കാണാമറയത്ത് നിങ്ങള്‍ അന്വേഷിക്കുന്ന പ്രിയപ്പെട്ടവരെ കണ്ടെത്തുന്ന പരമ്പരയുടെ രണ്ടാം സീസണ്‍.നീ എവിടെയാണ്. 

ചിലരുണ്ട്, അപ്രതീക്ഷിതമായി നമ്മുടെ ജീവിതത്തിലേക്കു കടന്നുവരുന്നവര്‍. ആഴമുള്ള അടുപ്പമായി മാറുന്നവര്‍. അത് സ്‌കൂളിലോ കോളജിലോ വെച്ചാവാം. അല്ലെങ്കില്‍, ജോലി സ്ഥലത്ത്. യാത്രകളില്‍, ആശുപത്രികളില്‍, സൗഹൃദ കൂട്ടങ്ങളില്‍ അല്ലെങ്കില്‍, മറ്റെവിടെയെങ്കിലുംവെച്ച്...

പെട്ടെന്നാവും അവരുടെ മറയല്‍. സാഹചര്യം മാറിയതാവാം. ജീവിതാവസ്ഥ മാറിയതാവാം. അവര്‍ മറയും. എന്നേക്കുമായി. എങ്കിലും, എന്നും നമ്മളോര്‍ക്കും, എവിടെയാണ് അവരെന്ന്. ചിലപ്പോള്‍ അവര്‍ നമ്മളെയും.അങ്ങനെയൊരാള്‍ നിങ്ങളുടെ ജീവിതത്തിലുമില്ലേ? ഉണ്ടെങ്കില്‍, എഴുതൂ, ആ ആളെക്കുറിച്ച്? ആ ബന്ധത്തെക്കുറിച്ച്. കാത്തിരിപ്പിനെക്കുറിച്ച്. ഒരുപക്ഷേ, ഈയൊരു കുറിപ്പാവും അയാളെ നിങ്ങളിലേക്ക് തിരിച്ചെത്തിക്കുക. കുറിപ്പുകള്‍ ഒരു ഫോട്ടോയ്‌ക്കൊപ്പം, സബ്ജക്ട് ലൈനില്‍ 'നീ എവിടെയാണ്? എന്നെഴുതി, submissions@asianetnews.in എന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കുക. തെരഞ്ഞെടുക്കപ്പെടുന്ന മികച്ച കുറിപ്പുകള്‍ പ്രസിദ്ധീകരിക്കും.


തോരാതെ പെയ്യുന്ന ഒരു മഴക്കാലത്ത് കെ എസ് ആര്‍ ടി സി യാത്രയിലാണ് അയാളെ കണ്ടുമുട്ടിയത്. ഹെഡ് സെറ്റ് വെച്ച് പാട്ട് കേട്ടിരുന്ന എന്റെ തൊട്ടപ്പുറത്ത് ആകെ നനഞ്ഞു വന്നിരിക്കുകയായിരുന്നു ആ മനുഷ്യന്‍. അയാളുടെ ചിരിയും സംസാരിക്കുമ്പോള്‍ ഉള്ള പ്രസരിപ്പും ഇന്നും മനസ്സില്‍ മായാതെ കിടക്കുന്നുണ്ട്.

എന്റെ ചെവിയില്‍ നിന്നും ഹെഡ്‌സെറ്റ് വലിച്ചൂരി കൊണ്ട് അയാള്‍ പറഞ്ഞു 'എന്തൊരു മഴയാല്ലെ...?  ഈ നേരത്ത് ഇത്രേം രസമുള്ളതാളത്തില്‍ മഴ പാടികൊണ്ടിരിക്കുമ്പോള്‍  എന്തിനാ മോനെ വേറെ പാട്ട്?'

ഒരു നിമിഷം പതറി ഞാന്‍ അയാളെ നോക്കി ഒന്ന് ചിരിക്കുക മാത്രം ചെയ്തു.

വീണ്ടും അയാള്‍ ചോദ്യം തുടര്‍ന്നു: 'തനിക്കെന്താ മഴ ഇഷ്ടല്ലെ...?'

'ആ.. ഇഷ്ടാണ'-ഞാന്‍ മറുപടി പറഞ്ഞു.

അയാള്‍ അയാളുടെ മുടിയില്ലാത്ത തലയില്‍ കൈ തലോടിക്കൊണ്ട് ഒന്ന് പുഞ്ചിരിച്ചു.

ആ മനുഷ്യനില്‍ വല്ലാത്ത ഒരു പോസിറ്റീവ് വൈബ് എനിക്ക് ഫീല്‍ ചെയ്തു. വാതോരാതെ അസാധാരണമായി സംസാരിച്ചുകൊണ്ടിരിക്കുന്ന ഒരു യുവാവ്. അതിനടിയില്‍ അപരിചിതത്വത്തിന്റെ ചങ്ങല പെട്ടെന്ന് തന്നെ പൊട്ടി. പേരും സ്ഥലവും ഒക്കെ പരസ്പരം ചോദിച്ചറിഞ്ഞു. കോയമ്പത്തൂരിലേക്കാണ്  അയാളുടെ യാത്ര.

'അവിടെ എന്താ' എന്ന് ചോദിച്ചപ്പോള്‍ ഇതായിരുന്നു മറുപടി:  'കോയമ്പത്തൂര്‍ ഇന്നലെ എന്നെ വിളിച്ചിരുന്നു, അന്നെ കാണാന്‍ വല്ലാത്ത പൂതീന്ന് പറഞ്ഞ്. അതോണ്ട് ഇറങ്ങി പുറപ്പെട്ടതാണ്. അവിടെ എത്തിയാ വേറെ വല്ല സ്ഥലവും വിളിക്കും, അവിടന്ന് വേറെ ഏതേലും സ്ഥലം. അങ്ങനെ ഉലകം ചുറ്റികൊണ്ടിരിക്കാണ്!'

'ആഹാ കൊള്ളാലോ കളി' എന്ന് പറഞ്ഞ്, ഇയാള്‍ എന്ത് മനുഷ്യനാ എന്ന മട്ടില്‍  ഞാനൊന്ന് ചിരിച്ചു.

അയാള്‍ തുടര്‍ന്നു: 'ചാര്‍ലീല് ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞ പോലെ, പെട്ടെന്ന് മരിച്ചു പോയാല്‍, നീ എന്താടാ ഉവ്വേ ഞാന്‍ ഉണ്ടാക്കി വെച്ച അല്‍ഭുതങ്ങളൊന്നും കാണാതെ പോന്നു' എന്ന് ചോദിക്കൂലെ'

'അയ്ന് ഇങ്ങള് ഇപ്പൊതന്നെ മരിക്കാന്‍ പോണോന്നുല്ലല്ലോ മാഷേ..'-ഞാന്‍ നര്‍മം കലര്‍ത്തി ചോദിച്ചു.

അയാള്‍ ചിരിച്ച് കൊണ്ട് പറഞ്ഞു: 'ന്റെ ഒപ്പം കൂടിയ ചെങ്ങായി എന്നെ എപ്പോഴാ സ്വര്‍ഗ്ഗത്തില്‍ കൊണ്ടോവാന്ന് പറയാന്‍ പറ്റൂല ആസിഫെ..'

'അതേതാ അങ്ങനൊരു ചെങ്ങായി?'

ഞാന്‍ സംശയവും ആകാംക്ഷയും കൂടിക്കലര്‍ന്ന ഒരു ചോദ്യം മുന്നിലിട്ടു.

'അതോ... അത്... അങ്ങനെ ഒരു ചെങ്ങായി..'

ആ ഉത്തരത്തില്‍ അദ്ദേഹം എന്തൊക്കെയോ മറക്കാന്‍ ശ്രമിക്കുന്നത് പോലെ എനിക്ക് തോന്നി. ഞാന്‍ വീണ്ടും ചോദിച്ചു.

'ആരാണ്ന്ന് പറ... ന്റെ സ്റ്റോപ് ഇപ്പൊ എത്തും, ഇങ്ങള് ഇത്രേം ഒക്കെ ഇന്നോട് പറഞ്ഞില്ലേ?'

'ഓഹ്... നിനക്ക് ഇറങ്ങാന്‍ ആയി ല്ലേ...?'

'എന്നാ നീ ഇറങ്ങാന്‍ നേരത്ത് പറയാ' എന്ന് പറഞ്ഞ് നിര്‍ത്തി അയാള്‍. പിന്നെ, ഞാന്‍ ഇറങ്ങാന്‍ നില്‍ക്കുമ്പോ ചെവിയില്‍ മെല്ലെ പറഞ്ഞു... 'ആ ചെങ്ങയി വേറെ ആരുമല്ല, ഒരു ചിന്ന ക്യാന്‍സര്‍ ആണ് ഹമുക്കെ'. പിന്നെ ഒരു കണ്ണും ചിമ്മി ബൈ പറഞ്ഞ് ഞാന്‍ ഇരുന്ന സീറ്റിലേക്ക് നീങ്ങിയിരുന്നു.

ഒരു നിമിഷം ഞാന്‍ നിശ്‌ലമായി. അയാളോട് എന്ത് പറയണമെന്നെത് അറിയില്ലായിരുന്നു. ഒന്നും തിരിച്ച് പറയാനാവാതെ നിസ്സഹായനായി ഒന്ന് നോക്കുക മാത്രം ചെയ്ത് ഞാന്‍ ബസ്സില്‍ നിന്നും ഇറങ്ങി. അവിടെ നിന്ന് കോളേജിലേക്ക് നടക്കുമ്പോള്‍ അയാള്‍ ചെവിയില്‍ പറഞ്ഞത് വീണ്ടും വീണ്ടും മുഴങ്ങികൊണ്ടെയിരുന്നു. 

മൊബൈല്‍ നമ്പര്‍ ചോദിക്കാന്‍ പോലും മറന്നുപോയി.

ഒരായിരം ചോദ്യങ്ങള്‍ മനസ്സില്‍ വന്ന് നിറഞ്ഞുനിന്നു. ശരിക്കും അയാള്‍ക്ക് ക്യാന്‍സര്‍ ഉണ്ടാവുമോ? കാണുമ്പോള്‍ എത്ര കൂളാണ്? ഇനി ആള്‍ എന്നെ  പറ്റിച്ചതായിരിക്കുമോ? അല്ല അയാളുടെ തലയില്‍ ഒരുമുടിനാമ്പുപോലും ഉണ്ടായിരുന്നില്ലല്ലോ? ഏത് തരം ക്യാന്‍സര്‍ ആണ് അദ്ദേഹത്തെ ബാധിച്ചിരിക്കുന്നത്? ഒറ്റക്ക് ഇങ്ങനെ പോയാല്‍ എന്തെങ്കിലും സംഭവിച്ചാല്‍? ഒന്നിനും കൃത്യമായ ഉത്തരം കിട്ടുന്നില്ലായിരുന്നു. എന്നെങ്കിലും ആ മനുഷ്യനെ കണ്ടാല്‍ ചോദിക്കാന്‍ ഈ ചോദ്യങ്ങളെല്ലാം ബാക്കിയാണ്.

ഉറച്ച ആത്മവിശ്വാസവും ശക്തമായ മനസ്സും തന്നെയാണ് അദ്ദേഹത്തെ ധീരമായായി മുന്നോട്ട് പോവാന്‍ പ്രേരിപ്പിക്കുന്നത്! ആ മനുഷ്യനോട് തീര്‍ത്തും ആരാധനയും ബഹുമാനവും സ്‌നേഹവും സിംപതിയും തോന്നിപ്പോകുന്നു. അദ്ദേഹം ഇന്നെവിടെ എന്നറിയില്ല. ഇനി കണ്ടുമുട്ടുമോ എന്ന് പോലും ഉറപ്പില്ല. പക്ഷേ, ഇന്നും എന്റെ പ്രാര്‍ത്ഥനയില്‍ വീണ്ടും വീണ്ടും ആ വലിയ മനുഷ്യന്‍ നിസ്സാര മട്ടില്‍  ക്യാന്‍സറിനെ തോല്‍പ്പിച്ച് ലോകത്തിന്റെ പലഭാഗങ്ങളില്‍ കൂടി ദേശാടനം നടത്തികൊണ്ടിരിക്കുകയാണ്.