ചില നേരം രോഷം വരാറില്ലേ? സങ്കടങ്ങള്‍. പ്രതിഷേധങ്ങള്‍. അമര്‍ഷങ്ങള്‍. മൗനം കുറ്റകരമാണെന്ന് തോന്നുന്ന നേരങ്ങളില്‍, വിഷയങ്ങളില്‍, സംഭവങ്ങളില്‍ ഉള്ളിലുള്ളത് തുറന്നെഴുതൂ. കുറിപ്പുകള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ ഫോട്ടോ സഹിതം അയക്കൂ. സബ്ജക്ട് ലൈനില്‍ 'എനിക്കും ചിലത് പറയാനുണ്ട്!' എന്നെഴുതാന്‍ മറക്കരുത്. എഴുതുന്ന ആളുടെ പൂര്‍ണമായ പേര് മലയാളത്തില്‍ എഴുതണം. വ്യക്തിഹത്യ, അസഭ്യങ്ങള്‍, അശ്ലീലപരാമര്‍ശങ്ങള്‍ തുടങ്ങിയവ ഒഴിവാക്കണം.

 

 

ഒന്ന് കണ്ണടക്കാന്‍ അനുവദിക്കാതെ മുറിയില്‍ കത്തിനില്‍ക്കുന്ന വെളിച്ചം. രക്ഷപ്പെടാനുളള അവസാന ശ്രമവും കാട്ടുപന്നിയുടെയും അതിനെക്കാള്‍ ക്രൂരനായ ചന്ദ്രന്‍ എന്ന മനുഷ്യമൃഗത്തിന്റെയും ഇടയില്‍പ്പെട്ട് മനസ്സിലും ശരീരത്തിന്റെ എല്ലാ ഇഞ്ചിലും  അടികള്‍ ഏറ്റുവാങ്ങി, നുറുങ്ങുന്ന വേദനയില്‍ കട്ടിലില്‍ അനങ്ങാന്‍ കഴിയാതെ കിടക്കുന്ന സുധ. മനുഷ്യത്വത്തിന്റെ ഒരു തരിപോലും തൊട്ടുതീണ്ടാതെ , രണ്ടു കാലുകളും ബലംപ്രയോഗിച്ച് അകറ്റി വീണ്ടും മാരിറ്റല്‍റേപ്പിന് ഒരുങ്ങുന്ന ഭര്‍ത്താവ്. 2017 ലെ മികച്ച സിനിമയ്ക്കുളള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് കരസ്ഥമാക്കിയ 'ഒറ്റമുറി വെളിച്ചം' എന്ന സീനിമയിലെ ഈ സീന്‍ പല രാത്രി ഇനി എന്റെ ഉറക്കത്തെ കൊന്നുകളയും.

 

'ഒറ്റമുറി വെളിച്ചം'

 

വിവാഹം എന്നാല്‍ പെണ്ണിനെ പീഡിപ്പിക്കാനുളള ലൈസന്‍സ് കൂടിയാണെന്ന മിഥ്യാബോധമുളള മനുഷ്യരുടെയും നാടാണ് ഇന്ത്യ. മാരിറ്റല്‍ റേപ്പ് അഥവാ ഭര്‍ത്ത്യബലാത്സംഗം ക്രിമിനല്‍ കുറ്റമല്ലാത്ത നാട്ടില്‍ ആളുകള്‍ അങ്ങനെ ചിന്തിക്കുന്നതില്‍ അത്ഭുതപ്പെടാനൊന്നുമില്ല. ഈ കാലത്തും ഇതൊക്കെ ഉണ്ടോ എന്ന് ചോദിക്കാന്‍ പോകുന്ന നിഷ്‌കളങ്കരുടെ അറിവിലേക്കായ് ഈ അടുത്ത് വിവാഹിതയായ ഒരു പ്രിയപ്പെട്ട കൂട്ടുകാരിയെ കുറിച്ച് പറയാം.

നവവധുവിന് ഉണ്ടാവേണ്ട ഒരു സന്തോഷവും അവളുടെ മുഖത്ത് കാണാഞ്ഞപ്പോഴാണ് ഞാന്‍ പിടിച്ചിരുത്തി കാര്യങ്ങള്‍ അന്വേഷിച്ചത്. ഒരു പൊട്ടിക്കരച്ചിലായിരുന്നു മറുപടി. ഭര്‍ത്താവ് മുറിവേല്‍പ്പിക്കുന്നുണ്ട്, അതും രഹസ്യഭാഗങ്ങളില്‍. പുറമേ അവളോട് ഭയങ്കര സ്‌നേഹത്തിലാണ് പെരുമാറുന്നത്. പക്ഷെ ബെഡ്‌റൂമില്‍ എത്തുമ്പോള്‍ കാര്യം മാറും. ഇത് 'കെട്ടിയോളാണെന്റെ മാലാഖ' എന്ന സിനിമയിലേതുപോലെ , നായകകന്റെ അറിവില്ലായ്മ അല്ല. മറിച്ച് അതിബുദ്ധിയാണ്, മടികൊണ്ട് മറ്റാരെയും ആ ഭാഗങ്ങള്‍  കാണിക്കില്ല/പറയില്ല എന്ന തോന്നല്‍. അവള്‍ അമ്മയോട് ഒരുവട്ടം ചെറുതായി ഇത് സൂചിപ്പിച്ചതാണ്. പക്ഷേ അത് സ്‌നേഹക്കൂടുതല്‍ കൊണ്ടാണെന്നും ചില ഭര്‍ത്താക്കന്മാര്‍ അങ്ങനെയൊക്കെയാണെന്നുമായിരുന്നു സിനിമയിലെ ചന്ദ്രന്റെ അമ്മയെ പോലെ ഉപദേശം. 

അതെ, എല്ലാം സ്‌നേഹക്കൂടുതലാണ്. അങ്ങനെ പറയാനാണ് എളുപ്പം. ഇതിപ്പോള്‍ 2020 ആയില്ലേ. ഇനിയിപ്പോള്‍ പെണ്ണ് ആണിന്റെ അടിമയാണ് എന്ന് പച്ചക്കങ്ങ് പറയാന്‍ പറ്റില്ലല്ലോ. അതെ, സ്‌നേഹക്കൂടുതല്‍! അതു കൊളളാം, പൊളി സാധനം. ഫെയ്‌സ്ബുക്ക്- ഇന്‍സ്റ്റഗ്രാം പാസ്വേഡ് ചോദിക്കല്‍ തുടങ്ങി ആര്‍ത്തവ/പ്രസവ/രോഗാവസ്ഥ ഇത്യാദി സമയങ്ങളില്‍ പോലുമുള്ള നിര്‍ബന്ധിത ഓറല്‍ സെക്സ് വരെയുള്ള ക്രൂരതകളെ  നമുക്ക് ഈ ലേബലൊട്ടിച്ച് നോര്‍മലൈസ് ചെയ്യാമല്ലോ. ആരുചോദിക്കാന്‍?

ചോദിക്കേണ്ടവളെ, ഈ അടുത്ത് വൈറലായ 'രണ്ട് ചായ, ഒരു ചിരി' എന്ന ഷോര്‍ട്ട് ഫിലിമിലെ നായിക പറയുന്നത് പോലെ 'നീ എന്റെ കെട്ടിയോന്‍ ഒന്നും ആയില്ലല്ലോ, എന്നെ കേറിയങ്ങ് ഭരിക്കാന്‍' എന്ന് പറയിപ്പിക്കുന്ന തരത്തിലാണ് വളര്‍ത്തി എടുക്കുന്നത്. അതിനാല്‍, ഇത് നിര്‍ബാധം നമുക്ക് തുടരാം. ഇതൊക്കെ തുറന്ന് പറഞ്ഞാലും എത്ര രക്ഷിതാക്കള്‍ അവള്‍ക്ക് ഒപ്പം ഉണ്ടാവും. വഴങ്ങാത്ത ഭാര്യയെ ഭര്‍ത്താവിന് അടിക്കാം എന്ന് മതങ്ങള്‍ വരെ ഒത്താശ ചെയ്യുമ്പോള്‍ നിയമം പോലും കൂടെ ഇല്ല എന്നതാണ് സത്യം.

 

'രണ്ട് ചായ, ഒരു ചിരി'

 

ലൈംഗികത ഏറ്റവും ജൈവികവും ആസ്വാദനപരവുമായ കാര്യമാണ്. അത് മനോഹരമാകുന്നത് രണ്ട് പേരും ഇഷ്ടത്തോടെ ചെയ്യുമ്പോഴാണ്. അല്ലാതെ ബലപ്രയോഗത്തില്‍ അല്ല. സ്ത്രീകള്‍ക്ക് ബലപ്രയോഗമാണ് ഇഷ്ടമെന്നും 'ഹിറ്റ്‌ലര്‍' സിനിമയില്‍ പറയുന്നത് പോലെ അവള്‍ അത്  ഒച്ചവെക്കാതെ ആസ്വദിക്കുമെന്നും പതിയെ എതിര്‍പ്പ് കുറഞ്ഞു നെഞ്ചിലേക്ക് നിങ്ങളെ ചേര്‍ത്ത് പിടിക്കും എന്നുമൊക്കെയുള്ളത് ആണ്‍കോയ്മയുടെ മോളില്‍ പടച്ചുണ്ടാക്കിയ സിനിമകള്‍ പരത്തിയ അബദ്ധ ധാരണയാണ്. ജീവിതത്തില്‍ ആയാലും ലൈംഗികതയില്‍ ആയാലും ഒരുവളെ സ്വതന്ത്രമായ വ്യക്തിയായി അംഗീകരിക്കുമ്പോഴും അവളുടെ താല്‍പര്യങ്ങള്‍ കൂടി മാനിക്കുമ്പോഴുമാണ് സ്ത്രീകള്‍ക്ക് നിങ്ങളോട് സ്‌നേഹവും മതിപ്പും ബഹുമാനവും ഒക്കെ തോന്നുകയുളളൂ. അല്ലാത്തത് എല്ലാം നിസ്സാഹയാവസ്ഥകളുടെ മുതലെടുപ്പാണ്. 

 

'ഹിറ്റ്‌ലര്‍'

 

കുട്ടികളെയോര്‍ത്ത്, സാമ്പത്തിക ആശ്രയത്വം കൊണ്ട്, മറ്റുളളവര്‍ എങ്ങനെ തന്നെ ഇനി സ്വീകരിക്കുമെന്ന ഭയംകൊണ്ടും ഒക്കെയാണ് അവരിപ്പോഴും ഇതൊക്കെ സഹിച്ചു തുടരുന്നത്. ഒന്നുറപ്പാണ് രതിമൂര്‍ച്ഛ എന്നത് എന്താണ് എന്ന് ഇന്ത്യയിലെ ഭൂരിപക്ഷം സ്ത്രീകള്‍ അറിഞ്ഞിട്ടില്ലെങ്കിലും ജീവിതത്തിന്റെ ഏതെങ്കിലും ഒരു ഘട്ടത്തില്‍ മാനസികമായോ ശാരീരികമായോ ഭര്‍തൃ-പീഡനം അവര്‍ നേരിട്ടിട്ടുണ്ടാവും.
 
എങ്ങനെയാണ് എന്റെ മനുഷ്യരെ, ബലാത്സംഗം സ്വന്തം ഭര്‍ത്താവ് ചെയ്യുമ്പോള്‍  മഹത്വവും സ്വാഭാവികവുമാകുന്നത്? അനുഭവിക്കേണ്ട  ക്രൂരതയ്ക്കും മുറിവിന്റെ ആഴത്തിനും പ്രാഥമികകാര്യങ്ങള്‍ പോലും ചെത്താന്‍ കഴിയാത്ത വിധത്തിലുള്ള അവളുടെ വേദനയ്ക്കും ഉള്ളുമുറിയുന്ന നീറ്റലിനും വ്യത്യാസമുണ്ടാവുന്നുണ്ടോ അവിടെ? റേപ്പിസ്റ്റ് ഭര്‍ത്താവാകുമ്പോള്‍ ആ യാതനകള്‍ ഫിക്ഷനാവുന്നത് എങ്ങനെയാണ്?