Asianet News MalayalamAsianet News Malayalam

നമ്മുടെ കുഞ്ഞുങ്ങള്‍ എങ്ങനെയാണ്  ആത്മഹത്യയിലേക്ക് മുറിഞ്ഞുവീഴുന്നത്?

ട്രീസ ജോസഫ് എഴുതുന്നു: മുന്നിലിപ്പോള്‍ ദേവിക ഉണ്ട്. ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചതിനിടെ, കമ്പ്യൂട്ടറോ സ്മാര്‍ട്ട് ഫോണോ സ്വന്തമായി നല്‍കാനാവാത്ത ദാരിദ്ര്യത്തില്‍, അതുണ്ടാക്കുന്ന അപമാനങ്ങളില്‍ ആത്മഹത്യയിലേക്ക് നടന്നുപോയ പെണ്‍കുട്ടി. അത്തരം അനേകം കുട്ടികളുടെ പ്രതിനിധി.

Suicide students  kids column Nurses memoirs by Theresa joseph
Author
Thiruvananthapuram, First Published Jun 10, 2020, 3:22 PM IST

നായാടിയും, കാടിനോടെതിരിട്ടും പച്ച മാംസം ഭക്ഷിച്ചും ഉറച്ച മനസ്സും ശരീരമുള്ളവരായിരുന്നു ആദിമ മനുഷ്യന്‍. ജീനുകളുടെ മാറ്റത്തിനിടയില്‍ അവന്റെ മനസ്സും ശരീരവും ദുര്‍ബലമായിപ്പോയോ? തറപ്പിച്ചൊരു നോട്ടത്തിനെ പോലും നേരിടാനാവാത്ത പോലെ നമ്മളെന്തേ ഇങ്ങനെ തളരുന്നു? ജീനുകളുടെ മാറ്റങ്ങള്‍ ആയാലും സമൂഹത്തിന്റെ കാഴ്ചപ്പാട് മാറിയതായാലും നമ്മുടെ സഹനശക്തി പൂജ്യത്തിനും താഴെ എത്തി നില്‍ക്കുന്നു. ഒരു കളിയാക്കല്‍ പോലും താങ്ങാനാവാതെ, ഒരു കുറവും സഹിക്കാനാവാതെയാണ് ഇന്ന് നമ്മള്‍ ജീവിക്കുന്നത്. അവനെന്ന കളിയാക്കി എന്ന് പറഞ്ഞാല്‍ അമ്പും വില്ലുമെടുത്തു പടക്കിറങ്ങുന്ന മാതാപിതാക്കള്‍ പണ്ടുണ്ടായിരുന്നില്ല. കുട്ടികള്‍ക്ക് ഒരു ലോകമുണ്ടായിരുന്നു. ഒന്നു പിണങ്ങി തിരിഞ്ഞു നടന്നാലും, ഒരു കിളിപ്പാതിയോ കല്ലുപേനയുടെ ഒരു മുറിഞ്ഞ കഷണമോ കൊണ്ട് എളുപ്പം കൂട്ടിച്ചേര്‍ക്കാമായിരുന്ന ഒരു സുന്ദര ലോകം.

 

Suicide students  kids column Nurses memoirs by Theresa joseph

 

ദൈവമേ, ഇന്നെന്തിനാവാം വീണ്ടും ഈ സ്വപ്നം തന്നെ കണ്ടത്? 

ഞെട്ടിയുണര്‍ന്നു സമയം നോക്കുമ്പോള്‍ രണ്ട് മണി ആയതേയുള്ളു. രാവിലെ ജോലിക്കും പോകണം.

സ്വപ്നത്തില്‍ ചിരിച്ചു കാണിച്ചിട്ട് ഓടിയത് ഇപ്പോള്‍ ഈ ഭൂമിയിലില്ലാത്ത തീരെ മെലിഞ്ഞ ശരീരമുള്ള ഒരു 10 വയസ്സുകാരന്‍. മലയാളി കുടുംബം. അടുത്താണ് താമസമെങ്കിലും ഇടക്കൊക്കെ കണ്ടിട്ടുണ്ട് എന്നതൊഴിച്ചാല്‍ വലിയ പരിചയം ഇല്ല. കണ്ണുകള്‍ തുറന്ന് പിടിച്ചു് ഇരുട്ടിലേക്ക് തുറിച്ചു നോക്കി കിടക്കുമ്പോള്‍
കുറെ വര്‍ഷങ്ങള്‍ മുമ്പ് നടന്ന ഒരു സംഭവം ഓര്‍മ്മ വന്നു.

ഒരു ദിവസം രാവിലെ ഒരു മെസേജ് കണ്ടു. അടുത്ത ഒരു കൂട്ടുകാരിയുടേതാണ്. ഏകദേശം ഒരേ പ്രായത്തിലുള്ള മക്കള്‍ ഉള്ളത് കൊണ്ട് വിശഷങ്ങള്‍ പരസ്പരം പറയാറുണ്ട്. അവളുടെ മെസേജ് ആ കുട്ടിയെക്കുറിച്ചായിരുന്നു. അവന്‍ ജീവിതം ഉപേക്ഷിച്ച് മടങ്ങിയിരിക്കുന്നു. ഒപ്പമുള്ള പടത്തില്‍ അവനാണ്. ഡ്രസിങ് റൂമിലെ ഒരു തടിക്കഷണത്തില്‍ തൂങ്ങി നില്‍ക്കുന്നു. എന്റെ കണ്ണില്‍ ഇരുട്ട് കയറി. പിന്നെയും പിന്നെയും ഫോട്ടോയില്‍ നോക്കി .അതെ, അവന്‍ തന്നെയാണ്. എനിക്ക് ഛര്‍ദിക്കണം എന്ന് തോന്നി. നെഞ്ച് ശക്തിയായി മിടിക്കുന്നു.

വലിയ കുഴപ്പമാണിത്, എനിക്ക് തന്നെ അറിയാം. ആര്‍ക്കെന്ത് പറ്റിയാലും എന്റെ നെഞ്ച് വേവുന്നതെന്ത്?  അവന്റെ അമ്മയെ ആണ് ആദ്യമോര്‍ത്തത്. എങ്ങനെ ഞാന്‍ അവളെ വിളിക്കും, എന്ത് പറയും? വിളിക്കാന്‍ മാത്രം അത്ര അടുപ്പമില്ല താനും. 

മുറിയില്‍ ഒരാള്‍ ഒന്നുമറിയാതെ കൂര്‍ക്കം വലിച്ചുറങ്ങുന്നു. വിളിക്കണോ? പിന്നെയോര്‍ത്തു വേണ്ട, ഇതറിഞ്ഞാല്‍പ്പിന്നെ കുറെ ദിവസത്തേക്ക് ഉറക്കമുണ്ടാവില്ല. ഞാന്‍ കുഞ്ഞുങ്ങളുടെ ബെഡ്റൂമിലേക്കോടി. പുതപ്പിന്റെ വെളിയിലേക്ക് നീണ്ടു കിടക്കുന്ന കാലുകളില്‍ മെല്ലെ ഉമ്മ വച്ചു . പിന്നെ ആര്‍ത്തലച്ചു കരഞ്ഞു. കരച്ചില്‍ കേട്ടു കുഞ്ഞുങ്ങള്‍ എന്നെ കെട്ടിപ്പിടിച്ചു. അമ്മാ, എന്തു പറ്റി എന്ന ചോദ്യത്തിന് മറുപടി പറയാതെ പിന്നെയും അവരെ കെട്ടിപ്പിടിച്ചു കരഞ്ഞു.

എന്റെ കുഞ്ഞേ നീയെന്തിനാണ് ഒന്നും പറയാതെ മരണത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിപ്പോയത്? നിന്നെ ഇനി ഒന്ന് തൊടാന്‍ പോലുമാവില്ലല്ലോ. അമ്മ നെഞ്ചിന്റെ മുറിവ് ഉണങ്ങില്ലല്ലോ, ഒരിക്കലും. നിനക്ക് പേടിയായിട്ടുണ്ടാവുമല്ലോ. അവസാന ശ്വാസത്തിനായി പിടയുമ്പോള്‍ നീ 'അമ്മേ' എന്ന് വിളിച്ചിരിക്കില്ലേ. നൂറു നൂറു ചോദ്യങ്ങള്‍ എന്റെ മനസ്സിലുയര്‍ന്നു.

കുറെ നാളുകള്‍ കഴിഞ്ഞു. ഒരു ദിവസം അവന്റെ അമ്മയെ ഷോപ്പിംഗ് മാളില്‍ കണ്ടു . നടക്കുന്ന ഒരു ശവശരീരം എന്നാണ് ആദ്യമേ തോന്നിയത്. യാന്ത്രികമായെന്നോണം എന്തൊക്കെയോ പെറുക്കിയെടുക്കുന്നുണ്ട്. ഒരകലമിട്ട് അവരുടെ പുറകെ ഞാന്‍ നടന്നു. നേരിട്ട് പരിചയമില്ല, എന്ത് മിണ്ടണം എന്നറിയില്ല. ആണ്‍കുട്ടികളുടെ വസ്ത്രങ്ങള്‍ ഇരിക്കുന്ന സ്ഥലത്തു വന്നപ്പോള്‍ അവര്‍ പതുക്കെ ഓരോന്നെടുക്കുന്നതും തലോടുന്നതും കണ്ടു. ആ വസ്ത്രമിട്ടാല്‍ അവന്‍ എങ്ങനെ ഇരുന്നേനെ എന്നാലോചിക്കുകയാവാം. കുഞ്ഞിന്റെ മണം തേടി നടക്കുന്ന അമ്മയെ കണ്ടു നില്ക്കാന്‍ ഇനി വയ്യ, ഞാന്‍ ഒച്ച വച്ച് കരഞ്ഞേക്കും. പതിയെ ഒരു ഷെല്‍ഫിന്റെ മറവിലേക്കു മാറി, കണ്ണീര്‍പ്പാടയിലൂടെ ആ അമ്മയെ വീണ്ടും ഞാന്‍ നോക്കി. അവര്‍ ഒരു സ്വപ്നത്തിലാണ്. അതോ ധ്യാനത്തിലോ. ഒരു പക്ഷെ അവരുടെ ഇനിയുള്ള ജീവിതം മുഴുവന്‍ അത്തരം ധ്യാനങ്ങള്‍ ആയേക്കാം.

ആത്മഹത്യയുടെ കാരണമായി കേട്ടത് നല്ല കാരണമല്ല. കൂട്ടുകാരുടെ കൈയിലുള്ളത് പോലുള്ള വീഡിയോ ഗെയിം വാങ്ങിക്കൊടുക്കാന്‍ അപ്പന്‍ സമ്മതിച്ചില്ല. നാലായിരം സ്‌ക്വയര്‍ ഫീറ്റ് വീട്, കാറ്, നല്ല ജീവിത സാഹചര്യങ്ങള്‍. ദാരിദ്ര്യം ആണോ കാരണം?

സ്വപ്‌നത്തില്‍നിന്നും ആ പയ്യന്‍ മുറിഞ്ഞുപോയിട്ടും സങ്കടമരം പെയ്തുകൊണ്ടേയിരുന്നു, ഉള്ളില്‍. 

 

....................................

Read more: കണ്ണുനനയാതെ വായിക്കാനാവില്ല, അമേരിക്കയില്‍നിന്നുള്ള ഈ കൊവിഡ് അനുഭവം!
....................................

 

രണ്ട്

ഇപ്പോള്‍ എന്റെ മുന്‍പില്‍ ഇരിക്കുന്നത് പതിനേഴു വയസ്സുള്ള ഒരു മെക്‌സിക്കന്‍ പെണ്‍കുട്ടിയാണ്. പേര് വലേറി.

പേര് സൂചിപ്പിക്കുന്നത് സ്‌ട്രോങ് വുമണ്‍ എന്നാണെങ്കിലും, ആത്മഹത്യ ശ്രമത്തിനാണ് അവള്‍ അഡ്മിറ്റ് ആയത്. കൂട്ടുകാരുടെ കളിയാക്കലായിരുന്നു കാരണം. അവളുടെ പ്രായത്തിലെ കുട്ടികളെ വച്ച് നോക്കുമ്പോള്‍ കുറച്ചു തടിച്ച ശരീര പ്രകൃതമാണ്. പേരും ശരീരവും തമ്മില്‍ യോജിക്കുന്നത് കൊണ്ടാവും കളിയാക്കലുകള്‍ പലപ്പോഴും അതിരു കടന്നിരുന്നു. ഒരു നിമിഷം പിടി വിട്ടു പോയി . അമ്മയുടെ മരുന്ന് പെട്ടിയില്‍ നിന്ന് കിട്ടാവുന്നതൊക്കെ എടുത്ത് വിഴുങ്ങി.

ഞാനവളോട് അവളുടെ പഠനത്തെക്കുറിച്ചു ചോദിച്ചു. ഇഷ്ടമുള്ള വിഷയങ്ങളെക്കുറിച്ചു ചോദിച്ചു. അവളുടെ ആത്മഹത്യ ശ്രമങ്ങളെക്കുറിച്ചു സംസാരിച്ചതേയില്ല.
രണ്ടു ദിവസം അവള്‍ എന്റെ പേഷ്യന്റ് ആയിരുന്നു. ഡിസ്ചാര്‍ജ് ആയി വീട്ടില്‍ പോകാന്‍ നേരം അവള്‍ എന്നെ ഏറെ സന്തോഷിപ്പിക്കുന്ന ഒരു കാര്യം പറഞ്ഞു- അവള്‍ക്കൊരു നേഴ്‌സ് ആവണം. ഞാവളോട് ചോദിച്ചു, 'എന്ത് കൊണ്ടാണ് ഇങ്ങനെയൊരു തീരുമാനമെടുത്തത്?'

'ഇത്രയും നാള്‍ എല്ലാവരും എന്നോട് ആഹാരം നിയന്ത്രിക്കേണ്ടതിനെ പറ്റിയാണ് പറഞ്ഞു കൊണ്ടിരുന്നത്. എന്റെ ഇഷ്ടഷ്ടങ്ങളെപ്പറ്റി അധികം ആരും ചോദിച്ചിട്ടില്ല. നിങ്ങളാണ് എന്റെ ശരീരത്തെ ജഡ്ജ്  ചെയ്യാതെ എന്നോട് സംസാരിച്ചത്. അതൊരു വലിയ ആശ്വാസമായിരുന്നു'-അവള്‍ പറഞ്ഞു.

അനുസരണയില്ലാത്ത എന്റെ കണ്ണുകള്‍ നിറഞ്ഞു.

അവള്‍ അതിജീവിച്ചു. കഴിഞ്ഞ വര്‍ഷം നേഴ്‌സ് ആയി അവള്‍ പഠനം പൂര്‍ത്തിയാക്കി. 

 

....................................

Read more: 81 വയസ്സുള്ള ഒരാള്‍ക്ക് വെന്റിലേറ്റര്‍ നല്‍കാതെ മരണത്തിലേക്ക് പറഞ്ഞുവിടണോ?
....................................

 

മൂന്ന് 

മുന്നിലിപ്പോള്‍ ദേവിക ഉണ്ട്. ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചതിനിടെ, കമ്പ്യൂട്ടറോ സ്മാര്‍ട്ട് ഫോണോ സ്വന്തമായി നല്‍കാനാവാത്ത ദാരിദ്ര്യത്തില്‍, അതുണ്ടാക്കുന്ന അപമാനങ്ങളില്‍ ആത്മഹത്യയിലേക്ക് നടന്നുപോയ പെണ്‍കുട്ടി. അത്തരം അനേകം കുട്ടികളുടെ പ്രതിനിധി.

കാരണം എന്തുമാവട്ടെ , അവളും ആത്മഹത്യ ചെയ്തു. സ്മാര്‍ട്ട് ലേണിംഗ് രീതികള്‍ മകള്‍ക്കു നല്കാന്‍ മാത്രമുള്ള അവസ്ഥയിലായിരുന്നില്ല അവളുടെ  മാതാപിതാക്കളുടെ അവസ്ഥ എന്നാണ് നമ്മുടെ വിലയിരുത്തല്‍. ദാരിദ്ര്യം ആണ് മുഖ്യ പ്രതി. പക്ഷേ നമ്മളോരോരുത്തരും ഇതില്‍ പ്രതികളാണ് എന്ന് ഞാന്‍ പറയും. അവളുടെ ദാരിദ്ര്യം ഒറ്റ നിമിഷം കൊണ്ട് ഉണ്ടായതല്ല. പല തരത്തിലുള്ള സൂചനകള്‍ നേരത്തേ ഉണ്ടായിരുന്നു. ആ കുഞ്ഞിന്റെ മനസ്സിനെ ഒന്ന് താങ്ങാന്‍ ആരെങ്കിലും ഉണ്ടായിരുന്നെങ്കില്‍...ചാനല്‍ ചര്‍ച്ചയില്‍ ആ അമ്മയുടെ തല താണു തന്നെയിരുന്നു. മകള്‍ക്ക് ആരാകാനായിരുന്നു താത്പര്യമെന്ന ചോദ്യത്തിനുള്ള അമ്മയുടെ മറുപടി കേള്‍ക്കാന്‍ ഒരു താല്‍പര്യവും തോന്നിയില്ല. അവള്‍ ആരുമാകേണ്ടായിരുന്നു. അമ്മ നെഞ്ചിന്റെ മിടിപ്പിന് കാതോര്‍ക്കുന്ന ഒരു മകള്‍ മാത്രമായാല്‍ മതിയായിരുന്നു.

അവള്‍ക്ക് അതിജീവനം സാധ്യമായില്ല.

 

....................................

Read more: പെറ്റ വയറിനേ നോവറിയൂ എന്നാരു പറഞ്ഞു? 
....................................

 

നാല് 

ഓര്‍മ്മകള്‍ തെന്നിത്തെറിച്ചു പോകുന്നു. ഇടുക്കിയിലേക്ക്, അയല്‍പക്കത്തെ ഓടിട്ട ഒരു കുഞ്ഞു വീട്ടിലേക്ക്. അവിടെയാണ് ഒരു പത്തു വയസ്സുകാരന്‍ ജനാലക്കമ്പികളില്‍ കുടുക്കിട്ട് ജീവിതത്തില്‍ നിന്ന് മറഞ്ഞു പോയത്. വീട്ടില്‍ അമ്മയും അവനെക്കാള്‍ ഇളയ രണ്ടു കുഞ്ഞുങ്ങളുമേയുള്ളു. അപ്പന്‍ നാട് വിട്ടു പോയി. സന്യാസമാവാം, ദേശാടനമാവാം, മനുഷ്യ മനസ്സിന്റെ നിഗൂഢതയിലെ മറ്റേതെങ്കിലും കാരണങ്ങളാകാം . ഒരവധിക്കാലത്തു വീട്ടില്‍ ചെന്നപ്പോള്‍ ആ അമ്മയെക്കണ്ടു. പതിവ് പോലെ അവര്‍ ചിരിച്ചു, സംസാരിച്ചു. അവരുടെ കണ്ണില്‍ ഒരുപാട് ആഴങ്ങള്‍ കണ്ടു. ഒടുവില്‍ മരവിച്ചൊരു ശാന്തതയോടെ അവര്‍ പറഞ്ഞു, 'അവന്‍ പോയതില്‍ പിന്നെ ഞാനുറങ്ങിയിട്ടില്ല. എന്നും രാത്രിയില്‍ അവന്‍ വരും. ജനലഴികളില്‍ മുഖം ചേര്‍ത്തു വെളുക്കുവോളം ഞാനവനോട് സംസാരിക്കും.'

കാറ്റൂതുന്ന സ്വരത്തില്‍ അവരത് പറഞ്ഞപ്പോള്‍ എന്റെ ഉള്ളൊന്ന് കിടുകിടുത്തു. നിഗൂഢതകള്‍ ഒളിപ്പിച്ചു വച്ച ഒരു മന്ത്രവാദിനിയുടെ മുഖം എന്റെ മുന്‍പിലന്നു വന്നുപോയി. 

ഇനിയും താഴെ രണ്ടു കുഞ്ഞുങ്ങള്‍ കൂടിയുണ്ട്.

ദാരിദ്ര്യം മാത്രമായിരുന്നോ അവന്‍ പത്താമത്തെ വയസ്സില്‍ ജീവിതം അവസാനിപ്പിക്കാന്‍ കാരണമായത്? 

 

....................................

Read more: സ്റ്റെഫനി,  വംശീയവെറിയുടെ  മറ്റൊരു ഇര! 
....................................

 

അഞ്ച്

ഹൈറേഞ്ചില്‍ രണ്ടോ മൂന്നോ തലമുറ മുന്നിലുള്ളവര്‍ക്ക് പടവട്ടാന്‍ മുന്നില്‍ കാടും കാട്ടുമൃഗങ്ങളും ഉണ്ടായിരുന്നു. നട്ടുവച്ച വിളകള്‍ നശിപ്പിക്കാന്‍ കാടിറങ്ങി വരുന്ന ആനക്കൂട്ടത്തെ അതിനേക്കാളേറെ ചങ്കൂറ്റത്തോടെ അവര്‍ നേരിട്ടു . ഇരിക്കുന്ന ഏറുമാടം കുലുക്കുന്ന കൊമ്പനെ ഓടിക്കാന്‍ അവര്‍ പാട്ട കൊട്ടി. നെഞ്ചില്‍ മുഴങ്ങുന്ന പെരുമ്പറയോടൊപ്പം അതിജീവിച്ചേ പറ്റൂ എന്ന ചിന്ത ഉള്ളിലുയര്‍ന്നപ്പോള്‍ കൊട്ടിന് നിലക്കാത്ത ശബ്ദം. കൊമ്പന്‍ പോയി, നെഞ്ചില്‍ നിന്ന് ആശ്വാസമുയരും മുന്‍പ് ആര്‍ത്തലച്ചു വന്ന ഉരുള്‍പൊട്ടല്‍ എല്ലാം കുത്തിയൊഴുകി കളഞ്ഞു. അതും കല്ലിന്മേല്‍ കല്ലു ശേഷിക്കാത്ത വണ്ണം.

പ്രകൃതി ഒന്ന് ശാന്തമായപ്പോള്‍ അവര്‍ തേടിയിറങ്ങിയത് ഒരു മുഴം കയറായിരുന്നില്ല. യാത്ര പറയാതെ, കണ്ണ് ചിമ്മുന്ന നേരം കൊണ്ട് ഉരുള്‍ വെള്ളം കൊണ്ടുപോയ പ്രിയപ്പെട്ടവരുടെ ശേഷിപ്പുകള്‍ ആയിരുന്നു.

വീണ്ടും ആദ്യം മുതല്‍. നട്ടു നനച്ച കപ്പയും വാഴയുമൊക്കെ തളിരിടുമ്പോഴേക്ക് കാട്ടു പന്നിയുടെ വരവ്.

ഈ പട വെട്ടലുകള്‍ക്കിടയില്‍ ആത്മഹത്യയെക്കുറിച്ചു ചിന്തിക്കാന്‍ സമയമുണ്ടായിരുന്നില്ല. 'എല്ലാം ശരിയാവും' എന്നത് ഒരു തലമുറയുടെ മുഴുവന്‍ അതിജീവനമന്ത്രമായിരുന്നു . കാട്ടുപന്നി ഉഴുതു മറിച്ച സ്വപ്നങ്ങള്‍ക്ക് നടുവില്‍ നിന്ന് ഒരു ദീര്‍ഘ നിശ്വാസം വിടും. പിന്നെ നാവില്‍ അന്നേരം വരുന്ന ഒരു തെറി വാക്കും . അടുത്ത നിമിഷത്തില്‍ വിളിയാണ് 'എടീ ആ തൂമ്പാ ഇങ്ങെടുത്തേ.'

പടവെട്ടുകയായിരുന്നു അവര്‍. ഒന്നിനോടും തോല്‍ക്കില്ലെന്ന വാശിയോടെ. പൗലോ കൊയ്‌ലോ എഴുതിയ ആല്‍ക്കെമിസ്റ്റ് എന്ന പുസ്തകം ഇറങ്ങിയതിനും ഒരുപാട് വര്‍ഷങ്ങള്‍ പുറകിലേക്ക് പോകാം. അന്നുണ്ടായിരുന്നു, ഏതോ ഒരു സ്വപ്നത്തിന് പിറകെ പോയ ഒരു തലമുറ. മലബാറിലും ഹൈറേഞ്ചിലുമായി കുടിയേറ്റം നടത്തിയവര്‍. പ്രകൃതി കൂടെ നില്‍ക്കാത്തപ്പോള്‍ പോലും സ്വപ്നങ്ങളെ കൈ വിടാതെ ജീവിതത്തോട് പടവെട്ടിയവര്‍. 

വര്‍ഷങ്ങള്‍ക്കിപ്പുറം ആ തലമുറയുടെ പിന്തുടര്‍ച്ചക്കാര്‍ ജീവിതത്തിന് മുമ്പില്‍ പകച്ചു പോകുകയാണ് .

 

....................................

Read more: അഞ്ചാമത്തെ ഐ വി എഫ്! 
...................................

 

ആറ് 

ഓര്‍മ്മയില്‍ ഒരു കാലവര്‍ഷം കനക്കുന്നു. തോരാമഴ. മരങ്ങളൊക്കെ ഒടിച്ചു കളയുന്ന കാറ്റ്. നെല്‍പ്പാടങ്ങള്‍ പാതിയും വെള്ളത്തിനടിയിലായി. ഇനിയും വെള്ളം കയറിയാല്‍ എന്ത് ചെയ്യണമെന്ന് ചര്‍ച്ച ചെയ്യുന്നു, തലമൂത്തവര്‍. പാതിയുറക്കത്തില്‍ അടഞ്ഞു പോകുന്ന കണ്‍പോളകള്‍ മഴയിലേക്ക് തുറന്നു വെച്ച ഒരു കൊച്ചു പെണ്‍കുട്ടി. ചേര്‍ത്തടക്കാത്ത ജനല്‍ പാളിക്കിടയിലൂടെ മഴത്തുള്ളികള്‍ കവിളില്‍ തൊടുമ്പോള്‍ കുളിര്‍ന്ന് പോകുന്നു. അവള്‍ മാത്രം പ്രാര്‍ത്ഥിച്ചു, മഴ തീരല്ലേ മാനം തെളിയല്ലേ. തോട്ടിറമ്പില്‍ കൂട്ടുകാരുമൊത്തു ചൂണ്ടയിടുന്ന ബാല്യത്തിന്റെ കൗതുകം. ഇടി വെട്ടുമ്പോള്‍ മുളക്കുന്ന കൂണ് കൊണ്ട് അമ്മച്ചി ഉണ്ടാക്കുന്ന കറി. 

കുഞ്ഞു കുഞ്ഞു സ്വപ്നങ്ങള്‍ ആയിരുന്നു കുട്ടികളുടെ കൂട്ടുകാര്‍. രാത്രിയിലെ പെരുമഴയത്ത് ഉതിര്‍ന്ന മാമ്പഴങ്ങള്‍, ഉച്ചയാവുമ്പോഴേക്കും തിരികെ യാത്രക്കൊരുങ്ങുന്ന സൂര്യന്‍, മഞ്ഞിറങ്ങുന്ന മലകള്‍.  ഇതൊക്കെ അറിഞ്ഞോ അറിയാതെയോ കുട്ടികളുടെയും മുതിര്‍ന്നവരുടെയും മനസ്സിനെ പലപ്പോഴും ശാന്തമാക്കിയിരുന്നു. രാവേറെ ചെല്ലുവോളം മാനം നോക്കിയിരുന്ന് നക്ഷത്രങ്ങള്‍ എണ്ണിയിരുന്നു. നക്ഷത്രക്കുഞ്ഞുങ്ങള്‍ ആകാശച്ചെരിവില്‍ വരഞ്ഞിടുന്ന വിവിധ രൂപങ്ങള്‍. വെറുതെ സങ്കല്‍പ്പിക്കും ഓരോന്നും, ഓരോ കാഴ്ചകള്‍. പിന്നെ മനസ്സപ്പാടെ ഒരു സ്വപ്നത്തിലേക്ക് കൂപ്പു കുത്തും.

വര്‍ഷങ്ങള്‍ക്കിപ്പുറം നക്ഷത്രങ്ങള്‍ എണ്ണാന്‍ അമ്മയ്ക്ക് കൂട്ട് വരൂ എന്ന് പറഞ്ഞു കുഞ്ഞുങ്ങളെ വിളിച്ചു. വേറേതോ ഗ്രഹത്തില്‍ നിന്ന് വന്നൊരാളെപ്പോലെ കുഞ്ഞുങ്ങള്‍ അമ്മയെ മിഴിച്ചു നോക്കി. അമ്മയുടെ സ്വപ്നത്തിലെ നക്ഷത്രങ്ങളും സയന്‍സ് ക്ളാസില്‍ അവര്‍ പഠിക്കുന്ന നക്ഷത്രങ്ങളും തമ്മില്‍ എന്തൊരന്തരം .

നായാടിയും, കാടിനോടെതിരിട്ടും പച്ച മാംസം ഭക്ഷിച്ചും ഉറച്ച മനസ്സും ശരീരമുള്ളവരായിരുന്നു ആദിമ മനുഷ്യന്‍. ജീനുകളുടെ മാറ്റത്തിനിടയില്‍ അവന്റെ മനസ്സും ശരീരവും ദുര്‍ബലമായിപ്പോയോ? തറപ്പിച്ചൊരു നോട്ടത്തിനെ പോലും നേരിടാനാവാത്ത പോലെ നമ്മളെന്തേ ഇങ്ങനെ തളരുന്നു? ജീനുകളുടെ മാറ്റങ്ങള്‍ ആയാലും സമൂഹത്തിന്റെ കാഴ്ചപ്പാട് മാറിയതായാലും നമ്മുടെ സഹനശക്തി പൂജ്യത്തിനും താഴെ എത്തി നില്‍ക്കുന്നു. ഒരു കളിയാക്കല്‍ പോലും താങ്ങാനാവാതെ, ഒരു കുറവും സഹിക്കാനാവാതെയാണ് ഇന്ന് നമ്മള്‍ ജീവിക്കുന്നത്. അവനെന്ന കളിയാക്കി എന്ന് പറഞ്ഞാല്‍ അമ്പും വില്ലുമെടുത്തു പടക്കിറങ്ങുന്ന മാതാപിതാക്കള്‍ പണ്ടുണ്ടായിരുന്നില്ല. കുട്ടികള്‍ക്ക് ഒരു ലോകമുണ്ടായിരുന്നു. ഒന്നു പിണങ്ങി തിരിഞ്ഞു നടന്നാലും, ഒരു കിളിപ്പാതിയോ കല്ലുപേനയുടെ ഒരു മുറിഞ്ഞ കഷണമോ കൊണ്ട് എളുപ്പം കൂട്ടിച്ചേര്‍ക്കാമായിരുന്ന ഒരു സുന്ദര ലോകം.

മയില്‍പ്പീലികളും ചേനക്കല്ലുപെന്‍സിലും സ്മാര്‍ട്ട് ഫോണിന് വഴി മാറിയപ്പോള്‍ നമ്മുടെ കുഞ്ഞുങ്ങള്‍ ഭ്രാന്തമായ വഴികള്‍ തിരഞ്ഞെടുക്കുന്നു. ഒരു തിരിച്ചു പോക്കൊന്നും ഇനി സാധ്യമല്ല. ലോകം അത്രമേല്‍ 'പുരോഗമിച്ചിരിക്കുന്നു'

ഒരു പഴയ പരസ്യം ഓര്‍മ്മ വരുന്നു

'പ്രാര്‍ത്ഥിക്കുവാന്‍ എല്ലാവര്‍ക്കുമുണ്ട് ഓരോരോ കാരണങ്ങള്‍'

ഇപ്പോള്‍ അത്, 'ആത്മഹത്യ ചെയ്യുവാന്‍ കുട്ടികള്‍ക്കുമുണ്ട് ഓരോരോ കാരണങ്ങള്‍' എന്നാക്കി മാറ്റിയാലോ? 

 

....................................

Read more: എല്ലാം മറന്നുപോയിട്ടും അവര്‍ അയാളെ മറന്നില്ല...!
...................................

 

Follow Us:
Download App:
  • android
  • ios