Asianet News MalayalamAsianet News Malayalam

സമ്പന്ന രാജ്യങ്ങള്‍ ഇല്ലാതാക്കിയ അടിമകളുടെ സ്വതന്ത്ര രാജ്യം; കലാപമൊഴിയാതെ ഹെയ്തി

അടിമകളുടെ സ്വാതന്ത്ര ബോധം, ലോകത്തെ സ്വാതന്ത്രത്തോടെ ചിന്തിക്കാനും ജീവിക്കാന്‍ പഠിപ്പിച്ച ഫ്രാന്‍സിനെ പോലും വിളറി പിടിപ്പിച്ചു. അടിമകളായ മനുഷ്യരുടെ ഉടമസ്ഥാവകാശം ഒഴിയാന്‍ അവര്‍ ആവശ്യപ്പെട്ട പണം ഹെയ്തി കൊടുത്ത് തീര്‍ത്തത് സ്വാതന്ത്ര്യം ലഭിച്ച് 150 വര്‍ഷം കൊണ്ടായിരുന്നു. ഹെയ്തിയുടെ ആ കഥ അളകനന്ദ ആര്‍ എഴുതുന്നു. 

Haiti the first free country of slaves eliminated by wealthy countries
Author
First Published Mar 18, 2024, 4:38 PM IST


സ്വാതന്ത്ര്യം നേടിയ അടിമകൾ സ്ഥാപിച്ച ആദ്യത്തെ രാജ്യമാണ് ഹെയ്തി. അടിമകളുടെ സ്വാതന്ത്ര്യ മോഹത്തിന് അമേരിക്കയും ബ്രിട്ടനും ഉൾപ്പടെയുള്ള ലോകം നിയന്ത്രിച്ചിരുന്ന വൻശക്തികൾ നൽകിയ ശിക്ഷയാണ് ഹെയ്തിയുടെ ദാരിദ്ര്യവും രാഷ്ട്രീയ അനിശ്ചതത്വവും. പലരും അതിനെ ലോക ചരിത്രത്തിലെ ഏറ്റവും വലിയ കൊള്ളയെന്ന് വിശേഷിപ്പിക്കുന്നു. ഇന്ന്, സമ്പന്ന രാജ്യങ്ങളുടെ കുതന്ത്രങ്ങളില്‍ പെട്ട് ഒരു പരാജയപ്പെട്ട രാജ്യമായി മാറിയിരിക്കുന്നു ഹെയ്തി.

ഹെയ്തി ചരിത്രത്തിലേക്ക്...

1492 -ൽ ക്രിസ്റ്റഫര്‍ കൊളംമ്പസ് (Christopher columbus) കാല്‍ തൊട്ടതോടെ,  അയിതി  (Ayiti) എന്നറിയപ്പെട്ടിരുന്ന ദ്വീപുരാജ്യം സ്പെയിനിന്‍റെ കാല്‍ക്കീഴിലായി. അടിമക്കച്ചവടത്തിന്‍റെ നാടായി ആ കൊച്ചു ദ്വീപ് രാജ്യം മാറി.  തദ്ദേശവാസികളായ ടൈനോ (Taino)-കളുടെ എണ്ണം ഗണ്യമായി കുറഞ്ഞു. പതുക്കെ ദ്വീപ് രാജ്യത്ത് ആഫ്രിക്കൻ അടിമകളുടെ എണ്ണം കൂടി. സ്വർണഖനികളിലും കരിമ്പുപാടങ്ങളിലും കാപ്പിത്തോട്ടങ്ങളിലും അവർ പണിയെടുത്തു. പിന്നെ, കുറേക്കാലം ഫ്രാൻസിന്‍റെ കീഴിലായിരുന്നു (1625 -1804) ഈ ദ്വീപ്. 1788 ലെ സെന്‍സസില്‍ ഹെയ്തിയില്‍ 25,000 യൂറോപ്യന്മാരും 22,000 നിറമുള്ളവരും ഉണ്ടായിരുന്നപ്പോള്‍ 7,00,000 ആഫ്രിക്കന്‍ അടിമകളായിരുന്നു ഉണ്ടായിരുന്നത്. ഫ്രഞ്ച് വിപ്ലവമാണ് അയിതി എന്ന കോളനിയിലും സ്വാതന്ത്ര്യമോഹങ്ങള്‍ക്ക് തുടക്കമിട്ടത്. പക്ഷേ, കലാപം അടിച്ചമർത്തിയ നെപ്പോളിയൻ അവരുടെ നേതാവിനെ തടവിലുമാക്കി. എന്നാല്‍, ഷോൺ ഷാക് ദെസാലീന്‍റെ നേതൃത്വത്തിൽ 10 വർഷം നീണ്ട  രക്തരൂക്ഷിതമായ യുദ്ധത്തിലൂടെ (Haitian Revolution 1791–1804)  നെപ്പോളിയന്‍റെ സൈന്യത്തെ അവർ തോൽപ്പിച്ചു. 

1804 -ലെ വേർടിയ യുദ്ധത്തോടെ (Battle of Vertières) സാൻ ഡൊമീംഗ് ഇല്ലാതെയായി, ഹെയ്തി നിലവിൽ വന്നു. ലാറ്റിന്‍ അമേരിക്കയിലെയും കരീബിയന്‍ ദ്വീപുകളിലെയും ആദ്യത്തെ സ്വതന്ത്ര രാജ്യമായി ഹെയ്തി മാറി.  പക്ഷേ, അന്നും അടിമകളെ സ്വന്തമാക്കിയിരുന്ന ഫ്രാൻസും അമേരിക്കയും ബ്രിട്ടനും ഉൾപ്പടെയുള്ള പടിഞ്ഞാറൻ രാജ്യങ്ങൾ ഹെയ്തിയെ ഒരു സ്വതന്ത്ര രാജ്യമായി അംഗീകരിച്ചില്ല. ഹെയ്തിയുടെ സ്വാതന്ത്ര്യം മറ്റ് അടിമ രാജ്യങ്ങളെയും പ്രചോദിപ്പിച്ചാലോ എന്ന് പേടിച്ചാവണം. 1804 - 1806 വരെ ആദ്യ സാമ്രാജ്യം. 1806 - 1820 വരെ രണ്ടാം ഹെയ്തി റിപ്ലബിക്ക്. 1821 - 1844 വരെ ഹിസ്പാനിയോളയുടെ ഏകീകരണം (Unification of Hispaniola). 1849 - 1859 വരെ രണ്ടാം സാമ്രാജ്യം. 1867-ൽ ഹെയ്തി ഡൊമിനിക്കൻ സ്വാതന്ത്ര്യം അംഗീകരിച്ചു. പിന്നെയും പലര്‍ ഹെയ്തിയെ ഭരിച്ചു. ഒരു വഴിക്ക് ഫ്രാന്‍സിന് കൊടുക്കാനുണ്ടായിരുന്ന കടവും അന്താരാഷ്ട്ര - പ്രത്യേകിച്ചും - യൂറോപ്യന്‍ രാജ്യങ്ങളുടെയും യുഎസിന്‍റെയും ബഹിഷ്കരണവും, രാഷ്ട്രീയ അസ്ഥിരതയും എല്ലാം കുടി ഹെയ്തിയെ തളര്‍ത്തി.

'ഒന്നും സംഭവിക്കുന്നില്ലെ'ന്ന് താലിബാൻ; സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള സ്വർണ ശേഖരവും അപ്രത്യക്ഷമായി

Haiti the first free country of slaves eliminated by wealthy countries

പണം നല്‍കി അടിമത്വം ഒഴിഞ്ഞ ജനത 

1915 - 1934 വരെ അമേരിക്കയുടെ നിയന്ത്രണത്തിലായിരുന്നു ഹെയ്തി. പ്രധാനമായും സാമ്പത്തിക നിയന്ത്രണം. 19 വർഷത്തെ ഒറ്റപ്പെടുത്തലിന് ശേഷം പിടിച്ച് നില്‍ക്കാനായി ഫ്രാൻസിൽ നിന്ന് ഹെയ്തിക്ക് കടമെടുക്കേണ്ടി വന്നു. 21 ബില്യണ്‍ ഡോളര്‍, അതും പണ്ടത്തെ അടിമകളുടെ ഉടമകൾക്ക് നഷ്ടപരിഹാരം നൽകാൻ. സമാനമായ രീതിയില്‍ പല രാജ്യങ്ങളിൽ നിന്നും ഹെയ്തി കടമെടുത്ത് തുടങ്ങി. ഒടുവില്‍, രാജ്യത്തിന്‍റെ വാർഷിക ബജറ്റിന്‍റെ 80 ശതമാനം, അതായത് വാർഷിക വരുമാനത്തിന്‍റെ 10 ഇരട്ടിയായി കടം.  പിന്നീട് 1947 -ലാണ് ഹെയ്തിക്ക് ഈ കടങ്ങള്‍ വീട്ടിത്തീര്‍ക്കാന്‍ കഴിഞ്ഞത്. സ്വാതന്ത്ര്യം ലഭിച്ച് 150 വർഷത്തിന് ശേഷം. ഇന്ന് കേള്‍ക്കുമ്പോള്‍ വിചിത്രമായി തോന്നുമെങ്കിലും അടിമ കച്ചവടം ലോകത്ത് തന്നെ ഇല്ലാതായിട്ടും, തങ്ങളുടെ സ്വാതന്ത്ര്യത്തിന്‍റെ വില മുൻ ഉടമകൾക്ക് നൽകേണ്ടിവന്നു ഹെയ്തിയ്ക്ക്. 

900 ബില്യണിന്‍റെ കടഭാരം പേറുന്നത് വെറും ഒരു കോടി ജനം ആണെന്നും അറിയണം. ലാറ്റിൻ അമേരിക്കയിലെ ഏറ്റവും ദരിദ്രമായ രാജ്യമാണിന്ന് ഹെയ്തി. ജീവിക്കാൻ വഴിയില്ലാതെ അഭയം തേടിയെത്തുന്ന ഹെയ്തിയിലെ ജനങ്ങളെ ബൈഡൻ സർക്കാർ പോലും തിരിച്ചയച്ചു, അതിൽ പ്രതിഷേധിച്ച് ഹെയ്തിയിലെ അമേരിക്കൻ അംബാസിഡർ രാജിവച്ചു. കടം വീട്ടി മുടിഞ്ഞ ഹെയ്തിയെ 2010 ലെ ഭൂചലനം തകർത്തതോടെ, ഫ്രാൻസ് പണം തിരിച്ചുകൊടുക്കണം എന്നാവശ്യമുയര്‍ത്തി പണ്ഡിതരും മാധ്യമ പ്രവർത്തകരും രംഗത്തെത്തി. പക്ഷേ, ലോകത്തെ സ്വാതന്ത്ര്യമെന്താണെന്നും അതെങ്ങനെ നേടിയെടുക്കാമെന്നും പഠിപ്പിച്ച ഫ്രാൻസ്, ആ നിര്‍ദ്ദേശത്തെ നിഷ്ക്കരുണം തള്ളിക്കളഞ്ഞു.

കോടികളുടെ ഇലക്ടറൽ ബോണ്ട്; ലോട്ടറി മുതല്‍ ഇഡി റെയ്ഡ് വരെ, സാന്‍റിയാഗോ മാർട്ടിൻ 'ഒരു ചെറിയ മീനല്ല'

Haiti the first free country of slaves eliminated by wealthy countries

രാഷ്ട്രീയ സ്ഥിരത ഇല്ലായ്മ

എരിതീയിൽ എണ്ണയായി രാജ്യത്തെ രാഷ്ട്രീയ അസ്ഥിരത മാറി. ആ തീ ആളിക്കത്തിക്കുന്നതിലും പടിഞ്ഞാറിന്‍റെ കൈയുണ്ട്. കടം വീട്ടിത്തീർത്ത ഹെയ്തിയിൽ 1957 -ല്‍ അധികാരം പിടിച്ചെടുത്തത് പപ്പ ഡോക് (Papa Doc) എന്ന ഫ്രാൻസ്വ ദുവലിയർ (François Duvalie) ആണ്, 1971 വരെ ഏകാധിപത്യം. പപ്പ ഡോക് മരിച്ചപ്പോൾ മകൻ ബേബി ഡോക് (Baby Doc) ഭരണം ഏറ്റെടുത്തു. പിന്നെ പലവട്ടം തെരഞ്ഞെടുപ്പുകൾ, അട്ടിമറികൾ, രാജികൾ, ഒടുവിൽ ആദ്യത്തെ ജനാധിപത്യ തെരഞ്ഞെടുപ്പിൽ ഷോൺ ബെർട്രൻഡ് അരിസ്റ്റൈഡ് ഹെയ്തിയുടെ പ്രസിഡന്‍റായി.
 
പക്ഷേ, നാലുവർഷത്തിന് ശേഷം സൈന്യം ഭരണം പിടിച്ചെടുത്തു. അമേരിക്കയുടെ സഹായത്തോടെ അരിസ്റ്റൈഡ് തിരിച്ചെത്തിയെങ്കിലും പിന്നെയും പുറത്തായി, തുടർന്നുണ്ടായ ഉപരോധവും ഹെയ്തിയെ പിന്നെയും തകർത്തു. 2016 -ലാണ് 'ബനാനാ മാന്‍' (Banana Man) എന്ന് സ്വയം വിളിച്ചിരുന്ന സോവനൽ മോയിസ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടത്.  മോയിസ് കൊല്ലപ്പെട്ടത് കൊളംബിയൻ വാടകക്കൊലയാളികളുടെ വെടിയേറ്റ്. 'തന്നെ അപകടപ്പെടുത്താൻ ചില ശക്തികൾ ശ്രമിക്കുന്നു' എന്ന് പതിവായി പറയുമായിരുന്നു മോയിസ്. അങ്ങനെയിരിക്കയാണ് അദ്ദേഹം കൊല്ലപ്പെടുന്നതും.  മോയിസ് പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തതാണ് ന്യൂറോ സർജനായ ഏരിയൽ ഹെന്‍റിയെ. മോയിസിന്‍റെ കൊലപാതകത്തിൽ പ്രധാനമന്ത്രിയായിരുന്ന ഏരിയൽ ഹെൻറി (Ariel Henry) -യിലേക്ക് നയിക്കുന്ന കണ്ണികൾ പബ്ലിക് പ്രോസിക്യൂട്ടർ കണ്ടെത്തി. ഹെന്‍റി പബ്ലിക് പ്രോസിക്യൂട്ടറെ പിരിച്ചുവിട്ടു.

ബോയിംഗ് വിമാന നിർമ്മാണം; പിഴവ് ചൂണ്ടിക്കാട്ടിയ വിസിൽബ്ലോവർ ജോൺ ബാർനെറ്റിനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

Haiti the first free country of slaves eliminated by wealthy countries

രാജ്യത്തെ സായുധ സംഘങ്ങള്‍ 

ഇതിനിടയിലാണ് സായുധ സംഘങ്ങളുടെ അക്രമണങ്ങള്‍ തുടങ്ങുന്നത്. പാപ്പ ഡോക്കിന്‍റെ കാലത്ത് തുടങ്ങിയതാണ് പാരാ മിലിട്ടറി സൈന്യമായ ടോൺടോൺ മക്കൂട്സ് (Tontons Macoutes or Bogeymen). അത്തരം സംഘങ്ങളെ പിന്നെയും പല ഭരണാധികാരികളും രാജ്യത്ത് ഉപയോഗിച്ചു. അരിസ്റ്റൈഡ് അവരെയൊക്കെ പിരിച്ചുവിട്ടെങ്കിലും പല പേരുകളിൽ പിന്നെയും അവയെല്ലാം ഉയിർത്തെണീറ്റു. 

കൊലകളും തട്ടിക്കൊണ്ട് പോകലും രാജ്യത്ത് പതിവായി. കഴിഞ്ഞ വർഷം മാത്രം കൊല്ലപ്പെട്ടത് 5,000 പേരാണ്.  ഇത്തരത്തില്‍ 200 ഓളം സായുധ സംഘങ്ങളുണ്ട് ഇന്ന് ഹെയ്തിയിൽ. ചെറിയ കൂലിത്തല്ലുകാർ തുടങ്ങി, വൻസംഘങ്ങളുടെ ഭാഗമായി ശമ്പളം പറ്റുന്നവർ വരെ. അതിൽ രണ്ടെണ്ണം  G PEP, G9 എന്നിവയുടെ നിയന്ത്രണത്തിലാണ് രാജ്യത്തിന്‍റെ പലഭാഗങ്ങളും. G9  ഹെൻറിക്കെതിരാണ്. G PEP മോയിസ് വിരുദ്ധരും.  പരസ്പരം ഏറ്റുമുട്ടലാണ് ഇരു സംഘങ്ങളുടെയും പതിവ്. പക്ഷേ, ഹെൻറിയുടെ രാജിക്കാര്യത്തിൽ അവരൊന്നിച്ചു. കെനിയ സഹായിക്കാനെത്തിയാൽ തങ്ങളുടെ കാര്യം കുഴപ്പത്തിലാകും എന്ന് ഭയന്നിട്ടാവണം. 

G9 നേതാക്കളിൽ പ്രമുഖൻ  ബാര്‍ബിക്യൂ (Barbecue) എന്നറിയപ്പെടുന്ന ജിമ്മി ചെറിസിയർ എന്ന മുൻ പൊലീസ് ഓഫീസറാണ്. വീടുകൾ കൊള്ളയടിച്ച്, സ്ത്രീകളെ ബലാൽസംഗം ചെയ്ത്, കൊന്ന് മുന്നേറുന്ന സംഘം. അവരുടെ കണ്ണിൽ അത് ഹെന്‍റിക്കെതിരായ സായുധ വിപ്ലവമാണ്. ഇതിനിടെയിലാണ് മുൻ വിപ്ലവകാരി ഗൈ ഫിലിപ്പെയുടെ ഇടപെടൽ. അരിസ്റ്റൈഡ് സർക്കാരിനെതിരായി വിപ്ലവം നയിച്ചത് ഫിലിപ്പെയാണ്. അമേരിക്കയിലെ ജയിൽ ശിക്ഷക്ക് ശേഷം തിരിച്ചെത്തിയ ഫിലിപ്പെ രാജ്യത്തെ മാറ്റിയെടുക്കാനുള്ള ശ്രമം എന്നാണ് തന്‍റെ ഇടപെടലിനെ വിശദീകരിക്കുന്നത്. അനുകൂലികൾ രാജ്യവ്യാപകമായി ഹെൻറിക്കെതിരായി പ്രതിഷേധം നടത്തിയിരുന്നു.

മൂന്നാം ലോക മഹായുദ്ധത്തിന് ഒരു ചുവട് മാത്രം അകലെ: വീണ്ടും അധികാരമേറ്റതിന് പിന്നാലെ പുടിന്‍

Haiti the first free country of slaves eliminated by wealthy countries

ഹെൻറി പലപ്പോഴായി തെരഞ്ഞെടുപ്പ് നീട്ടിവച്ച് ഭരണത്തിൽ തുടർന്നത് രാജ്യത്ത് വ്യാപകമായ എതിർപ്പിനും കാരണമായി. കെനിയയോട് സഹായം ചോദിച്ച് ഹെൻറി പോയ നേരത്താണ് സായുധ സംഘങ്ങൾ ഒരുമിച്ച് പോരിനിറങ്ങിയതും. ഈ ഐക്യത്തിന് ലിവിംഗ് ടുഗദര്‍ (Living Together) എന്നാണിവർ പേരിട്ടിരിക്കുന്നത്. കൊള്ളയും കൊള്ളിവയ്പും തുടരുന്നതിനിടെ രണ്ട് ജയിലുകൾ ആക്രമിച്ച്, തടവുകാരെ തുറന്നുവിട്ടു സായുധ സംഘങ്ങൾ. കെനിയയിൽ നിന്ന് ഹെൻറിയെ തിരിച്ചുവരാന്‍ അനുവദിക്കില്ലെന്നായി കൂട്ടായ നിലപാട്.
അങ്ങനെ ഹെൻറിയ്ക്ക് രാജി വയ്ക്കേണ്ടി വന്നു. 

ഹെയ്തിയുടെ പൊലീസ് സേനയിൽ 9,000 പേരെയുള്ളൂ. അവർക്ക് ആയുധങ്ങൾ നൽകിയിരുന്നു അമേരിക്ക. പക്ഷേ ഇന്ന് എല്ലാം തുരുമ്പെടുത്ത് നശിച്ചു. 5,000 ത്തോളം അംഗങ്ങൾ സേന വിട്ടുപോയി.  രാഷ്ട്രീയ പാർട്ടികളുടെ എതിർപ്പുകാരണം പുതിയ നേതൃത്വത്തെ അധികാരമേൽപ്പിക്കാനുള്ള ശ്രമവും പരാജയപ്പെട്ടു.  ചുരുക്കത്തിൽ ഹെയ്തി ഇന്നൊരു പരാജയപ്പെട്ട രാജ്യമാണ്. പടിഞ്ഞാറിന്‍റെ കണ്ണിൽ. വൻശക്തികൾ ഒറ്റക്കെട്ടായി ശിക്ഷിച്ച് പരാജയപ്പെടുത്തിയ രാജ്യമെന്നും വ്യാഖ്യാനിക്കുന്നു നിരീക്ഷകർ. അടിമകളുടെ സ്വാതന്ത്ര്യ മോഹത്തിന് സമ്പന്ന രാജ്യങ്ങള്‍ നൽകിയ ശിക്ഷ.

Follow Us:
Download App:
  • android
  • ios