തിരുവനന്തപുരം സ്വദേശിയെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. എയർ കസ്റ്റംസാണ് സ്വർണം പിടികൂടിയത്.

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ വന്‍ സ്വർണവേട്ട. ഷാർജയിൽ നിന്നെത്തിയ തിരുവനന്തപുരം സ്വദേശിയിൽ നിന്നും ഒരു കോടി 5 ലക്ഷം രൂപ വില വരുന്ന സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിലാണ് സ്വർണം കണ്ടെത്തിയത്. പ്രതിയെ റിമാൻഡ് ചെയ്തു. 

ഷാർജയിൽ നിന്നും തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ തിരുവനന്തപുരം സ്വദേശി ഒളിച്ച് കടത്താൻ ശ്രമിച്ച സ്വ‍ർണമാണ് എയർ കസ്റ്റംസ് പിടികൂടിയത്. തിരുവനന്തപുരം സ്വദേശിയായ 26 കാരനിൽ നിന്നും 1.48 കിലോ ഗ്രാം തൂക്കം വരുന്ന സ്വർണമാണ് കണ്ടെത്തിയത്. പിടിച്ചെടുത്ത സ്വർണത്തിന് ആഭ്യന്തര വിപണിയിൽ ഒരു കോടി 5 ലക്ഷം രൂപ മൂല്യം വരും. സ്വർണം പേസ്റ്റ് രൂപത്തിലാക്കി അടി വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം. വസ്ത്രത്തിനുള്ളിൽ പ്രത്യേകം തയ്യാറാക്കിയ രണ്ട് അറകളിലാക്കിയാണ് സ്വ‍ർണം ഒളിപ്പിച്ചിരുന്നത്. സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് സ്വർണം പിടിച്ചെടുത്തത്. സമീപകാലത്ത് തിരുവനന്തപുരം വിമാനത്താവളത്തിൽ നടത്തിയ വലിയ സ്വർണവേട്ടയാണിത്. സ്വർണം കടത്താൻ ശ്രമിച്ച പ്രതിയെ കൂടുതൽ അന്വേഷണങ്ങള്‍ക്കായി റിമാൻഡ് ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്