ആശങ്ക വര്‍ധിപ്പിച്ച് കോംഗോയിലെ എബോള വ്യാപനം. പുതിയ വാക്സിൻ വികസിപ്പിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുമ്പോൾ, രോഗവ്യാപനം തടയുന്നതിന് അന്ധവിശ്വാസങ്ങളും ആഭ്യന്തര യുദ്ധവും വലിയ വെല്ലുവിളിയാവുകയാണ്. 

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ എബോള ഉയർന്ന റിസ്ക് കാറ്റഗറിയെന്ന് അറിയിച്ചിരിക്കയാണ് ലോകാരോഗ്യ സംഘടന. ആഗോളതലത്തിൽ വ്യാപന ഭീഷണി കുറവെങ്കിലും ആഫ്രിക്കയിൽ ഭീഷണി കൂടുതലാണെന്നും ഡബ്യുഎച്ച്ഒ മേധാവി ടെഡ്രോസ് അദാനോൺ ഗബ്രിയേസസ് അറിയിച്ചിരുന്നു. ഓക്സ്ഫോ‌‍‍‍ഡ് യൂണിവേഴ്സിറ്റിയിൽ വാക്സിൻ തയ്യാറാവുന്നുണ്ടെന്നും.

Add Asianetnews as a Preferred SourcegooglePreferred

ലോകാരോഗ്യ സംഘടനയുടെ കണക്കിൽ കഴിഞ്ഞ ശനിയാഴ്ചക്കകം 82 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. മരണം 7 ഉം. രോഗം ബാധിച്ചവരിൽ മൂന്നിലൊരാൾക്ക് ജീവന് അപകടം എന്നതാണ് ഇതുവരെ കണ്ടുവന്ന രീതി. എബോളയുടെ അപൂർവയിനം വൈറസാണ് പടർന്നിരിക്കുന്നത്. അതിന് വാക്സിനുണ്ടായിരുന്നില്ല. രണ്ടിനം വാക്സിനുകളാണ് ഇതുവരെ ഉണ്ടായിരുന്നത്. ഇപ്പോൾ വികസിപ്പിക്കുന്ന വാക്സിൻ, കൊവിഡിന്‍റെ അസ്ട്രസെനക്കയ്ക്ക് ഉപയോഗിച്ച അതേ സാങ്കേതികവിദ്യയിലാണ്. മൃഗങ്ങളിൽ പരീക്ഷണം തുടങ്ങിയെന്നാണ് ബിബിസി റിപ്പോർട്ട്. ഇന്ത്യയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ടും വാക്സിൻ വികസിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്.

വവ്വാലുകളിൽ നിന്ന്

വവ്വാലുകളിലാണ് എബോള വൈറസ് കണ്ടുവരുന്നത്, അതും ഫ്രൂട്ട് ബാറ്റ്സിൽ. അവയുമായി അടുത്ത് പെരുമാറുകയോ ഭക്ഷ്യവസ്തുവാക്കുകയോ ചെയ്താലാണ് വൈറസ് മനുഷ്യരിലേക്ക് പടരുക. സാധാരണയായി 21 ദിവസമെടുക്കും ലക്ഷണങ്ങൾ പുറത്തുവരാൻ. പനി, തലവേദന ക്ഷീണം, ചിലർക്ക് ഛർദ്ദിൽ ഇങ്ങനെയാണ് ലക്ഷണം. ചിലർക്ക് ആന്തരികാവയവങ്ങളും തകരാറിലാവും. ആന്തരികമോ അല്ലാത്തതോ ആയ രക്തസ്രാവമാണ് മറ്റൊരു ലക്ഷണം. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പെട്ടെന്ന് പടരും. ഇത്രയുംകാലം ഗ്രാമപ്രദേശങ്ങളിൽ മാത്രമൊതുങ്ങി നിന്നിരുന്നു എബോള. നഗരങ്ങളിലേക്ക് പട‍ർന്നു തുടങ്ങിയത് അടുത്ത കാലത്താണ്. ഇപ്പോഴത്തെ വൈറസിനെ ആദ്യം കണ്ടത് ഉഗാണ്ടയിലാണ്. 2007 -ൽ. 2012 -ലും രോഗബാധ കണ്ടെത്തിയിരുന്നു. മരണനിരക്ക് മൂന്നിലൊന്നായിരുന്നു അന്ന്. മറ്റിനം എബോളയെക്കാൾ വളരെക്കുറവ്. ഇപ്പോഴത്തെ രോഗബാധയിൽ ആദ്യം മരിച്ചത് ഒരു നഴ്സാണ്. അവരുടെ സംസ്കാരച്ചടങ്ങിൽ പങ്കെടുത്തവരിൽ പല‍ർക്കും രോഗം ബാധിച്ചു. പെട്ടെന്ന് പടരാൻ കാരണമായത് അതാണെന്നാണ് ലോകാരോഗ്യ സംഘടനയുടെ നിഗമനം.

അന്ധവിശ്വാസം ആഭ്യന്തര യുദ്ധം

രോഗബാധയെക്കുറിച്ചുള്ള അന്ധവിശ്വാസം, അത് അധികൃതരെ അറിയിക്കുന്നതിൽ നിന്ന് നാട്ടുകാരെ തടയുന്നു എന്നാണ് ആഫ്രിക്കൻ രോഗനിയന്ത്രണ നിരോധന ബോർഡിന്‍റെ പക്ഷം. കോംഗോയിൽ രോഗം ബാധിച്ച് മരിച്ചയാളിന്‍റെ മൃതദേഹം വിട്ടുകിട്ടാത്തതിൽ പ്രതിഷേധിച്ച നാട്ടുകാരും ബന്ധുക്കളും ആശുപത്രി ടെന്‍റുകൾക്ക് തീയിട്ടത് കഴിഞ്ഞ ആഴ്ച.

ആഭ്യന്തരയുദ്ധവും ആരോഗ്യ പ്രവ‍ർത്തനങ്ങൾക്ക് തടസമാണ്. കലാപകാരികളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലും വൈറസ് ബാധ കണ്ടെത്തിയിട്ടുണ്ട്. പക്ഷേ, സർക്കാരിനോട് സഹകരിക്കാൻ കലാപകാരികൾ തയ്യാറായിട്ടില്ല. രോഗബാധ നിയന്ത്രിക്കാൻ നടപടികളെടുത്തിട്ടുണ്ട് എന്നാണ് അറിയിപ്പ്.

കോംഗോയിൽ പലയിടത്തും ചികിത്സാകേന്ദ്രങ്ങൾ തുറന്നിരിക്കയാണ് ഡബ്ല്യുഎച്ച്ഒയും ഡോക്ടേഴ്സ് വിത്തൌട്ട് ബോർഡേഴ്സും (Doctors Without Borders). ആഫ്രിക്കൻ രാജ്യങ്ങളെല്ലാം അതിർത്തിയിലെ പരിശോധനകൾ കർശനമാക്കി. റുവാണ്ട, കോംഗോയുമായുള്ള അതിർത്തി അടച്ചു. സാമൂഹിക അകലം പാലിക്കണമെന്ന് നിർദ്ദേശം നൽകിയിരിക്കയാണ് ഉഗാണ്ട. രോഗബാധ നിയന്ത്രിക്കാനാവും എന്നത് മാത്രമാണ് ഇപ്പോഴത്തെ പ്രതീക്ഷ.