2016 -ലെ അമേരിക്കൻ തെരഞ്ഞെടുപ്പിൽ ഹിലരിയെ തോൽപ്പിക്കാൻ റഷ്യയുടെ ഇടപെടലുണ്ടായിയെന്ന് അന്വേഷണ ഏജൻസികൾ പറഞ്ഞിരുന്നു. റഷ്യ നിയന്ത്രിക്കുന്ന കൃത്രിമ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി പലതും പ്രചരിപ്പിച്ചിരുന്നു.
ഒരു യുദ്ധം അടുത്തുതന്നെയെന്ന ചർച്ചകൾ തുടങ്ങിയിരിക്കുന്നു യൂറോപ്പിലും യുകെയിലും. റഷ്യയെയാണ് എതിർ സ്ഥാനത്ത് പ്രതിഷ്ഠിക്കുന്നത്. സാധാരണരീതിയിലെ യുദ്ധമല്ല, ഹൈബ്രിഡ് യുദ്ധം. തുടങ്ങിക്കഴിഞ്ഞു എന്നാണ് ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മക്രോണിൻറെ മുന്നറിയിപ്പ്. അടിസ്ഥാന സൗകര്യ സംവിധാനങ്ങൾക്കും പ്രതിരോധ വ്യവസായത്തിനും സുരക്ഷയൊരുക്കാൻ മക്രോൺ പദ്ധതി നിർദ്ദേശിച്ചു. മക്രോൺ മാത്രമല്ല, യൂറോപ്യൻ നേതാക്കൾ പലരും ഇത്തരമൊരു യുദ്ധത്തെക്കുറിച്ച് മുന്നറിയിപ്പുകൾ നൽകുന്നുണ്ട്.
ഹൈബ്രിഡ് യുദ്ധം
ഹൈബ്രിഡ് യുദ്ധമുറയെന്നാൽ സൈനികേതര യുദ്ധമുറകളാണ്. ഇൻഫർമേഷൻ ലോകത്തെ അധിനിവേശങ്ങളാണത്. സൈബർ ആക്രമണങ്ങൾ, വ്യാജ പ്രചാരണങ്ങൾ, തെറ്റായ വിവരങ്ങളും ദുഷ്പ്രചാരണവും, എഐ ടൂളുകളുടെ ഉപയോഗം, ഇതൊക്കെ അതിലുൾപ്പെടും. സമ്മർദ്ദതന്ത്രമാവാം, അസ്ഥിരമാക്കാനാവാം, എന്തായാലും സാധാരണക്കാരാവും ഇത്തരം മുറകളുടെയും ഇരകൾ. തെറ്റിദ്ധരിപ്പിക്കുക, വെറുപ്പ് പടർത്തുക, സമൂഹങ്ങളെ തമ്മിലകറ്റുക അങ്ങനെ പലതാവും ലക്ഷ്യങ്ങൾ. അതൊക്കെ വിശ്വസിക്കുന്നവർക്ക് തങ്ങൾ വെറും ഇരകളാണെന്ന് ഒരിക്കലും മനസിലാവുകയുമില്ല. ഡേറ്റയും ലക്ഷ്യമിടാം.
മക്രോണിൻറെ മുന്നറിയിപ്പ്
ഇത്തരം യുദ്ധമുറകൾ കുറച്ചുകാലമായി റഷ്യ തുടങ്ങിയിട്ടെന്നാണ് മക്രോണിൻറെ മുന്നറിയിപ്പ്. യുക്രെയ്നുള്ള യൂറോപ്പിൻറെ പിന്തുണയാണ് റഷ്യയുടെ ലക്ഷ്യമെന്നും മക്രോൺ പറയുന്നു. ജർമ്മൻ വിമാനത്താവളത്തിലുണ്ടായ ഡ്രോൺ ആക്രമണം, ലിത്വാനിയൻ ആകാശത്ത് കണ്ട ഡ്രോൺ, ഇതൊക്കെ അതിൻറെ ഉദാഹരണങ്ങളായി വ്യാഖ്യാനിക്കുകയാണ് യൂറോപ്പ്. പക്ഷേ, ഞെട്ടിച്ചത് യുക്രെയ്ൻ - പോളണ്ട് അതിർത്തിയിൽ ട്രെയിന് നേർക്കെത്തിയ റഷ്യൻ ഡ്രോണാണ്. ബ്രിട്ടീഷ് മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസണും ഉന്നത യൂറോപ്യൻ ഉദ്യോഗസ്ഥരും കടന്നുപോയ ഉടനായിരുന്നു ആക്രമണം. ഇറ്റലി മുതൽ എസ്റ്റോണിയ വരെയുള്ള രാജ്യങ്ങളിൽ പ്രതിരോധ കേന്ദ്രങ്ങളിലുണ്ടായ ചില തീപിടുത്തങ്ങളും സംശയങ്ങൾക്ക് കാരണമാണ്.
റഷ്യയുടെ മുന്നറിയിപ്പ്
യൂറോപ്പിനെ ആക്രമിക്കില്ലെന്ന് റഷ്യൻ പ്രസിഡൻറ് പലതവണ പറഞ്ഞിട്ടുണ്ട്. പക്ഷേ, യുക്രെയ്നിലെ ബ്രിട്ടീഷ് കേന്ദ്രങ്ങളിൽ നിന്ന് റഷ്യക്ക് നേരെ ആക്രമണമുണ്ടായാൽ തിരിച്ചാക്രമിക്കുമെന്ന് മുന്നറിയിപ്പ് നൽകിയത് കഴിഞ്ഞയാഴ്ച. വിദേശകാര്യ മന്ത്രി സെർഗി ലാവ്റോവിൻറെ അറിയിപ്പ് മറ്റൊന്നാണ്. യുക്രെയ്നിലേക്ക് യൂറോപ്യൻ സൈന്യമെത്തിയാൽ, അത് യുദ്ധപ്രഖ്യാപനമായി കണക്കാക്കും റഷ്യ. ആ യുദ്ധം വ്യത്യസ്തമായിരിക്കും. വളരെ പെട്ടെന്ന് അവസാനിക്കയും ചെയ്യുമെന്നാണ് ലാവ്റോവ് നൽകിയ മുന്നറിയിപ്പ്.
പോളണ്ടിൻറെ മുന്നറിയിപ്പ്
റഷ്യയുടെ ആക്രമണങ്ങളിൽ പോളിഷ് പ്രധാനമന്ത്രി ഡോണൾഡ് ടസ്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഡ്രോണോ മിസൈലോ തൊടുക്കുക, എന്നിട്ടത് അബദ്ധം പറ്റിയതെന്ന് പറയുക, അതിപ്പോൾ പതിവായിട്ടുണ്ടെന്നും ഇനിയും പലതുണ്ടാവുമെന്ന രഹസ്യവിവരം കിട്ടിയെന്നും ടസ്ക് കൂട്ടിച്ചേർത്തു. റഷ്യൻ അനുകൂല രാഷ്ട്രീയ പാർട്ടികൾ യൂറോപ്പിൽ ചുവടുറപ്പിക്കുന്നതും വിദഗ്ധർ ആശങ്കയായി എടുത്ത് പറയുന്നുണ്ട്. ഫ്രാൻസിലെ മാരി ലിയു പെന്നിൻറെ നാഷണൽ റാലി, ജർമ്മനിയിലെ എഎഫ്ഡി, ഇവരൊക്കയാണ് പ്രതിസ്ഥാനത്ത്. ടസ്കിൻറെ ആശങ്കകൾക്ക് അടിസ്ഥാനമുണ്ട് താനും. നേറ്റോയുടെ കിഴക്കൻ തുമ്പത്താണ് പോളണ്ട്. റഷ്യയോടും യുക്രെയ്നോടും കൂടുതൽ അടുത്ത്.
ട്രംപിൻറെ പ്രഖ്യാപനം
ഈ ആശങ്കകളൊക്കെ ടസ്ക് പങ്കുവച്ച് മണിക്കൂറുകൾക്കകം ട്രംപ് ഒരു പ്രഖ്യാപനം നടത്തി. പോളണ്ടിൽ അമേരിക്ക സ്ഥിരം സൈനികാസ്ഥാനം സ്ഥാപിക്കാൻ പോകുന്നു. സ്ഥിരമായിരുന്നില്ല ഇത്രയും നാൾ. പോളിഷ് പ്രസിഡൻറ് കരോൾ നവോക്കിയെ പ്രശംസിക്കുകയും ചെയ്തു ട്രംപ്. സോവിയറ്റ് റഷ്യയുടെ പോളിഷ് അധിനിവേശത്തിൻറെ 87 -ാം വാർഷികത്തിലായിരുന്നു പ്രഖ്യാപനമെന്നത് കൗതുകകരമായ കാര്യം.
Hybrid CoE
യൂറോപ്പിന് ഹൈബ്രിഡ് യുദ്ധമുറകളെ കണ്ടെത്താനും ചെറുക്കാനുമുള്ള ഒരു ഏജൻസിയുണ്ട്. ഫിൻലൻഡിൽ. European Centre of Excellence for Countering Hybrid Threats (Hybrid CoE) സ്ഥാപിച്ചത് 9 വർഷം മുമ്പാണ്. പക്ഷേ, ജോലി എളുപ്പമല്ല, അതെസമയം അവ്യക്തവുമാണ്. ഭീഷണികളും യുദ്ധമുറകൾ തന്നെയും. പക്ഷേ, യാഥാർത്ഥ്യമാണെന്ന് Hybrid CoE പറയുന്നു. നോർദ് സ്ട്രീം ഗ്യാസ് പൈപ്പ് ലൈനിലുണ്ടായ സ്ഫോടനം ഉദാഹരണം. റഷ്യയിൽ നിന്ന് ജർമ്മനിയിലേക്കുള്ള പൈപ്പ് ലൈനാണ് തകർന്നത്. റഷ്യ ഉത്തരവാദിത്തം നിഷേധിച്ചെങ്കിലും, യൂറോപ്പിനെ ശ്വാസംമുട്ടിക്കുകയായിരുന്നിരിക്കാം ഉദ്ദേശമെന്നാണ് നിഗമനം.
റഷ്യയുടെ ഒളിയുദ്ധം
2016 -ലെ അമേരിക്കൻ തെരഞ്ഞെടുപ്പിൽ ഹിലരിയെ തോൽപ്പിക്കാൻ റഷ്യയുടെ ഇടപെടലുണ്ടായിയെന്ന് അന്വേഷണ ഏജൻസികൾ പറഞ്ഞിരുന്നു. റഷ്യ നിയന്ത്രിക്കുന്ന കൃത്രിമ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി പലതും പ്രചരിപ്പിച്ചിരുന്നു. തെറ്റായ വാർത്തകൾ, വ്യാഖ്യാനങ്ങൾ, അതും ചില സമൂഹങ്ങളെ സ്വാധീനിക്കുന്ന തരത്തിലെ വിശദീകരണങ്ങൾ ഇതൊക്കെ ഇത്തരത്തിലെ യുദ്ധമുറയുടെ ഭാഗം. യുക്രെയ്ൻ അധിനിവേശം റഷ്യയുടെ പ്രതിരോധത്തിന് വേണ്ടിയായിരുന്നു എന്നതരത്തിലെ പ്രചാരണങ്ങൾ വ്യാപകമാണിപ്പോൾ. അത് വിശ്വസിക്കുന്നവരും കുറവല്ല. അഭിപ്രായ വോട്ടെടുപ്പുകളിലൂടെ Hybrid CoE കണ്ടെത്തിയതനുസരിച്ച്, 2023 -ൽ തന്നെ പല നേറ്റൊ രാജ്യങ്ങളിലും റഷ്യൻ അനുകൂല പ്രചാരണം വിശ്വസിക്കുന്ന വലിയൊരു വിഭാഗമുണ്ടായിക്കഴിഞ്ഞിരുന്നു. ജർമ്മനി, സ്ലൊവാക്യ, ഹംഗറി എന്നീ രാജ്യങ്ങളിൽ പ്രത്യേകിച്ച്. ഇൻഫർമേഷൻ വാറിൽ വിജയം റഷ്യക്ക് എന്നർത്ഥം.
ഫിൻലൻഡ്
ഇതൊക്കെ കണ്ടെത്തി നേരിടുക എന്നതാണ് Hybrid CoE -യുടെ ജോലി. ഫിൻലൻഡ് തന്നെ തെരഞ്ഞെടുത്തതിന് കാരണമുണ്ട്. 1,300 കിമീ നീളത്തിലെ അതിർത്തിയാണ് റഷ്യക്കും ഫിൻലൻഡിനുമിടയിൽ. രണ്ടാം ലോകമഹായുദ്ധത്തിൽ USSR ഫിൻലൻഡിൻറെ പ്രദേശങ്ങൾ പിടിച്ചെടുത്തിരുന്നു. അതിനുശേഷം നിഷ്പക്ഷമായി തുടർന്ന രാജ്യം പക്ഷേ, ഇപ്പോൾ പടിഞ്ഞാറിനോട് കൂടുതൽ അടുക്കുകയാണ്. നേറ്റോ അംഗത്വത്തിന് അപേക്ഷയും നൽകി. പിന്നാലെ അംഗമാവുകയും ചെയ്തു.
യുദ്ധമുഖം കീഴടക്കുമോ എഐ
ഇതിനൊക്കെ ഇടയിലാണ് എഐ മത്സരം. മുമ്പ് ആണവായുധങ്ങളിലായിരുന്നു മത്സരമെങ്കിൽ ഇപ്പോൾ എഐയിലായിരിക്കുന്നു മത്സരം. എഐയെ യുദ്ധമേഖലയിൽ ഉപയോഗിക്കുന്നത് ശീലിച്ചേ തീരൂവെന്നാണ് ട്രംപിൻറെയും ഉദ്യോഗസ്ഥരുടേയും പക്ഷം. എന്നെങ്കിലും ചൈനയെ നേരിടേണ്ടി വന്നാൽ, എഐ ഉപയോഗത്തിൽ പിന്നിലായിപ്പോകുമെന്നാണ് ന്യായീകരണം. ബ്യൂറോക്രാറ്റിക് തടസങ്ങളില്ലാതെ, സൈനിക എഐ വികസിപ്പിക്കണമെന്ന നയം വ്യക്തമാക്കി പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത് കുറിപ്പും പുറത്തിറക്കി. പക്ഷേ, അതിന് കൃത്യമായ മാനദണ്ഡങ്ങൾ ഇല്ലെന്നുള്ളതാണ് അപകടം. ഇറാനിലെ സ്കൂൾ ദുരന്തം എഐ സഹായത്തോടെയുള്ള കണക്കുകൂട്ടൽ പിഴച്ചതിൻറെ പ്രത്യാഘാതമായിരുന്നു. അതിലും വലിയൊരു ദുരന്തത്തിൽ നിന്ന് അമേരിക്ക രക്ഷപ്പെട്ടത് കഷ്ടിച്ചാണ്. ചൈനീസ് കപ്പൽ ആണവായുധ ഭാഗങ്ങൾ കടത്തുന്നുവെന്ന് എഐ വിവരം നൽകി. ആക്രമണത്തിന് കോപ്പുകൂട്ടി അമേരിക്ക, വിവരം തെറ്റായിരുന്നുവെന്ന് തിരിച്ചറിഞ്ഞതുകൊണ്ട് ഒന്നുമുണ്ടായില്ലെന്ന് മാത്രം. ഇല്ലെങ്കിൽ മൂന്നാം കാര്യങ്ങൾ ലോകമഹായുദ്ധത്തിലെത്തിയേനെ.
സ്വന്തം വഴിവെട്ടുന്ന എഐ
പക്ഷേ, അമേരിക്കൻ പ്രസിഡൻറ് പിന്നോട്ടില്ല. സാമ്പത്തികരംഗത്തെ ഇടിവാണ് ട്രംപിൻറെ ആശങ്ക. എഐയിലെ താൽപര്യം കുറഞ്ഞാൽ നിക്ഷേപം കുറയുമെന്ന ഭീതി. സാധാരണക്കാരുടെ ഡേറ്റാ സെൻറർ എതിർപ്പൊന്നും അവിടെയൊരു വിഷയമേയല്ല. എഐ സുരക്ഷിതത്വത്തിൻറെ പരിധി ചർച്ചയാവുന്നതിനിടെയാണ് ഗൂഗിളിൻറെ എഐ മോഡൽ ജെമിനി പരീക്ഷണത്തിനിടെ മൂന്ന് കമ്പനികൾ ഹാക്ക് ചെയ്തത്. ആന്ത്രോപിക്കിൻറെ (Anthropic) ക്ലോഡ് (Claude) സ്വന്തം നിലയ്ക്ക് ഹാക്ക് നടത്തിയെന്ന റിപ്പോർട്ട് പുറത്തുവന്നിട്ട് അധികമായില്ല. പക്ഷേ, സുരക്ഷിത പരീക്ഷണങ്ങൾ ഇപ്പോഴുമൊരു മിഥ്യയാണ്.
ആന്ത്രോപിക്കിൻറെ ബയോളജി ലാബ്
അതിനിടെയാണ് ആന്ത്രോപിക്കിൻറെ ബയോളജി ലാബിൻറെ വിവരം പുറത്തുവന്നത്. ആന്ത്രോപിക് റോയിട്ടേഴ്സിൻറെ റിപ്പോർട്ട് ശരിവച്ചു. രോഗപ്രതിരോധമാണ് ലക്ഷ്യം. ഫാർമസ്യൂട്ടിക്കൽ വ്യവസായം ഇതുവരെ അവഗണിച്ചിരുന്ന രോഗങ്ങൾക്കായുള്ള പ്രതിരോധം. മരുന്നുകളല്ല പരമലക്ഷ്യമെന്ന് മാത്രം കമ്പനി പറയുന്നു. എഐ തന്നെയാണ് ആയുധം. മനുഷ്യൻറെ ഇടപെടൽ വളരെ കുറവായിരിക്കും. പക്ഷേ, നിരീക്ഷണം ഉണ്ടാകുമെന്നും വിശദീകരണം. ന്യായാന്യായവും നൈതികതയും തൽകാലം പരിഗണനാ വിഷയമേയല്ല. ജൈവപരീക്ഷണങ്ങൾ പക്ഷേ, നടക്കും.
