണ് പ്രവാസം. മറ്റൊരു ദേശം. അപരിചിതരായ മനുഷ്യര്‍. പല ദേശക്കാര്‍. പല ഭാഷകള്‍. കടലിനിപ്പുറം വിട്ടു പോവുന്ന സ്വന്തം നാടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കൂടി ചേരുമ്പോള്‍ അത് അനുഭവങ്ങളുടെ കോക് ടെയിലായി മാറുന്നു. പ്രിയ പ്രവാസി സുഹൃത്തേ, നിങ്ങള്‍ക്കുമില്ലേ, അത്തരം അനേകം ഓര്‍മ്മകള്‍. അവയില്‍ മറക്കാനാവാത്ത ഒന്നിനെ കുറിച്ച് ഞങ്ങള്‍ക്ക് എഴുതാമോ? പ്രവാസത്തിന്റെ ദിനസരിക്കുറിപ്പുകളിലെ നിങ്ങളുടെ അധ്യായങ്ങള്‍ക്കായി ഇതാ ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന പ്രത്യേക ഇടം, ദേശാന്തരം. ഫോട്ടോയും പൂര്‍ണ്ണ വിലാസവും കുറിപ്പും submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കാം. ദേശാന്തരം എന്ന് സബ് ജക്റ്റ് ലൈനില്‍ എഴുതാന്‍ മറക്കരുത്.

deshantharam unni guruvayoor

മെഡിക്കൽ ഷോപ്പിൽ വലിയ തിരക്കൊന്നും ഉണ്ടായിരുന്നില്ല.  മറ്റുള്ള സ്റ്റാഫുകൾക്ക്‌ വിശ്രമസമയം ആയതുകൊണ്ട്,  ഫാര്‍മസിസ്റ്റായ എന്‍റെ സുഹൃത്തു മാത്രമേ ഉണ്ടായിരുനുള്ളൂ.

ഞാനൊന്നു തിരിഞ്ഞുനോക്കിയപ്പോഴാണ്  താനേ തുറക്കുന്ന ചില്ലുഡോർ വഴി ഒരു അറബി മരുന്നു വാങ്ങാൻ എന്‍റെ പിന്നിൽ ഊഴം കാത്തു നിൽക്കുന്നത് ഞാൻ അറിഞ്ഞത്. അറബി പറഞ്ഞ 'അസ്സലാമു അലൈക്കു'മിന് ഞാൻ തിരിച്ചു സലാം മടക്കി. ഏതൊരാളും സലാം പറഞ്ഞാലും,  തിരിച്ചു പറയണമെന്നുള്ളത് അറബ് സംസ്കാരത്തിന്റെ അലിഖിത നിയമമാണ്. 

തിരിച്ചു സലാം മടക്കി ഞാൻ പിന്നിലേക്ക് മാറി നിന്നു അറബിയോട് 'മരുന്നു വാങ്ങിക്കോളൂ' എന്നു പറഞ്ഞപ്പോൾ,  അറബി 'വേണ്ടാ നിങ്ങൾ വാങ്ങിച്ച ശേഷം ഞാൻ വാങ്ങിക്കോളാം' എന്നു പറഞ്ഞു.  അപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത് അറബിയുടെ ഒരു കാലിനു ചെറിയ മുടന്തുണ്ട്.  നിൽക്കുമ്പോൾ രണ്ടു കാലും ഒരുമിച്ചു നിൽക്കാൻ ബുദ്ധിമുട്ട് പോലെ തോന്നി. അതുകൂടി കണ്ടപ്പോൾ, ഞാൻ ഒരിക്കൽ കൂടി പറഞ്ഞു. പക്ഷേ അറബി കൂട്ടാക്കിയില്ല.

ഇത് അവരുടെ നാടല്ലേ,  എവിടെയും അവർക്കു കൂടുതൽ മുൻഗണന കണ്ടിട്ടുള്ളതുമാണ്.  ഹോട്ടലിന്‍റെയോ,  കാഫെറ്റേരിയയുടെയോ മുന്നിൽ വന്നു നിൽക്കുന്ന വിലകൂടിയ കാറിൽ നിന്ന് ഒരു ഹോൺ അടിച്ചാൽ, ഹോട്ടൽ ജീവനക്കാരൻ ചായയും സാധനങ്ങളും കാറിലേക്ക് കൊണ്ടുകൊടുക്കുന്ന കാഴ്ച ഞാന്‍ കാണാറുള്ളതുമായിരുന്നു. 

ഞാൻ മരുന്നു വാങ്ങി മാറി നിന്നു.  കൂട്ടുകാരൻ ഫ്രീ ആയാൽ അവനുമായി സംസാരിക്കാൻ വേണ്ടി.  അറബി മരുന്നു സ്ലിപ്പ്  കൂട്ടുകാരന് കൊടുക്കുമ്പോഴാണ് ഞാൻ ശ്രദ്ധിച്ചത് അറബിയുടെ വലതുകയ്യിൽ ആറുവിരലുകൾ. ഒരു വിരൽ കൂടുതൽ! മരുന്ന് എടുക്കുന്നതിനിടയിൽ കൂട്ടുകാരനുമായി അദ്ദേഹം അറബിയിൽ ഒരുപാട് സംസാരിച്ചു.  കൂട്ടുകാരന് അറബിയെ നല്ല പരിചയമുണ്ട്.  കൂടാതെ,  കൂട്ടുകാരന് അറബി ഭാഷ നല്ല ഒഴുക്കോടെ സംസാരിക്കാനും അറിയാം.

അറബി മരുന്നു വാങ്ങി തിരിച്ചു പോകുമ്പോൾ എന്നെയും കൂട്ടുകാരനെയും നോക്കി പുഞ്ചിരിക്കാനും മറന്നില്ല.  അറബി പോയിക്കഴിഞ്ഞപ്പോൾ ഞാൻ അവനോട് ചോദിച്ചു നിങ്ങൾ എന്താണ് സംസാരിച്ചതെന്ന്.

കൂട്ടുകാരൻ പറഞ്ഞു: എനിക്ക് കാലിനു ചെറിയ പ്രശ്നം ഉണ്ട്,  പക്ഷേ, ഞാൻ വികലാംഗനല്ല;  അതിന്റെ പേരിൽ എനിക്ക് ഒരു പരിഗണനയും തരേണ്ടതില്ല. അങ്ങനെ ഒരു പരിഗണന എനിക്ക് കിട്ടിയാൽ ഞാൻ കുറവുള്ള ഒരു മനുഷ്യനാണെന്ന് സ്വയം മനസ്സിനെ വിശ്വസിപ്പിക്കും.  പിന്നെ, എനിക്ക് അതിൽ നിന്നും മോചനം ഉണ്ടാകില്ല,  മാത്രവുമല്ല,  എനിക്ക് അള്ളാഹു അഞ്ചു വിരലിനു പകരം ആറു വിരൽ തന്നിരിക്കുന്നു.  അധികമായ ആ ഒരു വിരൽ കൊണ്ടു എന്തു പുണ്യ പ്രവൃത്തിയാണ് ചെയ്യാൻ അള്ളാഹു എന്നെ നിയോഗിച്ചിട്ടുള്ളത് എന്നുള്ളത് കണ്ടുപിടിക്കാനുള്ള തിരക്കിലാണ് ഞാൻ. 

മരുന്നു വാങ്ങി മെഡിക്കൽ ഷോപ്പിൽ നിന്നും അറബി പോകുമ്പോൾ,  ഞാൻ ശ്രദ്ധിച്ചിരുന്നു.  വെളുത്ത വസ്ത്രത്തിനു മുകളിൽ സുഗന്ധമുള്ള പെർഫ്യൂം ഒന്നും പൂശിയിട്ടില്ല.  അതിന്റെ ഒരു സുഗന്ധവും അറിയുന്നുമില്ല. അതെ,  ചിലരുടെ മനസ്സുകൾ സൗന്ദര്യത്താൽ നിറയുമ്പോൾ,  വാക്കുകൾ സുഗന്ധം പൊഴിക്കാതിരിക്കുന്നതെങ്ങനെ. അവർക്കെന്തിന് കൃത്രിമ സുഗന്ധങ്ങൾ. സൗന്ദര്യമുള്ള ഹൃദയം തന്നെ ധാരാളം.

Follow Us:
Download App:
  • android
  • ios