Asianet News MalayalamAsianet News Malayalam

കണ്ണുനനയാതെ വായിക്കാനാവില്ല, അമേരിക്കയില്‍നിന്നുള്ള ഈ കൊവിഡ് അനുഭവം!

കൊറോണക്കാലം: അമേരിക്കയിലെ ഹൂസ്റ്റണില്‍ നഴ്‌സ് ആയ തെരേസ ജോസഫ് എഴുതുന്ന ഹൃദയസ്പര്‍ശിയായ അനുഭവം

 

 

Corona days special series on covid 19 by Theresa Joseph
Author
Houston, First Published Apr 11, 2020, 6:21 PM IST

കൊറോണക്കാലം-ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള മലയാളികളുടെ കൊവിഡ് 19 അനുഭവങ്ങള്‍. വീട്, ആശുപത്രി, ഓഫീസ്, തെരുവ്...കഴിയുന്ന ഇടങ്ങള്‍ ഏതുമാവട്ടെ, നിങ്ങളുടെ അനുഭവങ്ങള്‍ എഴുതി ഒരു ഫോട്ടോയ്‌ക്കൊപ്പം submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. മെയില്‍ അയക്കുമ്പോള്‍ സബ്ജക്ട് ലൈനില്‍ കൊറോണക്കാലം എന്നെഴുതണം.

 

Corona days special series on covid 19 by Theresa Joseph

 

മൂന്നാം ദിവസവും തുടര്‍ച്ചയായി ജോലിക്ക് പോകണം എന്ന സങ്കടത്തോടെയാണ് ഉറക്കമെണീറ്റത്. ശരീരം മുഴുവന്‍ വേദനിക്കുന്നു. നല്ല തിരക്കായിരുന്നു കഴിഞ്ഞ രണ്ടു ദിവസവും. ഇന്ന്  കൂടി കഴിഞ്ഞാല്‍ രണ്ടു ദിവസം അവധി ആണല്ലോ എന്ന് ചെറിയൊരു ആശ്വാസം. 'ഈശോയെ' എന്നുള്ള എന്റെ കരച്ചില്‍ കേട്ടപ്പോള്‍ 'എന്നാ പിന്നെ ഇന്ന് പോകണ്ടെടീ' എന്ന് പുതപ്പിനടിയില്‍ നിന്ന് ഒരു അശരീരി.

മറുപടിയൊന്നും പറയാതെ എണീറ്റ് തയ്യാറായി. താരതമ്യേന വലിയ കുഴപ്പമില്ലാതെ പോകുന്ന ഒരു യൂണിറ്റ് ആണ് ഞങ്ങളുടേത്. ഇപ്പോഴത്തെ തിരക്കില്ലെങ്കില്‍ ശാന്തം. ഇപ്പോള്‍ എല്ലാം മാറി മറിഞ്ഞിരിക്കുകയാണ്.

റിപ്പോര്‍ട്ട് തരുന്ന നഴ്‌സ് സഹതാപത്തോടെ എന്നെ നോക്കിയിട്ട് പറഞ്ഞു, 'ഈ രോഗിയെ കൈമാറേണ്ടി വന്നതില്‍ ദു:ഖമുണ്ട്, ഇടക്കിടക്ക് വിളിച്ചുകൊണ്ടിരിക്കും.'' അതു കേട്ടതും എന്റെ മനസ്സിടിഞ്ഞു.

റിപ്പോര്‍ട്ട് കിട്ടി പതുക്കെ രാവിലത്തെ പതിവ് കാര്യങ്ങളിലേക്ക് കടന്നു. ഐസോലേഷന്‍ ആവശ്യമില്ലാത്ത രോഗികളെ കണ്ടതിനുശേഷമാണ് റൂത്തിന്റെ  (പേര് യഥാര്‍ത്ഥമല്ല) മുറിയിലേക്ക് ഞാന്‍ ചെന്നത്. ചാര്‍ട്ട് തുറന്നു രാവിലത്തെ മരുന്നുകള്‍ നോക്കിയപ്പോഴാണ് ഞാന്‍ ശ്രദ്ധിച്ചത്, ഈ പേര് നല്ല പരിചയമുണ്ട്.

സാധാരണ ഒരു രോഗിയെ പോലും അവര്‍ വീട്ടില്‍ പോയിക്കഴിഞ്ഞാല്‍ ഓര്‍ക്കുന്നതല്ല, പക്ഷേ ഈ പേര്. നല്ല പരിചയം.

ഒന്നുകൂടി ശ്രദ്ധിച്ചു,അപ്പോഴാണ് മനസ്സിലായത്, ആറു ദിവസം മുമ്പ് പ്രസവത്തിനായി അവര്‍ ഇവിടെ വന്നിരുന്നു. എപ്പോഴും ചിരിക്കുന്ന സുന്ദരിയായ ഒരു യുവതി. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് ഒരു  കുഞ്ഞുണ്ടാകുന്നത്. അവളുടെ ഭര്‍ത്താവിനെയും എനിക്കോര്‍മ്മ  വന്നു. ശാന്തനായ മനുഷ്യന്‍. കുഞ്ഞ് കരയുമ്പോള്‍ നെഞ്ചിലേക്ക് ചേര്‍ത്തുപിടിച്ച് അയാള്‍ പതുക്കെ താളം പിടിക്കും. അമ്മയുടെയും അച്ഛന്റെയും  ചൂടുപറ്റി ശാന്തമായി ഉറങ്ങുന്ന ഒരു കുഞ്ഞു മാലാഖ.

റൂത്ത് പനി ആയി അഡ്മിറ്റ് ആയതാണ്. ഒപ്പം ചുമയും. ഐസൊലേഷനില്‍ ആയതു കൊണ്ട് സന്ദര്‍ശകര്‍ക്ക് പ്രവേശനമില്ല. ഉള്ളില്‍ ഒരു നൊമ്പരം. കതകില്‍ മുട്ടി ഞാന്‍ അകത്തേക്ക് ചെന്നു. എന്നെ പരിചയപ്പെടുത്തിയപ്പോള്‍ അവള്‍ തലകുലുക്കി, മുഖത്ത് ചിരി ഒന്നുമില്ല. ഗൗണ്‍, മാസ്‌ക്, ഫേസ്ഷീല്‍ഡ് ഇതെല്ലാം ഉള്ളതുകൊണ്ട് എന്റെ മുഖം പകുതിയോളം മറഞ്ഞിരിക്കുകയാണ്. അവള്‍ക്ക്  എന്നെ മനസ്സിലായിക്കാണില്ല . ഞാന്‍  ചെയ്യാനുള്ള കാര്യങ്ങളിലേക്ക് കടന്നു. റൂത്തിനെ ചെക്ക് ചെയ്തു രാവിലത്തെ മരുന്നും കൊടുത്ത ശേഷം ഞാന്‍ അവളോട് ചോദിച്ചു, ''ഇനി എന്തെങ്കിലും ആവശ്യമുണ്ടോ?''

''No'' അവള്‍ മറുപടി പറഞ്ഞു.

ഗൗണും ഗ്ലൗസും ഊരി മാറ്റുന്നതിന് മുന്‍പ് എല്ലാം ശരിയല്ലേ എന്ന് ഒന്നുകൂടി നോക്കി. അടുത്ത  റൂമിലേക്ക് പോകാന്‍ തുടങ്ങുമ്പോള്‍ കണ്ടു , റൂത്തിന്റെ റൂമിലെ കോള്‍ ലൈറ്റ് കത്തി കിടക്കുന്നു. എന്റെ മനസ്സില്‍ ദേഷ്യമാണ് വന്നത്. അകത്തു  കയറണമെങ്കില്‍ ഇനി എല്ലാം എടുത്ത് അണിയണം. വീണ്ടും എല്ലാം എടുത്തിട്ട് അവളുടെ റൂമിലേക്ക് ചെന്നു. ''എന്തുപറ്റി, എന്തെങ്കിലും വേണോ''- ഞാന്‍ ചോദിച്ചു.

ഒന്നും വേണ്ട, അത് അബദ്ധത്തിലായതാണ്''- റൂത്തിന്റെ മറുപടി. ഫ്‌ളോറന്‍സ് നൈറ്റിംഗേലിനെ മനസ്സില്‍ ധ്യാനിച്ചു വീണ്ടും പുറത്തിറങ്ങി.അരമണിക്കൂര്‍ കഴിഞ്ഞില്ല, കൂടെ ജോലി ചെയ്യുന്ന നേഴ്‌സ് വിളിച്ചു, നിന്റെ  രോഗി വിളിക്കുന്നുണ്ട്.

ഞാന്‍ വീണ്ടും റൂത്തിന്റെ മുറിയിലെത്തി. ഒരു മണിക്കൂറിനുള്ളില്‍ മൂന്നാമത്തെ തവണയാണ് ഈ അണിയലും അഴിക്കലും. ഞാന്‍ അവളോട് ചോദിച്ചു, ''എന്തെങ്കിലും ബുദ്ധിമുട്ട് തോന്നുന്നുണ്ടോ? എന്തിനാണ് വിളിച്ചത്?''

അവള്‍ ഒന്നും മിണ്ടിയില്ല. ഞാന്‍ പിന്നെയും ചോദിച്ചു -''എന്തെങ്കിലും വേദനയുണ്ടോ, ബാത്‌റൂമില്‍ പോകണോ?''

റൂത്ത് എന്നെ തുറിച്ചു നോക്കി.അവളുടെ മുഖത്തെ ഭാവം എനിക്ക് തിരിച്ചറിയാന്‍ പറ്റിയില്ല. എന്റെ കണ്ണിലേക്ക് നോക്കി ഒരു നിമിഷം അവള്‍ ഇരുന്നു .അടുത്ത  നിമിഷം നെഞ്ഞുലഞ്ഞു കുലുങ്ങി വിറച്ച് ഒറ്റക്കരച്ചില്‍. ശരീരം മുഴുവന്‍ വിറക്കുന്നുണ്ട്.തേങ്ങലുകള്‍ക്കിടയിലൂടെ ഓരോ വാക്കുകളായി പുറത്തുവന്നു. ''്എനിക്കെന്റെ കുഞ്ഞിനെ ഒന്നെടുക്കണം. പാലു കൊടുക്കണം.''

ഞാന്‍ അന്തംവിട്ട് അവളെ നോക്കി. അവള്‍ തുടര്‍ന്നു.

''എനിക്ക് പേടിയുണ്ട്, എന്റെ കുഞ്ഞിനെ ഒന്ന് കാണാതെ ഞാന്‍ മരിക്കുമോയെന്ന്. കണ്ണടയ്ക്കുമ്പോള്‍ അദൃശ്യനായ ഒരാള്‍ എന്റെ അടുത്ത് നില്‍ക്കുന്നത് പോലെ തോന്നും. വലിയ കുഴിയിലേക്ക് വീഴുകയാണെന്ന് തോന്നും. പേടി വരുമ്പോഴാണ് ഞാന്‍ നിങ്ങളെ വിളിക്കുന്നത്.''

പ്രസവം കഴിഞ്ഞിട്ട് വെറും ആറ് ദിവസം മാത്രമായ ഒരു അമ്മയാണ് എന്റെ മുമ്പില്‍ ഇരുന്ന് തേങ്ങി  വിറക്കുന്നത്. അവരെ ഒന്നു കെട്ടിപ്പിടിച്ചു ആശ്വസിപ്പിക്കാന്‍ തോന്നുന്നുണ്ട്. പക്ഷേ, പറ്റില്ല. രോഗാണു. എന്ത് ചെയ്യും?  എന്തു പറയും ഈ അമ്മയോട്?  നെഞ്ചു പൊട്ടിക്കരയുന്ന ഒരമ്മയെ ഒന്നു ചേര്‍ത്തുപിടിച്ച് ആശ്വസിപ്പിക്കാന്‍ പോലും പറ്റാതെ വല നെയ്തിരിക്കുകയാണ് വൈറസ്.

എന്തു പറഞ്ഞാണ് ഞാനിവളെ സാന്ത്വനപ്പെടുത്തേണ്ടത്? ആ കുഞ്ഞു മാലാഖയുടെ മുഖം മനസ്സിലേക്ക് വന്നു. അമ്മയുടെ നെഞ്ചില്‍ പറ്റിച്ചേര്‍ന്ന് ഏറ്റവും സുഖകരമായി ഉറങ്ങുന്ന അവളുടെ കുഞ്ഞു മുഖം ഒരു നോവായി എന്നിലേക്ക് പടര്‍ന്നു. പതുക്കെ ഞാന്‍ റൂത്തിന്റെ കയ്യില്‍ പിടിച്ചു. ഒന്നും മിണ്ടാതെ അവളുടെ കയ്യില്‍ പിടിച്ച് അങ്ങനെ നിന്നു. ഒരു വാക്കും എനിക്ക് കിട്ടിയില്ല.

കുറേ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞങ്ങളുടെ കുഞ്ഞുമോള്‍ പാല് കുടിക്കുന്ന സമയത്ത്, ജോലിക്ക് പോയതോര്‍ത്തു ഞാന്‍. കരയുകയായിരുന്നു അന്നു ഞാന്‍. കുഞ്ഞിക്കൈക്ക് പറ്റുന്നത്ര ശക്തിയില്‍ പാല്‍ക്കുപ്പി തട്ടിക്കളഞ്ഞിട്ട്, അമ്മയ്ക്ക് വേണ്ടി കാത്തിരിക്കുന്ന ഒരു കുരുന്നായിരുന്നു അവളന്ന്.

റൂത്തും ഞാനും. ഒരു സമാനതകളുമില്ലാത്ത രണ്ടുപേര്‍. രാജ്യം,ഭാഷ, വിശ്വാസ രീതികള്‍. നോക്കിയാല്‍, വ്യത്യസ്തതകള്‍ മാത്രം. ഒരു കീടാണുവിനാല്‍ വേര്‍തിരിക്കപ്പെട്ട രണ്ടു പേര്‍ക്കുമിടയില്‍ പക്ഷേ, വല്ലാത്ത ഒരു ചരടുണ്ട്. അമ്മ എന്ന വികാരം. സ്ത്രീ എന്ന അനുഭവം. അതിനാല്‍, അവളുടെ നോവ് എന്റെയും നോവായി. തൊണ്ടയില്‍ എന്തോ തടയുന്നത് പോലെ. എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകാന്‍ തുടങ്ങി. മാസ്കിന്റെ ഷീല്‍ഡ് പുക മൂടിയത് പോലെ. കൈ ഉയര്‍ത്തി കണ്ണൊന്നു തുടക്കാന്‍ പോലുമാവില്ല. റൂത്തിന്റെ മുഖം വ്യക്തമാകുന്നില്ല. ഒരു പിടിയുമില്ലാതെ, ഞാന്‍ അങ്ങനെ നിന്നു.

 

.............................................................

എനിക്ക് ചിരി വന്നു. ഞാന്‍ മരിച്ചാല്‍ ഒരുപക്ഷേ റഷ്യക്കാരനോ അറബിയോ ആയിരിക്കാം എന്റെ കൂടെ ഒരു കുഴിയില്‍.   അല്ലെങ്കില്‍ മറ്റേതെങ്കിലും മതവിശ്വാസിയുടെ കൂടെയായിരിക്കും. ശവശരീരങ്ങള്‍ കുഴിയില്‍ കിടന്ന് വഴക്കുണ്ടാക്കുമോ?

Corona days special series on covid 19 by Theresa Joseph

ന്യൂയോര്‍ക്കിനു സമീപമുള്ള ഹാര്‍ട് ദ്വീപില്‍ നിര്‍മിച്ച വലിയ കുഴികളില്‍ മൃതദേഹങ്ങള്‍ കൂട്ടത്തോടെ അടക്കം ചെയ്യുന്നു. കൊവിഡ് ബാധിച്ച് മരിച്ചവരെ അടക്കാന്‍ ന്യൂയോര്‍ക്കിലെ സെമിത്തേരികളില്‍ ഇടമില്ലാതായതോെടയാണ് ഈ ദ്വീപിലെത്തിച്ച് കൂട്ടമായി സംസ്‌കരിക്കാന്‍ തുടങ്ങിയത്.

 

ഒരു കീടാണുവിനെ തടയുംവിധം അകലം സൂക്ഷിച്ചും ഒരേ നോവിനാല്‍ പരസ്പരം ചേര്‍ന്നും രണ്ട് അമ്മമാര്‍. ഒരു വാക്കുകളും ഇല്ലാതെ ഞങ്ങള്‍ പരസ്പരം സംസാരിച്ചു. പതുക്കെ  പതുക്കെ അവളുടെ തേങ്ങല്‍ അടങ്ങി. കുറച്ചു കഴിഞ്ഞപ്പോള്‍ റൂത്ത് എന്നോട്  പറഞ്ഞു,''നന്ദി ഇപ്പോള്‍ എനിക്ക് ആശ്വാസം തോന്നുന്നു. മനസ്സില്‍നിന്ന് കുറച്ച് ഭാരം എങ്കിലും മാറിയതുപോലെ.''

അവളെ തനിയെ വിട്ട് ഞാന്‍ റൂമിനു വെളിയില്‍ എത്തി. ജനാലയിലൂടെ പുറത്തേക്കു നോക്കുമ്പോള്‍ കാണാം വീണ്ടും വീണ്ടും ആളുകളെ കൊണ്ടു വരുന്നുണ്ട്.  മൃതദേഹങ്ങള്‍ ഒരുമിച്ച് സംസ്‌കരിക്കാനാണ് ഇപ്പോള്‍ തീരുമാനം.

എനിക്ക് ചിരി വന്നു. ഞാന്‍ മരിച്ചാല്‍ ഒരുപക്ഷേ റഷ്യക്കാരനോ അറബിയോ ആയിരിക്കാം എന്റെ കൂടെ ഒരു കുഴിയില്‍. അവരുടെ ഭാഷ പോലും എനിക്കറിയില്ല. അല്ലെങ്കില്‍ മറ്റേതെങ്കിലും മതവിശ്വാസിയുടെ കൂടെയായിരിക്കും. ശവശരീരങ്ങള്‍ കുഴിയില്‍ കിടന്ന് വഴക്കുണ്ടാക്കുമോ?

ഹാര്‍വി ചുഴലിക്കാറ്റ് വന്നപ്പോള്‍ ഇതേ ജനലിലൂടെയാണ് ഞാന്‍ പുറത്തേക്ക് നോക്കി നിന്നത്. അന്ന് പുറത്തു  വെള്ളം മാത്രമായിരുന്നു. ആഹാരസാധനങ്ങള്‍ കൊണ്ട് വരുന്ന ട്രക്ക് വരില്ല. അതുകൊണ്ട് സാധനങ്ങള്‍ എല്ലാം സൂക്ഷിച്ചു ഉപയോഗിക്കണം എന്ന് എല്ലാവരെയും ഓര്‍മ്മ പ്പെടുത്തിയിരുന്നു. കിട്ടുന്ന ഭക്ഷണം കഴിച്ചും  ആഹാരത്തിന്റെ വിലയറിഞ്ഞും നമ്മള്‍ ജീവിച്ചു. വെള്ളപ്പൊക്കം മാറിയപ്പോള്‍ ജീവിതവും പഴയ പടിയായി. പണ്ടൊക്കെ ആയിരം യുഗങ്ങളില്‍ ഒരിക്കല്‍ ആയിരുന്നു അവതാരങ്ങള്‍ വരുന്നത്, ഇപ്പോള്‍ അവതാരങ്ങളും കൂടെക്കൂടെ വരാന്‍ തുടങ്ങി.  ഇനിയെങ്കിലും നമ്മള്‍ വെറും മനുഷ്യരായിരുന്നെങ്കില്‍...

റൂത്ത് എത്രയും പെട്ടെന്ന് സുഖമാകട്ടെ എന്നും അവള്‍ക്ക് കുഞ്ഞിന്റെ അടുത്തേക്ക് വേഗം പോകാന്‍ പറ്റട്ടെ  എന്നുമുള്ള നിശബ്ദമായ പ്രാര്‍ത്ഥനയോടെ ഞാന്‍ അടുത്ത റൂമിലേക്ക് നടന്നു.

Follow Us:
Download App:
  • android
  • ios