കുഞ്ഞിന്റെസ്ഥിതി അതീവ ഗുരുതരാവസ്ഥയിലൂടെ കടന്നു പോയ്‌ക്കൊണ്ടിരുന്നു. ഇടയക്ക് വൃക്കകള്‍ പണിമുടക്കി. ബി പി. കുറഞ്ഞു. ഹൃദയത്തില്‍ ജന്മനാ ചില തകരാറുകള്‍. ആമാശയവും കുടലുകളും അനുസരണക്കേട് കാണിച്ചു കൊണ്ടേയിരുന്നു. ശ്വാസഗതി ക്രമപ്പെടാതെ ഏറെ നാള്‍.  

ചില അനുഭവങ്ങള്‍ അങ്ങനെയാണ്. കഥയേക്കാള്‍ സങ്കീര്‍ണ്ണവും മുറിവേല്‍പ്പിക്കുന്നതും.
 
ഫെബ്രുവരിയിലെ ഒരു വൈകുന്നേരം. ജോലിയെല്ലാം കഴിഞ്ഞ് തിരിച്ചു പോരാന്‍ ഒരുങ്ങുന്ന എനിക്ക് ഒരു ഫോണ്‍. 'പെട്ടെന്ന് ഐസിയുവിലേക്ക് വരണം. സിസേറിയന്‍ കഴിഞ്ഞ് പുറത്തെടുത്ത ഒരു കുട്ടിയെ ഐസിയുവിലേക്ക് മാറ്റുന്നു. കുട്ടി നല്ല സീരിയസ് ആണ്.

ഞാന്‍ ഓടി. കുറച്ചു നേരം കഴിഞ്ഞപ്പോള്‍ കൂടെയുള്ള ഡോക്ടര്‍ കുഞ്ഞിനേയും കൊണ്ട് എത്തി. ആറ് മാസത്തെ വളര്‍ച്ചയേ ഉള്ളൂ അവന്. (27ആഴ്ചകള്‍). ഏകദേശം 800 ഗ്രാം തൂക്കം ഉണ്ടായിരുന്നുള്ളൂ. ശ്വാസമില്ല. ജനിച്ച ഉടനെ കരഞ്ഞിട്ടില്ല. യാതൊരു വിധ അനക്കവുമില്ല. ഹൃദയമിടിപ്പ് വേണ്ടതിലും പകുതി മാത്രം. ചികിത്സ തുടങ്ങി. വെന്റിലേറ്റര്‍ സഹായം കൊടുത്തു.  രാത്രി ഏറെ ആയപ്പോള്‍  കുറച്ചു നല്ല വ്യത്യാസങ്ങള്‍ കണ്ടു തുടങ്ങി. കൂടെയുള്ളവരോട് ഒന്ന് വിശദമായി സംസാരിക്കാന്‍ തീരുമാനിച്ചു.

വന്നത് നല്ല പൊക്കമുള്ള ഇരുണ്ടനിറക്കാരന്‍. അത്യാവശ്യം തടിയുണ്ട് . അമ്പതു വയസ്സിനടുത്ത് പ്രായം വരും. മുന്നില്‍ ഇരുന്ന അയാളുടെ കണ്ണുകള്‍ എന്റെ കണ്ണുകളിലേക്ക് നോക്കുന്നതേ  ഇല്ല. തല താഴ്ത്തി ഇരിക്കുകയാണ്. കൂടെ മറ്റൊരു സ്ത്രീയുണ്ട്. 

ഞാന്‍ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു.ഉത്തരങ്ങള്‍ പറഞ്ഞത് സ്ത്രീയാണ്. കല്യാണം കഴിഞ്ഞിട്ട് 17 വര്‍ഷം കഴിഞ്ഞു. പല തരത്തിലുള്ള ചികിത്സകള്‍ ചെയ്തുവെങ്കിലും ഇപ്പോഴാണ് അയാളുടെ ഭാര്യ ഗര്‍ഭം ധരിച്ചത്. എല്ലാവിധ പരിചരണങ്ങളും കൊടുത്തിരുന്നെങ്കിലും ഇന്ന് രാവിലെ അമിതമായ രക്തസ്രാവം ഉണ്ടായി. അമ്മയുടെ നില അതീവ ഗുരുതരാവസ്ഥയിലേക്ക് നീങ്ങിയത് കൊണ്ടാണ് ഇങ്ങോട്ട് റഫര്‍ ചെയ്തത്.

ഞാന്‍ കുഞ്ഞിന്റെ അസുഖവിവരങ്ങള്‍  വിശദീകരിച്ചു കൊടുത്തു. എല്ലാം കേട്ടു കഴിഞ്ഞ് അയാള്‍  ഒരേയൊരു ചോദ്യം മാത്രം ചോദിച്ചു. 'എങ്ങനെയുണ്ട് ഡോക്ടര്‍ അവള്‍ക്ക്?'  ( ഭാര്യയെ കുറിച്ചാണ് അയാള്‍ ചോദിച്ചത് )

ഗൈനക്കോളജിസ്റ്റുമായി സംസാരിച്ച ശേഷം പറഞ്ഞു-'അവള്‍ക്ക് ഇപ്പോള്‍ കുഴപ്പമൊന്നുമില്ല അപകടനില തരണം ചെയ്തിരിക്കുന്നു'.

പിറ്റേ ദിവസം രാവിലെ അയാള്‍ വന്നു. വളരെയധികം നിസ്സഹായവസ്ഥയിലാണ് അയാളെന്ന് ആ കണ്ണുകള്‍ ഓര്‍മിച്ചു. കുഞ്ഞിന്റെ കാര്യങ്ങള്‍ വിശദീകരിച്ചു. അയാള്‍ എന്റെ മുഖത്തേക്ക് ഇടയ്ക്കിടെ നോക്കി. ഞാന്‍ പറഞ്ഞ് നിര്‍ത്തിയപ്പോള്‍ മേശയില്‍ വെച്ചിരുന്ന എന്റെ കൈകളിലേക്ക് മേലെ വീണ് അയാളുറക്കെ വാവിട്ട് കരഞ്ഞു. ആ കൗണ്‍സലിംഗ് റൂമിലുണ്ടായിരുന്ന എല്ലാവരും വല്ലാതെയായി. 

ഏകദേശം 10 മിനുട്ടിനു ശേഷം അയാള്‍ തലയുയര്‍ത്തി. അയാളുടെ കൈ പിടിച്ച് ഞാന്‍ പറഞ്ഞു- 'നമുക്കു ശരിയാക്കാം''

'ഈ വാചകം എല്ലാ ദിവസവും എന്നോടു പറയാമോ? കുറച്ചു ധൈര്യം കിട്ടുമല്ലോ'

മൂന്നാമത്തെ ദിവസം മുതല്‍ ഒരു പുതിയ മനുഷ്യനായിട്ടാണ് അയാള്‍ വന്നത്. മുഖത്ത് എപ്പോഴും നിറഞ്ഞ ചിരി ഉണ്ടാവും. പിന്നീടൊരിക്കലും ഊര്‍ജസ്വലനായല്ലാതെ അയാളെ ഞാന്‍ കണ്ടിട്ടില്ല.

കുഞ്ഞിന്റെസ്ഥിതി അതീവ ഗുരുതരാവസ്ഥയിലൂടെ കടന്നു പോയ്‌ക്കൊണ്ടിരുന്നു. ഇടയക്ക് വൃക്കകള്‍ പണിമുടക്കി. ബി പി. കുറഞ്ഞു. ഹൃദയത്തില്‍ ജന്മനാ ചില തകരാറുകള്‍. ആമാശയവും കുടലുകളും അനുസരണക്കേട് കാണിച്ചു കൊണ്ടേയിരുന്നു. ശ്വാസഗതി ക്രമപ്പെടാതെ ഏറെ നാള്‍.  

'അമ്മയ്ക്ക് കുഞ്ഞിനെ കാണണ്ടേ ? വരാന്‍ പറയൂ. നമുക്ക് ഐ സി യു വിന്റെ ഉള്ളിലേക്ക് വീല്‍ചെയറില്‍ കൊണ്ടു പോയി കാണിക്കാം'-നാലാമത്തെ ദിവസവും അമ്മയെ കാണാതായപ്പോള്‍ ഞാന്‍ ചോദിച്ചു.

'അവള്‍ക്കു പേടിയാ'-അയാളുറക്കെ  ചിരിച്ചു. 'ഒന്നും ഒറ്റയ്ക്ക് ചെയ്ത് ശീലമില്ല. എല്ലാത്തിനും പേടി'

ഞാന്‍ ഒഴിവു സമയം നോക്കി അവളെ കാണാന്‍ പോയി. കുഞ്ഞിനെപ്പോലെ അവളെ മടിയില്‍ കിടത്തി തലയില്‍ തലോടി കൊണ്ട് അയാള്‍ സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു അപ്പോള്‍.

'പെണ്ണേ നോക്ക്, നമ്മുടെ ഡോക്ടര്‍'.

നീണ്ടു മെലിഞ്ഞ വെളുത്ത ദു:ഖം ഘനീഭവിച്ച കണ്ണുകളുമായി ഒരു സ്ത്രീ. നാല്‍പ്പതു വയസ്സിനോടടുത്ത പ്രായം. മുടി ചിലയിടത്തായി നരച്ചിട്ടുണ്ട്. 

എന്നെ കണ്ടതും അവള്‍ തേങ്ങാന്‍ തുടങ്ങി. അയാളവളെ  നേഞ്ചോടു ചേര്‍ത്തു പിടിച്ചു പതുക്കെ എഴുന്നേറ്റു നിന്നു. 

'തൊട്ടതിനും പിടിച്ചതിനുമൊക്കെ കരയണ ആളാ.. അപ്പോ പിന്നെ ഇങ്ങനത്തെ പ്രശ്‌നം ആവുമ്പോ പറയണ്ടല്ലോ. പൊട്ടിപ്പെണ്ണ്. ദൈവം തരാന്‍ വെച്ചതാണെങ്കില്‍ തരും. അല്ലെങ്കില്‍ നമ്മുടേതല്ല എന്നു വിചാരിക്കണം'- അയാള്‍ പതുക്കെ ചിരിച്ചു കൊണ്ടു പറഞ്ഞു. 

അവളെ ആശ്വസിപ്പിച്ച് കുഞ്ഞിനെക്കാണാന്‍ വരാന്‍ പറഞ്ഞ് ഞാനെന്റെ തിരക്കിലേക്ക് ഊളിയിട്ടു.

എട്ടാമത്തെ ദിവസം അവള്‍ ഐ.സി.യുവില്‍ കുഞ്ഞിനെ കാണാന്‍ വന്നു. ഇത്തിരിപ്പോന്ന അവനെ കണ്ടതും തല കറങ്ങി വീണ അവള്‍ പിന്നീട് കുറേ ദിവസത്തേക്ക് വന്നില്ല. അയാള്‍ ഇടയ്ക്കിടെ വന്ന് മോനോട് വര്‍ത്തമാനം പറയുകയും ചിരിക്കുകയും തലോടുകയും ചെയ്യുമായിരുന്നു. 

ആയിടയ്ക്ക് എന്നോട് അവരുടെ ജീവിതം പറഞ്ഞു. അയാള്‍ പണിക്കു പോയപ്പോള്‍ അവളെ കണ്ടതും പ്രണയം പൂത്തതും  കല്യാണം കഴിച്ചതും അതു കഴിഞ്ഞ് കുട്ടികളാവാതിരുന്നപ്പോള്‍ കുടുംബം അയാളുടെ പ്രവൃത്തിയെ കുറ്റപ്പെടുത്തിയതും, കഴിഞ്ഞ പതിനേഴ് വര്‍ഷം ഒരു കുഞ്ഞിനു വേണ്ടി നടത്തിയ ചികിത്സകളും പ്രാര്‍ഥനകളും. അയാളു2െ പറച്ചിലിലാകെ തമാശ കലര്‍ന്നിരുന്നു. 

കഥകള്‍ക്കവസാനം അയാളെന്നെ ഓര്‍മിപ്പിക്കുമായിരുന്നു-'മാഡം ഒന്നു പറയൂ  എല്ലാം ശരിയാവുംന്ന്'.

'എല്ലാം ശരിയാവും'

പതുക്കെ പതുക്കെ അവരുടെ കുഞ്ഞ് ജീവിതത്തിലേക്ക് തിരിച്ചു വന്നു തുടങ്ങി. അവന്‍ ക്രമമായി ശ്വാസം വലിക്കുവാനും ഹൃദയ തകരാറ് മരുന്നുകള്‍ കൊണ്ട് ശരിയാവാനും തുടങ്ങി. ഏകദേശം ഒരു മാസം കഴിഞ്ഞപ്പോള്‍ അവന്‍ അവളുടെ മുല വലിച്ചു കുടിച്ചു. അന്നാണ് പ്രസവിച്ച ശേഷം ആദ്യമായി സദാ വിഷാദത്തിലായിരുന്ന അയാളുടെ പെണ്ണ്  ചിരിച്ചത്. നാണത്തില്‍ കുതിര്‍ന്ന ചിരി.

അന്നു മുതല്‍ അവരെ ഒരുമിച്ചേ കണ്ടിട്ടുള്ളൂ. കൈകള്‍ കോര്‍ത്തു പിടിച്ച് അങ്ങനെ... അവര്‍ നടക്കുകയോ ഇരിക്കുകയോ കുശുകുശുക്കയോ ചിലപ്പോള്‍ വരാന്തയില്‍ അയാളുടെ തോളില്‍ തല ചായ്ച്ച് കിടക്കുകയോ ചെയ്യുകയായിരിക്കും...

ഒന്നര മാസം കഴിഞ്ഞു കാണും, കുഞ്ഞ് ഏകദേശം ശരിയായപ്പോള്‍ ഞാനവരോട് അവനെ അവരുടെ അടുത്തേക്ക് വാര്‍ഡിലേക്ക് മാറ്റുന്നതിനെക്കുറിച്ച് സംസാരിച്ചു. അവളുടെ പേടി കൂടാന്‍ തുടങ്ങി. 

'ഒറ്റയ്ക്ക് എടുക്കാനറിയില്ല. പാലുകുടിപ്പിക്കാനറിയില്ല. എനിക്ക് വയ്യ മാഡം'- അവളുടെ ഉറക്കം നഷ്ടപ്പെട്ടു. ഉത്ക്കണ്ഠ കൂടിക്കൂടി വന്നു.

'മനസ്സ് ശരിയാവട്ടെ. കുറച്ചു കൂടി ധൈര്യം വരട്ടെ എന്നിട്ട് മാറ്റാം.'

അയാളപ്പോഴും അവളോട് ചേര്‍ന്ന് നിന്നു. അവളായിരുന്നു അയാള്‍ക്ക് എന്തിനേക്കാളും വലുത്.

ഒരു ദിവസം  രാത്രി അവരുടെ കുഞ്ഞ് നിര്‍ത്താതെ കരഞ്ഞുവത്രേ. സ്റ്റാഫ് ഇതെന്നോടു പറഞ്ഞപ്പോള്‍ പിറ്റേന്ന് രാവിലെ ഞാനയാളോട് സൂചിപ്പിച്ചു 

'നിങ്ങളുടെ അടുത്ത് നില്‍ക്കാനാവും അവനിഷ്ടം. മാറ്റിത്തരട്ടേ?'

രണ്ട് കൈയും നീട്ടി അന്ന് വൈകുന്നേരം അവര്‍ അവനെ വാങ്ങി. അവളുടെ കണ്ണു നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. കൈകളില്‍ നേരിയ ഒരു വിറയലും. അയാള്‍ മനസ്സു നിറഞ്ഞ് ചിരിക്കുന്നുണ്ടായിരുന്നു. 

പിറ്റേന്ന് പുലര്‍ച്ചെ അഞ്ചു മണി ആയപ്പോള്‍ എനിക്ക് വന്ന ഫോണിന്റെ അങ്ങേപ്പുറത്ത് നിന്ന് കേട്ടത് എനിക്കു വിശ്വസിക്കാനായില്ല. അയാള്‍ക്ക് ഹൃദയസ്തംഭനം വന്നു.  ഇത്തവണ വാര്‍ഡില്‍ കുഴഞ്ഞു വീണു. മുമ്പ് രണ്ട് തവണ വന്നിട്ടുണ്ടത്രേ. മരുന്നുകള്‍ കഴിയ്ക്കുന്നുമുണ്ട്. 

ഞാനോടിയെത്തിയപ്പോളേക്കും എല്ലാം കഴിഞ്ഞിരുന്നു. വെള്ളപുതച്ചു കിടക്കുന്ന ആ സമയത്തും ഒരു ചെറിയ ചിരി ആ ആറടിപ്പൊക്കക്കാരനില്‍ ഉണ്ടായിരുന്നു. 

ഇത്രേം വര്‍ഷങ്ങള്‍ അനുഭവിച്ച വിഷമങ്ങളെല്ലാം  മോനെക്കണ്ടപ്പോള്‍ പുറത്തു വന്നതാണോ, അതോ  ഇത്രേം വലിയ സന്തോഷം താങ്ങാന്‍ ആ ചെറിയ ഹൃദയത്തിനു പറ്റാതായതാണോ? അറിയില്ല.

ആ മോനിപ്പോള്‍ നാലു വയസ്സു കഴിഞ്ഞു. മിടുക്കന്‍. ഈ ജൂണില്‍ എല്‍.കെ.ജിയില്‍ പോകും. അഡ്മിഷന്‍ എടുക്കുന്നതിനു മുന്‍പേ പറയാന്‍ വന്നിരുന്നു അമ്മയും മോനും. അവളിപ്പോള്‍ ടൈലറിംഗ് ജോലി ചെയ്യുന്നു. 

തലയില്‍ കൈ വെച്ച് നന്മ വരട്ടെ എന്നു പറഞ്ഞപ്പോള്‍ അവള്‍ പറഞ്ഞു-'അപ്പു അവന്റെ അച്ഛനെപ്പോലെയേ അല്ലാട്ടോ ഡോക്ടറേ. ഭയങ്കര ദേഷ്യക്കാരനാ..'