പിന്നീടാണ് ആ വീട്ടിലേയ്ക്ക് മൂന്നു പെണ്ണുങ്ങള്‍ കയറി വരുന്നത്. അവരിലൊരാള്‍ അമ്മയാണ്. നവജാത ശിശുവിന്റെ അമ്മ. അമ്മയും കുഞ്ഞുമായി നായകന്‍ ആ വീട്ടിലേയ്ക്ക് വള്ളം തുഴഞ്ഞ് വരുന്ന, പാട്ടിന്റെ അവസാന ഭാഗത്ത് കായലിലെ കുഞ്ഞോളങ്ങളും, കാറ്റും, തോണിയും, വെയിലും എല്ലാം കഥാപാത്രങ്ങളാവുന്നു. മുലപ്പാലിന്റെ ഗന്ധം, കാറ്റിന്റെ സ്പര്‍ശം, വെയിലില്‍ തിളങ്ങുന്ന പെണ്മുഖം! മാതാവായ മാലാഖ! കരയില്‍ നിന്നും അതുകണ്ട് നില്‍ക്കുന്ന മറ്റുള്ളവര്‍. അവര്‍ക്കു പിന്നില്‍  നിശ്ശബ്ദമായി ആ വീട്. ആ താരാട്ടിന്റെ ഈണത്തിനു ഇന്നിന്റെ ഗന്ധമാണ്, പുതുമയുടെ ഭാവമാണ്. കാമറ മെനയുന്ന കവിത തന്നെയാണത്. ദൃശ്യങ്ങള്‍ പാടുന്ന പാട്ട്. 

 

 

കൊവിഡ് കാലത്താണ് ആ കാഴ്ച നമ്മള്‍ കണ്ടത്. മരണം പടരുന്ന ഇറ്റലിയില്‍നിന്നുള്ള ചില വീഡിയോകള്‍. അടുത്തടുത്ത വീടുകളുടെ ബാല്‍ക്കണികള്‍ ആയിരുന്നു അതില്‍. ചില ബാല്‍ക്കണികളില്‍ മനുഷ്യര്‍ ഗിറ്റാര്‍ വായിച്ചുകൊണ്ട് പാടുന്നു. അടുത്തുള്ള ബാല്‍ക്കണികളില്‍, വീടിനകത്ത് അടഞ്ഞുപോയ അനേകം മനുഷ്യര്‍ അത് കണ്‍ചിമ്മാതെ കണ്ടു നില്‍ക്കുന്നു, ഹൃദയം തുറന്ന് ആ പാട്ടുകളില്‍ ലയിക്കുന്നു. 

ഇറ്റലിയില്‍ മഹാമാരി മരണം വിതയ്ക്കുന്ന നേരമായിരുന്നു. ചുറ്റും യാതനകളുടെ, വേദനയുടെ, രോഗപീഡകളുടെ ശവഗന്ധം തങ്ങി നില്‍ക്കുന്നു. ഏതു സമയവുമെത്താവുന്ന വൈറസിനെക്കുറിച്ചുള്ള ഭീതിയായിരുന്നു മനുഷ്യരുടെ ഉള്ളില്‍. മുഖമറകള്‍ ധരിച്ചും കൈകള്‍ സാനിറ്റെസറില്‍ മുക്കിയും രോഗത്തോട് മുഖാമുഖം നില്‍ക്കുകയാണവര്‍. ശ്മശാനങ്ങളില്‍ മൃതദേഹങ്ങള്‍ നിറഞ്ഞു കവിഞ്ഞിരുന്നു. തെരുവുകളാകെ, രോഗബാധയില്‍ വിറങ്ങലിച്ചിരുന്നു. അന്നേരമാണ്, വീടുകളില്‍ ഒറ്റപ്പെട്ടുപോയ മനുഷ്യര്‍ പാട്ടു കൊണ്ട് സഹജീവികളെ ചേര്‍ത്തുപിടിക്കാന്‍ ശ്രമിച്ചത്. അതിജീവന ശ്രമമായിരുന്നു അത്. ബാല്‍ക്കണികളില്‍നിന്നു ബാല്‍ക്കണികളിലേക്ക് നീളുന്ന സംഗീതത്തിന്റെ അദൃശ്യമായ ആലിംഗനങ്ങള്‍. 

മനുഷ്യര്‍ എന്ന നിലയില്‍ അവര്‍ ചെയ്ത ഏറ്റവും സര്‍ഗ്ഗാത്മകമായ പങ്കുവെയ്ക്കലായിരുന്നു അത്. കൊറോണ വൈറസ് വലിച്ചടച്ച സാമൂഹ്യജീവിതത്തിനകത്തുനിന്നുകൊണ്ട്, കൂടിച്ചേരലുകള്‍ അന്യമാക്കുന്ന സാഹചര്യങ്ങളോട് അകലം പാലിച്ചുകൊണ്ടുള്ള സര്‍ഗാത്മകമായ ചെറുത്തുനില്‍പ്പ്. ആലിംഗനങ്ങള്‍ക്കും, ഹസ്തദാനങ്ങള്‍ക്കും പകരമായി മഹാമാരിയുടെ കാലത്ത് അവര്‍ കണ്ടുപിടിച്ച മനോഹരമായ പാരസ്പര്യം-സംഗീതം!

 

 

കൊറോണക്കാലത്ത് പാട്ട് അതു മാത്രമായിരുന്നില്ല. പല നേരങ്ങളില്‍, പല സാഹചര്യങ്ങളില്‍ പലതായി അത് നിറം മാറിക്കൊണ്ടിരുന്നു. ബാക്കിയുള്ള പ്രതീക്ഷകള്‍ നിലനിര്‍ത്താനുള്ള പാലമായി, പാട്ട്. സംഗീതം അവിടെ അതിജീവനത്തിന്റെ, സാന്ത്വനത്തിന്റെ മാര്‍ഗമായി മാറുകയായിരുന്നു. ജനാലകളും വാതിലുകളുമായി ഒരു വീടിന്റെ പലതുമായി പാട്ടുകള്‍ മാറിയ കാലം കൂടിയായിരുന്നു അത്. രാപ്പകല്‍ വ്യത്യാസമില്ലാതെ ആംബുലന്‍സുകള്‍ ചീറിപ്പാഞ്ഞോടിയിരുന്ന സമയങ്ങള്‍. 

അത്രയ്ക്ക് സ്വകാര്യമായിരുന്നു, കൊറോണക്കാലത്തെ പാട്ടനുഭവങ്ങള്‍. ഒറ്റപ്പെട്ട ദ്വീപുകളില്‍ അകപ്പെട്ടു പോകുമ്പോള്‍ പാട്ടുകള്‍ നമ്മുടെ സ്വകാര്യ ലോകങ്ങളായി മാറി. വീടുകള്‍ക്കകത്ത് അടഞ്ഞുപോയ നേരങ്ങളില്‍ അത് സ്വയം ചേര്‍ത്തുനിര്‍ത്തി. ഏകാന്തതയുടെ ഭാരംവലിച്ച് കുഴയുന്ന നേരങ്ങളില്‍ ആശ്രയത്തിന്റെ കൈത്തലമായി. തൊഴിലില്ലാതായും രോഗം ബാധിച്ചും മരിച്ചും അനാഥരായുമൊക്കെ സഹജീവികള്‍ ദുരിതങ്ങളിലേക്ക് മറിഞ്ഞുവീഴുന്നത് നിസ്സഹായരായി കണ്ടുനിന്നപ്പോള്‍ പാട്ടുകള്‍ ഉള്ളില്‍ മറ്റേതോ കാലത്തെ കൊളുത്തിവെച്ചു. പാട്ടുകളും കവിതകളും ചിത്രങ്ങളും സിനിമകളും ഒക്കെ കാറ്റും വെളിച്ചവും കടത്തി വിടുന്ന ജനാലകളായി മാറി.

ഒരുപക്ഷെ പാട്ടുകളായിരിയ്ക്കും ലോക്ക്ഡൗണ്‍ കാലങ്ങളില്‍ ഏറ്റവും എളുപ്പത്തില്‍ എല്ലാ വീടുകളിലേക്കും ഒഴുകിയെത്തിയ ഒരു മാധ്യമം. ഒരു തലമുറ പണിതു വെച്ച പാട്ടുകളുടെ വലിയൊരു ലോകത്തിലേയ്ക്ക് അടുത്ത തലമുറ ചേര്‍ത്തുവെച്ച പാട്ടുകള്‍ പുതിയ ചിന്തകളില്‍, പുതിയ കാഴ്ചകളില്‍, പുതിയ ശബ്ദത്തില്‍ വീടകങ്ങളില്‍ കയറിവന്ന് സാന്ത്വനമായി. അറുപതുകളിലെ പാട്ടുകളിലേയ്ക്ക് എഴുപതുകളിലെ പാട്ടുകളും എണ്‍പതുകളിലെ പാട്ടുകളും തൊണ്ണൂറുകളുടെ പാട്ടുകളും, രണ്ടായിരത്തിലെ പാട്ടുകളും കലര്‍ന്നൊഴുകി. 2020 വരെയുള്ള പാട്ടുകള്‍ ഒന്നിനു മുകളിലൊന്നായി, പുതിയ പുതിയ പാട്ടനുഭവങ്ങള്‍ കെട്ടിപ്പടുത്തു. പാട്ട് പല വഴികളായി ഒഴുകി. 

 

 


'ചെരാതുകള്‍' എന്ന പാട്ട്

കൊവിഡ് കാലത്ത്, പിന്നെയും കേട്ടപ്പോള്‍, സംഗീതത്തിന്റെ സാന്ത്വനഭാവം ഉള്ളില്‍ ഉയര്‍ത്തിയൊരു പാട്ടിനെക്കുറിച്ചാണ് ഇനി പറയേണ്ടത്. കുമ്പളങ്ങി നൈറ്റ്‌സിലെ 'ചെരാതുകള്‍' എന്ന പാട്ട്. 

ശബ്ദം പാട്ടിനു കൊടുക്കുന്ന അതേ വീര്യം (dynamics) അതിന്റെ ദൃശ്യങ്ങള്‍ക്ക് കിട്ടുന്നത് അപൂര്‍വ്വമാണ്. പാട്ടും വരികളും സംയോജിക്കുന്ന പോലെ പാട്ടും ദൃശ്യവും സംയോജിച്ചു ഒന്നാവുന്ന അനുഭവങ്ങള്‍ വളരെ ചുരുക്കമാണ്. സ്വരവും ദൃശ്യചാരുതയൂം കൊണ്ട് 'ചെരാതുകള്‍' എന്ന പാട്ട് ചെന്നുതൊടുന്നത് ഈ അപൂര്‍വ്വതയിലേക്കാണ്.   

താരാട്ട് എന്ന് കേള്‍ക്കുമ്പോള്‍ നമ്മള്‍  മൂളാന്‍ സാദ്ധ്യതയുള്ള ചില ഈണങ്ങളുണ്ട്- കേട്ട് ശീലിച്ചവ. ഈ സാദ്ധ്യതകള്‍ ഒട്ടും കലരാത്ത ഒരനുഭവമായിരുന്നു 'ചെരാതുകള്‍'. 'താരാട്ട്' എന്ന ഗണത്തില്‍ പെടുത്താവുന്നതു തന്നെയാണ് ഈ പാട്ട്. ഘടന കൊണ്ടോ, ശബ്ദം കൊണ്ടോ ഇതുവരെ കേള്‍ക്കാത്ത തരമൊരു താരാട്ട്. കുഞ്ഞിനെ ഉറക്കുന്ന താരാട്ടീണമല്ല അത്. ഗായികയുടെ ശബ്ദം നേരിട്ട് വന്ന് ആ സിനിമയിലെ കഥാപാത്രങ്ങളെ, കഥയ്ക്കു 'പുറത്ത്' നിന്ന്, 'സാന്ത്വനപ്പെടുത്തുന്നത്' പോലൊരനുഭവം. 'താരാട്ടു' പോലെ കഥാപാത്രങ്ങളെ ഉറക്കിവിടുന്ന ഒന്ന്. ആ സമയത്ത്, സിനിമയിലെ കഥാപാത്രങ്ങള്‍ക്ക് അങ്ങനെയൊരു സാന്ത്വനത്തിന്റെ ആവശ്യമുണ്ടായിരുന്നു. 

സ്ത്രീ സാന്നിദ്ധ്യമേ ഇല്ലാത്ത വീടായിരുന്നു അത്. ആ സിനിമയില്‍ കേന്ദ്രസ്ഥാനത്തു നില്‍ക്കുന്നുവെങ്കിലും ഒരു നിശ്ശബ്ദ സാന്നിധ്യമായിരുന്നു അമ്മ എന്ന ആ 'കഥാപാത്രം. അനാഥത്വം കൊണ്ട് വീട്ടിലുള്ളവരെല്ലാം പലതായി ചിതറിപ്പോയ ആ വീടിന് തീര്‍ത്തും അപരിചിതമായിരുന്നു അമ്മ എന്ന അനുഭവം.  അമ്മയുടെ ശബ്ദം, മനസ്സ്, സാന്നിദ്ധ്യം ഇതെല്ലാം ആദ്യമായി ആ വീടിന് അനുഭവവേദ്യമാകുന്നത് ഈ പാട്ടിലൂടെയാണ്. വീടിനകത്തും, പരിസരങ്ങളിലുമായി പടരുന്ന സ്ത്രീ ശബ്ദമാണത്. ആ വീടിനെ ആദ്യമായി തൊടുന്ന സാന്ത്വനം. ഒരുപക്ഷേ, ആ വീട്ടിലുള്ളവര്‍ ആദ്യമായി കേള്‍ക്കുന്ന താരാട്ടനുഭവം. 

ഇവിടെ സിതാര എന്ന ഗായിക തന്റെ ശബ്ദം കൊണ്ട്, സിനിമയിലെ കഥാപാത്രങ്ങളെ പാട്ടു പാടി തൊട്ടു സാന്ത്വനപ്പെടുത്തുന്നു. അരക്ഷിതത്വത്തിന്റെ കായലോളങ്ങളില്‍ മുങ്ങിത്താണ്, കണ്ണീര്‍ക്കയങ്ങളെ കരേറിടാന്‍, ഉള്ളിലെ നോവിന്റെ നീറലുകളെ കൊണ്ട് നടക്കുന്ന കഥാപാത്രങ്ങളെ സാന്ത്വനിപ്പിക്കുക എന്ന ഒരു കാര്യം ഗായിക നേരിട്ട് നിര്‍വ്വഹിയ്ക്കുന്നത് പോലെയാണത്. കുഞ്ഞിനെ അല്ല, മുതിര്‍ന്ന മനുഷ്യരെയാണ് ഇവിടെ താരാട്ടു പാടിയുറക്കുന്നത്. താരാട്ട് കേട്ട് കുഞ്ഞിനുണ്ടാവുന്നതു പോലെ ഒരുറക്കം അത്രയ്ക്ക് അനിവാര്യമായിരുന്നു ആ വീട്ടിലെന്ന് ഈ പാട്ടുരംഗങ്ങള്‍ പറയും! പൂച്ചക്കുഞ്ഞുങ്ങളെ താലോലിക്കുന്ന രംഗം, മേരിമാതാവും കുട്ടിയുമുള്ള  പ്രതിമ വരുന്ന രംഗം, രണ്ട് മരങ്ങള്‍ക്കിടയില്‍ കെട്ടിനിര്‍ത്തിയ വലയ്ക്കുള്ളില്‍ ഒരു പന്ത് ആടുന്ന രംഗം ഇതൊക്കെ ക്യാമറ പാടുന്ന താരാട്ടാണ്.

വീടിനകത്തെ ചെറിയ കാഴ്ചകളുടെ, ചെറുതുകളുടെ ഭംഗികളെ കൂട്ടിവെച്ച് കവിതയാക്കുന്ന രംഗങ്ങളാണ് ആ പാട്ടിലാകെ. മണ്ണും, പൊടിയും, കീറിയ തുണിയും, തയ്യല്‍ യന്ത്രവും എല്ലാം ആ രംഗങ്ങളില്‍ കഥാപാത്രങ്ങളാകുന്നു. വീട്ടിലെ മനുഷ്യരല്ലാത്ത സകലവസ്തുക്കളും ചേര്‍ന്ന് നിമിഷനേരം കൊണ്ട് ആ വീടിന്റെ കഥ പറയുന്നു. ആശ്രയമറ്റ അനുഭവങ്ങള്‍ പങ്കു വെയ്ക്കുന്നു-വീടിനു പുറത്തു, വാര്‍പ്പില്‍ വളരുന്ന ഒരു കള്ളിച്ചെടിയടക്കം!  

വീട്ടിലെ സകലചരാചരങ്ങളും ആ പാട്ടിന്റെ സാന്ത്വനത്തില്‍ സൂര്യ വെളിച്ചം തട്ടിയുണരുന്നുണ്ട്, ചിലവ ഉറങ്ങുന്നുണ്ട്. അതിലെ കഥാപാത്രങ്ങള്‍ ആ പാട്ടില്‍ മയങ്ങുന്നുണ്ട്, ഉറങ്ങുന്നുണ്ട്, ചിന്തയുടെ ആഴങ്ങളിലേക്ക് വീണുപോകുന്നുണ്ട്. ആ വീടിന് ഒരു പുതുജീവനേയും കൊണ്ടാണ് പാട്ട് വരുന്നതും. ആ പാട്ടും രംഗവും ചേര്‍ന്ന് മാത്രം സിനിമയ്ക്കുള്ളില്‍ ഒരു  കവിത ഉണ്ടാകുന്നു. 

പിന്നീടാണ് ആ വീട്ടിലേയ്ക്ക് മൂന്നു പെണ്ണുങ്ങള്‍ കയറി വരുന്നത്. അവരിലൊരാള്‍ അമ്മയാണ്. നവജാത ശിശുവിന്റെ അമ്മ. അമ്മയും കുഞ്ഞുമായി നായകന്‍ ആ വീട്ടിലേയ്ക്ക് വള്ളം തുഴഞ്ഞ് വരുന്ന, പാട്ടിന്റെ അവസാന ഭാഗത്ത് കായലിലെ കുഞ്ഞോളങ്ങളും, കാറ്റും, തോണിയും, വെയിലും എല്ലാം കഥാപാത്രങ്ങളാവുന്നു. മുലപ്പാലിന്റെ ഗന്ധം, കാറ്റിന്റെ സ്പര്‍ശം, വെയിലില്‍ തിളങ്ങുന്ന പെണ്മുഖം! മാതാവായ മാലാഖ! കരയില്‍ നിന്നും അതുകണ്ട് നില്‍ക്കുന്ന മറ്റുള്ളവര്‍. അവര്‍ക്കു പിന്നില്‍  നിശ്ശബ്ദമായി ആ വീട്. ആ താരാട്ടിന്റെ ഈണത്തിനു ഇന്നിന്റെ ഗന്ധമാണ്, പുതുമയുടെ ഭാവമാണ്. കാമറ മെനയുന്ന കവിത തന്നെയാണത്. ദൃശ്യങ്ങള്‍ പാടുന്ന പാട്ട്. 

പാട്ടവസാനിക്കുന്ന ഈ രംഗവും പാട്ടും കൂടിച്ചേരുന്ന ഷോട്ട് കണ്ടനുഭവിയ്‌ക്കേണ്ടതാണ്. മെലഡിയും രംഗവും ഒന്ന് ചേരുന്ന അസാധാരണമായ ദൃശ്യ-ശ്രാവ്യ അനുഭവം. കൃത്യമായ താളത്തിന്റെ ബാറുകളിലൊതുങ്ങാതെ ചെറിയൊരു കാറ്റു പോലെ അതനുഭവിയ്ക്കാം. 

 

കുമ്പളങ്ങി നൈറ്റ്‌സ് എന്ന സിനിമയിലെ ദൃശ്യം

സംഗീതം എന്ന അമൂര്‍ത്ത മാധ്യമം

കൃത്യമായ താളഘടനയിലോ, രാഗകേന്ദ്രീകൃതമായോ രൂപപ്പെട്ടു വരുന്നതാവണമെന്നില്ലെങ്കിലും ഈണം ഒരു നൂലു പോലെ നില്‍ക്കുകയാണ് ഇവിടെ. അതുണ്ടാക്കുന്ന അനുഭവങ്ങള്‍ പലത്. ഗായകര്‍ പാടുന്ന ഭാവമോ പാട്ടിന്റെ (ഈണത്തിന്റെ) ഭാവമോ കേന്ദ്രീകരിച്ച് ആയിരിക്കില്ല അതിന്റെ ആകെയനുഭവം. മ്യുസിക് സ്‌കോറില്‍ വരുന്ന ഓരോ സൂക്ഷ്മ ശബ്ദങ്ങള്‍ക്കും, ശബ്ദനിയന്ത്രണങ്ങള്‍ക്കും അതില്‍ പ്രാധാന്യമേറെയുണ്ട്.  അതുകൂടി ചേര്‍ന്നുണ്ടാവുന്ന അനുഭവം സൂക്ഷ്മമായ, വിശദാംശങ്ങളോടെ വിഷ്വലിലേക്ക് ചേരുമ്പോള്‍, ഇതുവരെയുള്ള നമ്മുടെ സംഗീതബോദ്ധ്യങ്ങളാകെ വലിയ ഒരു മാറ്റത്തിന് വഴിമാറുകയാണ്. അമൂര്‍ത്തരൂപങ്ങള്‍  കൊണ്ടും സൂക്ഷ്മശബ്ദങ്ങള്‍ കൊണ്ടും നിശ്ശബ്ദത കൊണ്ടുമൊക്കെ ഒരു അബസ്ട്രാക്ട് ചിത്രം പോലെ പാട്ട് നേരനുഭവമാവുകയാണ്. സ്വരവും ദൃശ്യവുമായി പാട്ട് സ്വയം കവിതയാവുകയാണ്. 

ഒരു പാട്ടു കേള്‍ക്കുമ്പോള്‍ അതേതു രാഗത്തിലായിരിക്കും എന്ന് ചിന്തിച്ചിരുന്ന ഒരു തലമുറയില്‍ നിന്നും അടുത്ത തലമുറയിലേക്കെത്തുമ്പോള്‍ രാഗം എന്ന 'ആശയം'  തന്നെ  ചിലപ്പോഴൊക്കെ  അമൂര്‍ത്ത സങ്കല്‍പമായി മാറുന്നു. ശബ്ദവിന്യാസത്തിനും ക്രമീകരണത്തിനും  പ്രാധാന്യം വരുന്നു. ഘടനയില്‍ അയവു വരുന്നു. പലപ്പോഴും ഈണങ്ങള്‍ എന്ന് മാത്രം പറയാവുന്ന ചെറിയ ചെറിയ സ്വതന്ത്ര രൂപങ്ങളിലേയ്ക്ക് പാട്ടുകള്‍ മാറുന്നു. സിനിമയുടെ സന്ദര്‍ഭത്തിനനുസരിച്ച് അപ്പപ്പോള്‍ ഈണങ്ങള്‍ ഇംപ്രൊവൈസ് ചെയ്തു രൂപപ്പെട്ടു വരുന്നു. സിനിമകള്‍ തന്നെ അപ്പപ്പോള്‍ ഇംപ്രൊവൈസ് ചെയ്ത് ഷൂട്ട് ചെയ്യുന്ന രീതിയിലേക്ക് മാറുന്നു. അങ്ങിനെയങ്ങനെ, നമ്മുടെ മുന്നിലെത്തുന്ന മെലഡികള്‍, അതിന്റെ വാക്കര്‍ത്ഥത്തില്‍, അതുതന്നെയാണോ എന്ന് തോന്നിപ്പോവുന്നു. 

ഒരുപക്ഷെ, സംഗീതത്തിന്റെ സ്വഭാവം തന്നെ അമൂര്‍ത്തതയാണ് (abstract).  ആകാശം പോലെയാണത്. ആകാശത്തിലെ വര്‍ണ്ണവിതാനങ്ങള്‍, മേഘം കൊണ്ടും അല്ലാതെയും രൂപപ്പെട്ടു വരുന്ന രൂപമാതൃകകള്‍,  ഇതൊക്കെ അപ്പപ്പോള്‍ ഉണ്ടാവുന്നത് പോലെ സംഗീതവും രൂപപ്പെട്ടുവരുന്നു. അതുകൊണ്ടായിരിയ്ക്കും വരികളില്ലെങ്കിലും സംഗീതത്തിന് സവിശേഷ ഭാഷ ഉണ്ടാകുന്നതും അത് സംവേദനക്ഷമമാകുന്നതും. രാവായാലും, പകലായാലും, മേഘങ്ങളില്ലെങ്കിലും, നക്ഷത്രങ്ങളില്ലെങ്കിലും ആകാശം അതായി നിലനില്‍ക്കുന്നതു പോലുള്ള അനുഭവം ആണത്. സംഗീതം സംഗീതമായി അതിന്റെ ഭാഷയില്‍ സംസാരിയ്ക്കുന്നു. സ്വരങ്ങളുടെ (musical notes) ഭാഷയില്‍ സംസാരിയ്ക്കുന്നു. 

സാഹിത്യഭാഷയില്‍ നിന്നും വേറിട്ടു നില്‍ക്കാൻ സംഗീതഭാഷ പ്രാപ്തമാണ് . വരികള്‍ ചേര്‍ന്നാലും സംഗീതത്തിന്റെ ഈ ഗുണം നഷ്ടമാവാതിരിയ്ക്കാൻ സാധിയ്ക്കും. വരികൾ മറന്നു പോയാലും അതിന്റെ ഈണം മറന്നു പോവാതിരിയ്ക്കുന്നതിനു പിന്നിൽ, സംഗീതത്തിന്റെ ഈ ഗുണമാണ് പ്രവർത്തിയ്ക്കുന്നത്. . വരികള്‍ അനുഭവിപ്പിയ്ക്കുന്ന ഭാവങ്ങള്‍ക്ക് അനേകമനേകം വൈവിദ്ധ്യമുള്ള ഈണങ്ങള്‍ കണ്ടെത്താനാകും. ദുഃഖത്തിനു തന്നെ അനേകം  ഈണങ്ങള്‍... താരാട്ടുകള്‍ക്ക് അനേകം ഈണങ്ങള്‍. ഈണം വരിയുടെ പാത്രത്തില്‍ നിറയുമ്പോള്‍ ആ ഭാവം സ്വാഭാവികമായി കിട്ടുന്നു.. 

വെള്ളം പോലെ-സംഗീതത്തിന്റെ അമൂര്‍ത്തതയെ അങ്ങനെ വിശദീകരിയ്ക്കുവാനാണ് എളുപ്പം. പാത്രത്തിനനുരൂപമായ ആകൃതി വെള്ളം സ്വീകരിയ്ക്കുന്നത് പോലെ, വരിയ്ക്ക് അനുയോജ്യമായ ആകൃതി പാട്ട് സ്വയം കൈവരിയ്ക്കുന്നു. ആ വരി  മാറ്റി നിര്‍ത്തിയാലും അതിന് തനതായ നിലനില്‍പ് ഉണ്ടാവുന്നു. മറ്റൊരു ആകൃതിയില്‍, മറ്റൊരു ഭാവത്തില്‍, മറ്റൊരു നിറത്തില്‍. വാദ്യോപകരണങ്ങളെ കേള്‍ക്കുമ്പോള്‍ നമ്മള്‍ സംഗീതത്തെ കേള്‍ക്കുന്നു, അതിലെ സാഹിത്യം അപ്രത്യക്ഷമാകുന്നു. 

വാദ്യോപകരണങ്ങളുടെ ശബ്ദത്താല്‍ മാത്രം സൃഷ്ടിക്കപ്പെടുന്ന സംഗീതത്തെ ഇവിടെ ഓര്‍ക്കാം. കാരണം സംഗീതത്തിന്റെ വ്യാകരണമാധ്യമം ശബ്ദമാണ്, വാക്കുകളല്ല. ചിത്രരചനയില്‍ എങ്ങിനെ നിറങ്ങളും, ആകൃതികളും, സ്ഥലകാലങ്ങളും, അകലങ്ങളും, വലുപ്പവും  (size), അനുപാതവും ഒക്കെ അടങ്ങിയിരിയ്ക്കുന്നുവോ അതുപോലെ സംഗീതത്തിലും അത് പുറപ്പെടുവിയ്ക്കുന്ന ശബ്ദത്തിലും ഈ ഘടകങ്ങള്‍ പലതും ഉണ്ട്. ശബ്ദത്തിന്റെ dynamics (മൃദുലം, ഘനം/ അടുത്ത്, ദൂരെ ) ഏറിയും കുറഞ്ഞും ഇതിനെ തന്നെയാണ് പ്രതിനിധീകരിയ്ക്കുന്നത്. 

 

എ ആര്‍ റഹ്മാന്‍ സംഗീതം നല്‍കിയ രാസാത്തി എന്ന ഗാനം. ചിത്രം: തിരുടാ തിരുടാ
 


എ ആര്‍ റഹ്മാനും ടി എം കൃഷ്ണയും ചെയ്തത്

ഭാഷയും ചിത്രവും പോലെ തന്നെ, സംഗീതവും ചിത്രകലയും തമ്മില്‍ ബന്ധിയ്ക്കുന്ന ഒരു നേര്‍ത്ത അടരുണ്ട്. ഇവിടെയാണ് സംഗീതത്തിന്റെ അമൂര്‍ത്തസ്വഭാവത്തെ അടുത്തറിയാനാവുക. ചരിത്രപരമായും ഇതിനെ സമീപിക്കാം. സംഗീതത്തിന്റെ, ശബ്ദത്തിന്റെ മേഖല വളര്‍ന്നു വികസിച്ച ശേഷം വാദ്യോപകരങ്ങള്‍ (instruments) കൂടുതല്‍ മെച്ചപ്പെട്ട ശബ്ദങ്ങള്‍ ഉണ്ടാക്കാന്‍ തുടങ്ങി. അങ്ങിനെ ശബ്ദത്തിലേയ്ക്ക് കൂടുതല്‍ ഫോക്കസ്  വന്നതോട് കൂടി സംഗീതത്തിന്റെ സ്വഭാവത്തിലും മാറ്റങ്ങള്‍ വന്നു തുടങ്ങി.  ശബ്ദത്തിനു പ്രാധാന്യം വന്നതോടെ നമ്മുടെ അതുവരെയുള്ള സംഗീത ബോദ്ധ്യങ്ങള്‍ തന്നെ ആകെ മാറിമറിഞ്ഞു. വെസ്‌റ്റേണ്‍ സ്പര്‍ശം ഉള്ള പാട്ടുകള്‍ -അതിന്റെ കൂടുതല്‍ മെച്ചപ്പെട്ടതോ, അനുകരണസ്വഭാവമില്ലാതെ മൂലരൂപത്തോട് ചേര്‍ന്ന് നിന്ന് കൊണ്ടുള്ളതോ ഒക്കെ -വരാന്‍ തുടങ്ങിയതോടെ മെലഡി എന്നും 'അടിപൊളി' എന്നും  വിഭജിച്ച് നമുക്കുള്ളില്‍ രൂപപ്പെട്ട സംഗീതബോദ്ധ്യങ്ങളുടെ അതിരുകള്‍ പുതിയ സംഗീതധാരയില്‍ അലിഞ്ഞു തുടങ്ങി. 

അമൂര്‍ത്തത എന്ന കലയുടെ സര്‍ഗാത്മക / സൗന്ദര്യ ലോകത്തേയ്ക്ക് ഇന്നത്തെ സംഗീതബോദ്ധ്യങ്ങള്‍ കൂടുതലടുത്തു വരുന്നതായി കാണാനാവും. എ . ആര്‍. റഹ്മാന്റെ സംഗീത രചനകള്‍ സംഭവിച്ചു തുടങ്ങിയതിനു ശേഷം ഈ മാറ്റം വളരെ പ്രകടമായി തന്നെ കാണാം. ഏതെങ്കിലുമൊരു സംഗീതയിനത്തെ (ക്ലാസിക്കല്‍/ ഫോക് /  വെസ്റ്റേണ്‍ ) പ്രതിനിധീകരിക്കാതിരിയ്ക്കുക എന്ന പതിവുരീതി റഹ്മാന്റെ പാട്ടുകളിലുണ്ട്. (കൃത്യമായി ചെയ്തവയുമുണ്ട്.)  കൂടുതല്‍ സര്‍ഗ്ഗാത്മക സൃഷ്ടികളിലേയ്ക്ക് അത് വഴി വെയ്ക്കുകയും ചെയ്തിട്ടുണ്ട്.  സംഗീതം കൂടുതല്‍ സംഗീതഭാഷയില്‍ സംസാരിയ്ക്കുന്ന കലയായി ഇവിടെ മാറിത്തുടങ്ങി.  വരികള്‍ ഉണ്ടാവുമ്പോഴും സംഗീതം കൂടുതല്‍ സൂക്ഷ്മതയോടെ അതിന്റെ മൗലികമായ 'ശബ്ദഭാഷയില്‍'  സംസാരിച്ചു. മുമ്പും ഇത് സംഭവിച്ചിട്ടുണ്ടെങ്കിലും എ ആര്‍ റഹ്മാന്‍ അതിന് നല്‍കിയ സാങ്കേതികമായ ഗുണമേന്മകള്‍ ഒരു പുതിയ പാത തുറന്നിടലായിരുന്നു.

ഈ ചിന്താധാരയുടെ വഴികളിലൂടെ തന്നെയാണ് മറ്റൊരു വീക്ഷണത്തില്‍ ടി.എം.കൃഷ്ണ കര്‍ണ്ണാടക സംഗീതത്തില്‍, രാഗത്തെ, സാഹിത്യത്തെ, താള ലയങ്ങളെ ഒക്കെ സമീപിയ്ക്കുന്നത്. കല്‍പിത സംഗീതവും, മനോധര്‍മ്മ സംഗീതവും ഉണ്ട് കര്‍ണ്ണാടക സംഗീതത്തിന്. രണ്ടിനും അതാതിന്റെ കലാപരമായ ധര്‍മ്മവും. ആ നിലയ്ക്ക്, കല ആത്യന്തികമായി ഒരു കലാസൃഷ്ടി ആവുന്നത്, ജൈവികമാവുന്നത്, അത് മനോധര്‍മ്മമായി പ്രകാശിപ്പിയ്ക്കാനാവുമ്പോള്‍ കൂടിയാണെന്ന ആശയത്തിലേക്കുള്ള ഒരു  ഉയിര്‍ത്തെണീയ്ക്കല്‍ ആയിരുന്നു ടി.എം.കൃഷ്ണ കച്ചേരിയരങ്ങില്‍ നടത്തിയത്. കച്ചേരിയുടെ അവതരണ ഘടനയില്‍ നിന്നുമതിനെ അടര്‍ത്തിയെടുക്കുകയാണ് അദ്ദേഹം ചെയ്തത്.  
അതിന്റെ സൗന്ദര്യാംശങ്ങളെ അതുവരെ ചെയ്തിരുന്നതിലും ആഴത്തില്‍ കണ്ടെടുക്കുന്ന പ്രക്രിയയായി അത് മാറുകയും ചെയ്തു. അതിന് അനേകം മാനങ്ങള്‍ കൈവന്നു. സംഗീതത്തില്‍ നിന്നും 'കര്‍ണ്ണാടക സംഗീത ശബ്ദത്തിന്റെ ഭാഷയെ'അതിന്റെ അമൂര്‍ത്ത രൂപസ്വഭാവത്തെ തിരഞ്ഞു പോകലായി അതു മാറി. 

 

ടി.എം.കൃഷ്ണ പാടുന്നു


വിശകലന വഴികളില്‍നിന്നും സ്വകാര്യാനുഭൂതികളിലേക്ക് 

കൊറോണക്കാലത്ത് വളരെയധികം ചിന്തിപ്പിച്ചിരുന്ന, അനുഭവിപ്പിച്ചിരുന്ന പാട്ടുകളുണ്ടായിരുന്നു. ചില പാട്ടുകള്‍ക്ക്  വല്ലാത്തൊരു 'ജൈവികത' (organic) അനുഭവപ്പെട്ടിരുന്നു. ഒരുപാട് തവണ കേള്‍ക്കാന്‍ തോന്നുന്നത് മാത്രമല്ല, അപ്പോള്‍ ജനിച്ച ഒരു പുതിയ കുഞ്ഞിന്റെ ഭാവങ്ങള്‍ക്കും, ചേഷ്ടകള്‍ക്കും ഒക്കെ ഉണര്‍ത്താനാവുന്ന പുതുമയാര്‍ന്ന ഒരനുഭവമായും അതിനെ തോന്നാം. പുതുമയും അനുഭവവും ഒരുമിച്ച് ചേരുന്ന ഒരവസ്ഥ. 

ജീവിതവേഗങ്ങളുടെ ഇടയില്‍ തിക്കിയും തിരക്കിയും ജീവിച്ചു പോകുമ്പോള്‍ കയ്യില്‍ നിന്നും ഊര്‍ന്നു വീഴുന്ന ഒന്നുണ്ട്-സമയം! ഒരു സര്‍ഗ്ഗാത്മക പ്രവൃത്തിയെ അനുഭവിയ്ക്കുമ്പോള്‍ (കണ്ടുപോകലല്ലാതെ) സത്യത്തില്‍ കിട്ടുന്നത് ആ വീണുപോകുന്ന സമയം കൂടിയാണ്! 
കലകളെ/പാട്ടുകളെ അനുഭവിച്ചു തുടങ്ങിയാല്‍ പിന്നെ അത് അനുഭവങ്ങള്‍ മാത്രമാണ്. ആ നേരങ്ങളില്‍ അതിലെ വിശകലന- ആലോചനകളുടെ അംശങ്ങള്‍ പതുക്കെ മാഞ്ഞു തുടങ്ങും. ഏറ്റവും വ്യക്തിപരതയിലേയ്ക്ക്, സ്വകാര്യതയിലേക്ക് ചുരുങ്ങുന്ന നേരങ്ങളായി അത് മാറും. അത്തരം സ്വകാര്യയാത്രകള്‍ തരുന്ന കാഴ്ചകള്‍ മറ്റൊന്നാവും. ഒരു കായലോരത്ത് ഒറ്റത്തെങ്ങുകള്‍  ചാഞ്ഞും, ചെരിഞ്ഞും, കുത്തനെയും ഉയര്‍ന്നു പൊങ്ങുന്നത് പോലെ ഒരനുഭവം വിശകലനചിന്തകളും അനുഭവചിന്തകളും ഏറ്റവും രഹസ്യമായി പരസ്പരസമ്മതത്തോടെ കണ്ടുമുട്ടുന്ന ഒറ്റപ്പെട്ട തുരുത്തുകളായി.

അങ്ങിനെ ചൂഴ്ന്നു നോക്കിയാല്‍, ഇന്ന് ജനാലയ്ക്കുള്ളിലെ ജനാലകളാവുകയാണ് പാട്ടുകള്‍. ശാരീരിക അകലങ്ങളുടെയും, ക്വാറന്റൈന്‍ കാലങ്ങളുടെയും ലോക് ഡൗണ്‍ അവസ്ഥകള്‍ സമൂഹത്തിന്റെ അടിത്തട്ടില്‍ രൂക്ഷമായൊഴുകുമ്പോള്‍, ഓണ്‍ലൈനിലൂടെ ബന്ധങ്ങള്‍ നിലനിര്‍ത്തേണ്ടി വരുമ്പോള്‍, പുതിയ ബന്ധങ്ങള്‍ അവിചാരിതമായി ഉടലെടുക്കുമ്പോള്‍ അത് അനിവാര്യമാണ്. ഇന്നിതെഴുതുമ്പോള്‍ ജനാലകളാവുന്നത് ഇന്റ്റര്‍നെറ്റാണ്. അതേ ഇന്റര്‍നെറ്റ് എന്ന ജനാലയിലൂടെ അനുഭവിക്കുന്ന ചില പാട്ടുകള്‍, വ്യക്തിപരതയാല്‍ കൊറോണക്കാല അനുഭവങ്ങള്‍ കൂടിയാവുകയാണ്. ജനാലയ്ക്കുള്ളിലെ ജനാലക്കാഴ്ചകളാവുകയാണ്. ഊര്‍ന്നു വീഴുന്നതിനു മുമ്പേ എഴുതിവെച്ച കൊറോണക്കാലത്തെ ചില പാട്ടുസമയങ്ങളാവുകയാണ്. 

ആധുനിക ചിത്രകലയുടെ ആചാര്യന്‍മാരില്‍ ഒരാളായ പാബ്ലോ പിക്കാസോയുടെ ഒരു വാചകത്തിന്റെ ചുവടു പിടിച്ചുപറഞ്ഞാല്‍, ഞാനെഴുതുന്നത് ഞാന്‍ കാണുന്നതാണ്, ഞാന്‍ നോക്കുന്നതല്ല. (When I paint my object is to show what I have found and not what I am looking for) കല അനുഭവങ്ങളും മനസ്സിലാക്കലുകളും കൂടി ആകുന്ന ചിലയിടങ്ങളെ കണ്ടെത്തല്‍ ഒരു യാത്ര കൂടിയാണ്. പലരും പറഞ്ഞതിന്റെ തുടര്‍ച്ചയോ, ആവര്‍ത്തനം തന്നെയോ ആവാമെങ്കിൽ കൂടി, വീണ്ടു വീണ്ടുമതോർമ്മിപ്പിക്കലും ഒരു കലാസ്വാദനം ആണ്.