Asianet News MalayalamAsianet News Malayalam

എന്നിട്ടും എന്തിനാവും അവര്‍ നിസാമുദ്ദീന്‍ മര്‍ക്കസില്‍ തിങ്ങിക്കൂടിയത്?

മതം, ശാസ്ത്രം, കൊറോണ വൈറസ്. ലോക്ക് ഡൗണ്‍ കുറിപ്പുകള്‍ എട്ടാം ദിവസം. കെ. പി റഷീദ് എഴുതുന്നു

 

Lock down column by KP Rasheed  religion  science and Corona virus
Author
Thiruvananthapuram, First Published Apr 2, 2020, 12:23 AM IST

ആ അമ്മയെ ഓര്‍മ്മയില്ലെങ്കിലും, അവര്‍ക്കൊപ്പമുള്ള  കുടുംബാംഗങ്ങളെ നമ്മളാരും മറക്കാന്‍ വഴിയില്ല. ഇറ്റലിയില്‍നിന്നു വന്ന ശേഷം, വീട്ടില്‍  ക്വാറന്റീന്‍ ചെയ്യാതെ കറങ്ങി നടന്ന്, കേരളമാകെ കൊവിഡ് 19 ഭീതി പരത്തിയ റാന്നി സ്വദേശികള്‍. സോഷ്യല്‍ മീഡിയയിലാകെ ആളുകള്‍ അറഞ്ചം പുറഞ്ചം തെറിവിളിച്ചവര്‍. തങ്ങള്‍ക്ക് തെറ്റുപറ്റിയെന്നും ലോക്ക്ഡൗണ്‍ തന്നെയാണ് പ്രധാനമെന്നുംഇറ്റലിയില്‍നിന്നു വന്ന ആ ചെറുപ്പക്കാരന്‍ പറയുന്നതിന് തൊട്ടുമുമ്പാണ്, ഡോക്ടര്‍മാരും നഴ്സുമാരുമെല്ലാം നടത്തിയ ആത്മാര്‍ത്ഥമായ ശുശ്രൂഷകള്‍ ഓര്‍ത്തുകൊണ്ട്, ആ അമ്മ ദൈവത്തെ സ്തുതിച്ചത്.

 

Lock down column by KP Rasheed  religion  science and Corona virus

 

''സ്വര്‍ഗത്തിലെ ദൈവം അത്ഭുതം പ്രകടിപ്പിച്ച് ഞങ്ങളെ വിടുവിച്ചതാണ്. ഞങ്ങള്‍ അഞ്ചു പേര്‍ക്കും നെഗറ്റീവ് ആക്കിയതാണ്. ആ ദൈവത്തെ ഒരിക്കലും ഞങ്ങള്‍ മറക്കത്തില്ല.''

ചുറ്റും കൂടിയ ആരോഗ്യ പ്രവര്‍ത്തകരെ മുഴുവന്‍ സാക്ഷിയാക്കി, അനേകം ക്യാമറകള്‍ക്കു മുന്നില്‍, കൊവിഡ് നെഗറ്റീവായി വീട്ടിലേക്ക് പോവുന്നതിനു മുമ്പ് റാന്നിയിലെ ഒരമ്മ പറഞ്ഞതാണ് ഈ വാചകങ്ങള്‍. സ്ഥലം പത്തനംതിട്ടയിലെ കൊവിഡ് -19 ചികില്‍സയ്ക്കുള്ള ആശുപത്രി മുറ്റം.  26 ദിവസത്തെ ചികില്‍സയ്ക്കു ശേഷം വീട്ടിലേക്ക് പോവാനിറങ്ങിയ ആ അമ്മയ്ക്കും കൂടെയുള്ളവര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കിയതായിരുന്നു.

ആ അമ്മയെ ഓര്‍മ്മയില്ലെങ്കിലും, അവര്‍ക്കൊപ്പമുള്ള  കുടുംബാംഗങ്ങളെ നമ്മളാരും മറക്കാന്‍ വഴിയില്ല. ഇറ്റലിയില്‍നിന്നു വന്ന ശേഷം, വീട്ടില്‍ ക്വാറന്‍ൈറന്‍ ചെയ്യാതെ കറങ്ങി നടന്ന്, കേരളമാകെ കൊവിഡ് 19 ഭീതി പരത്തിയ റാന്നി സ്വദേശികള്‍. സോഷ്യല്‍ മീഡിയയിലാകെ ആളുകള്‍ അറഞ്ചം പുറഞ്ചം തെറിവിളിച്ചവര്‍. തങ്ങള്‍ക്ക് തെറ്റുപറ്റിയെന്നും ലോക്ക്ഡൗണ്‍ തന്നെയാണ് പ്രധാനമെന്നുംഇറ്റലിയില്‍നിന്നു വന്ന ആ ചെറുപ്പക്കാരന്‍ പറയുന്നതിന് തൊട്ടുമുമ്പാണ്, ഡോക്ടര്‍മാരും നഴ്സുമാരുമെല്ലാം നടത്തിയ ആത്മാര്‍ത്ഥമായ ശുശ്രൂഷകള്‍ ഓര്‍ത്തുകൊണ്ട്, ആ അമ്മ ദൈവത്തെ സ്തുതിച്ചത്.

ആശുപതിയില്‍ നാലാഴ്ചയോളം ചികില്‍സിക്കപ്പെട്ട ശേഷമായിരുന്നു അത്. ശാസ്ത്രത്തിന്റെ ഉപകരണങ്ങളും സംവിധാനങ്ങളും ചിന്തയുമൊക്കെ ഉപയോഗിച്ചായിരുന്നു അവിടെ ചികില്‍സ. ഉറപ്പായും, ചികില്‍സയുടെ സമയത്ത് ഡോക്ടര്‍മാര്‍ക്ക് നിര്‍ണായകമായ തീരുമാനങ്ങള്‍ എടുക്കേണ്ടി വന്നിട്ടുണ്ടാവും. പുതിയ അസുഖം എന്ന നിലയ്ക്ക്, ഏറെ പഠിക്കേണ്ടി വന്നിട്ടുണ്ടാകും. ചൈനയിലെയും ഇറ്റലിയിലെയുമൊക്കെ പുതിയ അറിവുകളിലൂടെ കടന്നുപോവേണ്ടി വന്നിട്ടുണ്ടാവും.  ശാസ്ത്രീയ അറിവുകളുടെ തികച്ചും ജനാധിപത്യപരമായ പ്ലാറ്റ്ഫോമുകളില്‍നിന്ന് ആര്‍ജിച്ച ജ്ഞാനം രോഗശമനത്തിന് ഉറപ്പായും ഉപയോഗിച്ചിട്ടുണ്ടാവും. ആ അഞ്ചുപേര്‍ക്ക് അസുഖം മാറിയത് തങ്ങളുടെ ജീവിതത്തിലെ വലിയ സന്തോഷമാണ് എന്നുറപ്പിച്ചു തന്നെയാവും ആഹ്ലാദത്തോടെ ആ യാത്രയയപ്പ് ചടങ്ങ് ആരോഗ്യപ്രവര്‍ത്തകര്‍ നടത്തിയിട്ടുണ്ടാവുക. അതിനിടെയാണ് അമ്മയുടെ ആ പറച്ചില്‍. സോഷ്യല്‍ മീഡിയാ ഭാഷയില്‍ പ്ലിംഗ്!

സോഷ്യല്‍ മീഡിയയിലടക്കം മതവിശ്വാസവും യുക്തിവാദവും തമ്മിലുള്ള അല്ലറചില്ലറ യുദ്ധങ്ങള്‍ നടക്കുന്ന സാഹചര്യത്തിലാണ് ഈ സംഭവം. കൊറോണ വൈറസിനെ ഭയന്ന് ആരാധനാലയങ്ങളെല്ലാം അടച്ചുപൂട്ടുന്ന സാഹചര്യത്തില്‍, എവിടെ പോയി ദൈവം എന്ന പരിഹാസം കലര്‍ന്ന ചോദ്യമായിരുന്നു യുക്തിവാദി ഗ്രൂപ്പുകളില്‍ ചിലര്‍ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ത്തിയത്. ശാസ്ത്രത്തിനു മാത്രമേ ഇതുപോലുള്ള നിര്‍ണായക നേരങ്ങളില്‍ മനുഷ്യനെ രക്ഷപ്പെടുത്താന്‍ കഴിയൂ എന്നും വാദങ്ങളുയര്‍ന്നു. എന്നാല്‍, മതത്തെയോ ദൈവത്തെയോ വിശ്വാസത്തെയോ ആഴത്തില്‍ മനസ്സിലാക്കാത്ത, ഉപരിപ്ലവമായ യുക്തിവാദ പരിഹാസം മാത്രമാണ് അതെന്നായിരുന്നു മതവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന മറുപടി. പകര്‍ച്ചവ്യാധികളുടെ നേരത്ത് എങ്ങനെ പെരുമാറണമെന്ന് മതഗ്രന്ഥങ്ങളില്‍ നേരത്തെ പറഞ്ഞിട്ടുണ്ടെന്നും വിശുദ്ധഗ്രന്ഥങ്ങളിലെ ഉദ്ധരണികള്‍ സഹിതം മറുപടി ഉയര്‍ന്നു. കൊറോണ വൈറസ് മാത്രമല്ല, അതിന്റെ ചികില്‍സയും, ശാസ്ത്രം തന്നെയും ദൈവത്തിന്റെ സൃഷ്ടി മാത്രമാണെന്നും മതപക്ഷത്തുനിന്നുള്ള വിശദീകരണം വന്നു. ഇതിനെ ചൊല്ലി പോസ്റ്റുകളും ട്രോളുകളും ഒക്കെ മുറുകിയതിനിടെയാണ്, ആധുനിക വൈദ്യശാസ്ത്രത്തിന്റെ ഇടപെടലുകള്‍ക്കുശേഷം, റാന്നിയിലെ ആ അഞ്ചുപേര്‍ നെഗറ്റീവായി പുറത്തുവന്നത്.

കാലിനടിയിലെ മണ്ണ് ഒലിച്ചു പോവുന്ന സവിശേഷ സന്ദര്‍ഭമായിരുന്നു നമുക്ക് കൊറോണക്കാലം. എങ്ങും ഭീതിയുടെ അന്തരീക്ഷം. രാജ്യങ്ങള്‍ തന്നെ ലോക്ക് ഡൗണായ വേള. മതാനുഷ്ഠാനങ്ങളെക്കുറിച്ചും ആചാരങ്ങളെക്കുറിച്ചുമുള്ള സങ്കല്‍പ്പങ്ങളെല്ലാം അടിമുടി മാറിയിരുന്നു. കൂട്ടമായി അനുഷ്ഠിക്കേണ്ട ആചാരങ്ങളും പ്രാര്‍ത്ഥനകളുമെല്ലാം അവരവരുടെ വീടുകളില്‍ ഒറ്റതിരിഞ്ഞ് ചെയ്താല്‍ മതിയെന്ന് അഭിപ്രായം ഉയര്‍ന്നു. സാമൂഹ്യ അകലം പാലിക്കുന്നതിന് ആരാധനാലയങ്ങളിലെ ആള്‍ക്കൂട്ടം ഒഴിവാക്കണമെന്ന് സര്‍ക്കാറുകള്‍ വ്യക്തമാക്കി. മതത്തിന്റെ പേരില്‍ വമ്പന്‍  ചടങ്ങുകള്‍ പാടില്ലെന്ന് നിയമങ്ങള്‍ വന്നു. സെന്റ് പീറ്റേഴ്സ് ബര്‍ഗും ബസലിക്കയും അടച്ചിട്ടു. മക്കയിലെ വിശുദ്ധ കഅബാ പ്രദക്ഷിണം ഒഴിവാക്കി. ഉംറ നിര്‍ത്തിവെച്ചു. ശബരിമല അടക്കം ഹിന്ദു ക്ഷേത്രങ്ങളിലെ ഉല്‍സവങ്ങള്‍ മാറ്റിവെച്ചു. മുന്നനുഭവങ്ങളില്ലാത്ത ഈ സാഹചര്യത്തെ എന്നാല്‍, എല്ലാ രാജ്യങ്ങളിലെയും വിശാസികള്‍ അടക്കമുള്ള ജനത നേരിട്ടത് പോസിറ്റീവ് ആയിട്ടായിരുന്നു. പൊതുശത്രുവിനെ തോല്‍പ്പിക്കുന്നതിന് ഏതു തരത്തിലുള്ള വിട്ടുവീഴ്ചകള്‍ക്കും തയ്യാറാവണമെന്ന ചിന്ത വ്യാപകമായി. ശബരിമല കേസില്‍ ആചാരാനുഷ്ഠാനങ്ങള്‍ ലംഘിക്കപ്പെടാനുള്ളതല്ല എന്നു പറഞ്ഞ്, വമ്പന്‍ പ്രക്ഷോഭങ്ങള്‍ നടന്ന കേരളത്തില്‍പോലും ഒരെതിര്‍പ്പുമില്ലാതെ രോഗപ്രതിരോധ നടപടികള്‍ സ്വീകരിക്കപ്പെട്ടു. നിയന്ത്രണങ്ങള്‍ ലംഘിച്ചു നടന്ന സമൂഹ പ്രാര്‍ത്ഥനകള്‍ക്കും ഉല്‍സവങ്ങള്‍ക്കുമെതിരെ കര്‍ശന നടപടികള്‍ ഉണ്ടായി. പുരോഹിതന്‍മാര്‍ അറസ്റ്റ് ചെയ്യപ്പെട്ടു. ക്വാറന്‍ൈറന്‍ മറന്ന് ആരാധനാലയങ്ങളില്‍ കയറിയിറങ്ങി അസുഖം പടര്‍ത്തിയവരുടെ രക്തത്തിന് മുറവിളികള്‍ ഉയര്‍ന്നു. നിയമങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ക്കും മീതെയാണ് മതവും വിശ്വാസവുമെന്ന അലിഖിത നിയമങ്ങള്‍ പോലും അപ്രധാനമായ നാളുകള്‍ കൂടിയായിരുന്നു ഇത്.


രണ്ട്   
പത്തനംതിട്ടയിലെ യാത്രയയപ്പു കഴിഞ്ഞ് അധികം ദിവസമാവുന്നതിനു മുമ്പാണ് റോമില്‍നിന്നുള്ള ആ ദൃശ്യങ്ങള്‍ പുറത്തുവന്നത്. ശില്‍പ്പചാതുരിയാല്‍ കമനീയമായ സെന്റ് പീറ്റേഴ്സ് ബര്‍ഗിലെ അള്‍ത്താരയ്ക്കു മുന്നില്‍ നിന്ന് ഏകനായി, പ്രാര്‍ത്ഥനയില്‍ മുഴുകുന്ന ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ദൃശ്യങ്ങള്‍. കൊറോണക്കാലം മുന്നോട്ടു വെയ്ക്കുന്ന സാമൂഹ്യ അകലം പാലിച്ചായിരുന്നു, മാര്‍പ്പാപ്പയുടെ ഏകാന്ത പ്രാര്‍ത്ഥന. മഴ നനഞ്ഞ, വിജനമായ ബസലിക്കയുടെ പടവുകള്‍ നോക്കി അദ്ദേഹം ഇങ്ങനെ പറഞ്ഞു, കട്ടപിടിച്ച ഈ ഇരുട്ട് നമ്മുടെ ചത്വരങ്ങളിലും നമ്മുടെ തെരുവുകളിലും നമ്മുടെ നഗരങ്ങളിലും നിറഞ്ഞിരിക്കുന്നു.''

കൊറോണ വൈറസ് ലോകമെങ്ങുമുള്ള മനുഷ്യരെ ഒരേ കപ്പലിലാക്കിയിട്ടുണ്ടെന്ന് മാര്‍പ്പാപ്പ അതോടൊപ്പം പറഞ്ഞു. ഈ പ്രതിസന്ധഘട്ടത്തെ അടിസ്ഥാന മൂല്യങ്ങളെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തലും ഐകദാര്‍ഢ്യത്തിനുള്ള പരീക്ഷണ ഘട്ടമായും കാണണമെന്ന് അദ്ദേഹം ലോകത്തെ ഉണര്‍ത്തി.

അസാധാരണമായിരുന്നു ഈ നടപടികള്‍. ഇറ്റലിയെ കൊറോണ വൈറസ് വിഴുങ്ങുന്നതിന്റെ വിവരങ്ങള്‍ പുറത്തുവന്നു കൊണ്ടിരിക്കുകയായിരുന്നു. സെമിത്തേരികളില്‍ സ്ഥലം തികയാതെ മൃതദേഹങ്ങള്‍ സൈനിക വാഹനങ്ങളില്‍ പുറത്തേക്ക് കൊണ്ടുപോവുന്ന നേരം. കൊറോണ വൈറസ് ലോകമെങ്ങും ദുരന്തം  തീര്‍ക്കുന്ന വാര്‍ത്തകളായിരുന്നു ചുറ്റും. ഒട്ടും സാധാരണമായിരുന്നില്ല, ഇതിനെ നേരിടാന്‍ ലോകരാഷ്ട്രങ്ങള്‍ എടുത്ത നടപടികള്‍. സ്വയം ലോക്ക്ഡൗണ്‍ ചെയ്യാന്‍ മനുഷ്യരാകെ നിര്‍ബന്ധിതമായി. സമൂഹ പ്രാര്‍ത്ഥനകള്‍ അടക്കമുള്ള പരിപാടികള്‍ നിര്‍ത്തലായി.

കേരളത്തില്‍, അതിവേഗമാണ് സമൂഹ്യ അകലം പാലിക്കേണ്ട ആവശ്യകതയെക്കുറിച്ചുള്ള പ്രചാരണങ്ങള്‍ ആരംഭിച്ചത്. പിന്നാലെ, ആരാധനാലയങ്ങള്‍ അടച്ചു പൂട്ടാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായി. മുസ്ലിം പള്ളികള്‍ അടച്ചിടാനും ജുമുഅ നമസ്‌കാരം ഒഴിവാക്കാനും പണ്ഡിതന്‍മാരും മതസാമുദായിക സംഘടനകളും തീരുമാനമെടുത്തു. ക്രിസ്തീയ സഭകളും ദേവാലയങ്ങളും ഒട്ടും നേരം കളയാതെ ഇതേ തീരുമാനമെടുത്തു. നിരവധി ക്ഷേത്രോല്‍സവങ്ങള്‍ മാറ്റിവെച്ചു. എങ്കിലും, പല മതവിശ്വാസികള്‍ക്കും ആചാരാനുഷ്ഠാനങ്ങള്‍ ഒഴിവാക്കുന്ന കാര്യം അത്രയ്ക്ക് അംഗീകരിക്കാന്‍ പറ്റുന്നില്ലായിരുന്നു. പലയിടത്തും നിയന്ത്രണങ്ങള്‍ പാലിക്കാതെ കൂട്ടമായ ആരാധനകളും ഉല്‍സവങ്ങളും നടന്നു. അതിനതിരെ വിമര്‍ശനങ്ങളും നടപടികളും ഉയര്‍ന്നു. ഇത് മതത്തിന്റെയോ വിശ്വാസങ്ങളുടെയോ നേരമല്ലെന്നും ശാസ്ത്രീയതയില്‍ അടിയുറച്ച രോഗപ്രതിരോധ മാര്‍ഗങ്ങളുടെ നേരമാണെന്നും  പ്രചാരണങ്ങള്‍ ഉയര്‍ന്നു.  മുമ്പ് പല തവണ സംഭവിച്ചതുപോലെ ശാസ്ത്രവും മതവും മുഖാമുഖം വരുന്ന സംവാദ സാഹചര്യങ്ങള്‍ പോലും ഉണ്ടായി.


മൂന്ന്

അമേരിക്കയിലെ വെര്‍ജീനിയയിലാണ് ലിബര്‍ട്ടി സര്‍വ്വകലാശാല. തീവ്രവലതുപക്ഷ നിലപാടുകള്‍ കൈക്കൊള്ളാറുള്ള, അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉറ്റ അനുയായിയായ, ഇവാഞ്ചലിക്കല്‍ മതപുരോഹിതന്‍ ജെറി ഫാള്‍വെല്‍ ജൂനിയറിന്റെ സ്വന്തം കാമ്പസ്. അവിടെ ഈയടുത്ത് രസകരമായ ഒരു കാര്യം നടന്നു.

കൊറോണ ഭീതിയെത്തുടര്‍ന്ന്, മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം അടച്ചിടാന്‍ ഗവര്‍ണ്ണര്‍ ഉത്തരവിട്ടപ്പോള്‍, അതു വേണ്ടെന്ന നിലപാട് ഈ സര്‍വ്വകലാശാല സ്വീകരിച്ചു. കുട്ടികളെ ദൈവം കാത്തോളുമെന്നും കാമ്പസിലാണ് അവര്‍ ഏറ്റവും സുരക്ഷിതരായിരിക്കുക എന്നും ജെറി ഫാള്‍വെല്‍ ജൂനിയര്‍ വ്യക്തമാക്കി. എല്ലാ കുട്ടികളോടും കാമ്പസിലേക്ക്  വരാന്‍ ആഹ്വാനങ്ങളുണ്ടായി. കുട്ടികള്‍ സംഘങ്ങളായിത്തന്നെ സര്‍വകലാശാലയിലേക്ക് വന്നു. സര്‍ക്കാര്‍ ഇതിനെതിരെ നിലപാട് എടുത്തുവെങ്കിലും, ഭരണകക്ഷിയുടെ സ്വന്തം സര്‍വകലാശാലയില്‍ നടപടികളൊന്നും ഉണ്ടായില്ല.

പക്ഷേ, പിറ്റേന്നു മുതല്‍ കേള്‍ക്കുന്ന വാര്‍ത്തകള്‍ കൊറോണ വ്യാപനത്തിന്‍േറതായിരുന്നു. നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് അസുഖം വന്നു. പലര്‍ക്കും സെല്‍ഫ് ക്വാറന്‍ൈറന്‍ ശുപാര്‍ശ ചെയ്യപ്പെട്ടു. ദൈവത്തെയും ശാസ്ത്രത്തെയും കുറിച്ചുള്ള നീണ്ട തര്‍ക്കങ്ങള്‍ക്ക് ഒരിടവും കൊടുക്കാതെ, കൊറോണ വൈറസ് അതിന്റെ പണിചെയ്യുക തന്നെ ചെയ്തു.

ഇന്ത്യയിലേക്കു വന്നാലും കാണാം സമാനമായ സന്ദര്‍ഭങ്ങള്‍. രാജ്യത്ത് ഏറ്റവുമധികം ആളുകളിലേക്ക് വൈറസ് പടര്‍ത്തിയത് ആരെന്നറിയാമോ? അതൊരു മതനേതാവാണ്. സിഖ് പുരോഹിതനായ ബല്‍ദേവ് സിംഗ്. ഇറ്റലി, ജര്‍മ്മനി സന്ദര്‍ശനം കഴിഞ്ഞ ശേഷം നാട്ടിലേക്ക് തിരിച്ചുവന്ന അദ്ദേഹം, പഞ്ചാബില്‍ നിരവധി പ്രദേശങ്ങളിലെ അനവധി പരിപാടികളിലാണ് പങ്കെടുത്തത്. പതിനയ്യായിരത്തിലേറെ പേര്‍ക്ക് അദ്ദേഹം വഴിയാണ് രോഗം വന്നത്. അവശനിലയിലായ ഈ പുരോഹിതന്‍ വൈകാതെ മരണത്തിനു പിടികൊടുത്തു.  

ആയിരക്കണക്കിനാളുകള്‍ പങ്കെടുത്ത മതപരമായ ചടങ്ങുകള്‍ ഇന്ത്യയില്‍ പലയിടങ്ങളിലും നടന്നതായി വാര്‍ത്തകളുണ്ടായിരുന്നു. തിരുപ്പതി അടക്കമുള്ള ആരാധനാലയങ്ങളില്‍ വന്‍ പങ്കാളിത്തത്തോടെ ചടങ്ങുകള്‍ നടന്നു. കേരളത്തില്‍, തളിപ്പറമ്പിലും ശ്രീകുറുംബക്കാവിലുമെല്ലാം നിരവധി പേര്‍ തടിച്ചു കൂടിയ ഉല്‍സവങ്ങള്‍ നടന്നു. ഐ എം എ അടക്കം മുന്നറിയിപ്പു നല്‍കിയിട്ടും, ആറ്റുകാല്‍ പൊങ്കാല അടക്കമുള്ള ഉല്‍സവങ്ങള്‍ മാറ്റിവെക്കപ്പെട്ടില്ല. എങ്കിലും, ലോക്ക് ഡൗണ്‍ ഘട്ടത്തിലേക്ക് പോയതോടെ സാഹചര്യങ്ങള്‍ അടിമുടി മാറി.

നിസാമുദ്ദീനില്‍നിന്നുള്ള വാര്‍ത്തകളെ നാം കാണേണ്ടത് ഈ സാഹചര്യത്തിലാണ്. ദല്‍ഹി നിസാമുദ്ദീനിലെ തബ്ലീഗ് ജമാഅത്ത് കേന്ദ്രം രോഗവ്യാപനത്തിന് നല്‍കിയ സംഭാവനകളെക്കുറിച്ചായിരുന്നു ആ വാര്‍ത്തകള്‍. കൊവിഡ് ബാധിച്ച് നിരവധി പേര്‍ മരിച്ച സംഭവങ്ങളാണ് നിസാമുദ്ദീന്‍ മര്‍ക്കസിനെ ശ്രദ്ധയില്‍ കൊണ്ടുവന്നത്.  ഇസ്ലാമിലെ സവിശേഷമായ വിഭാഗമാണ് തബ്ലീഗ് ജമാഅത്ത്.  ഭൗതികജീവിതത്തിനേക്കാള്‍ പാരത്രിക ജീവിതത്തിനു പ്രാധാന്യം നല്‍കണമെന്ന് വിശ്വസിക്കുന്ന, അനുഷ്ഠാനപരമായ കാര്യങ്ങളില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാവാത്ത വിഭാഗം. കൂട്ടം ചേര്‍ന്ന് പ്രബോധന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന, പ്രത്യേകതകള്‍ ഏറെയുള്ള ഈ വിഭാഗത്തിന്റെ ഇന്ത്യയിലെ പ്രധാന കേന്ദ്രമാണ് നിസാമുദ്ദീനിലെ മര്‍ക്കസ്. ഇവിടെ അടുത്തിടെ നടന്ന തബ്ലീഗ് സമ്മേളനത്തില്‍ ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള നിരവധി പേര്‍ പങ്കെടുത്തു. കുറേപേര്‍ തിരിച്ചുപോയി. ചെന്നിടത്തെല്ലാം രോഗബാധകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.  നിരവധി പേര്‍ മരിച്ചു. തിരിച്ചു പോവാത്ത ആയിരക്കണക്കിനാളുകള്‍ മര്‍ക്കസില്‍ തന്നെ കഴിയുകയായിരുന്നു. ഗുരുതരമായ സാഹചര്യം മുന്നില്‍ കണ്ട് ഇന്ന് അവരെയൊക്കെ നീക്കം ചെയ്യുകയായിരുന്നു.

തബ്ലീഗ് വിഭാഗവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ കൊറോണയുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ പുറത്തുവന്നിരുന്നു. ഫെബ്രുവരി 27 തൊട്ട് മാര്‍ച്ച് 1 വരെ ക്വാലാലംപുരില്‍ നടന്ന തബ്ലീഗ് സമ്മേളനത്തിലൂടെയായിരുന്നു മലേഷ്യയില്‍ രോഗം വ്യാപിച്ചത്. വിദേശികളടക്കം 15,000 ഓളം പേര്‍ ഈ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. അവിടെനിന്നാണ് സിംഗപ്പൂര്‍ അടക്കമുള്ള രാജ്യങ്ങളിലേക്ക് രോഗം പടര്‍ന്നത്. മേഖലയിലെ ഏറ്റവും വലിയ കൊറോണ വ്യാപനത്തിന് അവസരമൊരുക്കിയത് ഈ കൂടിച്ചേരലാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നുണ്ട്. മലേഷ്യയിലെ ഈ പരിപാടിയില്‍ പങ്കെടുത്ത നിരവധി പേര്‍ നിസാമുദ്ദീനിലെ പരിപാടിയിലും പങ്കെടുത്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

എന്തുകൊണ്ടാണ്, ഇത്രയധികം മുന്നറിയിപ്പുകള്‍ ഉണ്ടായിട്ടും, നിയന്ത്രണങ്ങള്‍ ഉണ്ടായിട്ടും മതപരമായ ചടങ്ങുകളില്‍നിന്ന് ആളുകള്‍ ഒഴിഞ്ഞു നില്‍ക്കാത്തത്?  സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ മറികടക്കുന്ന പരിപാടികള്‍ക്കെതിരൈ ശക്തമായ നടപടികള്‍ ഉണ്ടാവാത്തത് എന്തു കൊണ്ടയിരിക്കും? സംശയ ംവേണ്ട, വിശ്വാസം തന്നെയാണ് അതിനു കാരണം. വിശ്വാസത്തിന്റെ യുക്തി. ശാസ്ത്രത്തിന്റെ യുക്തി വെച്ച് അതു മനസ്സിലാക്കാനാവില്ല. അതുപോലെ, മതത്തിന്റെ യുക്തിവെച്ച് ശാസ്ത്രത്തെയും മനസ്സിലാക്കുക എളുപ്പമല്ല.

വിശ്വാസങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കുമിടയില്‍ ഇവിടെ നേരിയ അകലമേയുള്ളൂ. കാലവും സാഹചര്യങ്ങളുമാണ് ചിലതിനെ വിശ്വാസവും മറ്റു ചിലതിനെ അന്ധവിശ്വാസവുമാക്കി മാറ്റുന്നത്. അതിനാല്‍ത്തന്നെ, ദൈവത്തിനു വേണ്ടിയുള്ള ആചാരാനുഷ്ഠാനങ്ങളെ അലംഘനീയമായ ഒന്നായാണ് വിശ്വാസികള്‍ കാണുന്നത്. അത് സത്യസന്ധമായ അവരുടെ ബോധ്യങ്ങള്‍ തന്നെയാണ്. മനസ്സിന്റെ ഏറ്റവും ആഴത്തില്‍നിന്നു വരുന്ന തിരിച്ചറിവുകള്‍, വിശ്വാസങ്ങള്‍. രോഗങ്ങള്‍ ദൈവത്തിന്റെ പരീക്ഷണഘട്ടങ്ങളാണെന്നു കരുതുന്ന വിശ്വാസികള്‍ക്ക്, ആ പരീക്ഷണത്തില്‍ ദൈവത്തിനുവേണ്ടി ജീവന്‍ നല്‍കാനും മടിയില്ല എന്നതാണ് വാസ്തവം. ശാസ്ത്രം പറയുന്നതോ മതം പറയുന്നതോ വിശ്വസിക്കേണ്ടതെന്ന പ്രതിസന്ധിയുടെ മുനമ്പിലാണ് പലരും മുന്നറിയിപ്പുകള്‍ അവഗണിക്കുന്നത്. മതവും ശാസ്ത്രവും തമ്മിലുള്ള അടിസ്ഥാനപരമായ നിലപാടുതറകളുടെ വ്യത്യാസം കൂടി ഇതിലുണ്ട്.


നാല്

ഇക്കാര്യം മനസ്സിലാവാന്‍ പഴയൊരു ചോദ്യപ്പേപ്പറിലേക്ക് പോവേണ്ടതുണ്ട്. ഏറെ കാലങ്ങള്‍ക്കു മുമ്പ്, പ്രൈമറി സ്‌കൂള്‍ അധ്യാപകനായ ഉപ്പ കൊണ്ടു വന്ന ഉത്തര പേപ്പറുകള്‍ നോക്കുമ്പോയിരുന്നു ആ ചോദ്യവും ഉത്തരവും കണ്ടത്.

രാവും പകലും ഉണ്ടാവുന്നത് എന്തുകൊണ്ട്? ഇതായിരുന്നു ചോദ്യം.

പാഠപുസ്തകത്തിലുള്ള ഉത്തരങ്ങള്‍ തന്നെയായിരുന്നു മിക്ക കുട്ടികളും എഴുതിയത്. എന്നാല്‍, ഒരു കുട്ടി മാത്രം അതിലില്ലാത്ത ഒരുത്തരവും എഴുതിയയിരിക്കുന്നു.

അതിങ്ങനെ ആയിരുന്നു: 'ദൈവം തമ്പുരാന്റെ ശക്തി കൊണ്ട്!'

അതെഴുതിയ കുട്ടിയെ സംബന്ധിച്ചിടത്തോളം അതായിരിക്കും അവന്റെ ശരി. പാഠപുസ്തക യുക്തിയുമായി ഒട്ടും ചേര്‍ന്നുപോവാത്ത ഒന്ന്. വിശ്വാസപരമായി അവന്‍ മനസ്സിലാക്കിയ ആ ഉത്തരമാവും അവന്‍ പേപ്പറില്‍ എഴുതിവെച്ചിട്ടുണ്ടാവുക. ഒന്ന് ശാസ്ത്രത്തിന്റെ യുക്തിയാണ്. മറ്റേത് മതത്തിന്റെ യുക്തിയും. പരസ്പരം ചേര്‍ന്നുപോവാത്ത ഈ രണ്ടു യുക്തികളാണ് കൊറോണക്കാലത്തും നിര്‍ണായകമാവുന്നത്.

നിങ്ങള്‍ ഒരു മതത്തില്‍ വിശ്വസിക്കുന്നു. ചെറുപ്പത്തിലേ നിങ്ങള്‍ക്ക് വേണ്ട കാര്യങ്ങള്‍ മതം പറഞ്ഞു തരുന്നു. എല്ലാ കാര്യങ്ങളെക്കുറിച്ചുമുള്ള അവസാന വാക്കുകള്‍. ജീവിക്കുന്ന സമയത്തേക്കുറിച്ച് മാത്രമല്ല, മരിച്ചു കഴിഞ്ഞാലുള്ള കാര്യങ്ങളും. അകമേ പൂര്‍ണ്ണമാണ് അതിന്റെ യുക്തി.

എന്നാല്‍ ശാസ്ത്രമോ? അതിന്റെ യുക്തി വ്യത്യസ്തം. അത് ഓരോ സമയത്തു മാറിക്കൊണ്ടിരിക്കുന്നു. പരിഷ്‌കരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. പുതിയ അറിവുകള്‍, പുതിയ തിരിച്ചറിവുകള്‍, പുതിയ കണ്ടുപിടിത്തങ്ങള്‍, പുതിയ ഡാറ്റ. ഓരോ നിമിഷവും സ്വയം നവീകരിച്ചു പോവുന്ന സംവിധാനമാണത്്. അതിനാല്‍ തന്നെ അവിടെ അന്തിമ ശരികളില്ല.

മതങ്ങളെ സംബന്ധിച്ചിടത്തോളം  ആദ്യത്തെ പുസ്തകങ്ങളാണ് ഇപ്പോഴത്തെയും പുസ്തകം. പിന്നെ വന്നതൊന്നും അവര്‍ക്ക് പുസ്തകമേയല്ല. ശാസ്ത്രത്തിനാണെങ്കില്‍ അവസാനത്തെ പുസ്തകമാണ് ഏറ്റവും ശരിയായ പുസ്തകം. ആദ്യത്തെ പുസ്തകം എന്നത് ശാസ്ത്രത്തിന് ഒട്ടും പ്രധാനമയല്ല.

നിരന്തരമായി മാറുന്ന ഒരു നിലപാട് തറയില്‍ നിങ്ങളെങ്ങനെ നില്‍ക്കുെമന്നാണ് ശാസ്ത്രയുക്തിക്കെതിരെ മതയുക്തി സാധാരണ ഉയര്‍ത്താറുള്ള ചോദ്യം. മുമ്പ് നിങ്ങള്‍ പറഞ്ഞതല്ല, ഇന്ന് പറയുന്നത്., ഇതെങ്ങനെ ശരിയാവും, ഏതിലാണ് പിന്നെ വിശ്വസിക്കേണ്ടത് എന്ന ചോദ്യം.

ലളിതമായ ഉത്തരങ്ങളുടെ സാദ്ധ്യതയുണ്ട് പലപ്പോഴും മതവിശ്വാസിയ്ക്ക്. ഉദാഹരണത്തിന് ഒരു ഫാന്‍ കറങ്ങുന്നത് നോക്കാം. അതെങ്ങനെ കറങ്ങുന്നു എന്ന് ശാസ്ത്രീയമായി ഉത്തരം പറയണമെങ്കില്‍, ഇലക്ട്രിസിറ്റിയെക്കുറിച്ച് പറയണം. മോട്ടോറിനെക്കുറിച്ചും ഡൈനാമോ കറങ്ങുന്നതിനെക്കുറിച്ചും പറയണം. വായുവിന്റെ ചലനത്തെക്കുറിച്ച് അറിയണം. ഇതെല്ലാം അറിഞ്ഞാലേ അക്കാര്യം വിശദീകരിക്കാനാവൂ.

എന്നാല്‍, മത വിശ്വാസിയെ സംബന്ധിച്ചിടത്തോളം വേണമെങ്കില്‍ ഇതിനെ ലളിതമായി പറയാം, ഫാന്‍ കറങ്ങുന്നത് ദൈവം കറക്കിയിട്ടാണെന്ന്. ഫാനിന്റെ കാര്യത്തില്‍ മാത്രമല്ല പ്രപഞ്ചത്തിലെ എല്ലാത്തിന്റെയും കാര്യത്തില്‍ ഈ യുക്തിയാവാം. അതിനാലാണ്, കൊറോണയെയല്ല ദൈവത്തെയാണ് പേടിക്കേണ്ടതെന്ന് പറഞ്ഞ് മതപണ്ഡിതര്‍ക്ക് വീഡിയോ ഇറക്കാനാവുന്നത്. ദൈവത്തിന്റെ പരീക്ഷണങ്ങളില്‍ വിശ്വാസമുണ്ടെങ്കില്‍, എന്തിനാണ് പൗരത്വബില്ലിനെതിരെ സമരം ചെയ്യുന്നതെന്ന് അവര്‍ക്ക് പ്രസംഗിക്കാനാവുന്നത്. എല്ലാത്തിനും മതയുക്തി എളുപ്പമാണ്. മറ്റുള്ളവര്‍ക്ക് പ്രശ്‌നങ്ങള്‍ ഉണ്ടാക്കാത്തിടത്തോളം മതയുക്തികളെ  അതിന്റെ വഴിക്കുവിടാം, എന്ന് വേണമെങ്കില്‍ പറയാം. എന്നാല്‍, മനുഷ്യരുടെ ജീവന്‍മരണ പ്രശ്‌നങ്ങളിലേക്ക് ഇത്തരം യുക്തികള്‍ ഇറക്കിവെക്കുമ്പോള്‍ കാര്യം മാറും.

മലേഷ്യയിലെ തബ്‌ലീഗ് സമ്മേളനത്തില്‍ സംഭവിച്ചത് അതാണ്. വെര്‍ജീനിയയിലെ സര്‍വകലാശാലാ കാമ്പസില്‍ സംഭവിച്ചതും സിഖ് പുരോഹിതന്റെ കാര്യത്തില്‍ സംഭവിച്ചതും അതാണ്. നിസാമുദ്ദീന്‍ മര്‍ക്കസില്‍ തടിച്ചു കൂടിയവരും അവിടെനിന്നിറങ്ങി നാടിന്റെ പലഭാഗങ്ങളിലേക്കു പോയവരും ചെയ്തത് ഇതേ കാര്യം തന്നെ. സാമൂഹ്യമായ അകലം അനിവാര്യമായ സമയത്ത് കൂട്ടം കൂടുന്നത് ക്രിമിനല്‍ കുറ്റമാണ്. എന്ത് ന്യായീകരണം പറഞ്ഞാലും, മറ്റനേകം മനുഷ്യരിലേക്ക് വൈറസിനെ എത്തിക്കാനുള്ള ശ്രമമാണത്. മറ്റു മനുഷ്യരുടെ ജീവനുള്ള ഭീഷണി. രോഗപ്രതിരോധ ശേഷി കുറഞ്ഞ,  ശാരീരിക പ്രശ്‌നങ്ങളുള്ള സഹജീവികളുടെ മരണം ഉറപ്പാക്കുന്ന ക്രിമിനല്‍ പ്രവൃത്തി. കൊലക്കുറ്റം.

സ്വന്തം മതയുക്തി മറ്റുള്ളവരുടെ ജീവനെടുക്കുന്ന വിധം വളരുമെന്ന് ബോധ്യം വന്നാല്‍ അതിനെ നിലയ്ക്ക് നിര്‍ത്തേണ്ടത് സംഘാടകരുടെ ചുമതലയാണ്. മലേഷ്യയില്‍നിന്നുള്ള ഗുരുതരമായ വൈറസ് വ്യാപന പാഠങ്ങള്‍ നിലനില്‍ക്കെ, അവിടെ നിന്നു വന്നവരെയടക്കം സ്വീകരിച്ച് മര്‍ക്കസില്‍ പരിപാടി നടത്തിയത് കുറ്റകരമാാണ്. കൊറോണ ഭീഷണിയെ തുടര്‍ന്ന്, ലോകമാകെ ആരാധനാലയങ്ങള്‍ പൂട്ടുകയും കൂട്ടപ്രാര്‍ത്ഥനകള്‍ ഒഴിവാക്കുകയും ആഘോഷങ്ങള്‍ മാറ്റിവെയ്ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍, അപായഭീഷണികളൊന്നും പരിഗണിക്കാതെ ഇത്തരമൊരു പരിപാടി നടത്തിയവര്‍ നിരപരാധികളായ ഒരു പാട് മനുഷ്യരുടെ ജീവിതം കൊണ്ടാണീ കളി കളിച്ചത്. പരിപാടി നടത്തിയ സമയത്ത് ലോക്ക്ഡൗണ്‍ ഇല്ല എന്നതോ വാഹനസൗകര്യമില്ലാത്തതിനാലാണ് ആയിരക്കണക്കിന് പേരെ താമസിപ്പിച്ചത് എന്നതോ ഈ ക്രിമിനല്‍ കുറ്റത്തിനുള്ള ന്യായീകരണമാവില്ല. ശാസ്ത്രത്തിന്റെ യുക്തിയെ മതയുക്തി മറികടക്കുമ്പോള്‍ സാമാന്യബോധം കൊണ്ടെങ്കിലും അതിന്റെ പ്രത്യാഘാതങ്ങള്‍ തിരിച്ചറിയാന്‍ കഴിയണം.

 

 

 

ലോക്ക് ഡൗണ്‍ ദിനക്കുറിപ്പുകള്‍ 
ആദ്യ ദിവസം: 'എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ.
രണ്ടാം ദിവസം: കാസര്‍ഗോട്ടെ നാസ, ചാലക്കുടിക്കാരി യുനെസ്‌കോ
മൂന്നാം ദിവസം: ഭാര്യയെ 'കൊറോണ വൈറസ്' ആക്കുന്ന 'തമാശകള്‍' എന്തുകൊണ്ടാവും?

നാലാം ദിവസം: വീട്ടിലടഞ്ഞുപോയ വാര്‍ദ്ധക്യങ്ങളോട് നാം ഏതുഭാഷയില്‍ സംസാരിക്കും?
അഞ്ചാം ദിവസം: ലോക്ക്ഡൗണ്‍ ഭയക്കാതെ ആ അതിഥി തൊഴിലാളികള്‍ എന്തിനാവും തെരുവിലിറങ്ങിയത്?
ആറാം ദിവസം: ലിപ് ലോക് ചുംബനങ്ങള്‍ക്ക് വിട, ഫ്ലൈയിംഗ് കിസിന് സ്വാഗതം!
ഏഴാം ദിവസം: ഈ സമയത്ത് ഫേസ്ബുക്കില്‍ ഫോട്ടോ കുത്തിപ്പൊക്കാമോ?

 

Follow Us:
Download App:
  • android
  • ios