ചില നേരം രോഷം വരാറില്ലേ? സങ്കടങ്ങള്‍. പ്രതിഷേധങ്ങള്‍. അമര്‍ഷങ്ങള്‍. മൗനം കുറ്റകരമാണെന്ന് തോന്നുന്ന നേരങ്ങളില്‍, വിഷയങ്ങളില്‍, സംഭവങ്ങളില്‍ ഉള്ളിലുള്ളത് തുറന്നെഴുതൂ. കുറിപ്പുകള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ ഫോട്ടോ സഹിതം അയക്കൂ. സബ്ജക്ട് ലൈനില്‍ 'എനിക്കും ചിലത് പറയാനുണ്ട്!' എന്നെഴുതാന്‍ മറക്കരുത്. എഴുതുന്ന ആളുടെ പൂര്‍ണമായ പേര് മലയാളത്തില്‍ എഴുതണം. വ്യക്തിഹത്യ, അസഭ്യങ്ങള്‍, അശ്ലീലപരാമര്‍ശങ്ങള്‍ തുടങ്ങിയവ ഒഴിവാക്കണം.

 

 

'Patient is always right'` (രോഗി എല്ലായ്പ്പോഴും ശരിയാണ്)

തിരിച്ചറിയല്‍ കാര്‍ഡിന്റെ ഏറ്റവും മുകളില്‍ ചുമന്ന അക്ഷരങ്ങളില്‍ ഇങ്ങനൊരു വാക്യമുണ്ടായിരുന്നു. 'You know who am I?' എന്നാക്രോശിച്ച് എന്റെ തന്നെ നെഞ്ചത്തൊട്ടികിടന്ന ഐ ഡി കാര്‍ഡില്‍ നിന്നത് ഉറക്കെ വായിച്ചു തന്നത് രോഗിയുടെ കൂട്ടിരിപ്പിനു വന്ന അവരുടെ ഭര്‍ത്താവാണ്. ലാവ പോലെ
ഉള്ള് തിളച്ചു മറിഞ്ഞിട്ടും നിശ്ശബ്ദയായി അയാളുടെ ആക്രോശം മുഴുവന്‍ കേട്ട് നില്‍ക്കേണ്ടി വന്ന നിമിഷം. നഴ്‌സസ് സ്റ്റേഷനില്‍ ഓടിക്കയറി ഐഡി കാര്‍ഡ് വലിച്ചെറിഞ്ഞു പൊട്ടിപൊട്ടിക്കരഞ്ഞത് ജോലിക്ക് കയറിയ ആദ്യ ദിനത്തില്‍.

പിന്നീടങ്ങോട്ട് അതു ശീലമാക്കാന്‍ ഭഗീരഥ യത്‌നം വേണ്ടി വന്നു. ആക്രോശിച്ചു കയ്യോങ്ങുന്നവര്‍, തെറി വിളിക്കുന്നവര്‍, അശ്ലീലം പറയുന്നവര്‍, കയറിപ്പിടിക്കുന്നവര്‍, ഡോക്ടറെ വിളിക്കെന്ന് പറഞ്ഞു ഇല്ലാപ്പരാതികള്‍ പറയുന്നവര്‍. 'നന്ദി പ്രതീക്ഷിച്ചതല്ലേ പിഴ' എന്നൊക്കെ സമാധാനിച്ചു കൊണ്ടിരുന്ന ഒരു നാളിലാണ് ബസില്‍ വെച്ചു എന്റെ സഹപ്രവര്‍ത്തകയുടെ ആണ്‍ സുഹൃത്ത് 'എനിക്കറിയാമായിരുന്നെടീ നഴ്‌സുമാരെല്ലാം പിഴകളാണെന്ന്. ഒരിക്കലെല്ലാവരുടെയും മുന്നില്‍ വെച്ച് നിന്റെ തുണിയുരിയും'എന്ന് ഉറക്കെപ്പറഞ്ഞിറങ്ങിപ്പോയത്.  നഴ്‌സുമാരെ അവഹേളിക്കുന്ന രീതിയിലാണ് അന്ന് വരെ കണ്ട  സിനിമകളൊക്കെ.

ഇതുവരെ പുരുഷാധിപത്യം കൈവരാത്ത മേഖലയാണ് നഴ്‌സിംഗ്. അതിന്റെ കാരണം സമൂഹത്തില്‍ അന്തര്‍ലീനമായിക്കിടക്കുന്ന ആ ദുശ്ചിന്തയാണെന്നു തോന്നുന്നു. ഞാന്‍ മെയില്‍ നഴ്‌സ് ആണെന്ന് പറയാന്‍ നാണക്കേടാണവര്‍ക്ക്. അത്രത്തോളം സ്‌ത്രൈണപ്പെട്ടു പോയ ഒരു ജോലി ലോകത്തു വേറെയുണ്ടെന്ന് തോന്നുന്നില്ല.അതുകൊണ്ട്  ചൂഷണങ്ങളും കുറവല്ല.
     
തന്നെ 'സിസ്റ്ററെ' എന്ന് തെറ്റിദ്ധരിച്ചു വിളിച്ചത് കൊണ്ട് രോഗിക്ക് ചികിത്സ നിഷേധിച്ച ഒരു വനിതാ ഡോക്ടര്‍, പുതുതായി ജോലിയില്‍ പ്രവേശിച്ച ഡോക്ടര്‍ക്ക് അവിടുത്തെ പ്രോസീജറുകള്‍ പറഞ്ഞു കൊടുത്തപ്പോള്‍ 'ഒരു നഴ്സിന് ഇത്ര കഴിവുണ്ടാകുമെന്നു ഞാനറിഞ്ഞില്ല' എന്നത്ഭുതപ്പെട്ടത്, ഞാന്‍ പറഞ്ഞ മറുപടിയില്‍ വിശ്വാസമില്ലാതെ അതേ മറുപടി പറഞ്ഞ ഡോക്ടറെ വിശ്വസിക്കുന്ന രോഗികള്‍, ചികിത്സ കഴിഞ്ഞു പോകുമ്പോള്‍ വര്‍ണപ്പകിട്ടുള്ള സമ്മാനം ഡോക്ടര്‍ക്ക് കൊടുത്തിട്ടു നഴ്‌സിന് ഒരു പുഞ്ചിരി തരാതെ പോകുന്നവര്‍, ഒരുപാട് നിന്ദകള്‍ക്കിടയില്‍ മിന്നലായി ചില നന്ദി വാക്കുകള്‍, കെട്ടിപ്പിടിത്തങ്ങള്‍, അനുഗ്രഹിക്കലുകള്‍ 'ഡോക്ടറായിക്കൂടായിരുന്നോ' എന്ന ശാസനകള്‍...ഒന്നും മറക്കുന്നില്ല.  

അമ്മയ്ക്കും മുന്നേ നിങ്ങളെ കയ്യിലെടുത്തവര്‍, മുറിവുകള്‍ വൃത്തിയാക്കിത്തന്നവര്‍, അറപ്പില്ലാതെ  ആശ്വസിപ്പിക്കുന്നവര്‍, നിങ്ങള്‍ക്കൊപ്പം മരണത്തോട് മല്ലിടുന്നവര്‍, നിങ്ങള്‍ മരിച്ചാല്‍ ആദ്യം കണ്ണ് നിറയുന്നവര്‍, നിങ്ങളെ അവസാനമായി പൊതിഞ്ഞു കെട്ടുന്നവര്‍ എന്നൊക്കെ ഓര്‍മിച്ചു ചിലപ്പോഴെങ്കിലും ഞങ്ങളെ രോഗിയാണ് ശരി എന്ന ആപ്തവാക്യങ്ങള്‍ക്കൊപ്പം ഞങ്ങളെയും 'ശരി' എന്ന് കരുതിക്കൂടേ നിങ്ങള്‍ക്ക്?

 

എനിക്കും ചിലത് പറയാനുണ്ട്: ഈ പംക്തിയില്‍ നേരത്തെ വന്ന കുറിപ്പുകള്‍ ഇവിടെ വായിക്കാം