യുദ്ധം മൂലം ആഗോളതലത്തിൽ എണ്ണ പ്രതിസന്ധി രൂക്ഷമായപ്പോൾ, വിൽക്കാനാകാതെയിരുന്ന എണ്ണയ്ക്ക് ആവശ്യക്കാരെത്തി റഷ്യക്ക് വലിയ ലാഭമുണ്ടായി. അമേരിക്ക ഉപരോധങ്ങളിൽ താൽക്കാലിക ഇളവ് നൽകിയതും ഗൾഫ് രാജ്യങ്ങൾ ഉത്പാദനം കുറച്ചതും റഷ്യക്ക് സുവർണ്ണാവസരമായി മാറി. ഈ നീക്കത്തിൽ യൂറോപ്യൻ രാജ്യങ്ങൾ അതൃപ്തി പ്രകടിപ്പിക്കുന്നുണ്ടെങ്കിലും താൽക്കാലികമായി റഷ്യ നേട്ടം കൊയ്യുകയാണ്.

യുദ്ധത്തിൽ നിന്ന് ഏറ്റവും കൂടുതൽ ലാഭമുണ്ടായത് റഷ്യക്കാണ്. വിൽക്കാനാകാതെ സൂക്ഷിച്ച എണ്ണയ്ക്ക് ആവശ്യക്കാരുണ്ടായി ഉപരോധങ്ങളിലും ഇളവുവരുത്തി അമേരിക്ക. തൽക്കാലത്തേക്കാണ് ഇളവെന്നും പെട്ടെന്നുള്ള എണ്ണക്ഷാമം പരിഹരിക്കാനെന്നും വ്യക്തമാക്കി അമേരിക്ക. ഏപ്രിൽ 11 വരെ മാത്രം. അറബ് രാജ്യങ്ങൾ പലതും എണ്ണക്കയറ്റുമതിയിൽ FORCE MAJEURE പ്രഖ്യാപിച്ചിരിക്കയാണ്. അതായത് അവർക്ക് നിയന്ത്രിക്കാനാകാത്ത സംഭവങ്ങളുടെ സാഹചര്യത്തിൽ, ബാധ്യതകളിൽ നിന്ന് നിയമപരമായി ഒഴിവാകുക. എണ്ണക്കരാറുകൾ നിറവേറ്റാനാകാതെ പോയാൽ, നഷ്ടപരിഹാരം നൽകേണ്ട എന്നർത്ഥം.

റഷ്യയുടെ സുവർണ്ണാവസരം

യുദ്ധം തീരാറായി എന്നാണ് അമേരിക്കൻ പ്രസിഡന്‍റ് രണ്ടുദിവസം മുമ്പ് പറഞ്ഞത്. പക്ഷേ, അതിന്‍റെ സൂചനയൊന്നുമില്ല. എണ്ണപ്രതിസന്ധി രൂക്ഷം. ക്ഷാമത്തിന്‍റെ എല്ലാ ലക്ഷണങ്ങളും കാണുന്നുണ്ട്. ഇതിന് പിന്നാലെ സാമ്പത്തിക പ്രതിസന്ധി എന്നാണ് ചില കോണുകളിൽ നിന്നുള്ള മുന്നറിയിപ്പ്. എണ്ണശേഖരം റിലീസ് ചെയ്തു 32 അംഗരാജ്യങ്ങളുള്ള IEA, (International Energy Agency). പക്ഷേ, വലിയ ഫലം കണ്ടില്ല. റഷ്യക്കിത് സുവർണാവസരമാണ്. മാർച്ച 5 -ന് മുമ്പ് കപ്പലിൽ കയറ്റിയതെങ്കിൽ ഉപരോധമില്ല എന്നറിയിച്ചു അമേരിക്ക. ഇന്ത്യക്കും അത് പ്രയോജനം ചെയ്തു. ആദ്യത്തെ 12 ദിവസത്തിനകം എണ്ണവിൽപനയിലൂടെ റഷ്യക്ക് കിട്ടിയത് 1.3 ബില്യൻ എന്നൊരു കണക്ക്. 1.9 ബില്യൻ നികുതിയിനത്തിൽ. വില കുറഞ്ഞില്ലെങ്കിൽ 5 ബില്യനാകും മാസാവസാനത്തോടെ.

നിലച്ച് പോയ ഗൾഫ് വിപണി

യുദ്ധം തുടങ്ങിയപ്പോൾ ഗൾഫ് രാജ്യങ്ങൾ എണ്ണയുത്പാദനം നിർത്തിവച്ചു. അതോടെ ദിവസം 10 മില്യൻ ബാരൽ എണ്ണയുടെ കുറവാണുണ്ടായത്. യുദ്ധം തുടങ്ങും മുമ്പ് ഇന്ത്യയടക്കം രാജ്യങ്ങൾ എണ്ണ വങ്ങുന്നത് കുറച്ചിരുന്നു. അന്നുണ്ടായ ഇടിവ് ഇപ്പോൾ നികത്താനായി റഷ്യക്ക്. 7.3 മില്യൻ ബാരൽ എണ്ണ വിൽപ്പനയ്ക്കുണ്ടായിരുന്നു റഷ്യക്കെന്നാണ് കണക്ക്. 100 മില്യൻ ബാരൽ യാത്രാമധ്യേയും. റഷ്യയുടെ പ്രധാന വരുമാനമാർഗമാണ് എണ്ണയും അതിന്‍റെ നികുതിയും. ഉപരോധങ്ങളോടെ അത് 50 ശതമാനം ഇടിഞ്ഞിരുന്നു. ലക്ഷ്യത്തിന്‍റെ അത്ര എത്തിയിരുന്നു, ബജറ്റ് കമ്മി. കയറ്റുമതി കുറഞ്ഞ് യുക്രെയ്ൻ യുദ്ധം തുടങ്ങിയശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലെത്തിയിരുന്നു. ഇനി വേണമെങ്കിൽ റഷ്യക്ക് ഉത്പാദനം കൂട്ടാമെന്നാണ് വിദഗ്ധ പക്ഷം. ദിവസം 3 ലക്ഷം ബാരലാണ് ഇപ്പോഴത്തെ നില. പക്ഷേ, ഇതൊന്നും നീണ്ടുനിൽക്കില്ലെന്നാണ് അമേരിക്കയുടെ പക്ഷം.

യൂറോപിന്‍റെ നീരസം

എണ്ണയ്ക്ക് ബാരലിന് നൂറിന് മുകളിൽ പോവുന്നുണ്ട് ഇടക്കിടെ. അമേരിക്കൻ സമ്പദ്‍രംഗത്തിന്‍റെ വളർച്ച അല്ലെങ്കിൽ തന്നെ പിന്നോട്ടായിരുന്നു. 2025 -ന്‍റെ അവസാനം 0.7 എന്ന കണക്കിലായിരുന്നു വളർച്ച. എണ്ണവിലയിലെ കുതിപ്പും മറ്റ് പ്രശ്നങ്ങളും താൽകാലികമെന്ന് അമേരിക്കൻ ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്‍റ് പറയുന്നു. റഷ്യക്ക് നൽകിയ ഇളവും താൽകാലികമായത് കൊണ്ട് വലിയ പ്രയോജനമൊന്നും രാജ്യത്തിന് കിട്ടില്ലെന്നും. പക്ഷേ, യുക്രെയ്ൻ പ്രസിഡന്‍റിന്‍റെ അഭിപ്രായം മറിച്ചാണ്. റഷ്യക്ക് അമേരിക്കയുടെ വകയായി 10 ബില്യൻ കിട്ടിയെന്നാണ് സെലൻസ്കിയുടെ മുന്നറിയിപ്പ്. ഉപരോധങ്ങൾ പിൻവലിച്ച നടപടി ന്യായീകരിക്കാനാവില്ലെന്നാണ് ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മക്രോണിന്‍റെയും ജർമ്മൻ ചാൻസലറിന്‍റെയും പക്ഷം.

ഉപരോധങ്ങളിൽ ഇളവ് നൽകില്ലെന്ന് അറിയിച്ചു യുകെ ഊർജമന്ത്രി. ആഗോള സമ്പദ്‍രംഗം ഹൈജാക്ക് ചെയ്യാനാണ് റഷ്യയുടെയും ഇറാന്‍റെയും നീക്കമെന്നും വിദേശകാര്യ സെക്രട്ടറി ആരോപിച്ചു. കൊമോറൻ പതാകയുമായി സഞ്ചരിച്ച റഷ്യൻ ചരക്കുകപ്പൽ പിടികൂടി സ്വീഡൻ. തെറ്റിദ്ധരിപ്പിക്കാൻ ശ്രമം എന്നാണ് സംശയം. പക്ഷേ എന്തുതന്നെയായാലും തൽകാലം റഷ്യക്ക് ലാഭം തന്നെയാണ്. അമേരിക്കൻ പ്രസിഡന്‍റിന്‍റെ അവസ്ഥ മോശവും.