ചില നേരം രോഷം വരാറില്ലേ? സങ്കടങ്ങള്‍. പ്രതിഷേധങ്ങള്‍. അമര്‍ഷങ്ങള്‍. മൗനം കുറ്റകരമാണെന്ന് തോന്നുന്ന നേരങ്ങളില്‍, വിഷയങ്ങളില്‍, സംഭവങ്ങളില്‍ ഉള്ളിലുള്ളത് തുറന്നെഴുതൂ. കുറിപ്പുകള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ ഫോട്ടോ സഹിതം അയക്കൂ. സബ്ജക്ട് ലൈനില്‍ 'എനിക്കും ചിലത് പറയാനുണ്ട്!' എന്നെഴുതാന്‍ മറക്കരുത്. എഴുതുന്ന ആളുടെ പൂര്‍ണമായ പേര് മലയാളത്തില്‍ എഴുതണം. വ്യക്തിഹത്യ, അസഭ്യങ്ങള്‍, അശ്ലീലപരാമര്‍ശങ്ങള്‍ തുടങ്ങിയവ ഒഴിവാക്കണം.

പത്തു വർഷങ്ങൾക്കു ശേഷം ജർമ്മനിയിൽ സ്ഥിരതാമസമുള്ള  കൂട്ടുകാരനെ കണ്ടുമുട്ടി. കൂടുതൽ വിശേഷങ്ങൾ പങ്കുവയ്ക്കാനായി നല്ലൊരു കോഫിഡേയിൽ സീറ്റും ഉറപ്പിച്ചു. തടിച്ചു, വെളുത്തു, നരച്ചു തുടങ്ങിയ സ്ഥിരഡയലോഗുകളൊന്നും കേൾക്കേണ്ടി വന്നില്ല. നേരെ എത്തിയത് ഷെയർ മാർക്കറ്റിലേക്കാണ്. പിന്നെ കുറച്ച് രാഷ്ട്രീയവും... ഇടയിൽ ടിവിയിലേക്ക് ഞാനൊന്നു കണ്ണോടിച്ചു.

"Doctor attacked in Kolkata’s NRS hospital" എന്ന് തുടങ്ങുന്ന വാർത്ത ശ്രദ്ധയോടെ കേട്ടു. പെട്ടെന്ന് ഒരു ഞെട്ടലാണുണ്ടായത്. "വന്നു വന്നു ഡോക്ടർമാരുടെ നെഞ്ചത്തും കേറി തുടങ്ങിയല്ലോ?" എന്ന് പറഞ്ഞു ഞാൻ സുഹൃത്തിനോട് ആ വാർത്ത കാണാൻ  ആവശ്യപ്പെട്ടു.

സെക്കന്‍റുകൾക്കുള്ളിൽ ആ വാർത്തയിലൊന്നു കണ്ണോടിച്ചു എന്റെ മുഖത്തു നോക്കി അവൻ പറഞ്ഞു, "അല്ലേലും ഇവന്മാർക്ക് ഇടയ്ക്കൊക്കെ രണ്ടു കിട്ടുന്നത് നല്ലതാ... ആർത്തി പണ്ടാരങ്ങള്!"

എനിക്ക് പൊടുന്നനെ അടി കിട്ടിയതു പോലെയായി. മുന്നിൽ ഇരുന്നയാൾ പെട്ടെന്ന് കയറിപ്പിടിക്കാൻ വന്നാൽ ഇതിലും എളുപ്പത്തിൽ എനിക്ക് കൈകാര്യം ചെയ്യാൻ പറ്റുമെന്ന്  തോന്നുന്നു. എന്റെ കണ്ണ് ചെറുതായി നിറഞ്ഞു. ഒരു "എക്സ്ക്യൂസ്‌ മീ" പറഞ്ഞു ഞാൻ നേരെ വാഷ് റൂമിലേക്ക് വച്ചുപിടിച്ചു. കണ്ണട ഊരിവച്ചു നന്നായി ഒന്ന് മുഖം കഴുകി. ഏറ്റവും പ്രിയപ്പെട്ടവരും, സുഹൃത്തുക്കളുമടങ്ങുന്ന ഒരുപാട് ഡോക്ടർമാരുടെ മുഖം മനസ്സില്‍ മിന്നി മറഞ്ഞു. ഇത്തിരിനേരം കണ്ണടച്ച് നിന്നു. പിന്നെ, കണ്ണാടിയിൽ നോക്കി "നീ ഇത്രയ്ക്കു ഇമോഷണൽ ആവേണ്ട ആവശ്യമൊന്നും  ഇല്ലാന്ന്" സ്വയം പറഞ്ഞു, ചെറുതായി ഒന്ന് ചിരിച്ചു പുറത്തേക്കു നടന്നു. 

“നിനക്കെന്തു പറ്റി? ഞാനൊരു കോമൺ ഫാക്ട് പറഞ്ഞതാ. നീ എന്തിനാ ഇത്രയ്ക്കു വല്ലാണ്ടായേ?” കൂട്ടുകാരൻ  അതിശയത്തോടെ എന്റെ കയ്യിലൊന്നു തൊട്ടു. 

"പ്രതീക്ഷിക്കാത്തതായിരുന്നു നീ പറഞ്ഞത്? കോമണ്‍ ഫാക്ട് എന്നതു കൊണ്ട് നീയെന്താണ് ഉദ്ദേശിച്ചത്?" എന്റെ ശബ്ദത്തിന്റെ കനം ഇത്തിരി കൂടിയിരുന്നു തോന്നുന്നു.

"ഇറ്റ് ഈസ് മൈനോറിറ്റി ഇൻ ഇന്ത്യ. നമ്മളെ പോലെ കമ്പനി ഇൻഷുറൻസും വച്ച് ഫൈവ് സ്റ്റാർ റേഞ്ച് ഹോസ്പിറ്റലിൽ പോവുന്നവർക്ക് അങ്ങനെ പലതും തോന്നും. അതും ഡോക്ടേഴ്സും തമ്മിൽ എന്താ ബന്ധം?"

"അവമ്മാർക്ക് അതിന്റെ  കമ്മീഷൻ കിട്ടും. അതോണ്ടെന്നേ രോഗികളെ പിഴിയും?"

"അത് തന്നെയാ ഞാൻ പറഞ്ഞത്. അത് അങ്ങനെയുള്ള ഹോസ്പിറ്റലുകളിൽ ആയിരിക്കാം. മെഡിക്കല്‍ കോളേജുകളിലേയും സര്‍ക്കാര്‍ ആശുപത്രികളിലേയും ഡോക്ടര്‍മാരുടെ അവസ്ഥയോ?”

"അവരും അങ്ങനെയൊക്കെ തന്നെ ആയിരിക്കൂലേ? ചാൻസ് കിട്ടിയാൽ ആരാ കാശു വേണ്ടാന്ന് വക്കുക? പിന്നെ ഇവമ്മാർക്ക് ഗവണ്മെന്‍റ് നല്ലോണം കൊടുക്കുന്നുണ്ടാവില്ലേ? പ്രൈവറ്റ് പ്രാക്ടീസ് വേറെയും. നമ്മള് ചുമ്മാ ഇതുപറഞ്ഞു സമയം കളഞ്ഞിട്ടു കാര്യമില്ല. ഇറ്റ് ഈസ് വെരി കോമൺ നൗഎ ഡേയ്സ്."

എന്റെ ഉള്ളിലെ സങ്കടങ്ങൾ ഒക്കെ പോയിട്ട് പുറത്തറിയിക്കാൻ പറ്റാത്ത എന്തോ ഒരു തരം വികാരം അലയടിച്ചു. വളരെ പതിഞ്ഞ ശബ്ദത്തിൽ ഞാൻ അവനോടു ചോദിച്ചു, "എന്നെങ്കിലും ഏതേലും മെഡിക്കൽ കേളേജ് കണ്ടിട്ടുണ്ടോ?" എനിക്കുത്തരം കിട്ടിയില്ല. വിട്ടുപിടി എന്ന മട്ടിൽ അവനെന്റെ മുഖത്തു നോക്കി. 

"ഈ മെഡിക്കൽ കോളേജിലെ ഹൗസ് സര്‍ജന്‍ മുതല്‍ ഡിഎം ചെയ്തോണ്ടിരിക്കുന്ന സീനിയർ റെസിഡന്റൻസ് വരെ പട്ടിയെ പോലെ പണിയെടുക്കുന്നത് കണ്ടിട്ടുണ്ടോ?"
"അത് അവരുടെ പഠനത്തിന്റെ ഭാഗമല്ലേ? അങ്ങനെ ആണേൽ നമ്മളും ഒരുപാട് കഷ്ട്ടപെടുന്നില്ലേ?"

"സിലബസിനെ കുറിച്ചല്ല ഞാൻ പറയുന്നത്. നീ എന്നെങ്കിലും എം ടെക്ക് ചെയ്യുന്ന സമയത്തു രണ്ടും, മൂന്നും ദിവസ്സം ഉറങ്ങാതെ ഇരുന്നിട്ടുണ്ടോ?"
"ഇല്ല "
"കമ്പ്യൂട്ടറിന്റെ മുന്നിൽ ആണേലും അങ്ങനെ ഇരിക്കാൻ പറ്റുന്നു തോന്നുന്നുണ്ടോ"
"നോ"
"എന്നെങ്കിലും പൊട്ടിയൊലിച്ച വ്രണവും, നിർത്താതെ ഉള്ള ഛർദിയും ഒക്കെ ഉള്ള ആളുകളെ ഒന്ന് തൊടാനെങ്കിലും എനിക്കും നിനക്കുമൊക്കെ പറ്റുവോ? എന്തിനു സിനിമ കാണുന്നതിന്റെ ഇടയിൽ കാണിക്കുന്ന പുകയില പരസ്യം മുഴുവനായി കാണാൻ പറ്റുവോ?" അവനു ചെറുതായി ഓക്കാനം വന്നു.പറഞ്ഞു കൊണ്ടിരുന്ന എനിക്കും ഒരു തരം അസ്വസ്ഥത ഉണ്ടായി. കുറച്ചു സമയം ഞാൻ മിണ്ടാതിരുന്നു. എന്നിട്ടു ചെറുതായി ഒന്ന് ചിരിച്ചു കൊണ്ട് അവനോടു ചോദിച്ചു.

"നീ  നിന്റെ ഭാര്യയുമായി സ്വകാര്യത പങ്കുവയ്ക്കുമ്പോൾ എമർജൻസി കാൾ വന്നു ഓഫീസിൽ എത്താൻ പറഞ്ഞാലുള്ള അവസ്ഥ ഒന്ന് ആലോചിക്കാൻ പറ്റുവോ?"
“നീയെന്താണ് ഈ പറഞ്ഞോണ്ടിരിക്കുന്നത്?”
"ഇതൊക്കെ ഓരോ സുഹൃത്തുക്കളുടെയും അനുഭവം ആണ്. മാരക വേർഷൻ വേറെയും ഒരുപാട് ഉണ്ട്."

ഞാൻ സംസാരം നിർത്താമെന്നു കരുതി. വർഷങ്ങൾക്കു ശേഷം കണ്ട സുഹൃത്തുമായി എന്തിനാ ഇങ്ങനെ വാദം നടത്തുന്നത്? സന്തോഷം നൽകുന്ന എന്തെല്ലാം കാര്യങ്ങൾ പറയാനുണ്ട്. ഞാൻ നെടുവീർപ്പിട്ടു അവനെ ഒന്ന് നോക്കി.

“പക്ഷെ, അവര്‍ അവരുടെ ജോലി അല്ലേ ചെയ്യുന്നത്? അവർക്കു നല്ല കാശും കിട്ടും” അവൻ ശബ്ദമുയർത്തി പറഞ്ഞു.
''ഇവിടെ ഭക്ഷണവുമായെത്തുന്ന ഒരു ഡെലിവറി ബോയിയുടെ ശമ്പളം 25000 -ത്തിന് മുകളിലാണ്. മെഡിക്കല്‍ കോളേജിലെ ഒരു ഡോക്ടറുടെ ശമ്പളത്തെ കുറിച്ച് നിനക്ക് വല്ല ഐഡിയയും ഉണ്ടോ?''

“ഇല്ല. പക്ഷെ, എം ബി ബി എസ്സിന് ശേഷം അവര്‍ക്ക് ലക്ഷത്തിന് മുകളിലാവും ശമ്പളം. അതെനിക്കറിയാം.”
“മെഡിക്കല്‍ കോളേജില്‍?”
“അതെ”

"എന്റെ അറിവിൽ അല്ല. ഹൗസ് സര്‍ജന്‍സ് ഇപ്പോഴും സ്റ്റൈപ്പന്‍റ് കിട്ടാൻ കഷ്ട്ടപ്പെടുന്ന കോളേജ്‌ ഉണ്ട്. ചിലയിടങ്ങളിൽ അതില്ലതാനും. പിജി -ക്കാരുടെ കാര്യവും അങ്ങനെ ഒക്കെ തന്നെയാണെന്ന് തോന്നുന്നു. കുറച്ചു നേരം അഡ്ജസ്റ്റ് ചെയ്തു പ്രൈവറ്റ് പ്രാക്ടീസിനു പോയി കാശുണ്ടാക്കുന്ന കുറച്ചു പേരൊക്കെ കാണും. എനിക്ക് പലപ്പോഴും തോന്നാറുണ്ട് ഈ ഇന്ത്യയിൽ ഏറ്റവും കൂടുതൽ പണിയെടുക്കുന്ന ആള്‍ക്കാര് മെഡിക്കൽ കേളേജിലെ  ഡോക്ടർമാരാണെന്ന്."

''ഇനി പറയൂ, ഇതൊരു കോമണ്‍ ഫാക്ട് ആണോ? ഇനിയും ഡോക്ടേഴ്സിനു രണ്ടെണ്ണം കിട്ടുന്നത് നല്ലതാണെന്നു തോന്നുന്നുണ്ടോ? ആ ടീവിയിൽ കാണുന്ന ആൾക്ക് പട്ടിയേക്കാൾ വിലയുണ്ടെന്ന് തോന്നുന്നുണ്ടോ?"

ഒന്നും മിണ്ടാതെ  അവൻ കുറച്ചു നേരം  ടിവിയിൽ തന്നെ നോക്കി നിന്നു. ജനങ്ങൾ തല്ലി ഉടച്ച ആ യുവഡോക്ടറിന്‍റെ തലയോട്ടിയുടെ ചിത്രം ഞങ്ങൾ രണ്ടു പേരും മനസിലേക്ക് ആവാഹിച്ചെടുത്തു. പിന്നീട് ഒന്നും തന്നെ നമുക്ക് പരസ്പരം സംസാരിക്കാൻ പറ്റിയില്ല. ഒരു വീക്ക് ബാംഗ്ലൂർ ഉണ്ടെന്നും, പറ്റുവാണേൽ ഒന്നൂടെ കാണാമെന്നും പറഞ്ഞ് അവനവിടുന്നു യാത്രയായി. വീട്ടിലേക്കു പോവുന്ന വഴി എന്റെ മൊബൈൽ ഒന്ന് വൈബ്രേറ്റ് ചെയ്തു. അതവന്റെ മെസ്സേജ് ആയിരുന്നു.

“എനിക്ക് തോന്നുന്നു എന്‍റെ ചിന്താഗതി തെറ്റായിരുന്നുവെന്ന്. ഇന്ത്യയിലെ ഡോക്ടര്‍മാര്‍ കുറച്ചുകൂടി ആദരവ് അര്‍ഹിക്കുന്നു.”ഒരു ചെറിയ തമ്പ് സ്മൈലി മാത്രം കൊടുത്തു ഞാൻ ആ മെസ്സേജ് അടച്ചു വച്ചു.

ഇത്രേം വിദ്യാഭ്യാസം ഉള്ള ഒരാൾ, ലോകം കണ്ട ഒരാൾ ഇങ്ങനെ ചിന്തിക്കുന്നുവെങ്കിൽ ഈ സമൂഹത്തിൽ ഇനിയും എത്രത്തോളം മാറ്റങ്ങൾ ഉണ്ടാവേണ്ടതുണ്ട് എന്ന് ഞാൻ വീണ്ടും, വീണ്ടും ആലോചിച്ചു. പിന്നെ, ഒടുവിൽ അവൻ പറഞ്ഞത് പോലെ  "They deserve more" എന്ന് ഞാനും ഒന്ന് മന്ത്രിച്ചു.