മത്സര ദിനങ്ങളില്‍ വെംബ്ലി തൊണ്ണൂറായിരം കണ്ഠങ്ങള്‍ കാറ്റൂതി നിറച്ചൊരു തുകല്‍പ്പന്താകും. ആരവങ്ങളിലവ  ഇരുപുറം സഞ്ചരിക്കും. കളിക്കാരുടെ ഓരോ ചടുലനീക്കങ്ങളിലും ഈ സ്‌റ്റേഡിയം പുളകം കൊള്ളും. പന്ത് ഓാരോ  തവണയും വര കടന്നു വലയെ ചുംബിക്കുമ്പോള്‍ വെംബ്ലി പൊട്ടിത്തെറിക്കും.

ഫുട്‌ബോള്‍ മത്സരങ്ങള്‍ക്ക് പുറമെ ഒട്ടനവധി സംഗീതബാന്റുകളുടെ അവതരണങ്ങള്‍ക്ക്  വെംബ്ലി സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഒറ്റ സ്വിച്ചിട്ടാല്‍ വലതു വശത്തെ താഴത്തെ നിലയിലുള്ള കസേരകളെല്ലാം മടങ്ങി പിന്നോട്ട് നീങ്ങി അതൊരു സ്‌റ്റേജായി മാറും.

 

 

ഇംഗ്ലണ്ടിലെ  കലാകായിക ഭൂപടത്തില്‍ തിലകക്കുറിയണിഞ്ഞു  നില്‍ക്കുന്ന ഒരു സ്ഥലമുണ്ടെങ്കില്‍ അത് വെംബ്ലിയാണ്. ഓരോ  ഇംഗ്‌ളീഷുകാരനും നെഞ്ചില്‍ കൈവെച്ചു പറയുന്ന അഭിമാനത്തിന്റെ പേര്.  ഇംഗ്ലണ്ടിന്റെ ഫുട്‌ബോള്‍ ടീം വെള്ളക്കുപ്പായവുമണിഞ്ഞു കളിക്കാനിറങ്ങുന്ന ഇംഗ്ലണ്ടിലെ ഒരേയൊരു വേദി. അതെ, പകിട്ടും പാരമ്പര്യവും സമാസമം ചേരുന്ന അപൂര്‍വം ചിലയിടങ്ങളില്‍ ഒന്നാണ് വെംബ്ലി.

വാട്ടര്‍ലൂ അണ്ടര്‍ഗ്രൗണ്ട് ട്യൂബ് സ്റ്റേഷനില്‍ നിന്ന് ജൂബിലി ലൈനില്‍ കൃത്യം 26  മിനിറ്റ്. നിങ്ങള്‍ക്ക് വെംബ്ലി പാര്‍ക്ക് സ്‌റ്റേഷന്റെ വീതിയുള്ള പടികളിറങ്ങാം. തൊട്ടു മുന്നില്‍ നിറയെ ലില്ലിപ്പൂക്കള്‍ നിറച്ചൊരു പൂക്കൂട കണക്കെ ഇതാ വെംബ്ലി.  പൂക്കൂടയെന്നു വെറുതെ പറഞ്ഞതല്ല, സ്റ്റേഡിയത്തെ കവച്ചു വെക്കുന്ന ആ വെള്ളക്കമാനം കണ്ടാല്‍ അങ്ങനെയേ തോന്നൂ. ഇന്ന് ലണ്ടന്‍ നഗരത്തിന്റെ ഐകോണിക് സിംബലുകളില്‍ ഒന്നാണീ  കമാനം. 10 വാരി വീതിയുള്ള വെംബ്ലി പാര്‍ക്ക് സ്‌റ്റേഷന്റെ പടിക്കെട്ടു അവസാനിക്കുന്നിടത് അത്ര തന്നെ വീതിയുള്ള നടപ്പാത ആരംഭിക്കുന്നു. 100 മീറ്റര്‍ അകലെ അത് അവസാനിക്കുന്നത് വെംബ്ലിയിലും. അതിനിടയില്‍  ഒരു മേല്‍പ്പാതയുണ്ട്.

സിറ്റിയും ചെല്‍സിയും കൊമ്പു കോര്‍ത്ത കറബാവോ കപ്പിന്റെ ഫൈനല്‍ ഓര്‍മയില്ലേ. കോച്ച് പറഞ്ഞിട്ടും തിരിച്ചു  കയറാന്‍ കൂട്ടാക്കാതെ കെപ്പ അരിസബലാഗ പെനാല്‍റ്റി തടുക്കാന്‍ ക്രോസ്ബാറിന് താഴെ നിന്നത്. അരിശം മൂത്ത് മോറിസിയോ സാരി ടണലിലൂടെ തിരിച്ചു കയറിപ്പോയത് അതിന് തൊട്ടു തലേ ദിവസമാണ്. സ്റ്റേഡിയത്തിനു മുന്നിലെ പടുകൂറ്റന്‍ LED സ്‌ക്രീനില്‍ ഫൈനലിന്റെ പ്രൊമോഷന്‍ വീഡിയോ.

ഇംഗ്ലണ്ടിലെ മറ്റു കായിക വേദികളെ താരതമ്യം ചെയ്യുമ്പോള്‍ പുത്തന്‍ സ്‌റ്റേഡിയമാണ് വെംബ്ലി. വെറും 12 വയസ്സിന്റെ ചെറുപ്പം. പക്ഷേ വെംബ്‌ളിയെക്കുറിച്ചു പറയാന്‍ 96 വര്‍ഷങ്ങള്‍ പുറകിലേക്ക് നടക്കണം. കൃത്യമായി പറഞ്ഞാല്‍ 1923 ലേക്ക്. ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ പ്രദര്‍ശന മൈതാനമായിരുന്ന ഇടമാണ് അന്ന് ഏഴര ലക്ഷം പൗണ്ട് മുടക്കി 300 ദിവസം കൊണ്ട് സ്റ്റേഡിയം ആക്കി മാറ്റിയെടുത്തത്. ബ്രിട്ടീഷ് എമ്പയര്‍ എക്‌സിബിഷന്‍ സ്റ്റേഡിയം എന്നത് പില്‍ക്കാലത്ത് എമ്പയര്‍ സ്റ്റേഡിയം എന്നറിയപ്പെട്ടു. 

 

 

വെള്ളക്കുതിരയുടെ ദിവസം 
വൈറ്റ് ഹോഴ്‌സ് ഫൈനല്‍ എന്ന പേരില്‍ പ്രസിദ്ധമായ 1923-ലെ എഫ് എ കപ്പ് ഫൈനലിന്‍ൈറ 4 നാള്‍ മുന്‍പാണ് ഈ സ്റ്റേഡിയം പ്രവര്‍ത്തന സജ്ജമായത്. അന്ന് വെസ്റ്റ് ഹാം യുണൈറ്റഡ് ബോള്‍ട്ടന്‍ വണ്ടറേഴ്സിനെ നേരിടുമ്പോള്‍ ഫുട്‌ബോള്‍ ഫെഡറേഷന്റെ കണക്കു കൂട്ടലുകള്‍ പൂര്‍ണമായും തെറ്റി.

ഒന്നേകാല്‍ ലക്ഷം കസേരകളുള്ള പുതിയ ദേശീയ മൈതാനത്തിന്റെ 104 ഗേറ്റുകള്‍ വഴി ഇരച്ചെത്തിയത് മൂന്നു ലക്ഷത്തിലേറെപ്പേര്‍. സ്റ്റേഡിയം മുഴുവന്‍ നിറഞ്ഞു കവിഞ്ഞ പുരുഷാരം. അറുപത്തിനായിരത്തിലേറെപ്പേര്‍ അകത്തു കയറാനാകാതെ പുറത്തു തിക്കിത്തിരക്കി. മൈതാന മധ്യത്തില്‍ കളി നടത്താന്‍ പോയിട്ട് സൂചികുത്താനിടമില്ല. ഒടുവില്‍ ബ്രിട്ടീഷ് പോലീസിലെ ബില്ലി എന്ന വെള്ളക്കുതിരയെ ഇറക്കേണ്ടി വന്നു കളി നടത്താനുള്ള സ്ഥലമൊഴിപ്പിക്കാന്‍. (ബില്ലിയോടുള്ള ആദരസൂചകമായാണ് വെംബ്ലി റെയില്‍വേ സ്റ്റേഷനില്‍ നിന്നും സ്റ്റേഡിയത്തിലേക്കുള്ള നടപ്പാതക്ക് വൈറ്റ് ഹോഴ്‌സ് ബ്രിഡ്ജ് എന്ന് പേരിട്ടത്). അങ്ങനെ കാണികള്‍ അതിര്‍വരമ്പ് നിശ്ചയിച്ച വെംബ്ലിയിലെ ആദ്യ മത്സരം 45  മിനിറ്റ് വൈകി ആരംഭിക്കുകയും വെസ്റ്റ് ഹാമിനെ എതിരില്ലാത്ത ഇരട്ട ഗോളുകള്‍ക്ക് തോല്‍പ്പിച്ച് ബോള്‍ട്ടന്‍ വാണ്ടറേഴ്സ് എഫ് എ കപ്പില്‍ മുത്തമിടുകയും ചെയ്തു. ഇന്നും ഒരു റേസിംഗ് ഇതര മത്സരത്തിലെ ഏറ്റവും വലിയ ജനപങ്കാളിത്തമെന്ന റെക്കോര്‍ഡ് വെംബ്ലിയിലെ എമ്പയര്‍ സ്റ്റേഡിയത്തിലെത്തിയ മൂന്നരലക്ഷത്തിന്റെ പേരിലാണ്. അതില്‍പ്പരമിന്നോളം അപൂര്‍വം ചില അവസരങ്ങളൊഴിച്ചാല്‍ എഫ് എ കപ്പിന്റെ കിരീടധാരണങ്ങളെല്ലാം  നടന്നത് വെംബ്ലിയിലാണ്, 'ഇരട്ടഗോപുരം' എന്ന് വിളിപ്പേരുള്ള എമ്പയര്‍  സ്റ്റേഡിയത്തിലും പിന്നെ ഇപ്പോള്‍ വെള്ളിക്കമാനം കൊണ്ടലങ്കരിച്ച  വെംബ്ലിയിലും.

 


 

ബോബി മൂറിന്റെ കളിക്കളം
വെംബ്ലി പാര്‍ക്കില്‍ നിന്നും നടപ്പാത നേരെ ചെന്നെത്തുന്നത് സ്റ്റേഡിയത്തിന്റെ അടിവശത്താണ്. അതിനു മുന്നേ ഇരുവശത്തേക്കും കയറിപ്പോകുന്ന നടപ്പാതകള്‍ ചെന്നെത്തുന്നത് രണ്ടാം നിലയിലും. അതാണ് വെംബ്ലിയുടെ പ്രവേശനകവാടവും. താഴെ നിന്ന് പടിക്കെട്ടുകള്‍ കയറി മുകളില്‍ വന്നാല്‍ ആദ്യം കാണുന്നത് ബോബി മൂറിന്റെ പ്രതിമയാണ്. 

എല്ലാ കാലത്തും ലോകകപ്പുകള്‍ ഇംഗ്ലണ്ടിന് കിട്ടാക്കനിയാണ്. അത് ക്രിക്കറ്റില്‍ ആയാലും ഫുട്‌ബോളില്‍ ആയാലും. അതുകൊണ്ടു തന്നെ 1966 ലോകകപ്പ് ഇംഗ്ലീഷുകാര്‍ ഒരു കാലവും മറക്കില്ല. ആദ്യമായി ഫുട്ബാള്‍ ലോകകപ്പ് ഇംഗ്‌ളീഷ് മണ്ണില്‍ വിരുന്നെത്തിയ കാലം. സ്വാഭാവികമായും മത്സര വേദികളില്‍ ഏറ്റവും പുതിയതും വലുതുമായ, അന്ന്  എമ്പയര്‍ സ്റ്റേഡിയം എന്നറിയപ്പെട്ടിരുന്ന വെംബ്ലിക്കായിരുന്നു ഇംഗ്ലണ്ടിന്റെ  എല്ലാ മത്സരങ്ങളിലും ആതിഥേയരാകാന്‍ യോഗം. ആദ്യമത്സരം സമനിലയിലായതൊഴിച്ചാല്‍ ബാക്കിയെല്ലാം ആധികാരികമായി ജയിച്ച് ബോബി മൂറിന്റെ ടീം വെംബ്ലിയില്‍ ആനന്ദനൃത്തമാടി. അന്ന് ബ്രിട്ടീഷ് രാജ്ഞിയില്‍ നിന്നേറ്റു വാങ്ങിയ 'ജൂള്‍സ് റെമിറ് കപ്പ്' (പഴയ ലോകകപ്പ് ട്രോഫി) ഇന്നും വെംബ്ലിയിലെ മ്യൂസിയത്തിലുണ്ട്. അന്നും ഇന്നും എക്കാലവും ഇംഗ്‌ളണ്ടിന്റെ ഏറ്റവും മികച്ച ടീമായി ആ ടീം വാഴ്ത്തപ്പെടുന്നു.


സ്‌റ്റേഡിയത്തിനുള്ളില്‍ 
ഞാനവിടെ ചെന്നതിന്റെ അടുത്ത  നാള്‍ കറബാവോ  കപ്പ് ഫൈനലായിരുന്നു. അതിനാല്‍ മിനിടൂര്‍ ആണ്. ടിക്കറ്റിന് 12 പൗണ്ട്.  കയറി. വീഡിയോ ഗൈഡും ഹെഡ്‌സെറ്റും തന്നു. നടക്കുന്ന വഴികളിലെ ഓരോ കാര്യങ്ങളും വീഡിയോ ഗൈഡില്‍ വിവരിക്കുന്നു.  ചുവരുകളൊക്കെയും ഇംഗ്ലീഷ് ഫുട്‌ബോളിന്റെ ചരിത്രം പറയുന്നു. അതിനപ്പുറം വെംബ്ലി സ്റ്റേഡിയത്തിന്റെ ത്രിമാനമാതൃക. മൂന്ന്  ഘന മീറ്ററെങ്കിലും വ്യാപ്തിയുള്ളത്. തൊട്ടരികില്‍ ജൂള്‍സ് റെമിറ്റ് കപ്പ്. ഇംഗ്ലീഷ് ഫുട്‌ബോളിന്റെ അഭിമാനം.

അടുത്ത നിലയിലേക്ക് പടികയറിയെത്തുമ്പോള്‍ യൂറോ കപ്പിന്റെ കൂറ്റന്‍ മാതൃക. അടുത്ത വര്‍ഷത്തെ യൂറോകപ്പ്  ഫൈനല്‍  നടക്കുന്നത് വെംബ്ലിയിലാണ്.  അപ്പോഴേ തുടങ്ങി അതിന്റെ മുന്നൊരുക്കം. 'വണ്ടേഴ്‌സ് ഇന്‍ വെംബ്ലി' എന്ന ബോര്‍ഡിന് കീഴില്‍ വെംബ്ലിയിലെ ചരിത്ര മുഹൂര്‍ത്തങ്ങള്‍. തൊട്ടരികില്‍ എഫ് എ കപ്പും എഫ് എ കമ്യൂണിറ്റി ഷീല്‍ഡും. ഇംഗ്ലണ്ടിലെ ഫുട്ബാള്‍ രാജാക്കന്മാര്‍ക്കുള്ള നോക്ഔട്ട് ട്രോഫി. സീസണ്‍ മുഴുവന്‍ നടക്കുന്ന പ്രീമിയര്‍ ലീഗിനേക്കാള്‍ ടീമുകള്‍ വിലമതിക്കുന്നതാണ്, വര്‍ഷത്തിലൊരിക്കല്‍ വെംബ്ലിയിലെ റോയല്‍ ബോക്്‌സിലേക്കുള്ള 36 പടികള്‍ കയറി വന്നു, രാജകുമാരനില്‍ നിന്ന് ഏറ്റുവാങ്ങുന്ന, ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ഈ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ്. ഇംഗ്ലണ്ടിലെ 10 ലെവലില്‍ ഉള്ള ചെറുതും വലുതുമായ എഴുന്നൂറില്‍പരം ക്ലബുകള്‍ക്കും എഫ് എ  കപ്പിന് വേണ്ടി മാറ്റുരക്കാനാവും എന്നതാണ് ഇതിന്റെ പ്രത്യേകത. എങ്കിലും ഇക്കഴിഞ്ഞ കാലമത്രയും രണ്ടാം ഡിവിഷനില്‍ നിന്ന് താഴേക്കുള്ള ഒരു ടീമും എഫ് എ   കപ്പിന്റെ ഫൈനലില്‍ പോലും എത്തിയിട്ടില്ലെന്നത് വേറെ കാര്യം. പ്രീമിയര്‍ ലീഗിലെയും F-^v F കപ്പിലെയും  ചാമ്പ്യന്മാര്‍ മാറ്റുരക്കുന്നതിലെ വിജയികള്‍ക്കുള്ളതാണ് എഫ് എ  കമ്മ്യൂണിറ്റി ഷീല്‍ഡ്...

അടുത്തതായി യുവേഫ ചാമ്പ്യന്‍സ് ട്രോഫിയിലെ കളി മുഹൂര്‍ത്തങ്ങള്‍. പിന്നീടുള്ള കാഴ്ച്ചകള്‍ ഫുട്‌ബോളിനെ കടന്നു പോവുകയാണ്. അതു പതുക്കെ റഗ്ബിയിലേക്കും വെംബ്ലിയിലെ സംഗീത ഗ്രൂപ്പുകളിലേക്കും കടക്കുന്നു. ഒട്ടും വൈകാതെ ഗൈഡ് എത്തി. ഞങ്ങള്‍ ആകാംക്ഷയോടെ കാത്തിരിക്കെ അത്ഭുതാരവങ്ങളിലേക്ക്  ആ വാതില്‍ തുറന്നു. ചുറ്റും ചുവന്നു നിന്നിരുന്നൊരു ചെപ്പു കുടത്തിനകത്തേക്കു ഞങ്ങള്‍ കയറി. 

 

 

അത്ഭുത മൈതാനം
അടിയിലെ പച്ചപരവതാനിക്കു മേലെ മൂന്നു നിലകളിലായി തൊണ്ണൂറായിരം ഇരിപ്പിടങ്ങള്‍. ബ്രിട്ടണിലെ ഏറ്റവും വലിയ സ്റ്റേഡിയം.  തൊണ്ണൂറ്റി ഒമ്പതിനായിരം  പേര്‍ക്കിരിക്കാവുന്ന ബാഴ്‌സലോണയിലെ ക്യാമ്പ് നു കഴിഞ്ഞാല്‍ യൂറോപ്പിലെ രണ്ടാമത്തെ വലിയ സ്‌റ്റേഡിയം. ആവേശത്തിന്റെ പരകോടിയിലായിരുന്നു എല്ലാവരും. ക്യാമറ ഫ്‌ളാഷുകള്‍ തുരുതുരെ മിന്നി.സ്റ്റേഡിയത്തിനകത്തു ഒരൊറ്റ തൂണുപോലുമില്ലാത്ത, എല്ലാ കോണുകളില്‍ നിന്നും കളിക്കളത്തിലേക്ക്  ഒരേ കാഴച പ്രദാനം  ചെയ്യുന്ന ഒരത്ഭുതമൈതാനം. 

2003-ല്‍ പഴയ മൈതാനം പൊളിച്ച ശേഷം 2007ലാണ് പുതിയ വെംബ്ലി സ്റ്റേഡിയം തുറന്നത്. 50 മീറ്ററാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഈ സ്‌റ്റേഡിയത്തിന്റെ ഉയരം. 315 മീറ്റര്‍ നീളവും 133 മീറ്റര്‍ ഉയരവുമുള്ള വെംബ്ലി കമാനമാണ് ആകെയുള്ള തൊണ്ണൂറായിരം സീറ്റിനെയും മറക്കുന്ന മേല്‍ക്കൂരയെ താങ്ങി നിര്‍ത്തുന്നത്. ലോകത്തിലെ ഏറ്റവും വലിയ ഒറ്റചാണ്‍ നിര്‍മിതിയാണിത് (single span sculpture). കിഴക്കും പടിഞ്ഞാറുമുള്ള മേല്‍ക്കൂരകള്‍  നീക്കാനാവുന്നതിനാല്‍ മത്സരസമയം മുഴുവന്‍ മൈതാനത്തു നിഴല്‍ വീഴാതെ എന്നാല്‍ കാണികള്‍ക്കു വെയില്‍ കൊള്ളാതെ നിര്‍ത്താന്‍ കഴിയുന്ന അത്യപൂര്‍വ്വനിര്‍മിതി. ഇത്രയും ഉയരെ നിന്ന് മേല്‍ക്കൂരയുടെ മുക്കാല്‍ ഭാരവും വഹിക്കുന്നതിനാല്‍ ഏകദേശം 50 മീറ്റര്‍ ആഴത്തില്‍ പൈലിങ് നടത്തിയാണ് ഇരുവശത്തും കമാനത്തെ ഉറപ്പിച്ചിട്ടുള്ളത്. കൂടാതെ ലോകത്തു ഏറ്റവും കൂടുതല്‍ ശുചിമുറികളുള്ള കെട്ടിടവും വെംബ്ലി തന്നെ. മൂക്കത്തു വിരല്‍ വെക്കരുത്.2618 മൂത്രപ്പുരകളാണ് ഈ ഒരൊറ്റ കെട്ടിടത്തിലുള്ളത്.

 

 

കളിയരങ്ങ് 
മത്സര ദിനങ്ങളില്‍ വെംബ്ലി തൊണ്ണൂറായിരം കണ്ഠങ്ങള്‍ കാറ്റൂതി നിറച്ചൊരു തുകല്‍പ്പന്താകും. ആരവങ്ങളിലവ  ഇരുപുറം സഞ്ചരിക്കും. കളിക്കാരുടെ ഓരോ ചടുലനീക്കങ്ങളിലും ഈ സ്‌റ്റേഡിയം പുളകം കൊള്ളും. പന്ത് ഓാരോ  തവണയും വര കടന്നു വലയെ ചുംബിക്കുമ്പോള്‍ വെംബ്ലി പൊട്ടിത്തെറിക്കും.

ഫുട്‌ബോള്‍ മത്സരങ്ങള്‍ക്ക് പുറമെ ഒട്ടനവധി സംഗീതബാന്റുകളുടെ അവതരണങ്ങള്‍ക്ക്  വെംബ്ലി സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഒറ്റ സ്വിച്ചിട്ടാല്‍ വലതു വശത്തെ താഴത്തെ നിലയിലുള്ള കസേരകളെല്ലാം മടങ്ങി പിന്നോട്ട് നീങ്ങി അതൊരു സ്‌റ്റേജായി മാറും. അവിടെയാണ് ബാന്റുകളുടെ സംഗീത വേദി. മൈക്കല്‍ ജാക്സന്റെ 'ബാഡ് വേള്‍ഡ് ടൂര്‍' മുതല്‍ വണ്‍ ഡയറക്ഷന്‍ മ്യൂസ്, സ്പൈസ് ഗേള്‍സ്, ടേക്ക് ദാറ്റ് , ക്വീന്‍, ഒയാസിസ് തുടങ്ങി ഒട്ടനവധി ബാന്റുകളുടെ  നൃത്ത-സംഗീത നിശകള്‍  ഇവിടെ നടന്നിട്ടുണ്ട്. മാത്രമല്ല താഴത്തെ നിലകള്‍ പൂര്‍ണമായും മടക്കി ഒരു അത്‌ലറ്റിക് ഗ്രൗണ്ടായിപ്പോലും വെംബ്ലിയെ ഉപയോഗപ്പെടുത്താനാകും. എന്നാലും 2007ല്‍ തുറന്നു കൊടുത്തതിനു ശേഷം രു അത്‌ലറ്റിക് മത്സരം പോലും ഇവിടെ അരങ്ങേറിയിട്ടില്ല.

 


 

റോയല്‍ ബോക്‌സിലെ കൗതുകങ്ങള്‍
ഇനിയുള്ളത് റോയല്‍ ബോക്‌സ് ആണ്. ഈ ചുവന്ന ചെപ്പിനകത്തു നീല നഗരത്തില്‍ 6 കുഷ്യന്‍ സീറ്റുകള്‍. അതിനു ചുറ്റും നൂറോളം ഇരിപ്പിടങ്ങള്‍. ആറെണ്ണത്തില്‍ നടുവില്‍ ചാള്‍സ് രാജകുമാരനും കമീലയും. ഇരുവശത്തുമായി വില്യമും കെയ്റ്റും ഹാരിയും  മേഗനും. അതിനു ചുറ്റുമുള്ള നൂറോളം സീറ്റുകളില്‍ ഇരിക്കാന്‍ ചില കടമ്പകളുണ്ട്. ആദ്യത്തേത് ആ ടിക്കറ്റുകള്‍ വാങ്ങാന്‍ കിട്ടില്ലെന്നതു തന്നെ. പ്രത്യേകം ക്ഷണം കിട്ടിയാല്‍ മാത്രം സാധ്യമാകുന്ന സ്വപ്നം. അടുത്തത്, റോയല്‍ ബോക്‌സില്‍ ഇരിക്കുന്നവര്‍ ഒരു ടീമിനെയും സപ്പോര്‍ട്ട് ചെയ്യുന്ന വേഷ വിധാനങ്ങള്‍ ധരിക്കാന്‍ പാടില്ല.  ഈ ആര്‍ത്തുല്ലസിക്കുന്ന ആരവങ്ങളില്‍ ആര്‍പ്പു വിളിക്കാനോ കൈയ്യടിക്കാനോ പാടില്ല. ആകെയുള്ളൊരു മെച്ചം കളിക്ക് ശേഷമുള്ള രാജകീയ വിരുന്നിലേക്കു ക്ഷണം കിട്ടുമെന്ന് മാത്രം.

36 പടികള്‍ കയറി, രണ്ടാം നിലയിലുള്ള ഈ റോയല്‍ സ്റ്റാന്‍ഡില്‍ നിന്നാണ് കളിക്ക് ശേഷം ട്രോഫികള്‍ വിതരണം ചെയ്യുക. എഫ് എ  കപ്പും ക്യാമറാമാനും റെഡിയായിരുന്നു. ഓരോരുത്തരും ഊഴം വിട്ടു കപ്പുയര്‍ത്തി. ഇതിന്റെ ഫോട്ടോ എടുക്കാന്‍ നമുക്കനുവാദമില്ല. ഈയെടുക്കുന്ന ഫോട്ടോകള്‍ ക്ലബ് സ്റ്റോറില്‍ നിന്നും കാശു കൊടുത്തു വാങ്ങണം. പുറത്തിറങ്ങുന്ന വഴിയിലാണ് വെംബ്ലിയിലെ സിംഹത്തിന്റെ പ്രതിമകള്‍. ഇംഗ്ലീഷ് ദേശീയ ടീമിന്റെ ലോഗോയില്‍ കാണാം ആ മൂന്ന് സിംഹങ്ങള്‍. സ്റ്റേഡിയം വരുന്നതിനു മുന്‍പുള്ള വെംബ്ലിയിലെ രാജാക്കന്മാര്‍.

അടുത്ത ദിനം മത്സരമുള്ളതിനാല്‍ മീഡിയ പ്രസന്റേഷന്‍ റൂമിലും ഡ്രസിങ് റൂമിലും പ്ലയെര്‍സ്  ടണല്‍  വഴി പിച്ചിനടുത്തേക്കും പ്രവേശനമില്ല. അത് കൊണ്ട് ഇനി തിരിച്ചിറങ്ങാം. അടുത്ത ദിവസത്തെ ആരവങ്ങള്‍ക്കായി ചുവന്ന കോപ്പയില്‍ ചൂട് നിറച്ചു വെംബ്ലി  കാത്തിരിക്കുകയാണ്. 

കാല്‍പ്പന്തിന്റെ ആവേശം കൊടുമുടി കയറുന്ന വെംബ്ലിയിലേക്ക്  കളിയാരാധക  കൂട്ടങ്ങള്‍ക്കായി, അവരുടെ ഉന്മാദ നൃത്തങ്ങള്‍ക്കായി, അവളിന്നുറങ്ങാതിരിക്കെയാണ്.

 


ലണ്ടന്‍ വാക്ക്: ആദ്യ ലക്കങ്ങള്‍

ഡിനോസറുകള്‍ക്ക് ഒരു തീരം! 

ഈജിപ്തിലെ മമ്മികള്‍ മുതല്‍, തഞ്ചാവൂരിലെ 'ബൃഹദേശ്വര പ്രതിമ' വരെ സൂക്ഷിക്കുന്ന ഒരിടം!

ചോറ്, തോരന്‍, മോര് കറി; ലണ്ടനിലെ 'മലയാളി' തട്ടുകട 

കളിയൊഴിഞ്ഞ നേരത്ത് ഓവല്‍!

ചെല്‍സീ, ചെല്‍സീ...ഇപ്പോഴുമുണ്ട് ആ മന്ത്രം കാതുകളില്‍! 

അത്ഭുതമാണ് സെന്റര്‍ കോര്‍ട്ട്!