Asianet News MalayalamAsianet News Malayalam

നിങ്ങള്‍ക്ക് മറികടക്കാനാവാത്ത ഭയങ്ങളുണ്ടോ, അതിനെ എന്നെങ്കിലും മറികടന്നിട്ടുണ്ടോ?

ഒരു നഴ്‌സിന്റെ ഓര്‍മ്മക്കുറിപ്പുകള്‍. ട്രീസ ജോസഫ് എഴുതുന്ന കോളത്തില്‍ ഇന്ന് ഭയങ്ങളും അതിജീവനവും
 

On fear and fearlessness a nurses experiences a column by Teresa Joseph
Author
First Published Oct 27, 2022, 5:18 PM IST

45 വയസ്സ് പ്രായമുള്ള ഒരു സ്ത്രീയായിരുന്നു അവര്‍. സാമാന്യം തടിച്ച ശരീരപ്രകൃതം. വയര്‍ മുഴുവനും, പുറകിലും വശങ്ങളിലും തുടയുടെ ഇടുക്കുകളിലും എല്ലാം ഓപ്പറേഷന്‍ചെയ്ത് തുറന്നിരിക്കുന്ന മുറിവുകളായിരുന്നു അവര്‍ക്ക്. പതിനഞ്ചാമത്തെ വയസ്സില്‍ ആരംഭിച്ച ഒരു രോഗം. Hidradenitis എന്ന് പേരുള്ള അവസ്ഥ. ആരംഭത്തില്‍ കക്ഷങ്ങളിലും തുടയുടെ ഇടുക്കുകളിലും തൊലിയുടെ മടക്കുകളിലുംകാണപ്പെടുന്ന ചെറിയ കുരുക്കള്‍ ക്രമേണ പഴുപ്പ് നിറഞ്ഞ്‌പൊട്ടും. സാവധാനം തൊലിയുടെ അടിയില്‍ ചെറിയ തുരങ്കങ്ങള്‍ പോലെ ഇവ പരസ്പരം യോജിക്കുന്നു.

 

On fear and fearlessness a nurses experiences a column by Teresa Joseph

 

'അമ്മേ, അമ്മയ്ക്ക് എത്ര പ്രൊമോഷന്‍ കിട്ടിയിട്ടുണ്ട്?'

ഒരവധി ദിവസം എല്ലാവരും ഒരുമിച്ചിരുന്ന് ബ്രേക്ക് ഫാസ്റ്റ്കഴിക്കുമ്പോള്‍ തൊമ്മിക്കുഞ്ഞിന്റെതായിരുന്നു ചോദ്യം. 'കുറേ ഉണ്ടെടാ, വര്‍ഷം ഇത്രയുമായില്ലേ' എന്ന എന്റെ ഒഴുക്കന്‍മറുപടിയില്‍ അത്ര തൃപ്തിപ്പെടാതെ അവന്‍ വീണ്ടും അടുത്തചോദ്യം ചോദിച്ചു.

'അമ്മയ്ക്ക് ഏറ്റവും സാറ്റിസ്ഫാക്ഷന്‍ കിട്ടിയ കാര്യംഏതാണെന്നു പറയ്. അല്ലെങ്കില്‍ അമ്മ ഒരിക്കലും മറക്കില്ലാത്ത സംഭവം ഏതാണ്.' 

'ഒരുപാടുണ്ട്, ഒരെണ്ണമായിട്ട് അങ്ങനെ ഓര്‍ക്കാന്‍ പറ്റില്ല. അമ്മ നേഴ്‌സ് അല്ലേ. അപ്പോള്‍ ഒത്തിരി രോഗികളെ കാണും അവരെ മിക്കവരെയും ഇടയ്ക്ക് ഓര്‍ക്കും'- ഞാന്‍ പറഞ്ഞു. 

'എന്നാലുംഒരെണ്ണം, ഏറ്റവും കൂടുതല്‍ ഓര്‍ക്കുന്നത'-അവന്‍ വിടാന്‍ ഭാവമില്ല. 

പല പല സംഭവങ്ങള്‍ മനസ്സിലേക്ക് കടന്നു വന്നു. രോഗികള്‍, ബന്ധുക്കള്‍, ഡോക്ടര്‍മാര്‍...അഭിനന്ദനങ്ങള്‍, അവഹേളനങ്ങള്‍.. ഒറ്റ നിമിഷം കൊണ്ട് മനസ്സ്എവിടെയൊക്കെയോ കറങ്ങിത്തിരിഞ്ഞ് എത്തിനിന്നത് വനേസ്സ കിടക്കുന്ന മുറിയിലായിരുന്നു. അവരുടെ മുറിയിലെ ദുര്‍ഗന്ധംപോലും വര്‍ഷങ്ങള്‍ക്കിപ്പുറവും മൂക്കിന്‍തുമ്പില്‍ തങ്ങിനില്‍ക്കുന്നു, കാതുകളില്‍ അവരുടെ നിലവിളിയും.

'ടെറീസാ... സ്റ്റോപ്പ് ...സ്റ്റോപ്പ്..'

ഹോസ്പിറ്റലിന്റെ ഏഴാമത്തെ നില മുഴുവനും കേള്‍ക്കുന്നവിധം അലറി വിളിക്കുകയായിരുന്നു അവര്‍. ഒരു വശംചെരിഞ്ഞു കിടക്കുന്ന അവരെ മൂന്ന് നഴ്‌സുമാര്‍ ചേര്‍ന്ന് താഴെവീഴാതെ പിടിച്ചിരുന്നു. പറയുന്ന ആശ്വാസ വാക്കുകള്‍ ഒന്നുംകേള്‍ക്കാതെ വനേസ്സ അലറിക്കരഞ്ഞു കൊണ്ടേയിരുന്നു.

45 വയസ്സ് പ്രായമുള്ള ഒരു സ്ത്രീയായിരുന്നു അവര്‍. സാമാന്യം തടിച്ച ശരീരപ്രകൃതം. വയര്‍ മുഴുവനും, പുറകിലും വശങ്ങളിലും തുടയുടെ ഇടുക്കുകളിലും എല്ലാം ഓപ്പറേഷന്‍ചെയ്ത് തുറന്നിരിക്കുന്ന മുറിവുകളായിരുന്നു അവര്‍ക്ക്. പതിനഞ്ചാമത്തെ വയസ്സില്‍ ആരംഭിച്ച ഒരു രോഗം. Hidradenitis എന്ന് പേരുള്ള അവസ്ഥ. ആരംഭത്തില്‍ കക്ഷങ്ങളിലും തുടയുടെ ഇടുക്കുകളിലും തൊലിയുടെ മടക്കുകളിലുംകാണപ്പെടുന്ന ചെറിയ കുരുക്കള്‍ ക്രമേണ പഴുപ്പ് നിറഞ്ഞ്‌പൊട്ടും. സാവധാനം തൊലിയുടെ അടിയില്‍ ചെറിയ തുരങ്കങ്ങള്‍ പോലെ ഇവ പരസ്പരം യോജിക്കുന്നു. ഹോര്‍മോണുകള്‍, അമിതമായ ഉല്‍ക്കണ്ഠ, തടിച്ച ശരീരപ്രകൃതം ഇവയൊക്കെ റിസ്‌ക് factors ആണ്. പല തവണ ഓപ്പറേഷന്‍ വേണ്ടി വരും. ചിലപ്പോള്‍ ഒരുപാടു പഴുപ്പ് നിറഞ്ഞഭാഗങ്ങള്‍ ചുരണ്ടിക്കളയും. അതിന് ശേഷവും കൃത്യമായപരിചരണം നല്‍കിയില്ലെങ്കില്‍ വീണ്ടും tunneling എന്ന അവസ്ഥ ഉണ്ടാകും.

വനേസ്സക്ക് എട്ട് സര്‍ജറികള്‍ കഴിഞ്ഞിരുന്നു. കഴിഞ്ഞ ആറ് മാസമായി അവര്‍ കിടക്കയില്‍ നിന്ന് എണീറ്റിരുന്നില്ല. ഭര്‍ത്താവ് രാവിലെ ജോലിക്ക് പോകുന്നതിന് മുന്‍പ് ഉടുപ്പിക്കുന്ന ഡയപ്പര്‍ വൈകുന്നേരം അയാള്‍ വന്നാണ് മാറ്റിയിരുന്നത്. കഴിഞ്ഞ കുറേ ആഴ്ചകളായി ഡയപ്പര്‍ മാറാന്‍ ഭര്‍ത്താവിനെപ്പോലും അവര്‍ അനുവദിച്ചിരുന്നില്ല.  

ആദ്യമായി ഞാന്‍ അവരെ കാണുമ്പോള്‍ പേടി നിറഞ്ഞ മുഖവുമായി ബെഡില്‍ കിടക്കുകയായിരുന്നു അവര്‍. ബെഡിന്റെ വശത്ത് തൊടുമ്പോഴുണ്ടാകുന്ന ചലനം പോലും അവര്‍ക്ക് സഹിക്കാനാവാത്ത വേദന ഉണ്ടാക്കിയിരുന്നു. പുതച്ചിരുന്ന വെളുത്ത ഷീറ്റ് മുറിവുകളില്‍ നിന്ന് ഒഴുകിയിരുന്ന രക്തവും വെള്ളവും ചേര്‍ന്ന് നനഞ്ഞു കുതിര്‍ന്നിരുന്നു. മലം പോകാനായി വയറില്‍ സര്‍ജറി ചെയ്ത് ഒരു ദ്വാരം ഇട്ടിരുന്നു. അതില്‍ ഘടിപ്പിച്ചിരുന്ന ബാഗ് ലീക് ചെയ്ത് അതിനുള്ളിലുള്ള ദ്രാവകം മുറിവുകളെ നനച്ച് ഒഴുകി. 

മുറി മുഴുവന്‍ അസഹനീയമായ ദുര്‍ഗന്ധമായിരുന്നു. അവരുടെ റൂമില്‍ കയറണമെങ്കില്‍ മാസ്‌ക് വേണ്ടിയിരുന്നു.  മാസ്‌കിനെയും ഭേദിച്ച് വരുന്ന ദുര്‍ഗന്ധം വാതില്‍തുറക്കുമ്പോള്‍ തന്നെ മൂക്കിലേക്ക് അടിച്ചു കയറി. എന്നെ കണ്ടയുടന്‍ അവര്‍ ചോദിച്ചു

'എപ്പോഴാണ് എന്റെ അടുത്ത വേദനക്കുള്ള മരുന്ന്?'

അത് ചോദിക്കുമ്പോള്‍ അവരുടെ പല്ലുകള്‍ ഞാന്‍ ശ്രദ്ധിച്ചു. കടും മഞ്ഞ നിറത്തില്‍, വൃത്തിയാക്കിയിട്ട് എത്രയോ നാളുകളായി എന്ന് പറയുന്ന പല്ലുകള്‍.  

മുറിവുകള്‍ വൃത്തിയാക്കുന്ന കാര്യം പറഞ്ഞു തുടങ്ങിയപ്പോള്‍തന്നെ അവര്‍ അത് നിരസിച്ചു.

'ഇല്ല ഞാന്‍ റെഡിയല്ല.' 

രോഗി ട്രീറ്റ്‌മെന്റ് നിരസിച്ചാല്‍ ബോധമുള്ള രോഗിയാണെങ്കില്‍ നമുക്ക് പിന്നെയൊന്നും ചെയ്യാനില്ല. 'Patient refused' എന്നെഴുതി ചാര്‍ട്ട് മടക്കുക. അന്ന് മുഴുവന്‍ ഓരോ രണ്ടുമണിക്കൂര്‍ കൂടുമ്പോഴും ഞാനവരോട് പറഞ്ഞു കൊണ്ടിരുന്നു

'മുറിവുകള്‍ വൃത്തിയാക്കണം. ഇല്ലെങ്കില്‍ ഇനിയും നിങ്ങളുടെ അവസ്ഥ മോശമാകും.'

'എനിക്കറിയാം, പക്ഷേ പറ്റുന്നില്ല. എനിക്ക് പേടിയാണ്. ഇനിയും ഇത് വേദനിക്കും.'

അവര്‍ ഉച്ചത്തില്‍ കരഞ്ഞു കൊണ്ടിരുന്നു. ഒരു ദിവസം മുഴുവന്‍. പിന്നെ അടുത്ത രണ്ടു ദിവസങ്ങളിലും അങ്ങനെ മൂന്ന് ദിവസം തുടര്‍ച്ചയായി അവര്‍ തൊടാന്‍ സമ്മതിക്കാതെ ഒരേ കിടപ്പില്‍ കിടന്നു. ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, അഡ്മിനിസ്‌ട്രേഷനില്‍നിന്നുള്ളവര്‍ അങ്ങനെ പറ്റുന്നവരൊക്കെ വനേസയോട് പറഞ്ഞുകൊണ്ടേയിരുന്നു. ഓരോ തവണയും അവര്‍ നിരസിക്കുകയും അത് അവരുടെ ഫയലില്‍ റെക്കോര്‍ഡ് ചെയ്യുകയും ചെയ്യുമ്പോള്‍ ഇന്‍ഷുറന്‍സ് കവറേജ് കിട്ടാനുള്ള സാദ്ധ്യതയും കുറഞ്ഞു  കൊണ്ടിരുന്നു.

നാലാം ദിവസം ഞാനവരോട് പറഞ്ഞു

'ഇന്ന് മുറിവുകള്‍ വൃത്തിയാക്കുകയും നിന്നെ കുളിപ്പിക്കുകയും ചെയ്യാതെ ഞാന്‍ പോവില്ല. തരാന്‍ പറ്റുന്നതിന്റെ പരമാവധി വേദന സംഹാരികള്‍ ഞാന്‍ തരും. നിനക്ക് എപ്പോള്‍ വേണമെന്ന് മാത്രം തീരുമാനിക്കാം.' പിന്നെ ഞാനവര്‍ക്ക് രണ്ടു സമയങ്ങള്‍ കൊടുത്തു. കരച്ചിലിനിടയില്‍ വൈകുന്നേരംഅഞ്ചു മണി എന്ന സമയം അവര്‍ തിരഞ്ഞെടുത്തു. സമ്മതമെന്ന് തോന്നിപ്പിക്കുന്ന എന്തോ ഒരു ശബ്ദം പുറപ്പെടുവിച്ചു. അത്രയും മതിയായിരുന്നു എനിക്ക്. ഒരു പുനരാലോചനക്ക് സമയം കൊടുക്കാതെ വേദനനക്കും ഉല്‍ക്കണ്ഠ നിയന്ത്രിക്കാനുമുള്ള മരുന്നുകള്‍ കൊടുത്തു. പിന്നെ വേണ്ട സാധനങ്ങള്‍ എല്ലാം റൂമിലെത്തിച്ചു. അടുത്ത യൂണിറ്റില്‍ നിന്ന് പോലും ആളുകളെ വിളിച്ച് സഹായത്തിന് നിര്‍ത്തി.

കൃത്യം അഞ്ചു മണിക്ക് ഞങ്ങള്‍ ആരംഭിച്ചു. ഷീറ്റ് മാറ്റിയതോടെ തല പെരുക്കുന്ന ദുര്‍ഗന്ധം മൂക്കിലേക്ക് അടിച്ചു കയറി. അതോടൊപ്പം ചെവി തുളയ്ക്കുന്ന ശബ്ദത്തില്‍ അവര്‍ നിലവിളിക്കാന്‍ ആരംഭിച്ചു. നാല് ദിവസമായി അനക്കാതെയിരുന്ന ഡ്രസ്സിങ് വെള്ളമൊഴിച്ച് കുതിര്‍ത്ത് പതുക്കെ ഇളക്കി മാറ്റി. ഓരോ സെക്കന്റിലും 'നിര്‍ത്തൂ, ആരെങ്കിലും 911 വിളിക്കൂ. ടെറീസ (അവര്‍ എന്നെ അങ്ങനെയാണ് വിളിച്ചിരുന്നത്) എന്നെ കൊല്ലുന്നേ' എന്ന്അലറി വിളിച്ചു. ദേഹത്തോട് പറ്റിപ്പിടിച്ചിരുന്ന ഷീറ്റുമാറ്റിയപ്പോള്‍ ഒരു സെക്കന്റ് നേരത്തേക്ക് എന്റെ തല കറങ്ങി. അത്രമാത്രം ശോചനീയമായിരുന്നു ആ മുറിവുകള്‍. ആഴം എത്രയെന്ന് കൃത്യമായി തിട്ടപ്പെടുത്താനാവാത്ത, ഏതൊക്കെ ദിശകളിലേക്ക് ടണലിംഗ് ഉണ്ടെന്ന് കൃത്യമായി പറയാന്‍ കഴിയാത്ത മുറിവുകളില്‍ നിന്ന് പഴുപ്പും രക്തവും ഒഴുകിക്കൊണ്ടിരുന്നു. 

ഏകദേശം രണ്ടു മണിക്കൂറോളം മുറിവുകള്‍ വൃത്തിയാക്കുകയും അന്തമില്ലാത്തത് എന്ന് തോന്നിക്കും വിധം ഉള്ള ആഴങ്ങളിലേക്ക് മരുന്നില്‍ കുതിര്‍ത്ത ഡ്രസ്സിങ് തിരുകിവെക്കുകയും ചെയ്തു കൊണ്ടിരുന്നു. പല പ്രാവശ്യം തലകറങ്ങി എങ്കിലും ആ വൃത്തിയാക്കല്‍ തുടര്‍ന്നുകൊണ്ടേയിരുന്നു. ഒടുവില്‍ എല്ലാം കഴിഞ്ഞ് വൃത്തിയുള്ള ഒരുടുപ്പ് ഇടുവിച്ച് ഷീറ്റും മാറ്റി ഒരക്ഷരവും മിണ്ടാതെ ഞാന്‍ ആമുറിയില്‍ നിന്ന് ഇറങ്ങി പോരുമ്പോഴും അവര്‍ ഉച്ചത്തില്‍ നിലവിളിച്ചു കൊണ്ടിരുന്നു.

അടുത്ത ദിവസങ്ങളിലൊക്കെ കൃത്യമായി ഒരനുഷ്ടാനം പോലെ ഞാനവരുടെ മുറിയില്‍ പോവുകയും മുറിവുകള്‍ വൃത്തിയാക്കുകയും ചെയ്തു. ഓരോ തവണയും അവര്‍ എന്നെ ഉച്ചത്തില്‍ ശപിക്കുകയും എനിക്കെതിരെ പോലീസില്‍ പരാതിപ്പെടുമെന്നു പറയുകയും ചെയ്തു. ഹോസ്പിറ്റലിലെ ഒരുകാര്യങ്ങളും വീട്ടില്‍ പങ്കു വെക്കുന്ന പതിവില്ലാത്ത ഞാന്‍ ഇങ്ങനെ ഒരു കാര്യം നടക്കുന്നുണ്ടെന്ന് സൂചിപ്പിക്കുക മാത്രം ചെയ്തു. ആവശ്യമില്ലാത്ത കാര്യത്തില്‍ തലയിടുകയാണോ എന്നൊരു ചിന്ത, സ്വാഭാവികമായുള്ള ശാന്തതയില്‍ ഒര ുപോറലായി അങ്ങനെ നിന്നു. പോലീസില്‍ അവര്‍ പരാതിപ്പെട്ടാലോ എന്നും അമേരിക്കന്‍ നിയമത്തിന്റെ കാര്‍ക്കശ്യവുമോര്‍ത്ത് രാത്രികളില്‍ എന്റെ ഉറക്കം മുറിഞ്ഞു. 

എന്തിന് ഞാനവരെ നിര്‍ബന്ധിക്കുന്നു എന്നതിന് എനിക്ക് തന്നെ കൃത്യമായ ഉത്തരമില്ലായിരുന്നു. നേഴ്‌സ്, രോഗി, അഭിഭാഷക എന്നിങ്ങനെ  പല പല കുപ്പായങ്ങള്‍ ഞാന്‍ ഇടുകയും ഊരുകയും ചെയ്തു. ഒന്നും എനിക്ക് പാകമായില്ല. 'ഇങ്ങനെ നീ എല്ലാവര്‍ക്കും വേണ്ടി ചെയ്യുമോ' എന്ന് ഉള്ളിലിരുന്ന് ആരോ നിരന്തരം ചോദിച്ചു കൊണ്ടിരുന്നു. ഇല്ല എന്ന് തന്നെയായിരുന്നു ഉത്തരം. ചില കാര്യങ്ങള്‍ അങ്ങനെയാണ്. ഉത്തരങ്ങള്‍ കൃത്യമായില്ലാത്ത, എന്തിനിത് ചെയ്യുന്നു എന്നതിന് അത്ര വ്യക്തമായ വ്യാഖ്യാനങ്ങള്‍ നല്കാനാവാത്ത കാര്യങ്ങള്‍. പുറമെയുള്ള തൊങ്ങലുകള്‍ അഴിച്ചു വെച്ച് ഉള്ളിലെ യഥാര്‍ത്ഥ മനുഷ്യനിലേക്കുള്ള കൂടുമാറ്റത്തിന്റെ നേരമാവും അത്. അമ്മ രാത്രിയില്‍ ഉച്ചത്തില്‍ കരഞ്ഞുവെന്ന് മക്കള്‍ പറഞ്ഞപ്പോള്‍ ഞാന്‍ ചിരി പോലെ എന്തോ മുഖത്ത് വരുത്തി തിടുക്കത്തില്‍ ഷൂ എടുത്തിട്ട് ഹോസ്പിറ്റലിലേക്ക്‌പോയി.

കറുത്ത ദിനരാത്രങ്ങളായിരുന്നു അത്. പലപ്പോഴും അകാരണമായി കലഹത്തിന്റെ സ്വരങ്ങള്‍ എന്നില്‍ നിന്നുയര്‍ന്നു. ഒരു നിയോഗം പോലെ കടന്നു പോയ കുറേദിവസങ്ങള്‍ക്ക് ശേഷം ഞാന്‍ ചെല്ലുമ്പോള്‍ വനേസ്സ ബെഡില്‍ എഴുന്നേറ്റിരിക്കുന്നുണ്ടായിരുന്നു. അവരുടെ മുഖം ശാന്തമായിരുന്നു. 

'നമുക്ക് തുടങ്ങാം'

അവര്‍ പറഞ്ഞു. ആദ്യദിവസം രണ്ടു മണിക്കൂറിലധികം എടുത്ത ഡ്രസ്സിങ് change ഇരുപത് മിനിട്ട് കൊണ്ട് ഞങ്ങള്‍ പൂര്‍ത്തിയാക്കി. ആ സമയം മുഴുവന്‍ ഒരു തലയിണയില്‍ മുഖമമര്‍ത്തി അവര്‍ നിശബ്ദമായി കരഞ്ഞു. അലറിവിളിക്കലുകള്‍ ഇല്ലാതെ, ശാപവാക്കുകള്‍ ഇല്ലാതെ അവര്‍ കിടന്നു. വേദനസംഹാരികള്‍ കൂട്ടിയില്ല, ഡ്രസ്സിങ് ചെയ്യുന്ന രീതികള്‍ മാറ്റിയില്ല പക്ഷേ ഒന്ന് മാത്രം മാറി, വനേസയുടെ ഉള്ളില്‍ നാളുകളായി ഉറഞ്ഞു കൂടിയിരുന്ന ഒരു ഭയം മാറിപ്പോയി. അല്ല, ആ ഭയത്തെ അവര്‍ മറികടന്നു. 

ടീനേജ് കാലത്തും യൗവനകാലത്തും ഒക്കെ സമൂഹവുമായി ഇടപഴകേണ്ടി വരുന്ന സമയത്തൊക്കെയും തന്റെ അവസ്ഥ അവരില്‍ ഭയങ്കരമായ ഉള്‍വലിച്ചില്‍ സൃഷ്ടിച്ചിരുന്നു. ശരീരത്തില്‍ നിന്നു വരുന്ന ദുര്‍ഗന്ധം സഹപാഠികളെയും ബന്ധുക്കളെയുമൊക്കെ അവരില്‍ നിന്നും അകറ്റി. മുറിവുകള്‍ നല്‍കുന്ന വേദനയും ഒറ്റപ്പെടലും അവരെ മനോരോഗത്തിന്റെ പിടിയിലാക്കി. ഡിപ്രഷന് കഴിക്കുന്ന മരുന്നുകളും അമിതമായ ആഹാരവും ശരീരഭാരം ക്രമാതീതമായി വര്‍ദ്ധിക്കുവാന്‍ ഇടയാക്കി. മുറിവുകളില്‍ തൊടുമ്പോഴുള്ള അമിതമായ വേദന അവ വൃത്തിയാക്കുന്നതില്‍ നിന്ന് അവരെ തടഞ്ഞു. 'Patient Refused' എന്നൊരു തലക്കെട്ടിനടിയില്‍ അവര്‍ക്ക് വേണ്ടിയിരുന്ന പരിചരണങ്ങളെ അവര്‍ തടഞ്ഞു വെച്ചു. പേടിയുടെ ഒരു വലിയ മേലാപ്പിനുള്ളില്‍ അവര്‍ കുനിഞ്ഞിരുന്നു. ഇന്ന് വേദനയെക്കുറിച്ചുള്ള ഭയത്തെയാണ് വനേസ്സ മറികടന്നത്. വേദന കുറഞ്ഞില്ല പക്ഷേ അവര്‍ കരുത്തയായി.

 അന്ന് ഞാനവരോട് സംസാരിച്ചു. സംസാരത്തിനിടെ കരയാന്‍ തുടങ്ങിയപ്പോള്‍ ഞാനവരോട് പറഞ്ഞു 'കരയുന്നതിന് പകരം ശ്വാസം നന്നായി ഉള്ളിലേക്ക് വലിച്ചെടുക്കുകയും പുറത്തേക്ക് വിടുകയും ചെയ്യൂ. അത് വേദന കുറയ്ക്കാന്‍ സഹായിക്കും' അവര്‍ അത് അനുസരിച്ചു. പിന്നെ കണ്ണീരിനിടയില്‍ കൂടി എനിക്ക് നന്ദി പറഞ്ഞു. 

ഇതായിരുന്നു എന്റെ നിയോഗം. കാര്‍ന്നു തിന്നുന്നൊരു ഭയത്തില്‍ നിന്നും വനേസയെ പുറത്ത് കടക്കാന്‍ സഹായിക്കുക എന്നത് മാത്രമായിരുന്നു എന്റെ നിയോഗം. വീട്ടിലേക്ക് തിരിച്ച് വണ്ടിയോടിക്കുമ്പോള്‍ ഞാനോര്‍ത്തു. ഇനി അവരുടെ ഡ്രസിങ് മാറ്റാന്‍ വേണ്ടി മാത്രം ഞാന്‍ വരേണ്ട കാര്യമില്ല. ആരെക്കൊണ്ടേ് വേണമെങ്കിലും അത് ചെയ്യിക്കാന്‍ പാകത്തില്‍ അവരുടെ മനസ്സ് ഭയം മറികടന്നിരിക്കുന്നു. 

എനിക്കുമുണ്ടായിരുന്നു ഒരു ഭയം. ഹൈവേയില്‍ വണ്ടിയോടിക്കുക എന്നതായിരുന്നു അത്. ഹൈവേ ഒഴിവാക്കാന്‍ അരമണിക്കൂര്‍ കൊണ്ട് എത്തേണ്ട സ്ഥലത്തെത്താന്‍ ചെറിയ റോഡുകളിലൂടെ ഒന്നോ രണ്ടോ മണിക്കൂര്‍ വണ്ടിയോടിച്ചു. റെഡ്ലൈറ്റില്‍ കാത്തുകിടക്കുമ്പോഴും ഹൈവേയില്‍ കയറേണ്ടി വന്നില്ലല്ലോ എന്ന് ഞാനാശ്വസിച്ചു. 

ഒരിക്കല്‍ ഡോക്ടറെ കാണാന്‍ പോകുന്ന വഴിയായിരുന്നു. പതിവ് പോലെ ഫീഡറിലൂടെയാണ് യാത്ര. മാര്‍ച്ച് മാസം അവസാനിക്കാറായിരുന്നു. വഴികള്‍ക്ക് ഇരുവശവുമുള്ള മരങ്ങള്‍ മനോഹരമായി പൂത്തു നില്‍ക്കുന്നു. തണുപ്പില്‍ കരിഞ്ഞുണങ്ങിയിരുന്ന ചെടിത്തലപ്പുകള്‍ പുതുനാമ്പുകളായി ഉണര്‍ന്നു വരുന്നു. ആകാശം നിറയെ പലരൂപങ്ങളില്‍ വെള്ളിമേഘങ്ങള്‍. എന്റെ മനസ്സ് മേഘങ്ങള്‍ക്കൊത്ത് ഒഴുകിത്തുടങ്ങി. ലാഘവമാര്‍ന്ന ഒരു സ്വപ്നത്തിലെന്നോണം ഉള്ളിലൊരു ചിരി വിടര്‍ന്നു. ഇടത് വശത്തെ ലൈനില്‍ ആയിരുന്ന വണ്ടി ഞാനറിയാതെ ഹൈവേയിലേക്കുള്ള വഴിയിലേക്ക് കയറി. കയറിക്കഴിഞ്ഞാണ് ഇത് ഹൈവേ ആണെന്ന് തിരിച്ചറിയുന്നത്. തിരിച്ചിറങ്ങാന്‍ ഒരു വഴിയുമില്ല. ഒറ്റ നിമിഷത്തില്‍ മനസ്സിലെ പുല്‍നാമ്പുകള്‍ കരിഞ്ഞുണങ്ങി. വെള്ളിമേഘങ്ങള്‍ കരിമേഘങ്ങളായി. നെഞ്ചിടിപ്പ് ഉയര്‍ന്നു. സ്റ്റിയറിങ്ങില്‍ ഇരുന്ന എന്റെ കൈകള്‍ വിറച്ചു. വണ്ടി ഒരുഫ്ളൈഓവറിന്റെ മുകളിലൂടെ പോകുകയായിരുന്നു. ഇരുവശത്തേക്കും താഴെക്കുമൊക്കെ നോക്കിയപ്പോള്‍ പേടികൊണ്ട് എവിടെയെങ്കിലും വണ്ടി ഇടിപ്പിക്കുമെന്ന് എനിക്ക് തന്നെ തോന്നി.

മണിക്കൂറുകള്‍ പോലെ തോന്നിച്ച പത്ത് മിനിട്ടിനു ശേഷം ലക്ഷ്യത്തിലേക്കുള്ള എക്‌സിറ്റില്‍ ഇറങ്ങിയപ്പോഴും ഞാന്‍ വിറക്കുന്നുണ്ടായിരുന്നു. പാര്‍ക്കിങ് ലോട്ടില്‍ എത്തിയപ്പോള്‍ പിന്നെയും ധാരാളം സമയം ബാക്കി. വണ്ടി പാര്‍ക്ക് ചെയ്ത് ഞാന്‍ എന്നെത്തന്നെ ഒന്ന് നോക്കി. പിന്നെ ഉടല്‍ കുലുങ്ങിവിറച്ച് എന്തിനെന്നറിയാതെ കരഞ്ഞു. തീരെ നിസ്സാരമായ ഒരു ഭയം മനസ്സിനെ എത്രമാത്രം ബാധിച്ചിരുന്നുവെന്ന് അപ്പോഴാണ് തിരിച്ചറിയുന്നത്.

തിരികെയുള്ള യാത്രയില്‍ ഹൈവേ വഴി പോകാന്‍ GPS സെറ്റ്‌ചെയ്തു. പത്തു മിനിട്ടിനുള്ളില്‍ തിരികെ വീട്ടിലെത്തുമ്പോള്‍ മനസ്സ് നിറയെ സന്തോഷമായിരുന്നു. ലോകം കീഴടക്കിയില്ല, പക്ഷേ ഒരു ഭയത്തെ കീഴടക്കി. 

ഇനിയും ഏറെയുണ്ട്, പൊട്ടിച്ചെറിയാനുള്ള ഭയത്തിന്റെ നൂലുകള്‍. ഒരുപക്ഷേ അതിജീവിച്ച ഭയങ്ങളെക്കാള്‍ ഇനിയും മറികടക്കാനുള്ളവയാകും നമ്മുടെയൊക്കെ ജീവിതത്തില്‍ ഏറെയുണ്ടാവുക. കരിപുരണ്ട രാവുകളും വെളിച്ചമില്ലാത്ത പകലുകളും ചേര്‍ന്ന് മനസ്സിന്റെ അടിത്തട്ടില്‍ ഒട്ടിച്ചുവെച്ചിരിക്കുന്ന ഭയത്തിന്റെ തുണ്ടുകള്‍. 'നിനക്കിത് പറ്റില്ല' എന്ന്‌നിരന്തരം ഓര്‍മ്മിപ്പിച്ച് കൊണ്ട് ജീവിതത്തിന്റെ സൗന്ദര്യം അടച്ചുകളയുന്ന ഭയത്തിന്റെ വേരുകള്‍. ചിലപ്പോള്‍ ഒറ്റ നിമിഷമേ വേണ്ടൂ, പേടിയുടെ ആഴങ്ങളില്‍ നിന്ന് ഉയര്‍ന്ന് വരാന്‍. ഭയത്തിന്റെ വേരുകള്‍ മുറിഞ്ഞു പോകുമ്പോള്‍ തോന്നും ഈ ജീവിതം എത്ര സുന്ദരമാണെന്ന്. 

അമീര്‍ഖാന്റെ കഥാപാത്രം തന്റെ സ്വപ്നസാക്ഷാല്‍ക്കാരത്തിനായി പെണ്‍മക്കളെ ഗുസ്തിപഠിപ്പിക്കുന്ന കഥ പറയുന്ന ചിത്രമാണ് ദംഗല്‍. ആ ചിത്രത്തില്‍ നിരന്നു നില്‍ക്കുന്ന ആണ്‍കുട്ടികളില്‍ നിന്ന് മകള്‍ എതിരാളിയെ തിരഞ്ഞെടുക്കുന്ന ഒരു രംഗമുണ്ട്. സ്വാഭാവികമായും ഏറ്റവും ശക്തി കുറഞ്ഞത് എന്ന് തോന്നുന്നവനെയാണ് അവള്‍ തിരഞ്ഞെടുക്കുമെന്ന് എല്ലാവരും പ്രതീക്ഷിക്കുന്നത്. പക്ഷേ ആ പെണ്‍കുട്ടി കൂട്ടത്തില്‍ ഏറ്റവും ബലവാനെ തിരഞ്ഞെടുക്കുന്നു. വിജയിക്കുമോ ഇല്ലയോ എന്നത് പിന്നെ പ്രധാനമേയല്ല. അവളുടെ ഉള്ളിലെ ഭയത്തെ അവള്‍ കീഴടക്കി എന്നതാണ് ഏറ്റവും പ്രധാനമെന്ന് അച്ഛന്‍ കാണികളില്‍ ഒരാളോട് പറയുന്നു. 

അതേ, ഉള്ളിലുയരുന്ന ഭയത്തെ കീഴടക്കുക തന്നെയാണ് ഏറ്റവും പ്രധാനം. അതാണ് വിജയത്തിന്റെ ആദ്യ ചവിട്ടുപടിയും.


 

Follow Us:
Download App:
  • android
  • ios