കാണാമറയത്ത് നിങ്ങള്‍ അന്വേഷിക്കുന്ന പ്രിയപ്പെട്ടവരെ കണ്ടെത്തുന്ന പരമ്പരയുടെ രണ്ടാം സീസണ്‍.നീ എവിടെയാണ്. 

ചിലരുണ്ട്, അപ്രതീക്ഷിതമായി നമ്മുടെ ജീവിതത്തിലേക്കു കടന്നുവരുന്നവര്‍. ആഴമുള്ള അടുപ്പമായി മാറുന്നവര്‍. അത് സ്‌കൂളിലോ കോളജിലോ വെച്ചാവാം. അല്ലെങ്കില്‍, ജോലി സ്ഥലത്ത്. യാത്രകളില്‍, ആശുപത്രികളില്‍, സൗഹൃദ കൂട്ടങ്ങളില്‍ അല്ലെങ്കില്‍, മറ്റെവിടെയെങ്കിലുംവെച്ച്...

പെട്ടെന്നാവും അവരുടെ മറയല്‍. സാഹചര്യം മാറിയതാവാം. ജീവിതാവസ്ഥ മാറിയതാവാം. അവര്‍ മറയും. എന്നേക്കുമായി. എങ്കിലും, എന്നും നമ്മളോര്‍ക്കും, എവിടെയാണ് അവരെന്ന്. ചിലപ്പോള്‍ അവര്‍ നമ്മളെയും.അങ്ങനെയൊരാള്‍ നിങ്ങളുടെ ജീവിതത്തിലുമില്ലേ? ഉണ്ടെങ്കില്‍, എഴുതൂ, ആ ആളെക്കുറിച്ച്? ആ ബന്ധത്തെക്കുറിച്ച്. കാത്തിരിപ്പിനെക്കുറിച്ച്. ഒരുപക്ഷേ, ഈയൊരു കുറിപ്പാവും അയാളെ നിങ്ങളിലേക്ക് തിരിച്ചെത്തിക്കുക. കുറിപ്പുകള്‍ ഒരു ഫോട്ടോയ്‌ക്കൊപ്പം, സബ്ജക്ട് ലൈനില്‍ 'നീ എവിടെയാണ്? എന്നെഴുതി, submissions@asianetnews.in എന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കുക. തെരഞ്ഞെടുക്കപ്പെടുന്ന മികച്ച കുറിപ്പുകള്‍ പ്രസിദ്ധീകരിക്കും.

എന്റെ മീര... ഇത് നിനക്കാണ്... 

നിന്നേക്കാൾ ഇളപ്പമായിരുന്നു ഞാൻ.. എന്നാലും തോളോടുരുമ്മിനടക്കാനും മണ്ണപ്പം ചുട്ടുകളിക്കാനും നീയെന്നുമുണ്ടായിരുന്നു എന്‍റെ കൂടെ പാടവരമ്പത്തൂടെ പള്ളിക്കൂടത്തിലേക്കുള്ള യാത്ര നിനക്കോർമയുണ്ടോ? തോട്ടിൻവക്കത്തിരുന്ന് കാലുകൾ വെള്ളത്തിലിട്ടപ്പോൾ പരൽമീനുകൾ ഇക്കിളി കൂട്ടിയത്... വയലിലെ പശപശയുള്ള മണ്ണ്കൊണ്ട് നമ്മൾ ചെറുകലങ്ങൾ ഉണ്ടാക്കിയത്... ആ കലങ്ങൾ കള്ളിപ്പൂച്ച തട്ടിപ്പൊട്ടിച്ചപ്പോൾ ആരാണ് പൊട്ടിച്ചതെന്ന് ചോദിച്ച് നമ്മളാദ്യമായി കലഹിച്ചത്. തെറ്റിനടന്നത്...  

ഒന്നു൦ മിണ്ടാതെ   പാടവരമ്പത്തൂടെ നടന്നപ്പോൾ നിന്‍റെയച്ഛൻ നമ്മുടെ കൈപിടിച്ച് ഒന്നാക്കിയത്... കടലാസ് മുറിച്ച് പാവയെ ഉണ്ടാക്കിയതും അതിന് കടലാസ് കൊണ്ട് ഉടുപ്പ് തുന്നി കള൪ ചെയ്ത്  ഇൻസ്ട്രമെന്‍റ്സ് ബോക്സിൽ  സുക്ഷിച്ചതും. അന്ന് നീ സ്ക്കൂൾ യുവജനോൽസവത്തിൽ ''കഥയിലെ രാജകുമാരനു൦..''  എന്ന പാട്ടു പാടിയപ്പോൾ മറ്റാരേക്കാളും ഉച്ചത്തിൽ ഞാൻ കൈകൊട്ടിയത്.. ഇന്നും ആ ഗാനം എന്റെ ചെവികളിൽ അലയടിക്കുന്നുണ്ട്. ഒരു ദിവസം സ്കൂൾ വിട്ട് വരുമ്പോൾ നീയെന്നോട് പറു, ''ഞങ്ങൾ പോകുവാണ്. അച്ഛന് ട്രാൻസ്ഫറായി'' എന്ന്... കേട്ടുനിൽക്കാനേ എനിക്ക് കഴിഞ്ഞുള്ളൂ. നമ്മുടെ ഓണവും പെരുന്നാളുമൊക്കെ എന്തു രസമായിരു. നിന്റെയമ്മയുണ്ടാക്കിയ പായസത്തിന്‍റെ രുചി ഇപ്പോഴുമെന്‍റെ നാവിൻ തുമ്പിലുണ്ട്... ബാല്യത്തിന്‍റെ നിഷ്കളങ്കതയിൽ നീ പോകുന്നത് വെറുതേ നോക്കിനിൽക്കാനേ എനിക്ക് കഴിഞ്ഞുള്ളൂ..

കടലാസുതുണ്ടിൽ അന്നു നീ എഴുതിത്തന്ന ഫോൺനമ്പർ. ( മൊബൈൽഫോൺ പ്രചാരത്തിൽ വരുന്നതിന് മുമ്പ് ) എടുത്ത് വെക്കണമെന്ന ബോധം ആ നാലാ൦ ക്ലാസുകാരിക്കുണ്ടായിരുന്നില്ല. കാലങ്ങൾ പലതുകഴിഞ്ഞപ്പോൾ സോഷ്യൽ നെറ്റ് വർക്കിന്‍റെ കാലം വന്നപ്പോൾ ഞാനാദ്യമായി ഫേസ്ബുക്ക് അക്കൗണ്ട് തുടങ്ങിയപ്പോഴും നിന്നെയാണ് ഞാൻ തിരഞ്ഞത്.

ഇന്നലെ, വീണ്ടും നീ എന്റെ സ്വപ്നങ്ങളിൽ വന്നപ്പോൾ നിനക്കായി എഴുതണമെന്ന് തോന്നി. നിനക്കെന്നെ ഓർമ്മയുണ്ടോന്ന് എനിക്കറിയില്ല. നീ എവിടെയാണെന്ന്.. പക്ഷെ, മുട്ടോളം മുടിയുള്ള, എപ്പോഴും ചിരിച്ചുകൊണ്ടിരിക്കുന്ന,  ഉണ്ടക്കണ്ണുകാരിയെ   ഞാൻ മറന്നിട്ടില്ല. നമ്മൾ പിരിഞ്ഞിട്ട് പത്തുപതിനൊന്ന് വർഷങ്ങളായിരിക്കുന്നു. 

നല്ലൊരു ബാല്യകാലം സമ്മാനിച്ച എന്‍റെ കളിക്കൂട്ടുകാരിക്ക്... എന്‍റെ മീരക്ക്... നിന്‍റെ റംല..

'നീ എവിടെയാണ്' പരമ്പരയില്‍ മുമ്പ് പ്രസിദ്ധീകരിച്ച കുറിപ്പുകള്‍ ഇവിടെ വായിക്കാം