Asianet News MalayalamAsianet News Malayalam

അടിയന്തിരാവസ്ഥ ഞങ്ങള്‍ക്കൊരു തകരക്കൂടാണ്: പി. കെ സുധി എഴുതിയ കഥ

വാക്കുല്‍സവത്തില്‍ ഇന്ന് പി കെ സുധി എഴുതിയ കഥ: അടിയന്തിരാവസ്ഥ ഞങ്ങള്‍ക്കൊരു തകരക്കൂടാണ്
 

malayalam short story by pk sudhi
Author
Thiruvananthapuram, First Published Jan 23, 2021, 4:31 PM IST

കഥയാണ് പി കെ സുധിയുടെ ലോകം. കഥകള്‍ക്കുള്ളിലെ കഥകള്‍. കഥ പറച്ചിലിന്റെ അനായാസത തേടിയുള്ള യാത്രകള്‍. ഫിക്ഷന്‍ തോറ്റു പോവുന്ന ജീവിതത്തിന്റെ വൈചിത്ര്യങ്ങള്‍. എഴുത്തു തുടങ്ങിയ കാലം മുതല്‍ കഥ പറച്ചിലിന്റെ താളത്തിലും ഒഴുക്കിലും വീണുപോയൊരാള്‍ ഇപ്പോഴും നില്‍ക്കുന്നത് അതേ എഴുത്തിഷ്ടങ്ങളിലാണ്. നോവലായും നോവലറ്റായും ചെറു കഥകളായും കുട്ടിക്കഥകളായുമെല്ലാം ഉള്ളിനുള്ളിലെ കഥ ഖനനം ചെയ്‌തെടുക്കുകയാണ് ഇപ്പോഴും ഈ എഴുത്തുകാരന്‍. ഏറ്റവും ലളിതമാണ് കഥ പറച്ചിലിന്റെ ആ താളം. അടിത്തട്ടു കാണാവുന്ന പുഴ പോലെ നിര്‍മ്മലം. എന്നാല്‍, പുറത്തു കാണുന്നതിനപ്പുറം കലക്കങ്ങളുണ്ടതിന്. സങ്കീര്‍ണ്ണമായ ചുഴികളുണ്ട്. ഉന്‍മാദങ്ങളും വിഭ്രമങ്ങളുമുണ്ട്. സ്വപ്‌നസമാനമായ ഭ്രമാത്മക ലോകങ്ങള്‍ കാത്തുനില്‍ക്കുന്ന കഥാ വഴികളാണവ.  

malayalam short story by pk sudhi

അന്നിന്നത്തെ മാതിരി ഫിലിം ഫെസ്റ്റിവലുകളൊന്നുമില്ലെങ്കിലും ഞങ്ങള്‍ കൊച്ചുങ്ങള്‍ സിനിമാക്കഥ പറച്ചില്‍ മത്സരങ്ങള്‍ നടത്തിയിരുന്നു. അഭ്രപാളികളിലൂടെ നാട്ടിലെ തിരശ്ശീലകളില്‍ വന്നലിഞ്ഞ പടങ്ങളുടെ കഥകളല്ല. പുതിയപുതിയ ഇനിയും പിറവികൊള്ളാനുള്ള സിനിമകളുടെ തിരക്കഥാമത്സരങ്ങള്‍. സത്യന്‍, നസീര്‍, മധു, ഷീല, ജയഭാരതി, ശാരദ എന്നിങ്ങനെ അന്നത്തെ ജനപ്രിയ നടീനടന്‍മാര്‍ ഞങ്ങളുടെ നാവിലൂടെ ഡയലോഗുകള്‍ പറഞ്ഞു, നടനമാടി. കിഷന്‍കുട്ടി വക്കീലിന്റെ കട്ടയ്ക്കാലില്‍ തെങ്ങോല മടലുകള്‍, കപ്പക്കോലുകള്‍ എന്നിവ കൊണ്ട് കഷ്ടിയൊരാളിനു നിവരാന്‍ പാകത്തില്‍ മാടംകെട്ടി അതിനുള്ളിലാണ് പരിപാടി നടത്തിയിരുന്നത്. എമ്പോറിയന്‍* ശ്രീദേവിച്ചേച്ചി  മരച്ചീനി മൂടിനെ മൈക്കാക്കി പിടിച്ച് കൂനിക്കൂടിയാണ് കഥപറയാന്‍ നിന്നിരുന്നത്. തെങ്ങുകള്‍ക്കിടയിലെ തണുപ്പില്‍ പഞ്ചാരമണലില്‍ ഞങ്ങള്‍ ചമ്മണംപോട്ടിയിരുന്നു. (ആ സീനിലാണ് ഇതൊരു സിനിമയാകുമ്പോള്‍ പടം തുടങ്ങേണ്ടത്). മത്സരാര്‍ത്ഥികളില്‍ ആരുടെയെങ്കിലും ഭാവന പാളം മാറി പഴയ സിനിമകളുടെ കഥകളില്‍ കടന്നാല്‍ എടാ. എടാ. എടീ. ഇതു ഭുവനേശ്വരിയില്‍, കെ.എസ് ടാക്കീസില്‍ വന്ന, അല്ലെങ്കില്‍ റേഡിയോ ശബ്ദരേഖയില്‍ കഴിഞ്ഞ ഞായറാഴ്ച കേട്ട - സിനിമയിലെ രംഗമാണ്. അവനെ തുടര്‍ന്നു പറയാന്‍ സമ്മതിക്കാത്ത വിധത്തില്‍ ആണുംപെണ്ണും സജീവമായി ഇടപെട്ടു. കൂവി വെളുപ്പിച്ചു.

സത്യന്‍ മരിച്ചിട്ടില്ലെന്ന ഭാവമാണ് ചിലര്‍ക്ക്. നാപ്പറവീട്ടിലെ സുരേന്ദ്രന്റെ കഥകളില്‍ മരിച്ചുപോയ സത്യനായിരുന്നു നിത്യനായകന്‍. അവന് നസീറിനെ കഥാപാത്രമാക്കി ഒരു കഥ ചിന്തിക്കാന്‍കൂടി പറ്റില്ല. ''കഴുവേടര്‍മോനെ സത്യന്‍ മരിച്ചില്ലേ. സത്യനെയും കൊണ്ട് മേലാല്‍ സ്റ്റേജില്‍ കയറരുത്. എനിക്കുപോലും അവനെ പള്ളുപറഞ്ഞ് വിരട്ടേണ്ടി വന്നിട്ടുണ്ട്.''

സിനിമാക്കഥാ മത്സരത്തില്‍ ജയിക്കുന്നവര്‍ക്ക് നല്ല കവളിമടല്‍ ചെത്തി മിനുക്കിയ ഒരു ട്രോഫിയായിരുന്നു സമ്മാനമായി കൊടുത്തിരുന്നത്. കിട്ടിയപാടേ വിജയി അതിനെ ചുഴറ്റി ആകാശത്തിലേയ്ക്ക് ഒരൊറ്റ എറിച്ചിലാണ്. പിന്നെയെല്ലാപേരും കളിമതിയാക്കി കൂവിവിളിച്ച് വീട്ടിലേയ്ക്ക് പായും.

അന്നത്തെ ദിവസം എന്റെ ഊഴമായിരുന്നു. ഞാനൊരു ഉഗ്രന്‍ കഥയുമായി (ഇപ്പോഴാലോചിച്ചാല്‍ ഒരു സ്വയംവരം മോഡല്‍) മാടപ്പുരയിലേയ്ക്ക് കയറി. ചുണ്ടനക്കാന്‍ തുടങ്ങിയതാണ്. ദൂരെ നിന്നും വരുന്ന ഏട്ട് ഗോപിമാമനെ ഞാന്‍ കണ്ടു. അത്തവണത്തെ മത്സരജഡ്ജിയായിരുന്ന എമ്പോറിയത്തി അച്ഛനെക്കണ്ടു പേടിച്ച് ഇറങ്ങി പമ്മിയോടിപ്പോയി. 'ചുണ്ടത്ത് കഥയുമായി നിന്നു വിക്കുന്ന അവനിതാ തോറ്റേ' എന്നു തറയിലിരുന്നിരുന്ന കൂട്ടുകാര്‍ എന്നെപ്പറ്റി കരുതി.  'നിന്റെയൊക്കെ കളിയിനി നടപ്പില്ല' -അവരുടെ പിന്നിലെത്തിയ ഗോപീമാമയുടെ ഇടിവെട്ടുമാതിരി വാക്കുകള്‍ കപ്പാട മീശക്കിടയിലൂടെ ചാടി. ''രാജ്യത്ത് അടിയന്തിരാവസ്ഥയാണ്. വീട്ടിപ്പോവിനെടാ. നാവടക്കൂ പണിയെടുക്കു*. പോയിരുന്ന് പുസ്തകമെടുത്ത് പഠിക്കിന്‍!''

സ്വന്തം മക്കള്‍ ഞങ്ങളോട് കളിക്കാന്‍ കൂടുന്നതിലെ കലിപ്പാണെന്നാണ് അപ്പഴ് വിചാരിച്ചത്. കരടിരോമമുള്ള കൈതാങ്ങിയതും ഞങ്ങളുടെ ഓലമാടം ചെരിഞ്ഞു. അടിയന്തിരാവസ്ഥയെ പേടിച്ച് ഞങ്ങളോടി. മാമനൊപ്പം സാവധാനം സജീഷന്‍ നടന്നു വരുന്നത് ദൂരെച്ചെന്നു തിരിഞ്ഞുനോക്കിയപ്പോള്‍ ഞാന്‍ കണ്ടു.

അടിയന്തിരാവസ്ഥ വന്നു ഞങ്ങളെ ഓലമാടത്തിയറ്ററിനെ തകര്‍ത്തില്ലായിരുന്നെങ്കില്‍ ഞാന്‍ പൂനയിലെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സംവിധാനം പഠിക്കാന്‍ പോകുമായിരുന്നു. 'അനന്തരവും വിധേയനു'മൊക്കെ ഞാനെടുക്കുമായിരുന്നു. ഒന്നും നടന്നില്ല. മഞ്ചേസ്‌കൂളില്‍ എട്ടില്‍ പഠിക്കുമ്പോ വന്ന അടിയന്തിരാവസ്ഥ എല്ലാം തപ്പുരുപരുവമാക്കിക്കളഞ്ഞു.

............................................................

അണ്ണന് 'നയിക്കാന്‍' എന്നെഴുതാന്‍ പറ്റൂല്ല. നീയിങ്ങനെ വാലാക്കോലാ നടന്നാ ഭാവിയില്‍ എന്തുപിടിച്ച് 'നക്കു'മെന്ന് അച്ഛനെപ്പോഴും അണ്ണനെ വഴക്കു പറഞ്ഞിരുന്നു.

അന്നത്തെ ദിവസം ഐറ്റീല്‍പ്പോയ (ഐ.റ്റി. ഐ. അഥവാ ഇന്‍ഡട്രസ്ട്രിയന്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിനെ അമ്മ ഐറ്റീന്നേ പറയൂ) അണ്ണന്‍ തിരിച്ചു വന്നില്ല. ഞാനോടിച്ചെന്നു നോക്കി തട്ടിമ്പുറത്തെ അലുമിനിയം കലമവിടെ കാണുന്നില്ല. അതിനുള്ളിലായിരുന്നു ബറോഡയില്‍ വയ്ക്കാനുള്ള ഡൈനാമിറ്റ് അണ്ണനുണ്ടാക്കിക്കൊണ്ടിരുന്നത്. (ഇതൊക്കെ എന്റെ ഭാവനയാണെന്നു തെറ്റിദ്ധരിക്കരുതേ! എട്ടാം പാഠത്തിലെ കണക്കുക്ലാസ്സു മോഡലില്‍ പറഞ്ഞാല്‍ അടിസ്ഥാന പ്രമാണം റെഡിയാണ്. സിദ്ധാന്തവും തെളിവുകളും ധാരാളം. നിര്‍ദ്ധാരണം വേണമെന്നു മാത്രം)

അണ്ണന്റെ കഴിവുകള്‍ ബഹുമുഖമായിരുന്നു.

പാര്‍വ്വാത്യാര്‍ വീട്ടിലെ മതിലില്‍ 'എം.എ. ജോണ്‍* നമ്മെ നക്കും' എന്നൊറ്റ രാത്രിയില്‍ വരിവരിയായി എട്ടുതവണ എമ്പോസിഷന്‍ മാതിരി എഴുതിയവന്‍. (പാര്‍വ്വാത്യാരുടെ ചുവരും അതിലെ നീലയിട്ട കുമ്മായമെഴുത്തും പൊടിഞ്ഞുപൊടിഞ്ഞവിടെ ഇപ്പോഴുമുണ്ട്. അടിയന്തിരാവസ്ഥ ഞങ്ങള്‍ക്കൊരു തകരക്കൂടാണ്. ഈ സിദ്ധാന്തത്തില്‍ നിര്‍ദ്ധാരണം ചെയ്യാന്‍ ആ അപ്പൂപ്പന്‍മതിലിനെ ഉപദര്‍ശനമാക്കാവുന്നതാണ്.)

അണ്ണന് 'നയിക്കാന്‍' എന്നെഴുതാന്‍ പറ്റൂല്ല. നീയിങ്ങനെ വാലാക്കോലാ നടന്നാ ഭാവിയില്‍ എന്തുപിടിച്ച് 'നക്കു'മെന്ന് അച്ഛനെപ്പോഴും അണ്ണനെ വഴക്കു പറഞ്ഞിരുന്നു. അതിന്റെ മാനസികാഘാതമായിരുന്നു അതിനു കാരണം. (അണ്ണന്‍ അടിയന്തിരാവസ്ഥയ്ക്ക് എതിരാണ്. പാര്‍വ്വാത്യാര്‍ മതിലിലെ രാജ്യദ്രോഹം അണ്ണനാണ് എഴുതിയത്. അതിനുള്ള തെളിവുകളായി ഇതെല്ലാമെന്റെ മനസ്സില്‍ നോക്കി ഗോപിമാമന്‍ വായിച്ചതാണ്. അതില്‍പ്പിന്നെ ഇന്നുവരെ ഞാന്‍ ഗോപി ദുഷ്ടന്റെ മുഖത്ത് നേരേ നോക്കിയിട്ടില്ല. ഇവന് പ്രാന്തൊന്നുമില്ല. കള്ള ലക്ഷണമാണ്. നീ നോക്ക് അവനെന്റെ മുഖത്ത് നോക്കണോന്ന്. അവനെന്നെ നോക്കിയാ മതി ഈ പറട്ടപ്രാന്ത് പോവാന്‍! അങ്ങനെയാണ് ഗോപിഏട്ട് എപ്പോഴും അമ്മയോട് എന്നെക്കുറിച്ച് പറഞ്ഞിരുന്നത്.) അലുമിനിയം കലത്തിലുണ്ടാക്കിക്കൊണ്ടിരുന്ന ബോംബുമായി ബറോഡയില്‍ അണ്ണന്‍ പോയിരുന്നെങ്കില്‍! അണ്ണനതവിടെ പൊട്ടിച്ചിരുന്നെങ്കില്‍! നമ്മുടെ ജോര്‍ജ്ജ് ഫെര്‍ണാണ്ടസി*ന്റെ ഗതി?

ഈ ബറോഡ ഡൈനാമിറ്റ് കേസ്, പരിവര്‍ത്തനവാദികള്‍, സമതാപാര്‍ട്ടി നേതാവ് ജോര്‍ജ്ജ് ഫെര്‍ണാണ്ടസിന്റെ വഴികള്‍ ഇതൊക്കെ എന്റെ മനസ്സിലുറപ്പിച്ചത് റേഡിയോ ബാബയുടെ റേഡിയോയിലെ വാര്‍ത്തകളായിരുന്നു. ആ ബാബ മറ്റാരുമായിരുന്നില്ല. റേഡിയോ ബാബ എന്നു ഭക്ത്യാദരപൂര്‍വ്വം അറിയപ്പെട്ടിരുന്ന നക്കിവേലായുധന്‍സ്വാമി പൂര്‍വ്വാശ്രമത്തിലെ എന്റച്ഛനാണ്. പിന്നെയീ ദുരന്ത കഥയില്‍ ഗുണംപിടിച്ചത് ബറോഡ ഡൈനാമിറ്റു കേസിലൂടെ അറസ്റ്റിലായി ജയില്‍ കിടന്ന് മത്സരിച്ചു ജയിച്ച് വീരകേസരിയായി പില്‍ക്കാലത്ത് കേന്ദ്രപ്രതിരോധമന്ത്രിവരെയായ ജോര്‍ജ്ജ് ഫെര്‍ണാണ്ടസും വെറും ഇന്‍ചാര്‍ജ്ജായി പെന്‍ഷന്‍പറ്റിയ മേലേടത്ത് ഗോപിയുടെ കുടുംബവുമാണ്.

ജോര്‍ജ്ജ് ഫെര്‍ണാണ്ടസിന്റെ സ്ഥാനത്ത് അലുമിനം കലത്തിലെ ബോംബുമായി ബറോഡയിലെത്തി, ജയിലിലായി, പിന്നെ ചങ്ങലയിട്ട ആ ഫോട്ടോയില്‍ കുടുങ്ങി ജനമനസ്സിലുണര്‍ന്ന അണ്ണനെ നായകനാക്കി ഒരു സമാന്തരകഥയും ഇപ്പോഴെന്റെ മനസ്സിലോടുന്നുണ്ട്. അതൊക്കെ ഹിന്ദിയിലാണ് ചെയ്യേണ്ടത്. സൂപ്പര്‍ ഹിറ്റാവും. അണ്ണന് അമിതാബച്ചന്റെ പൊക്കമാണുള്ളത്.

അടിയന്തിരാവസ്ഥ എന്നു വായിട്ടലച്ച് ഗോപിമാമന്‍ ഞങ്ങളുടെ ഓലക്കെട്ടിടത്തില്‍ വന്നു കയറിയതിന്റെ പിറ്റേന്ന് രാത്രികഴിഞ്ഞിട്ടും അണ്ണന്‍ തിരിച്ചുവന്നില്ല. ഒളിവില്‍ പോയതായിരുന്നു. വടക്കേ ഇന്ത്യയിലെ മീററ്റിലാണ് എന്നൊക്കെയാണ് നാട്ടുകാരും സഖാക്കന്‍മാരും പറഞ്ഞതെങ്കിലും അണ്ണന്‍ രണ്ടു മൈലകലെയുള്ള വസുമതിക്കോളനിയിലുണ്ടായിരുന്നു. പത്താംക്ലാസ് അത്തവണ ഫസ്റ്റ് ക്ലാസ്സില്‍ ജയിച്ച സുശീല തുടര്‍ന്നു പഠിക്കുന്നില്ല എന്നറിഞ്ഞതോടെ എനിക്കത് തോന്നിയതാണ്. അണ്ണനുമവളുമായി ചില കിശപിശകള്‍ ഞാന്‍ മണത്തിട്ടുണ്ട്. പിന്നെ അന്നൊക്കെ എനിക്ക് എല്ലാദിവസവും അസുഖം കാരണം സ്‌കൂളില്‍ പോകാനൊത്തിരുന്നില്ല. അതുകൊണ്ട് കാര്യങ്ങളത്ര വിശദമായി ഓര്‍മ്മിക്കാന്‍ കഴിയുന്നില്ല.

അറബിക്കടല്‍ എഴുത്തിന്റെ കാര്യം. അണ്ണന്‍ മീററ്റിലും കീററ്റിലുമൊന്നുമല്ല അതുറപ്പിക്കാന്‍ മറ്റൊരു തെളിവ്. കൈമളിന്റെ കടയുടെ രണ്ടാം നിലയിലെ കിഴക്കേച്ചുവരിലെ 'അടിയന്തിരാവസ്ഥ അറബിക്കടലില്‍' എന്ന ചുവരെഴുത്തിലെ കൈയക്ഷരം അണ്ണന്റെ തന്നെയായിരുന്നു. അണ്ണന്റെ വടിവുള്ള അക്ഷരങ്ങള്‍ അതെവിടെ കണ്ടാലും എനിക്ക് തിരിച്ചറിയാന്‍ കഴിയും. ഞാനതു കണ്ടു. വീട്ടില്‍പ്പോലും മിണ്ടിയില്ല. (ജയിലിടിഞ്ഞാലും നമ്മുടെ അടിയന്തിരാവസ്ഥയെ എതിര്‍ക്കുന്ന ഒരുത്തനും അതിന്റകത്തൂന്നും പുറത്തിറങ്ങില്ല എന്നാണ് ഇടയ്ക്കിടെ അമ്മയെ കാണാന്‍ വരുന്ന ഗോപിദുഷ്ടന്‍ പറഞ്ഞിരുന്നത്). കൈമളിന്റെ കട തോട്ടുവരമ്പിലായിരുന്നു. അതിന്റെ പിന്‍വശത്തിലായിരുന്നു ആ എഴുത്ത്. അക്കാലമായപ്പോള്‍ ആളുകള്‍ തോട്ടുവരമ്പു വിട്ടു റോഡിലൂടെ നടക്കാന്‍ തുടങ്ങിയിരുന്നു. അതുകൊണ്ട് കൈമളിന്റെ അടഞ്ഞു കിടന്നിരുന്ന കടച്ചുവരിലെ സാഹിത്യം അധികമാരുമറിയാതെ പോയി.

അടിയന്തിരത്തിന്റെ നാല്പതാം വര്‍ഷത്തിലും തേയാത്ത ആ ചുവരെഴുത്തിനെ തനിമ മായാതെ ചുവന്ന ചായം കൊണ്ടലങ്കരിക്കാന്‍ അണ്ണനും മക്കള്‍ക്കും ആ ദുഷ്‌കരമതിലിലേയ്ക്ക് നിഷ്പ്രയാസം വീണ്ടും കയറി. ഡല്‍ഹിയിലാവേണ്ടതായിരുന്നു അണ്ണന്റെ പ്രവര്‍ത്തനമേഖല. വിധി. അല്ലാതെന്തു പറയാന്‍?

അടിയന്തിരാവസ്ഥ പിന്‍വലിച്ച ആദ്യത്തെ ദിവസം അണ്ണന്‍ ഒളിവില്‍ നിന്നും പുറത്തു വന്നു. അടിയന്തിരാവസ്ഥയുടെ അടയാളമായി നാട്ടുകാരൊക്കെ ദീര്‍ഘനാളുകള്‍ ഓര്‍മ്മിച്ച സംഭവമതായിരുന്നു. വസുമതിക്കോളനിയില്‍ നിന്നും ഒരു വയസ്സ് ഇടവിട്ട പ്രായത്തിലുള്ള രണ്ടുകൊച്ചുങ്ങളെയും സുശീലയേയും കൊണ്ടണ്ണന്‍ വീട്ടില്‍ വന്നു കയറി. അച്ഛനതോടെ നമ്മാട്ടി (മണ്‍വെട്ടി) ദൂരെ എറിഞ്ഞ് എല്ലാപണികളും മതിയാക്കി റേഡിയോയും തൂക്കി അണ്ടര്‍ഗ്രൗണ്ടില്‍പ്പോയി. മീന്‍സ് ഗൃഹസ്ഥാശ്രമമൊഴിഞ്ഞു. ദീക്ഷസ്വീകരിച്ച് റേഡിയോ ബാബയായി. (മിസ്സിസ്സ് ഗാന്ധിയുടെ ഉപദേഷ്ടവായിരുന്ന ധീരേന്ദ്രബഹ്മചാരിയൊക്കെ കത്തിനിന്ന കാലം!) അമ്പതു സെന്റിന്റെ കിഴക്കേക്കോണില്‍ അദ്ദേഹം പര്‍ണ്ണകൂടീരം സ്ഥാപിച്ചു. സ്വാമി കഞ്ഞികുടിക്കാന്‍ ഗേഹത്തിലെത്തുമ്പോള്‍ ശല്യമൊഴിവാകാന്‍ ഞാന്‍ വീടൊഴിഞ്ഞു. പര്‍ണ്ണകൂടീരത്തിലെ റേഡിയോയില്‍ നിന്നും ഉച്ചനേരത്തെയും വൈകുന്നേരത്തെയും വാര്‍ത്തകള്‍ കേട്ടു.

സുന്ദരിയായ സുശീലയെയും വെളുവെളുത്ത കൊച്ചുങ്ങളേയും കണ്ട് അമ്മ വീണു. (ഒരു പരിചയവുമില്ലാതിരുന്നിട്ടും അതുങ്ങള്‍ രണ്ടും ഈ അമ്മൂമ്മയെ കണ്ട് ചാളുവാ ഒലിപ്പിച്ച് വാ കീറി ചിരിച്ച്. അമ്മയുടെ പഴയ ഡയലോഗ് ഞാനിന്നുമോര്‍ക്കുന്നു) പതിനഞ്ചുവയസ്സിനു മുമ്പ് എന്നെ കൊച്ചച്ചനാക്കിയവന്‍മാരെ എനിക്കുമിഷ്ടമാണ്.  അവരുടെയും തുടര്‍ന്നണ്ണനുണ്ടായവന്‍മാരുടെയും കാരുണ്യത്തിലാണ് ഞാനിപ്പോള്‍ കഴിയുന്നത്.

സത്യത്തില്‍ അടിയന്തിരാവസ്ഥ കാരണം ഏറ്റവും ക്ഷീണമുണ്ടായത് സുശീലയ്ക്കാണ്. ഞാനിനിയുമവളെ ചേച്ചീന്നു വിളിക്കാന്‍ പഠിച്ചിട്ടില്ല. അണ്ണന്റെ പൊറകെ ചാടിപ്പോവാതിരുന്നെങ്കില്‍ അവള്‍ക്ക് തിരുവനന്തപുരത്തെ ഹെര്‍ഹൈനസ് മഹാരാജാ വിമന്‍സ്, ലോ കോളെജ് എന്നിവിടങ്ങളില്‍ പഠിക്കാന്‍ കഴിയുമായിരുന്നു. സംവരണവിഭാഗത്തിലെ ആദ്യ വനിതാ ചീഫ്ജസ്റ്റിസാകാനുള്ള അവസരമാണ് ആ പെണ്ണ് കളഞ്ഞുകുളിച്ചത്. പോട്ടെ രാജ്യത്തിലെ എത്രയെത്ര നിശ്ശബ്ദ ജീവിതങ്ങളാണ് അടിയന്തിരാവസ്ഥ പ്രഖ്യാപനത്തിലെ ഒരൊറ്റ ഒപ്പിലൂടെ മെതിക്കപ്പെട്ടത്. അല്ലെങ്കില്‍ വേണ്ട. നിറ സന്ധ്യയ്ക്ക് വന്ന് ആ ഗോപി ദുഷ്ടന്‍ വീട്ടിക്കേറി കവാത്താടി അട്ടഹസിക്കാതിരുന്നാ മതിയായിരുന്നു. ഞങ്ങളുടെ കുടുംബവും അവളുടെ ഭാവിയും ശോഭനമാകുമായിരുന്നു. ഡല്‍ഹീലെ ഒപ്പിനൊപ്പം നാട്ടിലെ അട്ടഹാസവും.

അതിലൂടെ ഗോപീടെ മക്കള്‍ രക്ഷപ്പെട്ടു. എമ്പോറിയന്‍ ശ്രീദേവിച്ചേച്ചിയെ എന്റെ അണ്ണനേക്കാളും പൊക്കമുള്ള കരസേനയിലെ മേജര്‍ വാസുദേവമേനോനേട്ടന്‍ കെട്ടി (വി.ഡി.മേനോന്‍). എന്റെ അണ്ണനവളെ പാട്ടിലാക്കുമോയെന്ന് ഗോപിക്ക് പേടിയുണ്ടായിരുന്നു. സജീഷന്‍ ഐപീഎസ്സായി. ഐ.ജി.യായി ഗുജാറാത്തില്‍ ചെന്നു ചാടിക്കൊടുത്തു. കലാപക്കാലത്ത് ഐജി സജീഷ് ജി. നായര്‍ നേരിട്ടിറങ്ങി (ഇരുപത്തിയഞ്ച് റൗണ്ട് എന്നാദ്യതവണ പിന്നെയത് നാല്പത്തിരണ്ടും എഴുപത്തിയഞ്ചുമൊക്കെയായി മാറി) വെടിവച്ച കഥ അത്യാവേശപൂര്‍വ്വം സ്വര്‍ണ്ണം കെട്ടിയ രുദ്രാക്ഷമണികളെണ്ണി ഗോപിപ്പോലീസ് പറയും (അതൊക്കെ ഞാന്‍ പറയാന്‍ പോകുന്ന അടുത്ത സിനിമയുടെ കഥയാണ്). അടിയന്തിരാവസ്ഥയാണോ സ്വന്തം പെങ്ങളുടെ മോന്റെ കുഴിതോണ്ടാന്‍ നടന്ന ഗോപിമാമയാണോ ഈ കഥയിലെ വില്ലനെന്ന് ഞാന്‍ പലപ്പോഴും ആലോചിക്കാറുണ്ട്. പിന്നെ ബാബയുടെ പര്‍ണ്ണശാല വളര്‍ന്നു എന്നതും അടിയന്തിരാവസ്ഥയുടെ നേട്ടങ്ങളില്‍ ഉള്‍പ്പെടുന്നു. ഗോപിക്കും ഒരു നഷ്ടമുണ്ടായി. വടക്കയിന്ത്യ കളമാക്കിയ മക്കളോടും കൊച്ചുമക്കളോടും താമസിക്കാന്‍ ഇനിയും ഭാഗ്യമുണ്ടായിട്ടില്ല. എല്ലാ സൗഭാഗ്യങ്ങളും ഒരുമിച്ചാര്‍ക്കും കൊടുക്കൂല്ലല്ലോ.

ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുന്ന കാലം. ഉപന്യാസമത്സരത്തിനുള്ള വിഷയം അടിയന്തിരാവസ്ഥ കൊണ്ടുള്ള നേട്ടങ്ങള്‍ എന്നതായിരുന്നു. ബോര്‍ഡില്‍ അതെഴുതി എന്‍.സി.സി. രാമനാഥന്‍സാര്‍ തിരിഞ്ഞപാടെയാണ് എനിക്ക് ആദ്യത്തെ ഇളക്കമുണ്ടായത്. ഹൗ. നുരയും പതയും. ഹൗ. ഊളമ്പാറ ആശുപത്രീ നിന്നുള്ള അന്നത്തെ ഷോക്കടി. പിന്നതുപോലെ വിറച്ചിച്ച ഷോക്കേറ്റ ഇളക്കം വന്നത് ആയിരത്തിതൊള്ളായിരത്തി എണ്‍പത്തി നാല് ഒക്ടോബര്‍ മുപ്പത്തിയൊന്നിനാണ്.  അന്നത്തെ പെരുമഴയില്‍ ഞങ്ങളുടെ വടക്കേപ്പുറത്ത് വലിയ മരം വീണു. അതിലുണ്ടായിരുന്ന താടിക്കിളികളുടെ എല്ലാക്കൂടുകളും തകര്‍ന്നു.അങ്ങനെയാണ് ആ ദിവസത്തെ ഞാന്‍ ഒരിക്കലും മറക്കാത്തത്. അന്നടിച്ച ഊളമ്പാറ കറണ്ടിലെ ഷോക്കില്‍ അത്തവണ ഡിസംബര്‍ നാലിനു നടന്ന ഭോപ്പാല്‍ ദുരന്തം എനിക്ക് ഈ പറയുന്നത്ര ആഘാതമായില്ല.

കുറെയേറെത്തവണ ഊളമ്പാറയിലെ ആ കറണ്ടടിയന്ത്രം കണ്ടതില്‍ നിന്നും എനിക്കൊരു ഷോക്കുപകരണം വികസിപ്പിക്കാന്‍ കഴിഞ്ഞു. വലിയ നൊമ്പരമില്ലാത്ത തലമണ്ടയെ വല്ലാണ്ടടിച്ചു പൊളിച്ചൊരു പരുവമാക്കാത്ത ഇലക്ട്രോണിക് മെഷീന്‍. നമ്മുടെ തലയറിഞ്ഞാണതിന്റെ പ്രവര്‍ത്തനം. വല്ലാതെ തല തിരിയാന്‍ പോകുമ്പോള്‍ എനിക്കറിയാമായരുന്നു എന്റെ രോഗം ഉണരുന്നെന്ന്. ഞാന്‍ ജനിപ്പിച്ച മെഷീനെ എടുത്ത് പതിയെ തലയില്‍ ഉറപ്പിക്കും. അമ്മയോട് ആ സ്വിച്ചൊന്നിട്ടണയ്ക്കാന്‍ പറയും. ഒരു മകന്‍ അച്ഛനെ തലോടുന്ന മാതിരി അതെന്റെ ശിരസ്സില്‍ സ്പര്‍ശിക്കും. നാലഞ്ചു ദിവസങ്ങള്‍ പിന്നെ ഞാനൊരു കുംഭകര്‍ണ്ണനാണ്.

...............................................

എനിക്കിന്ന് ഒരൊറ്റ ആഗ്രഹം മാത്രമേയുള്ളു. ഞാന്‍ വികസിപ്പിച്ച യന്ത്രത്തിന് ഉദാരശിരോമണികളായ ആരെങ്കിലും സഹായിച്ച് പേറ്റന്റ് വാങ്ങിച്ചു തരണം. 

കറണ്ടടിയുടെ ക്ഷീണത്തില്‍ നിന്നുണര്‍ന്നാല്‍ ഞാന്‍ പഴയ സിനിമാക്കഥകള്‍ പറയാന്‍ തുടങ്ങും. (അണ്ണന്റെ അഞ്ചു മക്കള്‍ ജീവിച്ചിരിപ്പുണ്ട്. 'അവള്‍ടെ പ്രസോം നിര്‍ത്തിക്കാതെന്തെടീ?' എന്നു വരണോരീന്നും പോണോരീന്നും കേട്ടു മടുത്തും ഏഴ് പേറെടുത്ത് മടുത്ത അമ്മ തന്നെ സുശീലയെ ആശൂത്രീലെ കുടുംബാസൂത്രണ ക്യാമ്പിനു കൊണ്ടുപോയി. അങ്ങനെ ഞങ്ങളുടെ അമ്പതു സെന്റിലെ തകരക്കൂരകളുടെ എണ്ണം അഞ്ചിലൊതുങ്ങി. അണ്ണനും മക്കളും പെയ്ന്റു പണിക്കാരാണ്. അതു പറയാന്‍ വിട്ടുപോയി.) അണ്ണന്റെ കൊച്ചുമക്കളാണ് എന്റെ സിനിമാക്കഥകളുടെ ശ്രോതാക്കള്‍. ഞാന്‍ കഥയുമായി മുന്നേറി കുറച്ചു കഴിയുമ്പോള്‍ ടി.വി.യില്‍ കണ്ടു തെളിമയില്‍ അതേ സ്റ്റോറികള്‍ വ്യക്തമായി അതുങ്ങളെനിക്ക് തിരിച്ചു പറഞ്ഞുതരും. അല്ലെങ്കില്‍ അപ്പൂപ്പാ ഇപ്പം വരാമേയെന്നു പറഞ്ഞ് എഴുന്നേറ്റ് പോയ്ക്കളയും. കഥ നിറഞ്ഞു തൂങ്ങുന്ന നാക്കുമായി ഞാനവരെ കാത്തിരിക്കും. അതു പോട്ടെ.

എനിക്കിന്ന് ഒരൊറ്റ ആഗ്രഹം മാത്രമേയുള്ളു. ഞാന്‍ വികസിപ്പിച്ച യന്ത്രത്തിന് ഉദാരശിരോമണികളായ ആരെങ്കിലും സഹായിച്ച് പേറ്റന്റ് വാങ്ങിച്ചു തരണം. ഇലക്ട്രോണ്‍, ടക്കിയോണ്‍ (അടൂരു കഴിഞ്ഞാല്‍ അന്നൊക്കെ എനിക്കേഷ്ടവുമിഷ്ടം ഇ.സി.ജി. സുദര്‍ശനനെയായിരുന്നു) എന്നൊക്കെ എട്ടില്‍പ്പഠിക്കുമ്പോള്‍ മുതല്‍ ചിന്തിച്ച് പിരിപോയ ഒരാളുടെ ജല്പനങ്ങളായി കരുതരുതേ! ഈ ഷോക്കടിമെഷീന്‍ നല്ല ക്വാളിറ്റിയുള്ളതാണ്. ബാബറി പൊളിച്ചപ്പോഴും നോട്ടു മാറ്റിയപ്പോഴും ഞാന്‍ സ്വയം ഷോക്കേല്പിച്ചു. എന്നിട്ടും ഇപ്പോഴും എനിക്കൊരു കുഴപ്പവുമില്ല. കാസര്‍കോട്ടും കണ്ണൂരും വെട്ടിക്കൊല നടക്കുമ്പോഴും ഞനതിനെ എടുത്ത് തലയില്‍ വയ്ക്കും. അതു തന്നെ യന്ത്രത്തിന്റെ ഗുണമേന്‍മയ്ക്ക് തെളിവ്. ഓര്‍മ്മപ്പാളികളില്‍ എന്റെ ഷോക്കടി യന്ത്രം ഒരു കേടുപാടുമുണ്ടാക്കില്ല. അതുകൊണ്ട് ഉദാരമതികളേ! ഒരു സിനിമാക്കാരന്‍ അല്ലെങ്കില്‍ ശാസ്ത്രജ്ഞാനാവണമെന്നു കൊതിച്ച ഒരു നാട്ടിമ്പുറത്തുകാരനായ പാവം കുട്ടിയുടെ ഛേ. വയസ്സന്റെ ഒടുവിലത്തെ ആഗ്രഹമാണിത്. ഈ യന്ത്രത്തിനൊരു മേല്‍ഗതി വരണമെന്നത്. മറ്റുള്ളവര്‍ വലിച്ചുമാറ്റിയ എന്റെ ജീവിതത്തില്‍ നിന്നിതെങ്കിലും തള്ളരുതേ!

മൊത്തത്തില്‍ പല ചാനലുകള്‍ മാറി വിവിധ സിനിമകള്‍ കാണുന്ന ഒരു കാഴ്ചപ്പാടില്‍ ഇതു ചിത്രീകരിക്കാം. എന്തായാലും ക്ലൈമാക്‌സ്..(ആരെങ്കിലും സിനിമയാക്കുകയാണെങ്കില്‍!) നമുക്കിതിന്റെ ക്ലൈമാക്‌സ് ഡല്‍ഹിയില്‍ വേണം ഷൂട്ട് ചെയ്യാന്‍. ഒരു വലിയ ബംഗ്ലാവ്. ഓര്‍മ്മകള്‍ പോയ ഒരു പഴയ വിപ്ലവകാരി. അങ്ങനെയങ്ങനെ..

ഇതു സിനിമയാകുകയാണെങ്കില്‍ ഒരു സീന്‍ നിര്‍ബന്ധമായും വേണം. അതിനാണ്. ഇനിയും പങ്കിടാത്ത ആ അമ്പതു സെന്റിന്റെ നടുവിലെ പേഴുമരത്തിന്റെ തുഞ്ചാണിക്കൊമ്പു വരെ വട്ടുമൂത്തൊരു നാളില്‍  കയറിപ്പോയത്. അപ്പോഴാണ് വെളയുടെ നടുവിലെ ഞങ്ങളുടെ തകരവീടും പിന്നെ ഫ്‌ളക്‌സു പുതച്ച പെയിന്റര്‍മാരുടെ പഞ്ചപാണ്ഡവഭവനങ്ങളും ആകാശത്തിലെ വര്‍ണ്ണക്കക്കാഴ്ചയായി കണ്ണിലുറച്ചത്.

'കൊച്ചച്ചോ. എടേ. അപ്പൂപ്പാ ഇറങ്ങി വാ' എന്നൊക്കെ താഴെക്കൂടിയ പല പ്രായങ്ങളുള്ള കൊച്ചുങ്ങളില്‍ നിന്നും കേട്ടതിനാല്‍ ഞാന്‍ പേഴുമരത്തില്‍ നിന്നു തിരിച്ചിറങ്ങി. അവരുടെ സ്‌നേഹത്തിന്റെ ആഴം ഞാനറിഞ്ഞു. പിടിവിട്ടു താഴെച്ചിതറിയാല്‍ നേട്ടം പാണ്ഡവന്‍മാാര്‍ക്കാണ്. എന്റെ വീതത്തിലെ അഞ്ചു സെന്റാണ് അവന്‍മാര്‍ക്ക് കൂടുതല്‍ കിട്ടാന്‍ പോകുന്നത്. എന്നിട്ടുമവന്‍മാരുടെ കരച്ചില്‍.

നമുക്കൊരു ഡ്രോണ്‍വച്ച് ഞങ്ങളടെ തകരക്കൂടിന്റെ ആകാശദൃശ്യങ്ങള്‍ പകര്‍ത്തണം. അപ്പോഴാണ് അടിയന്തിരാവസ്ഥ ഞങ്ങള്‍ക്കൊരു തകരക്കൂടാണ് എന്ന ശീര്‍ഷകം അന്വര്‍ത്ഥമാകുന്നത്. അല്ലെങ്കിലീ കഥയുടെ പേര് മാറ്റേണ്ടിവരും. അമ്പതു കഴിഞ്ഞവര്‍ക്കു മാത്രം. അതാണു പന്നെയനുയോജ്യമായ പേര് അങ്ങനെയാണെങ്കില്‍ ഒന്നു രണ്ടു സീനുകളിട്ടാല്‍ 'എ' സര്‍ട്ടിഫിക്കറ്റ് കിട്ടാനും സാധ്യതയുണ്ട്.
ഇന്നൊരുപാടു സംസാരിച്ചു. എന്റെ തല തരിക്കുന്നേ..

അമ്മപോയതോടെ ഞാന്‍ ഷോക്കടി സംവിധാനത്തിനെ ഒന്നുകൂടി നവീകരിച്ചു. ഒരു ഇലക്ട്രോണിക് ടൈമറും അതിനു വച്ചിട്ടുണ്ട്. അവശ്യത്തിന് കറണ്ട് തലയിലിറങ്ങിക്കഴിഞ്ഞാല്‍ ഓഫാക്കാന്‍ പ്രത്യേകിച്ചാരും വേണമെന്നില്ല. എല്ലാം സിനിമാക്കാരനാകാന്‍ അല്ലെങ്കില്‍ ഇലക്ട്രോണിക്‌സ് എഞ്ചിനീയറാകാന്‍ കൊതിച്ച നാട്ടിമ്പുറത്തുകാരന്റെ തൃഷ്ണാഫലങ്ങളാണ്.

ആശയാണ് എല്ലാറ്റിനും കാരണമെന്ന് ശ്രീബുദ്ധന്‍ പറഞ്ഞതായി എട്ടാം ക്ലാസ്സില്‍ സോഷ്യല്‍ സ്റ്റഡീസില്‍ ഞാന്‍ പഠിച്ചിട്ടുണ്ട്. അതും വെറുതെയായി. ഒന്നും ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ പറ്റിയില്ല. അട്ടര്‍ വേസ്റ്റ്. അല്ല.പ്രവൃത്തിപഥത്തിലെത്തിയ ഒരെണ്ണമുണ്ട്. എട്ട് ബി.യിലെ ആശ വരുന്നതു കണ്ടാല്‍ ഞാന്‍ കുനിഞ്ഞുകളയുമായിരുന്നു. അതുകൊണ്ടവളു കാരണം എനിക്കും അവളുടെ ജീവിതത്തിലും പ്രത്യേക ദുരന്തങ്ങളൊന്നുമുണ്ടായില്ല.

ഒരു സിനിമാക്കാരനാകാന്‍ ഞാന്‍ കൊതിക്കേണ്ടായിരുന്നു. അടൂരിനെ അനുകരിച്ച് കഥ മെനയാന്‍ പാടില്ലായിരുന്നു. അങ്ങനെയായിരുന്നെങ്കില്‍ രാജ്യത്ത് അടിയന്തിരാവസ്ഥപോലും വരൂല്ലായിരുന്നു. എല്ലാമെല്ലാം എന്റെ ആഗ്രഹങ്ങള്‍ വരുത്തിയ വിന! വലിയ വിന!


*എമ്പോറിയന്‍ = എം.ഫോര്‍ അഥവാ മലയന്‍ഫോര്‍ എന്ന തണ്ടിന് ഉയരമുള്ള മരച്ചീനിയിനം.
*നാവടക്കു പണിയെടുക്കൂ= അടിയന്തിരാവസ്ഥയിലെ ഒരു മുദ്രാവാക്യം.
*എം.എ. ജോണ്‍ = പരിവര്‍ത്തനവാദി കോണ്‍ഗ്രസ്സ് എന്ന ഗ്രൂപ്പുണ്ടാക്കിയിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios