Asianet News MalayalamAsianet News Malayalam

ഗള്‍ഫില്‍ പോയ പാപ്പയെ കാത്ത് അവനിപ്പോഴും വഴിക്കണ്ണുമായി നില്‍ക്കും...

ഈ വാവേടെ ഒരു കാര്യം: ഫൈറൂസ മുഹമ്മദ് എഴുതുന്നു 

Kuttikkatha a special series for parents by fairoosa Muhammad
Author
Thiruvananthapuram, First Published Apr 12, 2019, 7:02 PM IST

കുഞ്ഞുങ്ങളുടെ വളര്‍ച്ചപോലെ മറ്റൊന്നില്ല. കുസൃതിയും കുറുമ്പും കളിചിരിയുമായി അവരുടെ കുഞ്ഞുന്നാളുകള്‍. കുട്ടികള്‍ വളര്‍ന്നാലും മാതാപിതാക്കളുടെ മനസ്സില്‍ അവരുടെ കുട്ടിക്കാലം അതേ പോലുണ്ടാവും.  നിങ്ങളുടെ പൊന്നോമനകളുടെ കുഞ്ഞുന്നാളിലെ രസകരമായ കഥകള്‍, അനുഭവങ്ങള്‍ ഞങ്ങള്‍ക്കെഴുതൂ. കുഞ്ഞിന്റെയും നിങ്ങളുടെയും ഫോട്ടോകളും കുറിപ്പും submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. സബ്ജക്ട് ലൈനില്‍ കുട്ടിക്കഥ എന്നെഴുതാന്‍ മറക്കരുത്.

Kuttikkatha a special series for parents by fairoosa Muhammad

എന്ത് രസമാണെന്നോ എന്റെ രണ്ടര വയസ്സുകാരന്റെ കിന്നാരങ്ങള്‍ കേള്‍ക്കാന്‍. അക്ഷരങ്ങള്‍ അവിടെയും ഇവിടെയും ഇടവിട്ടു സ്പുടതയില്ലാത്ത വാക്കുകള്‍ ഉച്ചരിക്കുമ്പോള്‍, അവന്റെ കൊഞ്ചലുകള്‍ കേള്‍ക്കുമ്പോള്‍, ഉമ്മാ എന്ന് വിളിച്ചു പരാതികള്‍ പറയുമ്പോള്‍, വികൃതികള്‍ കാണുമ്പോള്‍...

ദിവസങ്ങള്‍ കൂടുന്തോറും വാക്കുകള്‍ കൂടുകയാണ്, കുസൃതികളും. വടി എടുത്തു കോഴിയുടെ നേരെ ഭീഷണി മുഴക്കും.  'മുട്ട ഇടൂ കോഴി ഫലഖ് നു തിന്നണം, ഇല്ലെങ്കില്‍ നല്ല അടി കിട്ടും' എന്ന് പറഞ്ഞു പിന്നാലെ ഓടും. പേടിച്ചിട്ട് കോഴിയും ഓടും. വടി താഴെ ഇട്ടാല്‍ കോഴി അടുത്ത് തന്നെ നിക്കും. ഒരു പേടിയും കൂടാതെ കോഴിയെ എടുത്ത് പൊക്കി അവന്റെ ശക്തിയും കാണിക്കും.

ഫലഖ് ഭാഗ്യമുള്ളവനാണ്. ഉപ്പാന്റെ വീട്ടിലും ഉമ്മാന്റെ വീട്ടിലും അഞ്ചാമന്‍. വാത്സല്യം വാരി വിളമ്പുന്ന രണ്ട് ഉപ്പാപ്പാമാരും ഉമ്മാമമാരും. അഞ്ചാമനായിട്ടും കളിയ്ക്കാന്‍ ആരും ഇല്ല. എല്ലാ മക്കള്‍സും വേറെ വേറെയാണ് വളരുന്നത്. മുതിര്‍ന്ന ആള്‍ക്കാരുടെ കൂടെ ആയത് കൊണ്ട് വല്യ ചിന്തകളും വല്യ സംസാരങ്ങളും ആണ്.

ഒരിക്കല്‍ ഗര്‍ഭിണിയായ കസിന്‍ വീട്ടില്‍ വന്നപ്പോള്‍ അവന്റെ സൈക്കിള്‍ പൊക്കാനും കാര്‍ എടുക്കാനും പറഞ്ഞു അവളെ ബുദ്ധിമുട്ടിച്ചു. 'എന്റെ വയറ്റില്‍ വാവയുണ്ട്, വാവ പോയിക്കളയും' എന്ന് പറഞ്ഞപ്പോള്‍ അവന്‍ അവന്റെ പാടുംനോക്കിപ്പോയി. പിന്നെ മൂന്ന് ദിവസം കഴിഞ്ഞു ഫലഖിനോട് ഉപ്പാവ വെള്ളം കൊണ്ട് വരാന്‍ പറഞ്ഞപ്പോള്‍ വയറ് തടവിക്കൊണ്ട് മൂപ്പര്‍ പറയാ, 'എനിക്ക് പറ്റില്ല എന്റെ വയറ്റില്‍ വാവയുണ്ട്, ഇറങ്ങി പോവും എന്ന്'. അന്ന് ഞങ്ങള്‍ ചിരിച്ചതിനു കണക്കില്ല.

രാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ കഥകള്‍ പറഞ്ഞു കൊണ്ടാണ് കിടക്കുക. റെഡ് നാനോ കാര്‍ ഫലഖ് ഡ്രൈവ് ചെയ്ത് പാപ്പാനെ മുന്‍പില്‍ ഇരുത്തി കൊണ്ട് പോവുന്ന കഥ എത്ര കേട്ടാലും അവനു മതി വരില്ല. സാധാരണ കുട്ടികളുടെ ശരീരത്തെക്കാള്‍ വിയര്‍പ്പ് കൂടുതല്‍ ഉള്ളത് കൊണ്ട് ഡ്രസ് ഇടാന്‍ വല്യ മടിയാണ്. 'ഇക്കുന്റെ കുപ്പായം നമ്മക്ക് കാണാണ്ട് ഇടലോ, അല്ലെങ്കില്‍ യസന്റെ പാമ്പൂച്ചു (diaper) ഇടാലോ, അവര്‍ കരയട്ടെ' എന്ന് പറഞ്ഞാല്‍ മൂപ്പര്‍ ഹാപ്പിയായി ഇടാന്‍ സമ്മതിക്കും .

അപ്പോള്‍ പൊട്ടിക്കരഞ്ഞത് ഞാന്‍ ആയിരുന്നു.

അവന്റെ പാപ്പ ഖത്തറില്‍ പോയത് തൊട്ട് വാശിയാണ്. എന്തെങ്കിലും കാരണം കണ്ടെത്തി വെറുതെ കരയും. എപ്പോഴും കൂടെ കളിക്കുന്ന താജുവും ഖത്തറില്‍ പോയപ്പോള്‍ അവന്‍ ശരിക്കും ഒറ്റപ്പെട്ടു. വൈകിട്ടുള്ള ബാങ്ക് കൊടുക്കുമ്പോള്‍ ജോലി കഴിഞ്ഞു ഞാനും സന്ധ്യാ സമയത്തെ ബാങ്ക് കൊടുക്കുമ്പോള്‍ പാപ്പായും എത്തും എന്നവന് അറിയാം. ചില ദിവസങ്ങളില്‍ ഉച്ചയ്ക്കുള്ള ബാങ്ക് കൊടുക്കുന്ന നേരം ഗ്രില്‍സും പിടിച്ചു കാത്തു നില്‍ക്കുമത്രേ. 'ഉമ്മ ഇപ്പം വരും എന്നും പറഞ്ഞു അവന്‍ നില്‍ക്കുമ്പോള്‍ വരില്ല എന്നാരെങ്കിലും പറഞ്ഞാല്‍ മറുപടിയുണ്ട് അവന്റെ കൈയില്‍. 'ബാങ്ക് കൊടുത്തല്ലോ ഇപ്പം വരും'

അവന്റെ പാപ്പ ഖത്തറില്‍ പോയിട്ടും അവന്‍ എന്നും കാത്തു നില്‍ക്കും, പാപ്പ ഇപ്പം വരും എന്നും പറഞ്ഞു. 'ഇല്ല വാവേ പാപ്പ ഖത്തറില്‍ ആണ്' എന്ന് പറയുമ്പോള്‍ എന്റെ ശബ്ദം ഇടറാറുണ്ട്. അവന്‍ എത്രമാത്രം പാപ്പയെ സ്‌നേഹിക്കുന്നുണ്ട് എന്ന് തിരിച്ചറിഞ്ഞ ദിവസങ്ങള്‍.

രാവിലെ വീട്ടീന്ന് ഇറങ്ങി വൈകിട്ട് കേറി വരുമ്പോള്‍ ഓടി വന്ന് കെട്ടിപിടിച്ചു ഉമ്മ തരും. എന്നിട്ട് അന്നത്തെ കഥകള്‍ ചിണുങ്ങും. ഈയിടെയായി ചുമ്മാ വാശി പിടിത്തമാണ്. കരച്ചിലും. അധികം കരച്ചില്‍ കേള്‍ക്കുമ്പോള്‍ എനിക്ക് തലവേദന വരും. അത് വരെ വാശി പിടിച്ചു കരഞ്ഞവന്‍ എന്റെ മുഖത്തിന്റെ ഭാവം മാറിയാല്‍ പെെട്ടന്ന് മാറും. കരച്ചില്‍ നിര്‍ത്തും. വാശിയും നിര്‍ത്തും. എന്റെ ഭാവങ്ങള്‍ അവന്‍ നന്നായി പഠിച്ചിട്ടുണ്ട്.

ഇന്നലെ വൈകിട്ട് ഉറക്കം കഴിഞ്ഞു എണീറ്റപ്പോള്‍ തൊട്ട് കാരണങ്ങള്‍ ഉണ്ടാക്കിയുള്ള കരച്ചിലായിരുന്നു. തലവേദനയുടെ തീവ്രത കൂടിയപ്പോള്‍ അവനെ മൈന്‍ഡ് ചെയ്യാതെ റൂമില്‍ കേറി കിടന്നു. പെട്ടെന്ന് രണ്ടര വയസ്സുകാരന്‍ പക്വത ഉള്ളവനായി മാറി.

അവന്‍ പിന്നെ എന്നെ ചികില്‍സിക്കുന്ന ഡോക്ടര്‍ ആയി. പരിചരിക്കുന്ന ഉമ്മയും ആയി അങ്ങ് മാറി. 'വിക്‌സ് വേണോ ഉമ്മ? ഗുളിക വേണോ? വെള്ളം വേണോ ?' എന്നിങ്ങനെ ചോദ്യങ്ങള്‍. അറിയാവുന്ന പോലെ തല തടവി തന്നു. സന്തോഷം കൊണ്ട് എന്റെ കണ്ണ് നിറഞ്ഞു. കരയണ്ട ഉമ്മ എന്ന് പറഞ്ഞ്, കണ്ണ് തുടച്ചു എന്റെയൊപ്പം അവനും വിതുമ്പിക്കരഞ്ഞു. 'എനിക്ക് ഒന്നും ഇല്ല വാവേ' എന്ന് പറഞ്ഞിട്ടും എന്റെ  പൂര്‍ണതയിലേക്ക് തിരിച്ചു എത്താത്തത് കൊണ്ടാവും നാനോ കാറിന്റെ കഥകള്‍ പറഞ്ഞു എന്നെ ചിരിപ്പിച്ചു. ഡ്രസ്സ് ഇടാന്‍ വാശി പിടിക്കുന്നവന്‍ യാമിന്റെ ഡ്രസ്സ് ഇടാലോ, യാമി കരയട്ടെ എന്ന എന്റെ ഡയലോഗുകള്‍ അനുകരിച്ചപ്പോള്‍ സ്‌നേഹവും വാത്സല്യവും കൊണ്ട് എന്റെ മനസ്സ് നിറഞ്ഞിരുന്നു. സ്‌നേഹം കൊണ്ടും പരിചരണം കൊണ്ടും ദൂരെയുള്ള പാപ്പയായി അവന്‍ മാറുകയായിരുന്നു .

എന്നെ ശല്യം ചെയ്യണ്ട എന്ന് ഉമ്മ പറയുമ്പോള്‍ അവന്‍ അപ്പുറത്തെ റൂമിലേക്കു പോയി. സമാധാനം ഇല്ലാഞ്ഞിട്ടോ എന്തോ വീണ്ടും തിരിച്ചു വന്നു, കുറവുണ്ടോ എന്ന് ചോദിച്ചു അടുത്ത് തന്നെ കിടന്നു. വൈകിട്ട് ഉറങ്ങിയാല്‍ 12 മണിക്ക് ഉറങ്ങുന്ന ഫലഖ് ഇന്നലെ 'അടുത്ത് കിടന്ന് ഉറങ്ങട്ടെ ഉമ്മ' എന്ന് പറഞ്ഞു പാവം കണ്ണുകള്‍ അടച്ചു ഉറങ്ങാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. ഉറക്കം അവനു വരില്ല എന്ന് നന്നായി അറിയാഞ്ഞിട്ടും അവന്റെ ഉറങ്ങാനുള്ള ശ്രമം ഒന്നു കാണണമായിരുന്നു.  'കുറവുണ്ടോ' എന്ന ചോദ്യം ഇടയ്ക്കിടയ്ക്ക് ആവര്‍ത്തിക്കുന്നുണ്ടായിരുന്നു. മോന്‍ കരഞ്ഞിട്ടാ ഉമ്മാക്ക് തലവേദന എന്ന് പറഞ്ഞപ്പോള്‍ ഇനി ഞാന്‍ കരയൂല എന്ന് അവന്‍ പറഞ്ഞു. അപ്പോള്‍ പൊട്ടിക്കരഞ്ഞത് ഞാന്‍ ആയിരുന്നു. കെട്ടി പിടിച്ചു ഉമ്മകള്‍ കൊണ്ട് ഞാന്‍ അവനെ പൊതിഞ്ഞു.

ഫലഖ് എന്ന വാക്കിനര്‍ത്ഥം പുലരി എന്നാണ്. 

പേരിന്റെ അര്‍ത്ഥം പോലെ അവന്‍ ഫലഖ്, എന്റെ ജീവിതത്തിന്റെ പുലരിയും സന്തോഷവും!

ഈ വാവേടെ ഒരു കാര്യം. ഈ പംക്തിയില്‍ വന്ന മറ്റ് കുറിപ്പുകള്‍ ഇവിടെ വായിക്കാം

Follow Us:
Download App:
  • android
  • ios