നിന്നിട്ടായിരുന്നു എന്റെ യാത്ര. കോട്ടിട്ടവർ കോട്ടിടാത്തവർ, ഇരുന്നവർ, എല്ലാവരും മൊബൈലിലോ ലാപ്‌ടാപ്പിലോ കുത്തിക്കുറിക്കുന്നുണ്ട്. ചിലർ ആ സമയം നാട്ടിൽ ഫോൺ ചെയ്യുന്നുണ്ട്. അൽ ജാഫലിയാ സ്റ്റേഷനിൽ നിന്നും കൈക്കുഞ്ഞുമായി ഒരു യുവതി ട്രെയിനിൽ ഓടിക്കയറി. 

അനുഭവങ്ങളുടെ ഖനിയാണ് പ്രവാസം. മറ്റൊരു ദേശം. അപരിചിതരായ മനുഷ്യര്‍. പല ദേശക്കാര്‍. പല ഭാഷകള്‍. കടലിനിപ്പുറം വിട്ടു പോവുന്ന സ്വന്തം നാടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കൂടി ചേരുമ്പോള്‍ അത് അനുഭവങ്ങളുടെ കോക് ടെയിലായി മാറുന്നു. പ്രിയ പ്രവാസി സുഹൃത്തേ, നിങ്ങള്‍ക്കുമില്ലേ, അത്തരം അനേകം ഓര്‍മ്മകള്‍. അവയില്‍ മറക്കാനാവാത്ത ഒന്നിനെ കുറിച്ച് ഞങ്ങള്‍ക്ക് എഴുതാമോ? പ്രവാസത്തിന്റെ ദിനസരിക്കുറിപ്പുകളിലെ നിങ്ങളുടെ അധ്യായങ്ങള്‍ക്കായി ഇതാ ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന പ്രത്യേക ഇടം, ദേശാന്തരം. ഫോട്ടോയും പൂര്‍ണ്ണ വിലാസവും കുറിപ്പും submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കാം. ദേശാന്തരം എന്ന് സബ് ജക്റ്റ് ലൈനില്‍ എഴുതാന്‍ മറക്കരുത്.

ഷാർജയിൽ പോകേണ്ട ആവശ്യം ഉണ്ടായിരുന്നു. വരവും പോക്കും മെട്രോയിൽ ആയിരുന്നു. തിരിച്ചു വരുമ്പോൾ ഒരു സംഭവം ഉണ്ടായി.. 

ഇത്തിസലാത്ത് സ്റ്റേഷനിൽ നിന്നും യൂണിയന്‍ സ്റ്റേഷനിൽ ഇറങ്ങി റെഡ് ലൈൻ പിടിക്കാനുള്ള ഓട്ടം.. വൈകുന്നേരമായതിനാൽ നല്ല തിരക്കുണ്ട് സ്റ്റേഷനിൽ. ട്രെയിൻ പ്ലാറ്റ്ഫോമിൽ എത്തിനില്‍പ്പുണ്ട്. ഓടിക്കയറി, നല്ലതിരക്കാണ്.. അടുത്ത സ്റ്റേഷൻ ബുര്‍ജുമാന്‍. അവിടെയും യൂണിയനിലെ അതേ തിരക്കുണ്ടായിരുന്നു.

നിന്നിട്ടായിരുന്നു എന്റെ യാത്ര. കോട്ടിട്ടവർ കോട്ടിടാത്തവർ, ഇരുന്നവർ, എല്ലാവരും മൊബൈലിലോ ലാപ്‌ടാപ്പിലോ കുത്തിക്കുറിക്കുന്നുണ്ട്. ചിലർ ആ സമയം നാട്ടിൽ ഫോൺ ചെയ്യുന്നുണ്ട്. അൽ ജാഫലിയാ സ്റ്റേഷനിൽ നിന്നും കൈക്കുഞ്ഞുമായി ഒരു യുവതി ട്രെയിനിൽ ഓടിക്കയറി. തിരക്കുകണ്ടപ്പോൾ അവളുടെ മുഖം മ്ലാനമായി കണ്ടിട്ട് ഒരു ഗുജറാത്തി ലുക്ക് ഉണ്ട്. 'ലേഡീസ് കംപാർട്മെന്‍റിൽ കയറിക്കൂടായിരുന്നോ' എന്ന് എന്‍റെ മനസ് ചോദിച്ചു.

ഉടനെ ഒരു പാകിസ്താനി മധ്യവയസ്‌കൻ അവൾക്കു തന്‍റെ സീറ്റ് നല്‍കി. അഭിനന്ദിക്കാനായി എന്റെ കൈകൾ തുടിച്ചു. അപ്പോഴാണ് ഈയിടെ നമ്മുടെ കേരളത്തിൽ ബസിൽ നിന്നും തെറിച്ചു വീണു ഗർഭിണി മരണപ്പെട്ട കാര്യം ഓർമ വന്നത്. അഭിനന്ദിക്കാനായി തുടിച്ച എന്‍റെ കൈകൾ ആ പാകിസ്താനിയുടെ ഹൃദയത്തിൽ തൊട്ടു. കേരളത്തിലെ ഗർഭിണി ബസിൽ നിന്നും വീണു മരിച്ച ആ സംഭവം അയാളുമായി പങ്കുവെച്ചു. “ഹേയ് നിങ്ങൾ കള്ളം പറയുകയാണ്..” പാകിസ്താനി പറഞ്ഞു. എത്ര പറഞ്ഞിട്ടും അയാൾ വിശ്വസിച്ചില്ല. 

'നിങ്ങൾ മലബാറികൾ (കേരളക്കാരെ കുറിച്ച് പറയുന്നത് ) എത്ര നല്ല മനസ്സിനുടമകളാണെന്ന് എനിക്കറിയാം ഞാൻ വര്‍ഷങ്ങളായി അവരുടെ കൂടെയാണ് ജോലി ചെയ്യുന്നത്' പാകിസ്താനി മലയാളി മഹിമ വർണനം തന്നെ..

അങ്ങയുടെ ഒരു ഫോട്ടോ എടുക്കട്ടേ എന്ന് ഞാൻ ചോദിച്ചപ്പോൾ, 'അതൊന്നും വേണ്ട. ഞാൻ എന്റെ കടമ ചെയ്യുന്നു' എന്ന് പറഞ്ഞു പുഞ്ചിരി തൂകി. നമ്പർ തരാമോ ? 'അയ്യോ എന്റെ സ്റ്റേഷൻ എത്തി' എന്ന് പറഞ്ഞ് അയാൾ എന്റെ കൈപിടിച്ച് പുറത്തേക്ക് ഇറങ്ങി. പിന്നെക്കാണാം എന്ന് പറഞ്ഞു കൈ വീശി.. ചില്ലുവാതിൽ അടയുമ്പോൾ കുർത്തക്കു മുകളിലൂടെ അയാളുടെ പ്ലാസ്റ്റിക് കാൽ ഞാൻ കണ്ടു.. ഒരുകാര്യം ഉറപ്പാണ് അയാളുടെ ഹൃദയം പ്ലാസ്റ്റിക് അല്ല..