സ്പെയിനിലെ ബാർസിലോണയിലുള്ള സാഗ്രഡ ഫാമിലിയ ബസിലിക്കയുടെ നിർമ്മാണം 1882-ൽ തുടങ്ങി 144 വർഷങ്ങൾക്കിപ്പുറവും തുടരുകയാണ്. ശില്പി അന്റോണിയോ ഗൗഡിയുടെ സ്വപ്നമായ ഈ ദേവാലയത്തിലെ ജീസസ് ക്രൈസ്റ്റ് ടവർ അടുത്തിടെ പൂർത്തിയായി, ഇതോടെ ഇത് ലോകത്തിലെ ഏറ്റവും ഉയരമുള്ള പള്ളിയായി മാറി. നിർമ്മാണത്തിലെ വെല്ലുവിളികളും നിലവിലെ വിവാദങ്ങളുമാണ് ഈ ലേഖനത്തിൽ പ്രതിപാദിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

1882 -ൽ നിർമാണം തുടങ്ങിയ ഒരു ബസിലിക്ക. നിർമാണം ഇപ്പോഴും പൂർത്തിയായിട്ടില്ല. പക്ഷേ, അതിലെ ഒരു ഗോപുരം പൂർത്തിയായി ജീസസ് ക്രൈസ്റ്റ് ടവർ (Jesus Christ Tower). അവിടെ വച്ചൊരു കുർബാനയും നടന്നു. മാർപാപ്പയുടെ കാർമ്മികത്വത്തിലെ കുർബാന. ശിൽപിയായ അന്‍റോണിയോ ഗൗഡി മരിച്ച് നൂറ് വർഷം പൂർത്തിയായതും അന്നാണ്.

സാഗ്രഡ ഫാമിലിയ ബസിലിക്ക

സ്പെയിനിലെ ബാർസിലോണയിലെ സാഗ്രഡ ഫാമിലിയ ബസിലിക്കയുടെ (Basilica of the Sagrada Familia) കഥയാണിത്. 1882 -ൽ തുടങ്ങി, ഇപ്പോഴും നിർമ്മാണം പൂർത്തിയായില്ലെങ്കിലും ലോകത്തെ ഏറ്റവും ഉയരമുള്ള പള്ളിയായി അറിയപ്പെടുക ഇപ്പോൾ പൂർത്തിയായ ജീസസ് ടവറാണ്. 144 വർഷം മുമ്പ് തുടങ്ങിയ നിർമ്മാണം എത്തി നിൽക്കുന്നത് 566 അടിയിലാണ്. അതു മാത്രമല്ല, ശിൽപകലയിലെ അത്ഭുതമാണീ ബസിലിക്ക. ഈ 144 വർഷങ്ങൾക്കിടയിൽ യുദ്ധങ്ങളും ഭരണമാറ്റങ്ങളും ഫണ്ടിലെ കുറവും അലട്ടിയിട്ടുണ്ട് നിർമ്മാണത്തെ. സ്പാനിഷ് ആഭ്യന്തര യുദ്ധം വരെ. എങ്കിലും എല്ലാം മറികടന്ന് ഗോപുരം പൂർത്തിയായി.

അന്‍റോണിയോ ഗൗഡി

നിർമ്മാണം തുടങ്ങിയ ശേഷം 11 -മത്തെ മാർപാപ്പയായ ലിയോ മാർപാപ്പ ഉദ്ഘാടനത്തിനെത്തി. ഇനിയും പല വർഷങ്ങളെടുത്തേക്കാം പണി തീരാൻ. എത്രയെന്ന് ഉറപ്പില്ല. 144 വർഷത്തിനിടെ ഇത് മനസിൽ കൊത്തിയുണ്ടാക്കിയ അന്‍റോണിയോ ഗൗഡിയും വിടവാങ്ങി. നിറങ്ങളും ശിൽപചാതുര്യവും സൂക്ഷ്മമായ കണക്കുകളും ബസിലിക്കയെ അതിമനോഹരമാക്കുന്നു എന്നതിൽ തർക്കമില്ല. അത്ഭുതപ്പെടുത്തുന്ന നിർമ്മാണം തന്നെയാണിത്. ജീസസ് ടവറിന്‍റെ പ്രത്യേകത അതിന് മുകളിലെ കുരിശാണ്. 5 നില കെട്ടിടത്തിന്‍റെ ഉയരവും 100 ടൺ ഭാരവുമുള്ള കുരിശ് സ്ഥാപിക്കുന്നത് തന്നെ ഹിമാലയൻ ദൗത്യമായിരുന്നു. ഇപ്പോഴത്തെ പ്രധാന ശിൽപി മൗറീഷ്യോ കോർട്ടെ ആണ്. ഗൗഡിയുടെ സ്വപ്നം സാക്ഷാത്കരിക്കാൻ കുറച്ചൊന്നുമല്ല കോർട്ടെ പാടുപെടുന്നത്. കുരിശ് നിർമ്മിച്ചത് ജർമ്മനിയിലാണ്. 14 തുണ്ടുകളായി ബാർസലോണയിലെത്തിച്ചു. പിന്നെ 200 അടി മുകളിലെ വർക്‍ഷോപ്പിലും. അവിടെ വച്ച് കൊത്തുപണികൾ പൂർത്തിയാക്കി. യോജിപ്പിച്ചു. സ്ഥാപിച്ചു. ഗൗഡി ഇതേറ്റെടുത്തത് ഫ്രാൻസെസ്ക് ഡി പൗളയിൽ നിന്നാണ്. 1926 -ൽ ഗൗഡി മരിച്ചു.

തീരാത്ത പണികൾ

10 വർഷം പണി മുടങ്ങി. കലാപകാരികൾ അതിന് തീയിട്ടു. പക്ഷേ, ഗൗഡിയുടെ ശിഷ്യർ എല്ലാം വീണ്ടെടുത്തു. വലിയൊരു വരുമാന മാർഗമായത് സന്ദർശകരാണ്. ഇനിയുമുണ്ട് ബാക്കി പണികൾ. അതിൽ ചില വിവാദങ്ങളുമുണ്ട്. പള്ളിയിലേക്ക് നീളുന്ന പടിക്കെട്ട് തെരുവിനപ്പുറത്ത് നിന്ന് തുടങ്ങണം, ആകാശപ്പാതയായി പള്ളിയിൽ അവസാനിക്കണം എന്നാണ് ചുമതലക്കാരുടെ നിർദ്ദേശം. പക്ഷേ, എതിർവശത്തുള്ള വീടുകളും കെട്ടിടങ്ങളും ഇടിച്ച് കളഞ്ഞാലേ അത് സാധ്യമാകു. താമസക്കാർക്ക് അതിൽ താൽപര്യമില്ല. എതിർപ്പുകൾ കടുത്തതാണ്. ബസിലിക്കയുടെ ഭാവി തങ്ങളുടെ ഭാവിയുമായി കൂട്ടിക്കെട്ടണ്ട എന്നാണവരുടെ പക്ഷം.