കാണാമറയത്ത് നിങ്ങള്‍ അന്വേഷിക്കുന്ന പ്രിയപ്പെട്ടവരെ കണ്ടെത്തുന്ന പരമ്പരയുടെ രണ്ടാം സീസണ്‍.നീ എവിടെയാണ്. 

ചിലരുണ്ട്, അപ്രതീക്ഷിതമായി നമ്മുടെ ജീവിതത്തിലേക്കു കടന്നുവരുന്നവര്‍. ആഴമുള്ള അടുപ്പമായി മാറുന്നവര്‍. അത് സ്‌കൂളിലോ കോളജിലോ വെച്ചാവാം. അല്ലെങ്കില്‍, ജോലി സ്ഥലത്ത്. യാത്രകളില്‍, ആശുപത്രികളില്‍, സൗഹൃദ കൂട്ടങ്ങളില്‍ അല്ലെങ്കില്‍, മറ്റെവിടെയെങ്കിലുംവെച്ച്...

പെട്ടെന്നാവും അവരുടെ മറയല്‍. സാഹചര്യം മാറിയതാവാം. ജീവിതാവസ്ഥ മാറിയതാവാം. അവര്‍ മറയും. എന്നേക്കുമായി. എങ്കിലും, എന്നും നമ്മളോര്‍ക്കും, എവിടെയാണ് അവരെന്ന്. ചിലപ്പോള്‍ അവര്‍ നമ്മളെയും.അങ്ങനെയൊരാള്‍ നിങ്ങളുടെ ജീവിതത്തിലുമില്ലേ? ഉണ്ടെങ്കില്‍, എഴുതൂ, ആ ആളെക്കുറിച്ച്? ആ ബന്ധത്തെക്കുറിച്ച്. കാത്തിരിപ്പിനെക്കുറിച്ച്. ഒരുപക്ഷേ, ഈയൊരു കുറിപ്പാവും അയാളെ നിങ്ങളിലേക്ക് തിരിച്ചെത്തിക്കുക. കുറിപ്പുകള്‍ ഒരു ഫോട്ടോയ്‌ക്കൊപ്പം, സബ്ജക്ട് ലൈനില്‍ 'നീ എവിടെയാണ്? എന്നെഴുതി, submissions@asianetnews.in എന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കുക. തെരഞ്ഞെടുക്കപ്പെടുന്ന മികച്ച കുറിപ്പുകള്‍ പ്രസിദ്ധീകരിക്കും.

മഴയുടെ നനവോര്‍മ്മയ്ക്കും  പുസ്തകത്തിന്റെ പുതു മണത്തിനും നനഞ്ഞ ജാലകത്തില്‍ വിരല്‍കൊണ്ട് വരച്ചു തീര്‍ത്ത ചിത്രങ്ങള്‍ക്കെല്ലാം അപ്പുറം ജൂണ്‍ എനിക്കെന്നും ഒരെട്ടു വയസ്സുകാരിയുടെ പൂര്‍ത്തിയാകാതെ  പോയ സ്വപ്നത്തിന്റെ ഓര്‍മപ്പെടുത്തലാണ്. മടുപ്പുള്ള വൈകുന്നേരങ്ങളിലും ഉറക്കമില്ലാത്ത രാത്രികളിലും കൂട്ടിരിക്കുന്ന പുസ്തകങ്ങളെല്ലാം പലപ്പോഴും നിങ്ങളെ ഓര്‍മ്മിപ്പിക്കാറുണ്ട് മാഷെ...

നാലാം ക്ലാസ്സിലെത്തിയാല്‍ ഒന്നു മുതല്‍ നൂറു വരെ ഇംഗ്ലീഷില്‍ എണ്ണാന്‍ പഠിക്കണമെന്നറിഞ്ഞ അന്ന് മുതല്‍ എങ്ങനെ മൂന്നാം തരത്തില്‍ തോല്‍ക്കാമെന്ന വഴികള്‍ ആലോചിച്ചു നടന്നിരുന്ന കാലം.

ആ സമയത്താണ് മൊടക്കല്ലുര്‍ എ യു പി എന്ന ഞങ്ങളുടെ കൊച്ചു സ്‌കൂള്‍ വാര്‍ത്തകളില്‍ ഇടം നേടുന്നത്. യു.പി സ്‌കൂളിലെ ഓരോ കുട്ടികളും അവര്‍ സ്വന്തമായി എഴുതിയ കവിതകള്‍ വെച്ചു പുസ്തകള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു.  കവിതാ പുസ്തകവും പിടിച്ചു ചിരിച്ചു നില്‍ക്കുന്ന എന്റെ ഫോട്ടോ അന്ന് മുതല്‍ ദിവാസ്വപ്നങ്ങളില്‍ ഇടം പിടിച്ചു 

കുട്ടികളെ കവിതകള്‍ എഴുതാന്‍ പഠിപ്പിക്കുന്ന പ്രേമന്‍ മാഷ് പിന്നീടങ്ങോട്ട് എന്റെ ആരാധ്യ കഥാപാത്രമായി മാറി. അച്ഛന്‍ മുടങ്ങാതെ കൊണ്ടു തരുന്ന  ബാലരമയും അമ്മ കാണാതെ കട്ടെടുത്തു വായിക്കുന്ന മനോരമ ആഴ്ചപതിപ്പുകളുമായിരുന്നു അതുവരെ എന്റെ പുസ്തകലോകം. ഓഫീസ് ഷെല്‍ഫില്‍ നിന്നും മാഷെടുത്തു തന്ന വക്കുകള്‍ മടങ്ങിയ ആ കഥാ പുസ്തകം ഞാന്‍ എത്ര തവണ വായിച്ചു എന്നു നിശ്ചയമില്ല. 

പുസ്തകം പ്രസിദ്ധീകരിക്കണമെങ്കില്‍ അഞ്ചാം  തരത്തിലെത്തണമെന്ന  അറിവ് ആദ്യം ഒന്നു തളര്‍ത്തിയെങ്കിലും ആ രണ്ടു വര്‍ഷത്തിനുള്ളില്‍ എങ്ങനെയെങ്കിലും മാഷിന്റെ ശ്രദ്ധ പിടിച്ചു പറ്റി കവയത്രി പട്ടം ഉറപ്പിക്കലായി അടുത്ത ലക്ഷ്യം. 

ഇടവേളകളില്‍  ഗ്രൗണ്ടിലേക്കോ ഭാസ്‌കരേട്ടന്റെ കടയിലേക്കോ ഓടുന്ന ഞാന്‍ ഓഫീസിലെ പുസ്തക ഷെല്‍ഫില്‍  ഒതുങ്ങി കൂടി. നാലാം ക്ലാസ്സിലെ പ്രധാന അധ്യാപകന്‍ മാഷാണെന്നറിഞ്ഞപ്പോള്‍ മൂന്നാം തരത്തിലെ അവധിക്കാലത്തു കുത്തിയിരുന്നു കുറിച്ച പൊട്ടക്കവിതകള്‍ക്ക് എണ്ണമില്ല.

പോപ്പിക്കുട ചൂടിയാല്‍ പുസ്തകം നനയുമെന്നു പേടിച്ചു അച്ഛന്റെ വലിയ കാലന്‍ കുടയുമായി ചിത്രങ്ങള്‍ കൊണ്ട് അലങ്കരിച്ച് ന്യൂസ്പ്രിന്റ് കൊണ്ടു തുന്നിക്കെട്ടിയ പുസ്തകത്തില്‍ നിറയെ കവിതകളുമായി ഞാന്‍ നാലാം ക്‌ളാസ്സിലെ ആദ്യ ദിനം സ്‌കൂളിലെത്തി. 

ആരും കാണാതെ രഹസ്യമായി കവിതകള്‍ മാഷെ  കാണിച്ചു കയ്യടിനേടാനുള്ള വ്യാമോഹത്തില്‍ കവിത പുസ്തകം ബാഗില്‍ രഹസ്യമായി സൂക്ഷിച്ചു.

കരഞ്ഞു കലങ്ങിയ കണ്ണുകളോടെ, എന്തിനാണ് മാഷ് ആദ്യ ദിവസം തന്നെ ക്ലാസ്സെടുത്തതെന്നു മനസ്സിലായില്ല. കവിത പുസ്തകം കാണിക്കാനുള്ള അവസരം ലഭിക്കാത്തില്‍ പ്രതിഷേധിച്ച് മാഷ് തന്ന ഹോംവര്‍ക്ക് ചെയ്യാതെ പിറ്റേന്നു ഞാന്‍ ക്ലാസ്സിലെത്തി. 

മാഷ് ട്രാന്‍സ്ഫര്‍ ആയി പോണോണ്ട് ഇന്ന് ഹോംവര്‍ക്ക് ചെയ്ത എല്ലാവര്‍ക്കും മാഷ് വെരി ഗുഡ് കൊടുക്കുന്നുണ്ടു എന്നറിഞ്ഞപ്പോള്‍ കണ്ണീരു വീണു മഷി പടര്‍ന്ന എന്റെ കവിതാ പുസ്തകവുമായി  ജൂണിലെ ആ ചാറ്റല്‍ മഴയില്‍ ക്ലാസ് വരാന്തയില്‍ നിന്ന് പൊട്ടിക്കരഞ്ഞത് ഇന്നലയെന്ന പോല്‍ ഓര്‍മയിലുണ്ട്. ജൂണിലെ നികത്താന്‍ കഴിയാത്ത നഷ്ടം. 

ഏഴാം തരത്തില്‍ പഠിക്കുമ്പോള്‍ മലയാളം ക്ലബ്ബ് സംഘടിപ്പിച്ച ശില്പശാലക്ക് ക്ലാസ്സെടുക്കാന്‍ വന്നപ്പോള്‍  'എല്ലാരും വല്യ കുട്ട്യോള്‍ ആയി ല്ലേ നിമ്‌നേ'ന്നു പറഞ്ഞു എന്നെ നോക്കിയപ്പോള്‍ ഓര്‍ത്തിരിക്കാന്‍ മാത്രം നിറമുള്ള ഒരോര്‍മയും സമ്മാനിക്കാഞ്ഞിട്ടും ഓര്‍മ്മ പുസ്തകത്തില്‍ എന്റെ പേരും കുറിച്ചിട്ടതിനു ഒരു പുഞ്ചിരി പോലും സമ്മാനിക്കാതെ ഞാന്‍ തലകുനിച്ചിരുന്നു.  

എങ്കിലും തിരിച്ചു നല്കാന്‍ പല തവണ ടീച്ചര്‍ പറഞ്ഞിട്ടും കൂട്ടാക്കാതെ മാഷ് ആദ്യമായി നല്‍കിയ ആ കഥാപുസ്തകം ഞാന്‍  ഇന്നും ഒരു സങ്കീര്‍ത്തനത്തിനും നീര്‍മാതളത്തിനും ഇടയില്‍ ഭദ്രമായി സൂക്ഷിച്ചിട്ടുണ്ട്. മാഷ് നല്‍കിയ 'അപ്പുവും ആനയും' എന്ന പുസ്തകത്തില്‍  തുടങ്ങിയ വായന ടോട്ടോച്ചാനും, ഖസാക്കിന്റെ ഇതിഹാസവും, മയ്യഴിപ്പുഴയുമെല്ലാം കടന്ന് ഇന്ന്  ഖലീല്‍ ജിബ്രാനില്‍  എത്തി നില്‍ക്കുന്നു. 

പതിമൂന്നു  വര്‍ഷങ്ങള്‍ക്കിപ്പുറം ഈ നാലാം ക്ലാസ്സുകാരിയെ ഓര്‍ക്കുന്നുണ്ടോ എന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്നറിയാം, ഓര്‍മ്മ പുസ്തകത്തിലെ എന്റെ താള്‍ എന്നേ  ചിതലരിച്ചിട്ടുണ്ടാകും.

ഇന്ന്  കുറിക്കുന്ന  ഓരോ വരിക്കും വായിക്കാനെടുക്കുന്ന  ഓരോ പുസ്തകത്തിനും ഞാന്‍ കടപ്പെട്ടിരിക്കുന്നത് അറിഞ്ഞോ അറിയാതെയോ പണ്ട് ആ മൂന്നാം ക്ലാസ്സുകാരിയുടെ മനസ്സില്‍ മാഷ് പാകിയിട്ട സ്വപ്നത്തോടാണ്. 

എനിക്ക് ചിന്തിക്കാനും സ്വപ്നം കാണാനും സന്തോഷിക്കാനുമായി അക്ഷരങ്ങളുടെ ഒരു വലിയ ലോകം തുറന്നിട്ട്  നിങ്ങളെവിടെക്കാണ് മാഷേ  പോയത്? 

പൂര്‍ത്തിയാക്കാത്ത എന്റെ സ്വപ്നങ്ങളുടെ കവിതയുമായി ഞാന്‍ ഇന്നും കാത്തിരിപ്പാണ്. 

'നീ എവിടെയാണ്' പരമ്പരയില്‍ മുമ്പ് പ്രസിദ്ധീകരിച്ച കുറിപ്പുകള്‍ ഇവിടെ വായിക്കാം