Asianet News MalayalamAsianet News Malayalam

ആര്‍ത്തവം ഗുരുതര രോഗമാണെന്ന് ഭയക്കുന്ന പെണ്‍കുട്ടികള്‍; ഇത് രാജ്യത്തിന്‍റെ തലസ്ഥാന നഗരത്തിലെ കാഴ്ചയാണ്

അടച്ചുറപ്പില്ലാത്ത, കീറപ്പായകൾ കൊണ്ടു വലിച്ചു കെട്ടിയ ഒറ്റമുറികൾക്കുള്ളിൽ അവളുടെ ശരീരത്തില്‍ കണ്ണും നട്ട്  ഭ്രാന്തുമായി എത്തുന്നവരില്‍ വളരെ അടുത്ത ബന്ധുക്കളും കൂടിയുണ്ട്. 

enikkum chilathu parayanund shahina
Author
Thiruvananthapuram, First Published Apr 20, 2019, 2:31 PM IST

ചില നേരം രോഷം വരാറില്ലേ? സങ്കടങ്ങള്‍. പ്രതിഷേധങ്ങള്‍. അമര്‍ഷങ്ങള്‍. മൗനം കുറ്റകരമാണെന്ന് തോന്നുന്ന നേരങ്ങളില്‍, വിഷയങ്ങളില്‍, സംഭവങ്ങളില്‍ ഉള്ളിലുള്ളത് തുറന്നെഴുതൂ. കുറിപ്പുകള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ ഫോട്ടോ സഹിതം അയക്കൂ. സബ്ജക്ട് ലൈനില്‍ 'എനിക്കും ചിലത് പറയാനുണ്ട്!' എന്നെഴുതാന്‍ മറക്കരുത്. എഴുതുന്ന ആളുടെ പൂര്‍ണമായ പേര് മലയാളത്തില്‍ എഴുതണം. വ്യക്തിഹത്യ, അസഭ്യങ്ങള്‍, അശ്ലീലപരാമര്‍ശങ്ങള്‍ തുടങ്ങിയവ ഒഴിവാക്കണം.

enikkum chilathu parayanund shahina
"നിങ്ങൾക്ക് ഇത് സാമൂഹിക സേവനം, ഞങ്ങൾക്ക് ജീവൻ നിലനിർനിർത്തിപോവാൻ ഉള്ള നെട്ടോട്ടവും.." 
"ഞങ്ങൾക്ക് കുട്ടികളെ വിട്ടുതരാൻ കഴിയില്ല, അത് പഠിപ്പിക്കാൻ ഉള്ള ആഗ്രഹം ഇല്ലാത്തതു കൊണ്ടല്ല, മറിച്ചു ഇവർ കൂടെയില്ലെങ്കിൽ പിന്നെ ജോലി ഭാരം കൂടുകയേ ഉള്ളൂ. "

ഡൽഹിയിലെ സാകിർ നഗറിന്റെ ഉൾപ്രദേശത്ത്‌ വിഭജനത്തിന്റെ പ്രതിഫലനമെന്നോണ്ണം തള്ളപെട്ട  ഒരുപറ്റം മനുഷ്യർ. സ്ഥലത്തെ പ്രമുഖ സാമൂഹിക പ്രവർത്തക സമ ഘാൻ എന്ന സ്ത്രീയുടെ കൂടെ ക്ലാസ്സ്‌ എടുക്കാൻ പോയപ്പോഴാണ് മനസ്സിൽ അത്രേയേറെ വിങ്ങലുകൾ ഉണ്ടാക്കിയ ചില നിമിഷങ്ങളിൽ അകപ്പെട്ടത്. പഠിക്കുന്ന വിഷയം മന:ശാസ്ത്രം ആയതുകൊണ്ടും എന്‍റെ  ബാല്യം കളിയോർമ്മകൾ കൊണ്ട് സംഭവബഹുലവുമായതിനാലും ആവാം മുന്നിൽ ഇരിക്കുന്ന കുരുന്നുകളുടെ കണ്ണിലെ അടങ്ങാത്ത അരക്ഷിതാവസ്ഥ അത്രമാത്രം അലട്ടിയത്. സൗഹൃദത്തിന്റെ ഭാഷയിൽ പെണ്‍കുട്ടികളോട് സംസാരിച്ചപ്പോൾ, ഞാൻ എന്ന സ്ത്രീശരീരത്തിനു ലഭിക്കുന്ന സുരക്ഷാവലയങ്ങളെ കുറിച്ച് ഒരു നിമിഷം ചിന്തിച്ചുപോയി.. 

അടച്ചുറപ്പില്ലാത്ത, കീറപ്പായകൾ കൊണ്ടു വലിച്ചു കെട്ടിയ ഒറ്റമുറികൾക്കുള്ളിൽ അവളുടെ ശരീരത്തില്‍ കണ്ണും നട്ട്  ഭ്രാന്തുമായി എത്തുന്നവരില്‍ വളരെ അടുത്ത ബന്ധുക്കളും കൂടിയുണ്ട്. അങ്ങനെയാവുമ്പോള്‍ മാനസികമായി തകര്‍ന്നു പോവുന്ന പെൺകുട്ടികൾ. മാനസികരോഗങ്ങളുടെ   ഏറ്റവും മുഖ്യകാരണങ്ങളിലൊന്ന് ചെറുപ്പകാലത്ത് ഏല്‍ക്കേണ്ടി വരുന്ന ലൈംഗിക ചൂഷണമാണ് എന്നത്  സൈക്കോളജി ടെക്സ്റ്റ്‌ബുക്കുകളില്‍ പറയുന്നുണ്ട്. അത് വായിക്കുമ്പോള്‍ തന്നെ വേദന തോന്നാറുണ്ട്. അത് ഇവരുടെ അനുഭവമായി ഇതാ മുന്നില്‍ നില്‍ക്കുകയാണ്. 

പകൽ സമയങ്ങളിൽ തെരുവുകളിൽ അലഞ്ഞു നടന്ന്,  നാം  പുറംതള്ളുന്ന മാലിന്യങ്ങളില്‍ അതിജീവനത്തിന്റെ സാധ്യതകൾ  കാണുന്ന ഇവർക്ക് വിദ്യാഭ്യാസo നേടണമെന്ന് ആഗ്രഹമുണ്ട്. ദിവസവും വൈകുന്നേരങ്ങളിൽ സമ ഘാനിനോപ്പം ചിലവഴിക്കാൻ അവര്‍ കാണിക്കുന്ന ആത്മാർത്ഥ അതാണ് വ്യക്തമാക്കുന്നത്.  പെണ്ണെന്ന നിലയ്ക്ക് എന്‍റെ അവകാശങ്ങളെ കുറിച്ച് വാചാലയാവാറുള്ള ഞാൻ അക്ഷരാർത്ഥത്തിൽ ഞെട്ടിയത് ആര്‍ത്തവവുമായി ബന്ധപ്പെട്ട കാര്യങ്ങൾ കേട്ടപ്പോഴാണ്. മുഖ്യാധാരാ മാധ്യമങ്ങളിലും നവമാധ്യമങ്ങളിലും ആർത്തവ വർത്തമാനങ്ങള്‍ കൊടുമ്പിരി കൊള്ളുമ്പോഴും ഇവിടെ ആർത്തവദിനങ്ങൾ ഗുരുതര രോഗാവസ്ഥയായി കണ്ടു പേടിച്ചിരിക്കുകയാണ് പെണ്‍കുട്ടികള്‍. ഇത്, സാകിർ നഗറിൽ മാത്രം ഒതുങ്ങുന്ന ഒറ്റപ്പെട്ട സംഭവമല്ലതാനും. അവിടെ തെരുവുകള്‍ക്കരികില്‍ താമസിക്കുന്ന മിക്കവരും ഇങ്ങനെ തന്നെ..  

ചുറ്റുപാടുകൾ കല്പിച്ചുവെച്ച 'പെണ്ണ് വലുതായാൽ'  അധികം പുറത്തുവിടില്ല എന്നൊക്കെയുള്ള കല്പനകൾ മനസിലാക്കിയതിന്റെ ഭാഗമെന്നോണ്ണo ആർത്തവാനുഭവങ്ങൾ വീട്ടിൽ പറയാതിരിക്കാറാണ്. ഡൽഹി യാത്രകൾ ഒറ്റയ്ക്ക് ആണ് മിക്കപ്പോഴും.  എന്തിനും അഭിപ്രായം രേഖപെടുത്താറുണ്ട്. അപ്പോഴൊക്കെ ഞാനാകുന്ന സ്ത്രീ, ശക്തയാണെന്ന് വിളിച്ചു പറയാൻ വെമ്പുന്ന എന്‍റെ ചില കാഴ്ചപാടുകളോട് തന്നെ അവിടെയുള്ള പെണ്‍കുട്ടികളെ കണ്ടപ്പോള്‍ അമർഷം തോന്നി.

പെണ്ണ് എന്ന നിലയിൽ ചുറ്റുപാടുകളിൽ നിന്നുള്ള സദാചാരക്ലാസുകളും, നരകത്തിലെ തീ സംഭാഷണങ്ങളും, സമൂഹത്തിലെ ഒച്ചപ്പാടുകളുമെല്ലാം ഇവര്‍ക്ക് മുമ്പിൽ എത്ര നിസാരമാണ്. മാറുന്ന സര്‍ക്കാരുകളും വാഗ്ദാനങ്ങള്‍ ഒരുപാട് നല്‍കുമ്പോള്‍ അതൊന്നും ലഭിക്കാതിരിക്കുമ്പോഴും പ്രാപ്യമാകുന്ന വിദ്യാഭ്യാസമെങ്കിലും നേടണം, ചൂഷണത്തെ പ്രതിരോധിക്കണം എന്നൊക്കെ ചിന്തിക്കുന്ന ഈ പെണ്ണുങ്ങൾ തന്നെയാണ് ശരിക്കും ധൈര്യത്തോടെ ജീവിക്കാൻ എനിക്കിപ്പോള്‍ പ്രേരണ നൽകുന്നത്.

Follow Us:
Download App:
  • android
  • ios