Asianet News MalayalamAsianet News Malayalam

'ചെയ്യുന്നതെല്ലാം സ്നേഹം കൊണ്ടാണെന്ന് പറഞ്ഞാലും, വേണ്ടിവരും ഡിവോഴ്സ്...'

ഭീഷണികളാണ്. വേണ്ടാ പറച്ചിലുകള്‍ തന്നെയാണ്. ഭാഷയൊന്നു മാറുമെന്നു മാത്രം. സ്നേഹവും, അപേക്ഷയും, കാലുപിടിക്കലും ആവുമെന്ന് മാത്രം. ഏറ്റവും സ്നേഹം തോന്നേണ്ട, ഏറ്റവും സന്തോഷം തോന്നേണ്ട കാമുകന്മാര്‍ വിളിക്കുമ്പോഴേ ശോകം വന്നു കേറുന്ന മനുഷ്യരുണ്ട്‌. 

enikkum chilathu parayanund amal lal
Author
Thiruvananthapuram, First Published May 6, 2019, 3:19 PM IST

ചില നേരം രോഷം വരാറില്ലേ? സങ്കടങ്ങള്‍. പ്രതിഷേധങ്ങള്‍. അമര്‍ഷങ്ങള്‍. മൗനം കുറ്റകരമാണെന്ന് തോന്നുന്ന നേരങ്ങളില്‍, വിഷയങ്ങളില്‍, സംഭവങ്ങളില്‍ ഉള്ളിലുള്ളത് തുറന്നെഴുതൂ. കുറിപ്പുകള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ ഫോട്ടോ സഹിതം അയക്കൂ. സബ്ജക്ട് ലൈനില്‍ 'എനിക്കും ചിലത് പറയാനുണ്ട്!' എന്നെഴുതാന്‍ മറക്കരുത്. എഴുതുന്ന ആളുടെ പൂര്‍ണമായ പേര് മലയാളത്തില്‍ എഴുതണം. വ്യക്തിഹത്യ, അസഭ്യങ്ങള്‍, അശ്ലീലപരാമര്‍ശങ്ങള്‍ തുടങ്ങിയവ ഒഴിവാക്കണം.

enikkum chilathu parayanund amal lal

എങ്ങനെയൊക്കെ സ്നേഹിച്ചാലും പരസ്പരം നിന്നാലും പൊട്ടിച്ചെറിയേണ്ടുന്ന ബന്ധങ്ങളുണ്ടാകും.. അല്ലെങ്കില്‍ ശ്വാസം മുട്ടി അവിടെത്തന്നെ കിടന്ന് ഒടുങ്ങിപ്പോകും എന്ന് തോന്നുന്നവ.. ഭീഷണികളിലും യാചനകളിലും ഒക്കെ മാത്രം നിലനില്‍ക്കുന്നവ.. 

1. 
“ഡാ എനിക്ക് ഡിവോഴ്സ് വേണം.”
എന്താ സംഭവം
“എനിക്കെങ്ങട്ടു പോണമെങ്കിലും അയാള്‍ കൂടെ വരും. രാവിലെ ഓഫീസ്സില്‍ കൊണ്ടാക്കും, വൈന്നേരം എടുക്കാന്‍ വരും, റോഡ്‌ ക്രോസ് ചെയ്യണെങ്കില്‍ കൈപിടിക്കും. വണ്ടി കേടുള്ള ദിവസം ബസ് കയറ്റി തരും. സിനിമയ്ക്കോ പാര്‍ട്ടിയ്ക്കോ ഷോപ്പിങ്ങിനോ എങ്ങട്ട് പോണം വച്ചാലും വരും ”
''നല്ലതല്ലേ. വന്നിട്ട് പ്രശ്നം ഒന്നും ഉണ്ടാക്കുന്നില്ലല്ലോ. നിനക്ക് എല്ലാടത്തും പോവ്വാനും കഴിയുന്നുണ്ടല്ലോ.''
“ഇതന്നെ പ്രശ്നല്ലേ. രാജീവേട്ടാ എനിക്ക് സ്വന്തായി കുറച്ചു ആഗ്രഹങ്ങളുണ്ട് എന്ന് ഒരൂസം പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചപ്പോ മൂപ്പര് പറയാ നീ പറഞ്ഞോടീ നിന്‍റെ എല്ലാ ആഗ്രഹങ്ങളും ഞാന്‍ സാധിച്ചു തരില്ലേ എന്ന്”
''സ്നേഹം കൊണ്ടല്ലേ?''
“ആ അതന്നെ എനിക്കീ സ്നേഹത്തിന്നു ഒരു ഡിവോഴ്സ് വേണം. എന്താക്കും ?”

സ്നേഹക്കൂടുതലില്‍ നിന്നും ഇറങ്ങി വരാനാണ് പാട്. ഇമോഷണല്‍ ബ്ലാക്ക്മെയിലിങ്ങ് കൊണ്ട് കെട്ടി പൊക്കിയ വേലികള്‍ തകര്‍ത്തു ചാടനാണ് വിഷമം. ''അമ്മാ, അച്ഛാ അയാളെന്നെ ഉപദ്രവിയ്ക്കുന്നു, തല്ലുന്നു, ചീത്ത പറയുന്നു'' എന്നും പറഞ്ഞു റിലേഷന്‍ഷിപ്പുകള്‍ ഉപേക്ഷിച്ചു വരാന്‍ എത്രയോ എളുപ്പമാണ്. സ്നേഹം കൊണ്ട് കൂട്ടി വച്ച, ഉരുക്കിയെടുത്ത ചങ്ങലകണ്ണികളുണ്ട്. ''മോളെ...'' എന്ന് മാത്രം വിളിക്കുന്ന ഷമ്മിമാര്‍, 'നീയില്ലാതെ പറ്റില്ലെ'ന്ന് പറയുന്ന ഗോവിന്ദന്മാര്‍. പൊട്ടിയ്ക്കാന്‍ പാടുള്ളത്. അതില്‍ കിടന്നാണ് വെന്തുരുകേണ്ടി വരുക.

2. 
“96 ല്‍ റാമിനെ ജാനകി കല്യാണം കഴിച്ചെങ്കി ബോറായിപ്പോയേനെ അല്ലെ. പിന്നെയവള്‍ എന്ത് പറഞ്ഞയാളെ ഉപേക്ഷിക്കും?”
''എന്തെ ?''
“അല്ല. ഫുഡ്‌ കഴിച്ചാല്‍ ടിഷ്യൂ പേപ്പര്‍ എടുത്തു തരുന്ന, നടക്കുമ്പോള്‍ ലിഫ്റ്റിന്‍റെ, കാറിന്‍റെ, റൂമിന്‍റെ ഡോര്‍ തുറന്നു തരുന്ന ഒരുത്തനൊക്കെ പിന്നെ എന്ത് ബോറാവും. അയാളീന്നൊക്കെ എന്ത് പറഞ്ഞ് സ്കൂട്ടാവും..''
''ശരിയാണ്. സ്കൂട്ടായ ആ ചെങ്ങായി ഹാര്‍ട്ട് അറ്റാക്ക് വന്നു മരിയ്ക്കും..''
“അതാണ്‌. അപ്പൊ ജാനകിയുടെ ഭാഗത്ത് നിന്ന് ഒന്ന് ആലോയ്ച്ച്‌ നോക്കിയേ. 'എന്‍റെ പൊന്നു റാമേ, എനിക്ക് കുറച്ചു ഒറ്റയ്ക്ക് സമയം താ..' എന്ന് പറഞ്ഞാ പോലും ചെങ്ങായി താഴെ വീഴും. പ്രേമം കൊണ്ട് തലയില്‍ എടുത്തു വച്ചും പോയി. എടോ, നമ്മള്‍ക്ക് നിര്‍ത്താം എന്ന് പറഞ്ഞാല്‍ ഇയാള്‍ക്ക് വല്ലോം പറ്റോ, പോയി ചത്ത് കളയോ, ചുറ്റുമുള്ള മനുഷ്യന്മാരോട്, വീട്ടുകാരോട്, തന്നോട് തന്നെയും എന്ത് കാരണം പറഞ്ഞിറങ്ങി വരും എന്നൊക്കെ ആലോയ്ച്ച്‌ അവര് നീറിപ്പോവില്ലേ. ആകെ കുടുങ്ങിപ്പോവില്ലേ..''

3. 
വിളിച്ചിടത്ത് വരാത്ത മനുഷ്യരെ, ഒരുത്തിയെ, ഒരുത്തന്മാരെ ഇമോഷണല്‍ ബ്ലാക്ക് മെയിലിന്‍റെ കത്തിമുനയില്‍ നിര്‍ത്തിയിട്ടുണ്ട്. ഒരു ചാറ്റ് ബോക്സ് മുഴുവന്‍ സ്നേഹത്തിന്‍റെ ഭീഷണികള്‍ കൊണ്ട് നിറച്ചിട്ടുണ്ട്. ഇന്ന് നീ വന്നില്ലെങ്കില്‍ ഒരിക്കലും വരണ്ടെന്നും, ഇതാ എന്‍റെ ഉള്ളും, ദേഹവും മുറിയുമെന്നവണ്ണം ഞാന്‍ ഇന്‍ഫീരിയറാണെന്നും. നീയില്ലെങ്കില്‍ ഇല്ലാതാവുമെന്ന പോലെ ഡിപ്പെണ്ടിങ്ങാണെന്നും. ഇതൊക്കെ നമ്മുടെ സ്നേഹത്തിനു വേണ്ടി ഞാന്‍ കൊടുത്ത വിലയാണെന്നും, ഇത്രയാഴത്തില്‍ സ്നേഹിച്ചത് എന്‍റെ മാത്രം പിഴയാണെന്നും, ഇതാ ഈ നിമിഷം ഞാന്‍ പൊട്ടിപ്പോവുമെന്ന പറച്ചിലില്‍ എത്ര കാര്യങ്ങള്‍ നമ്മള്‍ സാധിച്ചെടുത്തിട്ടുണ്ട്. 'നിന്‍റെ തേങ്ങകളെ സഹിക്കണ്ട ഒരു ബാധ്യതയും എനിക്കില്ല അമലേ..' എന്ന ചിലരുടെ ഓര്‍മ്മപ്പെടുത്തലിലാണ് തിരുത്താന്‍ ശ്രമിച്ചിട്ടുള്ളത്.

“നീ ആരോടാച്ചാ സംസാരിച്ചോ. എനിക്കെന്താ. പക്ഷെ, ഈ ആളുകള്‍ നീ കരുതണ പോലെ നല്ല സെന്‍സില്‍ അല്ല ഇതൊന്നും എടുക്കാ. അവസാനം ഞാന്‍ മാത്രേ ഉണ്ടാവൂ..” മറ്റുള്ളവരോട് കാമുകി സംസാരിക്കുന്നത് സ്നേഹം കൊണ്ട് തടയിടുന്നതിങ്ങനെയാണ്.
“ഡാന്‍സും പാട്ടും എനിക്ക് പ്രശ്നമായിട്ടല്ല. ഒരു കോളേജാണ്, പിന്നെ ആള്‍ക്കാര് അതും ഇതും പറയുന്നത് ഞാന്‍ ആണല്ലോ കേള്‍ക്കുന്നത്. നിനക്കൊക്കെ സുഖല്ലേ..”
“നിനക്ക് ഈ ആണുങ്ങളെ പറ്റി അറിയാഞ്ഞിട്ടാ മോളെ. ഞാന്‍ കണ്ടിട്ടുണ്ട്. അനുഭവം കൊണ്ട് പറയാ. ഇത് പോലെ കുറെ എണ്ണത്തിന്‍റെ മനസ്സിലിരിപ്പ് ശരിയല്ല..”
“നീ മുടി മുറിയ്ക്കെ, ചെവിമ്മേ പുതിയ സ്റ്റെഡ് കുത്തേ എന്താച്ച ആയ്ക്കോ. പക്ഷെ, അന്ന് നീ പറഞ്ഞിട്ടാ ഞാന്‍ താടി ഒക്കെ ഷേപ്പ് ചെയ്തേ. അല്ലേലും ഞാന്‍ മാത്രം എല്ലാം കേട്ടാ മതീലോ..”

ഭീഷണികളാണ്. വേണ്ടാ പറച്ചിലുകള്‍ തന്നെയാണ്. ഭാഷയൊന്നു മാറുമെന്നു മാത്രം. സ്നേഹവും, അപേക്ഷയും, കാലുപിടിക്കലും ആവുമെന്ന് മാത്രം. ഏറ്റവും സ്നേഹം തോന്നേണ്ട, ഏറ്റവും സന്തോഷം തോന്നേണ്ട കാമുകന്മാര്‍ വിളിക്കുമ്പോഴേ ശോകം വന്നു കേറുന്ന മനുഷ്യരുണ്ട്‌. അയാള്‍ക്ക് മാത്രം അസൈന്‍ ചെയ്ത ട്യൂണ്‍ കേക്കുമ്പോ പേടി തോന്നുന്നവര്‍, ''ഞാന്‍ ദാ പുറത്താണ്, കൂട്ടുകാരുടെ കൂടെയാടാ..'' എന്ന് പറയാന്‍ പോലും ധൈര്യമില്ലാത്ത വണ്ണം പ്രേമം മനുഷ്യരെ പേടിപ്പിക്കുന്നത് കണ്ടിട്ടുണ്ട്. ആ പേടിയില്‍ നുണ പറയേണ്ടി വന്നവരെ, നുണ പറഞ്ഞെന്നു പറഞ്ഞു പിന്നെയും ഇന്‍സല്‍ട്ട് ചെയ്യുന്ന മനുഷ്യന്മാരുണ്ട്. അടിച്ചാല്‍ തിരിച്ചടിയ്ക്കാം. കുത്ത് വര്‍ത്ത‍മാനങ്ങള്‍ സെന്റികള്‍ നെഞ്ചില്‍ കുത്തിയാല്‍ പിന്നെ പിടച്ചില്‍ മാത്രമാണ് ബാക്കി.

"നീ മാത്രം എന്താ സാരി എടുക്കാഞ്ഞേ??" എന്ന് ഒരു കുട്ടിയോടെ ചോദിക്കുമ്പോ. അച്ഛനും അമ്മേം കോണ്‍ട്രയാണോ എന്ന് തിരക്കുമ്പോ, “ഓര്‍ക്കല്ല ഓനാ പ്രശ്നം സാറേ. വെറുതെ എന്തിനാ സീന്‍ ഉണ്ടാക്കുന്നേ. നല്ല സ്നേഹം ഉള്ളാളാ...” എന്ന് എസ്കേപ്പ് അടിക്കുന്ന പിള്ളാരെ കണ്ടിട്ടുണ്ട്. അതന്നെ, അങ്ങനെ സ്നേഹം അടിമുടി പേടിപ്പിക്കുന്നത്, അനുസരിപ്പിക്കുന്നത്, കൂട്ടിലാക്കുന്നത് കണ്ടിട്ടുണ്ട്

4.
 ജീവിതത്തിലെ ഏറ്റവും ക്രൂഷ്യലായ നിമിഷത്തില്‍ നമ്മള്‍ക്ക് നമ്മളെ വീണ്ടെടുക്കാന്‍ സഹായിച്ചത്. പലതായി നുറുങ്ങിപ്പോയ നമ്മളെ പെറുക്കി എടുത്തു ഒരുമിച്ചാക്കി തന്നത്. ജീവിതമേ വേണ്ടെന്നു വച്ചേക്കാവുന്ന ഇടത്തുനിന്നും നമ്മളെ തിരിച്ചു ജീവിതത്തിലേക്ക് കയറ്റിയിട്ടത്. അങ്ങനെ നമ്മളായിരിക്കുന്നതില്‍ ഏറ്റവും കൂടുതല്‍ കടപ്പെട്ടിരിക്കുന്ന മനുഷ്യരാവും ചിലപ്പോഴിത്. “അന്ന് ഇവനില്ലെങ്കി ഞാന്‍ ചത്ത്‌ പോയെര്‍ന്നു..” എന്ന ഒറ്റക്കാരണം കൊണ്ട് ജീവിതകാലം മുഴുവന്‍ ഒരു കുഞ്ഞി ഷമ്മിയെ സഹിക്കുന്ന ചേച്ചിമ്മാരെ എനിക്കറിയാം. 

ഒരിക്കെ പ്രേമിച്ചു പോയെന്ന അറിയാ പാപത്തിന്‍റെ പേരില്‍ അവസാനം വരെ പേടിച്ചു കഴിയുന്നവരെ. വീണു പോയ സമയത്ത്, വയ്യാതായ നേരത്ത്, അടുത്ത് വന്ന കൂട്ടിരുന്ന മനുഷ്യര്‍, ആ നിലയ്ക്ക് കടപ്പെട്ട ഈ മനുഷ്യര്‍ സ്നേഹം കൊണ്ട് ശ്വാസം മുട്ടുമ്പോള്‍, അവരുടെ സ്നേഹം അടിമുടി പേടിപ്പികുമ്പോള്‍ “ഒരുപാട് നന്ദിയുണ്ട് മനുഷ്യാ എന്നാലും ഗുഡ് ബൈ..” എന്ന് പറയാന്‍ നമ്മള്‍ക്കെന്നാണ് കഴിയുക. പ്രേമം തേങ്ങയാണെന്നും ജീവിതമാണ് മുഖ്യമെന്നും എങ്ങനെയാണ് നമ്മള്‍ ചുറ്റുമുള്ള മനുഷ്യരെയും നമ്മളെ തന്നെയും ബോധ്യപ്പെടുത്തുക. പ്രേമം കൊണ്ട് ചുളിഞ്ഞു പോയ ജീവിതത്തെ "തേച്ച്" നിവര്‍ത്തി ചിരിച്ചു നടക്കാന്‍ നമ്മളെന്നാണ് പഠിക്കുക.

5.
 ഹോപ്പുണ്ട്.
"എടാ കല്യാണം കഴിക്കാന്‍ പോവ്വാണ്. വേറെ വഴിയൊന്നും ഇല്ല”
''സീനാവോ?''
“സീനായ നമ്മള്‍ക്ക് ഡിവോഴ്സാക്കാലോ..” എന്ന് സ്വാഭാവികമായി പറയുന്ന മനുഷ്യരുണ്ട്‌. ഇതാ ഇന്നലെ സ്ക്രീനില്‍ “എനിക്ക് ഞാനായി ഇരിക്കണം” എന്ന് പറയുന്നൊരു പല്ലവിയെ കണ്ടു (ഉയരെ, സിനിമ). അവള്‍ അവനെ ഉപേക്ഷിക്കുന്നത് കണ്ടു, കെട്ടും കുട്ടിയും ചെക്കനുമല്ലാതെ ഓള്‍ക്കൊരു സ്വപ്നമുള്ളത് കണ്ടു.

സൈക്കോയല്ലാത്ത ഷമ്മിയെ, ആസിഡ് ഒഴിക്കാത്ത ഗോവിന്ദിനെ ഉപേക്ഷിച്ചിറങ്ങി വരാന്‍ നമുക്കെന്നാണ്‌ കഴിയുക. സ്നേഹം കൊണ്ട് കുടുക്കിയവരെ, നട്ടം തിരിച്ചവരെ വിട്ട് വരാന്‍ എന്നാണു ശബ്ദമുണ്ടാവുക. തിരിച്ചിറങ്ങാന്‍ വഴിയില്ലാതെ, ഒഴുകി നടക്കാന്‍ മാര്‍ഗ്ഗമില്ലാത്ത എത്ര ബന്ധങ്ങളാണ് ഇട്ടാവട്ടത്തില്‍ കെട്ടി നിന്ന് കൊതുകിനെ വളര്‍ത്തുന്നത്. തലകുനിക്കാതെ, സ്നേഹത്തില്‍പ്പെടാതെ, പ്രേമത്തിന്‍റെ സിനിമാക്കഥാസീരിയല്‍ സാക്രിഫൈസ് നരേറ്റീവില്‍ പെടാതെ ചന്ദ്രികയെ പോലെ പാടി പടിയിറങ്ങാന്‍ എന്നാണു നമ്മള്‍ പഠിക്കുക?

"എന്തുവന്നാലുമെനിക്കാസ്വദിക്കണം
മുന്തിരിച്ചാറുപോലുള്ളൊരിജ്ജീവിതം!
എന്നുമിതിന്റെ ലഹരിയിലാനന്ദ-
തുന്ദിലമെന്മനം മൂളിപ്പറക്കണം!
കണ്ണീർനിറഞ്ഞ നിൻ പിഞ്ചുമനസ്സുമാ-
യെന്മുന്നിൽനിന്നൊന്നു 
വേർപെട്ടുപോകണേ!
എല്ലാം മറന്നേക്കു-മേലിൽ നാമന്യരാ-
ണെല്ലാം കഴിഞ്ഞു-
സ്വതന്ത്രയായ്ത്തീർന്നു ഞാൻ."

 

Follow Us:
Download App:
  • android
  • ios