Asianet News MalayalamAsianet News Malayalam

ഒരു സ്‌കൂള്‍ മാറ്റമാണ് അവളെ നഷ്ടമാക്കിയത്!

നീ എവിടെയാണ്: നിധിന്‍ വി.എന്‍ എഴുതുന്നു 

nee evideyaanu a special series for your missing ones by Nithin VN
Author
Thiruvananthapuram, First Published Apr 25, 2019, 7:22 PM IST

കാണാമറയത്ത് നിങ്ങള്‍ അന്വേഷിക്കുന്ന പ്രിയപ്പെട്ടവരെ കണ്ടെത്തുന്ന പരമ്പരയുടെ രണ്ടാം സീസണ്‍.നീ എവിടെയാണ്. 

ചിലരുണ്ട്, അപ്രതീക്ഷിതമായി നമ്മുടെ ജീവിതത്തിലേക്കു കടന്നുവരുന്നവര്‍. ആഴമുള്ള അടുപ്പമായി മാറുന്നവര്‍. അത് സ്‌കൂളിലോ കോളജിലോ വെച്ചാവാം. അല്ലെങ്കില്‍, ജോലി സ്ഥലത്ത്. യാത്രകളില്‍, ആശുപത്രികളില്‍, സൗഹൃദ കൂട്ടങ്ങളില്‍ അല്ലെങ്കില്‍, മറ്റെവിടെയെങ്കിലുംവെച്ച്...

പെട്ടെന്നാവും അവരുടെ മറയല്‍. സാഹചര്യം മാറിയതാവാം. ജീവിതാവസ്ഥ മാറിയതാവാം. അവര്‍ മറയും. എന്നേക്കുമായി. എങ്കിലും, എന്നും നമ്മളോര്‍ക്കും, എവിടെയാണ് അവരെന്ന്. ചിലപ്പോള്‍ അവര്‍ നമ്മളെയും.അങ്ങനെയൊരാള്‍ നിങ്ങളുടെ ജീവിതത്തിലുമില്ലേ? ഉണ്ടെങ്കില്‍, എഴുതൂ, ആ ആളെക്കുറിച്ച്? ആ ബന്ധത്തെക്കുറിച്ച്. കാത്തിരിപ്പിനെക്കുറിച്ച്. ഒരുപക്ഷേ, ഈയൊരു കുറിപ്പാവും അയാളെ നിങ്ങളിലേക്ക് തിരിച്ചെത്തിക്കുക. കുറിപ്പുകള്‍ ഒരു ഫോട്ടോയ്‌ക്കൊപ്പം, സബ്ജക്ട് ലൈനില്‍ 'നീ എവിടെയാണ്? എന്നെഴുതി, submissions@asianetnews.in എന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കുക. തെരഞ്ഞെടുക്കപ്പെടുന്ന മികച്ച കുറിപ്പുകള്‍ പ്രസിദ്ധീകരിക്കും.

nee evideyaanu a special series for your missing ones by Nithin VN

കുഞ്ഞായിരിക്കുമ്പോള്‍ എല്ലാവരും മഹാന്മാരാണ്. കുട്ടിയായിരിക്കുമ്പേള്‍ ചില സന്ദര്‍ഭങ്ങളില്‍ നാം പറഞ്ഞ കാര്യങ്ങളോര്‍ത്ത് ഇപ്പോള്‍ അത്ഭുതപ്പെട്ട് പോകുന്നത് അതുകൊണ്ടാണ്. കുഞ്ഞുവായിലെ വലിയ വര്‍ത്തമാനമെന്ന് പറഞ്ഞ് കുടുംബവും സമൂഹവുമെല്ലാം അന്നാ കാഴ്ചയുടെ ആഴങ്ങളെ പരിമിതപ്പെടുത്തും. എന്നിട്ടും മായുന്നില്ല ചില ചിത്രങ്ങള്‍. ചിതല്‍ തിന്ന ഓര്‍മ്മകളില്‍ നിന്നും ചിലത് ബാക്കിയാവുന്നു. ശ്വാസം കഴിക്കാന്‍ അനുവദിക്കാതെ അതിങ്ങനെ പിന്തുടരുന്നു. അനുഭവിച്ച ഇടം മാറിയിരിക്കുന്നു. എന്നിട്ടും. ബാല്യത്തിലേക്കെത്താനാവാതെ എനിക്കുള്ളിലെ കുട്ടി കലങ്ങി നില്‍പ്പാണ്.

പത്തുവരെയുള്ള കലാലയ ജീവിതം കോണ്‍വന്റ് സ്‌കൂളിലായിരുന്നു. അതില്‍ തന്നെ ഒന്നു മുതല്‍ പത്തുവരെയുള്ള കാലങ്ങള്‍ക്ക് രണ്ട് സ്‌കൂളുകളുമായി ബന്ധമുണ്ട്. പഠനത്തില്‍ ഒട്ടും പുറകിലല്ലാത്ത, കണക്കിനോടും സാഹിത്യത്തോടും കൊച്ചുകൊച്ചു കണ്ടുപിടുത്തങ്ങളോടും(എന്റെ ഭാഷയില്‍) ഏറെ പ്രിയമുള്ള നിധിനെ ആ കാലഘട്ടത്തിലെ ഒരൊറ്റ സുഹൃത്തുക്കളും മറക്കാന്‍ വഴിയില്ല. ചിലര്‍ക്ക് നല്ല സുഹൃത്തായിരിക്കുമ്പോള്‍ തന്നെ മറ്റു ചിലര്‍ക്ക് എന്നോട് കനത്ത നീരസമായിരുന്നു. ഈ രണ്ടു കാരണങ്ങള്‍ കൊണ്ടാണ് മറക്കാന്‍ വഴിയില്ല എന്ന് പറഞ്ഞത്(അന്ന് നീരസം കാട്ടി നടന്നിരുന്നവരില്‍ പലരും ഇന്നത്തെ ബല്ല്യ ചങ്ങായിമാരാണ്). ഞാന്‍ ചെര്‍ളയം എച്ച്.സി.സി.യു.പി.എസില്‍ പഠിക്കുന്ന സമത്തെ ഒരനുഭവമാണിത്. അവിടെ ആണ്‍കുട്ടികള്‍ക്ക് അന്ന് നാലു വരെയേ പഠിക്കാനാവും. നാലുവരെ അവിടെ തുടരാനനുവദിക്കാതെ അച്ഛനെന്നെ വേരോടെ പിഴുതെടുത്ത് മറ്റൊരു കോണ്‍വെന്റിലേക്ക് ചേര്‍ത്തു. ആ പിഴുതെടുക്കല്‍ എന്നില്‍ വലിയൊരു മാറ്റത്തിന് കാരണമാക്കിയിട്ടുണ്ട്.

ഉണ്ണി പഠിക്കുന്നിടത്ത് പഠിക്കണമെന്ന് ഞാന്‍ വാശി പിടിച്ചതോണ്ടാണ് അങ്ങനെ മാറ്റിയതെന്ന് അച്ഛന്‍ പറയുന്നു. എനിക്കെന്തായാലും അതോര്‍മ്മയില്ല. ഞാനങ്ങനെ പറയാന്‍ ഒരു സാധ്യതയും ഇല്ലെന്നാന്ന് മനസ്സ് പറയുന്നത്. ആ സ്‌കൂള്‍ മാറ്റം നഷ്ടമാക്കിയ മാങ്ങ അച്ചാറിന്റെ രുചിയില്‍ ഞാനിന്നും ഓര്‍ക്കുന്ന ഒരു മുഖമുണ്ട്. അത് അവളാണ്!

ഇന്നും കുട്ടിയായിരിക്കാന്‍ ആഗ്രഹിക്കുന്നതിനുപിന്നില്‍ അവളെ കാണണമെന്ന ആഗ്രഹം കൂടിയാണ്. കുട്ടിയായിരുന്ന നിധിനുമാത്രമേ അവളെ തിരിച്ചറിയാന്‍ കഴിയു. ഒരു സ്‌കൂള്‍ മാറ്റത്തിലൂടെ നഷ്ടമായതാണ് അവളെ. ആദ്യമൊന്നും ആ വേര്‍പാടെന്നെ അലട്ടിയിരുന്നില്ല. പതിയെ രണ്ടാം ക്ലാസ്സ് മറന്നു. കൂടെ പഠിച്ചവരെ മറന്നു. അതില്‍ അവളുടെ പേരും മാഞ്ഞു. പിന്നീടെപ്പോഴോ ഓര്‍മ്മയുടെ പാളികളില്‍ അവള്‍ തെളിഞ്ഞു. ഒന്നു കാണണമെന്ന്, ഒരിക്കല്‍ക്കൂടി ഊഞ്ഞാലാടണമമെന്ന്, നിധ്യേ എന്ന വിളിയില്‍ അലിയണമെന്ന് തോന്നി. പഴയ ഫോട്ടോകള്‍ പരതിനോക്കി. അവളെവിടെ? ഓര്‍മ്മകള്‍ക്കുമേല്‍ കനംവെച്ചു നില്‍ക്കുന്ന മറവിയുടെ ചില്ലകള്‍. 

എന്റെ ബുക്കിലെ ഒരു പേജ് കീറി ഓടിയതിന്, ബഞ്ചിന്റെ മുകളിലൂടെ പാഞ്ഞ് അവളെ പിടിക്കാന്‍ നോക്കിയതും, അവളുടെ വെള്ളമുത്തുമാല പൊട്ടിച്ചിതറിയതും ഇന്നും നല്ല ഓര്‍മ്മയുണ്ട്. കരഞ്ഞു നില്‍ക്കുന്ന അവളിലേക്ക് ഒന്നേ നോക്കിയുള്ളു. പിന്നെ കണ്ണ് നിറഞ്ഞു കാണണം.

'ഒരു പേജ് കീറിയതിനാണോ നീയിങ്ങനെ ചെയ്തെ' ക്ലാസ്സ് ടീച്ചറുടെ ചോദ്യം.

ഉത്തരമൊന്നുമില്ല. കയ്യിലേക്ക് ചൂരല്‍ വന്നു പതിച്ചു. അതിന്റെ നീറ്റലില്‍ അവളെ നോക്കി.അവളിപ്പോഴും കരഞ്ഞു നില്‍ക്കുകയാണ്.

രാത്രി പണി മാറ്റി വരുന്ന അച്ഛനെ കാത്ത് ഞാനുമ്മറത്തിരിക്കുകയാണ്. പാടവരമ്പിലൂടെ അച്ഛന്‍ വന്ന് വീട്ടിലേക്ക് കയറുന്നതിനുമുമ്പ് കുളത്തില്‍ കാല് കഴുകും. ആ ശബ്ദം കേട്ടാല്‍ ഏത് ഉറക്കത്തില്‍ നിന്നും ഞാന്‍ എഴുന്നേല്‍ക്കും. അച്ഛന്‍ വെള്ളത്തിലേക്ക് കാലിറക്കുന്ന ശബ്ദത്തിന്റെ താളം എനിക്കിന്നും മന:പാഠമാണ്. പുസ്തകത്തിനു മുമ്പില്‍ ഇരുന്നുറങ്ങുന്ന സമയങ്ങളില്‍ ആ ശബ്ദം കേട്ട് ഉറക്കെ വായിച്ച്; പഠിക്കുകയാണ് ഞാനെന്ന് എത്ര തവണ അഭിനയിച്ചിരിക്കുന്നു. ചിലപ്പോഴൊക്കെ അച്ഛനതറിയാമായിരുന്നു. അദ്ദേഹത്തിന്റെ ചുണ്ടിന്റെ കോണില്‍ ഒരു പുഞ്ചിരി ഒളിച്ചിരിക്കാറുണ്ട്. ചിലപ്പോ ഉറങ്ങി പോകുമ്പോള്‍ നിധിമോനെ എന്നദ്ദേഹം നീട്ടിവിളിക്കും. എന്നും കേള്‍ക്കാന്‍ രസമുള്ള ഒരു വിളി. അച്ഛന്‍ വീട്ടിലേക്ക് കയറിയ ഉടനെ ഞാന്‍ പറഞ്ഞു,'എനിക്ക് രണ്ട് വലിയ വെള്ളമുത്തുമാല വേണം'.

'എന്തിനാടാ?'

ക്ലാസ്സ് റൂം എന്നില്‍ നിന്നും അച്ഛനിലേക്കെത്തി. അച്ഛനെന്റെ കണ്ണിലേക്ക് തന്നെ നോക്കി കുറച്ചുനേരമിരുന്നു. ആ നേരമത്രയും അദ്ദേഹമെന്ന നിശ്ശബ്ദനായി വായിക്കുകയായിരുന്നിരിക്കണം. പിന്നെ ഒട്ടും സമയം കളയാതെ എന്നെയും കൂട്ടി ടൗണിലേക്ക് പുറപ്പെട്ടു. രണ്ട് വലിയ മുത്തുമാലകള്‍ അച്ഛന്‍ വാങ്ങി തന്നു. ഞാന്‍ ചിരിച്ചു, അച്ഛനും. 

ഒരു രാത്രി തീര്‍ന്നുകിട്ടാന്‍ ഇത്രയധികം ആശിച്ച മറ്റൊരു ദിവസമുണ്ടാവില്ല. ബാഗിലേക്ക് ആ മാലയെടുത്ത് വെക്കുമ്പോള്‍ എന്തെന്നില്ലാത്ത സന്തോഷമുണ്ടായിരുന്നു.

പിറ്റേന്ന് ക്ലാസ്സ് ടീച്ചറുടെ കയ്യില്‍ മാല ഏല്‍പിച്ചു.

'ഞാന്‍ പൊട്ടിച്ച മാലയ്ക്ക് പകരം.'

ടീച്ചറെന്നെ നോക്കി. അവരുടെ ചുണ്ടുകള്‍ക്കിടയില്‍ നിന്ന് ചിരിവിടര്‍ന്നിറങ്ങി. അവള്‍ക്ക് മാല കൈമാറുമ്പോള്‍ ടീച്ചറെന്നെ അഭിനന്ദിച്ചത് എനിക്കോര്‍മ്മയുണ്ട്. അപ്പോഴും ചില ചോദ്യങ്ങള്‍ ബാക്കി കിടന്നു. ഇന്നലെ തെറ്റുതിരുത്താന്‍ ഒരവസരം തരാതെ ശിക്ഷിച്ചു. ഇന്ന് അഭിനന്ദിക്കുന്നു. അതൊരു ചോദ്യമായി എന്നില്‍ നിന്നിറങ്ങി നിന്നപ്പോള്‍ ടീച്ചറൊന്ന് പകച്ചു. ക്ലാസ്സില്‍ ചോദ്യം ചോദിക്കുന്ന അവസരത്തില്‍ ഉത്തരമറിയാതിരിക്കുമ്പോള്‍ പിരീഡ് അവസാനിക്കുന്ന ബെല്ലുകള്‍ രക്ഷയ്ക്കത്താറുള്ളപോലെ ടീച്ചര്‍ ആ നിമിഷത്തെ അതിജീവിച്ചത് അത്തരമൊരു ബല്ലിന്റെ ബലത്തിലായിരുന്നു. 

അന്നുമുതല്‍ ഉത്തരം കിട്ടാത്ത ആ ചോദ്യവുമായി ഞാനങ്ങനെ കുറെ അലഞ്ഞു. പിന്നതിനെ ഉപേക്ഷിച്ചു കാണണം. 

അന്നത്തെ ആ സംഭവത്തിനുശേഷം ഞാനും അവളും വലിയ കൂട്ടായി. ഒരേ ബഞ്ചില്‍ അടുത്തടുത്തായി പിന്നീടുള്ള ഇരുത്തം. കളിസമയങ്ങളില്‍ കഥ പറഞ്ഞിരുന്നും, കളിവീടുകെട്ടിയും ഞങ്ങള്‍ പറവകളായി. ഉച്ച സമയങ്ങളില്‍ ഒന്നു രണ്ട് കുഞ്ഞുരുളകള്‍ എന്നിലേക്ക് നീളും. മാങ്ങ അച്ചാറിന്റെ രുചിയുള്ള ചോറുരുളകള്‍. അവള്‍ കൊണ്ടു വരുന്ന മാങ്ങ അച്ചാറിന്റെ രുചി. അതുപോലൊന്ന് ഞാനിന്നുവരെ കഴിച്ചിട്ടല്ല. ഇനിയും ആ രുചി തിരിച്ചറിയാന്‍ എനിക്കു കഴിയും. അങ്ങനെ തുടരുന്ന കാലത്താണ് ഈ പറഞ്ഞ സ്‌കൂള്‍ മാറ്റം. സ്‌കൂള്‍ മാറ്റത്തിനുമുമ്പ് വരാന്തയിലിരുന്ന് ഞാനവളോട് സംസാരിച്ചിരുന്നു. അപ്പോഴൊക്കെ ഞാന്‍ കരഞ്ഞിരുന്നു, അവളും.

പിന്നീട് ഞാനവളെ ഇന്നോളം കണ്ടിട്ടില്ല. അവളുടെ ഓര്‍മ്മകള്‍ പിന്നീടെന്നിലേക്ക് വരുന്നത് എന്റെ പ്ലസ് വണ്‍ കാലം മുതലാണ്. അപ്പോഴൊക്കെ ഞാന്‍ കൂട്ടുകാരുടെ അടുത്ത് പോയിരിക്കും. ഈ കഥ അവര്‍ക്കെല്ലാം അറിയുന്നതു കൊണ്ടാവണം ഉച്ചയ്ക്ക് അവരെല്ലാം ചോറ് വാരിത്തരും. ഈ കാലഘട്ടം വരെ അതിനെ അതിന് മുടക്കമൊന്നും ഉണ്ടായിട്ടില്ല. ഇന്ന് അച്ഛനമ്മമാരുടെ ജോലി സംബന്ധമായ ട്രാന്‍സ്ഫറുകള്‍ കാരണം സ്‌കൂളുകള്‍ മാറേണ്ടി വരുന്ന കുട്ടികളെ കാണുമ്പോള്‍ എനിക്കെന്നെ ഓര്‍മ്മ വരും. വലിയൊരു നിശ്ശബ്ദതയ്ക്ക് തല വെച്ചു കൊടുത്ത എന്നെ.

Follow Us:
Download App:
  • android
  • ios