Asianet News MalayalamAsianet News Malayalam

ദൈവമേ, അവരെന്തു കരുതിക്കാണും  നമ്മുടെ ഇന്ത്യയെക്കുറിച്ച്!

ഈ വാവേടെ കാര്യം: ലണ്ടന്‍ നഗരത്തില്‍ വെച്ച് അല്‍ഫോന്‍സാമ്മയെ കണ്ട നാള്‍. മഞ്ജു വര്‍ഗീസ് എഴുതുന്നു

Kuttikkatha a special series for parents Manju Varghese
Author
Thiruvananthapuram, First Published Apr 6, 2019, 5:42 PM IST

കുഞ്ഞുങ്ങളുടെ വളര്‍ച്ചപോലെ മറ്റൊന്നില്ല. കുസൃതിയും കുറുമ്പും കളിചിരിയുമായി അവരുടെ കുഞ്ഞുന്നാളുകള്‍. കുട്ടികള്‍ വളര്‍ന്നാലും മാതാപിതാക്കളുടെ മനസ്സില്‍ അവരുടെ കുട്ടിക്കാലം അതേ പോലുണ്ടാവും.  നിങ്ങളുടെ പൊന്നോമനകളുടെ കുഞ്ഞുന്നാളിലെ രസകരമായ കഥകള്‍, അനുഭവങ്ങള്‍ ഞങ്ങള്‍ക്കെഴുതൂ. കുഞ്ഞിന്റെയും നിങ്ങളുടെയും ഫോട്ടോകളും കുറിപ്പും submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. സബ്ജക്ട് ലൈനില്‍ കുട്ടിക്കഥ എന്നെഴുതാന്‍ മറക്കരുത്.
Kuttikkatha a special series for parents Manju Varghese

മൂന്ന് ആണ്‍കുട്ടികളുടെ അമ്മയായത് കൊണ്ടുതന്നെ ചെറുപ്പത്തിലേയുള്ള തമാശക്കഥകള്‍ക്ക് ഒരു കുറവുമില്ല. അതില്‍ ആദ്യത്തെ കഥ, സീമന്തപുത്രനായ ഏബലില്‍ നിന്ന് തന്നെ തുടങ്ങാം. 

അവന് അഞ്ചു വയസ്സുള്ളപ്പോള്‍ ഞങ്ങള്‍ ഒരു സുഹൃത്തിന്റെ വീട്ടില്‍ താമസിക്കാന്‍ പോയി. 'വീട്ടിലിരുന്ന് ബോര്‍ അടിക്കണ്ടല്ലൊ, നമുക്ക് ടൗണിലൊക്കെ ഒന്ന് കറങ്ങാന്‍ പോയാലേ' എന്ന് സുഹൃത്ത് പറഞ്ഞപ്പോള്‍ നിരസിക്കാന്‍ തോന്നിയില്ല. ഇംഗ്ലണ്ടില്‍ വന്നിട്ട് സ്ഥലങ്ങള്‍ ഒക്കെ കറങ്ങി നടന്നു കണ്ടില്ലെങ്കില്‍ അതൊരു നഷ്ടം  തന്നെയല്ലേ എന്ന ബോദ്ധ്യപ്പെടലില്‍ ഞങ്ങള്‍ യാത്രക്കൊരുങ്ങി.

ടൗണില്‍ കാര്‍ പാര്‍ക്ക് ചെയ്തു പോകുന്നതിനേക്കാള്‍ സൗകര്യം  ബസിന് പോകുന്നതാണ്, അഞ്ചു മിനിറ്റ് നടന്നാല്‍ ബസ് കിട്ടും, പിന്നെ നേരെ ടൗണില്‍ ചെന്നിറങ്ങാം  എന്ന് കേട്ടപ്പോള്‍ അതാകും നല്ലതെന്ന് നമുക്കും തോന്നി. അങ്ങനെ ബസ് സ്‌റ്റോപ്പിലേക്ക് ഞങ്ങള്‍ നടന്നു തുടങ്ങി. ഏബലിന്റെ അതേ പ്രായത്തിലുള്ള കുട്ടി ഞങ്ങളുടെ സുഹൃദ്് ദമ്പതികള്‍ക്കും ഉണ്ടായിരുന്നു. കുട്ടികള്‍ രണ്ടു പേരും കളിച്ചും ചിരിച്ചും നടപ്പാതയിലൂടെ ഞങ്ങളുടെ മുന്‍പില്‍ നടന്നു. പിന്നെ, അവരുടെ നടത്തം വേഗത്തിലായി. എങ്കിലും,  ഞങ്ങള്‍ക്ക് കാണാവുന്ന ദൂരത്തില്‍ തന്നെ അവരുണ്ട്.

പെട്ടെന്നതാ ഏബല്‍ ഒരൊറ്റ ഓട്ടത്തിന് ഞങ്ങളുടെ അടുത്തേക്ക് ഓടി വന്നു. അതുവരെ കൂടെ നടന്ന കൂട്ടുകാരി ഒന്നുമറിയാതെ അന്തം വിട്ടു പോയി.എന്നിട്ട് , അവനെന്നെ നോക്കി പറഞ്ഞു,

'മമ്മി, ഞാന്‍ അല്‍ഫോന്‍സാമ്മയെ കണ്ടു'.

'അല്‍ഫോന്‍സാമ്മയോ?' തീരെ വിശ്വാസം വരാതെ ഞാന്‍ ഉറപ്പിച്ചു  ചോദിച്ചു. വീട്ടില്‍ അല്‍ഫോന്‍സാമ്മയുടെ  ചിത്രം ഫ്രെയിം ഇട്ടു വച്ചിട്ടുള്ളത് കൊണ്ട് അവനു തെറ്റാന്‍  വഴിയില്ല. പിന്നെ മഷിയിട്ടു നോക്കിയാല്‍ പോലും കാണാന്‍ കിട്ടില്ല, കന്യാസ്ത്രീകളെ ഈ നാട്ടില്‍.  അഞ്ചാറു വര്‍ഷങ്ങള്‍ക്കുള്ളില്‍ ഞാന്‍ രണ്ടോ   മൂന്നോ കന്യാസ്ത്രീകളെ മാത്രേ ഇവിടെ കണ്ടിട്ടുള്ളൂ.

മൂടുപടത്തിനിടയിലൂടെ ആ രണ്ടു കണ്ണുകള്‍ ഞങ്ങള്‍ക്ക് നേരെ തിരിഞ്ഞു.

'അതെ. ഞാന്‍ കാണിച്ചു തരാം. മമ്മി വാ'- അവനെന്നെ നിര്‍ബന്ധിച്ചു. പകല്‍ സമയം അവനെങ്ങനെ  സ്വപ്നം കാണും, ഇനി വല്ല ദര്‍ശനം വല്ലതും? കുട്ടികള്‍ക്കല്ലേ വിശുദ്ധര്‍ പ്രത്യക്ഷപ്പെടുക. അവന്‍  കണ്ടാലും എനിക്ക് കാണാന്‍ പറ്റുമോ? അങ്ങനെ എന്റെ പുത്രനെ ഒരു 'നിഷ്‌കു' പദവിയിലേക്ക് ഉയര്‍ത്തി പല വിധ ചിന്തകളാല്‍ ഞാന്‍ അവന്റെ ഒപ്പം ഓടി. 

ബസ് സ്‌റ്റോപ്പ്  എത്തിയപ്പോള്‍ അവന്‍ നിന്നു.

'ദേ! നോക്കിയേ, അല്‍ഫോന്‍സാമ്മ'- സന്തോഷം കൊണ്ട് അവന്‍ ഉറക്കെ പറഞ്ഞു  കൈ ചൂണ്ടിക്കാണിച്ചു.

അപ്പോള്‍ പര്‍ദ്ദയിട്ട്,  മുഖം മറച്ച ഒരു സ്ത്രീ ഞങ്ങളെ നോക്കി. മൂടുപടത്തിനിടയിലൂടെ ആ രണ്ടു കണ്ണുകള്‍ ഞങ്ങള്‍ക്ക് നേരെ തിരിഞ്ഞു. അത് വരെ മനസ്സില്‍  വേവിച്ച പാല്‍പ്പായസം ഇറക്കി വച്ച് പിന്നെ ചിരിക്കണോ, കരയണോ എന്ന അവസ്ഥയിലായി ഞാന്‍.  പിന്നെ സ്വകാര്യമായി 'ഉടുപ്പിടുന്നവര്‍ എല്ലാവരും അല്‍ഫോന്‍സാമ്മ അല്ല' എന്ന് ഞാന്‍ അവനെ പറഞ്ഞു മനസ്സിലാക്കി.  

രണ്ടാമത്തെ പുത്രന്‍ സാമുവല്‍ അവന്റേതായ രീതിയില്‍ പുതിയ ഇനം തമാശകളുമായി ഞങ്ങള്‍ക്കിടയിലേക്കെത്തി. നാല് വയസ് മുതലാണ് ഇവിടെ സ്‌കൂളില്‍ പോയിത്തുടങ്ങുക. അങ്ങനെ, സാം സ്‌കൂളില്‍ പോയിത്തുടങ്ങി കുറച്ചു മാസങ്ങള്‍ കഴിഞ്ഞ ഒരു ദിവസം വൈകിട്ട്.

ആള് തകൃതിയില്‍ കാറൊക്കെ വച്ച് കളിക്കുകയാണ്.പാട്ടൊക്കെ പാടി. ഇടയ്ക്കു എനിക്കെപ്പോഴോ ഒരു ഇംഗ്ലീഷ് തെറി ആ പാട്ടിന്റെ പല്ലവിയിലുണ്ടോ എന്നൊരു സംശയം. ആദ്യം ഞാന്‍ കേട്ടതിന്റെ കുഴപ്പമാകും, അവന്‍ കൊച്ചു കുട്ടിയല്ലേ എന്നായി ചിന്ത. പല വട്ടം കേള്‍ക്കുമ്പോഴും അതെ പോലെ. സംശയം തീര്‍ക്കാന്‍ ഞാന്‍ അവന്റെ അടുത്ത് ചെന്നു .

'സാമൂ, ചക്കരെ നീയെന്താ ഇപ്പൊ പാടിയെ?'- അവന്‍ വീണ്ടും ധൈര്യത്തില്‍ ശ്രുതിയില്‍ പാടി ആ പാട്ടു വീണ്ടും..

ഉണ്ടൊണ്ടേ. ഇത് തെറി തന്നെ. ഏതാ വാക്ക് ? 'ഫ്' കൂട്ടിയുള്ള ഇംഗ്ലീഷ് തെറി. എനിക്കീ വാക്ക് കേള്‍ക്കുന്നതേ ദേഷ്യം വരും. ഇംഗ്ലീഷുകാര്‍ ആവശ്യത്തിനും, ഇല്ലാത്തതിനും ഒക്കെ ഈ വാക്ക് തമ്മില്‍ തമ്മില്‍ പറഞ്ഞു ചിരിക്കുന്നത് കാണാം.

പണ്ട് ഏബെലും സ്‌കൂളില്‍ പോയിത്തുടങ്ങിയ കാലത്തൊരു ദിവസം നാല് കൈവിരലുകളും ചുരുട്ടി വച്ച് നടുവിരല്‍ ഉയര്‍ത്തിക്കാണിച്ചിട്ട് എന്നോട് പറഞ്ഞു, ഇങ്ങനെ ചെയ്യാന്‍ പാടില്ല. ഇത് ഒരു തെറിയാണെന്ന് കൂട്ടുകാരന്‍ പറഞ്ഞത്രേ. അങ്ങനെ, ആദ്യമായി ഇങ്ങനെയൊന്നുണ്ടെന്ന് ഞാനും പഠിച്ചു. ചെയ്യരുതാത്ത കാര്യം അറിയുന്നതും നല്ലതാണെന്നു പിന്നീട് എന്റെ ഒരു സുഹൃത്ത് പറഞ്ഞ കഥയില്‍ നിന്നും എനിക്ക് ബോദ്ധ്യം വന്നിട്ടുള്ളതാണ്. ഒരു മലയാളി നഴ്സ് തന്റെ രോഗിയുടെ കാഴ്ച പരിശോധിക്കുന്നതിനിടയില്‍ 'ഇത് ഒന്നായി കാണുന്നോ , അതോ രണ്ടായി കാണുന്നോ' എന്ന് ചോദിച്ചു നടുവിരല്‍ ഉയര്‍ത്തി കാണിച്ചത്രേ. ഒന്ന് ഞെട്ടിയ രോഗി, പിന്നെ വേറെ  രാജ്യക്കാരിയല്ലേ ,ഇക്കാര്യങ്ങള്‍ അറിയാത്തതു കൊണ്ടാകാം എന്ന് കരുതി ക്ഷമിച്ചതുകൊണ്ട്  രക്ഷപ്പെട്ടു .

ഉണ്ടൊണ്ടേ. ഇത് തെറി തന്നെ. ഏതാ വാക്ക് ? 'ഫ്' കൂട്ടിയുള്ള ഇംഗ്ലീഷ് തെറി.

Kuttikkatha a special series for parents Manju Varghese

എന്തായാലും ഈ വാക്ക് സാമെങ്ങനെ  പഠിച്ചു എന്നായി എന്റെ ചിന്ത. 'സാമുക്കുട്ടാ, നിനക്കറിയോ ഇപ്പൊ മോന്‍ പറഞ്ഞത്  ചീത്ത വാക്കാണ്. നല്ല കുട്ടികള്‍ അത് പറയേയില്ല'-സ്‌നേഹത്തോടെ ഞാന്‍ ഉപദേശിച്ചു.

അവനെന്തോ ഒരു വിശ്വാസക്കുറവ് പോലെ. പിന്നെയെന്തോ അവന്‍ അത് വിശ്വസിക്കാന്‍ തീരുമാനിച്ചു. പക്ഷെ, ഞാന്‍ അടുത്ത മുറിയിലേക്ക് പോകുമ്പോള്‍ അവന്‍ വീണ്ടും അതേ പാട്ടു പാടുന്ന പോലെ. വാതില്‍ തുറക്കുമ്പോള്‍ അവന്‍ പാട്ട് നിര്‍ത്തും. അവനതൊരു കളി പോലെയായി.

ഉള്ളില്‍ ദേഷ്യം വന്നെങ്കിലും നയപരമായി ഞാന്‍ കാര്യങ്ങള്‍ തിരക്കി.

'മോന്‍ ഇത് എവിടുന്നാ പഠിച്ചേ? എവിടന്നാ കേട്ടെ?'
 
'സ്‌കൂള്‍'- അവന്‍ പറഞ്ഞു.

'ആര്  പറഞ്ഞാ കേട്ടത്?' 

പിന്നെ ഉത്തരമില്ല. ആരെയും ഒറ്റുകൊടുക്കാന്‍ അവനൊരു ഭാവവും ഇല്ല.

എന്തായാലും മറ്റ് കുട്ടികള്‍ക്കും കൂടി ഉപകാരമായിക്കോട്ടെ എന്ന് കരുതി സ്‌കൂളിലെ ഓഫീസിലേക്ക്  ഞാന്‍ വിളിച്ചു കഥ വിശദീകരിച്ചു. വീട്ടില്‍ ഞങ്ങള്‍ ഈ വാക്കുകള്‍ ഒരിക്കലും ഉപയോഗിച്ചിട്ടില്ലെന്നും ഞാന്‍ ഉറപ്പിച്ചു പറഞ്ഞു. അവര്‍ ക്ലാസ് ടീച്ചറോട് പറഞ്ഞു മുഴുവന്‍ കുട്ടികളോടും ഇത് പോലുള്ള വാക്കുകള്‍ ഉപയോഗിക്കരുതെന്ന് ഉപദേശിക്കാമെന്ന് ഉറപ്പു പറഞ്ഞു.

എന്റെ ഫോണ്‍വിളി കേട്ടപ്പോഴേക്കും സാമിന്റെ മുഖമൊന്നു മാറി. സംഭവം ദിശ മാറിപോകുന്നത് അവന്‍ ശ്രദ്ധിച്ചു.

ഏബെല്‍ വഴി സ്‌കൂളിലെ ഒരു കൂട്ടുകാരന്‍ വഴിയാണ് സാം ഇത് കേട്ടതെന്ന്  ഞങ്ങള്‍ക്ക് മനസ്സിലായി. ചേട്ടനോട് അവന്‍ എപ്പോഴോ ഹൃദയം തുറന്നപ്പോള്‍ പറഞ്ഞതാണ്.

പിറ്റേന്ന് സ്‌കൂള്‍ കഴിഞ്ഞു വന്നപ്പോള്‍ ഞാന്‍ സാമിനോട് ചോദിച്ചു, 'ടീച്ചറെന്തെങ്കിലും പറഞ്ഞോ കുട്ടാ?' എന്ന്.

എല്ലാരോടും ഇങ്ങനത്തെ വാക്കു ഉപയോഗിക്കരുതെന്ന് ടീച്ചര്‍ പറഞ്ഞതായി അവന്‍ റിപ്പോര്‍ട്ട് ചെയ്തു.

'മോന്‍ എവിടുന്നാ കേട്ടേന്ന് ചോദിച്ചോ?'

'ങും ...ഞാന്‍ ഇന്ത്യയില്‍ നിന്നാ കേട്ടത്?'- അവന്‍ മുഖത്തു നോക്കാതെ പറഞ്ഞു. ഞാനൊന്ന് ഞെട്ടി.

'നിനക്ക് ആറു മാസം പ്രായം ഉള്ളപ്പോഴാ നമ്മള്‍ നിന്നെയുംകൊണ്ട് ഇന്ത്യയില്‍ പോയത്.  അപ്പോ നീയെങ്ങനെ കേള്‍ക്കാനാണ്? അവിടെ ആരും ഇംഗ്ലീഷില്‍ ഒന്നും തെറി പറയില്ല. (കേരളത്തില്‍ പച്ച മലയാളത്തില്‍ ആണ് പറയുക എന്നുള്ളത് ഞാന്‍ മനപ്പൂര്‍വ്വം വിഴുങ്ങി). എന്നിട്ടു നീ സ്‌കൂളില്‍ അങ്ങനെ പറഞ്ഞോ?'

വീണ്ടും നീണ്ട മൗനം. അവന്‍ അങ്ങനെ തന്നെ പറഞ്ഞു കാണും. മൗനം പൂര്‍ണ്ണ സമ്മതം ആണെന്ന് അവന്റെ ശരീരഭാഷയില്‍ വ്യക്തം..

ദൈവമേ! അവരെന്തു കരുതിക്കാണും നമ്മുടെ ഇന്ത്യയെക്കുറിച്ച്. എന്നിലെ രാജ്യസ്‌നേഹി  ഉണര്‍ന്നു വന്നു..എന്നാലും, എന്റെ മോനെ, കൂട്ടുകാരനെ ഒറ്റിക്കൊടുക്കാതിരിക്കാന്‍ നീ ഇന്ത്യയെ തന്നെ ഒറ്റിക്കൊടുത്തല്ലോടാ!

Follow Us:
Download App:
  • android
  • ios