Asianet News MalayalamAsianet News Malayalam

കപിലിന്റെ ചെകുത്താന്‍മാര്‍ ആരവം മുഴക്കിയത് ഇവിടെയാണ്!

ലണ്ടന്‍ വാക്ക്. നിധീഷ് നന്ദനം എഴുതുന്ന ബ്രിട്ടീഷ് യാത്രാനുഭവങ്ങള്‍ ഒമ്പതാം ഭാഗം. 

London walk travelogue by Nidheesh Nandanam Lords cricket stadium
Author
London, First Published Dec 1, 2020, 3:39 PM IST

എന്നാല്‍, രണ്ടാമിന്നിങ്‌സിന്റെ തുടക്കത്തില്‍ കപില്‍  പറന്നെടുത്ത രണ്ടു ക്യാച്ചുകള്‍ (വിവിയന്‍ റിച്ചാര്‍ഡിന്റെയും ക്ലൈവ് ലോയിഡിന്റെയും) മത്സരഗതിയെ മാറ്റിമറിച്ചു. പിന്നീട് പല്ലും നഖവും ഉപയോഗിച്ച് ആഞ്ഞടിച്ച കപിലും ചെകുത്താന്മാരും 52 ഓവറില്‍ വെറും 140 റണ്‍സിന് അതികായരായ വെസ്റ്റിന്‍ഡീസിനെ ഓള്‍ ഔട്ട് ആക്കി. ഇന്ത്യക്ക്  43 റണ്‍സിന്റെ ത്രസിപ്പിക്കുന്ന ജയം. അന്ന് ലോക ചാമ്പ്യന്മാരായ ഇന്ത്യയെക്കുറിച്ചു ഇംഗ്ലണ്ടിലെ പാണന്മാര്‍ ഇന്നും പാടി നടക്കുന്ന ചില കഥകളുണ്ട്.

 

London walk travelogue by Nidheesh Nandanam Lords cricket stadium
 

 

സെന്റ് ജോണ്‍സ് വുഡ് എന്നത് ലണ്ടനിലെ ഒട്ടും പേരുകേട്ട സ്ഥലമല്ല. ജിബിനും ഞാനും അവിടെ ട്യൂബിറങ്ങുമ്പോഴോ സ്റ്റേഷനില്‍ നിന്നും തിരിഞ്ഞു വലതു വശത്തോട്ടു നടക്കുമ്പോഴോ ആളും തിരക്കും ഒട്ടുമേയില്ല. പക്ഷെ ഓരോ വാര നടക്കുമ്പോഴും ഹൃദയതാളം മുറുകുന്നുണ്ട്. ശ്വാസഗതി ഉയരുന്നുണ്ട്. ചെന്നടുക്കുന്നതു തറവാട്ടിലേക്കാണ്-അതെ, ഇതാണ് കാലാകാലങ്ങളില്‍ ഞാന്‍ സ്വപ്നം കണ്ട സ്ഥലം. ക്രിക്കറ്റിന്റെ മെക്ക - ലോര്‍ഡ്സ്.

ലോകത്തിലെ ക്രിക്കറ്റ് ആരവങ്ങളുടെ കേന്ദ്രബിന്ദു. കാല്‍പന്തിന് മാറക്കാന എന്താണോ അതാണ് ക്രിക്കറ്റിനു ലോര്‍ഡ്സ്. 25 പൗണ്ട് വീതം മുടക്കി സ്റ്റേഡിയം ടൂറിന് ബുക്ക് ചെയ്തിട്ടുണ്ട്.  ടിക്കറ്റില്‍ സൂചിപ്പിച്ച നാലാം നമ്പര്‍ ഗേറ്റില്‍  ചെന്നു. സ്‌റ്റേഡിയം ടൂറിനു ഇനിയും സമയമുണ്ട്. സ്‌റ്റേഡിയത്തിനു പുറത്തു കാഴ്ചകള്‍ കണ്ടു ഒരുവട്ടം നടക്കാന്‍ ജിബിന് സമ്മതം. ലോര്‍ഡ്സിലെ മത്സരങ്ങള്‍ ടിവിയില്‍ കണ്ടിട്ടുള്ളവര്‍ക്കു സുപരിചിതമാണ് സ്റ്റേഡിയത്തിനു പുറത്തെ അതിമനോഹരമായ ഫ്‌ലാറ്റുകള്‍. 

ക്രിക്കറ്റ് ദിനങ്ങളിലെല്ലാം അതിന്റെ ബാല്‍ക്കണിയില്‍ കയ്യിലൊരു ബോട്ടില്‍ ബിയറുമായി നിറയെ ആളുകളുണ്ടാകും. കാണാന്‍ പോകുന്ന കാഴ്ചകളെ മനസിലോര്‍ത്ത് ഞങ്ങള്‍  നടന്നു. മതിലിനപ്പുറം ആരവങ്ങളുണ്ടോയെന്ന് കാതു കൂര്‍പ്പിച്ചു. ഒടുവില്‍ നടന്നു നടന്നു പോയി ഗേറ്റില്‍ തന്നെ തിരിച്ചെത്തി. ടിക്കറ്റ് കാണിച്ചു അകത്തു കയറി. അകത്തു വലിയ ബോര്‍ഡ്. 'ജെപി മോര്‍ഗന്‍സ് ലോര്‍ഡ്സ്'. 

 

London walk travelogue by Nidheesh Nandanam Lords cricket stadium

 

പരിപാലനം സ്വകാര്യ കമ്പനികള്‍

ഇവിടെ ഇങ്ങനെയാണ്. പ്രധാന സ്റ്റേഡിയങ്ങളെല്ലാം പരിപാലിക്കുന്നത് സ്വകാര്യ കമ്പനികളാണ്. കോടികള്‍ മുടക്കി അവരതു ഭംഗിയായി ചെയ്യുന്നു. പകരം സ്റ്റേഡിയത്തിന്റെ പേരിന്റെ പ്രായോജകാവകാശം അവര്‍ക്കാണ്. കിയാ ഓവല്‍, വെംബ്ലി ബൈ EE, O2 അരീന, അലിയാന്‍സ് പാര്‍ക്ക്, എത്തിഹാദ് സ്റ്റേഡിയം, എമിരേറ്റ്‌സ് സ്റ്റേഡിയം എന്നിവയൊക്കെ ഉദാഹരണം.

വിശ്വപ്രസിദ്ധമായ മേരി ലെബണ്‍ (Mary Lebone) ക്രിക്കറ്റ് ക്ലബ്ബിന്റെ അധീനതയിലാണ് ലോര്‍ഡ്സ് സ്റ്റേഡിയം. MCCയെക്കൂടാതെ മിഡില്‍ സെക്‌സ് ക്രിക്കറ്റ് ക്ലബ്ബിന്റെയും (MCCC) ഇംഗ്ലണ്ട ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡിന്റെയും (ECB) യൂറോപ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെയും (ECC) 2005-ല്‍ ദുബായിലേക്ക് മാറുംവരെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെയും (ICC)ആസ്ഥാനമാണ് ലോര്‍ഡ്സ്. അക്ഷരാര്‍ത്ഥത്തില്‍ ക്രിക്കറ്റിന്റെ തറവാട്. ആ കുലപ്പെരുമ ഇവിടുത്തെ കാറ്റിനു പോലും സ്വന്തം. ലോകകപ്പ്, ക്രിക്കറ്റിന്റെ ജന്മനാട്ടിലേക്ക് വിരുന്നെത്തിയപ്പോഴൊക്കെ കലാശപ്പോരിന് അരങ്ങൊരുങ്ങിയത് ഇവിടെയാണ്. അഞ്ചുവട്ടം ലോകകപ്പ് ഫൈനലിന് വേദിയൊരുക്കുകയെന്നത് ലോകത്തെ  മറ്റൊരു സ്റ്റേഡിയത്തിനും അവകാശപ്പെടാനില്ലാത്ത അപൂര്‍വനേട്ടമാണ്.

 

London walk travelogue by Nidheesh Nandanam Lords cricket stadium
 

ആഷസ് എന്ന ചെറുകോപ്പ 
സ്‌റ്റേഡിയം  കാണുംമുമ്പേ  ആദ്യം പോകുന്നത് മാര്‍ലെബോണ്‍ ക്രിക്കറ്റ് മ്യൂസിയത്തിലേക്കാണ്. അതെ, ആഷസ് എന്ന ഇത്തിരിക്കുഞ്ഞന്‍ ട്രോഫിയുടെ പേരില്‍ ഒത്തിരി പ്രസക്തി നേടിയയിടം. ഓവലില്‍ വെച്ച് കഥകള്‍ പറഞ്ഞു കൊതിപ്പിച്ച ആ ചെറുകോപ്പ നേരില്‍ കാണാന്‍ പോവുകയാണ്. അകത്തു കയറി. ഇന്നോളമുള്ള ക്രിക്കറ്റ് ചരിത്രം ഇവിടെ പുനര്‍വായിക്കപ്പെടുന്നു. പ്രൗഢഗംഭീരമായ അകത്തളം. ചരിതം പറയുന്ന ചുവരുകള്‍. അതിനിടയില്‍ ഒരടിയോളം വരുന്ന ചില്ലു പാത്രത്തില്‍, വെളിച്ച ക്രമീകരണങ്ങളുടെ ഒത്ത നടുക്ക് ആഷസ് ട്രോഫി. ലോകം ഏറ്റവും കൂടുതല്‍ കൊണ്ടാടിയ ക്രിക്കറ്റ് വൈരത്തിന്റെ യഥാര്‍ത്ഥ കാരണം. 

കളിമണ്ണില്‍ തീര്‍ത്ത ഈയൊരൊറ്റ കോപ്പക്കു വേണ്ടിയാണ്  കഴിഞ്ഞ ഒന്നര നൂറ്റാണ്ടുകളായി ഇംഗ്ലണ്ടും ഓസ്ട്രേലിയയും പോരടിക്കുന്നത്. എന്നിട്ടവര്‍ക്കു കിട്ടുന്നതോ അതിന്റെയൊരു ചെറു മാതൃക മാത്രവും. ആഷസില്‍ ഓസ്ട്രേലിയ വല്ലാതങ്ങു അധീശത്വം കാട്ടിയ കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനങ്ങളില്‍ യഥാര്‍ത്ഥ ആഷസ് തങ്ങള്‍ക്കു തരണമെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ പലവട്ടം അപേക്ഷിച്ചതാണ്. പക്ഷെ മറ്റെന്തിനേക്കാളും വില മതിക്കുന്ന ഈ ചെറുകോപ്പ വിട്ടു നല്‍കാന്‍ MCC അധികൃതര്‍ ഒരിക്കലും തയ്യാറായിരുന്നില്ല. 

 

London walk travelogue by Nidheesh Nandanam Lords cricket stadium

 

ക്രിക്കറ്റ് ലോകത്തെ ഇളക്കി മറിച്ച കളിക്കാരെ പരിചയപ്പെടുത്തും ഓരോ അലമാരയും. അതിലേറ്റവും മുഖ്യം സച്ചിന്റേതാണ്. കയ്യിലൊരു ക്രിക്കറ്റ് ബോളുമായി ലോര്‍ഡ്‌സിന്റെ ഒത്ത നടുക്ക് നില്‍ക്കുന്ന ഒരു പൂര്‍ണകായ ചിത്രം. കൂടെ വിവരണവുമുണ്ട്. ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച കളിക്കാരിലൊരാള്‍  എന്ന വിശേഷണം. പിന്നെ വിവിയന്‍ റിച്ചാര്‍ഡ്സ്, ബ്രയാന്‍ ലാറ, ഷെയിന്‍ വോണ്‍, റിക്കി പോണ്ടിങ്, ആദം ഗില്‍ക്രിസ്‌റ് തുടങ്ങി ജൂലന്‍ ഗോസാമി വരെയുള്ള മഹാരഥന്മാരുണ്ട് ചുവരില്‍. 

 

London walk travelogue by Nidheesh Nandanam Lords cricket stadium

 

കപിലിന്റെ ചെകുത്താന്‍മാരുടെ കഥ
ട്രോഫികളില്‍ ഏറ്റവും പ്രധാനം പ്രുഡന്‍ഷ്യല്‍ കപ്പ് ആണ്. ഇന്ത്യയിലേക്ക് പടികയറി വന്ന ആദ്യ ലോക കിരീടം. ഇന്ത്യയിലെ കളിയാരാധകന്‍ എന്ന നിലക്ക് ഇത് വിലമതിക്കാന്‍ ആവാത്തതാണ്. കാരണം..ഇന്ത്യയുടെ ക്രിക്കറ്റ് ചരിത്രം 1983 ജൂണ്‍ 25ന-ു മുന്‍പും ശേഷവുമെന്ന് വേര്‍തിരിക്കപ്പെട്ടിരിക്കുന്നു. 1983-ല്‍ ഇംഗ്ലണ്ടില്‍ മൂന്നാമത് ഏകദിന ലോകകപ്പിനെത്തുമ്പോള്‍ കപ്പ് നേടാന്‍ ഏറ്റവും സാധ്യത കുറഞ്ഞ ടീമായിരുന്നു ഇന്ത്യ. മുന്‍പ് നടന്ന രണ്ടു ലോകകപ്പിലും മുത്തമിട്ടു വെസ്റ്റിന്‍ഡീസ് ക്രിക്കറ്റിലെ മുടിചൂടാ മന്നന്മാരായി വാണ കാലം. 

വെസ്റ്റിന്‍ഡീസും ഓസ്ട്രേലിയയും സിംബാവെയും അടങ്ങിയ ഗ്രൂപ്പില്‍ രണ്ടാമതെത്തി സെമിയില്‍ കടന്ന ഇന്ത്യ അവിടെ ആതിഥേയരായ ഇംഗ്ലണ്ടിനെയും അട്ടിമറിച്ചു.ഒടുവില്‍ തുടര്‍ച്ചയായ മൂന്നാമതും കലാശപ്പോരിനിറങ്ങിയ വെസ്റ്റിന്‍ഡീസിനെ  നേരിടുമ്പോള്‍ ക്രിക്കറ്റ് വാത് വെപ്പുകാരോ കളിയെഴുത്തുകാരോ ചെറുമീനുകളായ ഇന്ത്യക്കൊരു സാധ്യതയും കല്‍പ്പിച്ചിരുന്നില്ല. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയെ ഗാര്‍നറും  മാര്‍ഷെലും ഹോര്‍ഡിങ്ങുമടങ്ങിയ വെസ്റ്റിന്‍ഡീസിന്റെ ലോകോത്തര പേസ്‌നിര, വെറും 183 റണ്‍സിന് ചുരുട്ടിക്കെട്ടി. റിച്ചാര്‍ഡ്‌സും ഗ്രീനിഡ്ജും ലോയിഡുമൊക്കെ അടങ്ങുന്ന വെസ്റ്റ് ഇന്‍ഡീസിന് 60 ഓവറില്‍ 183 എന്നത് വളരെ നിസ്സാരമായ സ്‌കോര്‍ ആയിരുന്നു. 

എന്നാല്‍, രണ്ടാമിന്നിങ്‌സിന്റെ തുടക്കത്തില്‍ കപില്‍  പറന്നെടുത്ത രണ്ടു ക്യാച്ചുകള്‍ (വിവിയന്‍ റിച്ചാര്‍ഡിന്റെയും ക്ലൈവ് ലോയിഡിന്റെയും) മത്സരഗതിയെ മാറ്റിമറിച്ചു. പിന്നീട് പല്ലും നഖവും ഉപയോഗിച്ച് ആഞ്ഞടിച്ച കപിലും ചെകുത്താന്മാരും 52 ഓവറില്‍ വെറും 140 റണ്‍സിന് അതികായരായ വെസ്റ്റിന്‍ഡീസിനെ ഓള്‍ ഔട്ട് ആക്കി. ഇന്ത്യക്ക്  43 റണ്‍സിന്റെ ത്രസിപ്പിക്കുന്ന ജയം. അന്ന് ലോക ചാമ്പ്യന്മാരായ ഇന്ത്യയെക്കുറിച്ചു ഇംഗ്ലണ്ടിലെ പാണന്മാര്‍ ഇന്നും പാടി നടക്കുന്ന ചില കഥകളുണ്ട്. ആദ്യ ഇന്നിങ്‌സില്‍ 183 റണ്‍സിന് ഇന്ത്യ ഓള്‍ഔട്ട് ആയപ്പോള്‍ കളി തോല്‍ക്കുമെന്നുറപ്പിച്ച ഇന്ത്യന്‍ കളിക്കാരുടെ ഭാര്യമാര്‍ സ്റ്റേഡിയം വിട്ടെന്നും രണ്ടാമിന്നിങ്‌സില്‍ അവരുടെ ഭര്‍ത്താക്കന്മാര്‍ വെസ്റ്റിന്‍ഡീസിനെ മലര്‍ത്തിയടിക്കുമ്പോള്‍ അവര്‍ ലണ്ടന്‍ തെരുവുകളില്‍ അവസാനവട്ട ഷോപ്പിങ്ങില്‍ ആയിരുന്നെന്നും. കളിക്ക് ശേഷം ഇന്ത്യന്‍ താരങ്ങളിലൊരാള്‍ ഓടിച്ചെന്നു ലോയിഡിന്റെ മുറിയില്‍ മുട്ടിയതാണ് മറ്റൊന്ന്. വിജയമാഘോഷിക്കാന്‍ ഷാംപെയ്ന്‍ ആയിരുന്നു ആവശ്യം. ജയിക്കുമെന്നവര്‍ പോലും വിശ്വസിച്ചിട്ടില്ലാത്തതിനാല്‍ ഒരു കുപ്പി ഷാംപൈന്‍ പോലും അവര്‍ വാങ്ങി വെച്ചിട്ടില്ലായിരുന്നത്രെ. 

 

London walk travelogue by Nidheesh Nandanam Lords cricket stadium
 

ലോര്‍ഡ്‌സ് സ്‌റ്റേഡിയം 
കഥകള്‍ എന്ത് തന്നെയായാലും ഈ വിജയത്തിന് ശേഷം ഇന്ത്യന്‍ തെരുവുകളിലെങ്ങും ക്രിക്കറ്റ് ആരവങ്ങളുയരാന്‍ തുടങ്ങി. ആണും പെണ്ണും ക്രിക്കറ്റ് ബാറ്റും ബോളുമായി തെരുവിലേക്കിറങ്ങി. അങ്ങനെ ഏഷ്യയുടെ, വിശിഷ്യാ ഇന്ത്യയുടെ ക്രിക്കറ്റ് വളര്‍ച്ചക്ക് ഈ വിജയം നാന്ദി കുറിച്ചു. ഈ വെള്ളിക്കപ്പു കണ്ടു കൊതി തീര്‍ന്നില്ല എങ്കിലും ഞങ്ങള്‍ മ്യൂസിയത്തില്‍ നിന്നിറങ്ങി. 

ഇനി ലോര്‍ഡ്സ് സ്‌റ്റേഡിയത്തിലേക്കാണ്. ആദ്യം ഞങ്ങള്‍ ആനയിക്കപ്പെട്ടത്  ലോങ്ങ് റൂമിലേക്കാണ്. കളി ദിവസങ്ങളില്‍ മുകളില്‍ ഇരുവശത്തുമുള്ള ഡ്രസിങ് റൂമുകളില്‍ നിന്ന് കളിക്കാര്‍ ഇറങ്ങി വരുന്നയിടം. അപ്പോള്‍ അവരെ സ്വീകരിക്കാന്‍ MCC അംഗങ്ങള്‍ അവിടെ സന്നിഹിതരായിട്ടുണ്ടാവും. MCC  അംഗമാവുകയെന്നാല്‍ ചെറിയ കളിയല്ല. കാരണം അവര്‍ അംഗസംഖ്യ പരമാവധി 18000 എന്ന് നിജപ്പെടുത്തിയിട്ടുണ്ട്. രണ്ടുലക്ഷത്തിലേറെപ്പേര്‍ അംഗമാകാന്‍ വെയ്റ്റിംഗ് ലിസ്റ്റില്‍ ഉള്ള MCCയില്‍ അംഗമാകണമെങ്കില്‍ ചുരുങ്ങിയത് 25 - 30 വര്‍ഷം കാത്തിരിക്കേണ്ടി വരും. കിക്കറ്റിലെ നിയമങ്ങള്‍ രൂപകല്‍പ്പന ചെയ്യാന്‍ അധികാരമുള്ള MCC-യെപ്പറ്റി സമീപകാലത്തെ ഏറ്റവും പ്രധാനപ്പെട്ട വാര്‍ത്ത രണ്ടു നൂറ്റാണ്ടു പിന്നിട്ട ക്ലബ് ചരിത്രത്തില്‍ ആദ്യത്തെ ബ്രിട്ടീഷിതര പ്രസിഡന്റായി കുമാര്‍ സംഗക്കാര നിയമിക്കപ്പെടുന്നു എന്നതാണ്.

ലോങ്റൂമിലെ ഒരുപാട് ചിത്രങ്ങളില്‍ ഒന്നിന് ഏറെ പ്രാധാന്യമുണ്ട്. രണ്ടു നൂറ്റാണ്ടു മുന്‍പ് ലണ്ടനില്‍ ജീവിച്ചിരുന്ന ഒരു ഇടത്തരം ബിസിനസ്സുകാരന്‍. പേര് തോമസ് ലോര്‍ഡ്. ഇദ്ദേഹത്തിന്റെ പേര് സ്മിത്ത് എന്നോ ജോണ്‍ എന്നോ ആയിരുന്നെങ്കില്‍ മനോഹരമായ ഈ പുല്‍തകിടിയെ നമ്മള്‍ മറ്റൊരു പേരില്‍ വിളിക്കേണ്ടി വന്നേനെ. അതെ, ലോര്‍ഡ്സിന്റെ യഥാര്‍ത്ഥ അവകാശി. തോമസ് ലോര്‍ഡ്. ഈ തറവാടിന്റെ കാരണവര്‍.

 

London walk travelogue by Nidheesh Nandanam Lords cricket stadium

 

ഡ്രസിങ് റൂം

ഇനി നേരെ ഹോം ഡ്രസിങ് റൂമിലേക്ക്. അവിടെ ഹാള്‍ ഓഫ് ഫെയിമില്‍ ലോര്‍ഡ്സില്‍ സെഞ്ചുറി അടിച്ചതും അഞ്ചു വിക്കറ്റ് കൊയ്തതുമായ ഇംഗ്ലീഷുകാരുടെ പേരുകള്‍. ഓരോ കളിക്കാരുടെയും സീറ്റുകള്‍ വരെ ഗൈഡ് കൃത്യമായി വിവരിച്ചു തന്നു. പിന്നെ ബാല്‍ക്കണിയിലേക്ക്, അവിടുന്ന് ഗ്രൗണ്ടിന്റെ ഫോട്ടോ പകര്‍ത്താം. സെല്‍ഫി എടുക്കാം. പക്ഷെ,എനിക്ക് പ്രിയം വലതു വശത്തെ മറ്റൊരു ഗ്യാലറിയാണ്. കാരണം വഴിയേ പറയാം. 25 വര്‍ഷം പിന്നിട്ട   മാതൃകയാണ് ഈ പവലിയന്‍. ബാക്കിയൊക്കെ ഓരോ കാലങ്ങളില്‍ പൊളിച്ചു പണിതവയാണ്. ഇനി പോകുന്നത് എവേ  ഡ്രസിങ് റൂമിലേക്കാണ്. ഇവിടുത്തെ ഹാള്‍ ഓഫ് ഫെയിമില്‍ സന്ദര്‍ശക ടീമുകളിലെ സെഞ്ചുറിയും അഞ്ചു വിക്കറ്റുനേട്ടവും രേഖപ്പെടുത്തിയിട്ടുണ്ട്. ഈ ലിസ്റ്റ് ശ്രദ്ധേയമാവുന്നത് അസാന്നിധ്യങ്ങളുടെ പേരിലാണ്.

സെഞ്ച്വറികളുടെ ലിസ്റ്റില്‍ സുനില്‍ ഗവാസ്‌ക്കറിന്റെയോ ബ്രയാന്‍ ലാറയുടെയോ ജാക്വിസ് കാലിസിന്റെയോ എന്തിന്, സച്ചിന്‍ തെണ്ടുല്‍ക്കറിന്റെയോ പേരില്ല. ടെസ്റ്റില്‍ മികവ് കാട്ടിയ ബൗളര്‍മാരുടെ ലിസ്റ്റിലോ അംബ്രോസും  മുരളീധരനും ഷെയിന്‍ വോണും  അനില്‍ കുംബ്ലെയുമില്ല.  വിരോധാഭാസം എന്നല്ലാതെ എന്ത് പറയാന്‍. ഇനി ഇവിടുത്തെ ബാല്‍ക്കണിയിലേക്ക്. ഇന്ത്യ എന്നും ഹൃദയത്തില്‍ സൂക്ഷിക്കുന്ന രണ്ടു മഹാവിജയങ്ങളുടെ ഓര്‍മ്മകള്‍ പേറുന്ന ഇടം. ഓര്‍ക്കുന്നുവോ ലോര്‍ഡ്‌സിലെ  ഈ ബാല്‍ക്കണിയില്‍ കപ്പുമായി  നില്‍ക്കുന്ന കപിലിന്റെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രം. ക്രിക്കറ്റിനെ സ്‌നേഹിക്കുന്ന എല്ലാ കളിയാരാധകരുടെയും മനസ്സിലെ ഒളി മങ്ങാത്ത ചിത്രം. ഇനി ഒന്ന് കൂടിയുണ്ട്.. നാറ്റ് വെസ്റ്റ് ട്രോഫിയിലെ ത്രസിപ്പിക്കുന്ന വിജയത്തിന് ശേഷം ഷര്‍ട്ട് ഊരി വീശുന്ന കൊല്‍ക്കത്തയിലെ രാജകുമാരന്റെ. ചിത്രം.  ഷര്‍ട്ടൂരി വീശുക മാത്രമല്ല. ലോങ്ങ് റൂമില്‍ കൂടി ഇറങ്ങിയോടി ഗ്രൗണ്ട് വരെയെത്തിയ ദാദക്ക് അന്ന് ഫൈന്‍  ഇനത്തില്‍ നഷ്ടമായത് മുഴുവന്‍ മാച്ച് ഫീയുമാണ്. കാരണം ലോര്‍ഡ്‌സിന്റെ ചരിത്രത്തില്‍ അന്നുവരെ ആരും അവിടെ അര്‍ദ്ധനഗ്‌നരായി പ്രവേശിച്ചിട്ടില്ല. പക്ഷെ അന്ന് ദാദ നടന്നു കയറിയത് ലക്ഷക്കണക്കിന് ഇന്ത്യന്‍ ഹൃദയങ്ങളിലേക്കാണ്. കൈഫും യുവരാജും അന്ന് ഇന്ത്യയെ വലിച്ചടുപ്പിച്ചത് ലോകകപ്പിന് ശേഷമുള്ള ഏറ്റവും തിളക്കമുള്ളൊരു മഹാവിജയത്തിലേക്കാണ്. അതേ  ബാല്‍ക്കണിയിലാണ് ഞങ്ങളിപ്പോള്‍. പലകുറി സെല്‍ഫി എടുത്തു. ഇനി പതുക്കെ ഗാലറിയിലേക്ക്.

 

London walk travelogue by Nidheesh Nandanam Lords cricket stadium
 

ലോകപ്രസിദ്ധമായ ചെരിവ് 
ഇന്ത്യയിലെ  ക്രിക്കറ്റ് സ്റ്റേഡിയങ്ങളുമായി താരതമ്യം ചെയ്താല്‍  ചെറുതാണ് ലോര്‍ഡ്സ്. മുപ്പതിനായിരം ഇരിപ്പിടങ്ങള്‍ മാത്രം. പവലിയന്റെ  വലതു വശത്തു ബൗളേഴ്സ് ബാറിന് മുന്നിലുള്ള മണി പ്രസിദ്ധമാണ്. ക്രിക്കറ്റ്  ലോകത്തെ ഏറ്റവും പ്രശസ്തനായൊരാള്‍ കളി  തുടങ്ങുന്നതിനു അഞ്ചു മിനിറ്റ് മുന്‍പ് ഈ മണി മുഴക്കും. അതിനുള്ള നിയോഗം അവര്‍ക്കുള്ള ആരദരവാണ്. ഇന്ത്യയില്‍ നിന്ന് ഗാവസ്‌കര്‍, കപില്‍, ഗാംഗുലി, ദ്രാവിഡ്, മഞ്ജരേക്കര്‍ എന്നിവര്‍ക്ക് മാത്രമേ ഇത് വരെ ഇതിനുള്ള അവസരം ലഭിച്ചിട്ടുള്ളൂ... 

മഴ പെയ്തു തോര്‍ന്നാല്‍ അപ്പോള്‍ തന്നെ കളി  തുടങ്ങാന്‍ സാധിക്കുന്ന ലോര്‍ഡ്സ് മൈതാനത്തിന്റെ ചരിവ് ലോക പ്രസിദ്ധമാണ്. രണ്ടര മീറ്റര്‍ വരെയാണ് മറുവശത്തെ അപേക്ഷിച്ചു വടക്കു പടിഞ്ഞാറ് ചരിവ്. ഇത് ബൗളര്‍മാര്‍ക്ക് കൊടുക്കുന്ന സഹായം ചില്ലറയല്ല. ഇരു വശത്തു നിന്നും അകത്തോട്ടും പുറത്തോട്ടും പന്തിനെ മൂവ് ചെയ്യിക്കാന്‍ ഈ ചരിവ് സഹായിക്കുന്നു.

ഇനി പോകുന്നത് മീഡിയ സെന്ററിലേക്കാണ്. സെമി മോണോ കോക്ക് എന്ന പ്രത്യേക ഡിസൈന്‍ കൊണ്ട് ലോക ശ്രദ്ധയാകര്‍ഷിച്ചതാണ് ഇവിടുത്തെ മീഡിയ സെന്റര്‍. ലോര്‍ഡ്സിന്റെ ഇന്നത്തെ ഐക്കണും അത് തന്നെ. 1999 -ലെ ലോകകപ്പിന്  മുന്നോടിയായി പണി കഴിപ്പിച്ച ഇവിടെ  നൂറുകണക്കിന് മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഒരേ സമയം ഇരിക്കാനാകും. പൂര്‍ണമായും അലുമിനിയത്തില്‍ പണി തീര്‍പ്പിച്ച ഈ മാതൃക ലോകത്തിലെ തന്നെ ഇത്തരത്തിലാദ്യം. മികച്ച വാസ്തു  മാതൃകക്കുള്ള റിബാ സ്റ്റെര്‍ലിങ്  പ്രൈസ് ഇതിനായിരുന്നു. 

ഇനി ക്ലബ് സ്റ്റോറിലേക്ക്. എന്നെന്നും ഓര്‍മ്മിക്കാന്‍ സുവനീര്‍ ആയി ലോര്‍ഡ്സ് എന്നെഴുതിയ ഒരു കപ്പും കീ ചെയിനും വാങ്ങി തിരിച്ചിറങ്ങി. പുറത്തു ലോര്‍ഡ്സിന്റെ ഇരുന്നൂറാം വാര്‍ഷികത്തിന്റെ ഓര്‍മ്മചിത്രങ്ങള്‍.

 

London walk travelogue by Nidheesh Nandanam Lords cricket stadium

 

കണ്ടതും കേട്ടതും അനുഭവിച്ചതുമെല്ലാം ചരിത്രം. ഇന്നോളം ക്രിക്കറ്റിനെ കുറിച്ചറിഞ്ഞതെല്ലാം ഇവിടുത്തെ മണ്ണിനോട് ചേര്‍ത്ത് വായിച്ചവ. ലോര്‍ഡ്സിലെ ഇതിഹാസങ്ങള്‍ അവസാനിക്കില്ലെന്നാണ് ഇക്കഴിഞ്ഞ ലോകകപ്പ് ഫൈനലും നമ്മളോട് വിളിച്ചു പറഞ്ഞത്. ക്രിക്കറ്റ് ചരിത്രത്തില്‍ ഇന്ന് വരെ കണ്ടിട്ടില്ലാത്തത്ര വെറും വാശിയും നിറഞ്ഞ മത്സരം. മത്സരം കഴിഞ്ഞിട്ടും സൂപ്പര്‍ ഓവര്‍ എറിഞ്ഞിട്ടും തോല്‍ക്കാന്‍ തയാറാകാഞ്ഞ വില്യംസിന്റെ  ന്യൂസിലന്റിനെ ബൗണ്ടറികളുടെ എണ്ണം കൊണ്ട് വീഴ്ത്തി ആതിഥേയന്‍ കപ്പുയര്‍ത്തിയപ്പോള്‍, ലോര്‍ഡ്സ് ഇംഗ്ലണ്ടിന്റെ ലോകകപ്പുകളുടെ  ശാപമോക്ഷം കിട്ടിയ ദേവഭൂമിയായി.. സ്റ്റോക്‌സ് എന്ന പടയാളി ആരാധകരുടെ കണ്‍കണ്ട ദൈവവും. പിന്നെയും മാന്ത്രികതകള്‍ കാത്തു വെച്ച് ലോര്‍ഡ്സ് കാത്തിരിക്കുകയാണ്..അടുത്ത കളി  മുഹൂര്‍ത്തത്തിനായി.

 


ലണ്ടന്‍ വാക്ക്: ആദ്യ ലക്കങ്ങള്‍

ഡിനോസറുകള്‍ക്ക് ഒരു തീരം! 

ഈജിപ്തിലെ മമ്മികള്‍ മുതല്‍, തഞ്ചാവൂരിലെ 'ബൃഹദേശ്വര പ്രതിമ' വരെ സൂക്ഷിക്കുന്ന ഒരിടം!

ചോറ്, തോരന്‍, മോര് കറി; ലണ്ടനിലെ 'മലയാളി' തട്ടുകട 

കളിയൊഴിഞ്ഞ നേരത്ത് ഓവല്‍!

ചെല്‍സീ, ചെല്‍സീ...ഇപ്പോഴുമുണ്ട് ആ മന്ത്രം കാതുകളില്‍! 

അത്ഭുതമാണ് സെന്റര്‍ കോര്‍ട്ട്!

പുല്ലുകളേക്കാള്‍ ആരാധകര്‍, മൂന്ന് ലക്ഷം പേര്‍ അകത്തും,  60000 പേര്‍ പുറത്തും; വെംബ്ലിയിലെ അത്ഭുതം
 

Follow Us:
Download App:
  • android
  • ios