കാണാമറയത്ത് നിങ്ങള്‍ അന്വേഷിക്കുന്ന പ്രിയപ്പെട്ടവരെ കണ്ടെത്തുന്ന പരമ്പരയുടെ രണ്ടാം സീസണ്‍.നീ എവിടെയാണ്. 

ചിലരുണ്ട്, അപ്രതീക്ഷിതമായി നമ്മുടെ ജീവിതത്തിലേക്കു കടന്നുവരുന്നവര്‍. ആഴമുള്ള അടുപ്പമായി മാറുന്നവര്‍. അത് സ്‌കൂളിലോ കോളജിലോ വെച്ചാവാം. അല്ലെങ്കില്‍, ജോലി സ്ഥലത്ത്. യാത്രകളില്‍, ആശുപത്രികളില്‍, സൗഹൃദ കൂട്ടങ്ങളില്‍ അല്ലെങ്കില്‍, മറ്റെവിടെയെങ്കിലുംവെച്ച്...

പെട്ടെന്നാവും അവരുടെ മറയല്‍. സാഹചര്യം മാറിയതാവാം. ജീവിതാവസ്ഥ മാറിയതാവാം. അവര്‍ മറയും. എന്നേക്കുമായി. എങ്കിലും, എന്നും നമ്മളോര്‍ക്കും, എവിടെയാണ് അവരെന്ന്. ചിലപ്പോള്‍ അവര്‍ നമ്മളെയും.അങ്ങനെയൊരാള്‍ നിങ്ങളുടെ ജീവിതത്തിലുമില്ലേ? ഉണ്ടെങ്കില്‍, എഴുതൂ, ആ ആളെക്കുറിച്ച്? ആ ബന്ധത്തെക്കുറിച്ച്. കാത്തിരിപ്പിനെക്കുറിച്ച്. ഒരുപക്ഷേ, ഈയൊരു കുറിപ്പാവും അയാളെ നിങ്ങളിലേക്ക് തിരിച്ചെത്തിക്കുക. കുറിപ്പുകള്‍ ഒരു ഫോട്ടോയ്‌ക്കൊപ്പം, സബ്ജക്ട് ലൈനില്‍ 'നീ എവിടെയാണ്? എന്നെഴുതി, submissions@asianetnews.in എന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കുക. തെരഞ്ഞെടുക്കപ്പെടുന്ന മികച്ച കുറിപ്പുകള്‍ പ്രസിദ്ധീകരിക്കും.

"ശ് ..മിണ്ടാതെ..ദാ വരുന്നുണ്ട്.." തൊട്ടപ്പുറത്തെ പായിൽ കിടന്നു കൊണ്ട് സീന പറയുമ്പോൾ ഞാൻ വേഗം ഉറക്കം നടിച്ചു കണ്ണിറുക്കിയടച്ചു കിടക്കും. കയ്യിൽ ഒരു വടിയുമായി ഞങ്ങടെ നഴ്സറി സ്കൂൾ ഹെഡ്മിസ്ട്രസ്  റോസമ്മ കൊച്ചമ്മയുടെ വരവാണ്. ചെറിയ ക്ലാസ്സുകളിൽ ഉച്ച വരേയുള്ളൂ പഠിപ്പ്. അത് കഴിഞ്ഞ്  ഞാനും എന്റെ ചേച്ചിയും ബോർഡിംഗിലെ കുട്ടികൾക്കൊപ്പം, ഒരു ഹാളിൽ പായ്  വിരിച്ചു കിടന്നുറങ്ങും. ആറേഴു വയസ്സുള്ള എനിക്കാണെങ്കിൽ ഉച്ചയ്ക്ക് ഉറക്കമേ വരില്ല. ഒരിടത്തു അടങ്ങിക്കിടക്കുന്ന കാര്യം അതിലും പ്രയാസം. അടുത്ത് കിടക്കുന്ന കുട്ടികളോട് അപ്പപ്പോൾ ചുട്ടെടുത്ത ചൂട് കഥകൾ വിളമ്പും.. പായയുടെ നീളൻ തുണ്ടുകൾ മെല്ലെ വലിച്ചെടുത്ത്, ചെറുതായി മടക്കി, പാമ്പിനെ ഉണ്ടാക്കും. ഞൊടിയിൽ സ്പ്രിങ്ങു പോലെ നിവർന്നു വരുന്നത് കാണാൻ നല്ല രസം. ചിലപ്പോൾ ഈ കുസൃതികളൊക്കെ റോസമ്മ കൊച്ചമ്മയുടെ കണ്ണിൽ പെടും. പിന്നെ, നമ്മളെ വലിയ കാര്യമായത് കൊണ്ട് തല്ലുകയും ഒന്നൂല്ല.

ഈ കള്ളയുറക്കം ഒക്കെ കഴിഞ്ഞു കിൻഡർഗാർഡന്റെ മുറ്റത്ത് ഞാൻ ചേച്ചിയുടെ ഒപ്പം അമ്മയെ കാത്തിരിക്കും. അവിടെ വച്ചാണ് എന്നിലും ഒരു ക്ലാസ് സീനിയർ ആയ ജോൺസണെ കാണുന്നത്. ആശാൻ പഠിക്കാൻ നല്ല മിടുക്കനും ഓൾ റൗണ്ടറും ഒക്കെ ആണ്. അതുകൊണ്ട് എനിക്ക് സ്വല്പം ബഹുമാനവും മതിപ്പുമൊക്കെ ഉണ്ടെന്നു കൂട്ടിക്കോ.. വലിയ സംസാരവും ബഹളവുമൊന്നുമില്ല. മഴക്കാലത്ത് കടലാസ്സു തോണി ഉണ്ടാക്കി കളിച്ചു കൊണ്ടിരുന്ന സമയത്താണ് ഞാൻ ആദ്യമായി അടുത്ത് പോയിരുന്നത്. എന്റെ നിർത്താത്ത ചോദ്യങ്ങൾക്കൊക്കെ ക്ഷമയോടെ മറുപടി തരും. ഞങ്ങൾ ഒപ്പമിരുന്ന്  ഒഴുക്കിൽ കയ്യും കാലുമിട്ടടിക്കുന്ന ഉറുമ്പുകളുടെ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു. ഓരോന്നിനെ ശ്രദ്ധയോടെ തോണിയിൽ പെറുക്കി വച്ച് അക്കരെ എത്തിക്കും. അമ്മ വരുമ്പോഴേക്കും ടാറ്റ ഒക്കെ കൊടുത്തു ഞാൻ ഓടിപ്പോകും. മിക്കവാറും ദിവസങ്ങളിൽ ഇതാണ് പതിവ്. സന്തോഷം നിറഞ്ഞ നിമിഷങ്ങള്‍.. 

അങ്ങനെയൊരു വൈകുന്നേരമാണ് എന്റെ മനസ്സിനെ നുറുക്കികൊണ്ട് അവൻ അത് പറഞ്ഞത്, പരീക്ഷ കഴിഞ്ഞ് അവൻ അവന്റെ സഹോദരങ്ങളോടൊപ്പം അച്ഛനമ്മമാരുടെ അടുത്തേക്ക് പറക്കുകയാണ്. പിന്നെ, ഗൾഫിലായിരിക്കും പഠനമൊക്കെ.. എനിക്ക് വല്ലാത്ത സങ്കടം വന്നു. അല്ലെങ്കിൽ തന്നെ അന്നൊക്കെ ''കണ്ണുനീർത്തുള്ളിയെ സ്ത്രീയോടുപമിച്ച" എന്ന പാട്ട് ആരെങ്കിലും പാടിയാൽ പോലും വലിയവായിൽ കരയുന്ന സ്ഥിതിവിശേഷം.. കരച്ചിലടക്കാൻ ശ്രമിച്ചു നിന്ന എന്നോട്  എന്റെ കൂട്ടുകാരൻ "നന്നായി പഠിച്ചോട്ടോ... ഫസ്റ്റ് റാങ്ക് വേറെ ആർക്കും കൊടുക്കരുത്"എന്നൊക്കെ പറഞ്ഞു..

അങ്ങനെ കുറെ നാളുകൾ പിന്നിട്ടു. നാലാം ക്ലാസ് കഴിഞ്ഞ വേനലവധിക്ക് വീട്ടുകാരോടൊപ്പം ഒരു ബോംബെ യാത്ര.. ട്രെയിൻ ജനാലയുടെ വേഗങ്ങളുടെ ചിറകുകളിൽ പറക്കുന്ന പുത്തൻ കാഴ്ചകൾ, നാടുകൾ.. അവിടെയെത്തിയ ശേഷം മുന്നിൽ ടെലിവിഷൻ എന്ന മഹാത്ഭുതം.. വൈകിട്ടേ പരിപാടികൾ തുടങ്ങുകയുള്ളെങ്കിലും ആ നീലനിറമുള്ള തിളങ്ങുന്ന സ്‌ക്രീനിൽ നിന്ന് കണ്ണെടുക്കാനാവാതെ എത്ര നേരം! പിന്നെ ജൂഹു ബീച്ചിന്റെ മണൽപുറത്തു കുതിര സവാരി. ബാൻഡ്‌സ്റ്റാന്റിന്റെ പാറക്കെട്ടുകളിലെ യുവമിഥുനങ്ങൾ.. ഗേറ്റ് വേ ഓഫ് ഇന്ത്യയിലെ ഒരേ പക്ഷിമനസ്സിന്റെ ആരോഹണ രാഗം പോലെ വാനിൽ ഉയരുന്ന വെൺപിറാവുകൾ..

അമ്മയുടെ കസിന്റെ വീട്ടിൽ ഇരിക്കുമ്പോഴാണ് അന്ന് രാത്രിയിലെ ഫ്ലൈറ്റിൽ അവരുടെയേതോ ബന്ധുക്കൾ വരുമെന്നറിഞ്ഞത്. രാത്രിയിലെപ്പോഴോ ഒരു ഉറക്കത്തിന്റെ അർദ്ധബോധാവസ്ഥയിലാണ് കുട്ടികളുടെ ശബ്ദം ചെവിയിൽ വീണത്. കണ്ണ് തുറന്നു വേഗം സ്വീകരണമുറിയിലെത്തിയ ഞാൻ അതിശയവും ആഹ്ളാദവും കൊണ്ട് കണ്ണുകാണാതെയായി.

എന്റെ മുന്നിൽ ജോൺസണും ചേച്ചിമാരും.. അവൻ നല്ല പൊക്കമൊക്കെ വച്ച് മിടുക്കനായിരിക്കുന്നു.. ഉറക്കമൊക്കെ എങ്ങാണ്ടോ പോയി. വിശേഷം പറച്ചിലും കളിയുമൊക്കെയായി നേരം വെളുപ്പിച്ചു.. പിറ്റേന്ന് കാലത്തെ എന്റെ കൊച്ചു തോഴനോട് ഞാൻ ബൈ പറഞ്ഞു. പിന്നീട്, ഒരിക്കലും ഞങ്ങളുടെ പാതകൾ കൂട്ടിമുട്ടിയതേയില്ല.

ഇപ്പോഴും ആ പാതിരാത്രിയിൽ അപ്രതീക്ഷിതമായ ആ കണ്ടുമുട്ടൽ സുന്ദരമായ ഒരു കിനാവു പോലെയാണെനിക്ക്. എന്റെ ബാല്യ കാലത്തിലെ ഓരോ അനുഭവും സത്യവും മിഥ്യയും ഇഴപിരിക്കാനാവാത്ത ഒരു മായിക ലോകത്തിലെ സംഭവങ്ങളാണ്.. ഇപ്പോഴും മഴവെള്ളം കെട്ടിയ നടുമുറ്റത്തെ കടലാസ്സു തോണി പോലെ മനസ്സിൽ ഒഴുകി നടക്കുന്നു.. മധുരമീ ഓർമ്മകൾ!