കാണാമറയത്ത് നിങ്ങള്‍ അന്വേഷിക്കുന്ന പ്രിയപ്പെട്ടവരെ കണ്ടെത്തുന്ന പരമ്പരയുടെ രണ്ടാം സീസണ്‍.നീ എവിടെയാണ്. 

ചിലരുണ്ട്, അപ്രതീക്ഷിതമായി നമ്മുടെ ജീവിതത്തിലേക്കു കടന്നുവരുന്നവര്‍. ആഴമുള്ള അടുപ്പമായി മാറുന്നവര്‍. അത് സ്‌കൂളിലോ കോളജിലോ വെച്ചാവാം. അല്ലെങ്കില്‍, ജോലി സ്ഥലത്ത്. യാത്രകളില്‍, ആശുപത്രികളില്‍, സൗഹൃദ കൂട്ടങ്ങളില്‍ അല്ലെങ്കില്‍, മറ്റെവിടെയെങ്കിലുംവെച്ച്...

പെട്ടെന്നാവും അവരുടെ മറയല്‍. സാഹചര്യം മാറിയതാവാം. ജീവിതാവസ്ഥ മാറിയതാവാം. അവര്‍ മറയും. എന്നേക്കുമായി. എങ്കിലും, എന്നും നമ്മളോര്‍ക്കും, എവിടെയാണ് അവരെന്ന്. ചിലപ്പോള്‍ അവര്‍ നമ്മളെയും.അങ്ങനെയൊരാള്‍ നിങ്ങളുടെ ജീവിതത്തിലുമില്ലേ? ഉണ്ടെങ്കില്‍, എഴുതൂ, ആ ആളെക്കുറിച്ച്? ആ ബന്ധത്തെക്കുറിച്ച്. കാത്തിരിപ്പിനെക്കുറിച്ച്. ഒരുപക്ഷേ, ഈയൊരു കുറിപ്പാവും അയാളെ നിങ്ങളിലേക്ക് തിരിച്ചെത്തിക്കുക. കുറിപ്പുകള്‍ ഒരു ഫോട്ടോയ്‌ക്കൊപ്പം, സബ്ജക്ട് ലൈനില്‍ 'നീ എവിടെയാണ്? എന്നെഴുതി, submissions@asianetnews.in എന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കുക. തെരഞ്ഞെടുക്കപ്പെടുന്ന മികച്ച കുറിപ്പുകള്‍ പ്രസിദ്ധീകരിക്കും.

ജീവിത വിജയത്തിന് ഏറ്റവും ആവശ്യം നിറയെ എ പ്ലസ് ഗ്രേഡുകള്‍ അച്ചടിച്ചുവരുന്ന പത്തംതരത്തിലെ സര്‍ട്ടിഫിക്കറ്റ് ആണ് എന്ന അന്നത്തെ ധാരണയാണ് സ്‌കൗട്ട് പ്രസ്ഥാനത്തിലേക്ക് എന്നെ കൊണ്ടെത്തിക്കുന്നത് . മുന്‍പേ ആ വഴി പോയി വിജയിച്ചവരുടെ അനുഭവങ്ങളും , വീട്ടുകാരുടെ സമ്മര്‍ദ്ദവും അതിലേക്കുള്ള യാത്രയുടെ വേഗത കൂട്ടുന്ന ഘടകങ്ങളായി  . അന്നേവരെ തൊട്ടുതീണ്ടിയിട്ടില്ലാത്ത അടുക്കുംചിട്ടയും അച്ചടക്കവും പരിപോഷിപ്പിക്കാനുള്ള നിരവധിവഴികള്‍ക്കിടയിലും ഗ്രേസ് മാര്‍ക്ക് എന്ന പക്ഷിയുടെ ഒറ്റക്കണ്ണിലേക്കായിരുന്നു എന്നെപോലെ പലരുടെയും   ഉന്നം മുഴുവന്‍. 

സ്‌കൗട്ടിങ്ങില്‍ ചേര്‍ന്നാല്‍ രണ്ട് രീതിയിലാണ് ഗ്രേസ് മാര്‍ക്ക് ലഭിക്കുക. രാജ്യപുരസ്‌കാര്‍ എന്ന പരീക്ഷ വിജയിച്ചാല്‍ 30 ഉം രാഷ്ട്രപതി പുരസ്‌കാര്‍  എന്ന പരീക്ഷയില്‍ വിജയിച്ചാല്‍  60 മാര്‍ക്കും ലഭിക്കും. ഗണിതത്തിലും, ശാസ്ത്രവിഷയങ്ങളിലും 'അസാമാന്യമായ അറിവുള്ളതുകൊണ്ട്തന്നെ' ആ ഗ്രേസ് മാര്‍ക്കുകള്‍ ഏത് വിധേനയും നേടിയെടുക്കാനായിരുന്നു എന്റെ  ശ്രമം മുഴുവന്‍ . 

സ്‌കൗട്ടിങ് കാലഘട്ടത്തിലെ  ഏറ്റവും നീളംകൂടിയ ക്യാമ്പ് രാജ്യപുരസ്‌കാര്‍ പരീക്ഷയുടേത് ആയിരുന്നു. പാലക്കാട് ആലത്തൂരുള്ള ഒരു സ്‌കൂളില്‍ ഏഴ് ദിവസത്തെ ക്യാമ്പാണ് പരീക്ഷയ്ക്കായി ഒരുക്കിയിരുന്നത്. കുട്ടികളുടെ പലതരം കഴിവുകള്‍ ആ ദിവസങ്ങളില്‍ പരീക്ഷിക്കപ്പെടുകയും വിജയിക്കുന്നവര്‍ക്ക് ഗവര്‍ണ്ണര്‍ ഒപ്പുവച്ച രാജ്യ പുരസ്‌കാര്‍ അവാര്‍ഡ് ലഭിക്കുകയും ചെയ്തിരുന്നു . അതോടൊപ്പം ഞാനേറെ ആഗ്രഹിച്ചിരുന്ന ആ 30 മാര്‍ക്കും. സ്‌കൂളിനോട് ചേര്‍ന്ന ഒരു ഹോസ്റ്റലിലാണ് ഞങ്ങള്‍ക്ക് താമസം ഒരുക്കിയിരുന്നത് . ഞാനുള്‍പ്പെടെ മൂന്ന് പേരാണ് എന്റെ വിദ്യാലയത്തില്‍നിന്ന് പരീക്ഷക്ക് എത്തിയിരുന്നത് എങ്കിലും ആദ്യദിവസം  നടന്ന ഗ്രൂപ്പ് തിരിക്കലില്‍ ഞങ്ങള്‍ മൂന്നും മൂന്നിടത്തായി വേര്‍പിരിക്കപ്പെട്ടു. പകരം കൂടെ കിട്ടിയത് പല വിദ്യാലയങ്ങളില്‍ നിന്ന് വന്ന ഏഴ് പേര്‍. ഔപചാരികതയുടെ പരിചയപ്പെടലുകള്‍ക്ക് അപ്പുറം ഞങ്ങള്‍ ഏഴുപേര്‍ തമ്മില്‍ ഒരടുപ്പവും ഇല്ലായിരുന്നു. ഒരു ഒഴിവ് കിട്ടുമ്പോഴൊക്കെ ഓടി ചെന്നിരുന്നത് കൂടെ വന്ന മറ്റുരണ്ടുപേരുടെ അടുക്കലേക്കായിരുന്നു . അത്രമേല്‍ ആ പുതിയ കൂട്ടത്തില്‍ ഞാന്‍ അസ്വസ്ഥനായിരുന്നു എന്ന് പറഞ്ഞാലും തെറ്റില്ല. അങ്ങനെ ദിവസങ്ങള്‍ കടന്നുപോയി . പരീക്ഷയുടെ ഓരോ മേഖലയിലും നല്ല മാര്‍ക്ക് വാങ്ങുവാന്‍ എന്നാലാവുന്ന വിധം ഞാന്‍ പരിശ്രമിച്ചു. കിട്ടാന്‍പോകുന്ന സൗഭാഗ്യങ്ങളുടെ സ്വപ്നങ്ങള്‍ കണ്ടുകൊണ്ട് ഓരോ ദിവസവും ഞാന്‍ അവിടെ കഴിച്ചുകൂട്ടി. 

ക്യാമ്പ് കഴിയുന്ന തലേന്നാള്‍ രാത്രി ഹോസ്റ്റലിലേക്ക് ചെന്നത് ഏറെ വൈകിയാണ്. ഏറ്റവും മുകളിലെ നിലയിലാണ് ഞങ്ങളുടെ ഗ്രൂപ്പിനുള്ള കിടപ്പുമുറികള്‍ ഒരുക്കിയിരുന്നത്. കൂടെവന്ന കൂട്ടുകാരില്‍ രണ്ടുപേരും താഴെത്തെ നിലകളിലായിരുന്നു. അവരോട് ഏറെ നേരം സംസാരിച്ചിരുന്നാണ് മുകളിലേക്ക് പോയത്. ഞാന്‍ ചെന്നപ്പോഴേക്കും എന്റെ  അപരിചിതരില്‍ ഭൂരിഭാഗംപേരും നല്ല ഉറക്കത്തിലായിരുന്നു. ഒന്നോ രണ്ടോ പേരൊഴികെ ബാക്കിയെല്ലാവരും ഗാഢ നിദ്രയിലാണ്. ഒരു കട്ടിലിന് മുകളിലെ  വീതി കുറഞ്ഞ ചെറിയ ബര്‍ത്ത് ആണ് എനിക്ക് തല ചായ്ക്കാന്‍ അനുവദിച്ചുകിട്ടിയത്.  ആ പരിമിതികളെ ശപിച്ചുകൊണ്ടിരിക്കുന്നതിന് ഇടക്കെപ്പോഴോ  ഞാന്‍ ഉറക്കത്തിലേക്ക് വഴുതിവീണു. അടിവയറ്റില്‍ കലശലായ വേദനയുടെ നീറ്റല്‍ അതിന്റെ ഉച്ചസ്ഥായിയില്‍ എത്തിയപ്പോഴാണ് ഞാന്‍ ഉറക്കത്തില്‍നിന്ന് എഴുന്നേല്‍ക്കുന്നത്. സഹിക്കാന്‍ വയ്യാത്ത വേദന! ഇങ്ങനെ ഉണ്ടാവാത്തതാണ്. അടിവയറ്റില്‍ അമര്‍ത്തിപ്പിടിച്ച് ഞാന്‍ ചുറ്റും നോക്കി. അസഹ്യമായ ഇരുട്ടില്‍ അവിടിവിടായി ചില അടഞ്ഞ കണ്ണുകള്‍ മാത്രം കാണുന്നുണ്ട്. അടുത്ത് ഒരു കുപ്പി വെള്ളംപോലും ഇല്ലാത്ത അവസ്ഥ. കൂടെവന്നവരെ പോയി വിളിക്കാനുള്ള ധൈര്യമോ ശേഷിയോ ആ സമയത്ത് എനിക്കില്ലായിരുന്നു. ഞാന്‍ കമിഴ്ന്നുകിടന്ന് കരഞ്ഞു. ഇടക്കെപ്പോഴോ വേദന താങ്ങാവുന്നതിലും അപ്പുറമായപ്പോള്‍ ഒന്ന് ഒച്ചവെച്ചു. മറ്റുള്ളവര്‍ക്ക് അശല്യമാകാതിരിക്കാന്‍ വായ കൈകൊണ്ട് പൊത്തി. ഒരുകൈ അടിവയറ്റിലും മറ്റേകൈ വായിലും അമര്‍ത്തി ഞാന്‍ കിടന്നു. ഇന്ന് ഈ രാത്രി ഞാന്‍ ഇല്ലാതാകുമെന്ന് തോന്നിയ ആ നിമിഷം ഒരു തണുത്ത  കൈ എന്റെ മുതുകില്‍ പതിഞ്ഞു . 

'എന്താടോ? സുഖല്ല്യേ?' 

ഈ മുഖം ഞാന്‍ കണ്ടിട്ടുണ്ട് . രാവിലെ  കുളിമുറിക്കായി കാത്തുനിന്നപ്പോള്‍, പരീക്ഷാഹാളിലെ ഓട്ടപാച്ചിലിനിടയില്‍, എന്റെ ബര്‍ത്തിന് തൊട്ട് താഴെ വരെ ഈ മുഖം ഞാന്‍ കണ്ടിട്ടുണ്ട്. 

'പറയെടോ.. ഞാന്‍ ഉറങ്ങിയിട്ടില്ലായിരുന്നു. താന്‍ കരയണത്  ഞാന്‍ കേട്ടു, ന്താ പറ്റ്യേ?' 

ഉള്ളിലെ അപകര്‍ഷതാ ബോധത്തിന്റെയും നാണക്കേടിന്റെയും കോട്ടകെട്ടിടങ്ങള്‍ എന്റെ വേദനക്ക് മുന്‍പില്‍ നിഷ്‌കരുണം  തകര്‍ന്നുവീണു. വായിലെ കൈ അടിവയറ്റിലേക്ക് അമര്‍ത്തി തല താഴ്ത്തി ഞാന്‍ അവനോട് പറഞ്ഞു . 

'എനിക്ക് മൂത്രം ഒഴിക്കണ അവടെ വേദനിക്കണു'

എന്റെ ഓരോ നോട്ടത്തിലും അപേക്ഷകളുടെ കൂമ്പാരങ്ങള്‍ ഉണ്ടായിരുന്നിരിക്കണം. 

'ന്നിട്ട് ന്താ ഇത്ര നേരം പറയാഞ്ഞേ? ഇയാള്‍ എണീക്കൂ' 

അവന്റെ തണുത്ത കൈകള്‍ പുറകിലൂടെ എന്റെ മുകളിലേക്ക് വീണു. അടിവയറ്റില്‍ ഞാന്‍ അമര്‍ത്തിപിടിച്ചിരുന്ന എന്റെ വലതുകൈ  കൈ പതിയെ അവന്‍ അവന്റെ കഴുത്തിലേക്ക് ഇട്ടു. ഒരു ചെറിയ പത്തുരൂപ ടോര്‍ച്ചിന്റെ വെളിച്ചത്തില്‍ ഞങ്ങള്‍ ക്യാമ്പിലെ അധ്യാപകര്‍ താമസിക്കുന്ന മുറിയിലേക്ക് നടന്നു. വേദന കലശലായപ്പോഴൊക്കെ ഞാന്‍ അവന്റെ കൈയില്‍ അമര്‍ത്തി പിടിക്കുന്നുണ്ടായിരുന്നു. അപ്പോഴെല്ലാം അവന്റെ കൈകള്‍ എന്റെ വയറില്‍ പതുകെ കൊട്ടുന്നുണ്ടായിരുന്നു. 

'ദാ നമ്മളെത്തിയെടോ .. വിഷമിക്കാതിരിക്കൂ'

അധ്യാപകരുടെ മുറിയുടെ പുറത്തെ തിണ്ടില്‍ എന്നെ പതിയെ ഇരുത്തി അവന്‍ അകത്തേക്ക് ഓടി. അകത്ത് നിന്ന് ക്യാമ്പ് ഓഫീസറെ കൂട്ടിവന്നു. മാഷ് എന്റെ അടുക്കലിരുന്നു. വയറില്‍ പതിയെ തടവി. 

'വെള്ളം കുടിക്കാഞ്ഞിട്ടാ. നീ ഇവനിത്തിരി വെള്ളം കൊണ്ടുവാ അകത്തുണ്ട്' 

മാഷ്ടെ വാക്കുകള്‍ കേള്‍ക്കേണ്ട താമസം അവന്‍ അകത്തേക്ക് ഓടി. തിരിച്ചുവന്നത് അവന് തങ്ങാത്ത വലിപ്പമുള്ള ഒരു വട്ടപത്രം നിറയെ വെള്ളവുമായിട്ടായിരുന്നു. 

'എന്തിനാടോ ഇത്രേം വെള്ളം ?' മാഷ് ഒരു പരിഹാസ ചിരി ചിരിച്ചുകൊണ്ടാണത് ചോദിച്ചത്. 

'വെള്ളം കുടിക്കാതെ വന്ന സൂക്കേട് അല്ലെ മാഷേ.. അപ്പൊ  നല്ലോം കുടിച്ചാല്‍ പെട്ടെന്ന് മാറുമല്ലോ' 

അത് പറഞ്ഞുതീര്‍ക്കുമ്പോള്‍ അവന്റെ മുഖത്തും ഒരു ചിരിയുണ്ടായിരുന്നു. പക്ഷെ അത് ഞാന്‍ നേരെത്തെ മാഷ്ടെ മുഖത്ത് കണ്ട ചിരിയല്ല  എന്ന് തീര്‍ച്ചയാണ് . നിഷ്‌കളങ്കതയുടെ, സ്നേഹത്തിന്റെ ചില ചിരികളാണ് ഏത് അസുഖത്തിനും സിദ്ധഔഷധം എന്ന് തോന്നിപോയ നിമിഷങ്ങള്‍. 

അവന്‍ കൊണ്ടുവന്ന വെള്ളം ഞാന്‍ ആര്‍ത്തിയോടെ കുടിച്ചു. അതിന്റെ ഇളം ചൂട് എന്റെ അടിവയറ്റിലേക്ക് മഞ്ഞുതുള്ളി കണക്കെ ചെന്നുവീണു. ഏറെ നേരം ഞങ്ങള്‍ അവിടിരുന്നു . 

'എനിക്ക് മൂത്രം ഒഴിക്കണം മാഷേ' ഞാന്‍ മാഷോടായാണ് പറഞ്ഞത് എങ്കിലും കണ്ണുകള്‍ അവന്റെ മുഖത്തായിരുന്നു . 

'ആ .. ഇതാ ഞാന്‍ പറഞ്ഞത് . ഇപ്പൊ ശരിയായില്ലേ? ടോയ്‌ലെറ്റില്‍ പോയി ഫ്രഷ് ആയി ചെന്ന് ഉറങ്ങിക്കോളൂ' 

വൈകാതെ ഞങ്ങള്‍ നടന്നു. പോകുന്ന വഴിയിലാണ് ടോയ്‌ലെറ്റ്.  ഞാന്‍ അകത്ത് കയറി വരുംവരെ അവന്‍ എനിക്ക് കാവല്‍ നിന്നു. 

'ഇപ്പൊ ഭേദായില്ലെടോ?'  ആകാംക്ഷയുടെയും പ്രതീക്ഷയുടെയും ആ ചോദ്യത്തിന് മുന്‍പില്‍ ഞാന്‍ പതുക്കെ മൂളി. 

'ആ .. അതാണ് .. ഞാന്‍ അത്രേം വെള്ളം കൊണ്ടുവന്നത് എന്തിനാണെന്ന് ഇപ്പൊ  മനസ്സിലായോ.. അതാ വേഗം മാറിയേ' 

ഞങ്ങള്‍ രണ്ടുപേരും പരസ്പരം നോക്കി ചിരിച്ചു. ഹോസ്റ്റലിലെ പടവുകള്‍ കയറുമ്പോള്‍ അവന്‍ ഇടയ്ക്കിടെ എന്നെ തിരിഞ്ഞുനോക്കുനുണ്ടായിരുന്നു . മുറിയിലെത്തിയപ്പോള്‍ അവന്റെ താഴത്തെ ബര്‍ത്ത് എനിക്കായി ഒഴിഞ്ഞുതന്നു. 

'വയ്യാത്തതല്ലേ? താന്‍ മോളില്‍ കേറണ്ട. ഇവിടെ കിടന്നോളു.  വല്ല പ്രയാസോം തോന്നാണേല്‍ വിളിക്കൂ ട്ടോ' 

ആ വലിപ്പമുള്ള കട്ടില്‍ എനിക്ക് തന്നിട്ട് അവന്‍ എന്റെ പരിമിതമായ ബര്‍ത്തിലേക്ക് കയറിക്കിടന്നു . അല്‍പനേരം ഞങ്ങള്‍ അങ്ങനെ കിടന്നു . ഇടക്കെപ്പോഴോ അവന്‍ മുകളില്‍ നിന്ന് എന്നോട് ചോദിച്ചു . 

'ടോ, താന്‍ ഉറങ്ങ്യോ?'

'ഇല്ല. എന്തേ?'- ഞാന്‍ ചോദിച്ചു . 

'ഏയ് ഒന്നുല്ല, ഈ പെങ്കുട്ട്യോളെ ട്ടോ കൈയ്യില്‍ നഖം വളര്‍ത്താ'-അവന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു.  


ആദ്യം അതിന്റെ ഗുട്ടന്‍സ് പിടികിട്ടിയില്ലെങ്കിലും വേദനയുടെ നീറ്റലുകളില്‍ ഞാന്‍ അവന്റെ ചുമലില്‍ ഉറക്കെ കൈകള്‍ അമര്‍ത്തിയ രംഗം എന്റെ മനസിലേക്ക് വന്നു . മുറിഞ്ഞു കാണണം, പാവം ആ ചമ്മലില്‍ ഞങ്ങളുടെ സംഭാഷണത്തിന് കര്‍ട്ടന്‍ വീണു. 

രാവിലെ എണീറ്റത് അവന്റെ ഒഴിഞ്ഞ ബര്‍ത്ത് കണികണ്ടുകൊണ്ടാണ് . അടുത്തിരുന്ന് സാധനങ്ങള്‍ പാക്ക് ചെയ്തിരുന്ന ഒരുത്തനോട് ഞാന്‍ പ്രതീക്ഷയോടെ ചോദിച്ചു . 
'ഇവിടെ കിടന്നിരുന്ന ആ കുട്ടിയെ കണ്ടുവോ?'

'അയാള്‍ടെ സ്‌കൂള്‍ ദൂരെയാന്ന് തോന്നുന്നു. അതിരാവിലെ പോകുന്നത് കണ്ടു'- ബാഗിന്റെ സിബ് വലിച്ചുകൊണ്ട് അവന്‍ പറഞ്ഞു, എണീറ്റു  . 

അല്‍പനേരം കഴിഞ്ഞ് വിളിക്കാന്‍ വന്ന കൂട്ടുകാരുമൊത്ത് ഞാന്‍ ആ സ്‌കൂളിന്റെ ഗെയ്റ്റ് കടന്നു. മനസ്സില്‍ മുഴുവന്‍ കുറ്റബോധമാണ്. ഒരു നന്ദിയോ, നല്ലവാക്കോ, എന്തിന് എന്താ പേര് എന്നുപോലും പറയാനോ ചോദിക്കാനോ ഉള്ള അവസരം തരാതെയാണ് അവന്‍ പോയത്  ഒരു കൂരക്ക് കീഴില്‍ കുറച്ചുനാള്‍ അപരിചിതരെപോലെ ജീവിച്ചതാണ് ഞങ്ങള്‍ തമ്മിലുണ്ടായിരുന്ന ഏക ബന്ധം. പലപ്പോഴായികണ്ടപ്പോള്‍ ഞാന്‍ അവനൊരു ചിരിപോലും സമ്മാനിച്ചതായി ഓര്‍മ്മയില്‍ ഇല്ല. ആ അവനാണ് ഇന്നലെ എനിക്ക് കൂട്ടുവന്നത്. അവന്റെ ഉറക്കം, സമയം എന്തിന് കട്ടില്‍ അടക്കം സര്‍വ്വതും എനിക്കായി മാറ്റിവച്ചത്. എന്നെ ചിരിപ്പിച്ചത്. എന്റെ നഖം ശരീരത്തില്‍ ആഴ്ന്നിറങ്ങിയപ്പോഴും എന്നെ സ്നേഹത്തോടെ തലോടിയത്. അവന്‍ എന്റെ കൂടെപ്പിറപ്പല്ല, ഞങ്ങള്‍ സുഹൃത്തുക്കള്‍ അല്ല. പക്ഷെ ആരും കേള്‍ക്കാത്ത എന്റെ കരച്ചിലും ഞാന്‍ കടിച്ചമര്‍ത്തിയ വേദനയും കേള്‍ക്കാന്‍ അവന് സാധിച്ചു. പിന്നീട് പങ്കെടുത്ത പല ക്യാമ്പുകളിലും അവനെ തിരഞ്ഞു. കണ്ടിട്ടില്ല ഇന്നോളം.  ഇടയ്ക്കൊക്കെ ഒറ്റക്കായിപോകുമ്പോള്‍ നഖം കൊണ്ട് കീറിയ നീറ്റല്‍ പോലെ ലഭിക്കാതെ പോയ ആ സൗഹൃദവും വല്ലാതെ വേദനിപ്പിക്കാറുണ്ട് ഇന്നും. ഒരു കൊട്ട ഗ്രേസ്  മാര്‍ക്കിനും ഉണക്കാന്‍ പറ്റാത്ത ഒരു നോവായി 

'നീ എവിടെയാണ്' പരമ്പരയില്‍ മുമ്പ് പ്രസിദ്ധീകരിച്ച കുറിപ്പുകള്‍ ഇവിടെ വായിക്കാം