കാണാമറയത്ത് നിങ്ങള്‍ അന്വേഷിക്കുന്ന പ്രിയപ്പെട്ടവരെ കണ്ടെത്തുന്ന പരമ്പരയുടെ രണ്ടാം സീസണ്‍.നീ എവിടെയാണ്. 

ചിലരുണ്ട്, അപ്രതീക്ഷിതമായി നമ്മുടെ ജീവിതത്തിലേക്കു കടന്നുവരുന്നവര്‍. ആഴമുള്ള അടുപ്പമായി മാറുന്നവര്‍. അത് സ്‌കൂളിലോ കോളജിലോ വെച്ചാവാം. അല്ലെങ്കില്‍, ജോലി സ്ഥലത്ത്. യാത്രകളില്‍, ആശുപത്രികളില്‍, സൗഹൃദ കൂട്ടങ്ങളില്‍ അല്ലെങ്കില്‍, മറ്റെവിടെയെങ്കിലുംവെച്ച്...

പെട്ടെന്നാവും അവരുടെ മറയല്‍. സാഹചര്യം മാറിയതാവാം. ജീവിതാവസ്ഥ മാറിയതാവാം. അവര്‍ മറയും. എന്നേക്കുമായി. എങ്കിലും, എന്നും നമ്മളോര്‍ക്കും, എവിടെയാണ് അവരെന്ന്. ചിലപ്പോള്‍ അവര്‍ നമ്മളെയും.അങ്ങനെയൊരാള്‍ നിങ്ങളുടെ ജീവിതത്തിലുമില്ലേ? ഉണ്ടെങ്കില്‍, എഴുതൂ, ആ ആളെക്കുറിച്ച്? ആ ബന്ധത്തെക്കുറിച്ച്. കാത്തിരിപ്പിനെക്കുറിച്ച്. ഒരുപക്ഷേ, ഈയൊരു കുറിപ്പാവും അയാളെ നിങ്ങളിലേക്ക് തിരിച്ചെത്തിക്കുക. കുറിപ്പുകള്‍ ഒരു ഫോട്ടോയ്‌ക്കൊപ്പം, സബ്ജക്ട് ലൈനില്‍ 'നീ എവിടെയാണ്? എന്നെഴുതി, submissions@asianetnews.in എന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കുക. തെരഞ്ഞെടുക്കപ്പെടുന്ന മികച്ച കുറിപ്പുകള്‍ പ്രസിദ്ധീകരിക്കും.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ ഒരു പരീക്ഷാ ആവശ്യത്തിന് വേണ്ടി ഇറങ്ങിയതാണ്. രാവിലെ തന്നെ തലശ്ശേരി റെയില്‍വേ സ്റ്റേഷനില്‍ ഓടിയെത്തി. ട്രെയിന്‍ എത്തിയിരുന്നില്ല ഒരു മണിക്കൂര്‍ വൈകിയാണ് എത്തുകയുള്ളൂ എന്ന് വിളിച്ച് പറഞ്ഞപ്പോള്‍ തിരികെ നടന്നാലോ എന്ന് പല ആവര്‍ത്തി ചിന്തിച്ചു. പക്ഷേ എന്റെ ആവശ്യമാണല്ലോ എന്നോര്‍ത്ത് അവിടെ നിന്നു. ചിന്തകള്‍ മുഴുവന്‍ അങ്ങ് കോഴിക്കോട് ആയതിനാല്‍ ചുറ്റിലും നടക്കുന്നതൊന്നും ശ്രദ്ധയില്‍ പെട്ടതേയില്ല. അങ്ങനെ ട്രെയിന്‍ വന്നു. ഓടിയങ്ങ് കയറി തിരക്കൊക്കെ ഉണ്ടെങ്കിലും അത് വലിയ കാര്യമായി ഞാനെടുത്തില്ല. ഒടുവില്‍ കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍എത്തി. അവിടെ നിന്ന് ബസ്സില്‍ യൂനിവേഴ്‌സിറ്റിയിലേക്കും. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ആയത് കൊണ്ട് അവര് ഒരുപാട് കറക്കിപ്പിച്ചു ആകെ തളര്‍ന്നു കുഴങ്ങി. കുറേ പേപ്പറുകളുമായി ഓടി നടക്കുമ്പോഴും എന്റെ ചിന്ത ഒന്ന് പെട്ടെന്ന് വീട്ടിലെത്താനായിരുന്നു.....!

ഉമ്മയെ വിളിച്ച് അവള്‍ പറഞ്ഞു:'ഉമ്മച്ചീ പേടിക്കണ്ട എനിക്ക് ഇവിടെ ഒരു ഇക്കാക്കാനെ കിട്ടിയിട്ടുണ്ട്'.

എല്ലാം കഴിഞ്ഞ് അവിടെ നിന്ന് ഇറങ്ങി കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ എത്തി. ട്രെയിന്‍ എന്നെയും കാത്തിരിക്കുന്ന പോലെയുണ്ടായിരുന്നു. ടിക്കറ്റ് കൗണ്ടറിലാണെങ്കില്‍ തിരക്കുമില്ല. പെട്ടെന്ന് ടിക്കറ്റുമായി നീങ്ങാനൊരുങ്ങുന്ന ട്രെയിനില്‍ ഓടി കയറി. ആ ബോഗിയിലാണെങ്കില്‍ ഭയങ്കര തിരക്ക്. ഒന്ന് ശ്വാസം വിടാന്‍ പോലും സ്ഥലമില്ല. ബസ്സില്‍ ഒന്ന് മയങ്ങിയത് കൊണ്ട് ആ മയക്കത്തിന്റെ ബാക്കി എന്റെ കണ്ണുകളെ പിടിച്ച് വലിക്കുന്നുണ്ടായിരുന്നു. ആകെ തളര്‍ന്നിരിക്കുന്നു. അപ്പോഴാണ് എന്റെ മുന്നില്‍ നില്‍ക്കുന്ന ഒരു മദ്ധ്യവയസ്‌കന്റെ കൈകളില്‍ ഒരു കുട്ടി എന്നെ നോക്കി ചിരിക്കുന്നത് കണ്ടത്. ഒരു മൂന്ന് വയസ്സ് പ്രായം കാണും. നിഷ്‌കളങ്കമായ ആ ചിരിയില്‍ എന്റെ തളര്‍ച്ചകള്‍ എങ്ങോ പറന്ന് പോയി. ഒരുപാട് നേരം ആ കുട്ടിയെ കളിപ്പിച്ചിരുന്നു. തിങ്ങി നിറഞ്ഞ തിരക്ക് എനിക്ക് വലിയ ബുദ്ധിമുട്ടായി തോന്നിയതേയില്ല. കൊയിലാണ്ടി എത്തിയപ്പോള്‍ ആ കുട്ടിയും അച്ഛനും ഇറങ്ങി. ട്രെയിനിലെ തിരക്കും കുറഞ്ഞു. അപ്പോള്‍ ഞാന്‍ എന്റെ മുഖം ഫോണിലേക്ക് താഴ്ത്തി.

പെട്ടെന്ന് ഒരു പെണ്‍കുട്ടിയുടെ ശബ്ദം കേട്ടാണ് ഞാന്‍ തല ഉയര്‍ത്തിയത് 'എസ്‌ക്യൂസ്മി' ഞാന്‍ പിന്നിലേക്ക് നോക്കി. ഞാന്‍ മാറിക്കൊടുത്തു അവള്‍ അങ്ങോട്ട് നീങ്ങി നിന്നു. ഒരുപാട് പുരുഷന്മാര്‍ക്ക് നടുവില്‍ ഒരു പെണ്‍കുട്ടി. കുറച്ച് കഴിഞ്ഞ് ഒരു സ്റ്റോപ്പില്‍ നിന്നും കുറേ ആളുകള്‍ കൂടി കയറി. അതോടെ ആ പെണ്‍കുട്ടിയുടെ ഹൃദയമിടിപ്പ് കൂടുന്നത് ഞാന്‍ അറിഞ്ഞു. ആ കയറിയവരില്‍ ഒരാള്‍ അവളെ തൊട്ടും തലോടിയും നില്‍ക്കുന്നത് ഞാന്‍ കണ്ടു. അവളുടെ നിസ്സഹായതയുടെ നോട്ടം പലരിലേക്കും പോയി. ആരും ആ നിസ്സഹായത കണ്ടിട്ടും കാണാതെ പോലെയിരുന്നു. അവളുടെ നോട്ടം എന്നിലേക്കെത്തി പ്രതികരിക്കാന്‍ എന്റെ മനസ്സ് വെമ്പല്‍ കൊണ്ടു. ഞാന്‍ അവളുടെ അരികിലേക്ക് നടന്ന് എന്റെ മുന്നിലായി അവളെ നിര്‍ത്തി. തൊട്ട് തലോടിയ ആള്‍ നിരാശയോടെ തിരിഞ്ഞ് നിന്നു.

ആ പെണ്‍കുട്ടി സംസാരിച്ചു തുടങ്ങി പേര് 'നൂറ' കോഴിക്കോട് നിന്ന് കയറിയതാണ് ഞാന്‍ കുട്ടിയെ കളിപ്പിക്കുന്നതും ചിരിപ്പിക്കുന്നതുമെല്ലാം അവള്‍ കാണുന്നുണ്ടായിരുന്നുവത്രെ. അവള്‍ ഒരുപാട് സംസാരിച്ചു. എവിടെ നിന്ന് വരുന്നു എന്നോ എങ്ങോട്ട് പോകുന്നു എന്നോ എന്താണ് ചെയ്യുന്നത് എന്നോ ഒന്നും എന്നോട് ചോദിച്ചില്ല. അവള്‍ യൂണിവേഴ്‌സിറ്റിയില്‍ പോയതാണത്രെ. ഉമ്മയൊക്കെ കൂടെയുണ്ട്. ലേറ്റായത് കൊണ്ട് ഓടി കയറിയപ്പൊ കമ്പാര്‍ട്ട്‌മെന്റ് മാറിപ്പോയതാണ്. ക്ഷീണം കൊണ്ടാവാം അവളുടെ ചില വാക്കുകള്‍ ഒന്നും ഞാന്‍ കേട്ടതേയില്ല. ഞാന്‍ അശ്രദ്ധനാവുന്നത് അവള്‍ അറിഞ്ഞിട്ട് പോലും സംസാരം നിര്‍ത്തിയില്ല. 

എന്റെ ഫോണ് വാങ്ങി ഉമ്മയെ വിളിച്ച് അവള്‍ പറഞ്ഞു:'ഉമ്മച്ചീ പേടിക്കണ്ട എനിക്ക് ഇവിടെ ഒരു ഇക്കാക്കാനെ കിട്ടിയിട്ടുണ്ട്'. അവള്‍ കണ്ണൂരിലേക്കാണ്. ട്രെയിന്‍ തലശ്ശേരി എത്താറായി. ഞാന്‍ ഇറങ്ങാന്‍ തയ്യാറായി. തലശ്ശേരി അവളെയും കൂടെ ഇറക്കി അവളുടെ ഉമ്മയുള്ള കമ്പാര്‍ട്ട്‌മെന്റിില്‍ കയറ്റി വിട്ടു. ഒരുപാട് നന്ദി പറഞ്ഞ് അവളും ഉമ്മയും യാത്ര പറഞ്ഞു. 

ഓരോ ട്രെയിന്‍ യാത്രയിലും അവളെ ഓര്‍മ്മവരാറുണ്ട്. അവളുടെ ഭയം കത്തുന്ന കണ്ണുകളും. 

'നീ എവിടെയാണ്' പരമ്പരയില്‍ മുമ്പ് പ്രസിദ്ധീകരിച്ച കുറിപ്പുകള്‍ ഇവിടെ വായിക്കാം