കൊണ്ടും കൊടുത്തും മാഞ്ചസ്റ്ററിലെ ക്ലബ്ബുകള്‍ പരസപരം മത്സരിക്കുമ്പോള്‍ എല്ലാവരിലും ആ ചോദ്യം ഉയരുക സ്വാഭാവികം. മാഞ്ചസ്റ്റര്‍ ഇപ്പോള്‍ നീലയോ ചുവപ്പോ? തര്‍ക്കിച്ചു തര്‍ക്കിച്ചു ഒടുവില്‍ നമുക്കൊരു നിഗമനത്തില്‍ എത്താം. മാഞ്ചസ്റ്റര്‍ എന്നാല്‍ യുനൈറ്റഡ് സിറ്റിയാണ്! 

 

 

നോസ്ലി സഫാരി പാര്‍ക്കിലെ സിംഹക്കാട്ടില്‍ വണ്ടിയോടിച്ചു കൊണ്ടിരുന്നപ്പോഴാണ് സ്‌റ്റേഡിയം ടൂറിന് പോകാനുള്ള പ്ലാന്‍ ഉരുത്തിരിഞ്ഞത്.

ലിവര്‍പൂളോ, മാഞ്ചസ്റ്ററോ? ഒപ്പമുള്ള രണ്ടു പേര്‍ക്ക് ആന്‍ഫീല്‍ഡ് കാണാന്‍ അതിയായ ആഗ്രഹം. മറ്റ് രണ്ടു പേര്‍ക്ക് ഓള്‍ഡ് ട്രഫോര്‍ഡും. എങ്ങോട്ടായാലും പോവാമെന്ന് വേറെ രണ്ടുപേര്‍. അരമണിക്കൂര്‍ അകലത്തില്‍ രണ്ടു നഗരങ്ങള്‍. ഫുട്‌ബോളിലെ രണ്ടു വന്‍കരകള്‍. ഒടുവില്‍ മാഞ്ചസ്റ്റര്‍ എന്നുറപ്പിച്ചു വണ്ടിയെടുത്തു. തല്‍ക്കാലം ലഞ്ച് കട്ട് ചെയ്തു. 3.45 നാണ് അവസാനത്തെ സ്റ്റേഡിയം ടൂര്‍. പോകുന്ന വഴിയെങ്ങും തോരാമഴ. 

മാഞ്ചസ്റ്റര്‍ അടുക്കുംതോറും വഴിയില്‍ തിരക്ക് കൂടുന്നു. സിറ്റിക്ക് പുറത്തെങ്ങും വ്യവസായ ശാലകള്‍. ലണ്ടന്‍ കഴിഞ്ഞാല്‍ ഇംഗ്ലണ്ടിലെ വലിയ നഗരമെന്ന ഖ്യാതിയുണ്ട് മാഞ്ചസ്റ്ററിന് (ബെര്‍മിങ്ഹാമുമായി ഇക്കാര്യത്തില്‍ തര്‍ക്കമുണ്ടെങ്കില്‍ പോലും) അതുകൊണ്ടു തന്നെ കാണാനും കേള്‍ക്കാനും ഒട്ടേറെയുണ്ട് മാഞ്ചസ്റ്ററില്‍. പക്ഷെ,ലോകമെങ്ങുമുള്ള കളിയാരാധകര്‍ക്ക് ഒറ്റ ലക്ഷ്യമേയുള്ളൂ ഇവിടെ-ഓള്‍ഡ് ട്രഫോര്‍ഡ് എന്ന ചുവപ്പുകോട്ട. ലോകത്തു ഏറ്റവും കൂടുതല്‍ ആരാധകരുള്ള ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആകുന്നു. പറഞ്ഞാല്‍ തീരില്ല മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ വീരഗാഥകള്‍. ലോകത്ത്  ഏറ്റവും കൂടുതല്‍ ആരാധകരുള്ള, ഏറ്റവും കൂടുതല്‍ എവേ ഫാന്‍സ് ഉള്ള, ഇംഗ്ലണ്ടില്‍ ഏറ്റവും കൂടുതല്‍ പണം വാരുന്ന, ഏറ്റവും കൂടുതല്‍ കിരീടങ്ങള്‍ സ്വന്തമായുള്ള, പേരും പെരുമയും ഖ്യാതിയും ഗരിമയും വേണ്ടുവോളമുള്ളൊരു ക്ലബ്.

ഓള്‍ഡ് ട്രഫോര്‍ഡിലേക്കെത്തുമ്പോള്‍ മഴ തെല്ലൊന്നു കുറവുണ്ട്. ഇരുപുറവുമുള്ള കെട്ടിടങ്ങളത്രയും ചുവന്നു ചുവന്നു വരുന്നു. ട്രഫോഡില്‍ സര്‍വത്ര ചുവപ്പുമയം. ഇടതു വശത്തു ഓള്‍ഡ് ട്രഫോര്‍ഡ് ക്രിക്കറ്റ് സ്റ്റേഡിയം. ഇക്കഴിഞ്ഞ ലോകകപ്പില്‍ പാകിസ്ഥാനെ  നമ്മള്‍ മുട്ടുകുത്തിച്ച, ന്യൂസിലാന്‍ഡിനു മുന്നില്‍ ഇന്ത്യയുടെ സ്വപ്നങ്ങള്‍ തകര്‍ന്നു വീണ അതേ സ്റ്റേഡിയം. 

അത് കാണാന്‍ ആര്‍ക്കും താല്പര്യമില്ല. 'M16 Old Traford' ആ ഒരൊറ്റ അഡ്രസ്സേ മുന്നിലുള്ളൂ.

ഒടുവില്‍ ചുവപ്പു നിറഞ്ഞ തെരുവുകള്‍ പിന്നിട്ടു ഞങ്ങളെത്തി. ഒരാള്‍ ഓടി, ടിക്കറ്റ് എടുക്കാന്‍. പക്ഷെ നിരാശയായിരുന്നു ഫലം. സ്‌റ്റേഡിയം ടൂറിന്റെ ടിക്കറ്റുകളൊക്കെയും നേരത്തെ തീര്‍ന്നിരിക്കുന്നു. കാര്‍  പാര്‍ക്ക് ചെയ്ത്  സ്‌റ്റേഡിയത്തിലേക്കു നടന്നു. വിശാലമായ നടവഴികള്‍. ചുവപ്പു ചെകുത്താന്മാരുടെ താണ്ഡവം കാണാന്‍ ആരാധകര്‍ ഒഴുകി നീങ്ങുന്ന ഇടമാണ്. 

 

 

നേരെ മുന്നില്‍ കാണുന്നതാണ് അലക്‌സ് ഫെര്‍ഗൂസന്‍ സ്റ്റാന്‍ഡ്. മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ഇതിഹാസ സമാനമായ പരിശീലകന് ക്ലബ്ബിന്റെ സമര്‍പ്പണം. 1986 മുതല്‍ അദ്ദേഹം പരിശീലകനായ 28 വര്‍ഷങ്ങളില്‍ മാഞ്ചസ്റ്റര്‍ നേടാത്ത കിരീടങ്ങളില്ല. 13 പ്രീമിയര്‍ ലീഗ്, 5 എഫ് എ കപ്പ്, 2 യുവേഫ ചാമ്പ്യന്‍സ് ലീഗ് അടക്കം പലയിടങ്ങളില്‍ നിന്നായി 38 കിരീടങ്ങളാണ് ഇക്കാലയളവില്‍ ഓള്‍ഡ്ട്രാഫോഡിലെ അലമാരയിലെത്തിയത്.

വിശാലമായ മുറ്റത്തു സ്‌റ്റേഡിയമങ്ങനെ വിരിഞ്ഞു നില്‍ക്കുന്നു. മുന്നില്‍ കയ്യിലൊരു പന്തുമായി നില്‍ക്കുന്ന മാറ്റ് ബസ്ബിയുടെ പൂര്‍ണകായ പ്രതിമ. മുറ്റത്തിനേകദേശം ഒത്ത നടുക്കായി അത്യധികം പ്രാധാന്യത്തോടെ മൂന്നു പേരുടെ ശില്‍പ്പങ്ങള്‍ - 'The United Trinity'. മാഞ്ചസ്റ്ററിന്റെ ലോകത്തിലെ 35 മില്യണ്‍ യുണൈറ്റഡ് ആരാധകരിലൊരാള്‍ നിങ്ങളാണെങ്കില്‍ ഈ ചരിത്രം മറക്കില്ല. ബെസ്റ്റ് ,ലോ, ചാള്‍ട്ടണ്‍-1960കളില്‍ ഒന്നിച്ചു നിന്ന് എതിരാളികളുടെ വലയില്‍ ഗോളുകള്‍ അടിച്ചു കൂട്ടിയ കാല്‍പ്പന്തു ത്രിത്വങ്ങള്‍. ഫുട്‌ബോള്‍ ഓസ്‌കാര്‍ ആയ ബാലന്‍ ഡി ഓര്‍ വാങ്ങിച്ചു കൂട്ടിയ അക്കാലത്തെ ഏറ്റവും മികച്ച താരങ്ങള്‍. 

കൂടെ കളിച്ച പാറ്റ് ക്രെറാന്‍ഡ് ഇങ്ങനെ എഴുതുന്നു: 'എപ്പഴും അവര്‍ക്കിടയില്‍ വല്ലാത്തൊരു രസതന്ത്രം കാണാം. മഹാന്മാര്‍ക്കറിയാം എങ്ങനെ കളിക്കണമെന്ന്. പ്രത്യേകിച്ചും സമ്മര്‍ദ്ദ ഘട്ടങ്ങളില്‍. ദൈവത്തിനു മാത്രം അറിയാവുന്നൊരിടത്തു നിന്നും ബോബി (ചാള്‍ട്ടണ്‍) ഒരു പന്ത് തൊടുത്തു വിടും. ഒന്നുമില്ലായ്മയില്‍ നിന്നും ചിലതു ബോക്‌സിനകത്തു സൃഷ്ടിക്കാന്‍ അപ്പോള്‍ ഡെന്നിസി (ലോ) നറിയാം.. പിന്നെയത് ഗോളാക്കാന്‍ ജോര്‍ജി (ബെസ്റ്റ)ന്റെ മാന്ത്രികതയുടെ തെല്ലൊരംശം മതി...''

 

 

എല്ലായ്‌പ്പോഴും മഹാരഥന്മാരായ കളിക്കാരാല്‍ അനശ്വരമാണ് യുണൈറ്റഡ്. ബെസ്റ്റ് - ലോ - ചാള്‍ട്ടണ്‍ യുഗത്തിന് ശേഷം റയാന്‍ ഗിഗ്സ്- പോള്‍സ് സ്‌കോള്‍സ് - ഗാരി നെവില്‍  പിന്നെ, റൊണാള്‍ഡോ - റൂണി - ടെവസ് അങ്ങനെ ആരാധകരായ പാണന്മാര്‍ പാടിയ പാട്ടുകളിലൊക്കെയും പുതിയ ട്രിനിറ്റികള്‍ രൂപം കൊണ്ടു. കളിപ്പെരുമക്കോ കിരീടങ്ങള്‍ക്കോ പഞ്ഞമില്ലാത്തതിനാല്‍ മതിലുകളിലൊക്കെയും അതിന്റെ ചിത്രങ്ങളാണ്. ഒന്ന് ചുറ്റിക്കണ്ടാല്‍ മതി ചെകുത്താന്മാരുടെ നൂറ്റാണ്ടു പിന്നിട്ട ചരിത്രമറിയാന്‍. ഇടയില്‍ നൊമ്പരപ്പാടുമുണ്ട്, ക്ലബ്ബിന്റെ എട്ട് കളിക്കാരെ ഒറ്റയടിക്കില്ലാതാക്കിയ 1958ലെ മ്യൂണിക്ക് വിമാന ദുരന്തം.

ക്ലബ് അടയ്ക്കാറായെങ്കിലും ക്ലബ് സ്‌റ്റോറില്‍ നല്ല തിരക്കുണ്ട്. ജേഴ്‌സിക്കും  കപ്പിനും കീ ചെയ്നിനും  എന്ന് വേണ്ട സകലതിനും ഇവിടെ ആവശ്യക്കാരുണ്ട്.. മഞ്ഞയില്‍ ചുവപ്പു നിറത്തിലുള്ള ചെകുത്താനും ചുവപ്പില്‍ മഞ്ഞയിലെഴുതിയ വാചകങ്ങളും പതിഞ്ഞ മാഞ്ചസ്റ്ററിന്റെ ലോഗോ ഇന്ന് ലോകത്തു ഏറ്റവും മൂല്യമുള്ള ചിഹ്നങ്ങളില്‍ ഒന്നാണ്.

ഇതൊക്കെയെങ്കിലും, ഫെര്‍ഗൂസന്‍ യുഗത്തിന് ശേഷം ഇപ്പോള്‍ യുണൈറ്റഡിന് പടിയിറക്കങ്ങളുടെ കാലമാണ്. പകരം ഉദിച്ചുയരുന്നതോ അവിടുന്നു നാല് മൈല്‍ മാത്രം അകലെയുള്ള മാഞ്ചസ്റ്റര്‍ സിറ്റിയും. സമയം 6 മണിയോടടുക്കുന്നതേയുള്ളൂ.. മാഞ്ചസ്റ്റര്‍ നഗരപ്രാന്തമായ ഓള്‍ഡ്ട്രാഫോഡില്‍ നിന്നും നഗര മധ്യത്തിലെ മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് തിരിച്ചു. കഴിഞ്ഞതിന് മുമ്പത്തെ രണ്ടു സീസണുകളിലെയും ഇഗ്ലീഷ് ഫുട്‌ബോള്‍  രാജാക്കന്മാരാണ് സിറ്റി.  ഗള്‍ഫ് എണ്ണപ്പണത്തിന്റെ കരുത്തില്‍ എത്തിഹാദിന്റെ ചിറകിലേറിയാണ് അവരുടെ കുതിപ്പ്. പക്ഷെ പേരിലും പെരുമയിലും പ്രതാപത്തിലും യുനൈറ്റഡിനെക്കാള്‍ പലപടി  താഴെയേ വരൂ അവര്‍. എങ്കിലും 2018ല്‍ ഇംഗ്ലീഷ് ഫുട്‌ബോളിലെ സകല കിരീടങ്ങളും ചൂടിയ അജയ്യരാണ് അവര്‍.

 

 

സിറ്റിയിലേക്ക് കടക്കുംതോറും ഓള്‍ഡ് ട്രഫോര്‍ഡിലെ ചുവപ്പ് പതിയെ പതിയെ മാഞ്ഞു വന്നു. ആകാശ നീലിമയുടെ ഗരിമയില്‍ ഉയര്‍ന്നു നില്‍ക്കുന്നതാണ് സിറ്റി ഓഫ് മാഞ്ചസ്റ്റര്‍ സ്‌റ്റേഡിയം. സ്‌പോണ്‍സര്‍മാരായ എത്തിഹാദിന്റെ പേരിലാണ് ഇന്നീ സ്റ്റേഡിയം അറിയപ്പെടുന്നത്. സ്റ്റേഡിയത്തിലെങ്ങും പ്രീമിയര്‍ ലീഗ് കിരീടവിജയത്തിന്റെ അടയാളങ്ങള്‍. തൊട്ടരികിലായി മാഞ്ചസ്റ്റര്‍ അത്‌ലറ്റിക് സ്‌റ്റേഡിയം. 

2002 ലെ കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ മുഖ്യ വേദിയായിരുന്നു മാഞ്ചസ്റ്റര്‍ സിറ്റി സ്റ്റേഡിയം. നീണ്ട 90 വര്‍ഷങ്ങള്‍ തങ്ങളുടെ തട്ടകമായിരുന്ന മെയിന്‍ റോഡ് സ്റ്റേഡിയം ഉപേക്ഷിച്ചു 2003 സീസണ്‍ മുതലാണ് സിറ്റി ഇവിടേക്കെത്തിയത്. അത്‌കൊണ്ടു തന്നെ സ്റ്റേഡിയത്തിന്റെ പരിസരങ്ങളിലെങ്ങും  കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ സ്മരണികകളും ശിലാഫലകങ്ങളും കാണാം.

ബാഴ്‌സയും റയലും  തമ്മിലുള്ള വിഖ്യാതമായ 'എല്‍ ക്‌ളാസികോ'യോളം തന്നെ പ്രസിദ്ധമാണ് 'മാഞ്ചസ്റ്റര്‍ ഡെര്‍ബി'യും.. കളിയിലും കണക്കുകളിലും യുണൈറ്റഡ് ഒരു പണത്തൂക്കം മുന്‍പിലാണ്. 'മാഞ്ചസ്റ്റര്‍ ഈസ് റെഡ്'  എന്ന് നിരന്തരം പറയുന്ന യുണൈറ്റഡ് ആരാധകര്‍ക്കുള്ള മറുപടിയാണ് കഴിഞ്ഞ ഏതാനം ഡെര്‍ബികളില്‍  സിറ്റിക്കുള്ള മേധാവിത്തം. കൂടാതെ ഓരോ വിജയങ്ങള്‍ക്കു ശേഷവും 'മാഞ്ചസ്റ്റര്‍ ഈസ് ബ്ലൂ' എന്ന് അവര്‍ തെല്ലുറക്കെ പ്രഖ്യാപിക്കുകയും ചെയ്യുന്നു. 

മാഞ്ചസ്റ്ററിലെ ചുവപ്പു മാറണമെങ്കില്‍ നിങ്ങള്‍ ജയിച്ച വിരലിലെണ്ണാവുന്ന കിരീടങ്ങളൊന്നും മതിയാവില്ലെന്നാണ് യുണൈറ്റഡ് ആരാധകരുടെ മറുപടി. എന്നിരുന്നാലും പ്രാദേശിക പത്രങ്ങളുടെ സര്‍വ്വേകള്‍ പ്രകാരം മാഞ്ചസ്റ്റര്‍ നഗരത്തില്‍ സിറ്റി ആരാധകര്‍ യുണൈറ്റഡ് ആരാധകരെ പിന്തള്ളിയിട്ടുണ്ട്. പക്ഷെ, ലോകത്തിന്റെ  ഏത് കോണില്‍ കളിച്ചാലും ആരാധകരെക്കൊണ്ട് സ്‌റ്റേഡിയം നിറക്കാന്‍ കഴിയുന്ന യുണൈറ്റഡിന്  അതില്‍ ലവലേശം പരിഭവമില്ല.

കൊണ്ടും കൊടുത്തും മാഞ്ചസ്റ്ററിലെ ക്ലബ്ബുകള്‍ പരസപരം മത്സരിക്കുമ്പോള്‍ എല്ലാവരിലും ആ ചോദ്യം ഉയരുക സ്വാഭാവികം. മാഞ്ചസ്റ്റര്‍ ഇപ്പോള്‍ നീലയോ ചുവപ്പോ? തര്‍ക്കിച്ചു തര്‍ക്കിച്ചു ഒടുവില്‍ നമുക്കൊരു നിഗമനത്തില്‍ എത്താം. മാഞ്ചസ്റ്റര്‍ എന്നാല്‍ യുനൈറ്റഡ് സിറ്റിയാണ്!