കാണാമറയത്ത് നിങ്ങള്‍ അന്വേഷിക്കുന്ന പ്രിയപ്പെട്ടവരെ കണ്ടെത്തുന്ന പരമ്പരയുടെ രണ്ടാം സീസണ്‍.നീ എവിടെയാണ്. 

ചിലരുണ്ട്, അപ്രതീക്ഷിതമായി നമ്മുടെ ജീവിതത്തിലേക്കു കടന്നുവരുന്നവര്‍. ആഴമുള്ള അടുപ്പമായി മാറുന്നവര്‍. അത് സ്‌കൂളിലോ കോളജിലോ വെച്ചാവാം. അല്ലെങ്കില്‍, ജോലി സ്ഥലത്ത്. യാത്രകളില്‍, ആശുപത്രികളില്‍, സൗഹൃദ കൂട്ടങ്ങളില്‍ അല്ലെങ്കില്‍, മറ്റെവിടെയെങ്കിലുംവെച്ച്...

പെട്ടെന്നാവും അവരുടെ മറയല്‍. സാഹചര്യം മാറിയതാവാം. ജീവിതാവസ്ഥ മാറിയതാവാം. അവര്‍ മറയും. എന്നേക്കുമായി. എങ്കിലും, എന്നും നമ്മളോര്‍ക്കും, എവിടെയാണ് അവരെന്ന്. ചിലപ്പോള്‍ അവര്‍ നമ്മളെയും.അങ്ങനെയൊരാള്‍ നിങ്ങളുടെ ജീവിതത്തിലുമില്ലേ? ഉണ്ടെങ്കില്‍, എഴുതൂ, ആ ആളെക്കുറിച്ച്? ആ ബന്ധത്തെക്കുറിച്ച്. കാത്തിരിപ്പിനെക്കുറിച്ച്. ഒരുപക്ഷേ, ഈയൊരു കുറിപ്പാവും അയാളെ നിങ്ങളിലേക്ക് തിരിച്ചെത്തിക്കുക. കുറിപ്പുകള്‍ ഒരു ഫോട്ടോയ്‌ക്കൊപ്പം, സബ്ജക്ട് ലൈനില്‍ 'നീ എവിടെയാണ്? എന്നെഴുതി, submissions@asianetnews.in എന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കുക. തെരഞ്ഞെടുക്കപ്പെടുന്ന മികച്ച കുറിപ്പുകള്‍ പ്രസിദ്ധീകരിക്കും.

പഴങ്കഥകളുറങ്ങുന്ന തലയുള്ള ഒരു കുഞ്ഞമ്മയുണ്ടെനിക്ക്... എന്റെ "ഇന്നമ്മ.."   ഇന്നമ്മ തൊട്ട തീക്ഷ്ണമായ നേരുകൾ മാത്രമല്ല, സർഗ്ഗാത്മകമായ ചില നുണകളും എന്റെ ഭാവനാ ലോകത്തെ പ്രഫുല്ലമാക്കിയിരുന്നു... അടർന്നപ്പോഴൊക്കെ നോവിച്ചിട്ടുള്ള പൊറ്റ പിടിച്ച ഒരു മുറിവിന്റെ ഓർമ്മ   ഞാനൊന്നു പങ്കുവെച്ചോട്ടെ..

ഇന്നമ്മ- പണ്ട് ഒരു പനിച്ചൂടിൽ മയങ്ങിപ്പോയ രണ്ടു വയസ്സുകാരിയേയുമെടുത്ത് വെയിൽച്ചൂടിലൂടെ, ഏങ്ങി വലിഞ്ഞ് വളവു തിരിഞ്ഞു വന്ന ഒരു ചപ്പട്ട ലൈലൻഡ് ബസിൽ കയറി 20 കിലോമീറ്ററപ്പുറത്തുള്ള ഒരു മിഷൻ ഹോസ്പിറ്റലിൽ  എത്തിയപ്പോഴേക്കും കുട്ടി ന്യുമോണിയയുടെ വക്കിലെത്തിയിരുന്നു.. മരുന്ന് വാങ്ങി തിരിച്ചു പോകാൻ വന്ന ഇന്നമ്മ വാർഡ്‌ ചൂണ്ടിക്കാട്ടിയ നഴ്സിനെ അന്തം വിട്ടു നോക്കി! "ഇച്ചിക്കൂടെ കഴിഞ്ഞെങ്കീ   കാണാര്ന്ന്.."  നഴ്സ് പിറുപിറുത്തതോടെ 'വൈകിട്ട് പോകാമോ' എന്ന ചോദ്യം ഇന്നമ്മ തൊണ്ടയിലിട്ടു വിഴുങ്ങി. 

അടുത്ത കിടക്കയിലുള്ളവരുടെ കനിവിൽ ഇന്നമ്മ വല്ല വിധേനയും നേരം വെളുപ്പിച്ചപ്പോൾ ഞങ്ങളെ കാണാത്ത ആന്തലിൽ അങ്ങ് ദൂരെ എന്റെ മുത്തശ്ശിയും കത്തിച്ചു വെച്ച മണ്ണെണ്ണ വിളക്കും ഒരുപോലെ മുനിഞ്ഞു കത്തി... രാവിലെ ചൂട് കുറഞ്ഞു.. ഭാഗ്യവശാൽ മാത്രം എതിരേ വന്നു കിട്ടിയ ഒരു നാട്ടുകാരനോട് വീട്ടിൽ വിവരം പറയാൻ ചട്ടം കെട്ടിക്കഴിഞ്ഞപ്പോൾ ഇന്നമ്മ തീർത്തും ആശ്വാസത്തോടെ ആശുപത്രിവാസം ആരംഭിച്ചു.. മൂന്നാം ദിവസം പുലർച്ചെയാണ് അമ്മയെത്തിയത്.. കണ്ടതും ഞാൻ കുതിച്ചു ചാടി. രണ്ടാളും ഒരേ സമയം "ന്റെ പൊന്നോളേ" ന്ന് വിളിച്ചു.. ഒരാൾക്ക് കണ്ണീരും ഒരാൾക്ക് ചിരിയും. 

വാർഡിലുള്ളവർ അതിശയിച്ചു.. ഇന്നമ്മയും ഞാനുമായുള്ള ഇഴുക്കം അമ്മയും മോളുമാണെന്നു തോന്നിപ്പിച്ചിരുന്നു.. പോരെങ്കിൽ മുലപ്പാൽ കൊടുക്കരുതെന്ന് ഡോക്ടർ പറഞ്ഞപ്പോൾ  ഇന്നമ്മ സമ്മതിക്കുകയും ചെയ്തിരുന്നു... അമ്മക്ക് മഞ്ചേരി മജിസ്ട്രേറ്റ് കോർട്ടിലായിരുന്നു ജോലി.. ആഴ്ചയിലൊരിക്കൽ വരവ്... അന്ന് ഇരുട്ടിനൊപ്പം വന്നു കയറിയതുകൊണ്ടും പിന്നീട് ബസില്ലാത്തതു കൊണ്ടും രാവിലെ ഓടിയെത്തുകയായിരുന്നു..ഞാനതോടെ ഉന്മേഷവതിയായി ഓടി നടന്നു.. 

അന്നു രാത്രിയാണ് നിലവിളിച്ച് കുതറുന്ന ഒരു സ്ത്രീയെ ബലമായി വാർഡിലേയ്ക്ക് കൊണ്ടുവന്നത്! കൂടെയുള്ള വൃദ്ധയായ സ്ത്രീയും സുമുഖനായ ചെറുപ്പക്കാരനും ആരേയും നോക്കുന്നുണ്ടായിരുന്നില്ല.. ഡ്യൂട്ടിഡോക്ടർ അവൾ മയങ്ങിയെന്നുറപ്പ് വരുത്തിയിട്ടാണവിടം വിട്ടത്.. രാത്രി ഡ്യൂട്ടിയുള്ള നഴ്സ് അമ്മയോട് പറഞ്ഞു.. "ഇദ് കുറേ നാളായി കാണുവാ.. അതിന്റെ രണ്ട് വയസ്സുള്ള കുഞ്ഞ് മരിച്ചു പോയി.. കൊണ്ടുപോയി ഷോക്കടിപ്പിച്ചാ എല്ലാമങ്ങ് മറന്നേനെ... കെട്ട്യോനത് വയ്യ.. ഒന്ന് ശാന്തയാക്കിത്തന്നാ മതി ഡോക്ടറേന്ന് കരയും.. ഇങ്ങനാന്നേ അത് ചത്ത് പോവേള്ളൂ...'' 

മൂന്ന് കട്ടിലിനപ്പുറം വേദനയുറഞ്ഞ പോലെ കിടക്കുന്ന അജ്ഞാതയായ ആ പെണ്ണിനെയും കട്ടിലിൽ മിച്ചം വന്ന ഇത്തിരിയിടത്ത് ചുരുണ്ട് കിടക്കുന്ന ആ അമ്മയേയും നോക്കിക്കിടന്ന് എന്റെ അമ്മമാർ എപ്പോഴോ ഉറങ്ങി. ആരോടും പെട്ടെന്നിണങ്ങിക്കൂടുന്ന ഇന്നമ്മ ആ അമ്മയെ സാവകാശം സംസാരിപ്പിക്കുക തന്നെ ചെയ്തു. അവരാകട്ടെ,  മകൾ  മയങ്ങുന്ന ധൈര്യത്തിൽ കൂടെക്കൂടെ എന്നെ വാരിനെഞ്ചിലടുക്കി... 

രാത്രി   ഉറങ്ങുന്ന എന്റെ നെറുകയിൽ തലോടി അവർ പതിയെ പറഞ്ഞു.. "സീത പാവം കുട്ട്യാ.. അമ്മയില്ലാതെ വളർന്നോളാ... സീതയാ മോൾക്ക് തത്തമ്മേന്ന് ചെല്ലപ്പേരിട്ടത്.. നടക്കാനറിയില്ല. പറക്കലാരുന്നു അവള്... നിർത്താത്ത കരച്ചിലിനൊടുവിൽ മയങ്ങിയപ്പോഴാ കുഞ്ഞു കാലിൽ നീരുവന്ന് കരിനീലിച്ചത് കാണുന്നെ... വൈകിപ്പോയി.. അവള് പറന്നങ്ങ് പോയ്... "  അവർ വിങ്ങിപ്പൊട്ടി. പോകുമ്പോൾ തിരിഞ്ഞ് ഇത്ര കൂടി പറഞ്ഞു, "അവളുണരുമ്പോ ഈ കുഞ്ഞോളെയൊന്ന്..."   അര വാക്കിൽ അസംഖ്യം യാചനകൾ..

ഇന്നമ്മയത് പാലിച്ചു.. സീതമ്മ പാതിയുണർന്നിരിയ്ക്കുമ്പോഴെല്ലാം എന്നെ പുറത്തെ മരത്തണലുകളിൽ കളിപ്പിച്ചു.. കട്ടിലിൽ കുറുകെ കിടന്ന് എന്നെ മറച്ചു... എന്റെ  കൊഞ്ചലും ചിരികളും വായ പൊത്തി  ആവുന്നത്ര തടഞ്ഞു. അമ്മമാർ എത്ര ശ്രദ്ധിച്ചിട്ടും എപ്പോഴൊക്കെയോ സീതമ്മ എന്റെ വായ്ത്താരികൾ കേട്ടു.. വെപ്രാളത്തോടെ എന്നെയെടുത്ത് പുറത്തേയ്ക്ക് പാഞ്ഞപ്പോൾ ഒരു വട്ടം സീതമ്മ എന്നെ കാണുക തന്നെ ചെയ്തു. പുറത്തേയ്ക്ക് ചൂണ്ടി സീതമ്മ ''ന്റെ തത്തു, ന്റെ തത്തു...'' എന്ന് വീണ്ടും മയക്കത്തിലാവും വരെ നിലവിളിച്ചു... വരാന്തയിൽ വെച്ച് അമ്മ ഡോക്ടറോട് കരഞ്ഞു, 'ഞങ്ങൾക്ക് ഡിസ്ചാർജ്ജ് തന്നേക്കൂ ഡോക്ടർ...' അങ്ങനെ ആ ദിവസവും കടന്നു പോയി.               

അന്നൊരു വെയിൽ മങ്ങിയ, മഴക്കാറുള്ള ഉച്ചനേരമായിരുന്നു.. അമ്മ തിരക്കൊഴിഞ്ഞ നേരം കുളിക്കാൻ പോയി.. ഞാൻ നല്ല ഉറക്കം. തൊട്ടപ്പുറത്തെ കിടക്കയിലെ സന്ദർശകർ എനിക്കൊരു മറ സൃഷ്ടിക്കുന്ന ആശ്വാസത്തിൽ ഇന്നമ്മ കഴുകിയിട്ട തുണിയെടുക്കാൻ ധൃതിവെച്ചു പോയി. എന്നാൽ, ഉച്ചയുറക്കം മുറിഞ്ഞെഴുന്നേറ്റ ഞാൻ ചുറ്റും നോക്കി കട്ടിലിൽ നിന്നൂർന്നിറങ്ങി നേരേ അമ്മൂമ്മയുടെ നേർക്കോടി... തലയിണയിൽ ചാരിയിരുന്ന് ഓറഞ്ചല്ലി തിന്നുന്ന സീതമ്മയുടെ മുന്നിൽ ചെന്നു നിന്ന് ഒറ്റ ചോദ്യം, "ന്റെ പൊന്നോ ളെന്ത്യേ...?" അമ്മൂമ്മ നടുങ്ങിയിട്ടുണ്ടാവണം.. 

സീതമ്മ എന്നെത്തന്നെ നോക്കി ഏതാനും നിമിഷങ്ങളിരുന്നു. ഓറഞ്ചല്ലിയൊരെണ്ണം എനിക്ക് വെച്ചു നീട്ടി. വാങ്ങാതെ നാണിച്ചുകുണുങ്ങി നിന്നു ഞാൻ. തൊട്ടടുത്ത നിമിഷം ചാടിയിറങ്ങി എന്നെ വാരിയെടുത്ത് സീതമ്മ പുറത്തേക്ക് കുതിച്ചു. നിലവിളിച്ചു കൊണ്ട് അമ്മൂമ്മയും.. കണ്ട വരാന്തയിലൂടെ.. മുറ്റത്തൂടെ സീതമ്മ ഓടിക്കൊണ്ടേയിരുന്നു.. ഉച്ചകഴിഞ്ഞതുകൊണ്ട് ഏറെക്കുറെ ശാന്തമായിരുന്നു ആ പരിസരം. ആരൊക്കെയോ തടയാൻ നോക്കി. കരയാനോ ശ്വാസമെടുക്കാനോ പോലുമാവാത്ത വിധം എന്റെ മുഖം ആവുന്നത്ര അവർ മാറോടമർത്തിയിരുന്നു. ബഹളം കണ്ടോടി വന്ന ഇന്നമ്മ  മുറ്റത്തെ കാഴ്ച കണ്ണുകൾ കടന്ന് മനസ്സിലെത്തിയ നിമിഷം കുഴഞ്ഞു വീണു.. മുട്ടോളമെത്തുന്ന ചുരുണ്ട മുടിയിൽ ചുറ്റിപ്പിടിച്ച് കറക്കി നിർത്തിയ വേദനയിൽ പിടിത്തമൊന്നയഞ്ഞപ്പോൾ മാത്രമേ ഓടിക്കൂടിയവർക്ക് എന്നെയൊന്നു തൊടാൻ പോലുമായുള്ളൂ... ആ നെഞ്ചത്തൂന്ന് അടർത്തിയെടുത്ത എന്റെ ശ്വാസമൊന്ന് നോർമലാക്കാൻ ഡോക്ടർ  നന്നെ പണിപ്പെട്ടു. അന്ന് ഞങ്ങൾ യാത്ര പറയുമ്പോൾ സീതമ്മ ഗാഢമായ മയക്കത്തിലായിരുന്നു. ആ കിടക്കക്കരുകിൽ മൂകം നിന്ന നിമിഷങ്ങളിലെ കണ്ണുനീർ ഇന്നും എന്റെ അമ്മമാരുടെ കണ്ണിലുണ്ട്.. ഒരോർമ്മത്തെറ്റുപോലെ വല്ലപ്പോഴും എന്റെ കണ്ണിലും.                        

പക്ഷേ, കുറേ ദിവസങ്ങളായി സീതമ്മ എന്റെ മനസ്സിലൂടെ തലങ്ങും വിലങ്ങും നടക്കുന്നു! തരില്ല ഞാനെന്നലറിക്കൊണ്ട് എന്നെയുമെടുത്ത് പായുന്നു! മറ്റേതോ കാലത്തിൽ നിന്നൊഴുകിയെത്തുന്ന ഒരു നിലവിളി എന്നെ ശ്വാസം മുട്ടിയ്ക്കുന്നു.

'സീതമ്മേ.. നീയെവിടെയാണ്??' അപായകരമായ ആത്മസംഘർഷങ്ങൾ സമ്മാനിക്കുന്ന ഈ കെട്ട കാലത്തിൽ ജീവിക്കാൻ വിധിക്കപ്പെട്ട ഒരമ്മയെന്ന നിലയിൽ ഞാനെന്റെ സീതമ്മയെ ഓർക്കാതിരിയ്ക്കുന്നതെങ്ങനെ?  മഞ്ഞവെയിൽ പരക്കുന്ന  സായാഹ്നങ്ങളിൽ ഒട്ടിച്ചു വെച്ച മാതിരി പള്ളയോട് ചേർത്തുവെച്ച ഒരിത്തിരി കുഞ്ഞിനെ പൊത്തിപ്പിടിച്ചു കൊണ്ട് മരത്തിൽ നിന്ന് മരത്തിലേക്കു നടക്കുന്ന തള്ളക്കുരങ്ങുകളെ ഞാനെന്റെ മുറ്റത്തിരുന്ന് കാണാറുണ്ട്. ഭയചകിതമെങ്കിലും താക്കീതാണ് നോട്ടത്തിൽ. വകതിരിവില്ലാത്ത ജന്തുവെന്ന് വിവക്ഷ.

പക്ഷേ, അമ്മയാണവൾ. കുഞ്ഞിന്റെ നേർക്ക് അനിഷ്ടത്തിന്റെ ഒരു നോട്ടം പോലും പൊറുക്കാത്തവൾ. ആപത് ശങ്കയുണ്ടായാൽ കുഞ്ഞിനേയും കടിച്ചെടുത്ത് പലയിടങ്ങൾ തേടുന്ന പൂച്ചയും, അടയിരിക്കുന്ന വിഷപ്പാമ്പും അമ്മയാണ്. സീതമ്മയും ഇങ്ങനെ തന്നെയായിരുന്നിരിയ്ക്കണം. കുഞ്ഞുമുഖം ഓർക്കുമ്പോഴേ പാൽ ചുരന്നിട്ടുണ്ടാവും. കുഞ്ഞു കൺമിഴിയുമ്പോൾ ഇരുട്ട് കണ്ട് പേടിക്കാതിരിക്കാൻ നിത്യവുമൊരു കെടാദീപം കാത്തു വെച്ചിട്ടുണ്ടാവണം.. ഒരു നിമിഷം പോലും തനിച്ചാവാതിരിക്കാൻ ജാഗ്രത പുലർത്തിയിട്ടുണ്ടാവണം.

അമ്മയാണവൾ. അല്ലെങ്കിൽ അവളല്ലേ അമ്മ??  ജീവിച്ചിട്ടുണ്ടാവില്ലേ എന്റെ സീതമ്മ?   വീണ്ടും തത്തു വന്ന് പിറന്നിട്ടുണ്ടാവില്ലേ ആ മടിയിൽ?  ഞാൻ പല തവണ ചിരിച്ചു നിന്നിട്ടും തൊട്ടു വിളിച്ചിട്ടും എന്നെ നോക്കാൻ ഭയന്ന ആ അച്ഛൻ വീണ്ടുമൊരു വീണ്ടുമൊരു കിളി കൊഞ്ചലിൽ  നനഞ്ഞിട്ടുണ്ടാവില്ലേ..  

'നീ എവിടെയാണ്' പരമ്പരയില്‍ മുമ്പ് പ്രസിദ്ധീകരിച്ച കുറിപ്പുകള്‍ ഇവിടെ വായിക്കാം