മേരിയെ അധികൃതര്‍ നഗരത്തിനുപുറത്തുള്ള നോര്‍ത്ത് ബ്രദര്‍ ഐലന്റിലേക്ക് മാറ്റി. അവിടെ 16 ഏക്കര്‍ ഭൂമിക്കു നടുക്കുള്ള വിജനമായ ഒരു ബംഗ്ലാവിലായിരുന്നു അവരുടെ താമസം. ഒരു പട്ടി മാത്രമായിരുന്നു കൂട്ട്. ഇതിനെതിരെ മേരി ശബ്ദമുയര്‍ത്തി. അസുഖമില്ലാതെയാണ് തന്നെ ഏകാന്തവാസത്തിന് ശിക്ഷിച്ചതെന്ന് അവര്‍ പറഞ്ഞു. പരിശോധനകളില്‍ അവര്‍ നെഗറ്റീവായിരുന്നു.  അതിനിടെ, ഹേഴ്‌സ്റ്റ് എന്ന പത്ര മേരിയുടെ കഥ പ്രസിദ്ധീകരിച്ചതോടെ മേരിക്കുവേണ്ടി വാദിക്കാന്‍ ആളുണ്ടായി.

 

 

രോഗലക്ഷണങ്ങളില്ലാത്ത, പക്ഷേ രോഗം പടര്‍ത്തുന്ന രോഗവാഹകര്‍, അതാണ് ഇപ്പോള്‍ നമ്മളെയല്ലാം പേടിപ്പിക്കുന്ന ഒരു സാധ്യത. അത്തരക്കാര്‍ക്ക് ചിലപ്പോള്‍ രോഗം വരണമെന്നുമില്ല, പക്ഷേ ചുറ്റിനുമുള്ളവരെല്ലാം രോഗബാധിതരാകും. 20ാം നൂറ്റാണ്ടില്‍ അങ്ങനെ ഒരാളുണ്ടായിരുന്നു, ടൈഫോയിഡ് മേരി. പോകുന്നിടത്തെല്ലാം ടൈഫോയിഡ് എന്ന മാരകരോഗം പടര്‍ത്തിപ്പോയ ഒരു സ്ത്രീ.

ടൈഫോയിഡിന് വാക്‌സിന്‍ കണ്ടുപിടിക്കുന്നതിനു മുമ്പുള്ള കഥയാണത്.

അയര്‍ലന്റിലെ കുക്ക്‌സ് ടൗണില്‍ ജനിച്ച മേരി മേലന്‍ കൗമാരകാലത്തേ അമേരിക്കയിലേക്ക് പോയത് നല്ലൊരു ജീവിതം തേടിയാണ്. അങ്ങനെ ന്യൂയോര്‍ക്കിലെത്തി. സമ്പന്നരുടെ വീടുകളില്‍ പാചകക്കാരിയായി. അന്നത്തെക്കാലത്ത് പാചകക്കാരി എന്ന സ്ഥാനത്തിന് വലിയ വിലയാണ്. അടുക്കളയിലേക്ക് സാധാനങ്ങള്‍ വാങ്ങുന്നത് തുടങ്ങി ജോലിക്കാരുടെ നിയന്ത്രണം വരെ കുക്കിന്റെ ചുമതലയാണ്. പീച്ച് ഐസ്‌ക്രീമായിരുന്നു അവരുടെ മാസ്റ്റര്‍ പീസ് വിഭവം

1900 മുതല്‍ ഏഴ് വര്‍ഷം മേരി ഏഴ് വീടുകളില്‍ ജോലിചെയ്തു. ഓയിസ്റ്റര്‍ ബേ, ഫിഫ്ത് അവന്യൂ തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു ഈ വീടുകളെല്ലാം. എന്നാല്‍, ഇതിനിടയില്‍ വിചിത്രമായ ഒരു കാര്യം നടന്നു. മേരി പോയ ഏഴ് വീടുകളിലുമുള്ളവര്‍ക്ക് ടൈഫോയിഡ് പിടിപെട്ടു, ചിലരൊക്കെ മരിച്ചു. ഓരോ േരാഗബാധയ്ക്കു ശേഷവും മേരി ജോലി ചെയ്തിരുന്ന വീടുകളില്‍നിന്ന് അപ്രത്യക്ഷയായി മറ്റൊരു വീട്ടിലേക്ക് ചേക്കേറി. 

ന്യൂയോര്‍ക്കിലെ ചേരികളില്‍ സാധാരണമായിരുന്ന രോഗമായിരുന്നു അന്ന് ടൈഫോയിഡ്. എന്നാല്‍, സമ്പന്നരുടെ മേഖലയിലുള്ള വീടുകളിലാണ് മേരി പോയതും ടൈഫോയ്ഡ് പടര്‍ന്നതും. ഈ മരണങ്ങളെല്ലാം. ഇക്കാര്യം, അവിടത്തെ താമസക്കാര്‍ക്കെല്ലാം അമ്പരപ്പുണ്ടാക്കി. 

അതിലൊരു വീട്ടുകാര്‍ ഒരു സാനിറ്റേഷന്‍ എഞ്ചിനീയറെ ഏര്‍പ്പാടാക്കി. ജോര്‍ജ് സോപ്പര്‍.  അയാളാണ് ഇതിനു പിന്നിലെ മേരിയുടെ സാന്നിധ്യം തിരിച്ചറിഞ്ഞത്. ഈ വിവരങ്ങളൊന്നും മേരിക്ക് ദഹിക്കുന്നതായിരുന്നില്ല. മേരി സോപ്പറിനെ ഓടിച്ചുവിട്ടു. ഒടുവില്‍  ന്യൂയോര്‍ക്ക് അധികൃതര്‍ മേരിയെ പിടികൂടി, സാമ്പിളുകള്‍ പരിശോധിച്ചു. ലക്ഷണങ്ങളില്ലെങ്കിലും രോഗം പടര്‍ത്തുന്ന ആളാണ് മേരി എന്ന് തിരിച്ചറിഞ്ഞു. അങ്ങനെ തിരിച്ചറിയപ്പെടുന്ന ആദ്യത്തെ രോഗവാഹിയായി മേരി മാറി. അപകടകാരിയായ Salmonella Typhi bacteria -യുടെ കാരിയര്‍. 

മേരിയെ അധികൃതര്‍ നഗരത്തിനുപുറത്തുള്ള നോര്‍ത്ത് ബ്രദര്‍ ഐലന്റിലേക്ക് മാറ്റി. അവിടെ 16 ഏക്കര്‍ ഭൂമിക്കു നടുക്കുള്ള വിജനമായ ഒരു ബംഗ്ലാവിലായിരുന്നു അവരുടെ താമസം. ഒരു പട്ടി മാത്രമായിരുന്നു കൂട്ട്. ഇതിനെതിരെ മേരി ശബ്ദമുയര്‍ത്തി. അസുഖമില്ലാതെയാണ് തന്നെ ഏകാന്തവാസത്തിന് ശിക്ഷിച്ചതെന്ന് അവര്‍ പറഞ്ഞു. പരിശോധനകളില്‍ അവര്‍ നെഗറ്റീവായിരുന്നു.  അതിനിടെ, ഹേഴ്‌സ്റ്റ് എന്ന പത്ര മേരിയുടെ കഥ പ്രസിദ്ധീകരിച്ചതോടെ മേരിക്കുവേണ്ടി വാദിക്കാന്‍ ആളുണ്ടായി. ഹേഴ്‌സ്റ്റ് പത്രമുടമ വില്യം റാന്‍ഡോല്‍ഫ് ഹേഴ്‌സ്റ്റ് അവരെ സഹായിക്കാന്‍ പണം മുടക്കി. അങ്ങനെ ആരോഗ്യവകുപ്പിനെതിരെ മേരി കോടതിയിലെത്തി. ന്യൂയോര്‍ക്ക് സുപ്രീം കോടതി പരാതി തള്ളിക്കളഞ്ഞു. മേരിക്ക് വേണ്ടി ആരാണ് പണം മുടക്കിയത് എന്ന ചോദ്യം കോടതി ഉയര്‍ത്തി. വാര്‍ത്തകള്‍ വീണ്ടും വന്നു. അങ്ങനെ, ഒരു ഹെല്‍ത് കമീഷണര്‍ ഇടപെട്ട് ഒറ്റ വ്യവസ്ഥയില്‍ മേരിക്ക് സ്വാതന്ത്ര്യം നല്‍കി. 

കേസ് റിപ്പോര്‍ട്ട് ചെയ്ത മാധ്യമങ്ങളാണ് മേരിക്ക് ടൈഫോയിഡ് മേരി എന്ന് പേരിട്ടത്. അതോടെ മേരി മേലന്‍ എന്ന പേര് ആളുകള്‍ മറന്നു. ടൈഫോയിഡ് മേരി എന്നു മാത്രമായി അവരുടെ പേര്. ആ വിളിപ്പേര് പിന്നെ മാഞ്ഞില്ല. 

മോചിതയായ മേരി സ്വാതന്ത്ര്യം നല്‍കുമ്പോഴുള്ള വ്യവസ്ഥ പാലിക്കാന്‍ തയ്യാറായില്ല. അവര്‍ ിന്നെയും പാചകക്കാരിയായി. പല പേരുകളില്‍ പല ഇടങ്ങളില്‍ ജോലി ചെയ്തു. 1915ല്‍ മാന്‍ഹട്ടനിലെ ഒരാശുപത്രിയില്‍ 25 ജീവനക്കാര്‍ക്ക് ടൈഫോയിഡ് പിടിപെട്ടു. അന്വേഷണത്തില്‍ അവിടത്തെ പാചകക്കാരി മേരി ആയിരുന്നുവെന്ന് കണ്ടെത്തി. അതോടെ, രണ്ടാമതും മേരി പിടിയിലായി. 

എന്നാല്‍, ഇത്തവണ അവര്‍ക്ക് പിന്തുണയോ അനുകമ്പയോ കിട്ടിയില്ല. അവര്‍ പിന്നെയും ഏകാന്തത്തടവിലായി. 23 വര്‍ഷം നീണ്ടു, ആ തടവ്. ശരീരം തളര്‍ന്നുകിടന്ന അവസ്ഥയില്‍ ഏകാന്തവാസത്തിനിടെ അവര്‍ മരിച്ചു. മേരിയുടെ ശരീരത്തില്‍ ബാക്ടീരിയയുടെ സാന്നിധ്യം ഉണ്ടായിരുന്നില്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം പരിശോധനയില്‍ തെളിഞ്ഞതായും സ്ഥിരീകരിക്കപ്പെടാത്ത റിപ്പോര്‍ട്ടുണ്ട്. 

മേരിയുടെ പ്രിയപ്പെട്ട വിഭവമായ പീച്ച് ഐസ് ക്രീമാണ് കഥയിലെ വില്ലനായത്. തണുപ്പിച്ച ഭക്ഷണത്തിലാണ് ബാക്ടീരിയ ജീവിക്കുന്നത്. ഭക്ഷണം ചൂടാക്കിയാല്‍ അത് ചത്തുപോകും. മേരി താന്‍ ജോലിചെയ്തിടത്തെല്ലാം പീച്ച് ഐസ്‌ക്രീം ഉണ്ടാക്കിക്കൊടുത്തിരുന്നു.അതു കഴിച്ചവരില്‍  പലര്‍ക്കും ടൈഫോയിഡ് വന്നു. പക്ഷേ, മേരിക്ക് ഒരിക്കലും ടൈഫോയിഡ് വന്നില്ല.

മേരിയെക്കൂടാതെ മറ്റു പലരും ടൈഫോയിഡിന്റെ രോഹഗവാഹകരായിരുന്നു. അവരില്‍ ഒരാള്‍ മാത്രമായിരുന്നു മേരി. എന്നാല്‍, മറ്റാര്‍ക്കും ഇത്തരത്തില്‍ ഒരു വിധി നേരിടേണ്ടിവന്നില്ല. മേരിയെ വെറുമൊരു പരീക്ഷണവസ്തുവായി കണ്ട ആരോഗ്യവിദഗ്ധരെയും പലരും കുറ്റപ്പെടുത്തുന്നു. 

എന്തായാലും ഈ കൊറോണക്കാലത്ത് രോഗലക്ഷണങ്ങളില്ലാത്ത, രോഗവാഹകരെക്കുറിച്ച് മുന്നറിയിപ്പുകള്‍ കേള്‍ക്കുമ്പോഴെല്ലാം ലോകം മേരിയെ ഓര്‍ക്കുന്നു, നടുങ്ങുന്നു.