ഭൗമദിനാചരണത്തിന്റെ ഈ സുവര്‍ണ്ണ ജൂബിലിയില്‍ ലോകം കോവിഡ് ഭീതിയില്‍ നാലു ചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങിക്കൂടിയിരിക്കുന്നു. കൂറ്റന്‍ കമ്പനികള്‍ പ്രവര്‍ത്തനരഹിതമായി.  നിരത്തുകളില്‍ ഹരിതഗൃഹ വാതകങ്ങള്‍ പടര്‍ത്തി ചീറിപ്പാഞ്ഞിരുന്ന വാഹനങ്ങളില്ല, മലിനീകരണമുക്തമായി ആകാശം തെളിഞ്ഞിരിക്കുന്നു. ഈ ഭൗമദിനം ഓര്‍മ്മിപ്പെടുത്തുന്നത്, നമ്മുടെ ആരോഗ്യം പരിസ്ഥിതിയുടെ സുസ്ഥിതിയുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ്.

 

 

ഇന്ന് ലോക ഭൗമദിനം. ദിനം തോറും നാം നശിപ്പിച്ചുകൊണ്ടിരിക്കുന്ന ഭൂമിയെക്കുറിച്ചോര്‍ക്കാന്‍ ഒരു ദിനം.  1969ല്‍ കാലിഫോര്‍ണിയ തീരത്ത് ഏകദേശം മൂന്നു ദശലക്ഷം ഗാലന് മുകളില്‍ എണ്ണച്ചോര്‍ച്ചയുണ്ടായപ്പോള്‍, പതിനായിരക്കണക്കിന് കടല്‍ പക്ഷികള്‍, ഡോള്‍ഫിനുകള്‍, സീലുകള്‍, നീര്‍നായകള്‍ മുതലായവ ചത്തൊടുങ്ങി. ഈ ദുരന്തത്തോടുള്ള പ്രതികരണമായാണ് പാരിസ്ഥിതിക നിയന്ത്രണങ്ങള്‍ക്കും ഭൗമദിനത്തിനും ജന്മം നല്‍കപ്പെട്ടത്. 1970-ലാണ് ആദ്യ ഭൗമദിനം ആഘോഷിക്കപ്പെട്ടത്. അമേരിക്കന്‍ ഐക്യനാടുകളില്‍, ഏകദേശം 20 ദശലക്ഷത്തോളം അമേരിക്കക്കാരാണ് അന്ന് ഭൂമിക്ക് വേണ്ടി, നശിച്ചുകൊണ്ടിരിക്കുന്ന പ്രകൃതിക്കുവേണ്ടി, ഒരു പുതിയ മാറ്റത്തിന് വേണ്ടി അണിനിരന്നത്. 

ശുദ്ധമായ വായുവിന് വേണ്ടിയും, ജലത്തിന് വേണ്ടിയും, വംശനാശ ഭീഷണി നേരിടുന്ന ജീവജാലങ്ങള്‍ക്ക് വേണ്ടിയുമുള്ള സുപ്രധാന പാരിസ്ഥിതിക നിയമങ്ങള്‍ അമേരിക്കന്‍ ഐക്യനാടുകളില്‍ നിലവില്‍ വന്നത് ഭൗമദിനാചരണത്തിന്റെ ഫലമായായിരുന്നു. കൂടാതെ പാരിസ്ഥിതിക സംരക്ഷണ ഏജന്‍സി നിലവില്‍ വന്നതും ഭൗമദിനാചരണത്തിന്റെ അനുബന്ധിയായിതന്നെ ആയിരുന്നു. താമസിയാതെ മറ്റുരാജ്യങ്ങളും ഇത്തരം നിയമങ്ങളെ സ്വീകരിക്കുകയുണ്ടായി. അതിനു ശേഷം ഭൗമദിനത്തെ ലോകമാകെ ഏറ്റെടുക്കുകയായിരുന്നു. 2020 ഏപ്രില്‍ 22 ഭൗമദിനാചരണത്തിന്റെ 50-ാം വാര്‍ഷികമാണ്.

ഭൗമദിനാചരണത്തിന്റെ ഈ സുവര്‍ണ്ണ ജൂബിലിയില്‍ ലോകം കോവിഡ് ഭീതിയില്‍ നാലു ചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങിക്കൂടിയിരിക്കുന്നു. കൂറ്റന്‍ കമ്പനികള്‍ പ്രവര്‍ത്തനരഹിതമായി.  നിരത്തുകളില്‍ ഹരിതഗൃഹ വാതകങ്ങള്‍ പടര്‍ത്തി ചീറിപ്പാഞ്ഞിരുന്ന വാഹനങ്ങളില്ല, മലിനീകരണമുക്തമായി ആകാശം തെളിഞ്ഞിരിക്കുന്നു. ഈ ഭൗമദിനം ഓര്‍മ്മിപ്പെടുത്തുന്നത്, നമ്മുടെ ആരോഗ്യം പരിസ്ഥിതിയുടെ സുസ്ഥിതിയുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ്. എന്തിനും പണംകൊണ്ടും ശക്തികൊണ്ടും ബുദ്ധികൊണ്ടും നേരിടാമെന്ന് അഹങ്കരിച്ച ലോകം ഒരു കുഞ്ഞന്‍ വൈറസിന് മുന്‍പില്‍ തോറ്റുപിന്‍വാങ്ങിയിരിക്കുന്നു. ഭൗമ-പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിന്റെ ആവിശ്യകതയിലേക്കാണ് ഈ മഹാമാരി വിരല്‍ചൂണ്ടുന്നത്. 

ഈ കൊറോണക്കാലം നമ്മെ നാലുചുവരുകള്‍ക്കുള്ളില്‍ അടച്ചിടുന്നു, എങ്കിലും നമുക്കറിയാം ഇതൊരിക്കലും സുസ്ഥിരമല്ലെന്ന്. ഇതൊന്നൊതുങ്ങിയാല്‍ വീണ്ടും ചീറിപ്പായുന്ന വാഹനങ്ങളുമായി നാമിറങ്ങും. ചെറിയൊരു അയവു വന്നപ്പോള്‍ കേരളത്തിലുണ്ടായ വണ്ടികളുടെ തിരക്ക് അതിനെ സാക്ഷ്യപ്പെടുത്തുന്നു. പക്ഷെ നമ്മള്‍ മനസിലാക്കണം, ഇത് പ്രകൃതിയുടെ ഒരോര്‍മ്മപ്പെടുത്തലാണ്. നമ്മുടെ ഭൂമിയുടെ ഇപ്പോഴത്തെ അവസ്ഥയെ മാറ്റുന്നതിന് വേണ്ടി നമ്മള്‍ പ്രവര്‍ത്തിച്ചില്ലെങ്കില്‍, പ്രകൃതിക്കുണ്ടായ ഈ ആപത്ഘട്ടത്തെ ഗൗനിച്ചില്ലെങ്കില്‍, കാലാവസ്ഥ പ്രതിസന്ധികള്‍ തരണം ചെയ്യാന്‍ ഉണര്‍ന്നില്ലങ്കില്‍, ഓര്‍ത്തോളൂ ഈ അവസ്ഥയാകും നമുക്ക്. മഹാമാരികളും അന്തരീക്ഷാവസ്ഥ മാറ്റങ്ങളും നിലനില്‍ക്കുന്ന അല്ലെങ്കില്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്ന ഈ ലോകത്ത്, ഇതിനോടകം പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടതും ദുര്‍ബലമായതുമായ നമ്മുടെ ജനവിഭാഗങ്ങള്‍ കൂടുതല്‍ അപകടത്തിലാകും എന്ന് ഭൗമദിനം ഓര്‍മിപ്പിക്കുന്നു.

2020 ഭൗമദിനത്തിന്റെ പ്രതിപാദ്യ വിഷയം കാലാവസ്ഥ പ്രവര്‍ത്തനമാണ്.  കാലാവസ്ഥ വ്യതിയാനം, മാനവികതയുടെ ഭാവിക്കും ഭൂമിയെ വാസയോഗ്യമാക്കുന്ന ജീവന്‍ സംരക്ഷണവ്യവസ്ഥകള്‍ക്കും വലിയ വെല്ലുവിളികളാണ് ഉയര്‍ത്തിക്കൊണ്ടിരിക്കുന്നത്. കാലാവസ്ഥ പ്രവര്‍ത്തനങ്ങള്‍ നേരിടുന്ന വലിയരീതിയിലുള്ള പ്രശ്‌നങ്ങളും.  എന്നാലും അവക്കുള്ള വിശാലമായ അവസരങ്ങളുമാണ് ഈ അമ്പതാം വാര്‍ഷികത്തില്‍ ഊന്നല്‍ കൊടുക്കുന്ന വിഷയങ്ങള്‍. വീടിനുള്ളിലിരുന്നുകൊണ്ട് ഈ ഭൗമദിനത്തിനായി നമുക്ക് കൈകോര്‍ക്കാം. നല്ലൊരു നാളെക്കായി ഉണര്‍ന്നു പ്രവര്‍ത്തിക്കാനും, വാഹനോപയോഗം കുറക്കാനും, പ്ലാസ്റ്റിക് വര്‍ജ്ജിക്കാനും, സസ്യങ്ങള്‍ നട്ടുപിടിപ്പിക്കാനും, പ്രകൃതിയെ സംരക്ഷിക്കുവാനും നമുക്ക് പ്രതിബദ്ധരാകാം.