Asianet News MalayalamAsianet News Malayalam

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇടതുപക്ഷത്തിനെന്ത് സംഭവിച്ചു?

ഇടമില്ലാതാവുന്ന ഇടതുപക്ഷം. എം ജി രാധാകൃഷ്ണന്‍ എഴുതുന്നു

 

Godaykk Pinnil  column by MG Radhakrishnan on Left partys shrinking role in Indian politics
Author
Thiruvananthapuram, First Published Apr 2, 2019, 12:39 PM IST

വന്‍ സഖ്യങ്ങള്‍ രൂപം കൊള്ളാത്തതിനാല്‍ കോണ്‍ഗ്രസിന്റെ സാധ്യതകള്‍ക്ക് മേലാണ് കരി നിഴല്‍ വീഴുന്നതെങ്കിലും ഇതിനിടയില്‍ പിടിച്ചുനില്‍ക്കാനുള്ള ഇടം പോലും ചോരുന്നത് ഇടതുപക്ഷത്തിനാനെന്ന് സംശയമില്ല. കേരളത്തിലെ ഇടതുപക്ഷം രാഹുലിന്റെ വയനാട് പ്രവേശത്തെ എതിര്‍ക്കുന്നത് പ്രത്യയശാസ്ത്രപരമായ കാരണങ്ങള്‍ക്കപ്പുറം സ്വന്തം നിലനില്‍പ്പിനെ ചൊല്ലിയാണ്.

Godaykk Pinnil  column by MG Radhakrishnan on Left partys shrinking role in Indian politics

വയനാട്ടിലേക്ക് രാഹുല്‍ വരുമോ വരില്ലേ എന്ന ചോദ്യം നിറഞ്ഞുനിന്ന ഒരു വാരത്തിനു ശേഷം കാര്യം തീരുമാനിക്കപ്പെട്ടു. വരും. ബി ജെ പിക്കെതിരെ കുരുക്ഷേത്രയുദ്ധം പ്ര്യഖാപിച്ച കോണ്‍ഗ്രസിന്റെ സര്‍വ്വസൈന്യാധിപന്‍ അവര്‍ ഏറ്റവും ദുര്‍ബലമായ സംസ്ഥാനത്ത്, അവര്‍ മരുന്നിനു പോലുമില്ലാത്ത മണ്ഡലത്തില്‍ പടയ്ക്ക് ഇറങ്ങുന്നതിലെ അസ്വാഭാവികത ചൂണ്ടിക്കാട്ടിയവര്‍ ഒക്കെ നിശ്ശബ്ദരായി. കോണ്‍ഗ്രസിനകത്തും പുറത്ത് അവരുടെ സഖ്യകക്ഷികളിലും ബി ജെ പി യിലും സര്‍വ്വോപരി ഇടതുപക്ഷത്തു നിന്നുമൊക്കെ ഉയര്‍ന്ന ഭിന്നാഭിപ്രായങ്ങളൊക്കെ അവഗണിച്ചുകൊണ്ട് രാഹുല്‍ തന്നെയാണത്രേ കേരളത്തിലെ യു ഡി എഫ് നേതൃത്വത്തിന്റെ കരളലിയുന്ന അഭ്യര്‍ഥന അപേക്ഷ മാനിച്ച് ഈ തീരുമാനമെടുത്തത്. സ്വാഭാവികമായും തെരഞ്ഞെടുപ്പിനു മുമ്പോ പിമ്പോ ബി ജെ പിക്കെതിരെ ഉയര്‍ന്നേക്കാവുന്ന മഹാപ്രതിപക്ഷഐക്യം അതോടെ ഒന്നുകൂടി അസാധ്യമായിക്കഴിഞു. 

അതോടെ ഏറ്റവും അധികം സീറ്റുകളുള്ള സംസ്ഥാനങ്ങളില്‍ പ്രതിപക്ഷഐക്യം ഉണ്ടാകില്ല. ഉത്തര്‍പ്രദേശില്‍ എസ് പി- ബി എസ് പി സഖ്യം, ബംഗാളില്‍ തൃണമൂല്‍, ദില്ലിയില്‍ ആം ആദ്മി പാര്‍ട്ടി, ആന്ധ്രയില്‍ തെലുങ്കുദേശം, കേരളത്തില്‍ ഇടതുപക്ഷം എന്നിവയൊക്കെ കോണ്‍ഗ്രസ്സുമായി തെറ്റിക്കഴിഞ്ഞു. കര്‍ണാടകം, തമിഴ്‌നാട്, മഹാരാഷ്ട്ര, ഝാര്‍ഖണ്ട്, ബീഹാര്‍, ജമ്മു കശ്മീര്‍ എന്നീയിടങ്ങളില്‍ കോണ്‍ഗ്രസ്സിനു സഖ്യങ്ങളുണ്ട്. അതിനര്‍ഥം ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ഇല്ലാത്ത തൂക്കു സഭകള്‍ വന്നാല്‍ തെരഞ്ഞെടുപ്പിനു മുമ്പുള്ള സഖ്യങ്ങളുടെ അടിസ്ഥാനത്തില്‍ ബി ജെ പിക്കോ കോണ്‍ഗ്രസിനോ സര്‍ക്കാര്‍ രൂപീകരിക്കുക എളുപ്പമാകില്ല. എല്ലാം തെരഞ്ഞെടുപ്പിനു ശേഷമുള്ള സഖ്യങ്ങളെ ആശ്രയിച്ചിരിക്കും. പക്ഷേ തെരഞ്ഞെടുപ്പിനു മുമ്പുള്ള സഖ്യനീക്കങ്ങളില്‍ കോണ്‍ഗ്രസുമായി തെറ്റിയ പാര്‍ട്ടികള്‍ക്ക് തുടര്‍ന്നും അത് ഒരു കരടാകും. എന്നാലും ബി ജെ പിയെ മാറ്റിനിര്‍ത്തുക എന്ന പരമലക്ഷ്യത്തിനായി എല്ലാ കരടും പിന്നിലേക്ക് തള്ളപ്പെടാം. 

ഏറ്റവും അധികം സീറ്റുകളുള്ള സംസ്ഥാനങ്ങളില്‍ പ്രതിപക്ഷഐക്യം ഉണ്ടാകില്ല.

വന്‍ സഖ്യങ്ങള്‍ രൂപം കൊള്ളാത്തതിനാല്‍ കോണ്‍ഗ്രസിന്റെ സാധ്യതകള്‍ക്ക് മേലാണ് കരി നിഴല്‍ വീഴുന്നതെങ്കിലും ഇതിനിടയില്‍ പിടിച്ചുനില്‍ക്കാനുള്ള ഇടം പോലും ചോരുന്നത് ഇടതുപക്ഷത്തിനാനെന്ന് സംശയമില്ല. കേരളത്തിലെ ഇടതുപക്ഷം രാഹുലിന്റെ വയനാട് പ്രവേശത്തെ എതിര്‍ക്കുന്നത് പ്രത്യയശാസ്ത്രപരമായ കാരണങ്ങള്‍ക്കപ്പുറം സ്വന്തം നിലനില്‍പ്പിനെ ചൊല്ലിയാണ്. കേരളത്തിലാകെ രാഹുല്‍ തരംഗം ഉണ്ടായാല്‍, കോണ്‍ഗ്രസ് അവകാശപ്പെടുന്നതുപോലെ എല്ലാ സീറ്റും യു ഡി എഫ് നേടിയ 1977 ലെ വിധി ആവര്‍ത്തിക്കുമോ എന്നാണ് അവരുടെ ഭയം. രാഹുല്‍ ആവേശത്തില്‍ ന്യൂനപക്ഷങ്ങള്‍ മുഴുവന്‍ യു ഡി എഫ് ചേരിയിലും ഭൂരിപക്ഷമതക്കാര്‍ ഏറെയും ശബരിമല പ്രശ്‌നം മൂലം ബി ജെ പിക്കും ഒപ്പം പോയാല്‍ ഇടതുപക്ഷം ചുറ്റിപ്പോകുകയല്ലേ ഉള്ളൂ. ഇത്തവണ വിവിധ സംസ്ഥാനങ്ങളിലായി 70 ഓളം സീറ്റില്‍ ആണ് സി പി എം മത്സരിക്കുന്നത്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ഏറ്റവും കുറഞ്ഞ സീറ്റ് (12) ആണ് 2014 ലെ ലോകസഭയില്‍ ഇടതുപക്ഷത്തെ നാലു പാര്‍ട്ടികള്‍ക്കും കൂടി ഉണ്ടായിരുന്നത്. 2004 ല്‍ 52 സീറ്റ് ഉണ്ടായിരുന്നതില്‍ നിന്നാണ് ഈ തകര്‍ച്ചയുടെ ആരംഭം. 2009 ല്‍ 24 സീറ്റിലേക്കാണ് ആദ്യത്തെ വലിയ ഇടിവ്. 1991 ല്‍ ലഭിച്ച 57 ആണ് ഇതുവരെ റിക്കാഡ്. 2014 ല്‍ വെറും 12 ലെത്തിയ ഇടതുപക്ഷം ഇക്കുറി ഇരട്ട അക്കത്തില്‍ വരുമോ എന്ന് തന്നെ സംശയം. ബംഗാളിലും ത്രിപുരയിലും സി പി എമ്മിനു ലഭിച്ച 2 സീറ്റ് വീതമായിരുന്നു 2014 ല്‍ ഇടതുപക്ഷത്തെ 12 ല്‍ എത്തിച്ചത്. ബാക്കി 8 ഉം കേരളത്തില്‍ നിന്ന്. ഇക്കുറി രണ്ടിടത്തും ഒരു സീറ്റും കിട്ടില്ലെന്നാണ് സര്‍വേകളുടെ പ്രവചനം. പ്രതീക്ഷ കേരളത്തില്‍ നിന്ന് മാത്രം.

ഇക്കുറിയും 80 ഓളം സീറ്റില്‍ മത്സരിക്കുന്നുണ്ടെങ്കിലും ആദ്യമായി തമിഴ്‌നാട്ടില്‍ ഒഴിച്ച് ഒരിടത്തും വലിയ പാര്‍ട്ടികള്‍ ഒന്നും ഇടതുപക്ഷത്തെ സഖ്യകക്ഷിയാക്കിയിട്ടില്ല. തമിഴ്‌നാട്ടില്‍ ഡി എം കെ നയിക്കുന്ന കോണ്‍ഗ്രസ് ഉള്‍പ്പെട്ട മുന്നണിയില്‍ സി പി എമ്മിനും സി പി ഐക്കും ഈരണ്ട് സീറ്റ് നല്‍കിയിട്ടുണ്ട്. ബംഗാളില്‍ കോണ്‍ഗ്രസുമായി ബന്ധം സ്ഥാപിക്കാന്‍ സി പി എം തീരുമാനിച്ചത് പാര്‍ട്ടിക്കുള്ളിലെ ദീര്‍ഘമായ തര്‍ക്കവിതര്‍ക്കങ്ങള്‍ക്ക് ശേഷമായിരുന്നു. ആരാണ് മുഖ്യ ശത്രു, ദേശീയ ബൂര്‍ഷ്വാസിയുമായും ദല്ലാള്‍ ബൂര്‍ഷ്വാസിയുമായും സഖ്യമാകാമോ, ബി ജെ പി യഥാര്‍ത്ഥ ഫാസിസ്റ്റ് കക്ഷിയാണോ, രാഷ്ട്രീയ പ്രമേയത്തിലെന്ത്, പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനം എന്ത് തുടങ്ങിയ ചിരപുരാതന തര്‍ക്കങ്ങളെല്ലാം അരങ്ങേറിയശേഷം കോണ്‍ഗ്രസുമായി സഖ്യം വേണ്ട, നീക്കുപോക്കാകാം എന്നുവരെ എത്തി. ബന്ധം സ്ഥാപിക്കണമെന്ന് ജനറല്‍ സെക്രട്ടറി യെച്ചൂരിയും ബംഗാള്‍ ഘടകവും. പാടില്ലെന്ന് മുന്‍ ജനറല്‍ സെക്രട്ടറി കരാട്ടും കേരള ഘടകവും. അവസാനം യെച്ചൂരി പക്ഷം ജയിച്ചുകൊണ്ട് ആദ്യമായി കോണ്‍ഗ്രസ് ബന്ധം അംഗീകരിക്കപ്പെട്ടു. പക്ഷേ സീറ്റ് പങ്ക് വെയ്പ്പ് തെറ്റിയപ്പോള്‍ ബംഗാളിലെ കോണ്‍ഗ്രസ് ഇടതുപക്ഷത്തോട് പോയി പണി നോക്കാന്‍ പറഞ്ഞു. അതോടെ ഇരു കക്ഷികളും ഇപ്പോള്‍ ഒറ്റയ്ക്ക് മമതാ കൊടുങ്കാറ്റിന്റെ മുന്നില്‍ പകച്ചു നില്‍ക്കുന്നു.

തമിഴ്‌നാട്ടില്‍ ഒഴിച്ച് ഒരിടത്തും വലിയ പാര്‍ട്ടികള്‍ ഒന്നും ഇടതുപക്ഷത്തെ സഖ്യകക്ഷിയാക്കിയിട്ടില്ല.

വയനാട്ടില്‍ രാഹുല്‍ ഇടതുപക്ഷത്തെ നേരിടുന്നതോടെ കോണ്‍ഗ്രസുമായുള്ള സി പി എമ്മിന്റെ അകല്‍ച്ച വീണ്ടും പഴയ പടിയിലെത്തിയിട്ടുണ്ട്. കോണ്‍ഗ്രസ് ബന്ധത്തിനു വേണ്ടി ശക്തിയായി വാദിക്കുകയും രാഹുല്‍ ഗാന്ധിയുമായി ഉറ്റ സൗഹൃദം പുലര്‍ത്തുകയും ഒക്കെ ചെയ്ത യെച്ചൂരിക്കാണ് ഇത് വല്ലാത്ത അടി ആയത്. കേന്ദ്ര നേതൃത്വത്തിലെ ഭൂരിപക്ഷത്തെ തോല്‍പ്പിച്ചാണ് യെച്ചൂരി വിജയം കണ്ടത്. പക്ഷേ ഇപ്പോള്‍ കോണ്‍ഗ്രസിനെ വിശ്വസിക്കരുതെന്ന് പണ്ടേ ഞങ്ങള്‍ പറഞ്ഞില്ലേ എന്ന് കാരാട്ടും പിണറായിയും മറ്റും ഉള്ളില്‍ പറയുന്നുണ്ടാകണം. 1990 കളുടെ അവസാനം മുതല്‍ 2004 വരെയുള്ള കാലഘട്ടത്തില്‍ ദേശീയ രാഷ്ട്രീയത്തില്‍ നിറഞ്ഞുകളിച്ച് കേന്ദ്രഭരണത്തില്‍ വരികയും പ്രധാനമന്ത്രിപദത്തിനടുത്ത് വരെ എത്തുകയും ചെയ്തതാണ് ഇടതുപക്ഷം. അക്കാലത്ത് ഹര്‍കിഷന്‍ സുര്‍ജിത്തിന്റെയും ജ്യോതിബാസുവിന്റെയും സമ്മതമില്ലാതെ വി പി സിങ്ങും പിന്നീട് രാജീവും സോണിയയും മുലയം സിങ്ങും ഒന്നും ഒരു നീക്കവും നടത്തിയിരുന്നില്ല.

എന്നാല്‍ കോണ്‍ഗ്രസ് മാത്രമല്ല, എന്നും ഇടതുപക്ഷത്തിനോട് അടുപ്പം പുലര്‍ത്തിയ മറ്റ് പ്രതിപക്ഷകക്ഷികളും ഇക്കുറി ഇടതുപക്ഷത്തെ ഒപ്പം കൂട്ടാന്‍ തയ്യാറായില്ലെന്നതാണ് ശ്രദ്ധേയം. ഉജ്വലമായ കര്‍ഷകപ്രക്ഷോഭം, ദലിത് ഐക്യം തുടങ്ങി സി പി എം രാജസ്ഥാനിലും മഹാരാഷ്ട്രയിലും ഒക്കെ മികച്ച മുന്നേറ്റം കാഴ്ച്ചവെച്ച സമയമായിട്ടും ലഭിച്ചത് അവഗണന. 2004 ല്‍ ജ്യോതിബാസുവിനെ പ്രധാനമന്ത്രിയാക്കാന്‍ മുന്നില്‍ നിന്ന മുലയം സിങ്ങിന്റെ സമാജ് വാദി, ലാലു പ്രസാദ് യാദവിന്റെ ആര്‍ ജെ ഡി എന്നിവയും, മൂന്നാം മുന്നണിക്കൊപ്പം നിന്ന മായാവതിയുടെ ബഹുജന്‍ സമാജ് പാര്‍ട്ടി, കേരളത്തില്‍ സഖ്യകക്ഷിയായ എന്‍ സി പി എന്നിവയുമൊക്കെ ഇപ്പോള്‍ ഇടതുപക്ഷത്തെ പൂര്‍ണമായും തഴഞ്ഞിരിക്കുകയാണ്. ഇടതുപക്ഷത്തോട് താല്‍പ്പര്യമുണ്ടായിരുന്ന പഴയ സോഷ്യലിസ്റ്റുകളായ മുലായം, ലാലു യാദവ് എന്നിവര്‍ അത്തരം രാഷ്ട്രീയ പാരമ്പര്യം ഒന്നുമില്ലാത്ത മക്കള്‍ക്കായി നേതൃത്വത്തില്‍ നിന്ന് മാറിക്കൊടുത്തതോടെയാണ് ഈ മാറ്റം.

ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിനെപ്പോലും തഴഞ്ഞ ബി എസ് പി- സമാജ് വാദി മഹാഗഡ്ബന്ധന്‍ കുറെക്കാലമായി തന്നെ ഇടതുപക്ഷത്തെ പരിഗണിക്കാറേ ഇല്ല. കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ തന്നെ കോണ്‍ഗ്രസുമായോ എസ് പിയുമായോ ബി എസ് പിയുമായോ സഖ്യം നേടാനാവാതെ ആറ് ഇടതുകക്ഷികള്‍ മാത്രം ഒന്നിച്ച് നിന്ന് ഒറ്റയ്ക്കാണ് മത്സരിച്ചത്. സി പി ഐയും ഫോര്‍വേഡ് ബ്ലോക്കും ആര്‍ എസ് പിയും കൂടാതെ സി പി ഐ (എം എല്‍-ലിബറേഷന്‍), എസ് യു സി ഐ (കമ്യൂണിസ്റ്റ്) എന്നിവയാണ് ഇടത് സഖ്യത്തില്‍. തെരഞ്ഞെടുപ്പില്‍ ഗുണമൊന്നും കിട്ടിയില്ലെന്ന് മാത്രം. 

മഹാരാഷ്ട്രയില്‍ നിന്നാണ് ഇടതുപക്ഷത്തിനു കിട്ടിയ മറ്റൊരു പ്രഹരം.

ബീഹാറിലും ഇടതുപക്ഷത്തിന് ലാലു പ്രസാദ് യാദവിന്റെ ആര്‍ ജെ ഡി നയിക്കുന്ന മഹാഗഡ്ബന്ധനില്‍ നിന്ന് ലഭിച്ചത് കടുത്ത അവഗണന. 20 സീറ്റില്‍ മത്സരിക്കുന്ന ആര്‍ ജെ ഡി 9 സീറ്റ് കോണ്‍ഗ്രസിനും ബാക്കി മറ്റ് മൂന്ന് ചെറിയ കക്ഷികള്‍ക്കും കൊടുത്തിട്ടും ഇടതുപാര്‍ട്ടികളെ തള്ളി. ഒരിക്കല്‍ ബിഹാറില്‍ നല്ല ശക്തിയുണ്ടായിരുന്ന സി പി ഐക്ക് പോലും ഒരു സീറ്റും കൊടുക്കാന്‍ ആര്‍ ജെ ഡി മുന്നണി തയ്യാറായില്ല. തങ്ങള്‍ക്ക് 6 സീറ്റ് തരാമെന്ന് ലാലു വാക്ക് തന്നിരുന്നതാണ് എന്ന് പരിഭവിക്കുന്നു സി പി ഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി. ''അദ്ദേഹം ഇപ്പോഴും ജയിലിലായതിനാല്‍ ഒന്നും ചെയ്യാന്‍ കഴിയുന്നില്ല. ഇപ്പോള്‍ ആര്‍ ജെ ഡിയെ നയിക്കുന്ന ലാലുവിന്റെ മകന്‍ തേജസ്വി യാദവിനോട് അച്ഛന്‍ ഒന്നും പറഞ്ഞിരുന്നില്ലെന്ന് തോന്നുന്നു''- റെഡ്ഡിയുടെ ദയനീയമായ വാക്കുകള്‍. സി പി ഐയുടെ യുവ താരം കനയ്യ കുമാറിനു ബെഗുസരായി സീറ്റ് നല്‍കണമെന്ന ആവശ്യം പോലും അംഗീകരിക്കപ്പെട്ടില്ല. ബീഹാറില്‍ ദീര്‍ഘകാല പാരമ്പര്യമുള്ള ഇടതുപക്ഷത്തെ അവഗണിക്കുമ്പോള്‍ തന്നെ സമീപകാലത്ത് തട്ടിക്കൂട്ടപ്പെട്ട ചില ജാതി പാര്‍ട്ടികള്‍ക്ക് സീറ്റ് കൊടുക്കാന്‍ തേജസ്വി മടിച്ചുമില്ല. ഇപ്പോള്‍ ബീഹാറിലെ ഏറ്റവും വലിയ കക്ഷിയായ സി പി ഐ-എം എല്ലിനു ഒരു സീറ്റ് നല്‍കാമെന്ന് ആര്‍ ജെ ഡി പറഞ്ഞിരുന്നു. പക്ഷേ മറ്റ് ഇടതുകക്ഷികള്‍ക്ക് സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് സി പി ഐ (എം എല്‍) ഈ വാഗ്ദാനം തള്ളുകയായിരുന്നു. ഇപ്പോള്‍ സി പി ഐ (ബെഗുസരായ്), സി പി എം, (ഉജിയാര്‍പൂര്‍) സി പി ഐ-എം എല്‍ (ആര) എന്നിവ സഖ്യമായി ഓരോ ഇടത്ത് മത്സരിക്കുന്നു. ''ആര്‍ ജെ ഡി അനുഭവത്തില്‍ നിന്ന് ഒരു പാഠവും പഠിക്കുന്നില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ അവരുടെ സഖ്യകക്ഷിയായിരുന്ന നിതീഷ് കുമാറിന്റെ ജനതാദള്‍ അവരെ ഉപേക്ഷിച്ച് ബി ജെ പി കൂടാരത്തിലേക്ക് പോയി. ഇപ്പോഴും ബി ജെ പിക്കെതിരെ എല്ലാ ആയുധവും സമാഹരിക്കാന്‍ അവര്‍ ഒരുക്കമില്ല''- സി പി ഐ എം-എല്ലിന്റെ രവി റായി പറയുന്നു. ബെഗുസരായ്, പാടലീപുത്ര, മധുബനി എന്നിങ്ങനെ ഒരു ഡസനോളം സീറ്റുകളിള്‍ ശക്തിയുള്ള ഇടതുപക്ഷത്തെ സഖ്യത്തില്‍ നിന്ന് മാറ്റി നിര്‍ത്തിയതുകൊണ്ട് ബി ജെ പിക്ക് ഗുണം കിട്ടിയേക്കാം. 

മഹാരാഷ്ട്രയില്‍ നിന്നാണ് ഇടതുപക്ഷത്തിനു കിട്ടിയ മറ്റൊരു പ്രഹരം. കേരളത്തില്‍ ഇടതുജനാധിപത്യമുന്നണിയിലെ അംഗമായ ശരദ് പവാറിന്റെ എന്‍ സി പി അവിടെ ഇടതിനെ തള്ളി കോണ്‍ഗ്രസുമായി മാത്രം ബന്ധം ഉറപ്പിക്കുകയായിരുന്നു. രാഹുല്‍ ഗാന്ധി വയനാടില്‍ മത്സരിക്കുന്നത് ബി ജെ പിക്കെതിരെയുള്ള മതേതരഐക്യം തകര്‍ക്കുമെന്നൊക്കെ ചൂണ്ടിക്കാട്ടി പിന്‍വലിപ്പിക്കാന്‍ ശ്രമിച്ച ശരദ് പവാര്‍ മഹാരഷ്ട്രയില്‍ ഒരു സീറ്റിനുള്ള (ദിന്ദോരി) ഇടതുപക്ഷത്തിന്റെ അഭ്യര്‍ഥന നിഷ്‌കരുണം തള്ളുകയായിരുന്നു. ഇവിടെ 2009 ലും 2014 ലും മൂന്നാം സ്ഥാനത്ത് വന്നത് സി പി എമ്മായിരുന്നു. ഇക്കുറി മുംബൈയിലേക്കുള്ള കര്‍ഷകരുടെ ലോങ് മാര്‍ച്ച് ഒക്കെ നടത്തി തിളങ്ങിനിന്നിട്ടും സി പി എമ്മിനെ പവാര്‍ അവഗണിച്ചു. 

ഇടതുപക്ഷത്തിന്റെ ഏറ്റവും അടുത്ത ആളായിരുന്നു മുന്‍ പ്രധാനമന്ത്രി എച്. ഡി. ദേവഗൗഡ. 1996 ല്‍ ജ്യോതിബാസുവിനു വാഗ്ദാനം ചെയ്യപ്പെട്ട പ്രധാനമന്ത്രിപദം സി പി എം വേണ്ടെന്ന് വെച്ചതുകൊണ്ടാണ് താന്‍ സ്വപ്നം പോലും കണ്ടിട്ടില്ലാത്ത ആ ഭാഗ്യം തനിക്ക് വീണുകിട്ടിയതെന്ന് നന്നായി അറിയാവുന്ന ദേവഗൗഡ അന്നു മുതല്‍ സുര്‍ജിത്തിന്റെയും ബസുവിന്റെയും ഒക്കെ മുമ്പില്‍ വാ പൊത്തി നിന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ കര്‍ണാടക ഭരിക്കുന്ന ദേവഗൗഡയുടെ ജനതാദള്‍ (എസ്)- കോണ്‍ഗ്രസ് സഖ്യത്തില്‍ ഒരു സീറ്റും സി പി എമ്മിനു നല്‍കാന്‍ തയ്യാറായിട്ടില്ല. മുലായത്തിന്റെയും ലാലുവിന്റെയും കാര്യം പോലെ,ഗൗഡയുടെ മകന്‍ (കുമാരസ്വാമി) കാര്യങ്ങള്‍ തീരുമാനിക്കുന്ന കാലമായപ്പോള്‍ വന്ന മാറ്റം കൂടിയാകാം ഇത്.

ഇടതുപക്ഷം ഏറ്റവും വലിയ വെല്ലുവിളി നേരിടുന്ന മത്സരമാണിത്

3 ദിവസം നീണ്ട ഐതിഹാസികമായ കര്‍ഷകപ്രക്ഷോഭം നടത്തി കാര്‍ഷികവായ്പ എഴുതിത്തള്ളാന്‍ രാജസ്ഥാനിലെ ബി ജെ പി സര്‍ക്കാരിനെ നിര്‍ബന്ധിതമാക്കിയത് സി പി എം ആയിരുന്നു. പക്ഷേ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനു ആരും കൂട്ടില്ല. കര്‍ഷകമുന്നേറ്റത്തിന്റെ പശ്ചാത്തലത്തില്‍ 2018 ലെ അസംബ്ലി തെരഞ്ഞെടുപ്പില്‍ 2 സീറ്റ് നേടിയ സി പി എം ലോകസഭയിലേക്ക് 3 സീറ്റില്‍ മത്സരിക്കുനുണ്ട്. സ്ഥാനാര്‍ത്ഥികളില്‍ മുഖ്യന്‍ സിക്കറില്‍ മത്സരിക്കുന്ന കര്‍ഷകസമരത്തിന്റെ നായകനും നാലു തവണ എം എല്‍ എയും ആയിരുന്ന അമ്രാ റാം. ബിക്കാനീറും, ചുരുവും സി പി എം മത്സരിക്കുന്ന മറ്റ് സീറ്റുകള്‍. 

തെലങ്കാനയില്‍ കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും തെലുങ്കുദേശവും ഒക്കെ ഉള്‍പ്പെട്ട മഹാകുടമിയില്‍ സി പി ഐ അംഗമായിരുന്നു. പക്ഷേ ലോകസഭാതെരഞ്ഞെടുപ്പില്‍ സി പി ഐയും (മഹബൂബാബാദ്, ഭുവനഗിരി) സി പി എമ്മും (മ്മം, നല്‍ഗൊണ്ട) മാത്രമേ ഇപ്പോള്‍ ഒന്നിച്ചുള്ളൂ. ആകെ 17 സീറ്റുള്ള തെലങ്കാനയില്‍ ഇരു പാര്‍ട്ടികളും 2 സീറ്റ് വീതം മത്സരിക്കുന്നു. പ്രമുഖ സിനിമാ നടനും സൂപ്പര്‍ താരം ചിരഞ്ജീവിയുടെ സഹോദരനും കാപ്പു സമുദായത്തില്‍ സ്വാധീനമുള്ള ആളുമായ പവന്‍ കല്യാണിന്റെ ജനസേന പാര്‍ട്ടിയുമായി സഖ്യശ്രമം നടക്കുന്നുവെന്ന് സി പി എം സെക്രട്ടറി തമ്മിനേനി വീരഭദ്രം. ആന്ധ്രയിലാകടെ പണ്ട് മൂന്നാം മുന്നണിയുടെ സഖാവൊക്കെ ആയിരുന്ന മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനും ഇപ്പോള്‍ ഇടതുപക്ഷത്തില്‍ താല്‍പ്പര്യമേ ഇല്ല. നായിഡു പിന്നീട് ബി ജെ പിക്കൊപ്പം ചേര്‍ന്നെങ്കിലും ഇപ്പോള്‍ വീണ്ടും പ്രതിപക്ഷത്താണ്. ഇന്ന് മമതാ ബാനര്‍ജിയാണ് നായിഡുവിന്റെ പ്രിയ സഖാവ്. രാഹുല്‍ ഗാന്ധിയുടെ അടുത്ത ആളായി നായിഡു ആദ്യം വന്നെങ്കിലും ലോകസഭയിലേക്കൊപ്പം നിയമസഭയിലേക്കും തെരഞ്ഞെടുപ്പ് നടക്കുന്ന ആന്ധ്രയില്‍ തെലുങ്കുദേശവും കോണ്‍ഗ്രസുമായുള്ള സഖ്യം തകര്‍ന്നു. കോണ്‍ഗ്രസ്സിനെ പുനരുജ്ജീവിപ്പിക്കാന്‍ നിയുക്തനായ എ ഐ സി സി സെക്രട്ടറി ഉമ്മന്‍ ചാണ്ടി തന്നെയാണ് പാര്‍ട്ടി ഒറ്റയ്ക്ക് മത്സരിക്കുന്നത് അറിയിച്ചത്. പക്ഷേ ആന്ധ്രയില്‍ ഇടതുപക്ഷം പവന്‍ കല്യാണിന്റെ ജനസേനയും ബി എസ് പിയും ചേര്‍ന്ന സഖ്യത്തില്‍ 2 സീറ്റില്‍ മത്സരിക്കുന്നുണ്ട്. ഝാര്‍ഖണ്ടിലും ഇടതുപക്ഷം ഒറ്റപ്പെട്ടിരിക്കുന്നു. ഇവിടെ കോണ്‍ഗ്രസും ഝാര്‍ണ്ട് മുക്തിമോര്‍ച്ചയും ചേര്‍ന്ന സഖ്യത്തില്‍ നിന്ന് ഒരു സീറ്റ് (ഹസാരിബാഗ്) നേടാനുള്ള ഇടതുപക്ഷത്തിന്റെ ശ്രമം ഫലിച്ചില്ല. മുക്തിമോര്‍ച്ചയുടെ ഹേമന്ത് സോറെന്‍ ഇടതുപക്ഷത്തിനു വേണ്ടി കാര്യമായി ശ്രമിച്ചെങ്കിലും കോണ്‍ഗ്രസ് അനുവദിച്ചില്ല. ഹസാരിബാഗില്‍ സി പി എം ഒറ്റയ്ക്ക് മത്സരിക്കുന്നു.

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ഇടതുപക്ഷം ഏറ്റവും വലിയ വെല്ലുവിളി നേരിടുന്ന മത്സരമാണിത്. മൂന്ന് സംസ്ഥാനങ്ങളില്‍ നിന്ന് ഒന്നിലേക്ക് അതിന്റെ ഭരണം ചുരുങ്ങിയിരിക്കുന്നു. പാര്‍ലമെന്റില്‍ ഏറ്റവും ചെറിയ സാന്നിധ്യം. എന്നാല്‍ രാഷ്ട്രീയമായി ഏറ്റവും ശക്തമായി മുന്നോട്ട് വന്ന കാലമാണിതെന്നൊക്കെ കര്‍ഷകമുന്നേറ്റത്തെയും ഉയര്‍ന്നുവരുന്ന ''നീല്‍-ലാല്‍'' (അംബദ്കര്‍-മാര്‍ക്‌സിസ്റ്റ്) ബന്ധത്തെയും ഒക്കെ മുന്‍ നിര്‍ത്തി ഇടതുനേതാക്കള്‍ അവകാശപ്പെടുന്നു. ബി ജെ പി ദേശസ്‌നേഹം ആണ് വൈകാരികമായി ഇളക്കാന്‍ ശ്രമിക്കുന്നതെങ്കിലും സാധാരണക്കാര്‍ക്കിടയില്‍ കര്‍ഷകദുരിതം, തൊഴിലില്ലായ്മ അസമത്വം എന്നിങ്ങനെ ഇടതുപക്ഷം എന്നും ഉയര്‍ത്തുന്ന വിഷയങ്ങള്‍ കൂടുതല്‍ ചര്‍ച്ചയാകുന്ന വേളയിലാണ് ഇടതുപക്ഷത്തിന്റെ ഈ അരികുവല്‍ക്കരണം എന്നത് വൈരുദ്ധ്യം. 1991 ലെ സോവിയറ്റ് തകര്‍ച്ചക്ക് ശേഷവും പിടിച്ചുനിന്ന ലോകത്തെ ചുരുക്കം കമ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ പെടുന്ന ഇന്ത്യയിലെ കമ്യൂണിസ്റ്റുകാര്‍ ഇക്കാലം വരെ അത് സാധിച്ചതാണ് അത്ഭുതമെന്ന് യോഗേന്ദ്ര യാദവിനെപ്പോലെയുള്ള നിരീക്ഷകര്‍ പറയുന്നു.ഇടതുപക്ഷം ഇന്ത്യയില്‍ നിലനില്‍ക്കേണ്ടത് ആവശ്യമാണെന്നും അതിനു കമ്യൂണിസമൊക്കെ മാറ്റി വെച്ച് ബൂര്‍ഷ്വാ ജനാധിപത്യ സമൂഹത്തിലെ തെരഞ്ഞെടുപ്പ് കളികള്‍ക്കുള്ള തന്ത്രവും ബുദ്ധിയും പ്രകടിപ്പിക്കണമെന്നും യാദവ്. പക്ഷേ ലോകത്ത് മാറ്റമില്ലാത്ത ഒന്നേ ഒന്ന് മാറ്റമാണെന്ന് പറഞ്ഞ ആചാര്യന്റെ അനുയായികള്‍ക്ക് ആണല്ലോ ബുദ്ധിപൂര്‍വമായ സ്വയം മാറ്റത്തിനോട് ഏറ്റവും അയിത്തം. 2019 ലെ തെരഞ്ഞെടുപ്പിന്റെ വിധി ഇടതു മുക്ത ഇന്ത്യ എന്നതാകുമോ?

രാഹുലിന്റെ വരവ്: ആ നാടകത്തിന് പിന്നില്‍ ശരിക്കും എന്താണ്?

Follow Us:
Download App:
  • android
  • ios