വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട്, ഇംപീച്ച്മെന്റിന്റെ തിരിച്ചടിയിൽ നിന്ന് കരകയറാൻ ട്രംപ് കണ്ടെത്തിയ മാർഗമാവാം ഒരുപക്ഷേ സുലൈമാനിയുടെ വധം. പക്ഷേ, ഇറാനിൽ മുഴങ്ങുന്ന മുദ്രാവാക്യങ്ങളിൽ ഇസ്രായേലും പ്രതിസ്ഥാനത്താണ്. ഇസ്രായേലിന്റെ സമ്മർദ്ദമോ സഹായമോ ആക്രമണത്തിനുപിന്നിലുണ്ടാകാം എന്നസംശയം ഇറാനിൽ ശക്തമാണ്.

 

അമേരിക്ക ഇറാൻ ബന്ധം ഒരിക്കലും സൗഹൃദത്തിന്റേതായിട്ടില്ല. എണ്ണതന്നെയാണ് അമേരിക്കയുടെ ഇറാൻ താൽപര്യത്തിന്റെ അടിസ്ഥാനം. 1953 -ൽ അമേരിക്കയും ബ്രിട്ടനും ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഭരണാധികാരിയെ പുറത്താക്കിയതുമുതൽ അത് തുടങ്ങുന്നു. രാജ്യത്തെ എണ്ണ മേഖല ദേശസാൽക്കരിക്കാനുള്ള മുഹമ്മദ് മൊസാദകിന്റെ നീക്കമാണ് അമേരിക്കൻ ഇടപെടലിന് കാരണമായത്. 1979 -ലെ ഇസ്ലാമിക വിപ്ലവമാണ് പിന്നീടുണ്ടായ ഏറ്റുമുട്ടൽ. അമേരിക്കയുടെ ആജ്ഞാനുവർത്തി എന്നാരോപിച്ച് ഇറാൻ ഭരണാധികാരിയായിരുന്ന ഷായെ വിപ്ലവകാരികൾ പുറത്താക്കി. വിദേശത്ത് അഭയം തേടിയിരുന്ന ആയത്തുല്ല അലി ഖൊമേനി തിരിച്ചെത്തി. പക്ഷേ, ചികിത്സക്കെന്ന പേരിൽ ഷാ തിരിച്ചെത്തിയതോടെ വിപ്ലവകാരികൾ ഇറാനിലെ അമേരിക്കൻ കോൺസുലേറ്റ് വളഞ്ഞു. അമേരിക്കൻ ഉദ്യോഗസ്ഥരെ ബന്ദികളാക്കി. 444 ദിവസമാണ് പ്രതിസന്ധി തുടർന്നത്. ഏറ്റവും ഒടുവിൽ വിട്ടയച്ചത് 52 പേരെയാണ്. അതിന്റെ ഓർമ്മയ്ക്കാണ് ഇപ്പോൾ ഇറാനിലെ 52 കേന്ദ്രങ്ങൾ ആക്രമിക്കുമെന്ന അമേരിക്കൻ പ്രസിഡന്റിന്റെ മുന്നറിയിപ്പ്. ഇസ്ലാമിക വിപ്ലവത്തോടെ ഇറാനിൽ നിലവിൽ വന്നത് യാഥാസ്ഥിതിക ഷിയാ ഭരണകൂടമാണ്. ഇറാൻ കോണ്ട്രാ വിവാദം, ഇറാന്റെ യാത്രാവിമാനം വെടിവച്ചിട്ടത്, 2002 -ൽ ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കുന്നുവെന്ന റിപ്പോർട്ടും അതിനെ ത്തുടർന്നുള്ള ഉപരോധങ്ങളും, ഇതൊക്കെയാണ് ഇറാൻ അമേരിക്ക ബന്ധത്തിന്റെ ചരിത്രം. 

 

'ചെകുത്താന്റെ അച്ചുതണ്ട്' എന്ന് അമേരിക്കൻ പ്രസിഡന്റ് ജോർജ് ഡബ്ല്യു ബുഷ് ഇറാനെ വിശേഷിപ്പിച്ചിട്ടുണ്ട്. പക്ഷേ, ഈ ശത്രുതയ്ക്കിടയിലും സഹകരണത്തിന്റെ ചില നീർച്ചാലുകൾ ഉണ്ടായിട്ടുണ്ടെന്ന് നിരീക്ഷകർ പറയുന്നു. അതിപ്പോഴും നിലനിൽക്കുന്നത് ഇറാഖിലാണ്. ഇറാഖിലെ ഇറാന്റെ ഇടപെടൽ അമേരിക്കയ്ക്ക് താൽപര്യമില്ല. പക്ഷേ, ഇറാഖി സർക്കാരിനെ രണ്ടുകൂട്ടരും പിന്തുണയ്ക്കുന്നു. ഷിയാ സർക്കാരായതുകൊണ്ടാണ് ഇറാന്റെ പിന്തുണയെന്നു മാത്രം. അഫ്ഗാനിസ്ഥാനിൽനിന്ന് താലിബാനെ തുരത്താൻ സൈനിക ഇന്റലിജൻസ് വിവരങ്ങൾ നൽകിയതും ഇറാനാണെന്നാണ് റിപ്പോ‍ർട്ട്. ഇതിലൊക്കെ സുലൈമാനിക്കും ഉണ്ടായിരുന്നു പങ്ക്. സംഘർഷത്തിന്റെ അടിയൊഴുക്കുകൾ ഇല്ലായിരുന്നെങ്കിൽ കൗതുകകരമായ ഒരു ബന്ധം. അതേസമയം തന്നെ 2003 -ലെ അമേരിക്കൻ അധിനിവേശത്തിനുശേഷം ഇറാഖിലെ അമേരിക്കൻ സൈനികർക്കുനേരെ നടന്ന ആക്രമണങ്ങൾക്ക് ചരടുവലിച്ചതും സുലൈമാനി തന്നെ.
ആണവപദ്ധതിയിലെ ഏറ്റുമുട്ടലുകൾക്ക് അവസാനമായത് അടുത്തകാലത്താണ്. 2013 -ൽ മിതവാദിയെന്നറിയപ്പെടുന്ന ഹസൻ റുഹാനി ഇറാനിയൻ പ്രസിഡന്റായി സ്ഥാനമേറ്റു. അമേരിക്കൻ പ്രസിഡന്റായിരുന്ന ബരാക് ഒബാമയ്ക്ക് സമാധാനമായിരുന്നു താൽപര്യം. അവർ തമ്മിൽ ഫോണിൽ സംസാരിച്ചു. പതിറ്റാണ്ടുകൾക്കുശേഷം ഇരുകൂട്ടരും തമ്മിൽ നടക്കുന്ന ഉന്നതതലഫോൺസംഭാഷണം. ഒരുപിടി നയതന്ത്രതല ചർച്ചകൾക്കുശേഷം 2015 -ൽ ആണവപദ്ധതിയിൽ ഇറാൻ ഒരു ധാരണയ്ക്ക് തയ്യാറായി. P5+1 എന്നറിയപ്പെട്ട ലോകരാജ്യങ്ങളുടെ സഖ്യവും അതിൽ പങ്കാളിയായി.

അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ്, ചൈന, റഷ്യ, ജർമ്മനി എന്നീ രാജ്യങ്ങളായിരുന്നു P5+1. പക്ഷേ 2016 -ൽ ഡോണൾഡ് ട്രംപ് പ്രസിഡന്റായതോടെ അമേരിക്ക കരാറിൽനിന്ന് പിൻമാറി. പ്രചാരണകാലത്തുതന്നെ ട്രംപ് കരാറിനെതിരായി നിലകൊണ്ടിരുന്നു. താൻ പ്രസിഡന്റായാൽ അതിൽനിന്ന് പിൻമാറുമെന്നും പ്രഖ്യാപിച്ചിരുന്നു. അത് നടപ്പാക്കിയ ട്രംപ് ഇറാനുമേൽ ഉപരോധങ്ങളും ഏർപ്പെടുത്തി. ബ്രിട്ടനും ഫ്രാൻസും ജർമ്മനിയും പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും പ്രസിഡന്റ് വഴങ്ങിയില്ല. എങ്കിലും കരാർ നിലനിർത്തണമെന്ന ഫ്രാൻസിന്റേയും ജർമ്മനിയുടേയും അഭ്യർത്ഥന ഇറാൻ മാനിച്ചു ഇത്രനാളും. പക്ഷേ, സുലൈമാനിയുടെ വധം അതിനെയെല്ലാം മാറ്റിമറിച്ചിരിക്കുന്നു. യുറേനിയം സമ്പുഷ്ടീകരണത്തിന്റെ നിയന്ത്രണങ്ങളിൽ നിന്ന് ഇറാൻ പിൻമാറി.

സുലൈമാനി നയിച്ചിരുന്ന QUDS ഇറാൻ റവല്യൂഷണറി ഗാർഡ്സിന്റെ ഒരു വിഭാഗമാണ്. വിദേശ രഹസ്യവിവരശേഖരണവും രഹസ്യ സൈനീക നീക്കങ്ങളും quds ന്റെ ചുമതലയാണ്. ഇറാൻ ഇറാഖ് യുദ്ധകാലത്ത് സാധാരണസൈനികനായിരുന്നു സുലൈമാനി. ഓരോ വിജയങ്ങൾക്കുംശേഷം തന്റെ സൈനികർക്ക് കശാപ്പുചെയ്യാനായി ഒരാടിനേയും തോളിലേറ്റി മടങ്ങുമായിരുന്ന സുലൈമാനിയെ ആട് കള്ളൻ എന്ന് വിളിച്ചു ബാഗ്ദാദ് റേഡിയോ. ആക്രമണങ്ങൾക്ക് സുലൈമാനിക്കുണ്ടായിരുന്ന കൃത്യത മറ്റാർക്കുമുണ്ടായിരുന്നില്ല. അന്നതെ ആടുകള്ളൻ പിന്നീട് QUDS മേധാവിയായി. രാജ്യത്ത് താരപദവിയായിരുന്നു കാസിം സുലൈമാനിക്ക്. ഡോക്യുമെന്ററികൾക്കും പാട്ടുകൾക്കും വരെ വിഷയമായിരുന്നു സുലൈമാനി. അതുമാത്രമല്ല. സുലൈമാനിയുടെ മരണം ഇറാന് കനത്ത ആഘാതമാകുന്നത് മറ്റ് ചില കാര്യങ്ങൾകൊണ്ടുകൂടിയാണ്... ഇറാന്റെ പശ്ചിമേഷ്യൻ സ്വപ്നങ്ങൾക്ക് ചുക്കാൻ പിടിച്ചിരുന്നത് സുലൈമാനിയാണ്. പശ്ചിമേഷ്യയിലെ സിറിയ, ഇറാഖ്, യെമൻ, ലബനൺ തുടങ്ങിയ രാജ്യങ്ങളിലെയടക്കം ഇറാന്റെ നീക്കങ്ങൾ ആസൂത്രണം ചെയ്തിരുന്നത് സുലൈമാനിയാണ്. ഇറാഖിലും അമേരിക്ക പിന്നോട്ടുപോയ സിറിയയിലുമടക്കം ഇറാന്റെ സ്വാധീനം വർദ്ധിച്ചത് അതിന്റെ തെളിവുമാണ്. മേഖലയിലെ ഒരു പ്രധാന കളിക്കാരനായി മാറിയിരിക്കുന്നു ഇറാൻ. അമേരിക്കയുടെ ഉപരോധങ്ങൾക്കും ഇതിനെയൊന്നും തടയാനായില്ല. സുലൈമാനിയുടെ മരണം തിരിച്ചടിയാകുന്നത് ഇറാന്റെ ഈ പശ്ചിമേഷ്യൻ ലക്ഷ്യങ്ങൾക്കാണ്. ഇറാന് അഭിമാനക്ഷതവുമാണ് സുലൈമാനിയുടെ മരണം. സുലൈമാനിക്ക് ആദരാഞ്ജലി അർപ്പിക്കാനെത്തിയ ആയത്തുല്ല അലി ഖമനേയി വിതുമ്പിയത് സുലൈമാനിയുടെ വിടവിന്റെ ആഴം വ്യക്തമാക്കുന്നു.

അതേമയം 2017 -ൽ പ്രസിഡന്റ് സ്ഥാനാർത്ഥിയായി വരെ പരിഗണിച്ചിരുന്ന സുലൈമാനിയുടെ വളർച്ചയിൽ അഭിപ്രായഭിന്നതകളുമുണ്ടായിരുന്നു ഇറാനിൽ എന്നാണ് റിപ്പോർട്ട്. റെവല്യൂഷണറി ഗാര്‍ഡ്‍സ് ഇറാന്റെ ഭരണം പിടിച്ചെടുക്കുമെന്നായിരുന്നു അവരുടെ ആശങ്ക. അതേമയം 2017 -ൽ പ്രസിഡന്റ് സ്ഥാനാർത്ഥിയായി വരെ പരിഗണിച്ചിരുന്ന സുലൈമാനിയുടെ വളർച്ചയിൽ അഭിപ്രായഭിന്നതകളുമുണ്ടായിരുന്നു ഇറാനിൽ എന്നാണ് റിപ്പോർട്ട്. റെവല്യൂഷണറി ഗാര്‍ഡ്‍സ് ഇറാന്റെ ഭരണം പിടിച്ചെടുക്കുമെന്നായിരുന്നു അവരുടെ ആശങ്ക. 1999 -ലെ യൂണിവേഴ്സിറ്റി പ്രക്ഷോഭത്തിന് തടയിട്ടില്ലെങ്കിൽ ഭരണം അട്ടിമറിക്കുമെന്ന് പ്രസിഡന്റ് മുഹമ്മദ് ഖാത്തമിക്ക് കത്തെഴുതിയ 12 സൈനിക കമാന്റർമാരിൽ ഒരാളായിരുന്നു സുലൈമാനിയും. ലബനണിലേയും സിറിയയിലേയും ഇടപെടൽ ആവശ്യമില്ലാത്തതായിരുന്നുവെന്നാണ് സുലൈമാനി വിരുദ്ധരുടെ വാദം. ഇസ്രയേലുമായുള്ള യുദ്ധത്തിൽ ലബനണിലെ ഹിസ്ബുള്ളയ്ക്ക് ഉപദേശങ്ങൾ നൽകിയത് സുലൈമാനിയാണ്. സിറിയയിൽ സുലൈമാനി രൂപീകരിച്ച ഇറാനിയൻ സായുധസംഘങ്ങൾ അസദിനെ എതിർത്ത ആയിരക്കണക്കിന് സിറിയക്കാരെ കൊന്നൊടുക്കിയെന്ന് ഇവർ ആരോപിക്കുന്നു. ഇറാഖിൽ ഇത്തരം സായുധസംഘങ്ങൾ രാജ്യത്തെ അസ്ഥിരമാക്കിയെന്നും ഇസ്ലാമിക് സ്റ്റേറ്റിന്റെ രൂപീകരണത്തിന് അത് സഹായിച്ചെന്നുമാണ് മറ്റൊരു ആരോപണം. യെമനിലും സർക്കാരിനെ അട്ടിമറിക്കാൻ ഹൂതികളെ സഹായിച്ചതിലും എതിർപ്പുകളുണ്ട്. ഇതിനൊക്കെ പകരം രാജ്യത്തെ പട്ടിണിപ്പാവങ്ങളെ സഹായിക്കാമായിരുന്നില്ലേ എന്നാണ് ചോദ്യം. ഇപ്പോൾ സുലൈമാനിയുടെ ഇതേ പ്രവൃത്തികൾ തന്നെ സ്വന്തം മരണത്തിനും ഒരു യുദ്ധത്തിന്റെ വക്കിൽ രാജ്യത്തെ കൊണ്ടെത്തിക്കാനും കാരണമായി എന്നാണ് സുലൈമാനി വിരുദ്ധപക്ഷത്തിന്റെ കുറ്റപ്പെടുത്തൽ.

 

പക്ഷേ, സുലൈമാനിയുടെ വിലാപയാത്രയ്ക്കൊപ്പം ഒഴുകിയത് പതിനായിരങ്ങളാണ്. ഇറാനിലെ നഗരങ്ങളിൽനിന്ന് നഗരങ്ങളിലേക്ക് നീങ്ങിയ വിലാപയാത്രക്കൊപ്പം ജനസമുദ്രവും നീങ്ങി. തിക്കിലും തിരക്കിലും പെട്ട് 40 -ലേറെ പേർ മരിച്ചതോടെ സംസ്കാരം മാറ്റിവച്ചു ഇറാൻ. അമേരിക്കയുടെ ഇപ്പോഴത്തെ നടപടി പലതിന്റേയും തുടർച്ചയാണ്. ഇറാഖിലെ അമേരിക്കൻ കോൺട്രാക്ടറെ വധിച്ചു ഇറാനിയൻ സായുധസംഘം. പകരം സിറിയൻ ഇറാഖ് അതിർത്തിയിൽ ഇറാനിയൻ സായുധസംഘടനാംഗങ്ങളെയും അവരുടെ നേതാവിനെയും വധിച്ചു അമേരിക്ക. അതിന് മറുപടിയായാണ് ഇറാനിയൻ സായുധസംഘവും ജനക്കൂട്ടവും ഇറാഖിലെ അമേരിക്കൻ എംബസി വളഞ്ഞത്. അമേരിക്കയുടെ ഏറ്റവും വലുതും ഏറ്റവും സുരക്ഷയുള്ളതുമായ നയതന്ത്ര ദൗത്യകേന്ദ്രമാണ് ഇറാഖിലെ എംബസി. അവിടെയുണ്ടായ ആക്രമണം രാജ്യത്തിന് നേരെ ഉയരുന്ന ഭീഷണിയായാണ് അമേരിക്ക കണക്കാക്കിയത്. അതിന്റെ പേരിൽ അമേരിക്കൻ പ്രസിഡന്റും ഇറാനിയൻ പരമോന്നത നേതാവും തമ്മിൽ ഒരു വാക്പോരും നടന്നു. ഒടുവിൽ പ്രസിഡന്റിന്റെ നിർദ്ദേശമനുസരിച്ചുണ്ടായ വ്യോമാക്രമണത്തിലാണ് സുലൈമാനി കൊല്ലപ്പെട്ടത്. സുലൈമാനിയെ എന്തുചെയ്യണമെന്ന് മുൻപ്രസിഡന്റുമാരും ആലോചിക്കാതെയിരുന്നിട്ടില്ല. പക്ഷേ, പ്രത്യാഘാതങ്ങൾ കരുതി വധം വേണ്ടെന്നുവയ്ക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്.

കഴിഞ്ഞ വർഷവും അമേരിക്ക ഇറാൻ ബന്ധം ഒരു യുദ്ധത്തിന്റെ വക്കോളമെത്തിയിരുന്നു. അമേരിക്കയുടെ നിരീക്ഷണ ഡ്രോൺ വെടിവച്ചിട്ടു ഇറാൻ. അന്ന് അവസാനനിമിഷമാണ് ട്രംപ് ആക്രമണത്തിൽ നിന്ന് പിൻമാറിയത്. മൂന്നുമാസത്തിനുശേഷം അമേരിക്കയുടെ സഖ്യകക്ഷിയായ സൗദി അറേബ്യയിലെ എണ്ണശുദ്ധീകരണശാലകൾ ആക്രമിച്ചു ഇറാൻ. അതിലും ഇറാനുനേരെ വിരൽചൂണ്ടിയെങ്കിലും സൈനിക നടപടിക്ക് അമേരിക്ക തയ്യാറായില്ല. ബ്രിട്ടിഷ് ഇറാൻ കപ്പൽതർക്കത്തിലും നടപടികൾക്ക് അമേരിക്ക തയ്യാറായില്ല. അതുകൊണ്ടാവാം ഇറാഖിലെ എംബസി വളഞ്ഞപ്പോൾ തിരിച്ചടിക്കും എന്ന ട്രംപിന്റെ ഭീഷണിക്ക് അമേരിക്കയക്ക് ഒന്നും ചെയ്യാൻ കഴിയില്ല എന്നാണ് ആയത്തുല്ല ഖമനേയി പ്രതികരിച്ചത്. തിരിച്ചടിച്ചിരിക്കുന്നു അമേരിക്ക. പക്ഷേ, തീരെയും സമചിത്തത ഇല്ലെന്ന് ട്രംപ് തെളിയിച്ചു ഈ തീരുമാനത്തോടെ. 'കൈവിട്ട കളി' എന്നാണ് അമേരിക്കയിൽ തന്നെ ഉണ്ടായ വിലയിരുത്തൽ. ഇറാഖി സർക്കാരിന്റെ ക്ഷണപ്രകാരം എത്തിയ സുലൈമാനി കൊല്ലപ്പെട്ടതിൽ കടുത്ത അമർഷം പ്രകടമാക്കി ഇറാഖി സർക്കാർ. അമേരിക്കൻ സൈന്യത്തെ പുറത്താക്കണമെന്ന് പ്രമേയം പാസാക്കി ഇറാഖ് പാർലമെന്റ്. ഇറാഖിലെ സാംസ്‍കാരിക കേന്ദ്രങ്ങൾ ആക്രമിക്കുമെന്നും ഉപരോധങ്ങൾ ഏർപ്പെടുത്തുമെന്നുമാണ് ട്രംപ് തിരിച്ചടിച്ചത്. സാംസ്കാരികകേന്ദ്രങ്ങൾ ആക്രമിക്കുമെന്ന ട്രംപിന്റെ ഭീഷണി പക്ഷേ, അമേരിക്കൻ പ്രതിരോധവകുപ്പായ പെന്റഗൺ തള്ളി. ആക്രമിച്ചാൽ അത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാകുമെന്ന് ഐക്യരാഷ്ട്രസംഘടനയും മുന്നറിയിപ്പ് നൽകി. എന്തായാലും സൈന്യത്തെ പിൻവലിക്കുന്നതിനെപ്പറ്റി ആലോചിട്ടേയില്ല എന്നാണ് അമേരിക്കയുടെ നിലപാട്. ഇറാഖി പ്രധാനമന്ത്രിക്കും അതിൽ വലിയ താൽപര്യമില്ലെന്നാണ് റിപ്പോർട്ട്. ഇസ്ലാമിക് സ്റ്റേറ്റിന്റെ തിരിച്ചുവരവ് ഭയന്നാണ് താൽപര്യക്കുറവ്.

 

വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട്, ഇംപീച്ച്മെന്റിന്റെ തിരിച്ചടിയിൽ നിന്ന് കരകയറാൻ ട്രംപ് കണ്ടെത്തിയ മാർഗമാവാം ഒരുപക്ഷേ സുലൈമാനിയുടെ വധം. പക്ഷേ, ഇറാനിൽ മുഴങ്ങുന്ന മുദ്രാവാക്യങ്ങളിൽ ഇസ്രായേലും പ്രതിസ്ഥാനത്താണ്. ഇസ്രായേലിന്റെ സമ്മർദ്ദമോ സഹായമോ ആക്രമണത്തിനുപിന്നിലുണ്ടാകാം എന്നസംശയം ഇറാനിൽ ശക്തമാണ്. ഇറാന്റെ ആണവപദ്ധതി അവസാനിപ്പിക്കാൻ ഏറ്റവും നല്ല മാർഗം ആക്രമണമാണെന്ന് ഇസ്രായേൽ എപ്പോഴും പറഞ്ഞിരുന്നു. ആണവകരാറിനും എതിരായിരുന്നു നെതന്യാഹു. പക്ഷേ, ഇപ്പോൾ അമേരിക്ക ഇറാൻ സംഘർഷത്തിൽനിന്ന് വിട്ടുനിൽക്കാനാണ് ഇസ്രായേലിന്റെ താൽപര്യം. സ്ഥിതിഗതികൾ നിരീക്ഷിച്ചുവരുന്നു എന്നാണ് ഔദ്യോഗിക നിലപാട്. യുറേനിയം സമ്പുഷ്ടീകരണത്തിൽനിന്നുള്ള പിൻമാറ്റം ആണവായുധ നിർമ്മാണത്തിലേക്ക് ഇറാനെ എത്തിക്കുമോ എന്ന ചോദ്യത്തിനും ഉറപ്പില്ല എന്നാണിപ്പോൾ ഇസ്രായേലിന്റെ മറുപടി. പക്ഷേ, ഇറാന്റെ പ്രതികാരാഗ്നി ഇസ്രായേലിനെയും ലക്ഷ്യം വയ്ക്കാനുള്ള സാധ്യത നിലനിൽക്കുന്നു. പകരംവീട്ടി, പക്ഷേ, യുദ്ധത്തിന് താൽപര്യമില്ല എന്നാണ് ഇറാന്റെ വിദേശകാര്യമന്ത്രി അറിയിച്ചു.

 

അതേസമയം ഇറാന്‍റെ ആക്രമണം ഒരു മുഖം രക്ഷിക്കലായിരുന്നോ എന്നൊരു സംശയം നിരീക്ഷകര്‍ പ്രകടിപ്പിക്കുന്നുണ്ട്. ശക്തിയുള്ള മിസൈല്‍ അല്ല ഉപയോഗിച്ചതെന്നും ആക്രമണത്തിന്‍റെ വിശ്വസനീയമായ തെളിവുകള്‍ പുറത്തുവരാത്തതും സംശയത്തിന്‍റെ കാരണമാണ്. പക്ഷേ, അതെല്ലാം സംശയങ്ങള്‍ മാത്രമാണ്. എന്തായാലും ഇറാന്‍ നിലപാട് അറിയിച്ചതിനുപിന്നാലെ അമേരിക്കൻ പ്രസിഡന്റും സമാധാനം മതി എന്ന തീരുമാനം പ്രഖ്യാപിച്ചു. പക്ഷേ, ആണവകരാർ അബദ്ധമെന്നുതന്നെയാണ് നിലപാട്. അതിൽനിന്ന് പിൻമാറാൻ മറ്റ് രാജ്യങ്ങളോടും ആവശ്യപ്പെട്ടു ട്രംപ്. ഉപരോധങ്ങളുടെ ശക്തി കൂട്ടുമെന്നും അറിയിച്ചു പ്രസിഡന്റ്. സംഘർഷത്തിന്റെ ചരിത്രം അവസാനിക്കുന്നില്ലെന്ന് ചുരുക്കം.