Asianet News MalayalamAsianet News Malayalam

Opinion : സങ്കടവും ദേഷ്യവും സ്‌നേഹവും ഒന്നിച്ച് അനുഭവപ്പെടുന്ന നേരം!

പ്രസവം കഴിഞ്ഞ് എനിക്ക് പോസ്റ്റ് പാര്‍ട്ടം ഡിപ്രഷന്‍ വരാഞ്ഞത് ഏട്ടന്റെ കരുതലും സ്റ്റേഹവും കൂട്ടും ഉള്ളത് കൊണ്ട് മാത്രമാണെന്ന് ഞാന്‍ ചിന്തിക്കാറുണ്ട്. 

hospital experiences a UGC column  by Roshni RS
Author
Thiruvananthapuram, First Published Mar 31, 2022, 3:45 PM IST

ജീവിതം എത്ര നിസ്സാരമെന്ന് പഠിപ്പിക്കുന്ന പാഠശാലയാണ് ആശുപത്രികള്‍. നമ്മുടെ അഹന്തകളെ, സ്വാര്‍ത്ഥതകളെ തകര്‍ത്തുകളയുന്ന അനുഭവങ്ങളുടെ ഇടം. അകമേ നമ്മെ പുതിയൊരാളാക്കി മാറ്റും അത്.  നിങ്ങള്‍ക്കുമില്ലേ അത്തരം അനുഭവങ്ങള്‍. രോഗിയായും കൂട്ടിരിപ്പുകാരായും ഡോക്ടറായും നഴ്സുമാരായുമെല്ലാം നിങ്ങളറിയുന്ന ആശുപത്രി അനുഭവങ്ങള്‍ എഴുതൂ. കുറിപ്പ് ഒരു ഫോട്ടോ സഹിതം submissions@asianetnews.in എന്ന മെയില്‍ ഐഡിയില്‍ അയക്കൂ. പൂര്‍ണമായ പേരും മലയാളത്തില്‍ എഴുതണേ. സബ് ജക്ട് ലൈനില്‍ 'ആശുപത്രിക്കുറിപ്പുകള്‍' എന്നെഴുതാനും മറക്കരുത്

 

hospital experiences a UGC column  by Roshni RS

 

നടൂലല്ലാതെ നടുവേദന, വയറിലൊരു റോസാ മുള്ളിന്റെ പോറല്‍, താഴേക്കിടക്കിടെയുള്ള വല്ലാത്ത കുത്തല്‍. 

ഇത് അതുതന്നെയാണെന്ന് ഞാനുറപ്പിച്ചു. വേദനകളുടെ പേരും തരവുമറിയാതെ കിടക്കയില്‍ ഞാന്‍ മൊബൈലും തോണ്ടി കിടന്നു. വയറില് റോസാ മുള്ള് വിരിയണ ദൈര്‍ഘ്യം കൂടിയപ്പോ ചുമ്മാ ഒരു ടാക്‌സീം വിളിച്ച് ആശുപത്രീലെത്തി.

ഒപിയില്‍ കാത്തു നില്‍ക്കാതെ നേരെ ലേബര്‍ റൂമിനകത്തേക്ക്. ലേബര്‍ റൂമില്‍ ഞാനും നാലഞ്ച് നഴ്‌സുകളും മാത്രം. എന്നെക്കാള്‍ എത്രയോ വയസ് കൂടുതലായിട്ടും അവരും ഞാനും സുഹൃത്തുക്കളെ പോലെ പെരുമാറി. ഗുളിക കഴിക്കാത്തോണ്ട് ചീത്ത പ്രതീക്ഷിച്ച എനിക്ക് വേഗം കഴിക്കെന്ന് പറഞ്ഞ് ഗുളിക തന്നു. മണിക്കൂറുകളോളം ഞാന്‍ വെറുതേ സൊറ പറഞ്ഞ് കിടക്കുവാണ് അവരോട്. ഇടക്ക് നാലഞ്ച്‌പേര്‍ ചുറ്റും കൂടി നില്‍ക്കും. വിരലിട്ട് പരിശോധിക്കും. നോക്കുന്ന ഓരോരുത്തര്‍ക്കും വ്യത്യസ്ത അഭിപ്രായങ്ങള്‍! 

കയ്യില്‍ മൊബൈലില്ല. പുറത്ത് കാത്തിരിക്കുന്ന അമ്മയോട് ഇവിടൊന്നും നടക്കുന്നില്ല, പേടിക്കണ്ട എന്നു പറയാന്‍ വെമ്പുന്നു. എങ്ങനെ വിവരമറിയിക്കും? മൂത്രമൊഴിക്കാനെന്നു പറഞ്ഞ് ലേബര്‍ റൂമിനകത്തുതന്നെയുള്ള ബാത്‌റൂമിനടുത്തെത്തി. വെറുതേ ചാരി കിടക്കുന്ന പുറത്തേക്കുള്ള വാതിലിലൂടെ പാളി നോക്കി. അമ്മ അതേ ഇരിപ്പാണ്. ആക്ഷന്‍ കാണിച്ചും ഒടുവില്‍ ചെറിയ ശബ്ദത്തോടെ ശ്രദ്ധയാകര്‍ഷിച്ചും കാര്യമവതരിപ്പിച്ചു. മൊബെല്‍ കൈക്കലാക്കി.

പരിശോധനയില്‍ കണ്‍ട്രാക്ഷന്‍ ഒന്നും കാണാനില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞപ്പോള്‍ ഇടക്ക് കണ്‍ട്രാക്ഷന്‍ ഉണ്ടായെന്ന് സീനിയര്‍ നഴ്‌സ് തറപ്പിച്ചു പറഞ്ഞു. അങ്ങനെ ഡോക്ടര്‍ മൂത്രപരിശോധനയ്ക്കുള്ള സ്ലിപ് തന്നു. പിന്നല്ലേ മനസ്സിലായത് താഴേക്കുണ്ടായിരുന്ന കുത്തല്‍ കുഞ്ഞിന്റേതല്ലെന്നും യൂറിനറി ഇന്‍ഫെക്ഷന്‍ ആണെന്നും.

രക്തസമ്മര്‍ദ്ദം നല്ലോണം ഉണ്ടാരുന്നു. ശരീരമാസകലം എന്നെ ഞാനെന്ന് തിരിച്ചറിയാനാവാത്ത വിധം നീരും. എന്തായാലും അഡ്മിറ്റാക്കാമെന്ന് തീരുമാനമായി. വീണ്ടും ലേബര്‍ റൂമിനകത്തേക്ക്. അവിടെ വച്ച് കുറച്ച് വലിയ സിറിഞ്ചില്‍ മഞ്ഞ നിറത്തിലുള്ള ഇഞ്ചക്ഷന്‍ കുത്തിവെക്കപ്പെട്ടു. ചോദിച്ചപ്പോ യൂറിനറി ഇന്‍ഫെക്ഷന്‍ മാറാനുള്ളതാണെന്ന് പറഞ്ഞു. ഇതിനിടക്ക് നഴ്‌സുമാര്‍ ചായ വേണോ, പലഹാരം വേണോ എന്നൊക്കെ അവരിലൊരാളെ പോലെ എന്നോട് ചോദിച്ചു കൊണ്ടിരുന്നു. 

എന്തായാലും കാരണങ്ങള്‍ റെഡിയായി. BP, യൂറിനറി ഇന്‍ഫെക്ഷന്‍, നീര്. 

സ്‌കാന്‍ ചെയ്യാനാവശ്യപ്പെട്ടു. സ്‌കാനിങ്ങില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ അന്നു തന്നെ സിഎസ് ചെയ്യാമെന്ന് പറഞ്ഞു. 

സ്‌കാനിംഗിനു മുമ്പേ മൂത്രമൊഴിക്കാന്‍ റൂമിലേക്ക് പോയി. ടി വി സൗകര്യമുള്‍പ്പെടെയുള്ള മുറി കണ്ടപ്പോള്‍, സീരിയലൊക്കെ കണ്ട് കുറച്ച് ദിവസം കിടന്ന് മെല്ലെ പ്രസവിക്കാമെന്നു കരുതി സന്തോഷിച്ചു. വീണ്ടും സ്‌കാനിംഗ് റൂമിലേക്ക് ലിഫ്റ്റ് കേറിയപ്പോഴാണ് ഞാന്‍ വിശ്വസിച്ചതൊക്കെ മണ്ടത്തരമാണെന്ന് മനസ്സിലായത്. 

'ഈ കുട്ടിക്കല്ലേ നാളെ സിസേറിയന്‍!'- അവിടെയുള്ള ഒരു സ്വീപ്പിംഗ് സ്റ്റാഫിന്റെ ചോദ്യമായിരുന്നു അത്. എന്തായാലും സ്‌കാനിംഗില്‍ കുട്ടിയുടെ പൊസിഷനുള്‍പ്പെടെ എല്ലാം നോര്‍മല്‍ ആയിരുന്നു.

402. ആ മുറിയിലെ പൊക്കം കൂടിയ ബെഡിലേക്ക് ഞാന്‍ ചരിഞ്ഞു കിടന്നു. ഫോണ്‍ വിളികള്‍ വരുന്നുണ്ടായിരുന്നു. 'വേദന വരാനുള്ള ഇഞ്ചക്ഷന്‍ തന്നോ?'

ഇല്ലെന്നാണ് ഞാന്‍ പറഞ്ഞത്. കൊടുത്തു എന്ന് അമ്മ പറഞ്ഞപ്പോള്‍ രണ്ടാമതൊന്നു കൂടി പറ്റിക്കപ്പെട്ടതിന്റെ ചമ്മലില്‍ ഞാന്‍ വാ പൊളിച്ചു കിടന്നു. യൂറിനറി ഇന്‍ഫെക്ഷനെന്നു പറഞ്ഞ് തന്നത് വേദന വരാനുള്ള ഇഞ്ചക്ഷനായിരുന്നു!

വേദന ഒന്നും വരാത്തതിനാല്‍ പിറ്റേന്ന് ഒരു മണിക്ക് സിസേറിയന്‍ ചെയ്യാന്‍ തീരുമാനമായി. ഇടക്കിടെ നഴ്‌സ് വന്ന് എഫ്.എച്ച് ആര്‍ പരിശോധിക്കും. കുഞ്ഞിന്റെ ഹൃദയമിടിപ്പ് ശബ്ദം റൂമിനകത്തെ ഹൃദയങ്ങളിലേക്ക് ആഴ്ന്നിറങ്ങും.

പിറ്റേന്ന് അതിരാവിലെ ഭക്ഷണം കഴിച്ചതാണ്. 12 മണിക്ക് നഴ്‌സറി കുട്ടിയെ പുറപ്പെടുവിക്കും പോലെ രണ്ടു ഭാഗത്തും മുടി പിന്നിയിട്ട് അമ്മ ഒരുക്കി. വീല്‍ ചെയറിലിരുന്ന് സുഗമമായി ഓപ്പറേഷന്‍ തിയറ്ററിനു മുന്നിലെത്തി. നീല കുപ്പായമിട്ട് കുറെ നേരം വെറുതെ കിടന്നു. അറേഞ്ച്‌മെന്റുകള്‍ തകൃതിയായി നടന്നു. 

നടു വളച്ച് ഒരു വലിയ സിറിഞ്ചു കൊണ്ട് അനസ്‌തേഷ്യ കുത്തിയിറക്കി. വയറു മുതല്‍ കീഴ്‌പ്പോട്ട് ഞാന്‍ ചലനമറ്റു കിടന്നു. അവിടെ നടക്കുന്നതും സംസാരങ്ങളും എനിക്ക് വ്യക്തമായിരുന്നു. കണ്ണടക്കണോ തുറക്കണോ എന്ന് ചോദിച്ചപ്പോള്‍ ഇഷ്ടമുള്ളതു പോലെ ചെയ്‌തോളാന്‍ അനസ്‌തെറ്റിസ്റ്റ് പറഞ്ഞു. കണ്ണ് തുറന്നു കിടക്കാന്‍ പ്ലാനിട്ട ഞാന്‍ ഫാനില്‍ ചോരച്ച മാംസത്തിന്റെ മങ്ങിയ പ്രതിബിംബം കണ്ടപ്പോള്‍ കണ്ണുകളടച്ചു. 

ഓപ്പറേഷന്‍ തുടങ്ങി അഞ്ചു മിനിറ്റുകള്‍ക്കുള്ളില്‍ കുഞ്ഞിനെ പുറത്തെടുത്തു.

പ്രതീക്ഷിച്ചതു പോലെ പെണ്‍കുഞ്ഞ് തന്നെ. നഴ്‌സ് കുഞ്ഞിനെ കാണിച്ച് പുറത്തേക്ക് കൊണ്ടുപോയി. സിനിമാക്കഥകള്‍ കണ്ട ഞാന്‍ കുഞ്ഞിനെ അടുത്ത് കൊണ്ടു കിടത്തി പാല്‍ കൊടുക്കാന്‍ തരുന്നതും കാത്ത് കിടന്നു. അത് സിനിമയില്‍ മാത്രമാണെന്ന് മനസ്സിലായി. 

ഒരു സ്ട്രച്ചറില്‍ നിന്നും പോസ്റ്റ് ഓപ്പറേറ്റീവ് വാര്‍ഡിലെ ബെഡിലേക്കെന്നെ മറിച്ചിട്ടു. കുളിരെടുത്ത് എന്റെ പല്ലുകള്‍ ഒച്ചയുണ്ടാക്കി കൊണ്ടിരുന്നു. രണ്ട് കട്ടി പുതപ്പുകള്‍ കൊണ്ട് ഞാന്‍ മണിക്കൂറുകളോളം ഉറങ്ങി. പോസ്റ്റ് ഓപ്പറേറ്റീവ് വാര്‍ഡില്‍ എനിക്ക് കൂട്ടിരുന്ന നഴ്‌സ് എന്നെ ഒരു പാട് സഹായിച്ചു. പിടിച്ചെഴുന്നേല്‍പ്പിച്ചു. പല്ലു തേച്ച് തുപ്പാനും മുഖം കഴുകാനും പാത്രം പിടിച്ചു തന്നു. (അവര്‍ തന്നെ പാത്രം വൃത്തിയാക്കി), ചായ ഒഴിച്ചു തന്നു, പലഹാരം പിടിച്ച് തന്നു, ഇടക്ക് കൈ പിടിച്ച് രണ്ട് മൂന്നടി നടത്തിച്ചു. തുണികള്‍ മാറി മാറി ഉടുപ്പിച്ചു, ക്ലോട്ടുകള്‍ ചൂടുവെള്ളം കൊണ്ട് വൃത്തിയാക്കിക്കൊണ്ടിരുന്നു. 

ഓപ്പറേഷനു മുമ്പേ, വീട്ടുകാരെ അറിയാവുന്ന ഒരു നഴ്‌സ് എന്നോട് വീട്ടുവിവരങ്ങള്‍ തിരക്കിയിരുന്നു. 
ഓപ്പറേഷന് ശേഷം അതേ നേഴ്‌സ് വന്ന് അതേ വിവരങ്ങള്‍ എന്നോട് ചോദിച്ച് അതേ ഉത്തരങ്ങള്‍ കേട്ടിരുന്നു!

ചരിഞ്ഞു കിടക്കാന്‍ പറഞ്ഞപ്പോള്‍ എനിക്ക് പറ്റുന്നുണ്ടായിരുന്നില്ല. എന്നാല്‍ കുഞ്ഞിനെ അടുത്ത് കിടത്തിയപ്പോള്‍ മാത്രം വേദന മറന്ന് ഞാന്‍ ചരിഞ്ഞു പോയി.

24 മണിക്കൂര്‍ കഴിഞ്ഞ് റൂമിലേക്ക് മാറ്റി. ഉണ്ടായിരുന്ന രണ്ട് കട്ടിലുകളില്‍ ഒന്നിന് ഉയര കൂടുതലും മറ്റേതിന് താഴ്ചയും ആയിരുന്നു. സ്റ്റിച്ച് വലിവിനൊരാക്കം പ്രതീക്ഷിച്ച് ഞാന്‍ ബെഡുകള്‍ മാറി മാറി കിടന്നു. വേദന കൊണ്ടനങ്ങാന്‍ പറ്റാതെ ഭാരം മുഴുവന്‍ ഏട്ടന്റെയും അമ്മയുടെയും തോളുകളിലേക്ക് തൂക്കി. ധൃതിപ്പെട്ട് പാല്‍ കുടിക്കാന്‍ കരയുന്ന കുഞ്ഞിന് വേണ്ടി അമ്മ പാട്ടുകള്‍ പാടി . റൂമില്‍ ടി.വി ഉണ്ടായിട്ടും ഒരൊറ്റ ദിവസം പോലും അത് ശബ്ദിച്ചില്ല.

ആശുപത്രിയിലുണ്ടായിരുന്ന ഏഴ് ദിവസങ്ങളിലും വലിയ ശബ്ദത്തോടെ കൂര്‍ക്കം വലിക്കുന്നുണ്ടെന്ന് മനസ്സിലാക്കി ഇടക്കിടെ ഞാന്‍ ഞെട്ടിയുണര്‍ന്നു. പിറ്റേന്ന് വന്ന ആളുകളോട് ഒന്നും പറയാനോ എണീറ്റിരിക്കാനോ കഴിയാതെ അവര്‍ പറയുന്നതെല്ലാം അബോധാവസ്ഥയില്‍ കേട്ട് ഞാന്‍ വിഷമിച്ചു കൊണ്ടിരുന്നു. രണ്ടാം ദിവസം മുതല്‍ തുടങ്ങിയ പ്രത്യേക തരത്തിലുള്ള തലവേദന ഭ്രാന്ത് പിടിപ്പിച്ചു. സ്വയം ദേഷ്യവും സങ്കടവും തോന്നി. തലയ്ക്ക് ആശ്വാസത്തിന് തലേലൊരു കെട്ടും കെട്ടി ആള്‍ ദൈവങ്ങളെ പോലെ ഞാനിരുന്നു. സങ്കടവും ദേഷ്യവും സ്റ്റേഹവും എല്ലാം ഒരു മനുഷ്യന് ഒരേ സമയത്ത് അനുഭവപ്പെടുന്ന സമയമാണ് കടന്ന് പോയത്. 

ഈ അവസരങ്ങളിലെല്ലാം അമ്മയും ഏട്ടനും താങ്ങും തണലുമായി കൂടെ ഉണ്ടായിരുന്നു. എന്നെ ചിരിപ്പിക്കാന്‍ ഉള്ളില്‍ സങ്കടങ്ങളൊതുക്കി ഓരോ തമാശകള്‍ ഏട്ടന്‍ പറയുമ്പോഴും വേദന ഭയന്ന് ചിരിക്കാനാവാതെ ഞാന്‍ ചീത്ത പറഞ്ഞിട്ടുണ്ട്. 

തമാശകളൊന്നും ആരില്‍ നിന്നും കേള്‍ക്കാതിരിക്കാന്‍ ചെവി പൊത്തി പിടിച്ചിരുന്നിട്ടുണ്ട്. പ്രസവിച്ച് ഒരാഴ്ച കൊണ്ട് നീരുള്‍പ്പെടെ വെയ്റ്റും കുറയുമെന്ന് എല്ലാവരും പറഞ്ഞിരുന്നു. വെയ്റ്റും പോയില്ല. നീരും പോയില്ല. ഞാനറിയുന്ന, എന്നെ അറിയുന്ന എല്ലാവരും എന്റെ നീരു വന്ന രൂപം കണ്ട് ഞെട്ടി.

എന്റെ പരിചയത്തിലുള്ള ആരും തന്നെ ഇത്തരം അവസ്ഥകള്‍ പിന്നിട്ടിട്ടില്ല. 28 കഴിഞ്ഞിട്ടും നിലത്തിരിക്കാനായില്ല. 85 ദിവസം ആയപ്പോഴാണ് പിടിച്ച് നിലത്തിരിക്കാമെന്ന് ആയത്. 

എനിക്കൊപ്പം അല്ലെങ്കില്‍ എന്നെക്കാള്‍ എത്രയോ ഇരട്ടി ഉറക്കങ്ങള്‍ പിന്നീട് അഛനുമമ്മക്കും നഷ്ടപ്പെട്ടിട്ടുണ്ട്. എല്ലാ കഷ്ടപ്പാടുകളും മോളുടെ നിഷ്‌കളങ്കമായ മുഖം കാണുമ്പോള്‍ അലിഞ്ഞില്ലാതാകും.

പ്രസവം കഴിഞ്ഞ് എനിക്ക് പോസ്റ്റ് പാര്‍ട്ടം ഡിപ്രഷന്‍ വരാഞ്ഞത് ഏട്ടന്റെ കരുതലും സ്റ്റേഹവും കൂട്ടും ഉള്ളത് കൊണ്ട് മാത്രമാണെന്ന് ഞാന്‍ ചിന്തിക്കാറുണ്ട്. ആശുപത്രി വരാന്തയിലൂടെ കൂടെ നടക്കാനൊരാളുണ്ടാവുക, ശരീരം മുഴുക്കെ മറ്റൊരു ശരീരത്തിന് ഭാരമാകുമ്പോള്‍ തന്നെ വേദനകളെ ഒരുമ്മ കൊണ്ട് കാറ്റില്‍ പറത്താനറിയുന്ന ഒരാളുണ്ടാവുക, 'ആനന്ദലബ്ധിക്കിനിയെന്തു വേണ്ടൂ.'

പ്രസവം കഴിയുമ്പോള്‍ ഒന്നും തീരുന്നില്ല. എല്ലാ വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും കൂടിക്കുഴയും. കുഞ്ഞിനെ ബാധിക്കുന്ന അനൈച്ഛികമായവയെല്ലാം അമ്മയിലേക്ക് വിരല്‍ ചൂണ്ടപ്പെടും. പ്രസവശേഷം ഒരമ്മ എന്ന നിലയിലും സ്ത്രീ എന്ന നിലയിലും ഏറ്റവും ആവശ്യം മനസ്സിന്റെ ആരോഗ്യം ആണ്.

പ്രസവവും അതിനോടനുബന്ധിച്ചുള്ള മാറ്റങ്ങളും അമ്മമാര്‍ മാത്രമറിയേണ്ടതല്ല. അച്ഛന്‍മാര്‍ കൂടെ നിന്ന് മനസ്സിലാക്കേണ്ടതു കൂടിയാണ്. ഓരോ സ്ത്രീകള്‍ക്കും പ്രസവാനുഭവം - ശരീര പ്രകൃതി, പ്രതിരോധ ശേഷി, ഇമോഷണല്‍ സ്‌ട്രെങ്ങ്ത് , കുഞ്ഞിന്റെ ആരോഗ്യം എന്നിവക്കനുസരിച്ച് വ്യത്യസ്തമാകാം. കുടുംബത്തിന്റെ പൂര്‍ണ പിന്തുണ അവര്‍ക്കാവശ്യമാണ്. 

പ്രസവം കഴിഞ്ഞ അമ്മ കുഞ്ഞിനെ കണ്ടു കഴിഞ്ഞ് ആദ്യം കാണാനും ഒപ്പമുണ്ടാകാനും ഏറ്റവും ആഗ്രഹിക്കുന്നത് കുഞ്ഞിന്റെ അച്ഛനെയാണ്. പ്രസവശേഷം കുറച്ച് നാളത്തേക്ക് അകറ്റി നിര്‍ത്തപ്പെടേണ്ടവരല്ല അവര്‍. ഇരുവരും ആഗ്രഹിക്കുന്നത് കുറച്ച് സമയം ഒരുമിച്ച് വെറുതെ ചെലവഴിക്കാനാകാം. ഒരാളുടെ സാമീപ്യം മറ്റൊരാള്‍ക്ക് ഏറ്റവും ആശ്വാസമായേക്കാം. ഒന്നു വെറുതേ വര്‍ത്തമാനം പറഞ്ഞിരുന്നാല്‍ ഒരുപാട് തലക്കനങ്ങള്‍ ആവിയായി പോയേക്കാം. 

 

ആശുപത്രിക്കുറിപ്പുകള്‍ ഇവിടെ വായിക്കാം

Follow Us:
Download App:
  • android
  • ios