ബാലന്‍ തളിയില്‍ എഴുതിയ ബോംബെ അധോലോകത്തെ കുറിച്ചുള്ള കോളം അവസാനിക്കുന്നു. ഇത്തവണ അശോക് ജോഷിയുടെ ജീവിതവും മരണവും. | Underworld| Mumbai Under World | Column | Babu Gopal Reshim
ഒരു നിമിഷം വൈകിയില്ല, ജോഷി, ഇറങ്ങിയോടിയ ഡ്രൈവര്‍ക്കുനേരെ കാഞ്ചി വലിച്ചു. തല്‍ക്ഷണം അയാള്‍ അവിടെ പിടഞ്ഞുവീണു. കാറിലുണ്ടായിരുന്ന നാലുപേരും അതിനകം തോക്കെടുത്തിരുന്നു. പൊരിഞ്ഞ വെടിവെപ്പ്. അക്രമി സംഘത്തിലെ നാലുപേര്‍ കൊല്ലപ്പെട്ടു. ഒപ്പം, മുംബൈ അധോലോകത്തെ ഭീതിയുടെ മുള്‍മുനയില്‍ ഏറെക്കാലം നിര്‍ത്തിയ ഡോണ്‍ ജോഷിയും. എല്ലാം നിമിഷങ്ങള്‍ കൊണ്ട് കഴിഞ്ഞു!

അധോലോകം: ബോംബെ അധോേലാകത്തിന്റെ ചോരക്കഥകള്‍ ഒന്നിച്ചു വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം
1988 ഡിസംബര്‍ നാല്. നേരം പുലരുന്നേയുള്ളൂ. കഞ്ചൂര്‍മാര്‍ഗ്ഗിലെ ഒരു വീട്ടില്‍നിന്നും ഒരു മാരുതി 800 കാര്‍ റോഡിലേക്കിറങ്ങി. അതില്‍ കഞ്ചൂര്‍മാര്‍ഗിലെ കുപ്രസിദ്ധനായ ഒരു ഡോണാണ്-അശോക് ജോഷി. ഒപ്പം, കൂട്ടാളികളായ മൂന്ന് പേര്‍. പിന്നെ വിശ്വസ്ഥനായ ഡ്രൈവര്‍. പൂനെയിലേക്കാണ് അവരുടെ യാത്ര. അവിടെ തന്നെയും കാത്തിരിക്കുന്ന, ഉറ്റ സുഹൃത്തും അധോലോക നായകനുമായ അരുണ്‍ ഗാവ്ലിയെ കാണാനാണ് ജോഷിയുടെ യാത്ര.
ബോംബെ- പൂനെ ഹൈവെയിലൂടെ പനവേല്‍ വഴി വണ്ടി ഓടിക്കൊണ്ടിരുന്നു. പെട്ടെന്ന് ഡ്രൈവര്‍ വേഗത കുറച്ച് കാര്‍ ഒരു സ്‌പെയര്‍ പാര്‍ട്‌സ് കടയുടെ മുന്നില്‍ നിര്‍ത്തി. അടുത്ത നിമിഷം, അവിടെ കാത്തുനിന്ന ആയുധധാരികളായ ഒരു സംഘം കാര്‍ വളഞ്ഞു. അവര്‍ പത്തുപതിനഞ്ചു പേരുണ്ട്. അക്രമികളില്‍ രണ്ടുപേര്‍ ധൃതഗതിയില്‍ കാറിന്റെ കണ്ണാടി വലിയ ചുറ്റിക കൊണ്ട് അടിച്ചു തകര്‍ത്തു. ഡ്രൈവര്‍ ഞൊടിയിടയില്‍ ഡോര്‍ തുറന്ന് ഇറങ്ങിയോടാന്‍ തുടങ്ങി.
ജോഷിക്ക് അതിനു തൊട്ടുമുമ്പേ കാര്യങ്ങള്‍ മനസ്സിലായിരുന്നു. വിശ്വസ്തനായ ഡ്രൈവര്‍ തന്നെ ശത്രുക്കള്‍ക്ക് ഒറ്റിക്കൊടുത്തിരിക്കുന്നു. ഏത് സമയവും കൊല്ലപ്പെടാം. ഒരു നിമിഷം വൈകിയില്ല, ജോഷി, ഇറങ്ങിയോടിയ ഡ്രൈവര്‍ക്കുനേരെ കാഞ്ചി വലിച്ചു. തല്‍ക്ഷണം അയാള്‍ അവിടെ പിടഞ്ഞുവീണു. കാറിലുണ്ടായിരുന്ന നാലുപേരും അതിനകം തോക്കെടുത്തിരുന്നു. പൊരിഞ്ഞ വെടിവെപ്പ്. അക്രമി സംഘത്തിലെ നാലുപേര്‍ കൊല്ലപ്പെട്ടു. ഒപ്പം, മുംബൈ അധോലോകത്തെ ഭീതിയുടെ മുള്‍മുനയില്‍ ഏറെക്കാലം നിര്‍ത്തിയ ഡോണ്‍ ജോഷിയും. എല്ലാം നിമിഷങ്ങള്‍ കൊണ്ട് കഴിഞ്ഞു!
വിശ്വസ്ഥനായ ഡ്രൈവറായിരുന്നു ജോഷിയെ ഒറ്റിക്കൊടുത്തത്. അതിനുള്ള പ്രതിഫലമായി അയാള്‍ ചോട്ടാ രാജനില്‍നിന്ന് വന്‍ തുകയാണത്രെ കൈപ്പറ്റിയത്. ജോഷിയുടെ ഓരോ നീക്കങ്ങളും അയാള്‍ ചോട്ടാ രാജനെ അറിയിച്ചു. കൊലയാളി സംഘത്തിലെ അനില്‍ പരബിന് അപ്പപ്പോള്‍ ചോട്ടാരാജന്‍ ആ വിവരങ്ങള്‍ കൈമാറി.
ഡ്രൈവര്‍ ശ്യാം സുന്ദര്‍ നായര്‍ എന്ന മലയാളി ആയിരുന്നുവെന്നാണ് അന്നുകേട്ട കഥ. എന്നാല്‍, അയാളുടെ പേര് ശ്യാം സുന്ദര്‍ നായിക് എന്നാണെന്നും അയാള്‍ മറാത്തിയാണെന്നും മറ്റൊരു വ്യാഖ്യാനമുണ്ട്.

ചോട്ടാ രാജനും ദാവൂദ് ഇബ്രാഹിമും
ദാവൂദ് എന്ന സൂത്രധാരന്‍
സത്യത്തില്‍ അത് ദാവൂദ് ഇബ്രാഹിമിന് വേണ്ടി നടത്തിയ കൊലയായിരുന്നു. തന്റെ പണമിടപാടുകാരന്‍ സതീഷ് രാജയെ അരുണ്‍ ഗാവ്ലി കൊന്നതിനുള്ള ദാവൂദിന്റെ പ്രതികാരം. ദാവൂദിനു വേണ്ടി ചോട്ടാ രാജനും സംഘവും ചേര്‍ന്ന് അത് നടപ്പാക്കി. ഗാവ്ലിക്കു പകരം അയാളുടെ വലം കൈയായ ജോഷിയെ വകവരുത്തുക, അതുവഴി ഗാവ്ലി ഗ്രൂപ്പിനെ തുടച്ചുനീക്കുക. അതായിരുന്നു ദാവൂദിന്റെ ലക്ഷ്യം.
അരുണ്‍ ഗാവ്ലിയായിരുന്നു ദാവൂദിന്റെ യഥാര്‍ത്ഥ ലക്ഷ്യം. എന്നാല്‍ ദഗ്ഡി ചാലില്‍ കടന്ന് അയാളെ വകവരുത്തുക എളുപ്പമല്ല. അവിടേക്ക് നുഴഞ്ഞുകയറാന്‍ പോലീസുപോലും ധൈര്യപ്പെടാറില്ല. അത്രമാത്രം ശക്തമാണ് ഗാവ്ലിക്കുള്ള കാവല്‍. അതിനുപകരമാണ് ഗാവ്ലിയുടെ വലം കൈയായ ജോഷിയെ കൊല്ലാനുള്ള തീരുമാനം. ഗാവ്‌ലിയുടെ സംഘം സതീഷ് രാജയെ കൊന്ന് ഒരു മാസത്തിനകം അതിന് മറുപടി നല്‍കണമെന്ന് ദാവൂദിന് വാശിയുണ്ടായിരുന്നു. എന്നാല്‍, ദാവൂദ് തന്നെ ഉന്നംവെക്കുന്ന കാര്യം ജോഷിക്ക് അറിയില്ലായിരുന്നു.
കഞ്ചൂര്‍മാര്‍ഗ്ഗില്‍ നിന്നും പൂനയില്‍ എത്തും മുന്‍പ് ജോഷിയെ വധിക്കാനായിരുന്നു പദ്ധതി. അതിനായി കൊലയാളി സംഘം വന്‍ പദ്ധതി തയ്യാറാക്കിയിരുന്നു. ജോഷി കടന്നുപോകാന്‍ സാധ്യതയുള്ള ഓരോ വഴിയിം പത്തില്‍ കുറയാത്ത ഹിറ്റ് സ്‌ക്വാഡുകള്‍ നിരന്നു. കൊലനടന്നാല്‍ വിദേശത്തേക്ക് കടക്കാനുള്ള മുന്നൊരുക്കങ്ങളും നടത്തിയിരുന്നു. കൊലയാളി സംഘത്തിലുണ്ടായിരുന്ന രണ്ടുപേര്‍ കുപ്രശസ്തരായിരുന്നു. ഒരാള്‍ സുനില്‍ സാവന്ത് എന്ന സൗത്യ. മറ്റേയാള്‍ അനില്‍ പരബ്.
ഫ്‌ളാഷ് ബാക്ക്
ദാവൂദിന്റെ വലം കൈയായിരുന്നു ധനികകുടുംബത്തില്‍ പിറന്ന, വിദ്യാസമ്പന്നനായ സതീഷ് രാജ. ദാവൂദിന്റെ ബോംബെയിലെ എല്ലാ സാമ്പത്തിക ഇടപാടുകളും നോക്കി നടത്തിയിരുന്ന വിശ്വസ്തന്‍. തന്റെ എല്ലാമെല്ലാമായ റമ നായ്ക്കിനെ വ്യാജ ഏറ്റുമുട്ടലില്‍ കൊന്ന ദാവൂദിനുള്ള മറുപടി നല്‍കാന്‍ കാത്തിരിക്കുകയായിരുന്നു ഗാവ്‌ലി. ഗ്രൂപ്പിലെ പ്രമുഖനായ ബാബു റഷിമിനെ ലോക്കപ്പ് തകര്‍ത്ത് വധിച്ചതിനു പിന്നിലും ദാവൂദ് ആയിരുന്നു. കൊല്ലേണ്ടത് ദാവൂദിനെയാണ്, അതു പക്ഷേ എളുപ്പമല്ല, അതിനാല്‍, ദവൂദിന്റെ വലം കൈ ഇല്ലാതാക്കാന്‍ അയാള്‍ തീരുമാനിച്ചു. രാജയെ വധിച്ചാല്‍, ദാവൂദിന്റെ സാമ്പത്തിക അടിത്തറയ്ക്ക് ക്ഷതമേല്‍ക്കും. ദാവൂദിനെ മാനസികമായി തളര്‍ത്താനുമാവും.
1988 നവമ്പര്‍ 19. പരേലിലെ വീട്ടില്‍നിന്നും ബൈക്കുളയിലേക്ക് തന്റെ ഹോണ്ട എക്കോ കാര്‍ ഓടിച്ചുപോകുകയായിരുന്നു രാജ. പിറകില്‍ ഒരു ടാക്‌സി പിന്തുടരുന്നത് അയാള്‍ ശ്രദ്ധിച്ചില്ല. വഴിക്ക് ട്രാഫിക് സിഗ്‌നലില്‍ ചുകപ്പ് വെട്ടം കണ്ട് വണ്ടി നിര്‍ത്താന്‍ ശ്രമിക്കേ പിന്തുടര്‍ന്നു വന്ന ടാക്‌സി മുന്നില്‍ വന്ന് ബ്രേക്കിട്ടു. അതില്‍ നിന്നും നാലുപേര്‍ പുറത്തിറങ്ങി. രണ്ടുപേര്‍ കാറിന്റെ ചില്ല് അടിച്ചു തകര്‍ത്തു. മറ്റു രണ്ടുപേര്‍ രാജയെ വെടിവെച്ചുകൊന്നു. 16 ബുളളറ്റുകള്‍ അയാളെ തുളച്ചു പാഞ്ഞുപോയി. ജെജെ ആശുപത്രിയിലേക്കുള്ള വഴി സതീഷ് രാജ മരണത്തിനു കീഴടങ്ങി.

അരുണ്‍ ഗാവ്‌ലി
ജോഷി എന്ന മറുപടി
ഗാവ്‌ലിയുടെ കണക്കുകൂട്ടല്‍ കൃത്യമായിരുന്നു. രാജയുടെ കൊലപാതകം അക്ഷരാര്‍ത്ഥത്തില്‍ ദാവൂദിനെ ഉലച്ചു. ദാവൂദ് പ്രതികാരദാഹിയായി. അയാളുടെ നോട്ടം ജോഷിയിലേക്ക് എത്തി. ഒരുകാലത്തു ദാവൂദിന്റെ ചങ്ങാതിയായിരുന്നു ജോഷി. ഗാവ്ലിയുമായി സഹോദരതുല്യമായ സൗഹൃദത്തിന് ജോഷി തുനിഞ്ഞതോടെ ദാവൂദ് ആ ബന്ധം അവസാനിപ്പിച്ചു. തൊട്ടുപിന്നാലെ ആയിരുന്നു ജോഷിയെ കൊല്ലാനുള്ള പദ്ധതി തയ്യാറായത്.
ചോട്ടാ രാജന്റെ അധീനപ്രദേശമായ ചെമ്പൂരിന് തൊട്ടടുത്ത്, കഞ്ചൂര്‍മാര്‍ഗ് കേന്ദ്രമാക്കിയായിരുന്നു ജോഷിയുടെ പ്രവര്‍ത്തനം. എന്തിനും ഇറങ്ങിപ്പുറപ്പെടുന്ന ക്രൂരന്മാരായ അനുയായികള്‍ അയാളുടെ സംഘത്തില്‍ ഉണ്ടായിരുന്നു. ദിലീപ് ബുവയെയും മായ ഡോളസിനെയും പോലുള്ള കിരാതര്‍. തന്റെ രഹസ്യങ്ങള്‍ പുറത്താക്കുന്നവരെ അയാള്‍ ക്രൂരമായി കൈകാര്യം ചെയ്തു. കൂട്ടം വിട്ടുപോയവരെ ഭീഷണപ്പെടുത്തുകയോ ഇല്ലാതാക്കുകയോ ചെയ്തു.
സംഘബലമായിരുന്നു ജോഷിയുടെ കരുത്ത്. എന്നിട്ടും ജോഷിക്ക് നേരെ വധശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. തന്റെ ശത്രുക്കളുടെ മുന്നില്‍നിന്നും തലനാരിഴയ്ക്കാണ് അയാള്‍ ഒരുതവണ രക്ഷപ്പെട്ടത്. അന്നയാള്‍ക്ക് മൂന്നു കൂട്ടാളികളെയാണ് നഷ്ടമായത്. പിന്നീടും ആക്രമണങ്ങളുണ്ടായി. അയാള്‍ പിടിച്ചു നിന്നു. എന്നാല്‍, പൂനയിലേക്കുള്ള പാതയില്‍ ദാവൂദ് ഒരുക്കിയ കൊലക്കെണിയില്‍നിന്ന് അയാള്‍ക്ക് മോചനമുണ്ടായില്ല!
അശോക് ജോഷിയുടെ കൊല ബോംബെയെ ഞെട്ടിച്ചു. രണ്ട് പ്രബലര്‍ തമ്മിലുള്ള യുദ്ധം ഇനി എങ്ങനെ അവസാനിക്കും എന്നായിരുന്നു നാട്ടുകാരുടെ വേവലാതി. കൊല്ലപ്പെട്ട അശോക് ജോഷി ചില്ലറക്കാരനല്ല. അതിനാല്‍ പ്രതികാരം ഏറ്റവും വേഗം ഉണ്ടാവുമെന്നുറപ്പാണ്. കോടതി മുറി, ലോക്കപ്പ്, റെസ്റ്ററന്റ്, ഓടുന്ന വാഹനങ്ങള്‍, വീട്, ചൂതുകളി കേന്ദ്രങ്ങള്‍, ബാറുകള്‍ -എവിടെയും മറുകൊല നടക്കാം. അതിന് രാവെന്നോ പകലെന്നോ നോട്ടമുണ്ടാവില്ല. പൊതുജനമദ്ധ്യത്തില്‍ വെച്ചും പ്രതിയോഗികളെ ഇല്ലാതാക്കാം. യുദ്ധം തുടര്‍ന്നാല്‍, അത് നിത്യജീവിതത്തെ പ്രതികൂലമായി ബാധിക്കുമെന്ന് നാട്ടുകാര്‍ക്ക് അറിയാം. പോലീസ് പ്രതികള്‍ക്കുവേണ്ടി തിരച്ചില്‍ തുടങ്ങും. റോഡുകള്‍ സന്ധിചേരുന്ന ഇടങ്ങളില്‍ 'നാക്കാബന്തി' യുണ്ടാകും. അപ്പോള്‍ നൂറുകണക്കിന് പോലീസുകാര്‍ നിരത്തുകളില്‍ കാണും. വാഹനങ്ങള്‍ തടഞ്ഞുവെച്ച് ഒന്നൊന്നായി പരിശോധിക്കും. ഒരു ദാക്ഷിണ്യവുമില്ലാതെ യാത്രക്കാരെ പുറത്തിറക്കി ചോദ്യം ചെയ്യും. സംശയമുള്ളവരെ അറസ്റ്റ് ചെയ്തു കൊണ്ടുപോയേക്കും. ചിലപ്പോള്‍ വീടുകളിലേക്ക് പോലും ഇരച്ചു കയറി ആളുകളെ കസ്റ്റഡിയിലെടുക്കും.

ചോട്ടാരാജന്‍
ചോരക്കളികളുടെ മായികലോകം
അതിശയിപ്പിക്കുന്ന തരത്തില്‍ കെട്ടുപിണഞ്ഞ, സങ്കീര്‍ണ്ണമായ കഥകള്‍കൊണ്ട് നിറഞ്ഞ മായികലോകമാണ് ബോംബെ അധോലോകം. ഒന്നിച്ചു നില്‍ക്കുന്നവര്‍ അടുത്ത നിമിഷം ശത്രുക്കളാവും. ശത്രുക്കള്‍ മിത്രങ്ങളാവും. ആരും ആരുടെയും സ്വന്തമല്ലാത്ത രക്തവലയമാണത്. എടുത്തണിഞ്ഞ വേഷങ്ങള്‍ ഊരിവെക്കാന്‍ നിര്‍വ്വാഹമില്ലാത്തതിനാല്‍ അരങ്ങില്‍ ആടിത്തിമര്‍ക്കാന്‍ വിധിക്കപ്പെട്ടവര്‍. കഴുകിവൃത്തിയാക്കാന്‍ ശ്രമിക്കുന്നന്തോറും കൈകള്‍ ചോരയില്‍ മുങ്ങുന്ന അനുഭവങ്ങള്‍. ഓരോ വിജയങ്ങളും കൊല്ലപ്പെടാനുള്ള വഴിദൂരങ്ങള്‍ കുറയ്ക്കുകയാണ്. നല്ല വാക്കുകൊണ്ട് അടയാളപ്പെടുത്താന്‍ ഒരു നിമിഷം പോലും നിന്നുകൊടുക്കാത്ത അസുരജന്മങ്ങള്‍. മരണമുഖത്ത് വന്നുനിന്ന് ഉന്മാദികളെപ്പോലെ ചോരയില്‍ ചവുട്ടി നൃത്തം ചെയ്ത് മടങ്ങുന്നവര്‍.
അധോലോകത്തെ അനവധി പ്രമുഖര്‍ പലപ്പോഴായി എതിരാളികളാല്‍ കൊലചെയ്യപ്പെട്ടിട്ടുണ്ട്. ദാവൂദ്, ചോട്ടാ രാജന്‍, വരദ, കരീം ലാല, ഹാജി മസ്താന്‍, ഹസീന പാര്‍ക്കര്‍, അരുണ്‍ ഗാവ്ലി എന്നിവരൊക്കെ പലതവണ ഉന്നം വെക്കപ്പെട്ടവരാണ്. എന്നാല്‍, അവരെ ഇല്ലാതാക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല. ഈ ചോരക്കളിയുടെ സൂത്രധാരന്‍ പലപ്പോഴും ദാവൂദ് ആയിരുന്നു. എല്ലാറ്റിന്റെയും ഒരറ്റത്ത് അയാള്‍ ഉണ്ടായിരുന്നു. പ്രസിദ്ധ ക്രൈം റിപ്പോട്ടര്‍ വിവേക് അഗര്‍വാള്‍ ഈയിടെ ദാവൂദിനെക്കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്: 'സഹോദരീ ഭര്‍ത്താവ് ഇസ്മായില്‍ പാര്‍ക്കറും സഹോദരന്‍ ഷബീറും വധിക്കപ്പെട്ടപ്പോഴൊക്കെ ദാവൂദ് ചോര കൊണ്ട് മറുപടി കൊടുത്തതാണ്. തനിക്ക് വേണ്ടപ്പെട്ടവര്‍ കൊല ചെയ്യപ്പെട്ടപ്പോഴൊരിക്കലും ദാവൂദ് കൈകെട്ടി നിന്നിട്ടില്ല. നൂറുകണക്കിന് എതിരാളികളെ ദാവൂദ് കാലപുരിക്കയച്ചിട്ടുണ്ട് .ബോംബയില്‍ നടന്ന എത്രയെത്ര കൊലകള്‍ക്ക് പിറകിലാണ് അയാളുടെ അദൃശ്യ കരങ്ങളുള്ളത്!'
എന്നിട്ടും ഈ മഹാനഗരം ആയിരങ്ങളെ അന്നവും അഭയവും നല്‍കി ചിറകിലൊളിപ്പിച്ചു വളര്‍ത്തി. ബോംബെ അതിശയകരമായ ഒരു നേരാണ്!
…………………………
(ബാലന്‍ തളിയില്‍: കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി തളീക്കര സ്വദേശി. പതിനെട്ടാം വയസ്സില്‍ വീട്ടില്‍നിന്നും ഒളിച്ചോടി കള്ളവണ്ടി കയറി ബോംബെയിലെത്തി. അധോലോകം അരങ്ങുവാണ 1979 മുതല്‍ 1988 വരെയും 1997 മുതല്‍ 2004 വരെയും ബോംബയില്‍ ജീവിച്ചു. ഇതിനിടയില്‍ 18 വര്‍ഷം ദുബായില്‍. ഇപ്പോള്‍ നാട്ടില്‍ സ്ഥിരതാമസം. ഒരു നോവല്‍ അടക്കം അഞ്ചു പുസ്തകങ്ങള്‍ എഴുതി. തെരുവില്‍ നിന്നൊരാള്‍, ബോംബെ: സ്വപ്നങ്ങള്‍ നൃത്തം വെച്ച നഗരം എന്നീ പുസ്തകങ്ങള്‍ ബോംബെയിലെ ജീവിതാനുഭവങ്ങളാണ്.)


