പാട്ടോര്‍മ്മ. ഒരൊറ്റ പാട്ടിനാല്‍ ചെന്നെത്തുന്ന ഓര്‍മ്മയുടെ മുറികള്‍, മുറിവുകള്‍. ഷര്‍മിള സി നായര്‍ എഴുതുന്ന കോളം | Paattorma A column on Music love and memory by Sharmila C Nair 

മകളുടെ അഭാവം പാട്ടുകൊണ്ട് മായ്ക്കാന്‍ നോക്കുന്നൈാരമ്മ, കാതില്‍ അവളുടെ പാട്ടുകള്‍!

2025 ഡിസംബര്‍ 13 വെളുപ്പിന് 4 മണി. നിയമസഭാ സമുച്ചയത്തിന് സമീപം ഞങ്ങള്‍ കുറച്ച് പേര്‍ കൂടിനില്‍ക്കുന്നു. ഒരു മൂന്നാര്‍ യാത്രയ്ക്കുള്ള ഒരുക്കമാണ്. കൗമാരക്കാരുടെ വിനോദയാത്ര പോലെ, ബസിന്റെ സൈഡില്‍ ബാനറൊക്കെ കെട്ടിയിട്ടുണ്ട്. 'ഒപ്പം.'

'ഒപ്പം' ഞങ്ങളുടെ ലോ കോളേജ് കൂട്ടായ്മയുടെ പേരാണ്. ഞങ്ങളുടെ 2025-ലെ സമാഗമമാണ് മൂന്നാറില്‍ നടക്കാന്‍ പോവുന്നത്. തിരക്കുകള്‍ക്ക് താല്‍ക്കാലിക വിടനല്‍കി പറ്റുന്നവരെല്ലാം എത്തുന്നുണ്ട്. ലോക്കല്‍ ബോഡി ഇലക്ഷനില്‍ സ്ഥാനാര്‍ത്ഥികളായതിനാല്‍ വരാനാവാത്ത ചില സ്ഥിരം പ്രതിനിധികളുടെ അഭാവം വിഷമമായി നില്‍ക്കുന്നുണ്ട്. എങ്കിലും എല്ലാവരും ഉത്സവ മൂഡിലാണ്.

അവസാനത്തെ ആളും എത്തുമ്പോള്‍ 4.30 ആയിരുന്നു. പാട്ടും തമാശയുമൊക്കെ ആയി യാത്രയുടെ ദൈര്‍ഘ്യം അറിയുന്നതേയില്ല. എത്ര പ്രിയപ്പെട്ടവരോടൊപ്പമുള്ള യാത്രയാണെങ്കിലും ഇടയിലല്പനേരം ഞാനെന്റെ വഴിയിലൂടെ സഞ്ചരിക്കാറുണ്ട്. അന്നേരം, മനസ്സൊരു പാട്ടു മൂളി പിന്നിലേയ്ക്ക് പായും. ഇപ്പോഴുമതേ. ഒരു കുട്ടിഫ്രോക്കുകാരി പുസ്തകം തുറന്ന് വച്ച് റേഡിയോയ്ക്ക് കാതോര്‍ക്കുന്നു. റേഡിയോയില്‍ നിന്നൊഴുകിയെത്തുന്ന മധുരസ്വരം. അതിനൊത്ത് അകത്തുനിന്നൊരു മൂളലുയരുന്നുണ്ട്.

''എന്താടി പുസ്തകം വച്ച് മിഴിച്ചിരിക്കുന്നത്. ഉറക്കം വരുന്നേല്‍ പോയിക്കിടന്നുറങ്ങ്.'' കണ്ണുരുട്ടി കടന്നുപോവുന്നു അമ്മ. അതിനിടയിലും അവളാ ഗാനത്തിന് കാതോര്‍ത്തു.

YouTube video player

'സീമന്തരേഖയില്‍ ചന്ദനം ചാര്‍ത്തിയ
ഹേമന്ത നീലനിശീഥിനീ
മാനസദേവന്റെ ചുംബന പൂക്കളോ
സ്‌മേരവതീ നിന്റെ ചൊടിയിണയില്‍
ചൊടിയിണയില്‍.. '

1977ല്‍ പ്രദര്‍ശനത്തിനെത്തിയ 'ആശീര്‍വാദം' എന്ന ഐ.വി. ശശി ചിത്രം. പാട്ടുകളെല്ലാം ഭരണിക്കാവ് ശിവകുമാറിന്റെതായിരുന്നു. അതില്‍ അദ്ദേഹത്തിന്റെ കൈയ്യൊപ്പ് പതിഞ്ഞ രചന. പ്രണയഗാനങ്ങളുടെ തോഴനായ അര്‍ജ്ജുനന്‍ മാഷിന്റെ സംഗീതം. വാണി ജയറാമിന്റെ പ്രണയാതുരമായ ആലാപനം. വശ്യസുന്ദരമായ ഗാനം.

വിധുബാലയും എം ജി സോമനുമാണ് ഗാനരംഗത്ത്.

ഈ പാട്ട് മൂളി, എയര്‍ഫോഴ്‌സിലുള്ള ചിറ്റപ്പന് കത്തെഴുതുകയാണ് കുഞ്ഞമ്മയെന്ന് അവള്‍ക്കറിയാം. വരികളുടെ അര്‍ത്ഥമറിയാതെ മന:പാഠമാക്കിയ ഗാനങ്ങളിലൊന്നാണ്. ഇപ്പോഴും ഈ പാട്ടുകേള്‍ക്കുമ്പോള്‍ വിധുബാലയുടെ സ്ഥാനത്ത് ഞാന്‍ കുഞ്ഞമ്മയെ പ്രതിഷ്ഠിക്കാറുണ്ട്. കത്തെഴുതിക്കൊണ്ട് കുഞ്ഞമ്മ പാടുന്ന ചിത്രം മനസില്‍ തെളിയും.

വൃശ്ചികമാനത്തെ പന്തലില്‍ വെച്ചോ
പിച്ചകപ്പൂവല്ലിക്കുടിലില്‍ വെച്ചോ
ആരോടും ചിരിക്കുന്ന കുസൃതിക്കു പ്രിയദേവന്‍
ജീരകക്കസവിന്റെ പുടവതന്നൂ
പട്ടുപുടവ തന്നൂ

നീ ശ്രീമംഗലയായി അന്നു നീ
സീമന്തിനി ആയി

ചുട്ടുപൊള്ളുന്ന മനസ്സിലേയ്ക്ക് ഒരു മഞ്ഞുകണം അരിച്ചിറങ്ങും പോലെ വാണിയമ്മയുടെ മധുര സ്വനം ഒഴുകിയെത്തുമ്പോള്‍ ഇന്നും ഗൃഹാതുരത്വമുണര്‍ത്തുന്ന കുറേ ഓര്‍മ്മകള്‍ തെളിയും മനസ്സില്‍. ഇത്തരം ഓര്‍മ്മകള്‍ തന്നെയാവണം ഈ ഗാനത്തിനോടുള്ള പ്രിയമെന്ന് ചിലപ്പോഴൊക്കെ തോന്നാറുണ്ട്. എങ്കിലും ഈ പാട്ടിനെ നെഞ്ചോട് ചേര്‍ക്കുന്ന ദീപ്തമായ മറ്റൊരോര്‍മ്മ കൂടിയുണ്ട്. സരയു.. ആ പേരിനെ ചുറ്റിയൊരു കഥയും. പേരുപോലെ മനോഹരിയായൊരു പെണ്‍കുട്ടി.

പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് സരയു എന്റെ മനസ്സിലേക്ക് കടന്നു വരുന്നത്. ഗുരുവായൂരമ്പലത്തിന്റെ തെക്കേനടയില്‍ ഗോപുരം മാനേജരുടെ അടുത്തേയ്ക്ക് പാസ് വാങ്ങാനുള്ള ക്യൂവില്‍ എനിക്ക് മുന്നില്‍ നിന്നിരുന്ന പെണ്‍കുട്ടി. വസ്ത്രധാരണത്തിലെ പ്രത്യേകത കൊണ്ടാവണം അവള്‍ ശ്രദ്ധയില്‍പ്പെട്ടത്. എനിയ്ക്ക് തീരെ താല്‍പര്യമില്ലാത്ത ലാവണ്ടര്‍ കരയുള്ള മുണ്ടും നേര്യതും. അവള്‍ക്കത് നന്നായിണങ്ങുന്നുണ്ടായിരുന്നു. മുടിയില്‍ തിരുകിയ ലാവണ്ടര്‍ നിറത്തിലുള്ള തെച്ചിപൂവും കൂടിയായപ്പോള്‍ പഴയ കാല നടിമാരെ ഓര്‍മ്മപ്പെടുത്തി. അവള്‍ ഒറ്റയ്ക്കായിരുന്നു. ഞാനും. തൊഴുതുമടങ്ങുമ്പോള്‍ വീണ്ടും അവളെ കണ്ടു. കളഭം വാങ്ങാനുള്ള ക്യൂവില്‍, പിന്നെ എനിക്കേറെ പ്രിയമുള്ള കുന്നിമണികള്‍ വാങ്ങാന്‍ നില്‍ക്കുമ്പോള്‍. അവളും കുന്നി മണികള്‍ വാങ്ങുന്നത് കണ്ടപ്പോള്‍ എന്തോ ഒരിഷ്ടം തോന്നി അവളോട്. മനസ്സ് ഒരു പാട്ടിന്റെ പല്ലവി മൂളി...

YouTube video player

''കുന്നിമണിച്ചെപ്പുതുറന്നെണ്ണിനോക്കും നേരം
പിന്നില്‍വന്നു കണ്ണുപൊത്തും തോഴനെങ്ങുപോയി
കാറ്റുവന്നു പൊന്‍മുളതന്‍ കാതില്‍മൂളും നേരം
കാത്തുനിന്നാത്തോഴനെന്നെ ഓര്‍ത്തുപാടും പോലെ...''

കാത്തു നില്‍ക്കാന്‍ ആരുമില്ലാതിരുന്ന കാലത്തേ മനസില്‍ ചേക്കേറിയ ഗാനമാണ്. തട്ടാന്‍ ഭാസ്‌ക്കരനിലൂടെ ഒരു നാട്ടിന്‍ പുറത്ത്കാരന്റെ പച്ചയായ ജീവിതം ആവിഷ്‌ക്കരിച്ച 'പൊന്‍മുട്ടയിടുന്ന താറാവ്' എന്ന ചിത്രം. ഒ എന്‍ വിയുടെ വശ്യസുന്ദരമായ വരികള്‍ക്ക് ജോണ്‍സണ്‍ മാഷിന്റെ സംഗീതം. കെ. എസ് ചിത്രയുടെ മനോഹരമായ ആലാപനം. ഇന്നും കുന്നിമണികള്‍ കണ്ടാല്‍ മനസ്സീ പാട്ട് മൂളും. അവളുടെ മനസ്സിലും ഈ വരികളായിരിക്കുമോന്ന് വെറുതേയോര്‍ത്തു.

ഹോട്ടലിലേക്ക് നടക്കുമ്പോള്‍ അവളുമുണ്ടായിരുന്നു. അവളായിരുന്നു സംസാരിച്ചു തുടങ്ങിയത്. കോഴിക്കോട്ടുകാരിയാണ്. ഗണിതശാസ്ത്രത്തില്‍ പിജി ഉണ്ട്. കുട്ടികള്‍ക്ക് ട്യൂഷന്‍ എടുക്കുന്നു.

ഹോട്ടലെത്തുമ്പോഴേയ്ക്കും മൊബൈല്‍ നമ്പര്‍ കൈമാറിയായിരുന്നു ഞങ്ങള്‍ പിരിഞ്ഞത്. മാസങ്ങള്‍ക്ക് ശേഷമാണ് പിന്നീട് അവളുടെ ഒരു മെസേജ് വരുന്നത്. പിന്നെ അതൊരു പതിവായി. നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് അവളുടെ പിജി ബാച്ചിന്റെ കൂടിച്ചേരലിന് തിരുവനന്തപുരം വന്നപ്പോഴാണ് ഒടുവില്‍ കാണുന്നത്. അവളാദ്യമായിട്ടായിരുന്നു ആ കൂടിച്ചേരലിന് എത്തുന്നത്.അന്നാണ് അവളാ കഥ പറയുന്നത്.

എല്ലാവരും നിര്‍ബ്ബന്ധിച്ചിട്ടാണ് കൂടിച്ചേരലില്‍ അവള്‍ പാടാനായി ഒരുങ്ങിയത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍ത്തിയതാണ് പാട്ടും ഡാന്‍സുമൊക്കെ. മൈക്കിന് മുന്നിലെത്തിയത് മാത്രമേ ഓര്‍മ്മയുണ്ടായിരുന്നുള്ളൂ. വാണിയമ്മയുടെ ഫാനായ അവള്‍, നിര്‍ത്താത്ത കൈയ്യടി ഉയര്‍ന്നപ്പോഴാണ് പാടിക്കഴിഞ്ഞത് പോലും അറിയുന്നത്. അത്രയ്ക്ക് ലയിച്ച് പാടുകയായിരുന്നു. പഠിക്കുന്ന കാലത്ത് സ്ഥിരം പാടാറുണ്ടായിരുന്ന ഗാനം. എല്ലാവരും കൈയ്യടി നിര്‍ത്തിയപ്പോഴും അവന്‍ മാത്രം അത് തുടര്‍ന്നു. അവളെപ്പോലെ അവനും വാണിയമ്മയുടെ ഫാനായിരുന്നു.

ഒരേ ക്ലാസിലായിട്ടും ആദ്യമൊന്നും അവര്‍ അധികം ശ്രദ്ധിച്ചിട്ടേ ഉണ്ടായിരുന്നില്ല. അന്നൊക്കെ ക്ലാസിലിരുന്ന് അവള്‍ പാടാറുണ്ടായിരുന്ന ആ പാട്ടായിരുന്നു അവരെ തമ്മിലടുപ്പിച്ചത്. ആ അടുപ്പത്തിന് ഒരു വര്‍ഷത്തെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ. ഒരാക്‌സിഡന്റില്‍പെട്ട് നടുവിന് ക്ഷതം സംഭവിച്ച് അവള്‍ കിടപ്പായി. കോഴ്‌സും മുടങ്ങി. ആദ്യ നാളുകളിലൊക്കെ അവന്‍ കാണാനായി ചെന്നിരുന്നു. പിന്നീട് അവനെ കാണാന്‍ അവള്‍ കൂട്ടാക്കിയില്ല. മനസ്സിനെ അങ്ങനെ ട്രെയിന്‍ ചെയ്യുകയായിരുന്നു. വര്‍ഷങ്ങള്‍ നീണ്ട ചികിത്സയ്‌ക്കൊടുവില്‍ അവള്‍ ജീവിതത്തിലേക്ക് മടങ്ങിവരുമ്പോള്‍ അവന്‍ വിവാഹിതനായിരുന്നു. പതിയെ പതിയെ എല്ലാം ഓര്‍മ്മയില്‍ നിന്നേ മാഞ്ഞു.

വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പി.ജി സമാഗമത്തില്‍ അവര്‍ തമ്മില്‍ കാണുന്നത്. നല്ല സുഹൃത്തുക്കളായി തുടരണമെന്ന് അവന്‍ പറഞ്ഞു. ഒരിയ്ക്കല്‍ പ്രണയിച്ചവര്‍ക്ക് ഒരിയ്ക്കലും നല്ല സുഹൃത്തുക്കളായി തുടരാനാവില്ലെന്നായിരുന്നു അവളുടെ നിഗമനം. പ്രണയം പൂത്ത മനസ്സുകളില്‍ സൗഹൃദം വിടരില്ല. അതുകൊണ്ടുതന്നെ അവളാ നിര്‍ദ്ദേശം സ്വീകരിച്ചില്ല. നമ്പര്‍ കൂടി വാങ്ങിയില്ല. പിന്നീട് ഒരു കൂടിച്ചേരലിനും പോയില്ല.

'മറ്റൊരു സ്ത്രീയുടെ ശാപം കൂടി താങ്ങാന്‍ ഈ ശരീരത്തിനും മനസിനും ശേഷിയില്ല ചേച്ചീ...' അവളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു. നിരാശ കലര്‍ന്ന ആ വാക്കുകള്‍ ഇപ്പോഴും ചെവിയില്‍ മുഴങ്ങുന്നുണ്ട്. വിധി തട്ടിത്തെറിപ്പിച്ച അവളുടെ ജീവിതമോര്‍ത്തപ്പോള്‍ എന്റെ കണ്ണുകളും നിറഞ്ഞിരുന്നു.

വല്ലപ്പോഴും മിണ്ടാറുള്ള ഒരിഷ്ടമായിരുന്നു അവള്‍. ചിലപ്പോള്‍ ആറ് മാസത്തിലൊരിക്കല്‍, ചിലപ്പോള്‍ അടുപ്പിച്ച്. കുറേ കാലങ്ങളായി അവളുടെ മെസേജൊന്നും ഇല്ലായിരുന്നു. അതുപോലും എന്റെ ശ്രദ്ധയില്‍പെട്ടിരുന്നില്ല. തിരക്കില്‍പെട്ട് ഞാനും അവളെ മറന്നു എന്നു തന്നെ പറയാം.

ആറ് മാസം മുമ്പ് കോഴിക്കോട് പോയപ്പോഴാണ് വീണ്ടും അവളെ ഓര്‍ത്തത്. വിളിച്ചപ്പോള്‍ അമ്മയാണ് ഫോണെടുത്തത്. അവള്‍ കുട്ടികള്‍ക്ക് ട്യൂഷന്‍ എടുക്കുകയാണെന്നാണ് അമ്മ പറഞ്ഞത്. എന്തായാലും പോവാന്‍ തീരുമാനിച്ചു. ഏകദേശം ലൊക്കേഷന്‍ ഓര്‍മ്മയുണ്ട്. സ്ഥലത്ത് എത്തിയപ്പോള്‍ അധികം ചോദിക്കേണ്ടി വന്നില്ല. അവളുടെ അനിയത്തി അവിടെ കൗണ്‍സിലര്‍ ആയിരുന്നു. വീട്ടിലേക്ക് കയറുമ്പോള്‍ പൂമുഖ തിണ്ണയില്‍ അമ്മയുണ്ട്. അടുത്തായി പഴയൊരു ടേപ്പ് റിക്കോര്‍ഡറും. ഗൃഹാതുരത്വമുണര്‍ത്തുന്ന ഒരു കാഴ്ച. പാട്ടില്‍ ലയിച്ചിരിക്കുന്ന അമ്മയുടെ മുഖത്ത് ഒരു ഭാവഭേദവുമില്ല. വാണിയമ്മയുടെ, എന്റെ, അവളുടെ പ്രിയഗാനം. ചരണത്തിലെത്തിയിരിക്കുന്നു

'''ആറാട്ടുഗംഗാതീര്‍ഥത്തില്‍ വെച്ചോ
ആകാശപ്പാലതന്‍ തണലില്‍ വെച്ചോ
മുത്തിന്മേല്‍ മുത്തുള്ള സ്‌നേഹോപഹാരം
മുഗ്ദ്ധവതീ ദേവന്‍ നിനക്കുതന്നു

ദേവന്‍ നിനക്കുതന്നു

നീ പുളകാര്‍ദ്രയായി അന്നു നീ
സ്‌നേഹവതി ആയി..''

വീണ്ടും അമ്മ ആ പാട്ടു തന്നെ പ്ലേ ചെയ്യുന്നു. എന്നെ കണ്ട ഭാവമേയില്ല. പൂമുഖത്ത് ശബ്ദം കേട്ടിട്ടാവണം അകത്ത് നിന്നൊരാള്‍ ഇറങ്ങി വന്നു. അവളുടെ അനിയത്തിയാണ് . അവള്‍ സ്വയം പരിചയപ്പെടുത്തി. മയൂരി.. എന്നിട്ട് എന്നെ മനസിലാവാത്ത ഭാവത്തില്‍ നെറ്റിചുളിച്ചു.

സരയൂന്റെ ഒരു കൂട്ടുകാരിയാണ്. ഇതുവഴി പോയപ്പോള്‍ ഒന്നു കാണാന്‍ കയറിയതാണ്.

പെട്ടെന്നവളുടെ മുഖത്ത് മ്ലാനത നിറയുന്നു. 'ചേച്ചി പോയി. നാല് മാസമായി. അതില്‍ പിന്നെ അമ്മ ടേപ്പ് റിക്കോര്‍ഡര്‍ നിലത്ത് വയ്ക്കാറില്ല. പലപ്പോഴും ഈ പാട്ട് ആവര്‍ത്തിച്ച് കേട്ടുകൊണ്ടിരിക്കും. ഇപ്പോഴും ചേച്ചി ഇവിടുണ്ടെന്നാണ് അമ്മ കരുതുന്നത്.'

അവളെ കേട്ടിരിക്കെ, ഖലില്‍ ജിബ്രാന്റെ ഉദ്ധരണി എപ്പോഴും പറയാറുള്ള ഇംഗ്ലീഷ് മാഷിന്റെ മുഖം മനസ്സില്‍ തെളിഞ്ഞു.

''ആത്മാവിന്റെ മൊഴിയാണ് സംഗീതം. കലഹങ്ങളെ മായ്ച്ച് സമാധാനം നിറയ്ക്കുന്ന അത് ജീവിതത്തിന്റെ നിഗൂഢതകളിലേക്കുള്ള വഴികാട്ടിയാണ്.'

അപ്പോഴും പൂമുഖത്തു നിന്ന് വാണിയമ്മയുടെ പാട്ട് കേള്‍ക്കുന്നുണ്ടായിരുന്നു. ഞാന്‍ ചുവരിലെ ചിത്രത്തിലേക്ക് നോക്കിയിരുന്നു. ലാവണ്ടര്‍ കരയുള്ള മുണ്ടും നേര്യതും ചുറ്റി, ലാവണ്ടര്‍ നിറത്തിലെ തെച്ചിപ്പൂവ് ചൂടിയ ചിത്രം.

ലാവണ്ടര്‍ നിറത്തിനോട് എനിയ്ക്ക് വല്ലാത്തൊരിഷ്ടം തോന്നി.